ധ്രുവചരിതം
ധ്രുവചരിതം രചന: (1928) |
ഇമ്പം കലർന്നുള്ള വിഷ്ണുഭക്തന്മാരിൽ
മുമ്പനായുള്ള ധ്രുവന്റെ ചരിതത്തെ
വൻപിച്ചവിദ്വജ്ജനങ്ങളെല്ലാവരും
അമ്പോടുകേട്ടിന്നനുഗ്രഹിക്കേണമേ
എത്രയുംധന്യനായുളളമനുവിന്റെ
പുത്രനായിട്ടൊരുമന്നവനുണ്ടായി
ഉത്താനപാദനെന്നിങ്ങനെദിക്കുകൾ
പത്തുംപുകഴ്‌ന്നോരുനാമമുടയവൻ
ചീർത്തോരുകാരുണ്യമൂർത്തിയാംമന്നവൻ
പാർത്തലംതന്നിലെമർത്ത്യജനങ്ങളെ
ആർത്തിശമിപ്പിച്ചുകീർത്തിവർദ്ധിപ്പിച്ചു
പാർത്തലംതന്നിലകീർത്തിനടത്തിച്ചു
ധൂർത്തരെയെല്ലാമമർത്തുവാനീശ്വര
വാർത്തകളെപ്പോഴുമോർത്തുധനങ്ങളെ
പേർത്തുസമ്പാദിച്ചുനേർത്തുവരുന്നോരു
പാർത്ഥിവരാദിയാംശത്രുജനങ്ങളെ
കൂർത്തശരംകൊണ്ടുമൂർത്തിതകർത്തുട
നാർത്തിപിടിപ്പിച്ചുപാർത്തലേയോടിച്ചു
കാൽത്തളിർകൂപ്പുന്നപാർത്ഥിവന്മാരിൽനി-
ന്നർത്ഥങ്ങൾമേടിച്ചനർത്ഥംശമിപ്പിച്ചു
അർത്ഥിജനത്തിനുമർത്ഥംകൊടുത്തുട-
നാർത്തിയുംതീർത്തുകൃതാർത്ഥതകല്പിച്ചു
മാർത്താണ്ഡതുല്യനാംമാർത്താണ്ഡപുത്രജൻ
ധാത്രീവരോത്തമൻധാത്രീപരിത്രാണ-
മെത്രയുംചിത്രമായത്രചെയ്താൻനല്ല
ക്ഷേത്രംപണിയിച്ചുപാത്രങ്ങൾതീർപ്പിച്ചു
വട്ടത്തിലോരോകുളങ്ങൾകുഴിപ്പിച്ചു
വെട്ടിപ്പിടിപ്പിച്ചുനാട്ടുവഴികളിൽ
നാട്ടുകല്ലിട്ടുനടക്കാവുവയ്പിച്ചു
കാട്ടിലോരോവഴിവെട്ടിത്തെളിപ്പിച്ചു
ഊട്ടുവാനോരോരോകോട്ടിലുംകല്പിച്ചു
കൂട്ടുവാനുള്ളതുമൊട്ടുംകുറയാതെ
ഊട്ടിൽപ്പതിനെട്ടുകൂട്ടംകറികളും
നാട്ടിലിരിക്കുന്നപട്ടന്മാർക്കുംപിന്നെ
മുട്ടാതെനിത്യവുമൂട്ടതുംകല്പിച്ചു
പട്ടണംതോറുമങ്ങാടികൾകെട്ടിച്ചു
ചെട്ടിത്തെരുവുകൾപട്ടാണിവീടുകൾ
മുട്ടിപ്പുരകളുംതട്ടാക്കുടികളും
നാട്ടിൽപതിനെട്ടുകെട്ടുള്ളവീടുക-
ളൊട്ടല്ലവനൊരുകോടിപണിയിച്ചു
ചട്ടങ്ങളിങ്ങനെകൂട്ടിക്ഷിതീതലേ
ദുഷ്ടരെശ്ശിക്ഷിച്ചുശിഷ്ടരെപ്പാലിച്ചു
പുഷ്ടിയക്കാലത്തുപുഷ്ടമായുണ്ടായി
നിഷ്ഠയേറുംദ്വിജശ്രേഷ്ഠരെക്കൊണ്ടുടൻ
ഇഷ്ടിയുംചെയ്യിച്ചുധർമ്മത്തിനൊത്തൊരു
കർമ്മങ്ങളാകവേനിർമ്മിച്ചുഭൂതലേ
ശർമ്മംവരുത്തുന്നുനിർമ്മലഭൂപതി
ധർമ്മസവിചന്മാരോടങ്ങൊരുമിച്ചു
ധർമ്മാസനത്തേലിരുന്നരുളീടിനാൻ
മേനോക്കിയഛനുംസേനാപതികളും
മാനമേറീടുന്നമന്ത്രിപ്രവരനും
ദീനമകന്നുള്ളനാനാജനങ്ങളും
ഹാനികൂടാതെസുഖിച്ചുവാണീടിനാർ
അച്ചിങ്ങപീച്ചിങ്ങപാവയ്ക്കകോവയ്ക്ക
കാച്ചിലെന്നിത്തരംകെട്ടിയെടുപ്പിച്ചു
കാഴ്ചവച്ചൻപൊടുതൃക്കാൽവണങ്ങുന്നു
വീഴ്ചയെന്യേലോകവാസികളൊക്കെയും
മന്നവൻതന്നുടെമന്ദിരംതന്നുള്ളിൽ
കുന്നിച്ചുകൂടുന്നുപൊന്നുംപണങ്ങളും
മന്നിൽവിളയുന്നധാന്യരത്നങ്ങളും
ഉന്നതമാകിനൊരാനപ്പടകളും
മന്നിൽപ്പരക്കുംകുതിരപ്പടകളും
മിന്നുംമിടിലുംമിടുകമണിയുന്നു
കന്നൽമിഴികളുമന്യജനങ്ങളും
ചേണാർന്നലക്ഷ്മീവിലാസങ്ങളിങ്ങിനെ
കാണുന്നതേതുംസഹിയാഞ്ഞുവിത്തേശ-
നൂണില്ലുറക്കമില്ലെന്നല്ലമെല്ലവേ
നാണിച്ചുകേണങ്ങൊളിച്ചുവാണീടുന്നു
ഏണാക്ഷിമാരുടെവക്ത്രങ്ങൾകാൺകയാൽ
ഏണാങ്കനൊട്ടൊട്ടൊളിച്ചുനടക്കുന്നു
കാണാതെജന്മംകഴിക്കേണമെന്നോർത്തു
താണുമേഘങ്ങളിൽനൂണുനടക്കുന്നു
മാളികാസൌധംമുകളേറിമേവുന്നു
കാണിനേരമൊരിടത്തുകാണുന്നീലാ;
ഉത്താനപാദന്റെപത്തനംതന്നില
ങ്ങുത്തമസ്ത്രീകടെനൃത്തപ്രയോഗവും
മദ്ദളക്കാരുടെഒത്തുംകലാശവും
കൂത്തിനിണങ്ങുന്നതിത്തിപ്രയോഗവും
വൃത്തിക്കുചേരുംപ്രവൃത്തിപ്രസംഗവും
മംഗലമാകുംമൃദംഗശബ്ദങ്ങളും
തുംഗങ്ങളായുളളരംഗങ്ങളിൽപുന-
രംഗനമാരുടെസംഗീതഭംഗിയും
ശൃംഗവരങ്ങളിൽശൃംഗാരലീലയും
തുംഗഹർമ്മ്യങ്ങളിലംഗജക്രീഡയും
കാളംകടുന്തുടിചേങ്കിലയുംനല്ല
മേളംതകിലുംമുരശുംകലാവിദ്യാ
പാഠകന്മാരുടെപാഠകംനാടകം
ചേടകന്മാരുടെചാടുകടുംപൂജ
വിദ്വജ്ജനത്തിന്റെഗദ്യങ്ങൾപദ്യങ്ങൾ
സദ്യോവരുന്നോരുസദ്യോഗസമ്പത്തു
സദ്യോഗൃഹങ്ങളിലുദ്യാനലീലക-
ളുദ്യോഗമോടുടൻപദ്യാദിലേഖനം
മദ്യാലയങ്ങളിൽമദ്യപാനോത്സവം
സദ്യഗൃഹങ്ങളിൽവാദ്യപ്രയോഗവും
ഗ്രന്ഥികളോരോരോദിക്കിന്നുവന്നുടൻ
സന്തതംമന്നവൻമുന്നിലിരുന്നോരോ
ഗ്രന്ഥങ്ങൾനോക്കിവായിച്ചുപൊരുൾപറ-
ഞ്ഞന്തരംകൂടാതെകാലംകഴിക്കയും
മാലതീമാധവംശാകുന്തളംപിന്നെ
ബാലരാമായണംകർപ്പൂരമഞ്ജർ
മാളവികാഗ്നിയുംമിത്രാബുരാശിയും
മേളംകലർന്നൊരുമുദ്ദിരാരാക്ഷസം
മല്ലികാമാരുതംനല്ലധനഞ്ജയം
കല്യാണിസൗഗന്ധികംപ്രിയദർശിക
വേണിസംഹാരംപ്രബോധചന്ദ്രോദയം
ഭാണംപ്രഹസനംപിന്നെരന്താവലി
ഉത്തമരാമചരിതംനളോദയം
ഇത്തരംനാടകംകൂടെവായിക്കയും
മാഘംകിരാതാർജ്ജുനീയവുംഭട്ടിയും
മേഘസന്ദേശംരഘുവംശവുംപിന്നെ
ചൊൽക്കൊണ്ടനൈഷധംനീലകണ്ഠോദയം
സൽകൃതമാംബാലഭാരതമെന്നിവ
കാവ്യങ്ങളുംചിലവായിച്ചുകൊൾകയും
കാവ്യപ്രകാരംവിചാരിച്ചിരിക്കയും
കൂർമ്മപുരാണവുംവിഷ്ണുപുരാണവും
വാൽമീകിരാമായണംമഹാഭാരതം
അദ്ധ്യാത്മരാമായണംഹരിവംശവും
ശുദ്ധമാംശ്രീഭാഗവതംവിശേഷിച്ചു
സ്കാന്ദംപുരാണവുംവായുപുരാണവു
മെന്നുതുടങ്ങിപുരാണംപഠിക്കയും
പ്രക്രിയാകൌമുദീസിദ്ധാന്തകൌമുദീ
പ്രക്രിയാമഞ്ജരീകാശികാവൃത്തിയും
പ്രക്രിയാസാരവുംനല്ലമനോരമാ
പ്രക്രിയാസർവസ്വവുംപദമഞ്ജരി
ധാതുവൃത്തിശബ്ദകൌസ്തുഭഭൂഷണം
ധാതുപാഠംനല്ലശുദ്ധാശ്രവൃത്തിയും
ദുർഘടമായുളളവാക്യപദിയവും
ധമ്മവൃത്ത്യാദിയാംവ്യാകരണങ്ങളെ
ധർമ്മിയാംമന്നവൻവായിച്ചുകേൾക്കയും
ഇത്ഥംസുഖിച്ചുരസിച്ചങ്ങുവാണീടു-
മുത്താനപാദനുരണ്ടുണ്ടുഭാര്യമാർ
ഉത്തമശീലയായുളളസുനീതിയും
ചിത്താഭിരാമയായുള്ളസുരുചിയും
രണ്ടുപേരോടുമൊരുമിച്ചുഭൂപതി
തണ്ടാർശരോത്സവമാടിവാണീടിനാൻ;
കണ്ടാലധികംമനോജ്ഞമാരായുളള
കൊണ്ടൽക്കുഴൽമണിമാരെപ്പിരിഞ്ഞങ്ങു
കാണിനേരമ്പോലുമുത്താനപാദനു
വാണീടുവാനെളുതല്ലാതെയുംവന്നു
കാണാതിരിക്കയുംപ്രാണൻത്യജിക്കയും
ക്ഷോണീപതിക്കതുരണ്ടുംസമംതന്നെ
ഊണുമുറക്കവുംവേണമെന്നില്ലിഹ
നാണമെന്നുളളതുംതാണുപതുക്കവെ
ഏണാക്ഷിമാരാമിവരോടൊരുമിച്ചു
കോണിലൊരുമണിമച്ചിലിരിക്കയും
രണ്ടുപേരെയുംമടിയിൽകിടത്തീട്ടു
കൊണ്ടൽകുറുനിരചീകിവിടുർക്കയും
കൊണ്ടാടിയോരോരോമാലചൂടിക്കയും
തണ്ടാർശരങ്ങളെക്കൊണ്ടുമോഹിക്കയും
ഇങ്ങനെനാലഞ്ചുമാസംകഴിഞ്ഞപ്പോ-
ളംഗനമാർക്കിരുവർക്കുംകനക്കവേ
തങ്ങളിൽസൗഭാഗ്യമത്സരംവർദ്ധിച്ചു
മങ്ങിത്തുടങ്ങിവിനോദങ്ങളൊക്കെയും
ചിക്കെന്നനുജത്തിയായസുരുചിയെ
നോക്കുന്നനേരത്തുചീറുമജ്യേഷ്ഠത്തി
ജ്യേഷ്ഠത്തിയെപ്പിന്നെനോക്കിയെന്നാകിലോ
പെട്ടെന്നനുജത്തിതാനുംകയർത്തിടും
രണ്ടുപെണ്ണുങ്ങളെക്കൂടിവേട്ടാലുളള
ചെണ്ടത്തമിങ്ങനെകണ്ടാലുമേവരും
രണ്ടുകളത്രത്തെയുണ്ടാക്കിവെക്കുന്ന
തണ്ടുതപ്പിക്കുസുഖമില്ലൊരിക്കലും
രണ്ടുപേർക്കുംമനക്കാമ്പിലാഭോഷനെ
കണ്ടുകൂടാതെയാമില്ലൊരുസംശയം
രണ്ടായിരംപണംകിട്ടുമെന്നാകിലും
രണ്ടുവിവാഹമെളുതല്ലനിർണ്ണയം
രണ്ടാമവളാംസുരുചിതൻപാട്ടിലാ-
യണ്ടർകോൻതുല്യനാംഭൂപതിചിത്തവും
തുഷ്ടിയോടായവൾചൊല്ലുന്നതേനൃപൻ
കൂട്ടാക്കയുള്ളെന്നുകണ്ടുസുനീതിയും
ഒട്ടേറെയുണ്ടായൊരിണ്ടൽശമിപ്പിച്ചു
കേട്ടീലകണ്ടീലഞാനെന്നടങ്ങിനാൾ
അക്കാലമുണ്ടായിഗർഭമിരുവർക്കു-
മർക്കപുത്രാത്മജൻനന്നായ്‌പ്രസാദിച്ചു
വെക്കംപ്രസവിച്ചിരുവർക്കുമോരോരോ
പുത്രരുമുണ്ടായിതെത്രയുമത്ഭുതം!
മൂത്തവളായസുനീതിതൻനന്ദന-
നുത്താനപാദൻ ധ്രുവനെന്നുപേരിട്ടു
മറ്റവൾപെറ്റസുതനുത്തമനെന്നു
മേറ്റംപ്രസിദ്ധമായ്‌വന്നുജഗത്ത്രയെ
കുറ്റമകന്നുള്ളകറ്റക്കുഴിലമാ-
രറ്റമില്ലാതുള്ളസന്തോഷമോടുടൻ
ആറ്റുനോറ്റുണ്ടായബാലകന്മാരെയും
തെറ്റന്നുനന്നായ്‌വളർത്തുതുടങ്ങിനാർ
അപ്പോളടുക്കളക്കാരൻമനോജ്‌ഞന-
ങ്ങപ്പവുംവാർത്തങ്ങുരണ്ടുകുഞ്ഞുങ്ങൾക്കും
ഒപ്പംപകുത്തങ്ങുവച്ചോരുനേരത്തു
കെൽപ്പോടനുജത്തിചെന്നെടുത്താകവേ
അപ്പംചെലുത്തിനാൾത്താനുംമകനുമാ-
യൽപവുംമറ്റേക്കുമാരനുനൽകാതെ
അപ്പത്തിലേതാനുമൽപമായ്ശേഷിക്കി-
ലപ്പാടെടുത്തങ്ങുകുപ്പയിലാക്കിടും;
വത്സനുംപാലുംപഴംപഞ്ചസാരയും
മൽസുതന്മാർക്കിരുവർക്കുംകൊടുക്കനീ
മത്സരമേതുംതരമല്ലവല്ലഭേ!
കുത്സിതംകാട്ടാതിരിക്കേണമെന്നിദം;
ഉത്സാഹമോടരുൾചെയ്യുംനരേന്ദ്രനെ
ഭർത്സിക്കയുംചെയ്യുമേറ്റംസുരുചിയും
ഉൽസുകനാകുമൊരുത്താനപാദന്നു
വാത്സല്യമുണ്ടാകകൊണ്ടങ്ങവളുടെ
ദുസ്സ്വഭാവംശമിപ്പിപ്പാനെളുതല്ല
തത്സ്വരൂപാമൃതംതന്നിൽരമിക്കയാൽ
വത്സരംമൂന്നുതികഞ്ഞില്ലകുഞ്ഞിനു
മത്സരംപാരംസുരുചിതുടങ്ങുന്നു
ചിത്സ്വരൂപൻമുകുന്ദൻചിരംനമ്മുടെ
വത്സനെപ്പാലിച്ചുകൊള്ളേണമെപ്പൊഴും
മുറ്റുംരമാകാന്തനെന്യേനമുക്കൊരു
കൂറ്റാരുമില്ലെന്നുറച്ചുസുനീതിയും
അറ്റമില്ലാതുള്ളഭക്തികൈക്കൊണ്ടവൾ
പോറ്റിയെത്തന്നെഭജിച്ചുതുടങ്ങിനാൾ
വേറെവിളിച്ചുസുരുചിതൻപുത്രനു
ചോറുകൊടുപ്പാൻതുടങ്ങുന്നനേരത്തു
കൂറ്റിയാത്തകുമാരൻധ്രുവൻതാനു-
മേറെപ്രസാദിച്ചുമണ്ടിവന്നീടിനാൻ;
ദുഷ്ടയായുള്ളവളപ്പോളെഴുനേറ്റു
കഷ്ടംകതകടച്ചങ്ങിരുന്നീടിനാൾ
പെട്ടെന്നുബാലകൻനിന്നുകരയുന്ന
കേട്ടാലവൾക്കൊരുകോട്ടമില്ലേതുമേ!
മറ്റവൾചെന്നങ്ങെടുത്തുകരച്ചിലും
മാറ്റിമുലയുംകൊടുത്തുതുടങ്ങിനാൾ
"ചെറ്റുംകുമാരക!നിന്നുടെതാതന്റെ
"കുറ്റമല്ലേതുമിതെന്നുബോധിക്കനീ
കൂറ്റുകാരില്ലാതെതീർന്നൊരുനമ്മളെ
പോറ്റുവാനീശ്വരൻതന്നെകുമാരക!
മാറ്റിത്തമുള്ളോരുനീയുമിന്നെന്റെ
വയറ്റിൽപിറന്നുപറഞ്ഞാൽഫലമില്ല;
മറ്റൊരേടത്തുപിറന്നുനീയെങ്കിലി-
ന്നേറ്റംസുഖിച്ചുവളരാൻകുറവില്ല
മറ്റൊരുത്തന്റെമകനായ്പിറന്നെങ്കിൽ
മുറ്റുമീദുഃഖങ്ങളൊന്നുംവരത്തില്ലാ;
കൊറ്റിനില്ലെങ്കിലുംകൂറുള്ളവരോടു
ചീറ്റംതുടങ്ങിയാൽവാഴില്ലപെണ്ണിനു
പെറ്റാവുഞാനെന്നുപാരംകൊതിക്കുന്ന
കുറ്റക്കുഴലിമാരേറ്റമുണ്ടിന്നാട്ടിൽ,
പെറ്റപിള്ളയ്ക്കൊരുസങ്കടംകൂടാതെ
പോറ്റുമിന്നേറ്റംദരിദ്രനെന്നാകിലും
ഏറ്റംകയർക്കുംസുരുചിതന്നോടുഞാൻ
തോറ്റുകൊണ്ടേത്രേദിവസംകഴിക്കുന്നു
നീറ്റിൽകിടക്കുന്നനക്രംകണക്കിനു
ചീറ്റിയടുക്കുന്നുനിന്നോടുമെന്നോടും
അറ്റമില്ലോരോന്നുചിന്തിച്ചുകാണുമ്പോൾ
മുറ്റുംവിഷാദംകലരുന്നുമാനസേ
കുറ്റംവരുത്തിപ്പുറത്തിറക്കുംമുമ്പേ
മറ്റൊരുദിക്കിന്നു്മാറുകേയാവിനി
പട്ടിണിയിട്ടുകിടന്നുവെന്നാലുമി-
ന്നാട്ടിലിരുന്നുപൊറുപ്പാണെളുതല്ല;
പട്ടണംതോറുമിരന്നുകൊള്ളാമതിൽ
കിട്ടുന്നതുകൊണ്ടഹസ്സുകഴിച്ചിടാം
മുട്ടുന്നനേരത്തുദൈവംതുണയാകു
മൊട്ടുമതിനൊരുസന്ദേഹവുമില്ല;
മറ്റവളെപ്പോലെയെന്നെയുംമന്നവൻ
വേട്ടുവെന്നെല്ലാംപറഞ്ഞാൽഫലമില്ല;
പെട്ടെന്നൊരുത്തിതൻഭാഗ്യവിശേഷങ്ങൾ
കിട്ടുമോമറ്റൊരുത്തർക്കുമതുപോലെ,
കട്ടിലുകണ്ടുപനിച്ചാൽകണക്കല്ല
കിട്ടുമെന്നാകിലേമോഹംതുടങ്ങാവൂ;
ഒട്ടുംകനിവില്ലകാന്തനെന്നാലവൾ
കാട്ടുന്നതൊക്കെയുംഗോഷ്ഠിയെന്നേവരൂ;
സ്രഷ്ടാവുനിന്റെശിരസ്സിൽവരച്ചതി-
ന്നൊട്ടുപിഴവരികില്ലെടോബാലക;
മുട്ടാതെനീയുംമുകുന്ദനെസ്സേവിച്ചു
തുഷ്ടിവരുത്തുവാനായിത്തുടങ്ങുക;
വിഷ്ടപവാസികൾക്കെല്ലാമവൻതന്നെ
തുഷ്ടിയുംപുഷ്ടിയുമഷ്ടിയുംനൽകുന്നു;
ഇഷ്ടിചെയ്താലുടൻപുഷ്ടിയുണ്ടാകുന്നു
ഇഷ്ടജനത്തെവിശിഷ്ടമാക്കീടുന്നു;
കഷ്ടകാലംനമുക്കാശുനീങ്ങീടുവാൻ
നിഷ്ഠുരമാകുംതപസ്സുചെയ്തീടുക"
ശുദ്ധനാംബാലനോടേവമുരചെയ്തു
ചിത്തഖേദംശമിപ്പിച്ചാൾസുനീതിയും
ഉത്താനപാദന്റെവല്ലഭമാരുടെ
വൃത്താന്തമിങ്ങനെകേട്ടവർകേട്ടവർ
പത്തനംതോറുമിരുന്നുപറഞ്ഞുകൊ-
ണ്ടാത്തകോലാഹലംനാട്ടിൽപരത്തിനാർ;
അമ്പലംതോറുംബലിക്കപ്പുരകളി
ലൻപോടുകൊറ്റുംകഴിച്ചുവന്നാകവേ
നംപൂതിരിമാരുമെംപ്രാന്തിരികളു-
മമ്പലവാസികളല്ലാതെയുംചിലർ;
ഇമ്പംകലർന്നുമുറുക്കിയങ്ങിക്കഥാ
രംഭംതുടങ്ങിനാരിങ്ങനെതങ്ങളിൽ
"കേട്ടില്ലയോനിങ്ങളുത്താനപാദന്റെ
വീട്ടിലെക്കോലാഹലങ്ങളിതൊന്നുമേ
ജ്യേഷ്ഠത്തിയുമനുജത്തിയുംതങ്ങളിൽ
ചട്ടികലങ്ങളുംകൂടെപ്പകുത്തുപോൽ
മുട്ടിച്ചമഞ്ഞുപോലുത്താനപാദനി-
ജ്ജ്യേഷ്ടകൾക്കൊട്ടുമടക്കമില്ലായ്കയാൽ
ഒട്ടുമിസ്ത്രീകളെവിശ്വസിപ്പാൻമേലാ
ദുഷ്ടതയേറുമവർക്കെന്നുനിശ്ചയം;
കേട്ടുകൊൾവിൻനിങ്ങൾപണ്ടൊരുചെട്ടിക്കു
പെട്ടോരനർത്ഥമൊരുത്തിനിമിത്തമായ്
അക്കഥകേൾക്കണമെങ്കിലതൊട്ടുചു-
രുക്കിപ്പറഞ്ഞറിയിക്കാംമടിക്കാതെ;
പടിഞ്ഞാറെക്കടൽതന്റെതടന്തന്നിൽവിളങ്ങുന്ന
കനകപട്ടണമെന്നുപ്രസിദ്ധമാംനഗരത്തിൽ
അനവധിധനങ്കൊണ്ടുധനദനെജ്ജയിച്ചീടും
ധനവാനായൊരുചെട്ടികനിവോടേവസിക്കുമ്പോൾ
തനിക്കൊത്തസുഖമെല്ലാമനുഭവിച്ചിരിക്കുമ്പോൾ
മനക്കാമ്പിലൊരുവേളികഴിക്കേണമെന്നുറച്ചു;
വസുഭൂതിയെന്നുപേരാംമണിഹാരച്ചെട്ടിതന്റെ
വസുലക്ഷ്മിയെന്നുപേരാംമകളേയുംവേട്ടുകൊണ്ടാൻ
ഭുവനത്തിലൊരുപെണ്ണുമവൾക്കപ്പോളെതിരില്ല
നവമായയൗവ്വനവുംവന്നുമെല്ലെയകംപുക്കു
ഇരുണ്ടഗ്രംചുരുണ്ടുള്ളതലമുടിയടിയോളം
വടിവോടേമാറുതിങ്ങിമുലകളുംവന്നുപൊങ്ങി!
തുടുതുടെവിലസുന്നചൊടികളുംനല്ലപല്ലും,
ചടുലമാംകടാക്ഷവുമിടയിൽമന്ദഹാസവും
കടകംകാഞ്ചിയുംമാലാവിളങ്ങുംകുണ്ഡലംതാലി
തരിവളയിവയെല്ലാംസരസമങ്ങണിഞ്ഞാശു
തരമായതരുണിയെപ്പരിചോടുലഭിക്കയാൽ
പരിതോഷാന്വിതനായിപുരമുറിയകംപുക്കു
പരിമളമിളകിനപനിനീരുകുറിക്കൂട്ടും
സരസമാംകുസുമങ്ങളിവയെല്ലാമണിഞ്ഞാശു
കരിവരനടയാളാംതരുണിയോടൊരുമിച്ചു
പരവശതരനായിധനദത്തനെന്നചെട്ടി;
സുരതത്തിന്നൊരുമ്പെട്ടുചിരകാലമവളുമാ-
യൊരുനേരംതരുണിയെപ്പിരിയാതങ്ങൊരുമിച്ചു;
പരമസുന്ദരിയായവസുലക്ഷ്മിയൊടുംകൂടി
സരസനാംധനദത്തൻരസിച്ചുവാണിരിക്കുമ്പോൾ
നാട്ടിന്നധിപതിയായുള്ള രാജാവു
കേട്ടുധനദത്തവൃത്താന്തമൊക്കവേ
ചെട്ടിച്ചിതന്നുടെപാട്ടിലായ് നമ്മുടെ
ചെട്ടിധനദത്തനെന്നുവന്നാലിനി
കപ്പലോട്ടത്തിനിന്നാരുമില്ലെന്നല്ല
വട്ടംചിതമല്ലവാണിഭംനാസ്തിയാം
അങ്ങാടിപാടേമുടങ്ങിക്കിടന്നുപോ-
മങ്ങവനിപ്പോളുപേക്ഷതുടങ്ങിയാൽ
ചുങ്കങ്ങളില്ലാതെയായാൽ നമുക്കതു
സങ്കടമായിച്ചമയുംപതുക്കവെ
എങ്കിലവനെവരുത്തുവിനെന്നങ്ങു
കിങ്കരന്മാരെപ്പറഞ്ഞയച്ചീടിനാൻ
കിങ്കന്മാരതുകേട്ടുനൃപാജ്ഞയെ
ശങ്കവെടിഞ്ഞുപറഞ്ഞാരവനോടു,
കാമപരവശനായധനദത്ത-
നായതുകേട്ടുവിഷാദേനചിന്തിച്ചു;
കാമിനിമാരിൽ മണിയാകുമെന്നുടെ
ഭാമിനിയോടുവിയോഗമെളുതല്ല,
നാമിനിക്കപ്പൽകരേറിത്തിരിക്കുമ്പോൾ-
താമരലോചനയ്ക്കാരുംതുണയില്ല,
താമസവുംപുനരൊട്ടേറെയുണ്ടാകും
ഭൂമീപതിക്കിപ്പോളെന്തിതുതോന്നുവാൻ
എന്നിവചിന്തിച്ചുഖിന്നൻധനദത്തൻ
വന്നോരകമ്പടിക്കാരോടുകൂടവേ
ചെന്നുതിരുമുമ്പിൽവന്ദനവുംചെയ്തു
നിന്നതുനേരത്തരുൾചെയ്തുമന്നവൻ;
"അങ്ങാടിവാണിഭമെല്ലാംമതിയാക്കി
ചങ്ങാതിയെന്നിപ്പോളെല്ലാരുംചൊല്ലുന്നു
എങ്ങാനുമുള്ളൊരുപെണ്ണിനെക്കൊണ്ടന്ന-
നങ്ങാതിരുന്നാൽ മതിയോധനദത്ത!
കല്പനകേൾക്കുമെന്നുണ്ടെങ്കിലിപ്പൊഴേ
കപ്പലോട്ടത്തിന്നുകോപ്പുകൂട്ടീടുക
കെല്പോടുവേണ്ടുംചരക്കുകേറ്റീടുക
ഇപ്പോളടങ്ങൊലാചെട്ടീ!ധനദത്ത
ഭോഷങ്കളിച്ചിങ്ങിരുന്നാലതുകൊണ്ടു
ദൂഷണമായിച്ചമയുംപതുക്കവേ
യോഷാമണിയായചെട്ടിച്ചികാരണം
ശേഷിയില്ലാതെഭവിക്കൊലാനീവൃഥാ
ഇത്തരംമന്നവൻതന്നുടെകല്പന-
യ്ക്കുത്തരമില്ലെന്നുറച്ചുധനദത്തൻ
സത്വരംകോപ്പുകൾകൂട്ടിപ്പുറപ്പെട്ടു
പത്തനംപുക്കുതൻഭാമിനിതന്നോടു
യാത്രയുംചൊല്ലിക്കരഞ്ഞുവിരഞ്ഞേറ്റ-
മാർത്തനായ്ക്കണ്ണുനീർവാത്തുവാർത്തങ്ങിനെ
പേർത്തുംപുണർന്നുതിരിച്ചാൻപണിപ്പെട്ടു
മോർത്തുംകളത്രത്തെപേർത്തുംവഴിതന്നിൽ
പാർത്തുംനയനാംബുവാർത്തുംതുണികൊണ്ടു
തൂർത്തുംമനക്കാമ്പുകൂർത്തുംമനോധൈര്യം
നേർത്തുംപരിതാപംചീർത്തുംഅവളുടെ
പേർത്തുംമുഖംപിന്നെപ്പാർത്തുംവിലാസങ്ങൾ
ധൂർത്തനാങ്കാമന്റെകൂർത്തശരംകൊണ്ടു
കൂർത്തുംപൊടിതന്നിലാർത്തുംനടകൊണ്ടാൻ
ഇങ്ങനെകപ്പൽകരേറിധനദത്തൻ
തിങ്ങിനശോകമോടക്കടൽമാർഗ്ഗമേ
അങ്ങോരുദിക്കിന്നുപറ്റിട്ടുമെല്ലവേ
ചങ്ങാതിമാരുമായ്‌ചേർന്നുവാണീടിനാൻ
മാടണിക്കൊങ്കയാളായവസുലക്ഷ്മീ
മാടംകരേറിതനിക്കുള്ളതോഴിമാ-
രോടുമൊരുമിച്ചുകൂടിപ്പതുക്കവേ
ആടിക്കളിച്ചുസുഖിച്ചുവാഴുന്നനാൾ
ചോടുമെടുത്തൊരുകൂട്ടംഭടജനം
ഓടിനടക്കുന്നമോടികൾകണ്ടവൾ
വാടാതെചേടിയോടിങ്ങനെചൊല്ലിനാൾ
കണ്ടച്ചനെന്നൊരുനായരങ്ങാടിയിൽ
മണ്ടിനടക്കുന്നകണ്ടാലുമിന്നെടീ!
കണ്ടാലഴകുള്ളകണ്ടച്ചനെക്കണ്ടു
മണ്ടുന്നിതാന്തമത്തണ്ടാർശരന്താനും
കൊണ്ടാടിനീചെന്നുകൂട്ടിച്ചുമെല്ലവേ
കൊണ്ടുപോന്നാലുംമടിക്കാതെഗൂഢമായ്
എന്നതുകേട്ടൊരുതോഴിപുറപ്പെട്ടു
ചെന്നങ്ങവൻചെവിതന്നിലറിയിച്ചു
സുന്ദരിയായുള്ളചെട്ടിച്ചിതന്നുടെ
മന്ദിരംതന്നിൽവരണമെന്നിങ്ങനെ
ചേടനാംകണ്ടച്ചനപ്പോളുരചെയ്തു
കൂടുകയില്ലിങ്ങുനേരമില്ലിന്നെടീ
ചോറിനിക്കില്ലാഞ്ഞുചോടെടുക്കുന്നു ഞാൻ
പോടീപകിടകളൊന്നുംതുടങ്ങേണ്ട
കൂടാതെപോകയില്ലിന്നുഞാന്നെന്നവൾ
കൂടെഞാൻപോരികില്ലേന്നുകണ്ടച്ചനും
കൂടിയാട്ടംകുറേയുണ്ടായിതങ്ങളിൽ
കൂടിത്തിരിച്ചുകൊതിയനെന്നേവേണ്ടു
മാടംകരയേറിയപ്പെണ്ണിനെക്കണ്ടപ്പോ-
ളാടൽപിടിപെട്ടുകണ്ടച്ചനായർക്കു്
മേനികിടുകിടിനെന്നുവിറയ്ക്കുന്നു
മേനികേടായുള്ളഭാവംനടിക്കുന്നു
മാനിയാംകാമന്റെബാണംതറയ്ക്കുന്നു
മാനിനിതന്നിൽമനക്കാമ്പുറയ്ക്കുന്നു
പണ്ടിങ്ങനെയുള്ളതണ്ടാർമിഴികളെ
കണ്ടച്ചനാമവൻകണ്ടിട്ടുമില്ലഹോ!
തൊണ്ടിപ്പഴമൊത്തചുണ്ടുരണ്ടുംകണ്ടു
കൊണ്ടാടിമിണ്ടാതെനിൽക്കുന്നനേരത്തു
ധൃഷ്ടതയേറുംവസുലക്ഷ്മിയാമവൾ
യഷ്ടിയെപ്പാട്ടിൽപിടിച്ചങ്ങിരുത്തിനാൾ
തൊട്ടനേരത്തവൻഞെട്ടിത്തുടങ്ങിനാൻ
ചെട്ടിച്ചിയൊട്ടുമേകൂട്ടാക്കിയുമില്ല
എണ്ണയെടുത്തവൾതേപ്പിച്ചിതന്നേര-
മെണ്ണവഴിഞ്ഞവൻകണ്ണുകലിക്കുന്നു
എണ്ണയെന്നുള്ളതുകേട്ടിട്ടുമില്ലാത്ത
പൊണ്ണൻകുളിപ്പാനൊളിച്ചുമണ്ടീടിനാൻ
വെക്കംകുളിച്ചുവരുമ്പോളിങ്ങായവൾ
പാൽക്കഞ്ഞിവെച്ചുവിളമ്പീട്ടുപാർക്കുന്നു
പാല്ക്കഞ്ഞിയെല്ലാംവിരുണനിരുന്നാശു
മൂക്കോളമങ്ങുചെലുത്തിത്തുടങ്ങിനാൻ
ഇങ്ങിനെവേണ്ടുന്നതെല്ലാമനുഭവി-
ച്ചങ്ങവനുംസുഖമോടുവാണീടിനാൻ
രണ്ടുമാസംകഴിഞ്ഞപ്പോളുടൻനല്ല
തണ്ടുതപ്പീടുന്നചെട്ടിയുംകപ്പലും
വേണ്ടുന്നപൊന്നുംപണവുമെടുപ്പിച്ചു
കൊണ്ടുവന്നുധനദത്തനാംകണ്ടകൻ
കണ്ടച്ചനപ്പോളൊളിച്ചുമണ്ടീടിനാൻ
തണ്ടാർമിഴിക്കങ്ങുകുണ്ഠിതവുമായി
കണ്ടാവുയെന്നോർത്തുവന്നൊരുചെട്ടിയെ
കണ്ടപ്പൊളിണ്ടലുണ്ടായിതുപെണ്ണിനു
വേണ്ടാതെയുള്ളചിരിയുംകളികളും
കണ്ടാലറിയാത്തമൂഢനോടൊന്നിച്ചു
രണ്ടുനാലെട്ടുദിവസംകഴിഞ്ഞന്നു
കണ്ടച്ചനേയുംവരുത്തിത്തുടങ്ങിനാൾ
കണ്ടജനങ്ങൾപറഞ്ഞുതുടങ്ങിയ-
ത്തണ്ടാർമിഴിയുടെധൂളിത്തമൊക്കെയും
കണ്ടുനടക്കുന്നകണ്ടച്ചനായരെ
കിട്ടിയതിൽപിന്നെനമ്മുടെചെട്ടിച്ചി
കെട്ടിയചെട്ടിയെക്കൊട്ടിപ്പുറത്താക്കി
ദുഷ്ടത്തിയായുള്ളചെട്ടിച്ചിപ്പെണ്ണിനു
ചെട്ടിയാരെന്നതുംകേട്ടുകൂടാതെയായ്
കഷ്ടമെന്നിങ്ങിനെമാലോകർചൊല്ലുന്നു
കേട്ടീലയെന്നവൾവച്ചിരുന്നീടിനാൾ
അക്കാലമങ്ങൊരുനാളിൽപതുക്കവേ
അർക്കൻമറഞ്ഞോരുനേരത്തുകണ്ടച്ചൻ
ഉൾക്കൊണ്ടുചെട്ടിയുറങ്ങുന്നതുംപാർത്തു
തക്കത്തിലങ്ങൊരുകാട്ടിലിരുന്നിതു
അപ്പോളവിടെയുണ്ടെത്രയുംദുഷ്ടനായ്
കപ്പാൻനടക്കുന്നുപോലൊരുമാനുഷൻ;
അപ്പരമാർത്ഥംനൃപതിബോധിച്ചാശു
കല്പിച്ചുകിങ്കരന്മാരോടുകൊല്ലുവാൻ
കിങ്കരന്മാരതുകേട്ടുതിരഞ്ഞങ്ങു
ശങ്കകൂടാതെവനത്തിലകംപുക്കു
കണ്ടച്ചനായരുണ്ടപ്പോളൊരേടത്തു
മിണ്ടാതെകണ്ടിതുചിന്തിച്ചിരിക്കുന്നു?
കൊള്ളാമിതുതന്നെകള്ളനെന്നോർത്തവർ
വള്ളികൾകൊണ്ടങ്ങവനെയുംകെട്ടിനാർ
ചിക്കന്നുതച്ചുകൊന്നുച്ചത്തിലാർത്തുടൻ
പൊക്കത്തിലുള്ളമരത്തിന്റെകൊമ്പത്തു
തൂക്കിയക്കിങ്കരന്മാരുംനടകൊണ്ടാർ;
അന്നേരമച്ചെട്ടിനന്നായുറങ്ങുമ്പോൾ
വന്നാൾവസുലക്ഷ്മികണ്ടനെപ്പുൽകുവാൻ
അങ്ങവനപ്പോൾമരത്തിന്റെകൊമ്പത്തു
തൂങ്ങികിടക്കുന്നകണ്ടവൾദുഃഖിച്ചു
പറ്റിപ്പിടിച്ചുമരക്കൊമ്പിലേറീട്ടു
തെറ്റൊന്നുകെട്ടഴിച്ചങ്ങിറക്കീട്ടുടൻ
കെട്ടിപ്പിടിച്ചുകരഞ്ഞുകൊണ്ടശ്ശവം
കെട്ടിപ്പുണർന്നുകിടക്കുന്നനേരത്തു
വേതാളമെന്നൊരുദേവതവന്നുടൻ
പ്രേതത്തിനുള്ളിൽമനുഷ്യനായ്‌തുള്ളിനാൻ;
പുക്കൊരുവേതാളമപ്പൊഴപ്പെണ്ണിന്റെ
മൂക്കുംകടിച്ചങ്ങുചാടിത്തിരിച്ചുടൻ
ഒക്കെയുംകണ്ടുമിണ്ടാതെനിൽക്കുന്നൊരു
ധിക്കാരിയാംകള്ളനേതുമിളകീല
ആരുമറിയാതെകെട്ടിയചെട്ടിതൻ
ചാരത്തുചെന്നവൾചോരയുംതൂകിനാൾ
ദുഷ്ടനാംചെട്ടിയെൻമൂക്കുകടിച്ചെന്നു
കഷ്ടമയ്യോചെന്നുവാവിട്ടലറിനാൾ,
ചെട്ടിയുംഞെട്ടിയുണർന്നിരുന്നീടിനാൻ
കഷ്ടമിതെന്തൊരുവിസ്മയമിങ്ങിനെ?
കേട്ടവർകേട്ടവരോടിവന്നെന്തൊരു
കഷ്ടമെന്നിങ്ങനെചെട്ടിയെക്കെട്ടിനാർ;
കെട്ടിയകെട്ടിയോനായയിച്ചെട്ടിക്കു
കെട്ടിയപെണ്ണിന്റെമൂക്കുകടിക്കാമോ?
വെട്ടംതുടങ്ങിയന്നേരത്തുകോയിക്കൽ
നാട്ടിലുള്ളാളുകളൊക്കെസ്വരൂപിച്ചു
കൂട്ടംതുടങ്ങിയച്ചെട്ടിയെവെട്ടണം
കെട്ടിയപെണ്ണിന്റെമൂക്കുകടിച്ചില്ലെ?
പീടികകുത്തിക്കവർന്നീടവേണമേ
കൂടിയലോകരുംരാജാവുമിങ്ങനെ
കൂടിവിചാരിച്ചിരിക്കുന്നനേരത്തു
കൂടിപുരുഷാരംപിന്നെയും പിന്നെയും
കാടുകൾമറുനാടുകൾവീടുകൾവാടകൾകോടുകളെല്ലാം
നാടകമിതുനല്ലൊരുവിസ്മയമിങ്ങനെകേട്ടോരുനേരം
പാടേയിളകിനടന്നുനടന്നുടനങ്ങുനിറഞ്ഞുതുടങ്ങി
ശൌര്യമതേറിനനായന്മാരുടെമീശവിറച്ചുതുടങ്ങി
കാര്യമിതൊക്കെയുമിവിടെവരുത്തണമെന്നുമുറച്ചുതുടങ്ങി
നാരികളുടെമൂക്കുകടിക്കുംഭോഷന്മാരുടെനേരേ
ആരുമിളക്കാഞ്ഞാലെന്തിനിമേലിൽവരാത്തതുപാർത്താൽ
എത്രയുമൊരുകലിയുഗകാലമിതിങ്ങനെനിന്ദമുഴുത്തി-
ട്ടിത്രചപലതയാകിനഗോഷ്ഠികൾകാട്ടുകചിതമെന്നാമോ?
ഇത്രരസംനാരികൾതന്നുടെമൂക്കിന്നുണ്ടോകഷ്ടം
ഇത്രയുമല്ലിനിമേൽതമ്മിൽകൊന്നിഹതിന്നുതുടങ്ങും
അച്ചികളിനിയാതൊരുപുരുഷന്മാരൊടിണങ്ങുകയില്ല
കച്ചകൾപുടവാദികൾവേണ്ടതുകൊണ്ടുകൊടുത്തെന്നാലും
ഇച്ചതിപടകാട്ടുംകൂട്ടമിതെന്നവർകരുതിക്കൊള്ളും
നിച്ചരിയച്ചെട്ടിപിണച്ചൊരുദൂഷണമെളുതല്ലേതും
നമ്മുടെധനദത്തച്ചെട്ടിക്കിങ്ങിനെമൂക്കുകടിപ്പാൻ
ദുർമ്മദമൊടുബുദ്ധിപകർച്ചഭവിപ്പതിനെന്തവകാശം?
പെൺമണിവസുലക്ഷ്മിനിമിത്തമനേകമനർത്ഥമടുത്തു
സ്വമ്മുകളൊക്കെനശിപ്പതിനുള്ളൊരുപെരുവഴികൂടി;
അങ്ങിനെവരുമിങ്ങിനെപലരുംപലവിധമങ്ങറിയിച്ചാർ
ഇങ്ങൊരുപിഴയില്ലെന്നുധനദത്തനുമങ്ങുരചെയ്തു;
അച്ചികളായതുകൊണ്ടുപറഞ്ഞുതുടങ്ങി
ഇച്ചതിവുകൾകേൾക്കണമംഗനമാരേ!
ഇങ്ങിനെചിലപാപികൾചെയ്തുതുടർന്നാൽ
ഇങ്ങുപൊറുതിക്കൊരുവകയില്ലാതെയുമാം
പെണ്ണിനുപലദൂഷണമുണ്ടെന്നാലും
പൊണ്ണനവളുടെമൂക്കുകടിച്ചീടാമോ?
ഇഷ്ടമില്ലാഞ്ഞാലവളെവേണ്ടായെന്നുമൊഴിക്കാം
ദുഷ്ടതകാട്ടീടരുതെന്നറിയരുതോ
നമ്മുടെനായർക്കുടനീവകയില്ലാ
നമ്മൊടുകോപിച്ചുകലങ്ങളുടയ്ക്കും
പുരമുറിയതിലുരിയാടാതെകിടക്കും
വിരവിലിനിക്കിട്ടൊന്നങ്ങുകിടയ്ക്കും
കൊച്ചിനെവന്നാശുപിടിച്ചുപറിക്കും
കച്ചകൾപുടവാദികൾചുട്ടുകരിക്കും
അല്ലാതെവനങ്ങതുതോന്നുകയില്ല
വല്ലാതൊരുദുരിതമതിങ്ങിനെവരുമോ?
മല്ലാക്ഷികളിങ്ങനെപലരുംകൂടി
ച്ചൊല്ലുന്നൊരുഘോഷവുമങ്ങൊരുദിക്കിൽ
അന്തണരതുകേട്ടുപറഞ്ഞുതുടങ്ങി
സന്തതമതുപാടിനടന്നുതുടങ്ങി
ഇങ്ങിനെയെല്ലാംപ്രജകളുംരാജാവു-
മങ്ങുവിചാരിച്ചുനിൽക്കുന്നതുനേരം
ഉണ്ടായവൃത്താന്തമൊക്കയുമാക്കള്ളൻ
വന്നുപതുക്കവേനന്നായുണർത്തിച്ചു
കള്ളമില്ലേതുമേനമ്മുടെചെട്ടിക്കു
കള്ളമെല്ലാംവസുലക്ഷ്മിക്കിരിക്കുന്നു
ഉള്ളവൃത്താന്തങ്ങളെല്ലാമടിയന്റെ
ഉള്ളിലുണ്ടാരുമറിയായ്കയുംവേണ്ട
തമ്പുരാൻതന്നുടെഭൃത്യജനങ്ങളിൽ
മുമ്പരായുള്ളൊരകമ്പടിക്കാർവന്നു
കൊന്നാരടിയെനെന്നോർത്തുകൊണ്ടിന്നലെ
മന്നനായുള്ളൊരുകണ്ടച്ചനായരെ
കൊന്നുമരംതന്നിലേറ്റിത്തിരിച്ചിങ്ങു
പോന്നുഭടന്മാർകുറഞ്ഞൊന്നുചെന്നപ്പോൾ
മന്ദമവിടെയിയ്യാളുടെഭാര്യയും
വന്നുമരംതന്നിലേറിയപ്രേതത്തെ
ഖിന്നതയോടെയിറക്കിവെച്ചൻപോടു
നന്നായ്‌പുണർന്നുഖേദിക്കുന്നനേരത്തു
വേതാളമെന്നുള്ളദേവതവന്നുടൻ
പ്രേതത്തിനുള്ളിൽകടന്നുതുള്ളുംവിധൌ
കെട്ടിപ്പിടിച്ചുകരഞ്ഞുചുംബിച്ചിത-
ച്ചെട്ടിച്ചിയത്യന്തസന്താപമോടുടൻ
പുക്കൊരുവേതാളമപ്പോളവളുടെ
മൂക്കുകടിച്ചുപരമാർത്ഥമിങ്ങനെ
കണ്ടുഞാനേറ്റംസമീപത്തൊരേടത്തു
മിണ്ടാതെപേടിച്ചൊളിച്ചിരുന്നീടിനേൻ
നോക്കിയെന്നാകിലോകാണാമവൻവായിൽ
മൂക്കിരിക്കുന്നതുഭോഷ്കല്ലിതൊന്നുമേ!
ഇത്തരംകള്ളന്റെവാക്കുകേട്ടപ്പൊഴ-
ച്ചത്തശവത്തെയുംകൊണ്ടന്നുനോക്കിനാർ
ചുണ്ടുരണ്ടുംവിളർത്തങ്ങുനോക്കുംവിധൌ
കണ്ടുവസുലക്ഷ്മിതന്നുടെമൂക്കതിൽ
ഉത്തമനാകുംമഹീപതിവീരനും
ചെട്ടിക്കുവേണ്ടതുനൾകിവീട്ടീടിനാൻ
ദുഷ്ടത്തിയായുള്ളചെട്ടിച്ചിപ്പെണ്ണിനെ
തച്ചുപൊടിച്ചങ്ങുനാടുകടത്തിനാർ
ഇങ്ങിനെയുണ്ടായിപണ്ടോരവസ്ഥയെ-
ന്നങ്ങൊരുകേളിയുണ്ടായൊരുകാരണം
അംഗനമാർക്കതിദുഷ്ടതയെത്രയു-
മെങ്ങുമൊരേടത്തുവിശ്വസിപ്പാൻമേലാ
ഉത്താനപാദന്റെവൃത്താന്തമിങ്ങിനെ
പത്തനംതോറുംപറഞ്ഞുമേവുംവിധൌ
ഉത്താനപാദനാംഭൂപാലനുംതന്റെ
ചിത്തത്തിനൊത്തസുരുചിയാംഭാര്യയും
ഉത്തമനെന്നുപേരായുള്ളപുത്രനും
സത്തുക്കളായുള്ളവിപ്രേശ്വരന്മാരും
ഒത്തുസുഖിച്ചുഹിതാഹിതംചിന്തിച്ചു
മുത്തുരത്‌നക്കുടചുറ്റുംവിളങ്ങീടു-
മാസ്ഥാനമണ്ഡപംതന്നിലൊരുദിനം
സ്വസ്ഥതയോടെവസിക്കുന്നനേരത്തു
ചെന്നാനവിടെധ്രുവനെന്നുപേരായ
നന്ദനൻതാനേകളിച്ചുചിരിച്ചുടൻ
മന്നവൻതന്റെമടിയിൽക്കരയേറി
മന്ദമാമോദമോടങ്ങിരുന്നീടിനാൻ
തണ്ടാർമിഴിയാംസുരുചിയപ്പോളതു
കണ്ടുകയർത്തുപറഞ്ഞുതുടങ്ങിനാൾ
വേണ്ടാകുമാരക!തായാട്ടുകാട്ടിയാൽ
കൊണ്ടുപോമെന്നുടെതല്ലെന്നറികനീ
കണ്ടകുഞ്ഞുങ്ങൾക്കുവന്നുകരേറുവാ-
നുണ്ടാക്കിവച്ചോരുമൺകോലമല്ലെടോ
പണ്ടാരമായുള്ളസിംഹാസനങ്ങളിൽ
പണ്ടാരുമേവന്നുകേറുമാറില്ലപോൽ
ചെണ്ടകൊട്ടിപ്പാൻവിരുതുള്ളവർചൊല്ലു
കൊണ്ടല്ലയോവന്നുകേറിനീബാലക!
കണ്ടാൽപ്പറവാൻമടിയില്ലിനിക്കതി-
ന്നിണ്ടലുണ്ടായാൽതരിമ്പുംഫലമില്ല
വേണ്ടാത്തകാട്ടുന്നകള്ളക്കുഴിയനെ
കൊണ്ടുപോയ്‌നാടപ്പുറംകടത്തീടുവാൻ
പണ്ടാരമാംമുതൽതിന്നുമുടിക്കുന്ന
ചണ്ടികൾക്കൊട്ടുംമിടുക്കുമില്ലാതെയായ്
ആണുങ്ങളുണ്ടെങ്കിലിപ്പോൾമടിക്കാതെ
പ്രാണൻകളഞ്ഞീടുമിക്കുഞ്ഞുതന്നുടെ
നാണംകെടുത്തയപ്പാനിങ്ങൊരുത്തനെ
കാണേണ്ടിരുന്നുതിരുമുമ്പിലഞ്ജസാ
ഊട്ടുപുരയിലങ്ങട്ടടുക്കുംവിധൌ
ഒട്ടല്ലകമ്പടിക്കാരുടെസംഭ്രമം
കൂട്ടുവാൻപോരാഞ്ഞുഗർവ്വിച്ചുനമ്മുടെ
പട്ടരെദൂഷണംചൊല്ലുന്നജ്യേഷ്ഠകൾ
അഷ്ടിയെന്നല്ലാതെമറ്റൊരുസംസാര-
മിഷ്ടമില്ലാതെയായ്‌കഷ്ടമിതെത്രയും
നാട്ടിലുണ്ടാകുന്നനർത്ഥങ്ങളൊന്നുമേ
കേട്ടാലതുകൊണ്ടുകോട്ടമില്ലാതെയായ്
എന്തൊരുകഷ്ടമീബാലനെത്താഡിച്ചു
ചന്തംകെടുപ്പാനൊരുത്തനുംകെല്പില്ല
താന്തോന്നിയായിതുടങ്ങുന്നിവനോടു
മെന്തെന്നുചോദിപ്പാൻരാജാവുമാളല്ല
മാനിനിയായുള്ളഞാനിനിപ്പാരാതെ
ഹീനനാംബാലനെരക്ഷിക്കയുംചെയ്യും
ആനുകൂല്യംനൃപനില്ലെങ്കിലുംമമ
മാനഭംഗംസഹിക്കെന്നുവരികില്ല
മന്നവൻതന്റെമടിയിൽമടിക്കാതെ
വന്നുകരേറുവാനെന്തെടാസംഗതി
നിന്നുടെതള്ളയുംനീയുംവരുന്നാകി-
ലിന്നുതന്നെപുറത്താട്ടിയിറക്കുവൻ!
ദുർഭഗതന്റെവയററിൽപിറന്നുള്ളൊ-
രർഭകനാകിയനിന്നുടെയോരോരോ
സൽഭാവമിങ്ങിനെകാൺകയാലെന്നുള്ളി-
ലുത്ഭവിച്ചീടുന്നുകോപമെന്നോർക്കനീ!
അച്ഛനെത്തന്നെയുംകൂട്ടാക്കയില്ലഞാൻ
കൊച്ചുകുമാരനെന്നോർക്കയുമില്ലനീ
അച്ഛൻമടിയിൽനിന്നങ്ങിറങ്ങീടായ്കി-
ലച്ഛനാണിന്നുഞാൻതച്ചിറക്കീടുവൻ!
ഇത്തരമോരോദുഷിവാക്കുരച്ചുടൻ
ക്രുദ്ധയായുള്ളസുരുചിയെഴുംനീറ്റു
സത്വരംബാലനെത്താഡിച്ചിറക്കിനാ-
ളുത്തരംചൊൽവാൻനൃപനുമെളുതല്ലാ
അത്തൊഴിൽകണ്ടൊരുനേരംപതുക്കവേ
സത്തുക്കളെല്ലാംവിഷാദിച്ചുമാറിനാർ
ഉത്താനപാദനുമന്നേരമുള്ളത്തി-
ലത്തൽമുഴുത്തുവിയർത്തിതുദേഹവും
ചിത്തേവെറുത്താൽഫലമെന്തവളില-
ങ്ങത്യന്തമായുള്ളകാംക്ഷയിരിക്കവേ
അന്നേരമേറ്റംവിഷണ്ണനാകുംധ്രുവൻ
ഖിന്നതയോടേകരഞ്ഞുവിരഞ്ഞുപോയ്
തന്നുടെപെറ്റമാതാവാംസുനീതിതൻ
മുന്നിലാബാലകൻവീണുകേണീടിനാൻ
എന്നുണ്ണിയെന്തിനുവീണുകേണീടുന്നു
എന്നോടവസ്ഥകളെല്ലാംപറകനീ
നിന്നുള്ളിലീവണ്ണമുണ്ടായശോകത്തി-
നിന്നെന്തുബന്ധംവിരവോടുരചെയ്ക
കണ്ണുനീരയ്യോപൊഴിക്കുന്നതെന്തുനീ!
മണ്ണിൽവീണിങ്ങനെകേഴുന്നതെന്തഹോ
ഉണ്ണീമകനേ!വിഷാദംകളകനീ
ദണ്ഡമെന്തെന്നതുമെന്നോടുകേൾപ്പിക്ക
ഈവണ്ണമമ്മതൻവാക്കുകൾകേട്ടവ-
നീവാർത്തയെല്ലാമറിയിച്ചുമെല്ലവേ
ജനകന്റെമടിയിൽചെന്നിരിപ്പാൻ ഞാ-
(ൻതുടർന്നപ്പോൾ
ജനനിയാംസുരുചിവന്നരികരേകംകോപമേ-
(ടെ
മനുജർക്കുസഹിയാത്തവചനങ്ങളുരചെയ്തു
കനിവില്ലായ്കകൊണ്ടെന്നെമടിയിൽനിന്നിറക്കിച്ചു
മടിയിങ്കൽകരേറുവാനവിടെപുത്രനേയാവൂ
മിടുക്കില്ലാത്തിനിക്കിപ്പോളരുതുപോലെന്നുവ-
(ന്നു
ഉടയവരിനിക്കില്ലനൃപനെന്റെതാതനല്ല
പിടിപാടുനമുക്കില്ലാതായിവന്നുഇതുകാലം
മടികൂടാതിനിക്കിട്ടൊന്നടിച്ചാളങ്ങിളയമ്മ
പിടിച്ചങ്ങുപുറംതള്ളിവരുത്തികുറ്റവുംപിന്നെ
കടക്കണ്ണുംചുകത്തീട്ടുപറഞ്ഞവാക്കുകൾകേട്ടാ-
(ൽ
നടുങ്ങിപ്പോമകതാരിൽകനിവുള്ളജനമെല്ലാം
ജനകനിത്തൊഴിൽകണ്ടിട്ടേതുമൊന്നുംപറ-
(ഞ്ഞില്ലാ
ജനകനുമതുതന്നെപക്ഷമെന്നവേസ്ഥവന്നു
ജനത്തിന്നുംധനത്തിന്നുംകാട്ടിനുംനാട്ടിനും
(പിന്നെ
ഗൃഹത്തിന്നുംബന്ധമില്ലാനമുക്കെന്നുവന്നുകൂ-
(ടി
ഇവയെല്ലാംപറഞ്ഞിട്ടുനമുക്കെന്തുഫലമിപ്പോ-
(ൾ
ഭുവനത്തിലിരുന്നിട്ടുപൊറുപ്പാനുമെളുതല്ല
സുതനുടെവചനങ്ങൾകേട്ടനേരംസുനീതിയും
സുതനോടങ്ങുരചെയ്തുപരിതാപംശമിപ്പി-
(പ്പാൻ
മകനേനിന്നൊടുമുന്നംപറഞ്ഞില്ലേഞാനുമെ-
(ല്ലാം
പകയുള്ളജനത്തോടുകൂടിവാണാൽസുഖമില്ല
വകയില്ലാതിരിക്കുന്നുദൂഷണങ്ങളുളവാക്കാൻ
പകൽപോരാപറവാനിന്നിവരുടെകൈതവ-
(ങ്ങൾ
സകലനാഥനാംവിഷ്ണുഭഗവാനേപരിചൊടു
അകതാരിലുറപ്പിച്ചുകൊൾകബാലമടിക്കാതെ
അകലുഷമായനല്ലവനംതേടിഗ്ഗമിച്ചാലും
അകലുംനിന്നുടെശോകംസുഖവുംമേലിലുണ്ടാ-
(കും
ജനനിതന്നുടെവാക്കുകനിവോടെകേട്ടനേരം
മനക്കാമ്പുകുളുർത്താശുപുറപ്പെട്ടുധ്രുവന്താനും
ഘനമായവനംപുക്കുനടന്നാനന്തരംഗത്തിൽ
ദനുജനാശൻതന്റെചരിതങ്ങളുരചെയ്തു
മനസാകർമ്മണാവാചാനിനച്ചുവന്ദനംചെയ്തു
കനിവോടെതിരുനാമമുരചെയ്തുനടക്കുമ്പോൾ
മുനികളുംബഹുമാനിച്ചനുസരിച്ചടുക്കുന്നു
കനികളുംഫലമൂലമെന്നിതെല്ലാംകൊടുക്കുന്നു
വിനയമാദിയായുള്ളഗുണംകണ്ടുവിസ്മയംപൂ
ണ്ടനവധിമോദമോടെധ്രുവൻതന്നെസ്തുതിക്കു-
(ന്നു
ഭവനത്തെവെടിഞ്ഞാശുഭുവനത്തെനിനയാ-
(തെ
ഭുവനത്തിൽവസിക്കുന്നോർക്കവനത്തെവരു-
(ത്തുന്നോ
രവനെത്തന്നെചിന്തിച്ചിട്ടാവനത്തിൽനട-
(ന്നോരോ
ദിവസത്തെക്കഴിക്കുന്നുസുവനത്തിൽചരിക്കു-
(ന്നു
മരത്തിന്റെനിഴൽതോറും തരംനോക്കീട്ടിരി-
(ക്കുന്നു
കരുമ്പാറപ്പുറമേറിച്ചരിഞ്ഞാശുകിടക്കുന്നു
തരിമ്പുംപേടികൂടാതെരാപ്പകലുംകഴിക്കുന്നു
വെളുക്കുമ്പോളെഴുന്നേറ്റുതെളിഞ്ഞുള്ളനദി-
(തന്നിൽ
കളിച്ചുകൊണ്ടവനൊട്ടുമിളകാതെനടക്കുന്നു
മലകടെഗുഹകളിൽപുലികടെരവംകേട്ടാൽ
കുലുക്കമില്ലകതാരിലലയ്ക്കാതെനടക്കുന്നു
അതുകാലമൊരുനാളിലതുലമായൊരുകാന്തി
മതിതന്റെപ്രഭപോലെവിദിതമംബരംത-
(ന്നിൽ
അതിയായിവിളങ്ങുന്നതരചനന്ദനൻകണ്ടു
ശാരദചന്ദ്രനുദിച്ചുപൊങ്ങുന്നിതോ?
ക്ഷീരാബ്ധിതാനേയുയർന്നുകാണുന്നിതോ
ഐരാവതംവന്നിറങ്ങിത്തുടർന്നിതോ
ഹാരങ്ങൾകോരിച്ചൊരിഞ്ഞുതുടങ്ങിതോ
ചാരുഗംഗാജലംതാനേവരുന്നിതോ
താരങ്ങളെല്ലാംപൊഴിഞ്ഞുകാണുന്നിതോ
വീരനാംബാലനീവണ്ണംനിരൂപിച്ചു
ദൂരവേമേൽപ്പോട്ടുനോക്കിനിൽക്കുംവിധൌ
ചാരത്തുകാണായിവീണയുംകൈക്കൊണ്ടു
നാരദമാമുനിമെല്ലെവരുന്നതു;
ശ്രീരാമഗോവിന്ദ!ഗോപാല!വൈകുണ്ഠ
നാരായണ കൃഷ്ണ വിഷ്ണോമുരാന്തക
കാരുണ്യവാരിധേ!ശൌരേജനാർദ്ദന
ക്ഷീരാബ്ധിശായിൻഋഷീകേശകേശവ
സീതാപതേ സത്യഭാമാപതേ ഹരേ
പീതാംബരാനന്ദലക്ഷ്മീപതേവിഭോ
രാധാപതേ മാധവാംഭോജലോചന
സാധാരണാശ്രിതശ്രീമൻനമോസ്തുതേ
ഇത്തരംനല്ലതിരുനാമമെപ്പോഴും
ഭക്തിയോടെവീണകൊണ്ടുഘോഷിക്കയും
ചിത്തംതെളിഞ്ഞങ്ങുമൂന്നുലോകത്തിലും
നിത്യംനടന്നുദിവസംകഴിക്കയും
അമ്മുനിപുംഗവൻകണ്ടജനങ്ങളെ
തമ്മിൽപിണക്കിച്ചമച്ചുരസിക്കയും
കണ്ടീലകേട്ടീലയെന്നുനടിക്കയും
കണ്ടവരെക്കൊണ്ടുചെണ്ടകൊട്ടിക്കയും
കണ്മുനകാട്ടിക്കലഹമുണ്ടാക്കയും
നന്മയിലേഷണികൂട്ടിനടക്കയും
യുദ്ധമുള്ളേടംതിരഞ്ഞുനടക്കയും
ക്രുദ്ധിപ്പതിന്നുപായങ്ങൾനിനയ്ക്കയും
ബുദ്ധിമുട്ടുമ്പോൾപ്രസാദിച്ചുനല്ലൊരു
ശുദ്ധമാർഗ്ഗംനരന്മാർക്കുകൊടുക്കയും
ഇങ്ങിനെകാലംകഴിക്കുന്നനാരദൻ
തിങ്ങിനമോദമോടങ്ങെഴുന്നള്ളിനാൻ
ധന്യനായോരുധ്രുവനെന്നബാലന്റെ
മുന്നിൽനിന്നേവമരുളിത്തുടങ്ങിനാൻ
എന്തെടോ ബാലകാഘോരമായുള്ളൊരു
കാന്താരമണ്ഡലംതന്നിൽനടക്കുന്നു?
ബന്ധുക്കളാരുംനിനക്കില്ലയോഹന്ത
സന്താപകാരണംചൊല്ലുകമെല്ലവേ
ദന്തിശാർദൂലങ്ങളന്തികേകാൺകയാ
ലാന്തരംഗേഭയമില്ലയോചൊല്ലുനീ?
നിൻതാതനാരെടോ?നിൻതായുമാരെടോ?
സന്തോഷമോടതുംചൊല്ലുകമെല്ലവേ
കുന്നുംമലകളുംകാടുംകുഴികളും
കൊന്നുതിന്നീടുംമൃഗങ്ങൾസർപ്പങ്ങളും
കുന്നിച്ചുകൂടുന്നകാടുകൾപണ്ടുനീ
കണ്ടറിഞ്ഞിട്ടുമില്ലല്ലോകുമാരക!
എന്നതുകേട്ടൊരുനേരംധ്രുവൻമെല്ലെ
വന്ദിച്ചുമാമുനിതന്നോടുണർത്തിച്ചു
ഉത്താനപദന്റെപുത്രനാകുന്നുഞാ-
നുത്തമകീർത്തേ!ധ്രുവനെന്നുനാമവും
ഉത്തമിയാകുംസുനീതിയെൻമാതാവു്
സത്യമെല്ലാമുണർത്തിക്കാംമഹാമുനേ!
നിത്യംസുരുചിമാതാവിന്നടിയന്റെ
വൃത്തികൾചേർച്ചയല്ലെന്നുവരികയാൽ
ഉത്താനപാദനാമച്ഛനുസങ്കടം
ചിത്തത്തിലുണ്ടാകരുതെന്നുകല്പിച്ചു
നാടുംനഗരവുമെല്ലാമുപേക്ഷിച്ചു
കാടുവാഴുന്നുഞാനിങ്ങനെസംഗതി
കൈടഭവൈരിതൻകാരുണ്യമുണ്ടെങ്കി-
ലാടലില്ലേതുമേകാടുംനഗരമാം
ഇത്തരംബാലന്റെവാക്കുകൾകേട്ടതി-
നുത്തരംനാരദൻസാരമരുൾചെയ്തു
സത്വരംനാരായണന്റെപാദാംബുജം
ചിത്തേയുറപ്പിച്ചുകൊൾകനീബാലക
അത്തൽനീങ്ങിടുവാനിത്രനന്നായിട്ടു
വസ്തുമറ്റൊന്നില്ലതെന്നു ബോധിക്കനീ
ലോകനാഥൻപരൻലോകൈകകാരണൻ
ലോകരക്ഷയ്ക്കവൻദീക്ഷിച്ചിരിക്കുന്നു
ആകുലന്മാരുടെശോകമകറ്റുവാൻ
ആകവേമാധവൻതന്റെചരിത്രങ്ങൾ
മീനായ്പിറന്നുഹയഗ്രീവനാകിയ
ദാനവപ്രൌഢനെപ്പണ്ടുവധിച്ചതും
താനൊരുകൂർമ്മരൂപത്തെധരിച്ചുടൻ
താണൊരുമന്ദരംപൊക്കിയെടുത്തതും
ഘോരനായുള്ളഹിരണ്യാക്ഷനെപ്പുരാ-
വാരാഹരൂപേണചെന്നുടൻകൊന്നതും
വീരനായുള്ളഹിരണ്യകശിപുവെ
നാരസിംഹാകൃതിപൂണ്ടുപിളർന്നതും
വാമനനായിമഹാബലിതന്നോടു
ഭൂമിയെല്ലാമേയളന്നുമേടിച്ചതും
മിത്രവംശേരാമചന്ദ്രനായിപ്പുരാ
രാത്രിഞ്ചരേന്ദ്രന്റെകണ്ഠംമുറിച്ചതും
വൃഷ്ണിവംശേബലഭദ്രനാകുന്നതും
കൃഷ്ണനാകുന്നതുംഖഡ്ഗിയാകുന്നതും
മന്ന്വന്തരങ്ങളിലിങ്ങനെരൂപങ്ങൾ
പിന്നെയുംപിന്നെയുംനിർവഹിക്കുന്നതും
സന്യാസിമാർക്കുമോക്ഷംകൊടുക്കുന്നതും
ധന്യജനങ്ങൾക്കുപുഷ്ടിനൽകുന്നതും
ശത്രുകുലങ്ങളെസംഹരിക്കുന്നതും
ഇത്രിലോകങ്ങളെകാത്തുകൊള്ളുന്നതും
സത്രാശനന്മാർക്കുനായകനായതും
സത്രങ്ങടെഫലദായകനായതും
സ്ഥാവരമായതുംജംഗമമായയതും
കേവലംവിഷ്ണുതാനെന്നുബോധിക്കനീ
ഈവണ്ണമുള്ളത്തിലോർത്തുകൊണ്ടാലിനി
ഈവകദുഃഖങ്ങളുണ്ടാകയില്ലെടോ!
ഈരേഴുലകെന്നുപേരായദാരുവിൻ
നാരായവേരായനാരായണസ്വാമി
ആരായദേവനിന്നോരായ്കമൂലമി-
പ്പാരായവങ്കടൽപോരായദുഃഖത്തി-
ലോരായിരക്കോടിപോരാമനുഷ്യരു-
മോരോവിധങ്ങളിൽവീണുദുഃഖിക്കുന്നു
മാനുഷന്മാരുടെമോഹങ്ങളോരോന്നേ
ഞാനുരചെയ്യുന്നുകേൾക്കനിബാലകാ
കിട്ടുംപണമെങ്കിലിപ്പോൾമനുഷ്യർക്കു
ദുഷ്ടതകാട്ടുവാനൊട്ടുംമടിയില്ല
കിട്ടിയതൊന്നുംമതിയല്ലപിന്നെയും
കിട്ടിയാലുംമതിയല്ലദുരാഗ്രഹം
രണ്ടുപണംകിട്ടുമെന്നുകേട്ടാലവർ
മണ്ടുംപതിനെട്ടുകാതമെന്നാകിലും
കിട്ടിയാലപ്പൊഴേകണ്ടപെണ്ണുങ്ങൾക്കു
കൊണ്ടുപോയിക്കൊടുപ്പാനുംമടിയില്ല
ഭോജനത്തിന്നുംപ്രഥനത്തിനുംപിന്നെ
രാജസേവക്കുംദുരാഗ്രഹംലോകർക്ക്
രാജാവിനെച്ചെന്നുസേവിച്ചുനിൽക്കയും
വ്യാജംപറഞ്ഞുപലരെച്ചതിക്കയും
കൈക്കൂലിമെല്ലെപ്പിടുങ്ങുവാനല്ലാതെ
ഇക്കാരിയക്കാരന്മാർക്കില്ലവാഞ്ഛിതം
മൂക്കിൽവിരൽതള്ളിനിൽക്കുന്നവരെയും
നോക്കുവാൻപോലുമവസരമില്ലപോൽ
എത്രയുംദുഃഖമാംരാജസേവാദിക-
ളെത്രജനമുണ്ടതിന്നുതുനിയുന്നു
ശ്ലോകങ്ങളുണ്ടാക്കിയാലിന്നുനമ്മുടെ
ശോകങ്ങൾതീരുമെന്നെല്ലാംനിരൂപിച്ചു
ശ്ലോകംചമയ്ക്കുംപദങ്ങളുംനിർമിക്കു
മേകൻദുരാഗ്രഹംകൊണ്ടതുചെയ്യന്നു
പട്ടുകിട്ടുമ്പൊഴുംസന്തോഷമില്ലവ
നൊട്ടുംപണംകൂടെമുമ്പേനിനയ്ക്കയാൽ
വീരവാളിച്ചേലകിട്ടിയെന്നാകിലോ
പോരാതരിവളകിട്ടുവാനാഗ്രഹം
പാരിലോരോജനംദ്രവ്യമുണ്ടാക്കുവാൻ
ഓരോരൊവിദ്യകൾകാട്ടുന്നുസന്തതം
ആട്ടംപഠിക്കുന്നുചാട്ടംപഠിക്കുന്നു
കൊട്ടുപഠിക്കുന്നുപാട്ടുസാധിക്കുന്നു
മുട്ടാതെകച്ചകെട്ടുന്നുചിലർനിന്നു
വെട്ടുംതടയുംവടിയുംപയറ്റുന്നു
വായനകൊണ്ടേഫലിപ്പൂവിക്കാലമെ-
ന്നായതിന്നുംചിലരുഷ്ണംപിടിക്കുന്നു
ആയമംവേണമെന്നാൽപണംകിട്ടുമേ
ന്നായുധവിദ്യയ്ക്കൊരുവൻതുനിയുന്നു
വിദ്യകൾമറ്റുള്ളതെല്ലാംവൃഥാതന്നെ
വൈദ്യംപഠിക്കണംദ്രവ്യമുണ്ടാക്കുവാൻ
കാരസ്കരഘൃതംഗുൽഗുലുതിക്തകം
ചേരുന്നനൈകളുമെണ്ണപൊടികളും
സാരമായുള്ളഗുളികയുംകൊണ്ടുചെ-
ന്നൊരോവിധംപണംകൈക്കലാക്കീടുന്നു
മന്ത്രവാദംപഠിക്കുന്നുചിലർപിന്നെ
മന്ത്രങ്ങളോരോന്നെഴുതികൊടുക്കുന്നു
മന്ത്രികളോടുമരചരോടുംചെന്നു
മന്ത്രിച്ചുപട്ടുംവളയുംപറിക്കുന്നു
ജ്യോതിഷശാസ്ത്രംപഠിച്ചവർമിക്കതും
പാതിരാജ്യംകൈക്കലാക്കാൻതടവില്ല
ജാതകംനോക്കീട്ടവർപറഞ്ഞീടുന്ന
കൈതവംകേട്ടാൽകൊടുക്കുംപലവസ്തു
ജ്യോതിഷക്കാരനുംമന്ത്രവാദിക്കുമ-
ച്ചാതുര്യമേറുന്നവൈദ്യനുംവേശ്യയ്ക്കും
ഏതുംമടിക്കാതെവേണ്ടതുനൽകുവാൻ
ഭൂതലവാസികൾക്കില്ലൊരുസംശയം
മറ്റുള്ളവിദ്യകളെല്ലാംപണിപ്പെട്ടു
പറ്റിച്ചുകൊണ്ടുനടക്കുന്നഭോഷർക്കു
കൊറ്റുമാത്രംപോലുമെങ്ങുംകഴിവരാ
മറ്റുള്ളതോപിന്നെഒട്ടുംനിനയ്ക്കേണ്ട
നീറ്റിലെപ്പോളയ്ക്കുതുല്യമാംജീവനെ
പ്പോറ്റുവാനെത്രദുഃഖിക്കുന്നുമാനുഷർ
അറ്റമില്ലോരോന്നുചിന്തിച്ചുകാണുമ്പോൾ
മുറ്റുംദുരാഗ്രഹമെന്നേപറയാവൂ
കാണുന്നതൊന്നുംപരമാർത്ഥമല്ലെന്നു
കാണിനേരംബോധമില്ലമനുഷ്യർക്കു്
ഊണുമുറക്കവുംകൊണ്ടുദിവസങ്ങൾ
പോണതുമാർക്കുംമനക്കാമ്പിലില്ലെടോ
ഓണത്തിനില്ലത്തുവേണ്ടുംപദാർത്ഥങ്ങൾ
കാണാഞ്ഞൊരുത്തനുഴന്നുനടക്കുന്നു
ഓണപ്പുടവത്തരങ്ങളെടുപ്പതി-
ന്നോണച്ചരക്കുവന്നില്ലെന്നൊരുവിധം
പ്രാണനോടുംകൂടിവാഴുന്നുഞാനെങ്കി-
ലേണമിഴിയാൾക്കുവേണ്ടതുനൽകുവാൻ
ആടലില്ലേതുംവിഷുവിനകംപുറം
വീടുപണിയിക്കുമെന്നങ്ങൊരുവിധം
കേടുതീർത്താൽമതിമാളികരണ്ടിനു-
മോടിറക്കാൻപണമില്ലെന്നൊരുവിധം
കണ്ടേടമൂട്ടുള്ളദിക്കിൽക്കുടിയിരു-
ന്നുണ്ടുകൊള്ളാമെന്നൊരുത്തന്റെവാഞ്ഛിതം
കെട്ടുചുമടുമെടുത്തുനടന്നിട്ടു
വീട്ടിലുള്ളോരെപ്പൊറുപ്പിക്കയുംചിലർ
കിട്ടുന്നതെല്ലാംകളത്രത്തിനേകീട്ടു
പട്ടിണിതന്നെകിടക്കുന്നിതുചിലർ
പട്ടുംവളകളുംകെട്ടിവച്ചുംകൊണ്ടു
നാട്ടിലുള്ളൂട്ടുകൾതേടുന്നിതുചിലർ
പട്ടരോടേറ്റംകടംകൊൾകകാരണാൽ
പട്ടരെക്കണ്ടാലൊളിക്കുന്നിതുചിലർ
മായാസ്വരൂപിയാംനാരായണൻതന്റെ
മായാസമുദ്രത്തിൽമുങ്ങിയുംപൊങ്ങിയും
പ്രായേണസർവജനങ്ങളുംദുഃഖിക്കു-
ന്നായവസ്ഥാന്തരംചിന്തിക്കബാലക!
നാനാജനങ്ങൾജനിച്ചുംമരിച്ചും
നാനാവിധങ്ങൾനിനച്ചുംസുഖിച്ചും
ഓരോരോദിക്കിൽചരിച്ചുംചിരിച്ചും
ഓരോരോഭാവംനടിച്ചുംതടിച്ചും
മദ്യമാംസാദികുടിച്ചുംപൊടിച്ചും
ഉദ്യോഗമോടെമുടിച്ചുംമദിച്ചും
സാധുജനത്തോടടുത്തുംകടുത്തും
സാധനമോരോന്നെടുത്തുംകൊടുത്തും
സംസാരദുഃഖംസഹിച്ചുംവഹിച്ചും
കംസാരിനാമംജപിച്ചുംരസിച്ചും
സൽസ്വഭാവങ്ങൾകുറച്ചുംമറിച്ചും
ദുസ്സ്വഭാവങ്ങൾനിറച്ചുംവിറച്ചും
സുന്ദരിമാരെത്തിരഞ്ഞുംവിരഞ്ഞും
മന്ദതയോടെകരഞ്ഞുംപറഞ്ഞും
കുണ്ഠിതമെല്ലാംകളഞ്ഞുംതെളിഞ്ഞും
തണ്ടാർശരത്താൽവലഞ്ഞുംപിണഞ്ഞും
ഗർവ്വാഭിമാനംതിളച്ചുംപുളച്ചും
സർവ്വദാചെന്നുകളിച്ചുംചിരിച്ചും
ദിഗന്തേനടന്നുംഗൃഹത്തിൽകടന്നും
സുഖിച്ചുകിടന്നുംസുഖത്തോടിരുന്നും
ജഗത്തില്പരന്നുംപിണക്കുംവളർന്നും
മനോരുചിതീർന്നുംഹിതന്മാരിതെന്നും
സുതന്മാരിതെന്നുംസുമന്ത്രങ്ങളെന്നും
ചരിത്രങ്ങളെന്നുംവിചിത്രങ്ങളെന്നും
സാരങ്ങളെന്നുംവിസാരങ്ങളെന്നും
വിനോദങ്ങളെന്നുംമനസ്സിൽനിനയ്ക്കയാൽ
കാണുന്നതൊന്നുംപരമാർത്ഥമല്ലെന്നു
കാണിനേരംബോധമില്ലാമനുഷ്യർക്കു്
വേണുവീണാദികൾക്കൊണ്ടുപലനേര-
മൂണുറക്കംകൊണ്ടുംതൻപിണക്കംകൊണ്ടു-
മേണാക്ഷിമാരുടെകേളീരസംകൊണ്ടും
ആയുസ്സുപോകുന്നതാർക്കുംനിനവില്ല
കായംനശിക്കുമെന്നുള്ളതുമോർക്കില്ല
കായാംപൂവർണ്ണനെച്ചിന്തിക്കയുമില്ല
മായാബ്ധിതന്നിൽമുഴുകിക്കിടക്കയാൽ
ദേഹംമുടങ്ങിക്കിടക്കുന്നഭോഷനും
മോഹത്തിനേതുംകുറവില്ലബാലക!
ദേഹമൊന്നുംതന്റെദേഹിയെന്നുംപല
സാഹസംചിന്തിച്ചുതന്നെനടക്കുകയും
ജ്ഞാനംമനസ്സിലുറക്കുന്നനേരത്തു
ഞാനെന്നഭാവംനശിക്കുംമാരക!
ആനന്ദമുണ്ടാംമനക്കാമ്പിലേറ്റവും
ഞാനെങ്കിലിപ്പോൾഗമിക്കുന്നിതുശിശോ!
ഇപ്രകാരംനാരദമുനിയുംനല്ല
സൽപ്രകാരംപറഞ്ഞാശുബോധിപ്പിച്ചു
അഭ്രമാർഗ്ഗത്തിങ്കലൂടേപുറപ്പെട്ടി-
തുൾപ്രമോദംകലർന്നാശുകുമാരകൻ
സത്യസ്വരൂപനിൽചിത്തമുറപ്പിച്ചു
ശുദ്ധമായുള്ളവനപ്രദേശത്തിങ്ക-
ലുത്തമമാകുംയമുനാതടേനിന്നു
സത്വരമങ്ങുതപസ്സുചെയ്യുംവിധൌ
വീണാധരനായനാരദമാമുനി
ക്ഷീണനാമുത്താനപാദനെപ്രാപിച്ചു
വാണീവിശേഷങ്ങൾകൊണ്ടങ്ങവനുടെ
പ്രാണനെരക്ഷിച്ചെഴുന്നരുളീടിനാൻ
മോദമോടക്കാലമങ്ങുധ്രുവൻതാനു
മാദിമാസംകഴിവോളമൊരുപോലെ
സാദരംമുമ്മൂന്നുവാസരംകൂടുമ്പോ-
ളേതാനുമോരോഫലങ്ങൾഭുജിക്കയും
രണ്ടായമാസത്തിലാറാറുവാസരേ
കുണ്ഠതകൈവിട്ടുപത്രംഭുജിക്കയും
മൂന്നായമാസത്തിലൊമ്പതാംവാസരേ
നന്നായ്‌ക്കുറച്ചുജലപാനമാക്കിനാൻ
നാലാമതാംമാസിപന്തിരണ്ടാംദിനേ
ബാലാനിലന്മാത്രമാഹാരമാക്കിനാൻ
അഞ്ചാമതായുള്ളമാസത്തിലബ്ബാല-
നഞ്ചാതെസർവ്വംപരിത്യജിച്ചീടിനാൻ
പഞ്ചാത്മകമായദേഹത്തിലുംവായു-
സഞ്ചാരമെല്ലാമടക്കിവാണീടിനാൻ
ഏകപാദംഭൂമിതന്നിലുറപ്പിച്ചു
ലോകമീരേഴുംമനസ്സിലാവാഹിച്ചു
ലോകനാഥൻവിഷ്ണുതാനെന്നുകല്പിച്ചു
ശോകമോഹാദികളെല്ലാമുപേക്ഷിച്ചു
കാമവുംക്രോധവുംരാഗവുംദ്വേഷവും
സാദവുംസ്വേദവുംദാഹമോഹാദിയും
രോഗാവരോഗവുംവേർപെടുത്തീടിനാൽ
ഘോരമായുള്ളൊരുനിഷ്ഠയുറച്ചപ്പോ-
ളീരേഴുലോകവുമൊന്നുഭയപ്പെട്ടു
മാരുതസഞ്ചാരമെല്ലാമടങ്ങുക
കാരണംദാരുണമായദശാന്തരേ
കൊത്തിച്ചമച്ചമരപ്പാവകൾപോലെ
മർത്യജനങ്ങൾക്കിളക്കമില്ലാതെയായ്
പത്തനംതോറുമിരിക്കുംജനങ്ങടെ
വൃത്താന്തമെത്രയുംചിത്രമായ്‌വന്നിതു
നിത്യകർമ്മങ്ങളുമെങ്ങുമില്ലാതെയായ്
ധാത്രീതലത്തിലെവാർത്തകളത്ഭുതം
ഉണ്ടിരിക്കുന്നവർവായുംതുറന്നങ്ങു
മിണ്ടാതിരുന്നാനുരുളയുംകൈക്കൊണ്ടു
കണ്ടിരിക്കുന്നവൻകണ്ണുംതുറന്നൊരു
തണ്ടികപ്പാവയെപ്പോലിരുന്നീടുന്നു
മുണ്ടുടുക്കുന്നവൻരണ്ടുകരംകൊണ്ട്
മുണ്ടുംഞൊറിഞ്ഞുപിടിച്ചുനിന്നീടുന്നു
തണ്ടെടുത്തുംകൊണ്ടുമണ്ടുന്നവനൊരു
കുണ്ടിൽമറിഞ്ഞുകിടന്നാൻതടിപോലെ
മുങ്ങിക്കിടക്കുന്നുവെള്ളത്തിലുംചിലർ
പൊങ്ങുന്നതിൻമുമ്പുവായുശമിക്കയാൽ
എണ്ണതേയ്ക്കുന്നവരപ്പാടിരിക്കുന്നു
കണ്ണെഴുതുന്നവരങ്ങിനെപാർക്കുന്നു,
കഞ്ഞികോരിക്കുടിപ്പാൻതുടങ്ങുന്നവൻ
മുഞ്ഞിയുംതാഴ്ത്തീട്ടനങ്ങാതിരിക്കുന്നു
പാട്ടുപാടുന്നവർകയ്യുംചെവിയ്ക്കൽവ-
ച്ചൊട്ടുവായുംപിളർന്നങ്ങിനെനിൽക്കുന്നു
മദ്ദളംകൊട്ടുന്നവിദ്വാൻകഴുത്തിലാ
മദളമിട്ടുകൊണ്ടങ്ങിനെനിൽക്കുന്നു
പറ്റുവിളക്കുംകുഴൽക്കാരനന്നേരം
തെറ്റെന്നുകാലുംകവച്ചുനിന്നീടുന്നു
എത്രയുംവിസ്മയംസർവജനങ്ങളും
ചിത്രമെഴുതിയ പോലെകാണായ്‌വന്നു
ധാത്രീതലത്തിലെധർമ്മവുംകർമ്മവും
ധാത്രീപതികടെദാനവുംമാനവും
വിപ്രജനത്തിന്റെവേദവുംജ്ഞാനവും
ക്ഷിപ്രംനശിച്ചിതുകീർത്തിയുംപൂർത്തിയും
വേശ്യാജനത്തിന്റെകേളിയുംമേളവും
വൈശ്യജനത്തിന്റെനാണിഭംവാണിഭം
ശൂദ്രജനത്തിന്റെവീര്യവുംശൌര്യവും
ശൂന്യമായക്കാലമെന്നേപറയാവൂ
ഇഷ്ടിയില്ലാഞ്ഞിട്ടുദേവകൾക്കൊക്കെയും
പുഷ്ടിയില്ലാതെയായ്അഷ്ടിയില്ലാതെയായ്
പുഷ്ടിയില്ലാതെയായ് വൃഷ്ടിയില്ലാതെയായ്
കഷ്ടമിതെല്ലാംപറഞ്ഞാലൊടുങ്ങുമോ?
ഇന്ദ്രനുമർഥചന്ദ്രനുമർക്കനുമഗ്നിയുമമരന്മാ-
(രും
മന്ദനുമരവിന്ദജനിന്ദുജനർക്കജനസുരന്മാരും
ശുക്രനുമതിവിക്രമമേറിനകാലനുമരുണൻവ-
(രുണൻ
ശക്രനുടേപടകളുമിടവകമന്ത്രികളോതി-
(ക്കോനും
അഷ്ടകരികളഷ്ടവസുക്കളുമഷ്ടഫണീന്ദ്രന്മാരും
സപ്തമുനികൾസപ്തമരുത്തുകൾസപ്തഗുരുക്ക-
(ന്മാരും
യക്ഷമുനികൾകിന്നരചാരണസാദ്ധ്യവിദ-
(ഗ്ദ്ധന്മാരും
വൃദ്ധമുനികളിത്തരമനവധിവാനവവൃന്ദംകൂടി
മുരഹരനുടെചരണസരോരുഹമുടനേനമനം-
(ചെയ്‌വാൻ
തെരുതെരെയൊരുപരിഷകളവരവരവിരത-
(മവശതയോടെ
അഹമഹമിതുപറയണമുടനതുപറയണമറി-
(യിക്കേണം
ബഹുഭയമിതുകുറയണമിഹദൃഢമെന്നുപല-
(ർക്കുംബോധം
പാൽക്കടലുടെതടഭുവിപടുതരചടചടഘോഷ-
(ത്തോടെ
വാക്കുകളിവപലതരമുരചെയ്തമരകളാശുനിറ-
(ഞ്ഞു
ജയ!ജയ!പുരുഷോത്തമ!മാധവകേശവ!വാ-
(മനശൌരേ
ജയ!ജയ!ജഗദീശ്വര! വിശ്രുതവിശ്വമഹാഗു-
(ണസിന്ധോ!
ജയ!ജയ!നരപാലനലോല!വിശാലസുശീലന-
(മസ്തേ!
ഇതിബഹുതരസ്തുതിവചനങ്ങളനേകമുരത്തു-
(സുരന്മാർ
ദിതിസുതരിപുചരണയുഗത്തെവണങ്ങിവണ-
(ങ്ങിനിതാന്തം
അതിതരമതിപരവശഭാവമൊടങ്ങവർനിന്ന-
(ദശായാം
കുതുകമൊടുടനഖിലചരാചരനാഥനുണർന്നരു-
(ൾചെയ്തു
മതിമതിമതിഖേദമമർത്ത്യന്മാരേ!
ഗതിപുനരതിനുണ്ടിഹകണ്ടിതുഞാനും
പരിചിനൊടിഹനിങ്ങടെദു:ഖമിതെല്ലാം
ചിരതരമതിദുസ്സഹമെന്നറിയേണം
ധ്രുവനുടെനിയമാഗ്നിയെരിഞ്ഞുതുടങ്ങി
ധ്രുവമവനതിമാനുഷനെന്നറിയേണം
ശിവശിവ!ശിശുവെങ്കിലുമെത്രസമർത്ഥൻ
നവനവമൊരുഭക്തിയുമെത്രവിചിത്രം!
കുവലയദളലോചനനത്ഭുതശീലൻ
അവനഹമുടനിന്നുവരങ്ങൾകൊടുക്കാം
പരിണതഗുണശാലികൾനിങ്ങൾഗമിപ്പിൻ!
മുരഹരവചനങ്ങൾനിശമ്യതദാനീം
സുരകുലമുടനാർത്തിശമിച്ചുഗമിച്ചു
പരിചിനൊടുനിജമന്ദിരമെത്തിരമിച്ചു
ഉരുതരമതികൌതുകമോടുവസിച്ചു
മായാസ്വരൂപിയാംനാരായണൻജഗ-
ന്നായകൻതന്നുടെവാഹനമാകിയോ-
രായിരംപത്രമുള്ളോരുഗരുഡന്റെ
കായംതടവിക്കരംകൊണ്ടുമെല്ലവേ
കണ്ഠത്തിലാമ്മാറുകേറിക്രമേണവൈ-
കുണ്ഠലോകത്തിങ്കൽനിന്നുപുറപ്പെട്ടു
രണ്ടുഭാഗത്തുംനിറഞ്ഞുമുനികളും
കണ്ടുകൊണ്ടെത്തുന്നഭക്തജനങ്ങളും
തംബുരുതന്മേൽതിരുനാമമോതുന
തുംബുരുനാരദനെന്നുള്ളദിവ്യരും
അംബുജവാസിയുംവാണിയുംക്ഷോണിയും
അംബരചാരികൾതന്നുടെകൂട്ടവും
ത്ര്യംബകൻതാനുംഗിരീന്ദ്രതനൂജയും
തമ്മിലലങ്കാരമായിപ്പുറപ്പെട്ടു
മന്നവബാലകൻകണ്ണുമടച്ചങ്ങു
നിന്നുതപസ്സുചെയ്തീടുംപ്രദേശത്തു
ചെന്നുമധുകാനനാന്തേമുരാന്തകൻ
നന്നായ്‌പ്രസാദിച്ചുനിന്നരുളീടിനാൻ
പാഞ്ചജന്യധ്വനികേട്ടുധ്രുവൻമുദാ
കിഞ്ചനനേത്രം തുറന്നുനോക്കുംവിധൌ
നെഞ്ചിൽനിനച്ചവണ്ണംകാൺകകൊണ്ടുരോ-
മാഞ്ചഹർഷാശ്രുക്കൾപൂണ്ടുനിന്നീടാൻ
ആറുമാസംതപംചെയ്തൊരുബാലകൻ
ഏറിയകൗതുകത്തോടുമുരാരിയെ
കൂറുളവായിപ്രസാദിച്ചവൃത്താന്ത -
മീരേഴുലകിലുംപാടുന്നുസജ്ജനം
അപ്പോൾധ്രുവനാംനരേന്ദ്രകുമാരകൻ
തല്‌പാദപങ്കജേവീണുകൂപ്പിടിനാൻ
തല്പരമാർത്ഥമറിഞ്ഞുപുകഴ്ത്തുവാൻ
കെൽപ്പുകുറകയാലാനന്ദമഗ്നനായ്
ഉൾപ്പൂവിലാകുലംതേടിനിൽക്കുന്നതും
ചിൽപ്പുമാൻബോധിച്ചുമന്ദസ്മിതംതൂകി
തല്പാണിപത്മേവിളങ്ങുന്നശംഖുകൊ-
ണ്ടപ്പോളവന്റെകപോലസ്ഥലങ്ങളിൽ
ആദരവോടൊന്നുതൊട്ടൊരുനേരത്തു
മോദംകലർന്നൊരുബാലകൻദേവേന്ദ്ര-
സോദരനായമുകുന്ദനെവന്ദിച്ചു
വേദാർത്ഥസാരംസ്തുതിച്ചുതുടങ്ങിനാൻ.
വന്ദേജഗല്പതേ!വന്ദേവിയല്പതേ!
വന്ദേഹരില്പതേ!വന്ദേമരുല്പതേ!
വന്ദേരമാപതേ!വന്ദേദയാനിധേ!
വന്ദേമഹാപതേ!വന്ദേഗുണനിധേ!
സൃഷ്ടികർത്താവായിവാഴുന്നതുംഭവാൻ
പുഷ്ടികർത്താവായിവാഴുന്നതുംഭവാൻ
ഇഷ്ടിഫലത്തെവരുത്തുന്നതുംഭവാ
നിഷ്ടദാതാവെന്നുകേൾക്കുന്നതുംഭവാൻ
തുഷ്ടിഫലത്തെവരുത്തുന്നതുംഭവാൻ
വിഷ്ടപാലംബനനാകുന്നതുംഭവാൻ
മായകൾകൊണ്ടുവലയ്ക്കുന്നതുംഭവാൻ
ആയതുപിന്നെയൊഴിക്കുന്നതുംഭവാൻ
ആയതമായുള്ളധാത്രീതലംഭവാൻ
വൃക്ഷങ്ങളായിവസിക്കുന്നതുംഭവാൻ
പക്ഷികളായിപറക്കുന്നതുംഭവാൻ
പുല്ലുകളായികിളിർക്കുന്നതുംഭവാൻ
കല്ലുകളായികിടക്കുന്നതുംഭവാൻ
നല്ലകർമ്മങ്ങൾതുടങ്ങുന്നതുംഭവാൻ
വല്ലാതെയാക്കിചമയ്ക്കുന്നതുംഭവാൻ
ഇല്ലങ്ങളെപൊറുപ്പിക്കുന്നതുംഭവാൻ
ചെല്ലങ്ങളെല്ലാംനിറയ്ക്കുന്നതുംഭവാൻ
അഷ്ടിക്കുവേണ്ടതുനൽകുന്നതുംഭവാൻ
പട്ടിണിതന്നെകിടത്തുന്നതുംഭവാൻ
മുട്ടിപ്പത്തിനുതുടങ്ങുന്നതുംഭവാൻ
മുട്ടുന്നനേരത്തുനൽകുന്നതുംഭവാൻ
വെട്ടത്തുകാണാതിരിക്കുന്നതും ഭവാൻ
ചട്ടറ്റസർവേശനാകുന്നതുംഭവാൻ
ഓടുന്നതുംഭവാനാടുന്നതും ഭവാൻ
വിശ്വത്തിലുള്ള പദാർത്ഥസാധ്യങ്ങളിൽ
വിശ്വനാഥ!ഭവാനെന്നുഞാനെപ്പൊഴും
വിശ്വസിച്ചീടുന്നു വിശ്വാസവാരിധേ!
വിശ്വൈകബന്ധോ!നമസ്തേനമോസ്തുതേ!
സ്തോത്രങ്ങളിങ്ങനെകേട്ടുപ്രസാദിച്ചു
പരീശവാഹനന്താനുമരുൾചെയ്തു
ധാത്രീശനന്ദന!ഖേദംകളകനീ
ധാത്രീതലംനിനക്കെല്ലാമധീനമാം
വിക്രമമേറ്റംലഭിക്കുംനിനക്കെടോ
ചക്രവർത്തിത്വവുംവന്നുകൂടുംദൃഢം
ശുക്രാബൃഹത്പതിമാരോടൊരുമിച്ചു
ശക്രലോകേവസിപ്പാനുംകഴിവരും
മുപ്പതിനായിരംദിവ്യസംവത്സരം
കെല്പോടുരാജ്യവുംവാണുസുഖിക്കനീ
അപ്പുറംദേവലോകത്തിലങ്ങെത്രയു-
മൽഭുതമാംപദംകിട്ടുംനിനക്കെടോ!
പുല്ലുമീഭൂമിയുമുള്ളൊരുനാളിലും
ചൊല്ലാർന്നദിക്കിലിരിക്കുമെന്നല്ലെടോ!
എല്ലാപ്രപഞ്ചംനശിക്കുന്നകാലത്തു
മില്ലവിനാശംനിനക്കുമദ്ദിക്കിനും
ധാത്രയിൽവാഴുന്നകാലംതവാനുജ-
നുത്തമൻനായാട്ടിനായിപുറപ്പെടും
എത്തിപ്പിടിപെട്ടുയക്ഷപ്രധാനികൾ
കുത്തിക്കൊലചെയ്യുമെന്നുബോധിക്കനീ
പെട്ടെന്നുപുത്രവിയോഗംസഹിയാഞ്ഞു
കാട്ടുതീയിൽവീണുചാവുംസുരുചിയും
ചട്ടങ്ങളിങ്ങനെയെല്ലാമരുൾചെയ്തു
തൊട്ടുതലോടിധ്രുവനെവഴിപോലെ
വേണ്ടുംവരങ്ങളും നൽകിപ്പതുക്കവേ
തണ്ടാരിൽമാനിനീകാന്തൻമറഞ്ഞപ്പോൾ
ഇണ്ടലകന്നുസുനീതികുമാരകൻ
കുണ്ഠേതരംപുരംപുക്കുവാണീടിനാൻ.
ഇതി ധ്രുവചരിതം ശീതങ്കൻതുള്ളൽ
സമാപ്തം
--0--