സൗന്ദര്യനിരീക്ഷണം/ആദർശവും യാഥാർത്ഥ്യവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സൗന്ദര്യനിരീക്ഷണം (ലേഖനം)
രചന:എം.പി. പോൾ
ആദർശവും യാഥാർത്ഥ്യവും
[ 34 ]
ആദർശവും യാഥാർത്ഥ്യവും


ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ പാശ്ചാത്യസാഹിത്യലോകത്തിലെ മുഖ്യമായ വാദവിഷയം, ആദർശലോകമോ യാഥാർത്ഥ്യലോകമോ സാഹിത്യത്തിൽ പ്രതിപാദിക്കേണ്ടതെന്നുള്ളതായിരുന്നു. ഈ വാദത്തിൽ യാഥാർത്ഥ്യവാദികൾക്കാണ് ഒടുവിൽ പ്രാബല്യം സിദ്ധിച്ചത്. രണ്ടു വാദമുഖങ്ങളെയും രഞ്ജിപ്പിക്കുവാൻ ചിലർ ശ്രമിക്കാതിരുന്നില്ല. അവരിൽ പ്രാമാണികൻ പ്രസിദ്ധ ഫ്രഞ്ച്‌ചിന്തകനായ ബർഗ്സൺ(Bergson) ആയിരുന്നു. ബർഗ്സൺന്റെ കലാസിദ്ധാന്തം പാശ്ചാത്യലോകമൊട്ടുക്കു പ്രചരിപ്പിക്കുകയും പലഭാഷകളിലും വിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലും അത് വിവർത്തനം ചെയ്യേണ്ടതാവശ്യമാണ്.

'കലയുടെ ഉദ്ദേശ്യം എന്താണ്?' എന്ന ചോദ്യത്തോടുകൂടിയാണ് അദ്ദേഹത്തിന്റെ പ്രതിപാദനമാരംഭിക്കുന്നത്. അനന്തരം സാധാരണമനുഷ്യർക്കും കലാകാർന്മാർക്കും തമ്മിലുള്ള വത്യാസം അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു:

"യഥാർത്ഥലോകത്തിനു നമ്മുടെ ഇന്ദ്രിയങ്ങളോടും ബോധത്തോടും നേരിട്ടു സംപൃക്തമാവുക സാദ്ധ്യമാണെങ്കിൽ, വസ്തുക്കളൂടും നമ്മോടുതന്നെയും നമുക്കു പൂർണ്ണമായും ഐക്യം പ്രാപിക്കുവാൻ സാധിക്കുമെങ്കിൽ ഒരുപക്ഷേ, കലകൊണ്ടു പ്രതേകാവശ്യമൊന്നുമുണ്ടാകയില്ല; അഥവാ നാമെല്ലാവരും കലാകാരന്മാരായിരിക്കും. എന്തുകൊണ്ടെന്നാൽ, നമ്മുടെ ആത്മാവ് പ്രകൃതിയുടെ രാഗത്തോടൊപ്പം അനുസ്യൂതമായി വർത്തിച്ചുകൊണ്ടിരിക്കും.ഓർമ്മയുടെ സഹായത്തോടുകൂടി നമ്മുടെ കണ്ണുകൾ അഭൂതപൂർവ്വമായ ചിത്രങ്ങളെ സ്ഥലത്തിൽ രൂപവൽക്കരിക്കയും കാലത്തിൽ പ്രതിഷ്ഠിക്കയും ചെയ്യും. മനുഷ്യരൂപത്തിന്റെ സജീവശിലയിൽ പുരാതനശില്പങ്ങളെപ്പോലെ സുന്ദരമായ പ്രതിമാശകലങ്ങൾ നമ്മുടെ കണ്ണുകളെ ആകർഷിക്കും. നമ്മുടെ ആത്മാവിന്റെ അന്തരാളത്തിൽ നമ്മുടെ ആഭ്യന്തരജീവിതത്തിന്റെ നിരന്തരസംഗീതം- ചിലപ്പോൾ ആഹ്ലാദപ്രേരിതവും മറ്റുചിലപ്പോൾ വിഷാദദ്യോതകവും, എന്നാൽ സദാ അഭിനവവുമായ സംഗീതം- നാം കേട്ടുകൊണ്ടിരിക്കും, ഇവയെല്ലാം നമ്മുടെ ചുറ്റിലും നമ്മിൽതന്നെയുമുണ്ട്. എന്നാൽ [ 35 ] അവയിലൊരംശമെങ്കിലും നാം കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല. പ്രകൃതിക്കും നമുക്കും ഇടയ്ക്ക്, എന്നുവേണ്ട നമ്മുടെ ബോധത്തിനും ഇടയ്ക്ക് ഒരു യവനികയുണ്ട്. സാധാരണമനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ യവനിക കട്ടിയുള്ളതും തന്നിമിത്തം കാഴ്ച തടയുന്നതുമാണ്. എന്നാൽ കലാകാരന്റെയും കവിയുടെയും ദൃഷ്ടിയിൽ ഈ യവനിക അതിലോലവും, തന്നിമിത്തം കാഴ്ചയ്ക്കു പ്രതിബന്ധമാകാത്തതുമാകുന്നു. ഏതു ഗന്ധർവ്വനാണ് ഈ യവനിക നെയ്തുണ്ടാക്കിയത് ? അനുകമ്പയോ വിദ്വേഷമോ അങ്ങനെ ചെയ്യുവാൻ പ്രേരകമായത് ? നമുക്ക് ആദ്യമായി വേണ്ടത് ജീവിക്കുകയാണ്. ജീവിക്കണമെങ്കിൽ ആവശ്യങ്ങളോടു ബന്ധിപ്പിച്ചു ഗ്രഹിക്കണം. ജീവിതം പ്രവൃത്തിയാണ്‌. വസ്തുക്കളുടെ പ്രായോഗികവശം മാത്രം സ്വീകരിക്കുകയും അവയ്ക്കനുരൂപമായി പ്രത്യാഘതങ്ങളുണ്ടാവുകയും ചെയ്യുകയെന്നതാണ് ജീവിതം. മറ്റു വശങ്ങളെല്ലാം തിരോഭവിക്കുകയോ അല്ലെങ്കിൽ അസ്പഷ്ടവും അശ്രദ്ധേയവും ആയിത്തീരുകയോ ചെയ്യണം. ഞാൻ നോക്കുന്നു: ഞാൻ കാണുന്നുവെന്നാണ് എന്റെ വിചാരം; ഞാൻ എന്നെത്തന്നെ പരിശോധിക്കുന്നു. എന്റെ ഹൃദയത്തിന്റെ അഗാധതലങ്ങൾ പോലും ഞാൻ പാരായണം ചെയ്യുന്നുവെന്നാണ് എന്റെ വിചാരം. പക്ഷെ, ബാഹ്യലോകത്തെക്കുറിച്ച് ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്നത്, എന്റെ ജീവിതത്തെ നയിക്കുവാൻ മാത്രം ആവശ്യമുള്ള വസ്തുതകൾ എന്റെ ഇന്ദ്രിയങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളതല്ലാതെ മറ്റൊന്നുമല്ല. എനിക്ക് എന്നെപ്പറ്റി അറിയാവുന്നത് ഉപരിപ്ലവവവും എന്റെ പ്രവൃത്തിയെ സംബന്ധിക്കുന്നതും മാത്രമാണ്. എന്റെ ഇന്ദ്രിയങ്ങളും ബോധവും എനിക്ക് തരുന്നത് യാഥാർത്ഥ്യത്തിന്റെ പ്രായോഗികമായ ഒരു വശം മാത്രമാണ്. എന്നെക്കുറിച്ചും ബാഹ്യലോകത്തെക്കുറിച്ചും അവ എന്നെ ഗ്രഹിപ്പിക്കുന്നതിൽ, മനുഷ്യന് ഉപയോഗമില്ലാത്ത വ്യത്യാസങ്ങൾ അവഗണിക്കപ്പെടുകയും അവനുപയോഗമുള്ള സാമ്യങ്ങൾ പ്രബലീകരിക്കപ്പെടുകയും ചെയ്യും. എന്റെ പ്രവൃത്തിയെ നയിക്കേണ്ട മാർഗങ്ങൾ അവ എന്നെ ചൂണ്ടിക്കാട്ടുന്നു. ഈ മാർഗങ്ങൾ മനുഷ്യവർഗം എനിക്കുമുന്പു പലപ്രാവശ്യം സഞ്ചരിച്ചിട്ടുള്ളവയാണ്. എന്റെ പ്രയോജനത്തെ ഉദ്ദേശിച്ച്‌ വസ്തുക്കളെ തരം തിരിച്ചു വച്ചിട്ടുണ്ട്. ഈ തരംതിരിക്കലാണ്‌ ഞാൻ മുഖ്യമായി കാണുന്നത്; വസ്തുക്കളുടെ യാഥാര്തമായ വർണ്ണവും ആകൃതിയുമല്ല. ഇക്കാര്യത്തിൽ മനുഷ്യൻ മറ്റു ജന്തുക്കളെക്കാൾ വളരെ ഉയർന്നിടുണ്ട്; ശരിതന്നെ. ഒരു കോലാട്ടിൻകുട്ടിയും ഒരു ചെമ്മരിയാട്ടിൻകുട്ടിയും തമ്മിലുള്ള വ്യത്യാസം ഒരു ചെന്നായ്ക്കു ഗോചരമാകനിടയില്ല. രണ്ടും അതിനിരയാണ്. രണ്ടും എളുപ്പത്തിൽ പിടിക്കാവുന്നതും കടിച്ചുതിന്നുവാൻ രുചിയുമുള്ളവയാണ്. നാമാകട്ടെ ഒരു കോലാടും [ 36 ] ചെമ്മരിയാടും തമ്മിലുള്ള വ്യത്യാസം കാണുന്നു. എന്നാൽ ഒരു കോലാടും മറ്റൊരു കോലാടും തമ്മിലോ ഒരു ചെമ്മ്മരിയാടും മറ്റൊരു ചെമ്മ്മരിയാടും തമ്മിലോ ഉള്ള വ്യത്യാസം നാം കാണുന്നുണ്ടോ? വസ്തുക്കളുടെയും ജന്തുക്കളുടെയും വ്യക്തിത്വം നമ്മുടെ ആവശ്യത്തെ കാര്യമായി സ്പര്ശിക്കുന്നില്ലെങ്കിൽ നാമത് സാധാരണ കാണാറില്ല. വ്യക്തിത്വം നാം കാണുന്നുവെന്നുതന്നെയിരിക്കട്ടെ. ദൃഷ്ടാന്തമായി നാം ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനിൽനിന്നു തിരിച്ചറിയുന്നു.. ഇവിടെയും ആ മനുഷ്യന്റെ വ്യക്തിത്വമല്ല, എന്നുവെച്ചാൽ ആകൃതിയുടെയും വർണങ്ങളുടെയും അഭൂതപൂർവമായ സംയോഗമല്ല നമ്മുടെ കണ്ണുകൾ കാണുന്നത്. പിന്നീട് അയാളെ തിരിച്ചറിയത്തക്ക ഒന്നോ രണ്ടോ ലക്ഷണങ്ങൾ നാം മനസ്സിലക്കിയെന്നു വന്നേക്കാം; അത്രമാത്രം.

"ചുരുക്കിപ്പറഞ്ഞാൽ വസ്തുക്കളുടെ യഥാർത്ഥപ്രകൃതിയല്ല നാം കാണുന്നത്. മിക്കവാറും അവയിലോട്ടിചിരിക്കുന്ന ലേബൽകൊണ്ട് നാം തൃപ്തിപ്പെടുന്നു. ആവശ്യത്തിൽനിന്നാണ് ഈ സ്വഭാവം നമുക്കുണ്ടയത്. ഭാഷയുടെ സ്വധീനശക്തികൊണ്ട് ഈ സ്വഭാവം ഒന്നുകൂടി പ്രബലപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ, പുരുഷനാമങ്ങളൊഴികെ വാക്കുകളെല്ലാം ഓരോ വർഗത്തെയാണ് കുറിക്കുന്നത്. ഒരു വസ്തുവിന്റെ സാമാന്യരൂപവും സാധാരണധർമ്മവും മാത്രം കുറിക്കുന്ന വാക്ക് ആ വസ്തുവും നാമും തമ്മിൽ വിലങ്ങടിച്ചുനിൽക്കുകയും, ആ വാക്കിനെ സൃഷ്‌ടിച്ച ആവശ്യങ്ങൾ വസ്തുവിന്റെ യഥാർത്ഥരൂപം മറച്ചിട്ടില്ലെങ്കിൽതന്നെ, ആ വാക്ക് അതിനെ നമ്മിൽനിന്നും മറയ്ക്കുകയും ചെയ്യുന്നു. ബാഹ്യവസ്തുക്കൾ മാത്രമല്ല, നമ്മുടെ മാനസികാവസ്ഥകൾപോലും അവയുടെ ആഭ്യന്തരവും വ്യക്തിപരവും അഭൂതപൂർവ്വവുമായ രൂപത്തിൽ നമുക്ക് ഗോചരീഭവിക്കുന്നില്ല. നാം സ്നേഹിക്കയോ കലഹിക്കയോ ചെയ്യുമ്പോഴും, നാം സന്തുഷ്ടരോ വിഷണ്ണരോ ആയിരിക്കുമ്പോഴും, അസംഖ്യം ക്ഷണഭംഗുരംമായ വ്യംഗ്യങ്ങളോടും അഗാധമായ പ്രതിധ്വനികളോടും ചേർന്നു നമ്മുടെ സ്വന്തമായിത്തീർന്നിട്ടുള്ള ആ വികാരംതന്നെയാണോ നമ്മുടെ ബോധത്തിനു ഗോചരീഭവിക്കുന്നത്? അങ്ങനെയെങ്കിൽ നാമെല്ലാവരും നോവലെഴുത്തുകാരോ കവികളോ ഗായകന്മാരോ ആകുമായിരുന്നു. എന്നാൽ നമ്മുടെ മാനസികാവസ്ഥയുടെ ബാഹ്യ പ്രതിഫലനം മാത്രമേ എന്നും സാധാരണ കാണാറുള്ളു. നമ്മുടെ വികാരങ്ങളുടെ വ്യക്ത്യേതരമായ ഭാവം - എല്ലാ മനുഷ്യർക്കും എല്ലാ അവസ്ഥയിലും യോജിച്ചതായതുകൊണ്ട് സാമാന്യമായി ഭാഷകൊണ്ട് നിർദേശിക്കപ്പെട്ടിട്ടുള്ള ഭാവം - മാത്രമേ നാം ഗ്രഹിക്കുന്നുള്ളൂ. ഇങ്ങനെ ഓരോ വ്യക്തിയിലുമുള്ള യാഥാർത്ഥമായ വ്യക്തിത്വം നമ്മുടെ ദൃഷ്ടിക്കു ഗോചാരമാകുന്നില്ല. സാമാന്യ സംജ്ഞകളും ചിഹ്നങ്ങളും നിറഞ്ഞ ഒരു ലോകത്താണ് നാം [ 37 ] സഞ്ചരിക്കുന്നത്. ജീവിതവ്യഗ്രതയിൽ മുഴുകിയും അതിനാൽ ആകൃഷ്ടരായും, വസ്തുക്കൾക്കും നമുക്കും ഇടയ്‌‌ക്കുള്ള ഒരു മദ്ധ്യലോകത്തിൽ ജീവിക്കുകയാണ്` നാം ചെയ്യുന്നത്. എന്നാൽ അപ്പഴപ്പോൾ ഏതോ ഓർമ്മപ്പിശകുകൊണ്ടെന്നപോലെ പ്രകൃതി ജീവിവിതവ്യഗ്രതയിൽനിന്ന് വേർപെട്ടുനില്ക്കുന്ന ചില വ്യക്തികളെ സൃഷ്ടിക്കുന്നു. വേർപെട്ടുനില്ക്കുകയെന്നുവെച്ചാൽ മന:പൂർവമായും ചിന്തയുടെ ഫലമായും യുക്തിപൂർവമായും വേർപെട്ടുനില്ക്കുക എന്നല്ലർത്ഥം. സ്വാഭാവികമായ ഒരു വേർപാടാണത്. ഇന്ദ്രിയങ്ങളുടെയും ബോധത്തിന്റെയും ഘടനയിൽത്തന്നെ നിക്ഷിപ്തമായ ഒരു നിസ്സംഗതയാണ്` അത്. അങ്ങനെയുള്ള ഒരാൾ കാണുകയും കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് അഭൂതപൂർവമായ ഒരു രീതിയിലാണ്`. ഈ നിസ്സംഗത പരിപൂർണ്ണമാണെങ്കിൽ, മനോവ്യാപാരങ്ങളിലോ ഇന്ദ്രിയവ്യാപാരങ്ങളിലോ ജീവിതത്തോട് യാതൊരു ബന്ധവുമില്ലാത്ത ആത്മാവ് നിലകൊള്ളുകയാണെങ്കിൽ, ലോകത്തിൽ ഇതേവരെ പ്രത്യക്ഷപ്പെടാത്തവിധത്തിലുള്ള ഒരു കലാകരന്റെ ആത്മാവായിരിക്കും അത്. ആ ആത്മാവ് എല്ലാ കലകളിലും ഒരേസമയത്ത് പ്രാവീണ്യം സമ്പാദിക്കും; അഥവാ എല്ലാ കലകളെയും അത് ഒന്നിൽ ലയിപ്പിക്കും. എല്ലാ വസ്തുക്കളെയും അതാതിന്റെ തനിനിറത്തിൽ അത് കാണും. ബാഹ്യലോകത്തിലെ ആകൃതികളും നിറങ്ങളും ശബ്ദങ്ങളും മാത്രമല്ല, ആഭ്യന്തരജീവിതത്തിലെ ഏറ്റവും സൂക്ഷ്‌‌മമായ ചലനം പോലും അതിനു ഗോചരമായിരിക്കും. പക്ഷെ, ഇങ്ങനെയൊരാത്മാവിനെ സൃഷ്ടിക്കണമെന്നു പ്രകൃതിയോടാവശ്യപ്പെടുന്നത് അതിമോഹമാണ്`. കലാകാരന്മാരായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആളുകൾക്കുപോലും ഒരു വശത്തിൽ മാത്രമേ (അതും ആകസ്മികമായി മാത്രം ) യാഥാർത്ഥ്യത്തെ മറയ്ക്കുന്ന തിരശ്ശീലയെ പ്രകൃതി നീക്കിയിട്ടുള്ളൂ. ഒരു മാർഗ്ഗത്തിൽ മാത്രമേ മനോവ്യാപാരങ്ങളെ ആവശ്യത്തോടു ബന്ധിപ്പിക്കുവാൻ പ്രകൃതി മറന്നുപോയിട്ടുള്ളൂ. ഓരോ വർഗ്ഗവും ഓരോ ഇന്ദ്രിയത്തിന്നനുരൂപമായതുകൊണ്ട് ഏതെങ്കിലുമൊരിന്ദ്രിയംവഴിക്കു മാത്രമാണ്` കലാകാരൻ കലയോട് ബന്ധപ്പെട്ടിരിക്കുന്നത്. ഇതുകൊണ്ടാണ്` ഭിന്ന കലകളുണ്ടായത്. ഇതുകൊണ്ടുതന്നെയാണ്` പ്രത്യേകവാസനകളുണ്ടായതും."

ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാൽ കലാകാരൻ ഒരത്ഭുതസൃഷ്ടിയാണ്`, ഒരു യാദൃശ്ഛികവ്യക്തിയാണ്`, പ്രകൃതിയുടെ ഓർമ്മപ്പിശകാണ്`, യാഥാർത്ഥ്യത്തെ മൂടുപടംകൂടാതെ കാണുന്ന ഒരു സൂക്ഷ്മദൃഷ്ടിയാണ്`. അയാൾ എപ്പോൾ, എവിടെ, ഏതുരൂപത്തിൽ ആവിർഭവിക്കുമെന്നുള്ളതിന്` യാതൊരു വ്യവസ്ഥയുമില്ലെന്നാണല്ലോ ഈ സിദ്ധാന്തത്തിൽനിന്നു വ്യക്തമാവുന്നത്. എന്നാൽ കലാചരിത്രം നോക്കിയാൽ , ചില പ്രത്യേക കാലങ്ങളിൽ , സമുദായത്തിന്റെ ചില ഉത്കൃഷ്ടദശകളിൽ , കലാകാരന്മാർ [ 38 ] ആവിർഭവിക്കുന്നത് ആകസ്മികമാണെന്നുവരുമോ? ഗ്രീസിൽ പെരിക്ലസിന്റെ കാലത്ത്, ഇന്ത്യയിൽ ഗുപ്തരാജാക്കന്മാരുടെ കാലത്ത്, റോമിൽ അഗസ്റ്റസ്സിന്റെ കാലത്ത്, ഫ്രാൻസിൽ ലൂയി പതിന്നാലാമന്റെ കാലത്ത്, ഇംഗ്ലണ്ടിൽ എലിസബത്തിന്റേയും വിക്ടോറിയാ രാജ്ഞിയുടേയും കാലങ്ങളിൽ, കലാസൃഷ്ടികൾ ബഹുലമായി കാണുന്നതുകൊണ്ട്, കലയും സമുദായവും തമ്മിൽ എന്തോ ബന്ധമുണ്ടെന്നു വരുന്നു. പക്ഷേ, ബർഗ്സൺന്റെ ദൃഷ്ടിയിൽ കലയുടെ സാമൂഹ്യചോദനം എത്തുപെടുന്നില്ല. തന്നിമിത്തം അദ്ദേഹത്തിന്റെ സിദ്ധാന്തം അപൂർണ്ണമാണ്.

വിവിധകലകളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നതിപ്രകാരമാണ്: "ഒരു കലാകാരൻ ആകൃതിയിലും വർണ്ണത്തിലും ശ്രദ്ധപതിക്കുന്നു. വർണത്തെ വർണ്ണത്തിനായിട്ടു മാത്രവും ആകൃതിയെ ആകൃതിക്കായിട്ടു മാത്രവുമാണ് അയാൾ സ്നേഹിക്കുന്നത്. തനിക്കുവേണ്ടിയല്ല, അവയ്ക്കു വേണ്ടിയാണ് അയാൾ അവയെ ഗ്രഹിക്കുന്നത്. അവയുടെ ആകൃതിയിലും പ്രകൃതിയിലുംകൂടി പ്രത്യക്ഷപ്പെടുന്ന ആഭ്യന്തരജീവിതം അയാൾ കാണുന്നു. അയാൾ കാണുന്നത് അല്പാല്പമായി നമുക്കും ദൃഷ്ടവ്യമാകുന്നു. ആദ്യം നമുക്കത് അസാധ്യമായി തോന്നിയേക്കാമെങ്കിലും ക്രമേണ അത് നമ്മുടെ ബോധത്തിൽ പതിയുന്നു. നമ്മുടെയും യാഥാർത്ഥ്യത്തിന്റെയും ഇടയ്ക്ക് വിലങ്ങടിച്ചുനിൽക്കുന്ന വ്യാമോഹങ്ങൾ കുറച്ചുനേർത്തേക്കെങ്കിലും അയാൾ അകറ്റി നിർത്തുന്നു. ഇങ്ങനെ പ്രകൃതിയുടെ യഥാർത്ഥരൂപം പ്രത്യക്ഷപ്പെടുകയെന്ന കലയുടെ പരമോദ്ദേശ്യം അയാൾ നിർവ്വഹിക്കുന്നു. മറ്റു ചിലർ തങ്ങളിലേക്കുതന്നെ ചുഴിഞ്ഞിറങ്ങുന്നു. ഒരു വികാരത്തിന്റെ ബാഹ്യവും ദൃശ്യവുമായ ചിഹ്നങ്ങളായി ഗണിക്കപ്പെടുന്ന അനേകം പ്രഗൽഭങ്ങളായ ആംഗ്യങ്ങൾക്കുള്ളിൽ- വ്യക്തിപരമായ മാനസികഭാവത്തെ ഒരേസമയത്തു കാണിക്കുകയും മറയ്ക്കുകയും ചെയ്യുന്ന സാധാരണവും സാങ്കേതികവുമായ പ്രകടനങ്ങൾക്കുള്ളിൽ- സൂക്ഷ്മമായി നിലകൊള്ളുന്ന ആ വികാരത്തെ, അതിന്റെ പരിശുദ്ധമായ അവസ്ഥയിൽ, അവർ കണ്ടെത്തുന്നു. ഇപ്രകാരം ചെയ്യുവാൻ നമ്മേയും പ്രേരിപ്പിക്കുന്നതിനായി അവർ കണ്ടതിന്റെ ഒരംശം അവർ നമുക്കും കാണിച്ചുതരുന്നു. പദങ്ങളെ ആരോഹണാവരോഹണക്രമത്തിൽ നിരത്തിവച്ചും, അവയെ സംഘടിപ്പിച്ചു സജീവമാക്കിയും ഭാഷകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ഭാവങ്ങൾ അവർ നമുക്കു കാണിച്ചുതരികയോ വ്യഞ്ജിപ്പിക്കുകയോ ചെയ്യുന്നു; ഇനിയും ചിലരാകട്ടെ കുറേകൂടി അഗാധമായ ഒരു ഗർത്തത്തിലേക്കു ചുഴിഞ്ഞിറങ്ങുന്നു. സുഖദുഃഖങ്ങളെ ഒരുപക്ഷേ, ഭാഷയിൽ പ്രകാശിപ്പിക്കുവാൻ കഴിഞ്ഞേക്കാം. എന്നാൽ, സുഖദുഃഖങ്ങൾക്കതീതമായി, ഭാഷയോടു യാതൊരു സാധർമ്മ്യവുമില്ലാത്ത എന്തോ ഒന്ന് അവർ ഗ്രഹിക്കുന്നു. മനുഷ്യന്റെ ഏറ്റവും [ 39 ] ഗാഢമായ വികാരങ്ങളേക്കാൾ അവനോടു ബന്ധപ്പെട്ടിരിക്കുന്ന ജീവിതത്തിന്റെ മൗലികഗീതമാണത്. അവന്റെ ആഹ്ലാദത്തിന്റെയും നൈരാശ്യത്തിന്റെയും അവന്റെ പ്രത്യാശയുടെയും വിഷാദത്തിന്റെയും, നൈരാശ്യത്തിന്റെയും സജീവനിയമമായി വർത്തിക്കുന്നതും ഓരോ വ്യക്തിയിലും ഭിന്നഭിന്നമായി നിലകൊള്ളുന്നതുമായ ഒന്നാണത്. ഈ സംഗീതത്തെ വിമോചിച്ചുകൊണ്ട് അവർ അതിനെ നമ്മുടെ ശ്രദ്ധയ്ക്ക് വിഷയീഭവിപ്പിക്കുന്നു. വഴിപോകർ ഒരു നൃത്തം കണ്ട് അതിൽ സംബന്ധിക്കുവാൻ പ്രേരിപ്പിക്കപ്പെടുന്നതുപോലെ ആ സംഗീതത്തിൽ ലയിക്കുവാൻ അവർ നമ്മെ നിർബന്ധിക്കുന്നു.

ചിത്രമെഴുത്ത് സാഹിത്യം എന്നിവയേക്കൾ സംഗീതത്തിനാണ് കൂടുതൽ അവഗാഹം ബർഗ്സൺ കല്പിക്കുന്നത്. ഉപകരണത്തിന്റെ സ്ഥൂല സൂക്ഷ്മതകളനുസരിച്ച് സംഗീതത്തിന് പ്രഥമസ്ഥാനം ഹെഗൽ (Hegal) എന്ന ജർമ്മൻ ചിന്തകൻ നൽകിയിട്ടുണ്ട്. എന്നാൽ, ഭാവസ്ഫുരണത്തിലും സംഗീതത്തിനുതന്നെയാണ് പ്രാഥമ്യമെന്നു ബർഗ്സൺ സൂചിപ്പിക്കുന്നു. ഇത് എത്രകണ്ടു സ്വീകാര്യമാണെന്ന് ആലോചിക്കേണ്ടതാണ്. സംഗീതത്തിന്റെ വ്യാപാരരംഗമായ ശബ്‌ദലോകമോ, സാഹിത്യത്തിന്റെ വ്യാപാരരംഗമായ ശബ്‌ദാർത്ഥലോകമോ ഏതാണ് ജീവിതമർമ്മത്തെ സ്പർശിക്കുന്നത്? സാഹിത്യം ശബ്ദത്തിൽനിന്ന് അഭിന്നമാണെങ്കിലും അതിന്റെ മാനസികാംശം ഇന്ദ്രിയങ്ങൾക്കതീതമായ ആഭ്യന്തരജീവിതത്തിന്റെ പ്രതിദ്ധ്വനിയാണെന്നു സമ്മതിക്കണം. ഈ ജീവന്റെ ജീവൻ സംഗീതത്തിലുണ്ടാവുക സാദ്ധ്യമാണോ?

കലകളെ ഇപ്രകാരം വിവേചിച്ചതിനുശേഷം അവയുടെ സാമാന്യോദ്ദേശ്യം എന്താണെന്നു ബർഗ്സൺ സമർത്ഥിക്കുന്നു: "ഇങ്ങനെ ചിത്രമെഴുത്ത്, ശില്പകല, കവിത, സംഗീതം മുതലായ സുകുമാരകലകൾക്ക് ഒരേയൊരുദ്ദേശ്യമാണുള്ളത്. യാഥാർത്ഥ്യത്തെ നമ്മിൽനിന്നു മറയ്ക്കുന്നപ്രായോഗികചിഹ്നങ്ങളും, സങ്കേതികവും സാമൂഹ്യവുമായ സാമാന്യാശയങ്ങളും വിപാടനംചെയ്ത് യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുവാൻ നമ്മെ നിർബന്ധിക്കുകയെന്നതാണ് എല്ലാ കലകളുടെയും ലക്ഷ്യം. യാഥാർത്ഥ്യവും ആദർശവും തമ്മിലുള വിവാദം, കലയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽനിന്നാണ് പുറപ്പെട്ടിട്ടുള്ളത്. യാഥാർത്ഥ്യത്തിന്റെ സ്വച്ഛവും സമ്യക്കുമായ വീക്ഷണമാണ് കല. പക്ഷേ, ഇങ്ങനെയുള ഒരു വീക്ഷണം സാധിതപ്രായമാകണമെങ്കിൽ, പ്രായോഗികസങ്കേതങ്ങളിൽ നിന്നു മുക്തിനേടുകയും, ഇന്ദ്രിയങ്ങളും ബോധവും ആഭ്യന്തരവും ഏകാഗ്രവുമായ ഒരു നിഷ്പക്ഷാവസ്ഥയെ പ്രാപിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. [ 40 ] ഈ നിഷ്പക്ഷതയാണ് ആദർശവാദം. ആദർശം ആത്മാവിലും യാഥാർത്ഥ്യം കലാവസ്തുവിലുമാണ്. ആദർശംകൊണ്ടു മാത്രമേ നമുക്ക് യാഥാർത്ഥ്യത്തെ സ്പർശിക്കുവാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ പറയുന്നതു വാക്കുകൾകൊണ്ടുള്ള കസർത്തല്ല, പച്ചപ്പരമാർത്ഥം മാത്രമാണ്."

ബർഗ്സൺ ഉന്നയിച്ചിരിക്കുന്ന വാദം അതേപടി സ്വീകരിക്കുവാൻ പ്രയാസമാണ്. അതിൽ പല പോരായ്‌മകളുമുണ്ട്. എന്നാലും അതിലെ ചില ഭാഗങ്ങൾ കലാപരമായി ചിന്തിക്കുന്നവർക്ക് സുസമ്മതമാകാതിരിക്കുകയില്ല.