ശ്രീബുദ്ധചരിതം/നാലാം കാണ്ഡം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീബുദ്ധചരിതം
രചന:എൻ. കുമാരനാശാൻ
നാലാം കാണ്ഡം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾഭൂരിസുകൃതനാം ശാക്യനരേന്ദ്രന്റെ-
യാരോമലുണ്ണി യഖിലലോകപ്രിയൻ

കാരുണ്യകല്ലോല ലോലാശയൻപൂർണ്ണ-
താരുണ്യഭംഗിതരംഗിതാംഗദ്യുതി

മാരവിജയി മഹാത്മാ മുനിവരൻ
വീരശിഖാമണി വിദ്വജ്ജനാഗ്രണി

പണ്ഡിതവിപ്രജനത്തിലുമജ്ഞരാം
ചണ്ഡാലരിലുമൊപ്പം സ്നേഹമേലുവോൻ

മണ്ണിൽ ജനിമൃതി ദുഃഖങ്ങൾ കണ്ടിട്ടു
കണ്ണൂനീർവാർക്കും കുമാരൻ ഗുണാകരൻ

വിണ്ണവർക്കും മനുഷ്യർക്കുമെന്നല്ലതിൻ-
വണ്ണം സകല ചരാചരങ്ങൾക്കുമേ

ദണ്ഡമകറ്റി നിർവാണമേകിടുവാ-
നെണ്ണിക്കരൾകാഞ്ഞു മാർഗ്ഗമാരായുവോൻ

ശ്രീമൽ ഭഗവാൻ വസിച്ചിതു വിശ്രമാ-
രാമസൗധങ്ങളിൽ പ(?)ന്നെയുമൊട്ടുനാൾ

ഭൂമിപാലേന്ദ്രകുമാരനവൻ സാർവ-
ഭൗമനായ്തീരുമല്ലെങ്കിലോ ഭിക്ഷുവായ്

പോമെന്നു ദൈവജ്ഞരോതിയ കാലവും
താമസിച്ചീല വിരവിലടുത്തിതു.

സത്വരം ലോകമനോഹരമായുള്ള
ചിത്തിരമാസമണഞ്ഞിതുഭംഗിയിൽ

ആഞ്ഞു തേന്മാവിന്റെ കൊമ്പു കുല‍കളാൽ
ചാഞ്ഞുപഴങ്ങൾ ചുവന്നു ചമഞ്ഞിതു

മഞ്ജൂവായ് ഞാവൽ മരങ്ങളിൽ കായ്നിര-
യഞ്ജനകാന്തി കവർന്നു തുടർന്നിതു

നല്ലോരിലഞ്ഞികൾ പൂത്തു മണം‌പേറി
മെല്ലെന്നു കാറ്റു ചരിച്ചിതു നീളവേ

ചട്ടറ്റചാരു പവിഴപ്രഭയാർന്നു
മൊട്ടശോകങ്ങളിലെങ്ങും നിരന്നിതു

നല്ല തങ്കത്താലിമാലപോൽ തൂങ്ങീതു
ഫുല്ലമാം പൂംകുല കൊന്നമരങ്ങളിൽ

മെത്തും മണമാർന്നു പുന്നയിൽ പൂന്നിര
മുത്തുതൻ ഗുച്ഛങ്ങൾപോലെ ശോഭിച്ചിതു

ദേവാലയങ്ങളിലുത്സവാഘോഷമായ്
ഭൂവുണങ്ങിപ്പൊടിപാറി സ്സുരഭിയായ്.

തോയാശയപ്രദേശങ്ങളെല്ലാം ജന-
ഭൂയിഷ്ഠമായ് പുരവാസികൾ നിത്യവും

സായാഹ്നമുദ്യാനഭാഗങ്ങളിൽ സ്വയ-
മായാസമാറ്റുവാൻ ചെന്നുമേളിക്കയാ‍യ്

ഇമ്മട്ടെഴുമസ്സമയത്തിൽ വന്നെത്തി
രമ്യമായപ്പുണ്യപൂർണ്ണമാം പൗർണ്ണമി.

അർക്കനും പോയ്പടിഞ്ഞാറേ ഗ്ഗിരിതടം
പുക്കു പഴുപ്പിച്ച പൊൻ‌കുടം‌പോൽ നിന്നു

അംബരദർപ്പണത്തിൽ കിഴക്കായതു
ബിംബിച്ചപോൽ നിന്നു പൂർണ്ണേന്ദുബിംബവും

എന്നല്ല സന്ധ്യയാം ത്രാസിന്റെ പൊൻ‌തട്ട-
മെന്നപോലർക്കേന്ദുമണ്ഡലം രണ്ടുമേ

നിന്നൂ നൊടിയളവൊപ്പം ദിനഭര-
ഖിന്നതയാലുടൻ താണിതു ഭാനുമാൻ;

മന്ദമന്ദം പിന്നെ യന്തരിക്ഷത്തിലേ-
ക്കിന്ദുബിംബം സ്വയം പൊങ്ങി ലഘുതയാൽ.

ദ്യോവായ ഗോവിൻ മഹാസ്തനമണ്ഡല
ഭാവത്തിൽനിന്നു പീയൂഷകിരണങ്ങൾ

ഭംഗിയിൽ പാൽകണക്കേ പ്രസരിപ്പിച്ചു
മംഗളമാക്കീ ദിഗന്തങ്ങൾ വെണ്മതി.

എങ്ങും പരന്നൊഴുകും പൂന്നിലാവിങ്കൽ
മുങ്ങിക്കൊഴുത്തു മിനുത്തൂ ധാരാതലം

ഗംഗാതരംഗം പരന്നു ധവളമാം
വംഗാംബുധിപോൽ വെളുത്തു സഭസ്ഥലം

തിങ്ങും നിലാവിൽ തെളിയാതെ താ‍രങ്ങൾ
തങ്ങി വെൺപൊയ്കയിൽ തൂംകുമുദങ്ങൾപോൽ.

പാരം വെളുത്തുപാലാഴിയിൽ പൊങ്ങിയ
ചാരുതിരുനിരപോലെയകലെയായ

കാണും ഹിമാലയ തുംഗശൃംഗങ്ങടെ
ചേണാർന്നകാന്തീപൂരങ്ങളിൽ ചെന്നുടൻ

ചന്ദ്രിക വീണു ചകചകധാവള്യ-
മിന്ദ്രിയമോഹനമുള്ളം ഹരിക്കയായ്

കേമമാം വെള്ളിക്കുടമിതിൽ ദേവകൾ
കാമസുരഭിതൻ പാൽ കറന്നിങ്ങനെ

സാമോദമീ ഹിമവാനിഗ്ഗിരിസാർവ-
ഭൗമനാക്കാനഭിഷേകം കഴിക്കയോ

സോമബിംബത്തിൽ നിന്നിഗ്ഗിരീന്ദ്രന്റെ മേൽ
തൂമഞ്ജുചന്ദ്രികാധോരണി വീഴ്കയോ

മന്ദമായപ്പർവ്വതാഗ്രത്തിൽനിന്നുടൻ
സ്പന്ദിച്ചെഴും സുഖസ്പർശമാം വായുവിൽ

ആടിമെല്ലെന്നഴകായ് വിശ്രമവന-
വാടിയിൽ വിസ്ഫുരിച്ചൂ വൃക്ഷരാജികൾ

കൗമുദിയിൽ കുളിരെക്കുളിച്ചൂഴിയാം
കോമളഗാത്രിയാൾ കോൾമയിർക്കൊണ്ടപോൽ

മോഹനപ്രാന്തപ്രദേശത്തിലൂടെയ-
വ്യാഹതമായ് തെളിഞ്ഞെന്നുമൊഴുകുന്ന

രോഹിണിയിൽതരംഗംപ്രതി സംസ്ഫുരി-
ച്ചാഹത! കാണായസംഖ്യം ഹിമാംശുക്കൾ

തുംഗതരുക്കൾ തന്മേലവയോടൊട്ടു
സംഗതനായ് വിണ്ണിൽ നിന്നു സുധാകരൻ

ഭംഗികോലും സ്ഫടികപ്രദീപം പോലെ
ശൃംഗാരരശ്മി ചൊരിഞ്ഞു; വിചിത്രമാം

അത്തൂവിളക്കിൻനിഴൽ മണ്ഡലം പോലെ
തത്തിനിന്നൂ ചുവട്ടിൽ തരുച്ഛായകൾ.

ഉച്ചമാം ഗോപുരങ്ങൾക്കുള്ളിലേ മണി-
മച്ചുകൾമേൽ വെണ്ണിലാവു പരക്കവേ

ഉജ്ജ്വലിക്കും വിവിധപ്രഭാപൂരത്തിൽ
മജ്ജനം ചെയ്തുനിന്നൂ ഹർമ്മ്യരാജികൾ

പാതിരാവായ് പ്രാണിവർഗ്ഗമെങ്ങും സുഖ-
മേദുരനിദ്രയിൽ വീണു; മായാവിനി

മോദിച്ചു ചന്ദ്രമുഖിയാം നിശ നിജ-
ചാതുര്യ്യമോർത്തു ചിരിക്കുന്ന പോലെയായ്

സ്വാതന്ത്ര്യമേറും ഗതിക്രമം കൈവെടി-
ഞ്ഞൂതാതെ നിന്നൂ ജഡമായ് സദാഗതി

മേദിനി നിശ്വാസമേലാതെ ദീർഘമാ-
മേതോ വിചാരത്തിൽ മുങ്ങിനിൽക്കും പോലെ

നിശ്ചലമായ് തരുഗുൽമാദി കേവലം
സ്വച്ഛന്ദമായ് കളിയാടി നിശ്ശബ്ദത

എന്നാൽ പുറത്തതിദൂരത്തു കേൾക്കായി
കുന്നിൽ കുറുനരി കൂട്ടുമഴുകുരൽ

സന്നപ്രതിഷ്ഠയാം ശാക്യനൃപലക്ഷ്മി
ഖിന്നയായ് ദൂരമണഞ്ഞു കേഴുന്നപോൽ

അന്തപ്പുരത്തിൽ മുത്തുശ്ശിപ്പികൾകൊണ്ടു
ചന്തമായ് ശില്പങ്ങൾ ചെയ്തു വിളങ്ങുന്ന

ഭിത്തികളും വെൺപളുങ്കുതറകളും
ശുദ്ധനിലാവിൽ തിളങ്ങി ലസിപ്പതും

നൃത്തഗീതാദി സുകുമാരകൃത്യങ്ങൾ
നിർത്തിത്തനിയേ മതിമങ്ങി നിദ്രയിൽ

ഉത്തമസ്ത്രീരത്നവൃന്ദമനങ്ങാതെ
തത്തൽസ്ഥലങ്ങളിൽ തങ്ങിശ്ശയിപ്പതും

കാണുകിൽ ദേവാംഗനാജനത്തിന്നുള്ള
ചേണാർന്ന വിശ്രമഭൂവിതെന്നോർത്തുപോം

സിദ്ധാർത്ഥരാജകുമാരൻ തിരുവടി-
യ്ക്കുൾത്താരിലുറ്റ വാത്സല്യനിധികളായ്

നിസ്തുല്യരൂപലാവണ്യഗുണം പൂണ്ട
നൽത്തേന്മൊഴികളെല്ലാമങ്ങു കാണായി

ശാന്തമധുരമാം നിദ്രയിൽ നിശ്ചല-
കാന്തി, നിലാവിലാമ്പൽപൂ കണക്കാർന്നു

ശോഭിക്കുമോരോരു തന്വിയും കാൺകി-
ലാഭയാൽ സ്ത്രീമൗക്തികമെന്നു തോന്നുമേ

എന്നാലതിന്നപ്പുറത്തു ശയിക്കുന്ന
സുന്ദരിയാകുന്നു സർവ്വമനോഹരി

അങ്ങേപ്പുറത്തു കിടപ്പവൾക്കൊപ്പമാ-
യെങ്ങുമില്ലാരുമവളത്ര സുന്ദരി

ഇങ്ങനെ മെച്ചമേറും നാരിമാരുടെ-
യംഗലാവണ്യപൂരങ്ങളിൽ സാന്ദ്രമായ്

മുങ്ങിയോരോന്നിലും നീന്തിയടുത്തതിൽ
തങ്ങിയതുവിട്ടടുത്തതിലാഞ്ഞെത്തി

ഇപ്രകാരം ചതുരൻ ശില്പി നിർമ്മിച്ചു
സുപ്രകാശം പൂണ്ട രത്നങ്ങൾ മിന്നുന്ന

മാലയിൽപോലെ മേന്മേൽ കാന്തി കണ്ടു ക
ണ്ടാലസ്യമായ് കണ്ണു മങ്ങി മയങ്ങുമേ,

കുട്ടിമാൻകണ്ണിമാർ നാണവും കൂസലും
വിട്ടുകിടന്നുറങ്ങുന്നിതു ഭംഗിയിൽ

കെട്ടൊട്ടയഞ്ഞുമഴിഞ്ഞുമിഴിഞ്ഞുമ-
പ്പട്ടുപൂഞ്ചേല ചിന്നിക്കൊണ്ടു കാണുന്നു

ചുട്ടതങ്കം പോലൊളിപെടും പൂമൈക-
ളൊട്ടുഭാഗം മറഞ്ഞും മറയാതെയും

വണ്ടാർകുഴലിമാർ വാർകൂന്തൽ വാർന്നിട്ടു
കൊണ്ടകെട്ടിപ്പിന്നിലിട്ടു ചിലരതിൽ

പൂണ്ടിരിക്കുന്നു മുടിപ്പൊന്നുകൾ മണം
പൂണ്ടപൂമാല ചിലരാർന്നിരിക്കുന്നു

നീളമേറും കാർകുഴൽ ചിലർക്കഗ്ഗള
നാളത്തിനു കീഴ്ന്നിടന്നടിയുന്നിതു

കാളിന്ദിതൻകയത്തിങ്കലിളകീടു-
മോളം കണക്കെയിരുണ്ടുനീണ്ടങ്ങനെ

പാടിയും വിണ്ണിൽ പറന്നുമിണകളായ്
കൂടിമേളിച്ചും പകൽ പോക്കിയന്തിയിൽ

വാടിച്ചിറകുകൾകൂട്ടി മുഖം താഴ്ത്തി
യാടൽകൂടാതുള്ള ചേക്കുമരങ്ങളിൽ

പക്ഷികൾപോലെ വിലാസങ്ങളാൽ തളർ-
ന്നക്ഷികൾ പൂട്ടിയുറങ്ങുന്നിതിങ്ങിവർ

ഉള്ളിലുണ്ടങ്ങു തൂങ്ങുന്നു മിനുങ്ങുന്ന
വെള്ളിത്തുടലാർന്ന വെള്ളിവിളക്കുകൾ

ചട്ടറ്റ ഗന്ധതൈലം വാർത്തതുകളിൽ-
പ്പട്ടുതിരിയിലെരിയുന്നു ദീപങ്ങൾ

തന്മോഹനപ്രഭ പൂന്നിലാവിൽ ചേർന്നു
സൗമ്യതരമായ് പ്രകാശവും ഛായയും

അമ്മഞ്ജുളാംഗിമാർമേൽ വീണവയവ-
രമ്യതയെല്ലാം തെളിച്ചുകാട്ടീടുന്നു,

കാന്തമാർക്കുന്നതമാറുകൾ വീർപ്പിനാൽ
ശാന്തമായ് പൊങ്ങിയും താണും വിലസുന്നു

ലോലങ്ങളായ വിരലുകളിൻ ചാരു
മൈലാഞ്ചിയാർന്ന മനോജ്ഞകരാബ്ജങ്ങൾ

മാറോടണച്ചിരിക്കുന്നു ചിലരൊട്ടു
മാറിച്ചിലർക്കു പാർശ്വങ്ങളിൽ തങ്ങുന്നു,

സ്വർണ്ണാഭയാർന്നും വെളുത്തും തുടുത്തുമ-
പെണ്ണുങ്ങൾ തന്നഴകേറും മുഖാബ്ജങ്ങൾ

വർണ്ണപ്പളുങ്കു തളങ്ങളിൽ ബിംബിച്ച
പൂർണ്ണേന്ദുബിംബങ്ങൾ പോലെ വിളങ്ങുന്നു.

സീമന്തരേഖയ്ക്കു കീഴിരുപാർശ്വവു-
മോമൽകുറുനിര ചിന്നിയ നെറ്റിയും

കോമളമായ് കൊച്ചുവില്ലുപോൽ വക്രമായ്
ശ്യാമളമായ പുരികക്കൊടികളും

ചാഞ്ഞുഞെരുങ്ങിയിരുണ്ടു കവിളിലേ-
ക്കാഞ്ഞുപതിഞ്ഞ നെടുംകണ്ണിമകളും

ചാരുപനിനീർമലർപോൽ ചുവന്നു ന-
ല്ലാരോമലാഭയെഴും കപോലങ്ങളും

നീണ്ടുപൊങ്ങി ക്രമത്താലഗ്രമൊട്ടഴ-
കാണ്ടു കുനിഞ്ഞു കൂർത്തുള്ളൊരു നാസയും

ചെന്തളിർപോലെ തുടുത്തുമിനുത്തതി
ചന്തത്തിൽ വേർപെട്ട ചുണ്ടിൻപുടങ്ങളും

കോർത്തുകഴുകിവച്ചുള്ളൊരുമുത്തുകൾ-
ക്കാർത്തിനൽകും ചെറുദന്തനിരകളും

അംഗമോരോന്നുമീവണ്ണമകൃത്രിമ-
ഭംഗികലർന്നുശോഭിക്കുന്നു നിദ്രയിൽ

തങ്കവളകൾ കിലുങ്ങുന്നിതച്ചെറു-
മങ്കമാർക്കോമനക്കൈത്തണ്ടുരണ്ടിലും

കിങ്കിണിതൂങ്ങുന്ന കാഞ്ചനനൂപുരം
പൊങ്കഴൽക്കാമ്പിനെ പൂണുന്നു ഭംഗിയിൽ

വല്ല മനോജ്ഞമാം സ്വപ്നവും കണ്ടുള്ളി-
ലുല്ലാസവിഭ്രമമോലുമൊരുത്തിക്കു

തെല്ലുറക്കത്തിലുടലനങ്ങീടില
ച്ചെല്ലവളയും തളയും കിലുങ്ങുന്നു

ചേർക്കുന്നു പാരമാനന്ദം ചെവിക്കുട-
നാർക്കുമച്ചാരുകളമധുരധ്വനി

ചുണ്ടിൽ ചെറുചിരിച്ഛായ പരക്കുന്ന-
തുണ്ടിവരിൽ ചില പെൺകൊടിമാർക്കഹോ.

കുണ്ഠതവിട്ടവർ കൗതൂഹലം പൂണ്ടു
കണ്ടിടുന്നുണ്ടാം കിനാവുകൾ നിർണ്ണയം

ആട്ടത്തിലേകയമാനുഷവൈഭവം
കാട്ടി മെച്ചം നേടിയെന്നാം കിനാവിതിൽ

പാട്ടിലൊരുത്തി ജയിച്ചു ജയക്കൊടി
നാട്ടിയെന്നായ് വരാം നാകലോകത്തിലും

വാണീഭഗവതിക്കൊപ്പം വിരുതാർന്നു
വീണവായിച്ചിങ്ങൊരു വനിതാമണി

വൈണികവർഗ്ഗത്തിനൊക്കെയകക്കാമ്പിൽ
നാണമാമ്മാറു ജയം നേടിയെന്നുമാം

പിന്നെയിന്നിദ്രയിൽ വേറൊരു പൂവേണി
മന്നിൽ നിന്നാകാശമേറി നടന്നുപോയ്

ധന്യമാം ചൈത്രരഥാരാമഭൂമിയിൽ
കിന്നരരോടൊത്തു കേളിയായെന്നുമാം

ഛന്ദാനുകൂലമപര വിണ്ണേറിയ-
മ്മന്ദാരപുഷ്പമണം വാർത്തു വായുവിൽ

നന്ദനോദ്യാനത്തിലെത്തിയങ്ങപ്സരോ-
വൃന്ദത്തിനേറ്റം പ്രിയയാമതിഥിയായ്

വൃന്ദാരകേന്ദ്രസഭയിലണഞ്ഞഭി-
നന്ദനം നേടിയെന്നാവാം കലകളിൽ

ദിവ്യഗുണനിധിയാം കാന്തനോടൊത്തു
ഭവ്യപ്രണയസല്ലാപസുധാരസം

അവ്യാഹതം നുകർന്നേകാന്തമാർന്നൊരു
നവ്യപയോധരവേണി നിന്നെന്നുമാം.

കാമുകനുള്ളലിഞ്ഞേകിയോരോമന
പ്രേമനിബന്ധനമാം പാരിതോഷികം

രോമാഞ്ചമേകുമമ്പാർന്നു വീക്ഷിച്ചൊരു
പൂമഞ്ജുമേനി രസിച്ചിരുന്നെന്നുമാം

ആയതുപോട്ടെ ശയിക്കുന്നതുണ്ടിങ്ങൊ-
രായതനേത്രയാൾ നീണ്ടുനിവർന്നിതാ

ചേണാർന്നടുത്തു സഖിപോൽ കിടക്കുമീ
വീണയെച്ചുംബിക്കുമാസ്യപരമത്തൊടും

തന്ത്രികളിൽതന്നെ തങ്ങും മൃദുവിരൽ
ചെന്തളിർമഞ്ജരിയോടും തളമിതിൽ

ചന്തമേറും ഭഗവാന്റെ തിരുമിഴി-
ച്ചെന്താമര നിദ്ര പൂണുവാൻ വീണയിൽ

പന്തിയായ് പെൺകൊടിയാളിവൾ വായിച്ചൊ-
രന്തഃകരണമലിക്കുന്ന പാട്ടിന്റെ

അന്തിമരാഗഗതിയിൽ സ്വയമിവൾ
സ്വന്തമിഴികളടഞ്ഞുറങ്ങുന്നതാം.

ഒട്ടൊട്ടുകൊമ്പുമുളച്ചൊരിളയമാൻ-
കുട്ടിയെ മറ്റൊരു കുട്ടിമാൻകണ്ണിയാൾ

ഇഷ്ടമാമ്മാറു മാറോടണച്ചങ്ങനെ
കെട്ടിപ്പിടിച്ചുകിടന്നുറങ്ങുന്നിതു

അമ്പാർന്നവരിരുപേരുമുറങ്ങിടു-
മ്മുമ്പു തന്മാൻകിടാവിന്നീമനോഹരി

ചെമ്പരത്തിപ്പൂവിറുത്തു തിന്മാനനു-
കമ്പകലർന്നുകൊടുത്തിരുന്നൂ ദൃഢം

പുള്ളിമാൻ പാതികടിച്ച പൂവൊന്നിവൾ
നുള്ളിപ്പിടിച്ചിരിക്കുന്നു കൈത്താരിനാൽ

ഉള്ളിലിതളുമടങ്ങിയപ്പൂതന്നെ
തള്ളിയിരിക്കുന്നു ചുണ്ടിൽ മാൻകുട്ടിയ്ക്കും

പ്രാണപ്രിയതോഴിമാരിരുപേരിതാ
വീണുകിടന്നുറങ്ങുന്നു മനോജ്ഞമാർ

ക്ഷോണീതലത്തിൽ പിണഞ്ഞുതങ്ങും രണ്ടു
ചേണാർന്ന ചമ്പകമാലകൾ പോലവേ

പൊന്നിലഞ്ഞിപ്പൂമുകുളമിറുത്തിവർ
മുന്നിലേറെശ്ശേഖരിച്ചിരിക്കുന്നിതു

എന്നല്ല പപ്പാതികെട്ടിയ മാലയു-
മൊന്നുണ്ടു കൈത്താരിലൊപ്പമിരുവർക്കും

ഈവിധം മാലകെട്ടുമ്പോതു നിദ്രയാൽ
വൈവശ്യമാർന്നറിയാതെ കിടന്നഹോ!

പൂവിൽ തലവെച്ചുറങ്ങിയ തോഴിതൻ-
പൂവൽമെയ് മേൽ വീണുറങ്ങുന്നു മറ്റവൾ

നാനാമനോജ്ഞരത്നങ്ങളാൽ മറ്റൊരു
മീനായതാക്ഷി ഹാരം ചമച്ചീടുവാൻ

ഊനമകന്നു മണികൾ കോർക്കുമ്പോതു
താനേ മയങ്ങിക്കിടന്നുറങ്ങുന്നിതാ

വൈരം മരതകം മാണിക്യമെന്നല്ല
ചാരുനീലം പുഷ്യരാഗമിത്യാദിയായ്

ഓരോ വിലയാർന്ന കല്ലുകൾ കൈത്താരിൽ
വാരിപ്പിടിച്ചിരിക്കുന്നു വാർകേശിയാൾ

അച്ചാരുരത്നപ്രഭകൾ ചേർന്നങ്ങൊരു
കൊച്ചോമനമഴവില്ലായതുതന്നെ

കണ്ടാൽ കുതൂഹലമാമ്മാറവൾക്കു കൈ
ത്തണ്ടോളമെത്തി വളയായ് വിലസുന്നു

അപ്പൂവനത്തിന്നടുത്തു ഹിമമലി-
ഞ്ഞെപ്പൊഴും ശുദ്ധജലം തിങ്ങിയോടുന്ന

രോഹിണിതാൻ തന്നൊഴുക്കിന്നൊലിയായ
മോഹനത്താരാട്ടിനാൽ വളർത്തമ്മപോൽ

സ്നേഹം കലർന്നിശ്ശിശുപരിപാലന-
ഗേഹത്തിലിമ്മട്ടിവരെയുറക്കുന്ന

ചിത്രങ്ങളാം രത്നകംബളങ്ങൾക്കുമേ-
ലെത്ര മനോജ്ഞം ശയിക്കുന്നു കാന്തമാർ

പൂത്തെഴും പുൽത്തറയിൽ പനിനീർച്ചെടി-
ച്ചാർത്തിലിതളുകൾ പൂട്ടിയർക്കോദയം

പാർത്തഹസ്സിൽ ഭൂഷണമായ് വിടരുവാൻ
രാത്രി നയിക്കുന്ന മൊട്ടുകളോയിവർ

മംഗലമൂർത്തിസിദ്ധാർത്ഥദേവന്റെയി-
ശ്ശൃംഗാരമന്ദിരത്തിൽ ശ്രീമയമായ

പള്ളിയറയ്ക്കുമുമ്പിൽ പരിശോഭിക്കു-
മുള്ളിലെശ്ശാലയാണിമ്മനോജ്ഞസ്ഥലം

ചന്തമായക്കക്ഷ്യരണ്ടുമായ് സന്ധിക്കു-
മന്തരാളത്തിൽ യവനിക തൂങ്ങുന്നു

അങ്ങോട്ടടുത്തു മനോജ്ഞമഞ്ചങ്ങളിൽ
തങ്ങിയത്തോഴീജനമുഖ്യമാരായ

ഗംഗയും ഗൗതമിയും ശയിച്ചിടുന്നി-
തംഗലാവണ്യത്തിലാരെയും താഴ്ത്തുവോർ

പാടലനീലനിറത്തിൽ ബഹുചിത്ര-
മോടികലർന്നെഴും ശീല ഞൊറിഞ്ഞിട്ടു

ധാടിയിൽ തൂങ്ങും യവനികയിൽ തങ്ക-
നാടകളും നല്ല പട്ടുനൂൽതൊങ്ങലും

തുന്നിപ്പിടിപ്പിച്ചിരിക്കുന്നു വക്കിൽ ന-
ല്പൊന്നിൻ കസവുനൂൽ കൊണ്ടു വിചിത്രമായ്

അത്തിരശ്ശീല നീക്കിക്കളഞ്ഞാലാർക്കു-
മുൾത്താരിലാശ്ചര്യ്യമാമ്മാറകത്തുള്ള

മന്ദിരത്തിൽ മണമാർന്നു മനോജ്ഞമാം
ചന്ദനത്തൂമ്പടിയാർന്ന കവാടമായ്;

അക്കവാടത്തൂടെയുള്ളോട്ടു മൂന്നടി
വയ്ക്കുമ്പൊഴങ്ങു വിവിധ രത്നപ്രഭാ-

പുഞ്ജം പരന്നിട്ടു പൂത്തുനിൽക്കും ലതാ-
കുഞ്ജം കണക്കെ കാണുന്നൂ മണിയറ

ശുദ്ധധവളശിലയാൽ പണിചെയ്തൊ-
രർദ്ധഗോളാകാരമാമതിൻ മേൽപ്പുര

മുറ്റും വിശാലമായ് കാലുകൂടാത്ത വെൺ-
കൊറ്റക്കുടപോലെ വൃത്തമായ് മിന്നുന്നു.

ചുറ്റും പലനിറത്തിൽ സ്ഫടികച്ചില്ലു
പറ്റിച്ചതിൽ തന്നെ കൊത്തിയിരിക്കുന്നു

താമരപ്പൂവുംകിളികളുമങ്ങങ്ങു
കോമളപ്പൂങ്കുലയാർന്ന ലതകളും

ഭിത്തികൾ ശുദ്ധലങ്കാസമുദ്രത്തിലെ
മുത്തണിശ്ശിപ്പി പതിച്ചു തിളങ്ങുന്ന

ചുറ്റും മനോജ്ഞമാം പൊന്നഴി പൂണ്ടഴ-
കുറ്റ വാതായനപംക്തികളോടുമേ

സ്വച്ഛമായ് താഴെത്തളത്തിൽ കസവാർന്നു
മെച്ചമാം പട്ടുവിരിപ്പിട്ടിരിക്കുന്നു

പിച്ചകപ്പൂമെത്തയിൽപോൽ സുഖമായു-
മൊച്ചകൂടാതെയും വയ്ക്കാം പദമതിൽ

വെള്ള വെണ്ണക്കല്ലുകൊണ്ടതിൻ മദ്ധ്യത്തി-
ലുള്ളൊരുയർന്ന തളത്തിൽ വിലസുന്നു

ഉള്ളമൊന്നായ് ദമ്പതിമാർ ശയിക്കുന്ന
പള്ളിമഞ്ചം രത്നകാഞ്ചനഭാസുരം

പൂന്നിലാവും കുളിർകാറ്റും മലർമണം
ചേർന്നമ്മണിയറയ്ക്കുള്ളിൽ മധുരമായ്

സഞ്ചരിച്ചൂ തുറന്നുള്ള വാതായന
സഞ്ചയത്തൂടെയേതും തടവെന്നിയേ.

അംഗസൗരഭ്യസുഷമകളാൽ ഗർവ്വ-
ഭംഗമപ്പൂങ്കാറ്റിനും പൂന്നിലാവിനും

സംഗമിപ്പിച്ചു സിദ്ധാർത്ഥകുമാരനു-
മംഗനാമൗലി യശോധരാദേവിയും

ഭംഗിയിൽ പള്ളിയുറങ്ങിയിരുന്നിത-
ശ്ശൃംഗാരശയ്യാഗൃഹമണിമഞ്ചത്തിൽ

പെട്ടെന്നുടനെയപ്പെൺകൊടിയാൽ മൃദു-
പട്ടുകിടക്കയിൽ നിന്നു സസംഭ്രമം

ഒട്ടുപൂർവ്വാംഗമിളക്കിയരവരെ-
പ്പട്ടുത്തരച്ഛദം വീണടിഞ്ഞും സ്വയം

തൂമലർവാർമുടി ചിന്നിയും തെല്ലു തൻ-
സോമാനനം പൊക്കിനാ, ളൊരു പെൺപക്ഷി

കോമളമായ കുലായഗർഭത്തിൽ നി-
ന്നോമനത്തൂവൽ കുടഞ്ഞുണരുന്നപോൽ.- Page 136 -
ഭോഗസമൃദ്ധി തികഞ്ഞകാലത്തുതാൻ
രംഗമൊഴിഞ്ഞു സമസ്തം വെടിഞ്ഞുടൻ
ഏകാന്തദുഃഖനിർവാണമന്വേഷിച്ചു
പോകുന്നിതായീ ഭുവനമെല്ലാം മൂടി-
യാകവേ വ്യാപിച്ചൊരന്ധകാരം നീക്കി-
യേകബേധാർക്കനുദിക്കുന്ന ദിക്കിൽ ഞാൻ.
ഇങ്ങനെയുൾക്കാമ്പലിഞ്ഞു താനേയോതി-
യെങ്ങും സഖിമാരുറങ്ങിക്കിടക്കുന്ന
രംഗമദ്ധ്യത്തൂടെ മെല്ലെന്നടിവച്ചു
മംഗലമൂർത്തി കടന്നുപോയീടിനാൻ.
കൊട്ടാരവാതിൽകഴിയും ഭഗവാനെ-
ന്നിട്ടങ്ങുനിന്നാർദ്രതാരനേത്രങ്ങളാൽ
സ്പഷ്ടമാമമ്പാർന്നുനോക്കി നെടുവീർപ്പു-
മിട്ടു വിഭാതാഗമമന്ദവായുവാൽ
നാനാനിറമാർന്ന പുഷ്പപാത്രങ്ങളിൽ
താനേ നിറഞ്ഞ സുഗന്ധങ്ങൾ നീളവേ
തമ്പുരാൻ കാൽനടയായെഴുന്നള്ളവേ-
യമ്പോടു തൂവിനിന്നൂ മലർവാടിയും
ജാതമായ്ത്തെല്ലൊരിളക്കം ധരണിയിൽ
സേതുതുടങ്ങി ഹിമാചലത്തോളവും
ചേതസ്സിലാനന്ദമുൾക്കൊണ്ടു ഭാരത-
മാതാവിനു മെയ് ഞടുങ്ങിയപോലവേ
എന്നല്ല ദേവകൾ വന്നു വിണ്ണിൽ തങ്ങി
നിന്നുടൻ നൃത്തഗീതാദി തുടർന്നിതു
മിന്നുമവരുടെയംഗപ്രഭകളാൽ-
തന്നെയാവാം രാവിരുട്ടിയലാഞ്ഞതും.
ആകുലാത്മാവായ് കൃപാനിധി കണ്ണുനീർ‌-
തൂകി മിഴികളടച്ചധരംപൂട്ടി
ആകാശവീഥിയിൽ താരങ്ങളെ നോക്കി-
യേകാന്തചിന്തയിൽ മുങ്ങിനിന്നൂ ക്ഷണം.

- Page 137 -
ലോകപാലന്മാരുമങ്ങൈത്തിയൊക്കെയാ-
ലോകനംചെയ്തു സന്തുഷ്ടരായ്‌ നിന്നുപോൽ
പിന്നെ ഝടിതി നടന്നു ദുർഗ്ഗദ്വാര-
സന്നിധിയോളം തരുച്ഛായയുടെ പോയ്‌
ചെന്നു രഥപ്പുര പുക്കുടൻ മന്ദമായ്
ഛന്ദനെ മൂന്നുവട്ടം വിളിച്ചാൽ വിഭു
മെല്ലേ മിഴികൾ തിരുമ്മി വിളികേട്ടു
വല്ലാതെ വൈവശ്യമാർന്നണഞ്ഞീടുന്ന
കല്യനാമസ്സാരഥിയോടുടൻ സ്വാമി
ചൊല്ലിനാൻ കാന്തകത്തെസ്സജ്ജമാക്കുവാൻ
"എന്തിന്നൊരുമ്പെടുന്നോ നൃപനന്ദന!
നിന്തിരുമേനിയിപ്പോളറിഞ്ഞീല ഞാൻ
ബന്ധമെന്തിപ്പോളെഴുന്നള്ളുവാൻ പത്മ-
ബന്ധുവുദിച്ചതില്ലല്ലോ മഹാമതേ!
സന്ധിച്ചു നീണ്ട തരുച്ഛിയകൊണ്ടെങ്ങു
മന്ധകാരാവൃതമല്ലോ വഴികളും"
എന്നു സൂതൻ ചൊല്ലവേ തൻ തിരുവടി
ചൊന്നാനുറക്കെയോതീടായ്ക സാരഥേ!
ഇന്നു ഞാൻ സർവ്വമുപേക്ഷിച്ചുപോകുന്നു
വന്നിതു ദൈവജ്ഞർ ചൊന്ന കാലം സഖേ!
ഇന്നിയീ രമ്യഭവനത്തിൽ വാഴില്ല
പൊന്നണിക്കൂട്ടിലെപ്പൈങ്കിളിപോലെ ഞാൻ
എന്നുടെമൂലമായ്‌ ജീവലോകത്തിനു
ഖിന്നത നീങ്ങി നിർവാണമുണ്ടാകുവാൻ
ധന്യമാം മാർഗ്ഗമന്വേഷിച്ചു പോകുന്നു
മന്നിലെസൗഖ്യങ്ങളെല്ലാം വെടിഞ്ഞു ഞാൻ
കുണ്ഠത വേണ്ട പോയ്‌ സജ്ജമാക്കീ ദ്രുതം
കൊണ്ടുവന്നീടുക കാന്തകത്തെബ്‌ഭവാൻ
കണ്ടുകൂടായെന്നെയാരും ജനമുണർ‌-
ന്നിണ്ടൽതേടുംമുമ്പു പോയ്മറഞ്ഞീടണം.

- Page 138 -
കഷ്ടമെന്തിന്നരുൾചെയ്യുന്നിതു ഭാഗ്യ-
ദൃഷ്ടമാം ശാക്യകുലദീപമേ! ഭവാൻ?
ശിഷ്ടരാകും ദീർഘദർശികൾ കണ്ടുള്ള
ദിഷ്ടമെല്ലാമങ്ങു പാഴിലാക്കുന്നുവോ?
പ്രാജ്യപരാക്രമംകൊണ്ടു ഭവാൻ സർവ്വ-
രാജ്യങ്ങളും കീഴടക്കിഭരിച്ചീടും
പൂജ്യമാമൈകാധിപത്യം ധരയിലാർ‌-
ന്നൂർജ്ജസ്വലമായ സൽകീർത്തി നാട്ടിടും
എന്നൊക്കെയല്ലോ പ്രതീക്ഷ ഞങ്ങൾക്കൊക്കെ-
യിന്നതെല്ലാം മറിച്ചായിതോ ദൈവമേ!
കയ്യിലിരിക്കുമിബ്‌ഭോഗമെല്ലാം കള
ഞ്ഞയ്യോ ഭവാനിരപ്പോടുമെടുത്തിനി
പയ്യെഴുമ്പോൾ പിച്ചതെണ്ടുവാൻ പോകയോ!
വയ്യേ! വിചാരിപ്പതിന്നുമതേതുമേ
ഇഷ്ടജനം നിറഞ്ഞിന്ദ്രഗേഹംപോലെ
പുഷ്പസുഖദമാമീ വിശ്രമവനം
തുഷ്ടിയോടും വിട്ടൊരുതുണ കൂടാതെ
കഷ്ടമേയങ്ങുന്നു കാനനം പൂകയോ?
എന്നൊക്കെയാർത്തികലർന്നു ചോദിക്കുന്ന
തന്നിഷ്ടസാരഥിയോടു ചൊന്നാൻ വിഭു:
"ഛന്ദ! പരമാർത്ഥമോതുവൻ ഞാനിങ്ങു
മന്നവവംശത്തിൽ വന്നു ജനിക്കിലും
എന്നുടെ ജീവിതോദ്ദേശ്യമീ നശ്യമാം
മന്നിടം പാലിപ്പതല്ലെന്നറിക നീ
ഉർവിതന്നൈകാധിപത്യത്തിനെന്നല്ല
സർവ്വലോകാധിപത്യത്തിനും മേലായി
നിർവേദമാർന്ന മഹാന്മാർ കൊതിക്കുന്ന
നിർവ്വാണസാമ്രാജ്യമാണല്ലോ തിരവു ഞാൻ
ഭൂവിലെബ്‌ഭോഗങ്ങളൊക്കെയും കാമ്യമാം
യൗവനംകൂടിയും നിത്യമല്ലെന്നതും

- Page 139 -
ജീവിതത്തെത്താൻ വെടിഞ്ഞിങ്ങു ജന്തുക്കൾ
ചാവുന്നതുമറിയുന്നതല്ലോ ഭവാൻ
എന്തിനേറെപ്പറയുന്നു സഖേ! പോക
കാന്തകത്തെ ദ്രുതം കൊണ്ടുവന്നീടുക
ഇങ്ങനെ ചൊന്നതുകേട്ടു മനതളിർ
മങ്ങിയസ്സാരഥി വീണ്ടുമോതീടിനാൻ:
ഹന്ത! കൃപാനിധേ! വൃദ്ധനാം മന്നവൻ-
തന്തിരുവുള്ളമെന്തെന്നറിയേണ്ടയോ?
സന്താപസാഗരത്തിങ്കലകാണ്ഡത്തി-
ലുന്തിയിട്ടിന്നിയുറ്റവരെബ്‌ഭവാൻ
എന്തുപായത്താൽ കരയേറ്റുമായതു
ചീന്തിയാതുള്ള സംരംഭമുചിതമോ?"
"കേൾക്ക സഖേ! സ്വാർത്ഥമാം സുഖം കാമിച്ചു
വായ്ക്കും പ്രിയതമയൊന്നും സ്നേഹമല്ലതാൻ
ഉൾക്കാമ്പിലമ്മാതിരിസ്നേഹമുൾക്കൊണ്ടു
ദുഃഖപ്പവക്കാർത്തി തങ്ങളെച്ചൊല്ലിയാം
ഞാനോ മറിച്ചെൻ സ്വജനത്തിനെന്നല്ല
മാനവർക്കും വാനവർക്കുമെല്ലാർക്കുമേ
ദീനത നീക്കാനുപായമോർത്തിങ്ങനെ
ദുനഹൃദയനായ് ലോകം വെടികയാം
മൽസുഖത്തെക്കാളവരുടെ സൗഖ്യത്തെ
വത്സലമാമെൻ ഹൃദയം കൊതിക്കയാൽ
ഉൽസുകനായ് നിഷ്ക്രമിക്കയാം ഞാൻ ദ്രുതം
മത്സാരഥേ! കാന്തകത്തെ വരുത്തുക.
അത്യരം രാജ്യം കടന്നു പോയീടണം
പ്രത്യുഷസ്സിന്നുമുമ്പില്ല ഭേദം സഖേ!
അത്വരയേറീടുമെൻ ഹയത്തെച്ചെന്നു
സത്വരം കൊണ്ടുവന്നീടുക പോകനീ

- Page 140 -
ഇത്തരം നിർബന്ധപൂർവമാം വാക്കുകേ-
ട്ടുത്തരം തോന്നാതെ കുമ്പിട്ടു സൂതനും
ഉത്തരളാശയനായ്‌പോയി ലായത്തി
ലുത്തുരംഗത്തെയുടനാനയിക്കുവാൻ
പിന്നെയവൻ തിരുമ്മി ദ്രുതമശ്വത്തെ
മിന്നുന്നൊരോമൽവെള്ളിക്കടിഞ്ഞാണിട്ടു
പൊന്നണിക്കോപ്പും വിരിപ്പുമണിയിച്ചു
സന്നദ്ധയാക്കിയഴിച്ചു തെളിച്ചിതു
ള്ളോർന്നു കാന്തകം ഗംഗയിൽ പൊങ്ങുന്ന
വെള്ളത്തിരപോലെ കേസരപുച്ഛങ്ങൾ
തുള്ളിച്ചണഞ്ഞിതതുകണ്ടു ദേവനു-
മുള്ളിലൗൽസുക്യമൊതുങ്ങാതെയായിതു
വന്നു തൻ സ്വാമിയരമനവാതുക്കൽ
നിന്നരുളുന്നതു ദൂരത്തു കണ്ടഹോ!
തോഷാകുലമായുടൻ കാന്തകം നിജ-
ഹേഷാരവത്താൽ ജയാശംസചെയ്തിതു
താമരപ്പൂപോൽ ചുവന്ന നാസാപുട-
സീമകാട്ടിത്തല വക്രിച്ചുപൊക്കിയും
ഭീമമായ് ലാടമിയന്ന കുളമ്പുകൾ
ഭൂമിയിൽ കുത്തി മെതിച്ചൊലികൂട്ടിയും
ആമോദഗർവ്വഭരിതനായ് കാന്തകം
സ്വാമിതൻ സന്നിധി പൂകിനാൻ തൽക്ഷണം
കോമളമാം കരാബ്ജം പൊക്കി മന്ദമ-
ശ്രീമാനതിൻ നെറ്റിയിൽ തട്ടി നിർത്തിനാൻ
ആരവം വാജി കൂട്ടുന്നതു കേട്ടുമ-
ങ്ങാരുമുണർന്നീലതാശ്ചര്യമല്ലതാൻ
വിണ്ണവർ പൊത്തിയിരുന്നിതവരുടെ
കണ്ണും ചെവിയും കരപല്ലവങ്ങളാൽ
തമ്പുരാൻ കൂറാൽ പിടിച്ചക്കുതിരതൻ
വമ്പിയലും തല മെല്ലെക്കുനിച്ചുടൻ

- Page 141 -
വെൺപ്രഭയാർന്ന രോമസ്നിഗ്ദ്ധമാം കഴു-
ത്തമ്പിൽ തലോടിയലിഞ്ഞരുൾചെയ്തിതു.
"നില്ക്കനില്ക്കെൻ പ്രിയകാന്തക, ശാന്തമായ്‌
നില്ക്ക ചെറുതു ഞാൻ ചൊൽവതു കേൾക്ക നീ
ഇക്കുറിയെന്റെ യാത്രക്കുള്ള ദൈർഖ്യവും
മുഖ്യതയും നീയറിയുന്ന്തായ്‌വരാ
ലോകത്തിനു ദുഃഖനിർവാണമാരാഞ്ഞു
പോകുന്നു ഞാനതങ്ങൈന്നറിയായ്‌കിലും
ചാകുമിജ്ജീവികളെക്കണ്ടു സന്തതം
മാഴ്കുമെൻചിത്തം നയിക്കും വഴിക്കു കേൾ
നേരോതുവനതു കണ്ടുകിട്ടാതിനി-
പ്പോരാ മടങ്ങി ഞാനിങ്ങൈന്നറിക നീ
ആരുമേ പാരിതിൽ ചെയ്തിരിക്കില്ലിത്ര
ദൂരസഞ്ചാരം കുതിരമേലെങ്കിലും
ധീരനായെന്നെ വഹിക്കണം നീ, വരും
ചാരിതാർത്ഥ്യം നിനക്കും ഹയരത്നമേ!
മാനവന്മാർക്കും സുരന്മാർക്കുമെന്നല്ല
മാനസ, കായിക, ദുഃഖജാലങ്ങളാൽ
ദൂനരാംപ്രാണികൾക്കെല്ലാറ്റിനും ബുദ്ധി-
ഹീനമാം ജീവജാലത്തിനുകൂടിയും
ദീനതനീക്കി നിർവാണമേകീടുവാൻ
ഞാനിത്തുടരുന്ന യത്നത്തെയോർത്തു നീ
ഊനമറ്റോരനുതാപമാർന്നീ മഹാ-
യാനഖേദങ്ങൾ സഹിക്കണം കാന്തക!
ചൊല്ലുവനിപ്പോഴീ രാത്രിയിൽതന്നെ നാം
വല്ല വിധവും പുറപ്പെട്ടു പോകണം
അല്ലെങ്കിലിഷ്ടജനങ്ങളുണർന്നുപോം
കില്ലില്ലവർ പിന്നയയ്ക്കാ ഹയപതേ!
മേലേറി മെല്ലേ മുതുകിൽ ഞാൻ തട്ടുമ്പോ-
ളാലോലവേഗമാർന്നാഞ്ഞുൽപതിക്ക നീ

- Page 142 -
സ്ഥൂലങ്ങളാമർഗ്ഗളങ്ങളുമുന്നത-
സാലങ്ങളും സമുല്ലംഘിച്ചു പക്ഷിപോൽ
ആയാസമാർന്നെത്തിയാശു നിൻവേഗത്തെ-
യായിരം ഖാഡ്‌ഗധരന്മാർ തടുക്കിലും
പായുക നില്ക്കാതെ ശീഘ്രതരം ചണ്ഡ-
വായുപോൽ ലോലവിദ്യുല്പതപോലെയും
എന്നരുൾചെയ്തു ലഘുതരമായ് സ്വാമി
യൊന്നു കുതിച്ചു കുതിരമേലേറിനാൻ
വന്ദിച്ചരികിലാകാശത്തുനിന്നുള്ള
വൃന്ദാരകന്മാർ പിടിച്ചേറ്റിയപോലെ
എന്നിട്ടു തൃക്കൈകളിൽ‌, കടിഞ്ഞാണേന്തി
നന്നായിരിപ്പുറപ്പിച്ചു തിരുവടി
ഒന്നു കരതളിരാൽ കാന്തകത്തിന്റെ-
യുന്നതശീർഷത്തിലാഞ്ഞു തട്ടീടിനാൻ
വന്നുതള്ളും വേഗധാടി സഹിയാതെ
നിന്നുവിരണ്ടു ശിരസ്സു കടഞ്ഞേറ്റ-
മുന്നമിപ്പിച്ചു ചെവികൾ കൂർപ്പിച്ചുകൊ-
ണ്ടന്യൂനവേഗം പുറപ്പെട്ടു കാന്തകം
പിന്നെ ദ്രുതതരമോടീ കുളമ്പുക-
ളൊന്നായ് നിലത്തുപതിച്ചും കുതിച്ചുമേ
ഇങ്ങനെ നാഥൻ നിജഹയാരൂഢനാ-
യെങ്ങും പിറകിൽ തിരിഞ്ഞുനോക്കാതെയും
സ്വർല്ലോകമൊക്കും ഗൃഹവും സുഖങ്ങളും
പുല്ലോളവും ഗണിയാതെയും പോയിതു
കൽതളമാർന്ന നിലത്തിൽ പതിച്ചു തീ-
കത്തി ജ്വലിക്കും കുളമ്പിന്റെ ഘോഷവും
പാരംകിലുങ്ങും കടിഞ്ഞാൺതുടലുതൻ-
സ്ഫാരാരവവുമാരും കേട്ടുണരാതെ
ദൂരെദൂരെപ്പാഞ്ഞുചെന്നഹോ! ദുർഗ്ഗങ്ങ-
ളോരോന്നുമാശു കടന്നിതു കാന്തകം

- Page 143 -
പാരിൽ കുളമ്പൊച്ച കേൾക്കാതെ പുഷ്പങ്ങൾ
വാരിവിരിച്ചുപോൽ വാനവർ നീളവേ
ആരവമാർന്ന കടിഞ്ഞാൺതുടൽ ദിവ്യ-
ചാരുപടംകൊണ്ടവർതാൻ പൊതിഞ്ഞുപോൽ
എന്നല്ലയേറെ നിയോജ്യജനങ്ങൾചേ-
ർന്നൊന്നായ് പണിപ്പെട്ടു തള്ളിയാലേറ്റവും
ഉച്ചമായ് യോജനദൂരത്തുകേൾക്കുന്നൊ-
രൊച്ചകലർന്നു നീങ്ങീടും കവാടങ്ങൾ
ദേവനശ്വാരൂഢനായങ്ങണയവേ
കേവലം നിശ്ശബ്ദമായനായാസമായ്
അമ്മൂന്നുകോട്ടവാതുക്കലുമൊന്നുപോൽ
ചെമ്മേതുറന്നു താനേ വഴി നല്കിപോൽ
നാകികളീയാനുകൂല്യങ്ങൾചെയ്‌വതാ-
മാകാത്തതല്ലവർക്കായതെന്നല്ലഹോ
ലോകൈകകാരുണികന്നു ചരാചര-
ലോകങ്ങളെല്ലാം സ്വയം സഹായിക്കയാം
ദ്വാരദേശങ്ങളിൽ കാവൽനിന്നീടിന
വീരാഗ്രണികളായുള്ള ഭടരുമേ
ഊരിപ്പിടിച്ചവാൾ താഴത്തുവീഴ്വതു-
മോരാതെയങ്ങങ്ങു നിന്നുറങ്ങീടിനാർ
നേരേ മലയാദ്രിയിൽനിന്നവിടെയ-
ന്നേരത്തണഞ്ഞു ദേവാജ്ഞയെന്നപോൽ
ആരിലും നിദ്രയണയ്ക്കുമിളംകുളിർ‌-
മാരുതൻ മെല്ലെമെല്ലേ വീശിനില്ക്കയാൽ
ഏതാകിലും തൻ മഹോദ്യമത്തിന്നാശു
യാതനാകും തൻതിരുവടിക്കിങ്ങനെ
യാത്രയിലുണ്ടാമന്തരായം സിദ്ധി-
പാത്രതയോതും പ്രഥമശകുനമാം.
എന്തിന്നു വിസ്തരിപ്പൂ സ്വാമിയീവിധം
പന്ഥാവിലേതും പ്രതിബന്ധമെന്നിയേ

- Page 144 -
കാന്തകാരൂഡനായേകനായ്ത്തനുപുര-
പ്രാന്തവും നാടും വനങ്ങളൊക്കെയും
ഓടിക്കടന്നുപോയാനുഗ്രമാരുത-
ധാടിയെ വെന്ന വേഗത്തിലാരാത്രിയിൽ
പാരം പ്രഭാതമടുത്തൂ കിഴക്കതി-
ഗൗരാഭ തൂവിഗ്ഗിരിശ്ശിഖരോപരി
ദൂരത്തു ശുക്രനുദിച്ചുപൊങ്ങീ സ്വാമി
ചാരത്തുടനനോമാനദി കണ്ടിതു
ക്ഷീണതയാർന്ന തുരംഗമത്തെക്കടി
ഞാണു പിടിച്ചങ്ങു നിർത്തിദ്ദയാനിധി
ക്ഷോണിയിൽ ചാടിയിറങ്ങി പുഴയുടെ
വേണിയാൽ വേർപെടുമാ രാജ്യസീമയിൽ
തൻ പ്രിയകാന്തകത്തെ സ്വാമി നെറ്റിമേ-
ലൻപോടു ചുംബിച്ചു മാറ്റിനിർത്തിപ്പിന്നെ
മന്നവയോഗ്യമാം തന്റെ മകുടവും
മിന്നുന്ന മെയ്യാഭരണങ്ങൾ സർവ്വവും
പൊന്നണിക്കഞ്ചുകവും പാദുകകളും
മന്നിൽ മഹാത്മാവഴിച്ചുവെച്ചീടിനാൻ
സന്നിധിതന്നിലണഞ്ഞുടൻ ഛന്ദനും
ഖിന്നതയോടെ തൊഴുതുനില്ക്കുന്നതു
കണ്ടു കനിഞ്ഞരുൾചെയ്തു കൃപാനിധി-
യിണ്ടൽതേടായ്ക നീയെൻ പ്രിയസാരഥേ!
ഇന്നെനിക്കായ് ഭവാൻ ചെയ്തോരുപകാര-
മെന്നുമങ്ങേയ്ക്കു ശുഭഹേതുവായ്‌വരും
എന്നല്ലതുകൊണ്ടു സർവലോകത്തിനും
വന്നുകൂടും നിത്യമംഗളവും സഖേ!
തമ്പുരാൻപിന്നെയരയിൽനിന്നക്ഷണം
പൊൻപിടിയാർന്ന വാളൂരി സ്വയം തന്റെ
കോമളധൂമലതപോൽ കടിലമായ്
ശ്യാമളമാം ശിഖാബന്ധമരിഞ്ഞുടൻ

- Page 145 -
വാളുമതും സാരസനവും കാന്തിയാൽ
കാലുമുഷ്ണീഷവും കഞ്ചുകാദ്യങ്ങളും
ഛന്ദന്റെ കയ്യിലേല്പിച്ചഹോ! പിന്നെയും
ചൊന്നാൻ ജഗൽപൂജ്യനാം സ്വാമിയിങ്ങനെ:-
"ഇക്കണ്ടതൊന്നുമിണങ്ങില്ലെനിക്കിനി
പൊയ്ക്കൊൽകിതെല്ലാമെടുത്തു സഖേ! ഭവാൻ
വയ്ക്ക നൃപസന്നിധിയിൽ ബന്ധുക്കൾക്കു
മൽക്കഥയോർപ്പാനുപകരിക്കാമിവ"
സോൽക്കണ്ഠനാം താതനോടിങ്ങനെയെന്റെ
വാക്കാൽപരകയുംചെയ്ക വണങ്ങി നീ
"ഞാനിതാ സർവ്വമുപേക്ഷിച്ചു ഭിക്ഷുവായ്
ജ്ഞാനാർത്ഥിയായ് സ്വരാജ്യംവിട്ടു പോകുന്നു.
മാനവാധീശനെൻ താതൻ കനിഞ്ഞതു
ദീനതതേടാതെയിന്നു പൊറുക്കണം
ഏതു കഠിനവ്രതം നോറ്റുമേകനായ്
ഭീതിയെഴും കാട്ടിൽ വാണുമാരാഞ്ഞുമേ
ബാധകളെല്ലാമകന്നു മനോരഥം
സാധിച്ചു വിശ്വം ജയിക്കുമറിഅക് ഞാൻ
ധന്യനായ് ജ്ഞാനസാമ്രാജ്യധിപനായി
മന്നവന്മാർക്കഖിലർക്കുമാരാധ്യനായ്
മന്നിടമെന്നല്ല മറ്റു ലോകങ്ങളു-
മെന്നുടെയേതാദൃശസ്നേഹവൃത്തിയാൽ
ഖിന്നത തീർത്തു ഞാൻ കീഴടക്കി പ്രഭോ!
പിന്നെബ്‌ഭുവൽപദം വന്നു കണ്ടീടുവാൻ
മൃത്യുസംസാരവിവശനാം മർത്ത്യനെ
മർത്ത്യനൊഴിഞ്ഞു പാലിപ്പതിനില്ലൊരാൾ
സത്യമതാകയാൽ സർവ്വൊത്തമമായ
കൃത്യമെന്നോർപ്പു ഞാനിജ്ജഗൽപാലനം
എന്നോടുതുല്യമീ മുക്തിമാർഗ്ഗം തേടി
മന്നിലൊരാളുഴന്നിട്ടില്ലിതുവരെ.

- page 146 -
എന്നതോർത്താൽ കണ്ടുകിട്ടുമെനിക്കതു
സന്ദേഹമില്ല ഞാൻ സാധിക്കുമീപ്സിതം
ഏകാന്തമായ് തന്റെ ലോകം വെടിയാതെ
ലോകരക്ഷയ്ക്കൊരാളർഹനാകില്ലതാൻ
ആകയാലാശ്വാസമാർന്നു താതൻ വാഴ്ക
പോകുന്നു ഞാൻ "പോയിതോതുക നീ സഖേ!"
ഇങ്ങനെയോതി വിഷണ്ണനാം ഛന്ദനെ-
യെങ്ങനെയെങ്കിലുമേറെ നിർബന്ധിച്ചു
മഗലമൂർത്തി കടക്കിയയച്ചിതാ-
യിംഗിതവേദിയാമശ്വരത്നത്തൊടും
പിന്നെയർക്കോദയത്താൽ സ്വയം മുണ്ഡിയായ്
സംന്യസ്തസർവാഭരണനായ് സത്വരം
തന്നുജ്ജ്വലമാം തിരുവുടൽ താമ്രാഭ-
ചിന്നുമൊറ്റശ്ശാടികൊണ്ടുമറച്ചഹോ
ധന്യതതേടുമത്തൃക്കൈയിലോടുമായ്
വന്ദ്യപാദൻ പോയ് പുഴയും കടന്നുടൻ
ചെന്നക്കരപ്പുക്കു നീണ്ട പെരുവഴി-
യൊന്നിലേറിത്തനെയെ നടകൊണ്ടിതു
മന്നിൽ പ്രകാശം പരത്താനുദിച്ചെഴും
മന്യതരുണാർക്കനെന്നു തോന്നുംവിധം
അഞ്ചിതചര്യൻ ഭഗവാൻ തഥാഗതൻ
തഞ്ചരിതം സര്വലോകമനോഹരം
തുഞ്ചഗുരുവരോപുജ്ഞമാം രീതിയിൽ
നെഞ്ചലിയിക്കുന്ന നഷ്ക്രമണം വരെ
ഇങ്ങനെ ഞാൻ പാടിനേൻ - സല്ക്കഥയുമാ-
യങ്ങനെ വേഴ്ചയാർന്നാലുമുണ്ടാം ശുഭം.

പൂർവ്വഭാഗം സംപൂർണ്ണം