Jump to content

താൾ:Sangkalpakaanthi.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശുദ്ധരശ്മി

മഞ്ജരിതമായ്ത്തീർന്ന മച്ചിത്ത-
കുഞ്ജകത്തിനതിഥിയായ് ,
ഏതു ഗന്ധർവ്വഭൂവിൽനിന്നേവ-
മേകയായ്പ്പറന്നെത്തി നീ?
ഗാനലോലുപേ,നിന്മമോഹര-
പ്രാണഹർഷദാലാപനം
ഇത്രനാളും നുകർന്നിരുന്നതേ-
തർച്ചനീയവൃന്ദാവനം ?

ഭഗ്നമോഹശതങ്ങളാൽ, ദുഖ-
ലഗ്നമായ മജ്ജീവിതം,
മംഗളോന്മാദമാധുരികളിൽ
മുങ്ങിനില്ക്കുമാറങ്ങനെ,
അപ്രതീക്ഷിതേ, വന്നണിഞ്ഞിതൊ,-
രപ്സരസ്സിനെപ്പോലെ, നീ !

മഞ്ഞിൽ മുങ്ങിക്കുളിച്ച ഹേമന്ത-
മഞ്ജുചന്ദ്രികമാതിരി,
ഹന്ത, മന്മനം ഞാനറിഞ്ഞിടാ-
തെന്തിനേവം കവർന്നു നീ ?
നിർമ്മലേ, മമ ജീവനെന്തിനു
നിർവൃതിയിൽപ്പൊതിഞ്ഞു നീ ?

വിണ്ണിൽനീളെച്ചരിക്കയാണൊരു
പൊന്മുകിൽത്തേരിലേറി ഞാൻ ,
മന്ദിയാതെ നിനക്കൊരോമന-
ച്ചന്ദനത്തണൽതേടുവാൻ!
ലോലതാരകപ്പൂക്കളാലൊരു
മാല കോർക്കുകയാണു ഞാൻ ,
വാടിടാതെന്നും ഹാ, നിനക്കു നിൻ-
വാർകുഴൽക്കെട്ടിൽച്ചൂടുവാൻ !

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/62&oldid=169675" എന്ന താളിൽനിന്ന് ശേഖരിച്ചത്