Jump to content

ഒരു സിംഹപ്രസവം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഒരു സിംഹപ്രസവം (ഖണ്ഡകാവ്യം)

രചന:എൻ. കുമാരനാശാൻ (1909)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


കരളിൽ കനിവാർന്നിടുന്നിടുന്നു തേ
ഖരകണ്ഠീരവിതാനുമീവിധം!
ഒരു ജന്തുവിനും സ്വപുത്രരിൽ
പരുഷത്വം വിധി നൽകിയില്ലതാൻ.        2

അലിവാർന്നുകിടന്നൊരാടുപോൽ
മുലനൽകുന്നിതു കുട്ടികൾക്കിവൾ
തല ചെന്നുപിടിച്ചിഴയ്ക്കിലും
കലരാ ക്രുദ്ധതയെന്നു തോന്നിടും.        3

പരതന്ത്രതയോർത്തു കണ്ണുനീ-
രരിയോരുണ്ണികൾതന്നെ നോക്കി നീ
ചൊരിയായ്ക; മൃഗേന്ദ്രവല്ലഭേ!
വരുമാപത്തുകളാർക്കുമൂഴിയിൽ.        4

പ്രണയത്തൊടു പാർത്തിവർക്കൊരാൾ
തുണ താനെന്നു കുടുംബചിന്തയാൽ
ഇണയാം ഹരി മന്ദ‌വേഗനാ-
യണയത്താഞ്ഞുനടന്നിടുന്നുതേ.        5

കുതുകത്തോടു, ‘പെറ്റു സിംഹി’യെ-
ന്നതു കേട്ടേറെ വരുന്നിതാളുകൾ
ഇതുകൊണ്ടൊരിളക്കമില്ലിവ-
ന്നഥവാ സിംഹമറിഞ്ഞിടാ ഭയം.        6

പലതും ബത! ബന്ധനസ്ഥനായ്
തല കാഞ്ഞോർത്തു നിരാശനായുടൻ
നിലവിട്ടെഴുമൊറ്റമേഘമൊ-
ത്തലറുന്നങ്ങനെതന്നെ നിന്നിവൻ        7

സഹസാ, സമയം കുറിക്കുവാ-
നിഹ പീരങ്കിയൊഴിച്ചപോൽ ഹരേ,
മഹിതം, തുടരായ്ക ഗർജ്ജിതം
ഗഹനത്തിൽ ഗജഗർഭഭേദിനി.        8

അഥവാ, നരനാഥനോടിവൻ
കഥ കോപോഗ്രരവം കഥിക്കയാം
കൃതമാമഹിതം സഹിക്കുമോ
ധൃതവീര്യൻ പരതന്ത്രനെങ്കിലും?        9

ഒരു ഹേതുവുമെന്നി, കേവലം
നരലോകത്തിനു കൗതുകത്തിനായ്
വരുവിച്ചു, തടഞ്ഞു തേ നൃപൻ
ഹരിയേ ഹാ മൃഗചക്രവർത്തിയെ!        10

കരുതായ്കിതവജ്ഞയായ് ഹരേ!
നരപാലൻ നൃപധർമ്മകോവിദൻ;
പരമിങ്ങനെ വെച്ചുപൊറ്റുമ-
ത്തിരുമേനിക്കു കൃതജ്ഞനാക നീ.        11

ഒരുവർഗ്ഗനിസർഗ്ഗനായകൻ
ധരണീപാലനു മാന്യനാം ഭവാൻ
പരതന്ത്രരെ ഹിംസ ചെയ്‌വതോ
നരരാം ഞങ്ങടെ നീതിയല്ല കേൾ.        12

നരഭോജികളുണ്ടു നീചരാം
നര’രാഫ്രിക്ക’യിലോർത്തിടാം ഭവാൻ
നരകാർഹരൊരുത്തരില്ലയ-
ത്തരമീ ഞങ്ങടെ പുണ്യഭൂമിയിൽ.        13

അതുമല്ലിതു ‘ധർമ്മരാജ്യ’മെ-
ന്നധികം വിശ്രുതവഞ്ചിമണ്ഡലം
അതിലും ബത! മൂലഭൂമിപൻ
പ്രഥിതൻ പാരിലുദാരചര്യയാൽ        14

രുചിരം ഗൃഹമുണ്ടു, ഭോജ്യമു-
ണ്ടുചിതമ്പോൽ കുറവില്ലയൊന്നിനും
സുചിരം മരുവുന്നു കൂടവേ
സചിവന്മാർ നരിമുഖ്യരും സ്വയം.        15

സ്ഫുടസൗഖ്യമതല്ലടുക്കലൻ-
പുടയോളുണ്ടിവൾ നിൻപുരന്ധ്രിയാൾ
ദൃഢമിന്നിവ രാജ്യകാര്യമായ്
തടവിൽ പാർപ്പവനന്യരേകിടാ.        16

ശരി,യെന്മൊഴി സംവദിച്ചുതാൻ
ഹരിയെന്നല്ല നിവാസശയ്യയിൽ
വിരമിച്ചൊരു യുദ്ധനൗവുപോൽ
തിരിയെച്ചെന്ന് കിടപ്പുമായിവൻ.        17

ഒരു രോമമനങ്ങിടാതെ സു-
സ്ഥിരമാം കൃത്രിമസത്ത്വരൂപമോ?
തിരയറ്റൊരു സിന്ധുവോ? മഹീ-
ധരമോ? എന്തൊരു ജന്തുവോ ഇവൻ?        18

പടുരാഗമിവന്റെയുള്ളുമൻ-
പൊടു ശൃംഗാരരസാന്ദ്രമാക്കുകിൽ,
സ്ഫുടചന്ദ്രികയെന്തലിഞ്ഞിടാ
കടുവജ്രം, ശശികാന്തമെന്നപോൽ?        19

അതുമല്ലിഹ ബന്ധനത്തിലും
ബത! കാന്താപരനായിതേയിവൻ
അഥവാ കുലസൃഷ്ടി ചെയ്യുമാ
വിധിഹസ്തം തടയുന്നതാരുവാൻ!        20

കൊടുതാം ഹരിധൈര്യവൃത്തിയെ-
ത്തടവാനാൾ മൃഗസാർവഭൗമി! നീ
സ്ഫുടമായസപൊതശക്തിയെ-
ക്കടലിൽ തങ്ങിയ കാന്തഭൂമിപോൽ.        21

ഒഴുകും പ്രിയമാർന്നിവന്റെമേൽ
വഴിയും നിന്റെ കടാക്ഷഭംഗിയെ
മൊഴിവാൻ കവികൾക്കിവന്നെഴും-
മിഴി വേണം കവിയാകണം ഹരി.        22

വിലസുന്നതു നിന്റെ മുൻപിലീ-
ക്കുലദീപദ്വയവും മൃഗേശ്വരീ!
മുലയുണ്ടു കളിച്ചു, മോടിയും
മലമുൻപിൽ ചെറുനിർഝരങ്ങൾപോൽ.        23

കരകേസരഭാരശോഭിയായ്
വരുമർക്കന്നെതിരേ കുതിച്ചു ഹാ,
വിരയുന്നു കിടാങ്ങളച്ഛനാം
ഹരിയെന്നോർത്തുടനങ്കമേറുവാൻ!        24

ഒരു ചിന്തയുമെന്നിയുല്ലസി-
ച്ചരുളീടും ചെറുശാബകങ്ങളേ!
ഉരുചാപലഹേതുവെങ്കിലും
വരമീ ശൈശവകാലമൊന്നുതാൻ.        25

സ്ഫുടമോദമൊടുമ്മവച്ചിടും
നടുവേതാനഴലച്ഛനമ്മമാർ
തടവാമറികില്ലവർക്കെഴും-
നെടുവീർപ്പിൻപൊരുൾ നിങ്ങളേതുമേ       26

അഥവാ‌ സ്ഥിരമല്ലിതൊന്നുമി-
ക്ഷിതിയിൽ തൈയഥ ശാഖിയാകണം
അതു പിൻമുതുവൃക്ഷമാകണം
മുതുവൃക്ഷം ബത! ദാരുവാകണം.        27

ദ്രുതജീവിതയാത്രയിങ്ങതെ-
ന്നതുകൊണ്ടോർത്തയി, സജ്ജരാകുവിൻ!
കൃതബുദ്ധികൾ കാത്തുകൊണ്ടിടും
സ്ഥിതി മാറീടിലുമാത്മഗൗരവം.        28

പൃഥുവീര്യമെഴും ഭവത്കുലം
പ്രഥിതം പാരിൽ മൃഗേന്ദ്രപുത്രരേ!
അഥ ചൊല്ലിടുമാത്മഭാഷയിൽ
കഥയീ നിങ്ങടെ,യമ്മറാണിതാൻ.        29

ജനവാതിലിലൂടെ കാട്ടിയീ-
യനഘോദ്യാനമസാരമെങ്കിലും
ജനയിത്രിയുദാഹരിച്ചിടാം
ഘനഗംഭീരമഹാടവീതടം.        30

കരിവാർമുകിൽ മൂളി വാനിൽ വൻ-
വരിയായ് പൊങ്ങിവരുന്ന കണ്ടിവൾ
ഹരിഗർജ്ജിതകന്ദരങ്ങളാം
ഗിരിവൃന്ദങ്ങടെ മോടി കാട്ടിടാം.        31

കുലയാനകൾതന്നെ ബാല്യമാം
നിലയിൽതാൻ ചിലർ തച്ചുകൊന്നതും
വിലഭിത്തി രണോഗ്രനാദമാ-
റ്റൊലിയേറ്റാശു തകർന്നുവീണതും        32
മലയും ഗുഹയും മൃഗങ്ങൾതൻ
കുലവും കാടുമടക്കിവാണതും
പലതമ്മ പറഞ്ഞുകേട്ടിടാം
കുലകൂടസ്ഥപരാക്രമക്രമം. (യുഗ്മകം)        33

അഥ ലോഭനമായിടുന്നൊര-
ക്കഥകേട്ടക്ഷമഭാവമേന്തൊലാ
വ്യഥയേ ഗതഭൂതിതൻ മനോ-
രഥമേകീടു വിപന്നലോകരിൽ.        34

കഴിയാത്തതു കാമിയാതെതാൻ
കഴിവിൻ, നിങ്ങൾ വളർന്നു യോഗ്യരായ്
ഒഴിയുന്നൊരു പൈതൃകാസനം
വഴിയേ പിന്നെയലങ്കരിക്കുവിൻ!        35

നിനയാതഴൽ നിൻകുടുംബമൊ-
ത്തനപായം മൃഗരാജ! വാഴ്ക നീ
ജനമൊക്കെയുമസ്വതന്ത്രരാം;
ദിനകൃത്യം തടയുന്നു, പോട്ടെ ഞാൻ.        36

അതുമല്ലയി നൽകിടുന്നു നിൻ-
സ്ഥിതിയുത്കണ്ഠയെനിക്കു സിംഹമേ!
ഇതു കണ്ടു ശരീരപഞ്ജര-
സ്ഥിതനാം ജീവനെയോർത്തിടുന്നു ഞാൻ.        37

തിരിയുന്നു ‘കരു‘ക്കളായ് ചരാ-
ചരമിങ്ങാരുടെ നിത്യലീലയിൽ
അരുളട്ടെ നമുക്കവൻ ശുഭം
പരമേശൻ ഭവമുക്തിദായകൻ.        38

"https://ml.wikisource.org/w/index.php?title=ഒരു_സിംഹപ്രസവം&oldid=218626" എന്ന താളിൽനിന്ന് ശേഖരിച്ചത്