Jump to content

താൾ:സൗന്ദര്യനിരീക്ഷണം.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആദർശവും യാഥാർത്ഥ്യവും


മായ വികാരങ്ങളേക്കാൾ അവനോടു ബന്ധപ്പെട്ടിരിക്കുന്ന ജീവിതത്തിന്റെ മൗലികഗീതമാണത്. അവന്റെ ആഹ്ലാദത്തിന്റെയും നൈരാശ്യത്തിന്റെയും അവന്റെ പ്രത്യാശയുടെയും വിഷാദത്തിന്റെയും, നൈരാശ്യത്തിന്റെയും സജീവനിയമമായി വർത്തിക്കുന്നതും ഓരോ വ്യക്തിയിലും ഭിന്നഭിന്നമായി നിലകൊള്ളുന്നതുമായ ഒന്നാണത്. ഈ സംഗീതത്തെ വിമോചിച്ചുകൊണ്ട് അവർ അതിനെ നമ്മുടെ ശ്രദ്ധയ്ക്ക് വിഷയീഭവിപ്പിക്കുന്നു. വഴിപോകർ ഒരു നൃത്തം കണ്ട് അതിൽ സംബന്ധിക്കുവാൻ പ്രേരിപ്പിക്കപ്പെടുന്നതുപോലെ ആ സംഗീതത്തിൽ ലയിക്കുവാൻ അവർ നമ്മെ നിർബന്ധിക്കുന്നു.

ചിത്രമെഴുത്ത് സാഹിത്യം എന്നിവയേക്കൾ സംഗീതത്തിനാണ് കൂടുതൽ അവഗാഹം ബർഗ്സൺ കല്പിക്കുന്നത്. ഉപകരണത്തിന്റെ സ്ഥൂല സൂക്ഷ്മതകളനുസരിച്ച് സംഗീതത്തിന് പ്രഥമസ്ഥാനം ഹെഗൽ (Hegal) എന്ന ജർമ്മൻ ചിന്തകൻ നൽകിയിട്ടുണ്ട്. എന്നാൽ, ഭാവസ്ഫുരണത്തിലും സംഗീതത്തിനുതന്നെയാണ് പ്രാഥമ്യമെന്നു ബർഗ്സൺ സൂചിപ്പിക്കുന്നു. ഇത് എത്രകണ്ടു സ്വീകാര്യമാണെന്ന് ആലോചിക്കേണ്ടതാണ്. സംഗീതത്തിന്റെ വ്യാപാരരംഗമായ ശബ്‌ദലോകമോ, സാഹിത്യത്തിന്റെ വ്യാപാരരംഗമായ ശബ്‌ദാർത്ഥലോകമോ ഏതാണ് ജീവിതമർമ്മത്തെ സ്പർശിക്കുന്നത്? സാഹിത്യം ശബ്ദത്തിൽനിന്ന് അഭിന്നമാണെങ്കിലും അതിന്റെ മാനസികാംശം ഇന്ദ്രിയങ്ങൾക്കതീതമായ ആഭ്യന്തരജീവിതത്തിന്റെ പ്രതിദ്ധ്വനിയാണെന്നു സമ്മതിക്കണം. ഈ ജീവന്റെ ജീവൻ സംഗീതത്തിലുണ്ടാവുക സാദ്ധ്യമാണോ?

കലകളെ ഇപ്രകാരം വിവേചിച്ചതിനുശേഷം അവയുടെ സാമാന്യോദ്ദേശ്യം എന്താണെന്നു ബർഗ്സൺ സമർത്ഥിക്കുന്നു: "ഇങ്ങനെ ചിത്രമെഴുത്ത്, ശില്പകല, കവിത, സംഗീതം മുതലായ സുകുമാരകലകൾക്ക് ഒരേയൊരുദ്ദേശ്യമാണുള്ളത്. യാഥാർത്ഥ്യത്തെ നമ്മിൽനിന്നു മറയ്ക്കുന്നപ്രായോഗികചിഹ്നങ്ങളും, സങ്കേതികവും സാമൂഹ്യവുമായ സാമാന്യാശയങ്ങളും വിപാടനംചെയ്ത് യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുവാൻ നമ്മെ നിർബന്ധിക്കുകയെന്നതാണ് എല്ലാ കലകളുടെയും ലക്ഷ്യം. യാഥാർത്ഥ്യവും ആദർശവും തമ്മിലുള വിവാദം, കലയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽനിന്നാണ് പുറപ്പെട്ടിട്ടുള്ളത്. യാഥാർത്ഥ്യത്തിന്റെ സ്വച്ഛവും സമ്യക്കുമായ വീക്ഷണമാണ് കല. പക്ഷേ, ഇങ്ങനെയുള ഒരു വീക്ഷണം സാധിതപ്രായമാകണമെങ്കിൽ, പ്രായോഗികസങ്കേതങ്ങളിൽ നിന്നു മുക്തിനേടുകയും, ഇന്ദ്രിയങ്ങളും ബോധവും ആഭ്യന്തരവും ഏകാഗ്രവുമായ ഒരു നിഷ്പക്ഷാവസ്ഥയെ പ്രാപിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

39