താൾ:Dhruvacharitham.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ധ്രുവചരിതം


ശീതങ്കൻ തുള്ളൽ



ഇമ്പം കലർന്നുള്ള വിഷ്ണുഭക്തന്മാരിൽ
മുമ്പനായുള്ള ധ്രുവന്റെ ചരിതത്തെ
വൻപിച്ചവിദ്വജ്ജനങ്ങളെല്ലാവരും
അമ്പോടുകേട്ടിന്നനുഗ്രഹിക്കേണമേ
എത്രയുംധന്യനായുളളമനുവിന്റെ
പുത്രനായിട്ടൊരുമന്നവനുണ്ടായി
ഉത്താനപാദനെന്നിങ്ങനെദിക്കുകൾ
പത്തുംപുകഴ്‌ന്നോരുനാമമുടയവൻ
ചീർത്തോരുകാരുണ്യമൂർത്തിയാംമന്നവൻ
പാർത്തലംതന്നിലെമർത്ത്യജനങ്ങളെ
ആർത്തിശമിപ്പിച്ചുകീർത്തിവർദ്ധിപ്പിച്ചു
പാർത്തലംതന്നിലകീർത്തിനടത്തിച്ചു
ധൂർത്തരെയെല്ലാമമർത്തുവാനീശ്വര
വാർത്തകളെപ്പോഴുമോർത്തുധനങ്ങളെ
പേർത്തുസമ്പാദിച്ചുനേർത്തുവരുന്നോരു
പാർത്ഥിവരാദിയാംശത്രുജനങ്ങളെ
കൂർത്തശരംകൊണ്ടുമൂർത്തിതകർത്തുട
നാർത്തിപിടിപ്പിച്ചുപാർത്തലേയോടിച്ചു
കാൽത്തളിർകൂപ്പുന്നപാർത്ഥിവന്മാരിൽനി-
ന്നർത്ഥങ്ങൾമേടിച്ചനർത്ഥംശമിപ്പിച്ചു
അർത്ഥിജനത്തിനുമർത്ഥംകൊടുത്തുട-
നാർത്തിയുംതീർത്തുകൃതാർത്ഥതകല്പിച്ചു
മാർത്താണ്ഡതുല്യനാംമാർത്താണ്ഡപുത്രജൻ
ധാത്രീവരോത്തമൻധാത്രീപരിത്രാണ-
മെത്രയുംചിത്രമായത്രചെയ്താൻനല്ല
ക്ഷേത്രംപണിയിച്ചുപാത്രങ്ങൾതീർപ്പിച്ചു
വട്ടത്തിലോരോകുളങ്ങൾകുഴിപ്പിച്ചു
വെട്ടിപ്പിടിപ്പിച്ചുനാട്ടുവഴികളിൽ
നാട്ടുകല്ലിട്ടുനടക്കാവുവയ്പിച്ചു
കാട്ടിലോരോവഴിവെട്ടിത്തെളിപ്പിച്ചു
ഊട്ടുവാനോരോരോകോട്ടിലുംകല്പിച്ചു
കൂട്ടുവാനുള്ളതുമൊട്ടുംകുറയാതെ
ഊട്ടിൽപ്പതിനെട്ടുകൂട്ടംകറികളും
നാട്ടിലിരിക്കുന്നപട്ടന്മാർക്കുംപിന്നെ
മുട്ടാതെനിത്യവുമൂട്ടതുംകല്പിച്ചു
പട്ടണംതോറുമങ്ങാടികൾകെട്ടിച്ചു
ചെട്ടിത്തെരുവുകൾപട്ടാണിവീടുകൾ
മുട്ടിപ്പുരകളുംതട്ടാക്കുടികളും
നാട്ടിൽപതിനെട്ടുകെട്ടുള്ളവീടുക-
ളൊട്ടല്ലവനൊരുകോടിപണിയിച്ചു
ചട്ടങ്ങളിങ്ങനെകൂട്ടിക്ഷിതീതലേ
ദുഷ്ടരെശ്ശിക്ഷിച്ചുശിഷ്ടരെപ്പാലിച്ചു
പുഷ്ടിയക്കാലത്തുപുഷ്ടമായുണ്ടായി
നിഷ്ഠയേറുംദ്വിജശ്രേഷ്ഠരെക്കൊണ്ടുടൻ
ഇഷ്ടിയുംചെയ്യിച്ചുധർമ്മത്തിനൊത്തൊരു
കർമ്മങ്ങളാകവേനിർമ്മിച്ചുഭൂതലേ
ശർമ്മംവരുത്തുന്നുനിർമ്മലഭൂപതി
ധർമ്മസവിചന്മാരോടങ്ങൊരുമിച്ചു
ധർമ്മാസനത്തേലിരുന്നരുളീടിനാൻ
മേനോക്കിയഛനുംസേനാപതികളും
മാനമേറീടുന്നമന്ത്രിപ്രവരനും
ദീനമകന്നുള്ളനാനാജനങ്ങളും
ഹാനികൂടാതെസുഖിച്ചുവാണീടിനാർ
അച്ചിങ്ങപീച്ചിങ്ങപാവയ്ക്കകോവയ്ക്ക
കാച്ചിലെന്നിത്തരംകെട്ടിയെടുപ്പിച്ചു
കാഴ്ചവച്ചൻപൊടുതൃക്കാൽവണങ്ങുന്നു
വീഴ്ചയെന്യേലോകവാസികളൊക്കെയും
മന്നവൻതന്നുടെമന്ദിരംതന്നുള്ളിൽ
കുന്നിച്ചുകൂടുന്നുപൊന്നുംപണങ്ങളും
മന്നിൽവിളയുന്നധാന്യരത്നങ്ങളും
ഉന്നതമാകിനൊരാനപ്പടകളും
മന്നിൽപ്പരക്കുംകുതിരപ്പടകളും
മിന്നുംമിടിലുംമിടുകമണിയുന്നു
കന്നൽമിഴികളുമന്യജനങ്ങളും
ചേണാർന്നലക്ഷ്മീവിലാസങ്ങളിങ്ങിനെ
കാണുന്നതേതുംസഹിയാഞ്ഞുവിത്തേശ-

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/2&oldid=215386" എന്ന താളിൽനിന്ന് ശേഖരിച്ചത്