Jump to content

താൾ:Dhruvacharitham.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൪൨൫
ശീതങ്കൻ തുള്ളൽ


രണ്ടായിരംപണംകിട്ടുമെന്നാകിലും
രണ്ടുവിവാഹമെളുതല്ലനിർണ്ണയം
രണ്ടാമവളാംസുരുചിതൻപാട്ടിലാ-
യണ്ടർകോൻതുല്യനാംഭൂപതിചിത്തവും
തുഷ്ടിയോടായവൾചൊല്ലുന്നതേനൃപൻ
കൂട്ടാക്കയുള്ളെന്നുകണ്ടുസുനീതിയും
ഒട്ടേറെയുണ്ടായൊരിണ്ടൽശമിപ്പിച്ചു
കേട്ടീലകണ്ടീലഞാനെന്നടങ്ങിനാൾ
അക്കാലമുണ്ടായിഗർഭമിരുവർക്കു-
മർക്കപുത്രാത്മജൻനന്നായ്‌പ്രസാദിച്ചു
വെക്കംപ്രസവിച്ചിരുവർക്കുമോരോരോ
പുത്രരുമുണ്ടായിതെത്രയുമത്ഭുതം!
മൂത്തവളായസുനീതിതൻനന്ദന-
നുത്താനപാദൻ ധ്രുവനെന്നുപേരിട്ടു
മറ്റവൾപെറ്റസുതനുത്തമനെന്നു
മേറ്റംപ്രസിദ്ധമായ്‌വന്നുജഗത്ത്രയെ
കുറ്റമകന്നുള്ളകറ്റക്കുഴിലമാ-
രറ്റമില്ലാതുള്ളസന്തോഷമോടുടൻ
ആറ്റുനോറ്റുണ്ടായബാലകന്മാരെയും
തെറ്റന്നുനന്നായ്‌വളർത്തുതുടങ്ങിനാർ
അപ്പോളടുക്കളക്കാരൻമനോജ്‌ഞന-
ങ്ങപ്പവുംവാർത്തങ്ങുരണ്ടുകുഞ്ഞുങ്ങൾക്കും
ഒപ്പംപകുത്തങ്ങുവച്ചോരുനേരത്തു
കെൽപ്പോടനുജത്തിചെന്നെടുത്താകവേ
അപ്പംചെലുത്തിനാൾത്താനുംമകനുമാ-
യൽപവുംമറ്റേക്കുമാരനുനൽകാതെ
അപ്പത്തിലേതാനുമൽപമായ്ശേഷിക്കി-
ലപ്പാടെടുത്തങ്ങുകുപ്പയിലാക്കിടും;
വത്സനുംപാലുംപഴംപഞ്ചസാരയും
മൽസുതന്മാർക്കിരുവർക്കുംകൊടുക്കനീ
മത്സരമേതുംതരമല്ലവല്ലഭേ!
കുത്സിതംകാട്ടാതിരിക്കേണമെന്നിദം;
ഉത്സാഹമോടരുൾചെയ്യുംനരേന്ദ്രനെ
ഭർത്സിക്കയുംചെയ്യുമേറ്റംസുരുചിയും
ഉൽസുകനാകുമൊരുത്താനപാദന്നു
വാത്സല്യമുണ്ടാകകൊണ്ടങ്ങവളുടെ
ദുസ്സ്വഭാവംശമിപ്പിപ്പാനെളുതല്ല
തത്സ്വരൂപാമൃതംതന്നിൽരമിക്കയാൽ
വത്സരംമൂന്നുതികഞ്ഞില്ലകുഞ്ഞിനു
മത്സരംപാരംസുരുചിതുടങ്ങുന്നു
ചിത്സ്വരൂപൻമുകുന്ദൻചിരംനമ്മുടെ
വത്സനെപ്പാലിച്ചുകൊള്ളേണമെപ്പൊഴും
മുറ്റുംരമാകാന്തനെന്യേനമുക്കൊരു
കൂറ്റാരുമില്ലെന്നുറച്ചുസുനീതിയും
അറ്റമില്ലാതുള്ളഭക്തികൈക്കൊണ്ടവൾ
പോറ്റിയെത്തന്നെഭജിച്ചുതുടങ്ങിനാൾ
വേറെവിളിച്ചുസുരുചിതൻപുത്രനു
ചോറുകൊടുപ്പാൻതുടങ്ങുന്നനേരത്തു
കൂറ്റിയാത്തകുമാരൻധ്രുവൻതാനു-
മേറെപ്രസാദിച്ചുമണ്ടിവന്നീടിനാൻ;
ദുഷ്ടയായുള്ളവളപ്പോളെഴുനേറ്റു
കഷ്ടംകതകടച്ചങ്ങിരുന്നീടിനാൾ
പെട്ടെന്നുബാലകൻനിന്നുകരയുന്ന
കേട്ടാലവൾക്കൊരുകോട്ടമില്ലേതുമേ!
മറ്റവൾചെന്നങ്ങെടുത്തുകരച്ചിലും
മാറ്റിമുലയുംകൊടുത്തുതുടങ്ങിനാൾ
"ചെറ്റുംകുമാരക!നിന്നുടെതാതന്റെ
"കുറ്റമല്ലേതുമിതെന്നുബോധിക്കനീ
കൂറ്റുകാരില്ലാതെതീർന്നൊരുനമ്മളെ
പോറ്റുവാനീശ്വരൻതന്നെകുമാരക!
മാറ്റിത്തമുള്ളോരുനീയുമിന്നെന്റെ
വയറ്റിൽപിറന്നുപറഞ്ഞാൽഫലമില്ല;
മറ്റൊരേടത്തുപിറന്നുനീയെങ്കിലി-
ന്നേറ്റംസുഖിച്ചുവളരാൻകുറവില്ല
മറ്റൊരുത്തന്റെമകനായ്പിറന്നെങ്കിൽ
മുറ്റുമീദുഃഖങ്ങളൊന്നുംവരത്തില്ലാ;
കൊറ്റിനില്ലെങ്കിലുംകൂറുള്ളവരോടു
ചീറ്റംതുടങ്ങിയാൽവാഴില്ലപെണ്ണിനു
പെറ്റാവുഞാനെന്നുപാരംകൊതിക്കുന്ന
കുറ്റക്കുഴലിമാരേറ്റമുണ്ടിന്നാട്ടിൽ,
പെറ്റപിള്ളയ്ക്കൊരുസങ്കടംകൂടാതെ
പോറ്റുമിന്നേറ്റംദരിദ്രനെന്നാകിലും
ഏറ്റംകയർക്കുംസുരുചിതന്നോടുഞാൻ
തോറ്റുകൊണ്ടേത്രേദിവസംകഴിക്കുന്നു
നീറ്റിൽകിടക്കുന്നനക്രംകണക്കിനു
ചീറ്റിയടുക്കുന്നുനിന്നോടുമെന്നോടും
അറ്റമില്ലോരോന്നുചിന്തിച്ചുകാണുമ്പോൾ
മുറ്റുംവിഷാദംകലരുന്നുമാനസേ
കുറ്റംവരുത്തിപ്പുറത്തിറക്കുംമുമ്പേ
മറ്റൊരുദിക്കിന്നു്മാറുകേയാവിനി
പട്ടിണിയിട്ടുകിടന്നുവെന്നാലുമി-
ന്നാട്ടിലിരുന്നുപൊറുപ്പാണെളുതല്ല;
പട്ടണംതോറുമിരന്നുകൊള്ളാമതിൽ
കിട്ടുന്നതുകൊണ്ടഹസ്സുകഴിച്ചിടാം
മുട്ടുന്നനേരത്തുദൈവംതുണയാകു
മൊട്ടുമതിനൊരുസന്ദേഹവുമില്ല;
മറ്റവളെപ്പോലെയെന്നെയുംമന്നവൻ
വേട്ടുവെന്നെല്ലാംപറഞ്ഞാൽഫലമില്ല;
പെട്ടെന്നൊരുത്തിതൻഭാഗ്യവിശേഷങ്ങൾ
കിട്ടുമോമറ്റൊരുത്തർക്കുമതുപോലെ,
കട്ടിലുകണ്ടുപനിച്ചാൽകണക്കല്ല
കിട്ടുമെന്നാകിലേമോഹംതുടങ്ങാവൂ;
ഒട്ടുംകനിവില്ലകാന്തനെന്നാലവൾ
കാട്ടുന്നതൊക്കെയുംഗോഷ്ഠിയെന്നേവരൂ;
സ്രഷ്ടാവുനിന്റെശിരസ്സിൽവരച്ചതി-
ന്നൊട്ടുപിഴവരികില്ലെടോബാലക;
മുട്ടാതെനീയുംമുകുന്ദനെസ്സേവിച്ചു
തുഷ്ടിവരുത്തുവാനായിത്തുടങ്ങുക;

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/4&oldid=215838" എന്ന താളിൽനിന്ന് ശേഖരിച്ചത്