സങ്കല്പകാന്തി/തിരുമുല്ക്കാഴ്ച

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
തിരുമുല്ക്കാഴ്ച
[ 60 ]

തിരുമുല്‌ക്കാഴ്ച

ആരുമറിഞ്ഞിടാതെൻ ജീവിതത്തിലേ-
ക്കാരാൽ നടന്നുവരുന്നവളാരു നീ?
പേർത്തു,മെൻ ചിത്തം തുളുമ്പിടുമ്മാറതാ,
കേൾപ്പു നിൻ നേരിയ കാൽച്ചിലമ്പൊച്ചകൾ!
നെഞ്ചിടിപ്പേറ്റുമാറെത്തുന്നു ചാരെ, നിൻ-
ചഞ്ചലവസ്ത്രാഞ്ചലസ്വനവീചികൾ!
ചിന്നിപ്പരക്കുന്നു മജ്ജീവനാളത്തിൽ
നിൻനെടുവീർപ്പിൻ സുഗന്ധലഹരികൾ!-
-ആരു നീയുജ്ജ്വലജ്യോതിർവിലാസമേ?
ആരു നീ, യുൽക്കടപ്രേമവിശാലമേ?

ഇത്രയുംകാല,മെൻ ചിന്തകൾക്കപ്പുറ-
ത്തജ്ഞാതയായ്നിന്നൊളിച്ചുകളിച്ചു നീ!
അങ്ങിങ്ങു കണ്ടു മൽസ്വപ്നരംഗങ്ങളി-
ലവ്യക്തമായി നിൻ കാലടിപ്പാടുകൾ!
അപ്പാദമുദ്രകൾ ചുംബിച്ചു, നിന്നെയോർ-
ത്തെത്ര നാളൊറ്റയ്ക്കിരുന്നു കരഞ്ഞു ഞാൻ!
എൻ നിഴലിന്റെ പുറകിൽ മറഞ്ഞുനി-
ന്നെ,ന്തിനോ,നിന്നെ ഞാൻ കാത്തു പലപ്പൊഴും!
എങ്കിലും, നിന്നെ ഞാനത്രമാത്രം ഭജി-
ച്ചെങ്കിലും, വന്നില്ല, വന്നില്ലടുത്തു നീ!

പോയിക്കഴിഞ്ഞു, വസന്തഹേമന്തങ്ങൾ
പോയിക്കഴിഞ്ഞു, ഹാ, പുഷ്പനിലാവുകൾ!-
ഇത്തിമിരാപ്തവർഷാന്തനിശയിലോ,
കഷ്ടം, വരുന്നതെൻ പുൽക്കുടിലിങ്കൽ നീ?
ഏകാന്തതയുമിരുട്ടുമല്ലാതൊന്നു-
മേകാൻ നിനക്കില്ലിവിടെയിന്നോ,മനേ!
അല്ലിലൊറ്റയ്ക്കിങ്ങിരിക്കുകയാണു ഞാ-
നില്ലിങ്ങൊരു കൊച്ചു മൺവിളക്കെങ്കിലും
നിന്നെ,സ്സുശോഭനെ, മാമകജീവിത-
സ്പന്ദങ്ങളാൻ സ്വയം സ്വാഗതംചെയ് വു ഞാൻ!

[ 61 ]

ഒന്നുമില്ലെങ്കിലു, മേകുവാനുണ്ടെനി-
ക്കെന്നെ നിനക്കെൻ വിനീതോപഹാരമായ്!
മജ്ജീവിതത്തിലെസ്സർവ്വരഹസ്യവു-
മുജ്ജലത്തായ മൽസ്വപ്നസാമ്രാജ്യവും
മാമകഹർഷവിഷാദശതങ്ങളും,
ഹാ, മമ പ്രേമവും-എന്നുവേണ്ടൊ,ക്കെയും
ഞാനെന്നൊരൊന്നിലടക്കി , നിൻകാൽക്കൽവെ-
ച്ചാനന്ദദേ, വന്നെതിരേല്പൂ നിന്നെ ഞാൻ!
കണ്ണീരിൽ മുക്കി ഞാൻ കാഴ്ചവെച്ചീടുന്നൊ-
രെന്നുപഹാരമിതംഗീകരിക്ക നീ !

ആഗസ്റ്റ് , 1936