സങ്കല്പകാന്തി/വിശുദ്ധരശ്മി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വിശുദ്ധരശ്മി
[ 62 ]

വിശുദ്ധരശ്മി

മഞ്ജരിതമായ്ത്തീർന്ന മച്ചിത്ത-
കുഞ്ജകത്തിനതിഥിയായ് ,
ഏതു ഗന്ധർവ്വഭൂവിൽനിന്നേവ-
മേകയായ്പ്പറന്നെത്തി നീ?
ഗാനലോലുപേ,നിന്മമോഹര-
പ്രാണഹർഷദാലാപനം
ഇത്രനാളും നുകർന്നിരുന്നതേ-
തർച്ചനീയവൃന്ദാവനം ?

ഭഗ്നമോഹശതങ്ങളാൽ, ദുഖ-
ലഗ്നമായ മജ്ജീവിതം,
മംഗളോന്മാദമാധുരികളിൽ
മുങ്ങിനില്ക്കുമാറങ്ങനെ,
അപ്രതീക്ഷിതേ, വന്നണിഞ്ഞിതൊ,-
രപ്സരസ്സിനെപ്പോലെ, നീ !

മഞ്ഞിൽ മുങ്ങിക്കുളിച്ച ഹേമന്ത-
മഞ്ജുചന്ദ്രികമാതിരി,
ഹന്ത, മന്മനം ഞാനറിഞ്ഞിടാ-
തെന്തിനേവം കവർന്നു നീ ?
നിർമ്മലേ, മമ ജീവനെന്തിനു
നിർവൃതിയിൽപ്പൊതിഞ്ഞു നീ ?

വിണ്ണിൽനീളെച്ചരിക്കയാണൊരു
പൊന്മുകിൽത്തേരിലേറി ഞാൻ ,
മന്ദിയാതെ നിനക്കൊരോമന-
ച്ചന്ദനത്തണൽതേടുവാൻ!
ലോലതാരകപ്പൂക്കളാലൊരു
മാല കോർക്കുകയാണു ഞാൻ ,
വാടിടാതെന്നും ഹാ, നിനക്കു നിൻ-
വാർകുഴൽക്കെട്ടിൽച്ചൂടുവാൻ !

[ 63 ] <poem>

മാരിവില്ലുകൾ പൂക്കുമാ നീല- മാമരത്തളിർച്ചില്ലയിൽ , ചേണെഴുമൂഞ്ഞാൽ തീർക്കയാണൊ,രു വേണുസംഗീതംകൊണ്ടു ഞാൻ, ഫുല്ലയൌവനേ, ഹാ, നിനക്കെന്നു- മുല്ലസിച്ചിരുന്നാടുവാൻ! പ്രാണസുസ്മിതം കൊണ്ടൊരു കൊച്ചു- വീണ നിർമ്മിക്കയാണു ഞാൻ, ഭാവുകാസ്പദേ, ഹാ, നിനക്കെന്നു- മാവിലേതരം പാടുവാൻ ! മാമകോദ്യമം പാഴിലായ്പ്പോയാ- ലോമനേ, നീ പൊറുക്കണേ ! എന്നെന്നേക്കുമായാ നിമേഷത്തിൽ- ത്തന്നെ,യെന്നെ മറക്കണേ !


തണ്ടുലഞ്ഞു തഴുകിടാം തമ്മിൽ രണ്ടു ജീവിതച്ചെണ്ടുകൾ, കർമ്മബന്ധത്തിൻ കാറ്റിലീ ലോക- സുന്ദരാരാമവീഥിയിൽ !

ആത്മരാഗപരാഗസൌരഭം വാർത്തുവാർത്തവ നില്ക്കവേ, മർത്ത്യനീതിതൻ കാളമേഘമൊ- ന്നെത്തിടുമിടിവെട്ടുമായ് , ഞെട്ടിമാറി ഞൊടിക്കകത്തവ ഞെട്ടടർന്നടിഞ്ഞീടുവാൻ! എന്തതിൽനിന്നു നേടിടുന്നു നീ ഹന്ത നിഷ്ഠൂരലോകമേ? നീതിതൻക്രൂരവജ്രവുമായി നീയടുക്കാതിരിക്കിലോ, ചേലെഴും സൽഫലങ്ങളായവ നാളെ നിൻമുന്നിൽ നിന്നിടാം സ്വാന്തജമാം നിൻതപ്തതൃഷ്ണയ്ക്കു സാന്ത്വനാമൃതമേകുവാൻ!

അല്ല തങ്കംപുരണ്ട താരുണ്യ- മല്ല, തിൻമായികാഭയാൽ, കാണിപോലും കവർന്നെടുത്തതെൻ- മാനസമേവ,മോമലേ ! മങ്ങിപ്പോം ബാഹ്യമോടിയിൽക്കണ്ണു- മഞ്ഞളിക്കുവോനല്ല ഞാൻ !

<poem> [ 64 ]

നിന്മുഖത്തു ഞാൻ കാണ്മതുണ്ടൊ,രു
നിർമ്മലാത്മപ്രഭാങ്കുരം,
മോദദാവാച്യമാമതിൻമതി-
മോഹലോജ്ജ്വലരശ്മികൾ ,
ഒന്നിനൊന്നായണഞ്ഞു, മന്മന-
സ്പന്ദനംതോറുമിങ്ങനെ,
അർപ്പണംചെയ്കയാണു നേരിയോ-
രദ്ഭുതാവഹാമന്ത്രണം
മുക്തിയാണവൾ, ശുദ്ധിയാണവൾ,
മുഗ്ദ്ധസംഗീതമാണവൾ!

അന്ധകാരത്തിൽനിന്നുയരുന്നി-
തന്തിവാനിലരുന്ധതി:
ഉത്തമപ്രണയോജ്ജ്വലാദർശ-
രത്നതല്ലജംമാതിരി!
രാഗസൌരഭസാന്ദ്രമാം മഹാ-
ത്യാഗകോരകംമാതിരി!
സ്വർഗ്ഗചിന്താവിശുദ്ധിതൻലസൽ-
സ്വപ്നബുദ്ബുദംമാതിരി !

ഒന്നതിൻനേരേ നോക്കുമ്പോഴേക്കും
കണ്മണി, നിന്നെയോർപ്പൂ ഞാൻ!

താവകധ്യാനശുദ്ധിയാൽപ്പോലും
ദേവനാവുകയായി ഞാൻ!
മൃത്യുസാമ്രാജ്യസീയമയെപ്പോലും
ധിക്കരിച്ചിപ്രഭാങ്കുരം ,
നിന്നെയും ചിരഞ്ജീവിയാക്കാവൂ
വെണ്മയൂഖമതല്ലികേ!

മാർച്ച് , 1937