താൾ:Sangkalpakaanthi.djvu/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്മുഖത്തു ഞാൻ കാണ്മതുണ്ടൊ,രു
നിർമ്മലാത്മപ്രഭാങ്കുരം,
മോദദാവാച്യമാമതിൻമതി-
മോഹലോജ്ജ്വലരശ്മികൾ ,
ഒന്നിനൊന്നായണഞ്ഞു, മന്മന-
സ്പന്ദനംതോറുമിങ്ങനെ,
അർപ്പണംചെയ്കയാണു നേരിയോ-
രദ്ഭുതാവഹാമന്ത്രണം
മുക്തിയാണവൾ, ശുദ്ധിയാണവൾ,
മുഗ്ദ്ധസംഗീതമാണവൾ!

അന്ധകാരത്തിൽനിന്നുയരുന്നി-
തന്തിവാനിലരുന്ധതി:
ഉത്തമപ്രണയോജ്ജ്വലാദർശ-
രത്നതല്ലജംമാതിരി!
രാഗസൌരഭസാന്ദ്രമാം മഹാ-
ത്യാഗകോരകംമാതിരി!
സ്വർഗ്ഗചിന്താവിശുദ്ധിതൻലസൽ-
സ്വപ്നബുദ്ബുദംമാതിരി !

ഒന്നതിൻനേരേ നോക്കുമ്പോഴേക്കും
കണ്മണി, നിന്നെയോർപ്പൂ ഞാൻ!

താവകധ്യാനശുദ്ധിയാൽപ്പോലും
ദേവനാവുകയായി ഞാൻ!
മൃത്യുസാമ്രാജ്യസീയമയെപ്പോലും
ധിക്കരിച്ചിപ്രഭാങ്കുരം ,
നിന്നെയും ചിരഞ്ജീവിയാക്കാവൂ
വെണ്മയൂഖമതല്ലികേ!

മാർച്ച് , 1937

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/64&oldid=169677" എന്ന താളിൽനിന്ന് ശേഖരിച്ചത്