ശ്രീബുദ്ധചരിതം/അഞ്ചാം കാണ്ഡം
←നാലാം കാണ്ഡം | ശ്രീബുദ്ധചരിതം രചന: അഞ്ചാം കാണ്ഡം |
ഒന്നാം കാണ്ഡം→ |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
അഖിലജന്തുക്കൾക്കും നിർവാണമേകാൻ തന്റെ
നിഖിലസുഖങ്ങളും വെടിഞ്ഞു നിഷ്ക്രമിച്ചു
സുഗതദേവൻ കയ്യിലോടുമായ്ത്തെണ്ടിച്ചെന്നു
മഗധരാജ്യസീമയെത്തിനാൻ മഹാഭാഗൻ
അവനം ചെയ്തിരുന്നതക്കാലമാരാജ്യത്തെ-
യവനീപതി മഹാസുകൃതി ബിംബിസാരൻ,
സുവനാവലി രമ്യമായ് രാജഗൃഹമെന്നു
ഭുവനവിദിതമാം തൽപുരം പുരാതനം,
വിലസീടുന്നു വിധിരക്ഷിതമായങ്ങഞ്ചു-
മലകളുടെ മദ്ധ്യത്തായതിമനോഹരം
'വൈഭര'മെന്ന ശൈലം വാച്ചെഴും വമ്പുല്ലിന്റെ
ശോഭയാൽ മരതകക്കുന്നുപോൽ വിളങ്ങുന്നു
മറ്റൊരദ്രിതന്നടിയൂടെ മെല്ലവേ ജലം
വറ്റിയന്തർവാഹിനിയോടുന്നു 'സരസ്വതി'
'വിപുല'മെന്നതിൻപേരപ്പുറം തരുച്ഛായാ-
സുഭഗം 'തപോവന' പർവതം രാജിക്കുന്നു.
അതിലെ നിർമ്മലമാം നീർച്ചോല തോറുമഹോ
മദപിച്ഛിലഗണ്ഡമാം ഗജയൂഥം പോലെ
നന്മയിൽ നിഴലിച്ചു കാണുന്നൂ പുറത്തൂടെ
കന്മദമൊലിക്കുന്ന കറുത്ത പാറക്കൂട്ടം.
തുംഗമായ് സ്ഫുരിക്കുന്നു കഴുകൻതങ്ങുമുച്ച
ശൃംഗങ്ങളാർന്ന 'ശൈലഗിരി' തെൻകിഴക്കായും
മംഗളശ്രീമെത്തുന്ന മണികൾ വിളഞ്ഞതി-
ഭംഗിതേടിടും 'രത്നഗിരി' നേർകിഴക്കായും
കാണുന്നു ചെറുതായിച്ചൊന്ന പർവതത്തിന്റെ
ചേണാർന്ന പടിഞ്ഞാറേച്ചരിവിലൂടെ ചുറ്റി
മേലോട്ടു ദന്തുരമായ് പുണ്യയാത്രക്കാരുടെ
കാലടിയേറ്റു തേഞ്ഞ കല്പടവാർന്നമാർഗ്ഗം
അടിവാരത്തിൽ പൂത്ത കുങ്കുമത്തോപ്പുകളും
തുടർന്നു മേലൊട്ടേടം തേന്മാവുമശോകവും
ഇടയിലങ്ങങ്ങില്ലിപ്പുട്ടിലുമിരുപാടും
തടവിശ്ശോഭിക്കുന്നു ശാന്തമഗ്ഗിരിപഥം
മുകളിൽ ചില താണശൃംഗത്തിൽ സൂര്യ്യകാന്ത-
ന കരങ്ങളും സ്വച്ഛവെള്ളാറമ്പാറകളും
മുകുരദ്യുതി പൂണ്ടുമിന്നുന്നു; വനഗുല്മ-
പ്രകരം പൂത്തു ചില ഭാഗങ്ങൾ വിലസുന്നു.
അതിലേ മേല്പോട്ടുപോയപ്പാത തെല്ലു ദൂരെ
സ്ഥിതമായൊരു ശിലാതടത്തിലൊതുങ്ങുന്നു.
അതിമേദുരസ്നിഗ്ദ്ധദലങ്ങൾ തിങ്ങിശ്ശാഖാ-
തതി ചൂഴ്ന്നങ്ങുനിൽക്കുമത്തിവൃക്ഷത്തിൻചോട്ടിൽ.
അനപായമായതിൻ താഴത്തു മർത്ത്യരാരും
ഖനനം ചെയ്യാത്തതായ് കാണുന്നു വിവൃതമായ്
വനവാർകൂന്തൽ ചിന്നും ഭാരതാവനിക്കുള്ളോ-
രനഘകർണ്ണപുടം പോലൊരു ഗുഹാമുഖം.
ബോധിസത്വൻതന്നുള്ളിൽ നിർവ്വാണഗീതസ്വരം
സാധനം ചെയ്‌വതാദ്യം കേട്ടതിസ്ഥലമല്ലോ.
അതിനെ നമസ്കരിക്കേണം നാമതിനേക്കാൾ
ക്ഷിതിയിൽ പാവനമായ് മറ്റൊരു ദിക്കില്ലല്ല്ലോ!
വേനലിൽ വനം വെന്തുപായും മാൻനിരകൾക്കു
കാനൽനീർഭ്രമം ചേർത്തുകാളും വൻവെയിലിലും,
കൊടിയവർഷർത്തുവിൽ കാറ്റിൽ വന്മരങ്ങളാ-
ഞ്ഞടിയുമാറു ചീറിപ്പെയ്യും പേമഴയിലും,
പടുമല്ലനും ചോരയുറഞ്ഞു രോമം ചീർത്തു
തടിയിൽ വിറതേടും ഹേമന്തശൈത്യത്തിലും
സുന്ദരകളേബരൻ ലോകരക്ഷാർത്ഥം മണി-
മന്ദിരാദികൾ വെടിഞ്ഞുഴറി വനം പുക്ക
വന്ദനീയൻ ശ്രീഭഗവാനുദാരമാകുമീ
കന്ദരമല്ലോ തുണനൽകിയതൊട്ടുകാലം
അതിനുള്ളിലെ നിരപ്പില്ലാത്ത ശിലാതല
മതിന്മേൽ ശ്യാമദർഭാങ്കുരങ്ങൾ വിരിച്ചതിൽ
ദ്യുതിയാലന്ധകാരം നീക്കിയാ ധ്യാനശീലൻ
സ്ഥിതിചെയ്തിടും മേഘോദരത്തിലിന്ദു പോലെ
വർച്ചസ്സേറുന്ന വദനാബ്ജത്തിലൊട്ടടഞ്ഞ
നിശ്ചലതാരങ്ങളാം നെടുനേത്രങ്ങളോടും
ആസനം ബന്ധിച്ചൃജുകായനായ് പര്യ്യസ്തമാം
ഭാസുരകരാബ്ജങ്ങൾ പാദപങ്കങ്ങൾ മേൽ
വിന്യസിച്ചന്തഃകരണങ്ങളെയടക്കിയ-
ദ്ധന്യാത്മാവിരുന്നീടുമിരിക്കു നമസ്കാരം!
അന്തികം പുക്കന്നേരമണ്ണാർക്കണ്ണന്മാരൊരു
ചിന്തകൂടാതെ, ചാടിക്കയറും കാൽമുട്ടിന്മേൽ,
അഞ്ചാമതെ കാട്ടുപിടക്കോഴികൾ കുഞ്ഞുങ്ങളെ-
സ്സഞ്ചരിപ്പിക്കും പാദപങ്കജപുടങ്ങളിൽ,
ഓട്ടിലെപ്പിച്ചച്ചോറിൻമണികൾതാനുമങ്ങു
കാട്ടിളം പിറാവുകൾ വന്നഹോ കൊത്തിത്തിന്നും
അറിയാറില്ലതൊന്നുമത്തിരുവടി; ചിത്തം
കുറിയിൽ നിൽക്കും യോഗിയോരില്ല ബഹിർലോകം
മദ്ധ്യാഹ്നകാലം മുതലിങ്ങനെ ദിനംപ്രതി
സദ്ധ്യാനനിഷ്ഠനായഗ്ഗുഹയിൽ ശ്രീഗൗതമൻ
അദ്ധ്യാത്മാകാശങ്ങളെയന്തരാ തുരന്നുപോം
ബുദ്ധിതൻ സൂക്ഷ്മകിരണം വഴിയുള്ളിലുള്ള
ഗൂഢതത്വങ്ങൾ കണ്ടു കണ്ടെഴുമാനന്ദത്തിൽ
ഗാഢമഗ്നനായിരുന്നരുളുമിതിനുള്ളിൽ
യാമങ്ങൾ, നിമിഷങ്ങൾപോലെ പോവതോ, സൂര്യ്യൻ
കോമളാംശുവായ് പശ്ചിമാശാങ്കണവതോ,
ഭൂമുഖം മങ്ങുന്നതോ, നക്ഷത്രകലാപയായ്
യാമിനി വരുവതോ ഭഗവാനോരുന്നീല
അകലെദ്ദേവാലയങ്ങളിലന്തിക്കു കേൾക്കും
തകിലോ കുഴലൂത്തോ ശ്രവിക്കുന്നില്ലെന്നല്ല,
നികടത്തിങ്കൽ കുറുനരികൾ കൂട്ടീടുന്ന
വികടാരവം പോലും ഗൗതമൻ കേൾക്കുന്നില്ല.
പാതിരാവോളമിതുപോലെ പോം പിന്നെ സ്വയം-
ചേതസ്സിലജ്ഞാനാന്ധകാരത്താൽ കാമക്രോധ-
ലോഭാദിവികാരങ്ങൾ പോലവേയിരതെണ്ടി
ക്ഷോഭിച്ചുമണ്ടും ശാപദങ്ങളെയൊഴിച്ചന്യ-
പ്രാണിവർഗ്ഗങ്ങളെല്ലാമുറങ്ങിയൊട്ടു മൗനം
ക്ഷോണിതാൻ പരിശ്രാന്തയായപോലാർന്നീടവേ
ശാന്തിമാൻ ശാക്യമുനി നിഷ്ഠയിൽനിന്നു മെല്ലേ
താന്തവൃത്തിയാം ചിത്തം നിവർത്തിപ്പിച്ചീടുന്നു.
പിന്നെപ്പര്യ്യങ്കബന്ധക്ലിഷ്ടമാമംഗങ്ങൾക്കു
ധന്യൻ സ്വൈരത നൽകിയെഴുന്നേറ്റിരുന്നുടൻ
ദർഭയാൽ താനേ തീർത്ത ശയ്യയിൽ ശയിച്ചീടു-
മദ്ഭുതരൂപൻ സ്വർണ്ണസ്തംഭാഭനനങ്ങാതെ
ബദ്ധവിശ്രമം ദേവനിങ്ങനെയൊട്ടുറങ്ങി-
യർദ്ധയാമത്തിന്നുമുമ്പെഴുന്നേൽക്കുന്നൂ വീണ്ടും
മദ്ധ്യത്തിൽ മറച്ചൊരു കാർമുകിൽമാല വിട്ട
ശുദ്ധവെൺമതിപോലെ തെളിഞ്ഞ ബുദ്ധിയോടും,
മന്ദമായടിവച്ചു നടന്നു പിന്നെ നിജ
കന്ദരതലം വിട്ടു വെളിയിലെഴുന്നള്ളി
ഒന്നുടൻ ബാഹ്യലോകം തൃക്കൺപാർത്തൂർജ്ജസ്വലൻ
ചെന്നിരുന്നീടുമൊരു ശിലമേൽ ശാക്യസിംഹൻ
ചൂഴവും കാണും വനഭൂവിലുമശ്ശൈലത്തിൻ-
താഴെയും മെല്ലെജ്ജീവജാലങ്ങൾ ചേഷ്ടവിട്ടു,
ശേഷിച്ച രാത്രിയുടെയാശ്ലേഷമേറ്റുമങ്ങി-
ജ്ജോഷമായ്കിടപ്പതു നോക്കീടും മഹാഭാഗൻ.
മുകളിൽ നിർവാതമായെങ്കിലും ശിശിരമായ്
മുകിലില്ലാതിരുണ്ടുപരന്നു നിസ്സീമമായ്,
അംബരമഹാടവി വിവിധവർണ്ണപുഷ്പാ-
ഡംബരഭാസുരമായ് നില്പതും നോക്കും ദേവൻ;
എന്നല്ല കാട്ടുപൂക്കളറുത്തു സവിശേഷം
ധന്യയാം ഭൂവെസ്സുരരർച്ചനം ചെയ്യുമ്പോലെ
ഛിന്നമായ് ജ്യോതിസ്സുകൾ ചിതറിവീഴുന്നതു-
മുന്നിദ്രാശയൻ തൃക്കൺപാർത്തൊട്ടു നിലകൊള്ളും.
സാദരം താനിക്കാണും കാഴ്ചകൾതന്നെ ചിന്താ-
മേദുരമാക്കിത്തീർക്കും ഭഗവച്ചിത്തം വീണ്ടും.
അന്തമറ്റെഴും ലോകഭോഗത്തിൻ മഹത്വവും,
ചിന്തിക്കും ദേവൻ നരജീവിതലഘുത്വവും,
ചേതസ്സിലൊതുങ്ങാത്ത തത്വചർച്ചയാൽ സ്വയം
ജ്ഞാതംജ്ഞാതമാം ലോകമാഹാത്മ്യമോർത്തും പേർത്തും
ഹന്ത! നിശ്ചേഷ്ടനായൊട്ടങ്ങനെയിരുന്നുപോ-
മന്തരാശ്ചര്യ്യപരതന്ത്രനായ് ബോധിസത്വൻ.
അന്നേരമഹോ തമസ്സകലും പ്രഭാതശ്രീ
വന്നെത്തും വിളംബമില്ലിനിയെന്നുദാരമായ്
ചൊന്നീടുമശരീരിവാക്കുപോൽ കേൾക്കാകുന്നു
ഭിന്നമൗനമായ് കാട്ടുപൂങ്കോഴി കൂവും നാദം
കാണാറാകുന്നിതുടൻ പൂർവ്വപർവ്വതത്തിന്മേൽ
ചാണുയരത്തിലൈന്ദ്രി കൊളുത്തും ദീപം പോലെ
തേജസ്സാൽ വഴി വെളുപ്പിക്കും തൂംകതിർ നീട്ടി
യോജസ്സു തേടും വെള്ളിയുദിച്ചു പൊങ്ങുന്നതും.
സ്തംഭിച്ച സമാധിയിൽ നിന്നൊരജ്ജഗത്തിന്റെ
ജൃംഭിക്കും പ്രാണൻ പോലെയിളകുമിളം കാറ്റും
ഇമ്പത്തിൽ ചരാചര ജീവികൾക്കുണർവേകി-
യമ്പോടുമെത്തി വീശിത്തുടങ്ങി മെല്ലെ മെല്ലെ
ഉല്ക്കടമായ തമസ്സൊതുങ്ങി മെല്ലെപ്പൂർവ്വ-
ദിക്കുതന്നുപാന്തങ്ങൾ മിനുത്തു മേഘം ചിന്നി
ഉൾകൊള്ളുമൊളിയോടും ചാരുചമ്പകമൊട്ടിൻ
വക്കുകൾ പോലൊട്ടൊട്ടുവിളറി വെളുപ്പായി
കിളികൾ മരക്കൊമ്പുതോറും കൂടുകൾ വിട്ടു
വെളിയിൽ വന്നു പാടി, യിളകീവനം കാറ്റിൽ
അളികളുത്സാഹമായ് മുരണ്ടു മുമ്പിൽ പൂത്ത
നളിനീനിര പോലെ ചുവന്നു നഭഃശ്രീയും
പ്രത്യക്ഷമായൊട്ടൊട്ടു ഗിരിയും വനങ്ങളും
പ്രത്യേകം വ്യക്തശ്യാമരൂപമായെന്നു വേണ്ടാ
ഇരുട്ടാം വെള്ളപ്പൊക്കം വാർന്നുവാർന്നൊക്കെപ്പോയി
ശ്ശരിയായ് ഭൂഭാഗങ്ങൾ കാണാറായ് മുന്നെപ്പോലെ
കടുംചോപ്പായി കിഴക്കംബരമതിനുള്ളിൽ
ഝടിതി പിന്നെത്തങ്കപ്പാളിപോൽ പീതമായി,
അടിയിലുടനഹോ പൊങ്കതിർച്ഛട വീശും
കൊടിയ തേജസ്സിന്റെ കന്ദവും കാണാറായി,
അരുതു വർണ്ണിക്കുവാനന്തരീക്ഷത്തിൽ തേജഃ-
പരിധിച്ഛത്രം പൊക്കിക്കനകോജ്ജ്വലകാന്തി,
പരിധാനാഡംബരൻ ഭഗവാൻ പകലിന്റെ
പെരുമാളെഴുന്നള്ളി വെളിയിലെന്നേ വേണ്ടൂ
കാലജ്ഞൻ ശ്രീഗൗതമനതിനെ പ്രദ്യുദ്ഗമി-
ച്ചാലസ്യമകന്നെഴുനേറ്റുപോയ് വനാന്തത്തിൽ
ആലോലപത്മമാർന്ന നിർമ്മലാംബുവാമൊരു
ചോലയിൽ സ്നാനം ചെയ്തു സന്ധ്യയെ വന്ദിക്കുന്നു.
കായുവാനിട്ട തന്റെ വേഷ്ടിയെക്കരങ്ങളാൽ
ഭൂയിഷ്ഠപീതമാക്കാൻ ബാലാർക്കൻ ധന്യമ്മന്യ
നായാസപ്പെടുമളവതിനെയെടുത്തണി-
ഞ്ഞായതബാഹു കൈയിൽ മരച്ചട്ടിയുമേന്തി
ആ വനത്തിലെയൂടുവഴിയെപ്പുരാവധി
പാവനമാക്കിയിറങ്ങീടുന്നു പൂജ്യപാദൻ
ജംഗമാകും വഹ്നിജ്വാലപോലങ്ങു കാട്ടിൽ
സംഗതനെന്നാകിലും സ്നേഹശീതളാഭനാം
മംഗലാത്മാവെപ്പക്ഷിമൃഗങ്ങളെല്ലാം നോക്കി--
ത്തുംഗാനന്ദം പൂണ്ടാർത്തു കേവലം ദീപം കണ്ട
ഭൃംഗവും പതംഗവുമായ്ത്തീർന്നു-ഭഗവാന്റെ-
യംഗലാവണ്യം തന്നെ ലോകമോഹനമല്ലോ.
അങ്ങനെ നഗരാന്തമണഞ്ഞു ജനാവലി
തിങ്ങി വാണീടും തെരുവീഥിയിൽ തൃക്കൈകളിൽ
ഭിക്ഷാപാത്രവും നീട്ടിയെത്തുന്നു തേജോമൂർത്തി
ചക്ഷുസ്സാർന്നവർ ചരിതാർത്ഥരായക്കാഴ്ചയാൽ.
പൊന്നൊളി തേടും ഫാലവീഥിയിൽ കുറുനിര
ചിന്നി വാച്ചെഴും നിറം മങ്ങിയ കചഭാരം
പിരിച്ചു കെട്ടിവെച്ച വാർജടാമകുടവും,
ശരച്ചന്ദ്രാഭതേടും മുഖമണ്ഡലോപരി
കാറണിക്കൊണ്ടലിന്റെ രേഖയാക്രമിക്കുന്ന-
വാറതിമനോജ്ഞമായ് വളരും ശ്മശ്രുക്കളും.
നെടുതായിരുപാടും ഞാന്നു കുണ്ഡലഭൂഷ
വെടിഞ്ഞ തുളയാർന്ന വിപുലകർണ്ണങ്ങളും,
നീണ്ടുയർന്നൊരു തിരുനാസയും, ചിന്താനിഷ്ഠ-
പൂണ്ട നിശ്ചലോദാരമാം കുനുചില്ലികളും,
ഇതുകൾക്കെല്ലാം ശോഭയേറുമുജ്ജ്വലകാന്തി
വിതറിസ്സദ്യോജാതഗോവത്സാപക്ഷ്മം പോലെ
നിരന്നു നിബിഡമായ് സ്നിഗ്ദ്ധശ്യാമളകാന്തി
ചൊരിയുമിമകളാത്യന്തമനോജ്ഞമായ്,
അത്യഗാധജ്ഞാനസൗഹാർദ്ദസാഗരമായി,
പ്രത്യന്തശോണമായ ദീർഘലോചനങ്ങളും,
പുഞ്ചിരിനിലാവൊളി ചിന്താച്ഛായയിൽ മങ്ങി-
യഞ്ചിതകാന്തികോലുമോഷ്ഠപല്ലവങ്ങളും,
കരുണാർദ്രമാം മുഖഭാവവും, ഭിക്ഷതെണ്ടാൻ
തിരുവോടേന്തും താമ്രകരപങ്കജങ്ങളും,
ആകണ്ഠപാദം ചുറ്റിയണിഞ്ഞു കാറ്റിൽ പാറു-
മേകമാമിളമഞ്ഞയാടയു, മെന്നല്ലഹോ!
ജോടുകൂടാതെ പെരുവഴിയിൽ നടന്നേറ്റം
പാടലമായിത്തീർന്ന പാദപത്മാഗ്രങ്ങളും,
കരുതീടുന്നേനകമലിഞ്ഞന്നരദേവൻ
തെരുവിൽ ചെന്നു തെണ്ടാൻ നിൽക്കുന്നനിലയും ഞാൻ
മാലേകും സംസാരബ്ധിതന്നിൽ നിന്നീലോകത്തെ-
പ്പാലനം ചെയ്‌വാൻ നോറ്റ പാവനപാദൻ പിന്നെ.
കോലമാർന്നൊരു സാക്ഷാൽ നിർവ്വാണം പോലങ്ങനെ
ആലയം തോറും തെണ്ടിച്ചെല്ലുന്നു ഭിക്ഷയ്ക്കായി,
"വരിക മഹാഭാഗ! യിവിടെ മഹാത്മാവേ!
വരികീ മുറ്റം പരിപാവനമാക്കീടുക
ചരണാംബുജരേണുലേശത്താൽ, സ്വാമിയെന്റെ
പുരവാതുക്കലെഴുന്നള്ളുവാൻ പ്രസാദിക്ക."
എന്നഹോ ഗൃഹം തോറും വൃദ്ധരും യുവാക്കളു
മൊന്നുപോൽ സ്നേഹഭക്തിബഹുമാനാകുലരായ്
വിളിച്ചർത്ഥിക്കും ഭഗവാനെ, യങ്ങങ്ങു ഭിക്ഷ
വിളമ്പിക്കൊണ്ടുചെന്നു നൽകീടും ഗൃഹിണിമാർ
ത്വരിതമകായിൽ നിന്നിറങ്ങിവന്നു ചില
സരസീരുഹാക്ഷിമാർ തൊഴുതു നോക്കി നിൽക്കും,
വഴിയിൽ ചെല്ലുമണ്ണിമാരോടു മഹാത്മാവിൻ-
കഴലിൽ വീണു നമസ്കരിപ്പാനാജ്ഞാപിക്കും
എന്നല്ല, ചില സുകുമാരിമാർ മറഞ്ഞൊട്ടു
നിന്നങ്ങു ഭിക്ഷുവിന്റെ രൂപധോരണികണ്ടു,
സങ്കല്പസ്ഥിതമായ പുരുഷസൗന്ദര്യ്യത്തിൽ
പങ്കലേശം കൂടാത്ത പൂർത്തിയീവടിവേന്തി
ആയാതമായോയെന്നു പകച്ചു നോക്കിനിന്നു-
പോയെന്നുവരും സ്നേഹവൃത്തികൾ പലതല്ലോ
അതിനുള്ളിൽ തൻതിരുവോട്ടിലല്പാല്പം ഭിക്ഷ
മതിസന്തുഷ്ടിയോടുമേറ്റുകൊണ്ടയൽ വീട്ടിൽ
ദ്രുതമെത്തുന്നു ദാതാക്കൾക്കൊക്കെ മനോഹര-
സ്മിതത്താൽമാത്രം സ്വാമിയാശിസ്സുചൊല്ലിച്ചൊല്ലി
തെരുവാം പൂവാടിയിലിങ്ങനെ സാക്ഷാൽ മധു-
കരമായ്ത്തീർന്നു ദേവൻ, വണ്ടുകളെന്നാൽ പൂവിൻ-
നിരതോറും പോയ് മധു തെണ്ടുന്നി, തവിടേയ്ക്കോ
കരവല്ലികൾ ഭോജ്യം കൊണ്ടുചെന്നർപ്പിക്കുന്നു
അല്പനേരം കൊണ്ടുതാൻ നിറയുമപ്പാത്രത്തി-
ലപ്പവും നെയ്യും പാലുമന്നവ്യഞ്ജനങ്ങളും,
ചിൽപുമാനുടൻ തന്നെ മടങ്ങി മലയേറി
ക്ഷിപ്രം തൻഗുഹയെത്തും മദ്ധ്യാഹ്നത്തിനുമുമ്പിൽ
ഭക്ഷണം കഴിഞ്ഞുടനങ്ങുള്ള പൂജ്യരായ
ഭിക്ഷുക്കളൊത്തു ശാസ്ത്രചർച്ചകൾ ചെയ്യും ദേവൻ
അന്യസംഗങ്ങൾ വീണ്ടും വെടിഞ്ഞു യഥാപൂർവ്വം
ധന്യാത്മാഗുഹയില്പോയ് ധ്യാനനിഷ്ഠനായ് മേവും
ഇങ്ങനെ പലകാലമവിടെ നയിച്ചുള്ളിൽ
പൊങ്ങിയ ജിജ്ഞാസയാലാവിലധീയായ് ബുദ്ധൻ
അങ്ങങ്ങാ രത്നഗിരികടകസ്ഥലികളിൽ
തങ്ങിയ തപോവനഭാഗങ്ങൾ കാണ്മാൻ പോയി
അരുവിച്ചാട്ടങ്ങളും പാറക്കൂട്ടവും വാച്ച-
തരുവൃന്ദവും വള്ളിക്കുടിലും ചിലദിക്കിൽ
വിലസീ തത്ര വെളിസ്ഥലവും കുറ്റിക്കാടും
വലിയ തകിടിയും കാണായി വേറേ ദിക്കിൽ
അവിടെയില്ലാം കൃച്ഛ്രതപസ്സു ചെയ്തിരുന്നു
വിവിധമേറെ ബ്രഹ്മചാരികൾ യോഗികളും
അവരിൽ ചിലരുടെ ഘോരമാം തപഃക്രമം
വിവരിക്കുകതന്നെ വിഷമമഹോ കഷ്ടം!
സ്വന്തദേഹത്തെത്തന്നെ ശത്രുവെന്നോർത്തു വന്യ-
ജന്തുവെന്നതുപോലെ നിയമപഞ്ജരത്തിൽ
ബന്ധിച്ചുനിർത്തിച്ചിലരതിനെദ്ദണ്ഡിക്കുന്നു
നൊന്തുനൊന്തഹോ! രുജയറിയാതാവോളവും
പാണികൾരണ്ടും പൊക്കിപ്പിടിച്ചു ദിവാനിശം
ശോണിതഞരമ്പുകൾ കഴച്ചു ചോര വറ്റി
പേശികൾ ക്ഷയിച്ചെല്ലുനികഴ്ന്നു മുട്ടും തോളും
ശോഴിച്ചും തൊലിചുക്കുമംഗുലിയാർന്നും, കാട്ടിൽ
പട്ടുനിന്നീടും മരക്കൊമ്പിവയെന്നുതോന്നും
മട്ടിരുന്നയ്യോ! ചിലർ വൻതപം ചെയ്തീടുന്നു
ചിലപേർ മുഷ്ടിരണ്ടും ചുരുട്ടിപ്പിടിച്ചതിൽ
പുലിതൻ കരത്തിൽപോൽ വളർന്ന നഖം തച്ചു
വ്രണിച്ചു കൈത്തലങ്ങൾ വിണ്ടിട്ടും വ്യഥ ചെറ്റും
ഗണിച്ചീടാതെ കഷ്ടം! നിഷ്ടയിലിരിക്കുന്നു
കൂർത്തെഴുമാണി ചിന്നും മരപ്പാദുകമേറി
പേർത്തുമേ ചില യോഗീവരന്മാർ നടക്കുന്നു
കൺമുനകൊണ്ടു നെഞ്ചും നെറ്റിയും തുടകളു-
മുന്മഥിച്ചുഗ്രവ്രണമുണ്ടാക്കിയവയെല്ലാം
കൊള്ളികൾകൊണ്ടു ചുട്ട കലകളാർന്നും കാട്ടു-
മുള്ളുകളയശ്ശലാകകളെന്നിവറ്റയെ
ഉടൽമേൽ കുത്തിയേറ്റിക്കൊണ്ടുമാപാദകേശം
ചുടലച്ചാരങ്ങളോ ചെളിയോ പൂശിക്കൊണ്ടും
പ്രേതത്തിൽനിന്നെടുത്ത പീറച്ചീവരണ്ഗൾതൻ
ഛേദങ്ങളുടുത്തൊട്ടുനഗ്നതമറച്ചീട്ടും
ചിലരങ്ങങ്ങു ശപ്പും പൊടിയുമാർന്നു വെറും-
നിലത്തു ചപ്പിയിരുന്നീടുന്നു തപസ്വികൾ
വേറെയേതാനും ചില ഭിക്ഷുക്കൾ പിണം കത്തി-
നീറിക്കൊണ്ടിരിക്കുന്ന ചിതകളാർന്ന ദിക്കിൽ
നിരന്നംബരത്തിങ്കൽ വട്ടമിട്ടാർത്തു പെരും-
പരുന്തും കഴുകനും മാംസശേഷങ്ങൾ ചുറ്റും
പറന്നു റാഞ്ചുന്നതിനിടയിൽ വൃത്തികെട്ട
തറയിലാണ്ടു കിടന്നങ്ങനെ തപിക്കുന്നു
മറ്റൊരുവക ദൈവഭക്തന്മാർ ശിവനാമം
മുറ്റുമുൽഘോഷിച്ചുകൊണ്ടുണങ്ങി നിറംകെട്ടു
കഴുത്തുമൊട്ടിത്താണ കുക്ഷിയും ചുറ്റിച്ചീറും
മുഴുത്തപാമ്പുകളാം ഹാരയജ്ഞസൂത്രങ്ങൾ
അണിഞ്ഞു ശുഷ്കിച്ചൊരു കാൽത്തണ്ടു മറ്റതിന്മേൽ
പിണച്ചു കെട്ടിയിരുന്നീടുന്നു ചില ദിക്കിൽ
ഇങ്ങനെ കണ്ടാൽ കഷ്ടം തോന്നുമാറാതപത്തിൽ
പൊങ്ങിയ ചൂടാൽ ഫാലഫലകം കാഞ്ഞുപൊള്ളി
കണ്ണുകൾ വെന്തു പീളയടിഞ്ഞു മെയ്യിൽ സിര
വണ്ണിച്ചു പൊന്തിത്തോലു ചുളുങ്ങി നിറം മങ്ങി
ചടച്ചു പാരം കരുവാളിച്ചു ചത്തേറെനാൾ
കിടക്കും പ്രേതംപോലെ വികൃതമുഖമാർന്നും
വളരെത്തപസ്വികളവിടെച്ചിരമുള്ളിൽ
വളരും വിരക്തിയാൽ നിഷ്ഠയിൽ വാണീടുന്നു
ഒരുവൻ വെയിലേറ്റു പൊടിയിൽ പടിഞ്ഞിരു-
ന്നൊരുനാളോരായിരം ചാമത്തൂമണിയരി-
യോരോന്നായെടുത്തുച്ചതോറും തിന്നുദരാഗ്നി
ക്രൂരതയാറ്റി ക്രമത്താലുപവസിക്കുന്നു
മറ്റൊരാൾ കയ്പേറീടും വേപ്പില ഭക്ഷിക്കുന്നീ-
തുറ്റതാം സ്വാദുഭോജ്യം നാവിന്നു രുചിക്കായ്‌വാൻ
പിന്നൊരുഭിക്ഷുവയ്യോ സ്വന്തമാം കാലും കയ്യും
തന്നെത്താൻ തന്റെ കണ്ണും കർണ്ണവും ഭഗ്നമാക്കി
നാക്കും ഗുഹ്യവും ഛേദിച്ചെറിഞ്ഞു നിർവീര്യനായ്
വായ്ക്കും നിഷ്ഠയിൽ വികലാംഗനായ് വർത്തിക്കുന്നു
ഇങ്ങനെ കായക്ലേശം ചെയ്യുന്നു തപസ്സിനാൽ
പൊങ്ങും കീർത്തിയും പരലോകവും കൊതിച്ചിവർ
ക്ലേശദായിയാം വിധിതന്നെ ദുഷ്കരതപഃ
ക്ലേശത്താൽ നാണിപ്പിക്കും ദേഹികൾ ചിരകാലം
കേവലം യാതനകൾ യാതൊന്നുമോരാതുള്ള
ദേവഭൂയം നേടുമെന്നോതുന്നു നിഗമങ്ങൾ
കഷ്ടമാമീക്കാഴ്ചകൾ കണ്ടഹോ! കൃപയാലുൾ-
ത്തട്ടഴിഞ്ഞങ്ങു ദേവനത്തപോധനന്മാരിൽ
മുഖ്യനാമൊരു യോഗീശ്വരന്റെ മുമ്പിൽ പുക്കു
ദുഖനാശനനരുൾചെയ്തിതു തഥാഗതൻ:
"ദുഷ്കരതപോനിഷ്ഠനാം മഹാത്മാവേ! ഭവാ-
നിക്ലേശം സഹിക്കുവതെന്തിനെന്നോതീടാമോ?
ഇത്തപോവനത്തിലെഗ്ഗിരിയിൽ വസിക്കുന്നു
തത്ത്വാന്വേഷിയായ് ലോകഭോഗങ്ങൾവെടിഞ്ഞ ഞാൻ
ഏറെയായ് ദിനങ്ങളുമെന്നാലിപ്രദേശത്തു
ഘോരദുഖങ്ങലെന്നി മറ്റൊന്നും കാൺമാനില്ല
ഇത്തപസ്വികൾതാനുമങ്ങുന്നുമാത്മഹിംസ-
യിത്രമാത്രം ചെയ്യുവതെന്തിനെന്നറിഞ്ഞീല
കേവലം ദുഖാത്മകം മർത്ത്യജീവിതം,പിന്നെ-
യീവിധമതിൽ ദുഖമേറ്റിയാൽ ഫലമെന്താം
ചൊല്ലുക മഹാമതേ"യെന്നു ചോദിച്ചാൽ സ്വാമി-
മെല്ലവേയതുകേട്ടു ഭിക്ഷുവര്യനും ചൊന്നാൻ:
"തപസ്സാൽ ശരീരത്തെത്തപിപ്പിച്ചിജ്ജീവത
മപസൗഖ്യമാം മഹാദുഖമ്യത്രമായ്‌ത്തീർന്നാൽ
പരമസുഖാവഹമാം മൃതി, യെന്നുമല്ല
പരിചിൽ തപോവഹ്നിതന്നിലങ്ങനെയാത്മാ-
വുരുകിപ്പാപത്തിന്റെ കറകളെല്ലാം പോയി-
ത്തെളിഞ്ഞുശുദ്ധിതേടും, പിന്നതു കൂടുവിട്ടു
വെളിയിലഖണ്ഡാകാശങ്ങളിൽ പറന്നുപോയ്
അളവില്ലാത്ത പരമാനന്ദഭൂതി നേടും,
പൊളിയല്ലിതു ശാസ്ത്രം ചൊൽവതാം മഹാഭാഗ!"
ചൊല്ലിനാനുടൻ ദേവ"നാചാര്യ! ഭവാൻ വിണ്ണിൽ
മെല്ലെസ്സഞ്ചരിക്കുമീമേഘത്തെ നോക്കിയാലും
സുന്ദരമായ തങ്കരേഖകൾ വക്കിലാർന്നോ-
രിന്ദ്രന്റെ രത്നസിംഹാസനത്തിൻ വിരിപ്പൊക്കു-
മമ്മുകിൽഖണ്ഡം കൊടുങ്കാറ്റിനാൽ തിരതല്ലും
അംബുരാശിയിൽനിന്നു പൊങ്ങിവന്നതാണല്ലോ
വിണ്ണിൽനിന്നിനിയതു വേഗത്തിൽ രൂപംമാറി-
ക്കണ്ണുനീർക്കണങ്ങൾപോൽ താഴത്തു പതിച്ചീടും
പൊങ്ങിയും താണും മലംതൂക്കിലും ചരിവിലു-
മങ്ങങ്ങു വീണൊലിച്ചു സങ്കടമാർഗ്ഗങ്ങളിൽ
ചുറ്റിയും ചുഴന്നും വൻപാറമേലടിപെട്ടു
മുറ്റും പീഡകളാർന്നുമൊഴുകിച്ചാലിലൂടെ
ഗംഗയിൽചെന്നാജലം ചേർന്നീടുമതുവഴി
ഭംഗമെന്നിയേ വീണ്ടുമെത്തീടും പയോധിയിൽ
കഷ്ടമാം തപസ്സിനാലുന്നതലോകം നേടും
ശിഷ്ടനാം തപസ്വിയും ക്ഷീണപുണ്യനായ് വീണ്ടും
പതിച്ചീടനമതുപോലേർത്താലിങ്ങുതന്നെ
വ്രതത്താൽ നേടും സുഖം നിലനിൽക്കുകില്ലല്ലോ
പൊങ്ങുന്ന പദാർത്ഥങ്ങൾ താഴണമതുപോലെ
യിങ്ങുപാർജ്ജിപ്പതെല്ലാമൊടുവിൽ നശിക്കണം
നിയമമതാകുന്നു ലോകത്തിൽ നിരൂപിച്ചാൽ
നിയമികൾക്കുമതു ലംഘ്യമല്ലാത്തതല്ലോ
നരകയാതനക്കു തന്നെത്താൻ ബലിനല്കി-
സ്സുരലോകത്തിലെത്തിസ്സുഖിക്കും യോഗീന്ദ്രനും
പരമമായീടുന്നോരന്നിയമത്താൽവന്നു
തിരിയെ ക്ലേശമനുഭവിക്കേണ്ടയോ ധീമൻ?"
"വേണ്ടിവന്നീടാമൃഷിസത്തമ! ഞങ്ങൾക്കതു
വേണ്ടപോൽ വിവരമില്ലെന്നല്ല കഷ്ടം! ഞങ്ങൾ
മറ്റൊന്നുംതന്നെയറിയുന്നീല ദൃഡമായും
തെറ്റുകൂടാത്തതായും ശ്രേയസ്സാധനങ്ങളിൽ
എങ്കിലും രാത്രിപോയാലുണ്ടാകും പകലെന്നും
സങ്കടാവസ്ഥതീർന്നാൽ ശാന്തിവന്നീടുമെന്നും
വിശ്വസിക്കുന്നു ഞങ്ങലതിനാലാത്മാവിന്നു
ശശ്വദ്‌ബന്ധനക്ലേശം നല്കുന്ന ശരീരത്തെ
വെറുത്തീടുന്നിതതു ഭഗ്നമായാൽ ചേതന
പുറത്തു പറന്നുപോയ് നിർവൃതിതേടുമല്ലോ
അതിനാൽ തപക്ലേശം സഹിച്ചീടുന്നു ഞങ്ങൾ
സതതം തപസ്സിനാൽ തുഷ്ടരാം തുഷിതന്മാർ
മാനുഷഭോഗത്തേക്കാൾ സ്ഥിരവും മഹത്തുമാം
വാനിലെ സുഖം നല്കുമെന്തതു കാമ്യമല്ലേ?
ചെറിയൊരിരകാട്ടിക്കാട്ടാളർ കെണിവെച്ചു
പെരിയ ജന്തുക്കളെ ബന്ധിച്ചുകൊള്ളുന്നില്ലേ?"
ദീനമാം സ്വരത്തിലായോഗിയിങ്ങനെ ചൊന്നാൻ
മാനസമലിഞ്ഞുടൻ ചോദിച്ചാൻ വീണ്ടും ദേവൻ:
"പരലോകത്തിൽ പരസഹസ്രം ദിവ്യാബ്ദങ്ങൾ
സുരഭോഗങ്ങൾ നിങ്ങൾ ഭുജിച്ചുവാണീടിലും
ഒരുനാളവ നശിച്ചീടുകില്ലയോ മുനേ!
പരിണാമം കൂടാത്ത ജീവിതാവസ്ഥയുണ്ടോ?
ചൊല്ലുക നിങ്ങൾ കാമിച്ചീടുന്ന വിശാലമാം
സ്വർല്ലോകഭോഗമലിഞ്ഞേകും ദേവകൾതന്നെ
നിത്യജീവികളാണോ നിത്യത്വമവർക്കുണ്ടോ
സത്യമോർത്തുരയ്ക്കുക സഹജ! ഭവാൻ വീണ്ടും"
"ഉൺമയിലവക്കില്ല നിത്യത്വം മഹാഭാഗ!
ബ്രഹ്മമല്ലാതെ നിത്യവസ്തു മറ്റൊന്നുമില്ല
ഈശ്വരരിവർതാനും ജീവിപ്പൂ ബഹുചിരം
ശാശ്വതമല്ലവർക്കാസ്ഥാനങ്ങളെന്നാകിലും"
ഈവിധമായോഗികളെല്ലാം ചൊല്ലിനാർ ബുദ്ധ-
ദേവൻ പിന്നെയുമരുളീടിനാൻ കൃപാകുലൻ:
"പാവനശീലന്മാരേ! കഷ്ടനിഷ്ഠയിൽ സ്ഥിര-
ഭാവമാർന്നെഴുമതിധീരരാം ഭ്രാതാക്കളേ!
ചൊല്ലുവിൻ വിവേകികൾ നിങ്ങൾ കേവലം പ്രിയ-
മില്ലാത്തതെന്നാകിലും കായപഞ്ജരങ്ങളെ
ആശാമോദകമാകാവുന്നതുമല്ലെങ്കിലും
നാശമുള്ളതുമായ ഭോഗങ്ങൾ മോഹിപ്പിച്ചുടൻ
ലേശവം മടിയെന്യേ ഭഞ്ജിപ്പാൻ ശ്രമിപ്പതു
മോശമല്ലയോ ചിന്തിച്ചീടുവിനതുമല്ല
കേവലമാത്മാവിനെ സ്നേഹിച്ചു നിങ്ങളതി-
നാവാസമാം ദേഹത്തെയീവിധം വെറുപ്പതു
ശരിയോ? പാർത്താലിന്നാ വാഹനമേറിയല്ലേ
തിരയേണ്ടതു ദേഹി നമ്മുടെ ഗമ്യസ്ഥാനം.
ഇണക്കമേറീടുന്നൊരക്കുതിരയെ വൃഥാ
പിണക്കിദ്ദണ്ഡിച്ചംഗഭംഗങ്ങൾ ചെയ്തു കഷ്ടം!
അഴലിങ്ങനെ നൽകിയന്തിയാംമുമ്പിൽതന്നെ
വഴിയിൽ നിലംപതിപ്പിപ്പതെന്തിനു നിങ്ങൾ?
എന്നല്ല ജന്മാന്തരപുണ്യത്താൽ ലഭിച്ചൊരു
മന്ദിരമല്ലോ മർത്യദേഹമാത്മാവിനോർത്താൽ
അതിന്റെ ഗവാക്ഷങ്ങൾവഴിയായ് മാത്രമല്ലോ
മതിയിൽ നമുക്കല്പവെളിച്ചം ലഭിപ്പതും
ചൊല്ലാർന്ന പുലർകാലമെപ്പോഴാമെന്നും പിന്നെ
നല്ലമാർഗ്ഗം താനേതു ദിക്കൂടെയെന്നും നമ്മൾ
അതുകൾവഴിയല്ലോ നോക്കേണ്ടതഗ്ഗേഹത്തെ
മതിമാന്മാരേ, യെന്തിനിടിച്ചുപൊളിക്കുന്നു?"
ചൊല്ലിനാരുടനവർ "രാജനന്ദനാ! പരം
നല്ലതെന്നോർത്തീവഴിയൂടെ പോകുന്നു ഞങ്ങൾ,
കല്ലും കണ്ടകങ്ങളും നിറഞ്ഞതാകാമിതെ-
ന്നല്ല ചെങ്കനൽക്കട്ട നിരന്നുള്ളതുമാകാം
വല്ലാതാകിലും ഞങ്ങളിതിലേ പദം വച്ചു
ചെല്ലുന്നു മരണമിങ്ങാർക്കുമുണ്ടാകുമല്ലോ
അല്ലിനിയിതിനേക്കാൾ ശ്ലാഘ്യമാമന്യമാർഗ്ഗം
നല്ലപോലങ്ങോരുകിൽചൊന്നാലും കേൾക്കാം ഞങ്ങൾ
ഇല്ലെങ്കിൽവൃഥാ കാലം പോക്കേണ്ട മഹാഭാഗ
നല്ലതുവരും പോകാമങ്ങയ്ക്കു നമസ്കാരം."
നടന്നാൻ തിരുവടിയപ്രദേശം വിട്ടുള്ളിൽ
തുടർന്ന തപഃക്ലേശമോർത്തെഴും ഖേദത്തൊടും
മരണം ഭയപ്പെട്ടു മർത്യർ കേവലം മറ്റു
ശരണം കാണാഞ്ഞിഹ ഭോഗങ്ങൾ വെറുപ്പതും
ജീവിതത്തെത്താനവർ സ്നേഹിയാതതുമൂലം
മീവിധം ക്ഷീണിപ്പിച്ചീടുന്നതു, മെന്നല്ലഹോ
മാനവരുടെ സുഖം മർഷിക്കില്ലെന്നു തോന്നും
വാനവരിലലിയുവാൻ വൻതപം ചെയ്യുന്നതും
നരകക്ലേശങ്ങളെ ജയിപ്പാനെന്നവണ്ണം
പരമിങ്ങംഗങ്ങൾക്കു യാതന നൽകുന്നതും
ദേഹത്തെ മർദ്ദിച്ചീടിൽ വർദ്ധിക്കും തുലോം ഗുണം
ദേഹിക്കെന്നിത്താപസർ വെറുതേ മോഹിപ്പതും
കണ്ടു സന്താപം പൂണ്ടു കരുണയാർന്നും സ്വയം
കുണ്ഠനായരുൾചെയ്തു ഭഗവാൻ ചുറ്റും നോക്കി:
"ഭൂമിതന്നങ്കത്തിനു ഭൂഷണങ്ങളായ്‌മിന്നു-
മോമനച്ചെറുകുസുമങ്ങളേയുഷസ്സിങ്കൽ,
സാനന്ദം നോക്കുന്നുതേ പൊൻകതിർ തൂവീടുന്ന
ഭാനുമാൻതന്നെ കൊച്ചുമുഖങ്ങൾ പൊക്കി നിങ്ങൾ
ധവളപീതകൃഷ്ണലോഹിതവർണ്ണങ്ങളാം
വിവിധവസ്ത്രങ്ങളാൽ മെയ്‌മൂടിനിത്യം നിങ്ങൾ,
അഴകാർന്നർക്കനോടു മൗനഭാഷയിൽ നന്ദി-
മൊഴിയുംപോലുൾത്തിങ്ങും സൗരഭം തൂവുന്നുതേ
ആരും, നിങ്ങളിലായുസ്സല്പമെന്നാലും, സ്വന്ത-
ചാരുജീവിതകാലം ഛിന്നമാക്കുന്നതല്ല
താരിനങ്ങലേ, നിങ്ങളാരുമേ നിസ്സർഗ്ഗമാ-
മാരോമൽ തനുഭംഗി വികൃതമാക്കുന്നില്ല
എന്നല്ല വാച്ചുപൊങ്ങിയംബരം തുരന്നുപോ-
മുന്നതങ്ങളാം താലതരുതല്ലജങ്ങളേ
ചന്ദനാചലംവഴിയൂതുന്ന കരുങ്കടൽ-
തെന്നലുണ്ടന്നും തലകുലുക്കി നിൽക്കും നിങ്ങൾ
എങ്ങനെ മുളയായനാൾമുതൽ ചുമലിന്മേൽ
തിങ്ങി നൽഫലമേലുംവരെയന്നല്ല നിത്യം
പത്രമർമ്മരങ്ങളാം മധുരഗാനങ്ങളാൽ
മിത്രനെയുപശ്ലോകിക്കുന്നിതു സന്തുഷ്ടരായ്!
വല്ലതും ഗൂഢമായിട്ടറിയന്നുണ്ടോ നിങ്ങൾ
ചൊല്ലുവിനസംതൃപ്തി നിങ്ങൾക്കും കണ്ടീലല്ലോ,
അതുമല്ലിക്കാണുന്ന വൃക്ഷങ്ങൾ നീളെ നിത്യ-
മതിസന്തുഷ്ടിയാർന്നു പറന്നുമണ്ടീടുന്ന
പൈങ്കിളി, പാരാവതമാദിയാം ഖഗങ്ങളേ!
സങ്കടം ജീവിതത്തിൽ നിങ്ങൾക്കുമില്ലതന്നെ
തടിയെത്തപസ്സിനാൽ ഹിംസിപ്പീലല്ലോ നിങ്ങളെ-
യെന്നും നായാടും നരനഭിജ്ഞനത്രേ തുലോം
കഷ്ടം നിങ്ങൾതൻ പ്രാണരക്തത്തെ പാനംചെയ്തു
പുഷ്ടമാം വിജ്ഞാനത്തിൻ ഫലമായ്‌ത്തന്നെയല്ലീ
നിഷ്ഠൂരതപഃക്ലേശം സഹിച്ചിങ്ങനെയവൻ
കിഷ്ടമാക്കുമാറായി ജീവിതം തന്നെത്താനേ."
ഉടനെക്കണ്ടുദേവനകലത്തക്കുന്നിന്റെ
യടിവാരത്തിലൂടെയുള്ള പാതയിൽനിന്നു
പൊടി പൊങ്ങീടുന്നതുമെന്നല്ലയാട്ടിൻകൂട്ടം
ഝടിതി നടന്നുപോം ചെറുശബ്ദവും കേട്ടു
ഓടിയും നടന്നുമൊട്ടിടയിൽനിന്നും തമ്മിൽ
ക്കൂടിയും രണ്ടും നാലുമായ് പിരിഞ്ഞങ്ങങ്ങൈത്തി
കണ്ട പച്ചിലകളെയൊക്കവേ കടിച്ചുടൻ
മണ്ടിയും മധുരമായ് ശബ്ദിച്ചും പാഞ്ഞുപോകും
വെളുത്തുംകറുത്തുമുള്ളൊട്ടേറെയാടുകളെ-
ത്തെളിച്ചുകൊണ്ടു ചിലർ പോകയാണതുവഴി
ചുറുക്കെ നടക്കുമായാട്ടിൻകൂട്ടത്തിലൊരു
ചെറുകുട്ടികളുള്ള പെണ്ണാടുണ്ടവൾക്കഹോ
വേഗത കിടാങ്ങൾക്കു പോരാഞ്ഞു പരുങ്ങലും
ശോകവുമായിപ്പാരമെന്നല്ല പൈതങ്ങളിൽ
ഒന്നൊരു കാലിലൊരു മുറിവേൽക്കയാലതു
തെന്നിയും തെറിച്ചുമോടീടുന്നു പിറകിലായ്
അതിനെപ്പറ്റിനിന്നാൽ മറ്റവ തെറ്റി മണ്ടു-
മതുകളോടണഞ്ഞാലിപ്പാവം കുഴങ്ങിപ്പോം
ഇടയിൽനിന്നാൽ കൂടുവിട്ടുപോമെന്നല്ല ചെ-
ന്നിടയർ തല്ലും കവിണെറിയും ദൂരെയായാൽ
ഇങ്ങനെയവൾ പരിഭ്രമിക്കുന്നതു കണ്ടുൾ
ത്തിങ്ങിയ കാരുണ്യമാർന്നക്കൃപാജലനിധി
സിദ്ധാർത്ഥൻ സകലലോകാരാദ്ധ്യൻ ഗിരിവിട്ടു
സത്വരമിറങ്ങിച്ചെന്നവിടപ്പുക്കാൻ പിന്നെ
ദേവദത്തൻ പണ്ടെയ്തുവീഴ്ത്തിയോരന്നംപോലെ
ധാവള്യമാർന്നമെയ്യിൽ ചെഞ്ചോരക്കരപൂണും
പൂവുടൽമുറിഞ്ഞ്ചൊരാവെള്ളാട്ടിൻകിടാവിനെ
സ്സാവധാനമായ് കരസാരസങ്ങളിലേന്തി
അമ്പോടു തൃത്തോളിന്മേലേറ്റിനാനുഴറിപ്പോയ്
മുമ്പേപോമജങ്ങൾതൻ യൂഥമെത്തിനാൻ ദേവൻ
ഉള്ളലിഞ്ഞുടൻ പിന്നെപ്പിറകേയോടിച്ചെല്ലും
തള്ളയാട്ടിനെ തൃക്കൺപാർത്തുചൊല്ലിനാൻ സ്വാമി
"തൂമഞ്ഞിൻനിറമാർന്ന കംബളം ചൂടീടുന്നോ-
രോമനത്തായേ, കരയേണ്ടടോ വിരഞ്ഞു നീ
പോരുവനല്ലോ കൂടി നിന്റെയുറ്റതാകുമീ-
ഭാരവും ചുമന്നു ഞാനെവിടെയെന്നാകിലും
പെരിയപണ്ഡിതന്മാരൊത്തുടൻ മുകളില-
ഗ്ഗിരികന്ദരങ്ങളിലണഞ്ഞു സംസാരത്തിൻ
ദുരിതഭാരങ്ങളെ ച്ചിന്തിച്ചും വ്യാഖ്യാനിച്ചും
മരുവിക്കാലം നയിക്കുന്നതേക്കാളും പാരിൽ
വരമായ് വരാമതിഖേദമാർന്നുഴന്നീടും
മൊരുജന്തുവിനൊരു തുണചെയ്‌വതു പാർത്താൽ"
തിരിഞ്ഞുപിന്നെസ്വാമി ചോദിച്ചാനത്ഭുതത്താൽ
വിരിഞ്ഞകണ്ണാൽ നോക്കുമിടയന്മാരോടായി:
"എങ്ങോട്ടേയ്ക്കെടോ നിങ്ങളിവയെത്തെളിക്കുന്നു
ചങ്ങാതിമാരേ, ചൊൽവിനിപ്പോഴീ മദ്ധ്യാഹ്നത്തിൽ
ആടുകൾതന്നെയടിച്ചാനായർ പതിവായി-
ക്കൂടുപൂകിച്ചീടുന്നതന്തിനേരത്തിലല്ലോ"
ചൊല്ലിരാനവർ "വിഭോ! രാജമന്ദിരത്തിങ്കൽ
ചൊല്ലെഴുമൊരുയജ്ഞമാരംഭിച്ചിരിക്കുന്നു,
നല്ലതായതിനൊരു നൂറു കോലാടുമിന്ന-
ങ്ങല്ലിലെത്തണമൊരു നൂറു ചെമ്മരിയാടും
ചൊല്ലിവിട്ടിരിക്കുന്നു ഞങ്ങളെയതിന്നായി
കില്ലുണ്ടു വൈകിപ്പോയാൽ, രാജകല്പനയല്ലേ?"
കൊല്ലുവാൻ നയിക്കയാണിവയെ യെന്നറിഞ്ഞു
വല്ലാതെ വിഷണ്ണനായൊട്ടുനിന്നുടണു ദേവൻ
ചൊല്ലിനാ "നിവയൊത്തു ഞാൻകൂടിയുണ്ടെൻപ്രിയ-
വല്ലവന്മാരേ പോകാം യജ്ഞവാടത്തിൽത്തന്നെ"
അങ്ങനെ നടകൊണ്ടാൻ സുഗതൻ ചുമലിന്മേൽ
തങ്ങിയ കിടാവുമായിടയരോടുംകൂടി
പിന്നാലെ ചിലച്ചുകൊണ്ടെത്തിയ തള്ളയാടും
ചെന്നവരെല്ലാമങ്ങു സമഭൂമിയിലായി
കൊടിയ വെയിലേറ്റു ഭഗവാൻതൻപൂമെയ്യിൽ
പൊടിയും സ്വേദനിര കണ്ടുടനകംകാഞ്ഞ
ഝടിതി സൂക്ഷ്മരൂപംധരിച്ചു കാറ്റിൽ പാറും
പൊടികളായ് ചെന്നതു തുടച്ചു ഭൂമിതന്നെ
നടന്നു പിന്നെയവർ നഗരോപാന്തദേശ-
മടുത്തു നിഴലാർന്ന "ശോണ"തൻ തീരമെത്തി
ഉടനെ കേണങ്ങണഞ്ഞീടുന്നിതൊരു ചെറു
നെടുനേത്രയാൾ ബാഷ്പപങ്കിലകപോലെയായ്
ഇടയർക്കിടയിൽപോയ് ഭഗവാനെക്കണ്ടവ-
ളടികൾ കൂപ്പീടുന്നു ചൊല്ലുന്നു സഗദ്‌ഗദം:
"ഇന്നലെ മഹാത്മാവേയങ്ങല്ലിയിതുവഴി
വന്നെന്നിൽ കനിവാർന്നു സാന്ത്വനമരുൾചെയ്തു
അടിയൻ തങ്ങീടുന്ന ഭവനമക്കാണുന്ന
വടവൃക്ഷങ്ങളാർന്ന വാടിയിലത്രേ വിഭോ!
ഒറ്റയായിവളതിൽ ഭാഗ്യത്താൽ ലഭിച്ചതാ-
മുറ്റൊരാൺകിടാവേയും വളർത്തിവാണീടുന്നു.
അക്കറ്റക്കിടാവങ്ങു പൂത്ത ഗുൽമങ്ങളക്കുള്ളിൽ
പുക്കുടൻ പതിവുപോലിന്നലെക്കളികുമ്പോൾ
ഓമനപ്‌ഫണം പൊക്കിയങ്ങണഞ്ഞാടി നില്ക്കും
ശ്രീമെത്തുമൊരുചെറുസർപ്പത്തെ മുമ്പിൽ കണ്ടാൻ.
കോമളനുണ്ണി കൊച്ചുകൈത്താരാൽ തണ്ടുനീണ്ട
താമനമൊട്ടുപോലെയതിനെച്ചെന്നെടുത്തു
കളിച്ചു തുടങ്ങിനാൻ, കൈത്തണ്ടിലതു കുളിർ-
വളകളായ് വളഞ്ഞുചുറ്റുന്ന ഭംഗി പാർത്താൻ.
പരമപ്പാമ്പു നീട്ടും നേർത്ത ലോലമാം നാക്കു
വിരലാലവൻ ചെറുകുറുകനാമ്പുപോലെ
നുള്ളുവാൻ തുടങ്ങിനാനെനെന്നല്ലെന്നറിവറ്റ
പിള്ളയസർപ്പത്തിന്റെ വായ്‌തന്നെ പിളർത്തിനാൻ
എന്തിനുചൊൽവതങ്ങു, ഞാനോടിയെത്തുംമുമ്പേ
ഹന്ത,യെന്നോമലുണ്ണി വീണുപോയ് നിലത്തവൻ
എടുത്തു പൊടിതുടച്ചമ്പോടുമാറിലേറ്റി-
ക്കൊടുത്തു ഞാനമ്മിഞ്ഞ കുടിക്കുന്നില്ലെന്നുണ്ണി
വിളറി മുഖാംബുജം പൂമിഴി രണ്ടും മൂടി
ത്തളിരുപോലെ വാടിത്തളർന്നു മേനി മങ്ങി
കളിച്ചു മണ്ടുമെന്റെയോമനക്കുട്ടൻ തങ്ങി
വിളിച്ചിട്ടുമേ വിളി കേളാതെൻമാറിൽത്തന്നെ
വിഷംതീണ്ടിയതെന്നൊരാളോതി വേറങ്ങൊരാൾ
വിഷമമയ്യോ പൈതൽ ചത്തുപോമെന്നും ചൊല്ലി
പകച്ചുനടന്നു ഞാൻ പിന്നെത്തെണ്ടിനേനെന്റെ
മികച്ച സർവസ്വമാമുണ്ണിക്കു മരുന്നു ഞാൻ
വന്മുറിവില്ലവന്നു വിരൽമേൽ കനിഞ്ഞു പാ-
മ്പുമ്മവെച്ചപോലെരു പോറൽമാത്രമേയുള്ളൂ
ഓമനിച്ചപ്പോളതുപറ്റിയതാവാമത്ര-
കോമളരൂപത്തോടു പാമ്പിനും കോപം തോന്നാം
ഇണ്ടൽകണ്ടെന്നോടോതി പിന്നൊരാൾ ഗുഹയിലി-
ങ്ങുണ്ടൊരു മഹായോഗി തപസ്സുചെയ്തീടുന്നു
കണ്ടാലുമിതാവരുന്നമ്മതാനങ്ങു ചെന്നാ-
ലുണ്ടാകുമുപായം പോയ് തൊഴുതുചൊല്ലെന്നുമേ
അങ്ങനെ യതിവര്യ! നിന്തിരുവടിതന്നെ-
ത്തിങ്ങുമുൾഭയം പൂണ്ടു കണ്ടു കൂപ്പിനേനിവൾ
വിബുധോപമനങ്ങോ തെറ്റിമാറിപ്പോയീല
യബലയാകുമെന്നെയാട്ടിയുമറ്റീല
കരഞ്ഞു കാലിൽവീണു സങ്കടം ചൊല്ലി ഞാനെൻ-
കരത്തിലാർന്നിരുന്നൊരക്കിടാവിനെത്തന്നെ
മുടുമുണ്ടകറ്റിക്കാണിച്ചിതു തിരുമേനി-
യോടിച്ചു തൃക്കണ്ണതിന്മുഖത്തു ചെറ്റുനേരം
അമ്പോടും പിന്നെക്കരതളിരാലങ്ങുതന്നെ
മുമ്പോലെ തുണി വലിച്ചിട്ടതിൻ മുഖംമൂടി
കേഴുന്നൊരെന്നെക്കനിഞ്ചൊന്നുടൻ നോക്കി സ്വാമി
ആഴക്കകരിങ്കടുകാനയിക്കെന്നു ചൊല്ലി
ഉറ്റവർ ചത്തിട്ടുള്ള വീട്ടുകാരാരും തന്നാൽ
പറ്റില്ല കടുകെന്നുമരുളി വിശേഷിച്ചും
അങ്ങനെയല്ലതതു കിട്ടുവാൻ പണിയെന്നാ-
ലിങ്ങുവന്നുണർത്തിക്ക വിവരമെന്നുമോതി
എന്നൊക്കെയവൾ പറയുന്നതുകേട്ടു ദേവ-
നൊന്നകതാരലിഞ്ഞാരോമൽപ്പുഞ്ചിരിതൂകി
കൗതുകമാർന്നുനിന്നു ചോദിച്ചു "ഹാ 'കിശോര-
ഗൗതമി' യെന്നല്ലേ നിൻപേരു പെങ്ങളേ! ചൊല്ക
കിട്ടിയോ കടുകതും നിനക്കോമലേ, നിന്റെ
കുട്ടിയിപ്പോളെങ്ങതിൻ സ്ഥിതിയുമെന്തു ഭദ്രേ!"
"ഭഗവൻ, കിടാവേയും മാറത്തു താങ്ങിച്ചെന്നീ
യഗതിയിക്കാട്ടിലും നഗരത്തിലുമുള്ള
ഭവനങ്ങളിലൊക്കെത്തെണ്ടിനേൻ കടുകിനാ
യവിടെയെങ്ങുമതു കിട്ടീല കൃപാനിധേ!
ത്തരണേയൊരുപിടിക്കടുകെന്നഴുതോരോ
പുരവതുക്കലെത്തുമെന്നെക്കണ്ടലിഞ്ഞുടൻ
തരുവനെന്നുരച്ചു സാധുക്കൾ കൊണ്ടുവന്നു
വിരവിലേകി, --കൂറുണ്ടെളിയോർക്കെളിയോരിൽ
'മരിച്ചിട്ടുണ്ടോയിങ്ങു വല്ലോരുമുറ്റോ'രെന്നു
വിരഞ്ഞുപിന്നെച്ചോദിച്ചീടിനേ, നവരെല്ലാം
ചിരിച്ചുകൊണ്ടുചൊന്നാ, 'രെന്തുസോദരീ ചൊൽവൂ
മരിച്ചോരല്ലേയേറെ, യിരിപ്പോർ കുറവല്ല്ലേ!'
തിരിച്ചു കടുകവർക്കേകി ഞാൻ നമസ്കാര-
മുരച്ചു കണ്ണീർവാർത്തു വേറൊരു ദിക്കിൽ പോയേൻ
പലരുമങ്ങുണ്ടതു നൽകീടാമെന്നും ചൊന്നാർ
ഫലമെന്തുള്ള മൃത്യു കേറാത്ത പുരയില്ല
ഒരു ഗേഹത്തിലൊരു മുത്തശ്ശി മരിച്ചുപോ-
യൊരുമന്ദിരത്തിലെയച്ഛനമ്മപോർ പോയീ
പിന്നൊരു വീട്ടിലെരു ചെറിയ പുത്രൻ പോയീ
കന്യകയൊന്നു പോയീ കഷ്ടം വേറൊരു വീട്ടിൽ;
ഒരു ഗേഹിനി പിന്നെബ്‌ഭഗിനി! കടുകുണ്ടു
വരികതരാമെന്നു ചൊന്നുടനദ്ധാന്യത്തെ-
യഴുതു വിതച്ചയാൾ വിളയും മുമ്പുണ്ടായ
മഴക്കാലത്തുതന്നെ പോയതു കേണുചൊന്നാൾ
അങ്ങനെ ഞാൻ കുഴങ്ങി കല്പിച്ചമട്ടിൽ കടു-
കെങ്ങുമേ കിട്ടാതെകണ്ടായ് കേണു മടങ്ങിനേൻ
പിന്നെയും തടിയേറെത്തണുത്തു വെറുങ്ങലി-
ച്ചെന്നോമൽകിടാവഹോ കിരക്കുന്നിന്നും വിഭോ!
വഴിയിലിന്നും തിരുവടിയെക്കണ്ടു ഞാനി-
പ്പുഴവക്കിൽ കാണുന്ന പൂവള്ളിക്കുടിലുള്ളിൽ
ഉഴറിയെന്നുണ്ണിയെ വച്ചുകൊണ്ടോടിപ്പോന്നേൻ
തൊഴുതു വീണ്ടും തൃക്കാൽ ശരണം പൂകിക്കൊൾവാൻ
എപ്രകാരമമ്മരുന്നെനിക്കു കിട്ടീടുന്നി-
തെപ്പോഴെൻകിടാവിനിയുണർന്നു കളിപ്പതും
കല്പിക്കേണമേ! കരൾ കത്തുന്നു കൃപാനിധേ!
മൽപ്രാണത്തിടമ്പുണ്ണി മരിച്ചുപോയില്ലല്ലീ?
ചിലരങ്ങനെയുമോതുന്നുണ്ടു കനിവറ്റോർ
ചലിക്കുന്നിതെൻചിത്തം ചൊല്ലുക സത്യം വിഭോ!"
എന്നു കേണരുളീടുമവളെ നോക്കിച്ചെറ്റു
മന്ദമന്ദസ്മിതാർദ്രവദനൻ ചൊന്നാൻ ദേവൻ:
"ആർക്കുമേ ലഭിയാത്തൊരൗഷധം നിനക്കഴൽ
പോക്കുവാനുപായമായുരച്ചു ഭഗിനീ, ഞാൻ,
ചെന്നതുകൊണ്ടുവരാൻ കേനെങ്ങുമലഞ്ഞു നീ-
യിന്നതിൻപൊരുൾ താനേയറിയുമാറായില്ലേ?
ഇന്നലെ നിന്റെ മാറിൽ ചത്തുതാൻ കിടന്നിതു
നിന്നുയിരിലും പ്രിയമാർന്ന നിന്നിളംപൈതൽ
മരണജന്യദുഖം നിന്നെയല്ലെല്ലാരെയും
കരയിക്കുന്നുണ്ടെന്നതിന്നു നീയറിഞ്ഞില്ലേ
അന്യതാപങ്ങളേറെക്കാണുകിൽ കണ്ണീർ തപ്ത-
ധന്വാവിൽ നദിപോലെ തടഞ്ഞുപോകും ബാലേ!
അല്ലലിനൊട്ടാശ്വാസമേകുവാൻമാത്രമതു
ചൊല്ലിനേൻ കഷ്ടം! നിന്റെയുണ്ണിട്തൻ പ്രാണത്രാണം
കേവലമെന്നാൽ ശക്യമായിരുന്നെങ്കിലെന്റെ
ജീവനെവെടിഞ്ഞും ഞാൻ ചെയ്യുമായിരുന്നെടോ!
അങ്ങനെ ഭദ്രേ! സ്നേഹമാധിയായ് കലാശിപ്പീ-
ച്ചെങ്ങും ജീവികൾക്കേകവൈരിയാം, യജ്ഞത്തിനു
പൂവനത്തിലും പുതുശാഡ്വലത്തിലും കൂടി
പാവങ്ങളീയാടുകൾ നമ്മെപ്പോലകരുണം
മർത്യരെ നയിച്ചുടൻ കൊന്നൊടുക്കുന്ന ദുഷ്ട-
മൃത്യുവെയിന്നുതന്നെ വെല്ലുമായിരുന്നു ഞാൻ
പോക പെങ്ങളേ! ദഹിപ്പിക്കയുണ്ണിയെ, മൃത്യു-
ശൊകത്തെജ്ജയിക്കുവാൻ മാർഗ്ഗമാരായട്ടെ ഞാൻ."
ഇടയന്മാരോടൊത്തു പിന്നെയും യഥാപൂർവ്വം
നടകൊണ്ടാശു ദേവൻ നഗരമെത്തീടിനാൻ
വടിവിലുടൻ ദൂരെശ്ശോണതൻ പ്രവാഹത്തിൽ
തടവിത്തുടങ്ങിനാൻ ഭാനുമാൻ തങ്കച്ചായം
തെരുവിലെങ്ങും നീണ്ട നിഴലിൻ ശ്യാമച്ഛായ
പരത്തിക്കൊണ്ടും നിന്നാൻ ചാഞ്ഞ ചെങ്കരങ്ങളാൽ
കോട്ടവാതുക്കലുടൻ ചെന്നണയുന്നിതാട്ടിൻ-
കൂട്ടവുമിടയരും തേജസ്വി ഭഗവാനും
ഹന്ത! തൃത്തോലിലാട്ടിൻകുട്ടിയെയേന്തിപ്പോകും
ബന്ധുരോദാരമായ ഭിക്ഷുവിൻരൂപം കണ്ടു
സംഭ്രമാശ്ചര്യഭക്തിബഹുമാനാകുലമാ-
യമ്പരന്നെങ്ങും ഭടജനങ്ങളെന്നല്ലുള്ളിൽ
അങ്ങാടിത്തെരുവിലുള്ളാളുകൾതാനങ്ങങ്ങു
തങ്ങിയ ഭാരവണ്ടിമാറ്റുന്നു വഴി നൽകാൻ
കൊള്ളലും കൊടുക്കലും ചെയ്‌വവർ വിലചൊല്ലി
ത്തൊള്ളകൾ തുറപ്പതു നിർത്തി മൗനമായ് ക്ഷണം
സ്വാന്തത്തിൽ കൗതൂഹലമാർന്നുടൻ ഭഗവാന്റെ
ശാന്തമോഹനമുഖപങ്കജം വീക്ഷിക്കുന്നു
കൂടമുച്ചത്തിലോങ്ങി ഞരമ്പു ചീർത്ത കൈക-
ളോടെനില്ക്കുന്നു തല്ലാൻമറന്നു പെരുംകൊല്ലൻ
ഓടവും നൂലുമാർന്നു; തറിയിൽതന്നെ കൈക-
ളോടാതെ മേൽമെയ് ചാച്ചു ചാലിയനിരിക്കുന്നു
കണക്കേട്ടിൻമേൽനോട്ടം തെറ്റിപ്പോയ്‌കായസ്ഥനു
പിണങ്ങി കവടികൾ നാണയവ്യാപാരിക്കും
എന്തിനു വിസ്തരിപ്പുതരിവിൽനിൽക്കുന്ന ചെട്ടി-
യന്തികമെത്തും ഭവ്യഭിക്ഷുവിൻരൂപം നോക്കി
അമ്പരന്നിരിക്കവേ പീടികതന്നിൽകേറി-
യമ്പലത്തിലെക്കാളയരികൾ മുറ്റും തിന്നു,
ഹന്ത പൈക്കറപ്പോരുമങ്ങനെയിരുന്നു പാൽ
മൊന്തകൾ നിറഞ്ഞൊഴുകീടുന്നതറിയാതെ
കൂടി വാതിലുതോറുമങ്ങങ്ങു തിങ്ങിപ്പല
പേടമാന്മിഴിമാരും തങ്ങളിൽ തർക്കമായി
ആരുവാനഹോ ശാന്തഗംഭീരമനോഹരൻ
പോരുന്നു യജ്ഞത്തിനിങ്ങാടുകൾ തെളിച്ചിവൻ
ഗോത്രമേതിവനുടെ വർണ്ണമേതാവോ ഹന്ത!
ഗാത്രമാർന്നെഴും കാമനൊക്കുമിശ്രമണനു
തണ്ണീർതാരിതളൊത്തു നീണ്ടഗ്രം ചുവന്നൊരി
ക്കണ്ണുകൾ മോഹനങ്ങളെങ്ങനെ കിട്ടിയാവോ
ഇന്ദ്രൻതാൻ യജ്ഞമുൺമാൻ പ്രത്യക്ഷീഭവിക്കയോ
ചന്ദ്രൻതാൻ മൃഗമേന്തി മതിസന്ദേഹം സഖിമാരേ!
മഹർഷിമാരോടൊത്തു മലയിൽ തപം ചെയ്യും
മഹനീയനായോഗിയത്രേയിമ്മഹാഭാഗൻ,
തെരുവിലീയുണ്ടായ സംഭ്രമം തെല്ലുമുള്ളി-
ലറിയാതെതാനജയൂഥവുമൊത്തു മെല്ലെ
നിയതേന്ദ്രിയൻ സ്വാമി നടന്നു പോയീടിനാൻ
"സ്വയമന്തരാ ജന്തുമരണചിന്താതുരൻ
കഷ്ടമെൻപ്രിയമേലും ജീവജാലമേ? നിങ്ങൾ
വിഷ്ടപത്തിങ്കലൊരു നേതാവുമില്ലാതെതാൻ
അന്ധകാരത്തിൽ കിടന്നലഞ്ഞുതിരിയുന്നു
സ്വന്തരക്ഷയും രക്ഷാമാർഗ്ഗവുമറിയാതെ
കേവലമെന്നല്ലഹോ യജ്ഞത്തിൽ ബലിക്കിന്നു
നാവില്ലാത്തൊരിസ്സഹോദരങ്ങൾപോലെതന്നെ
അന്തകനോങ്ങും കരവാളിൻ വായിലേയ്ക്കല്ലോ
ഹന്ത പോവതും നിങ്ങൾ ചിലച്ചും പുലമ്പിയും!"
എന്നെല്ലാം ദയാകുലൻ ചിന്തിച്ചു ചിന്തിച്ചഹോ
ചെന്നുടൻ യജ്ഞവാടനികുടമെത്തീ ദേവൻ
യാഗശാലയിൽ ദീക്ഷിച്ചരുളും നൃപനോടു
വേഗമങ്ങൈത്തിയൊരു കിങ്കരനുണർത്തിച്ചു
യോഗീന്ദ്രനൊരാളാട്ടിൻകുട്ടിയെച്ചുമലിൽവ-
ച്ചാഗതനായെന്നുള്ള വാർത്തയും സകൗതുകം
പിന്നെയാടുകളോടുമകത്തുപുക്കു ദേവൻ
മന്നവൻ ഹോമശാലതന്നിൽ നില്പതു കണ്ടാൻ
വരിയായ് ശുഭ്രവസ്ത്രം ധരിച്ചു മന്ത്രം ജപി-
ച്ചിരുപാർശ്വവും നില്ക്കാന്തണർതന്മദ്ധ്യത്തിൽ
സുഗന്ധാഢ്യമായിന്ധനോച്ചയത്തിന്മേൽ കുത്തി
പ്രകടജ്വാലനീട്ടി ഭൂഭൂ ശബ്ദ മോടാർത്തും
ചൊരിയും നെയ്യും സോമരസവുമുണ്ടു ജൃംഭി-
ച്ചെരിഞ്ഞു വാച്ചുപൊങ്ങി വായുവിൽ തത്തിക്കേറി
സ്ഫുലിംഗങ്ങളാൽ പൊട്ടിച്ചിരിച്ചു ഘോരമായി
ജ്വലിച്ചിതങ്ങു മദ്ധ്യഹോമകുണ്ഡത്തിലഗ്നി
തീമലയതിന്നടിവാരത്തെ വലംവച്ചു
ധൂമസംവൃതമായ് ചേർന്നൊലിച്ചു മണലൂടെ
ആ മഹത്തിങ്കൽ ബലികഴിച്ചൊരജങ്ങൾതൻ
ഭീമമാം രക്തനദി പാഞ്ഞുകൊണ്ടിരുന്നിതു
അങ്ങടുത്തുതാൻ മെയ്യിൽ പുള്ളികൾ പൂണ്ടുനീണ്ട
ശൃംഗങ്ങളാർന്നുള്ളോരു കോലാടും കിടന്നിതു
ഉദ്ഗളനാളം പിന്നോക്കം തിരിച്ചഹോ മുഞ്ഞ
പ്പുൽക്കയറാൽ കെട്ടിയ ഖിന്നമാം ശിരസ്സോടും
അതിന്റെ കഴുത്തിൽ താൻ മൂർച്ചയേറിയ കത്തി-
യദയം ചേർത്തു താഴ്ത്തിനിന്നു വൈദികനേകൻ
ദ്വൈവതങ്ങളേ! തുഷ്ടി നേടുവിൻ ചുടുചോര
തൂവുമീമേഷരത്നംതന്നെ നോക്കുവിൻ നിങ്ങൾ.
ഭൂപതിബിംബിസാരനിതിനെയർപ്പിക്കുന്നു
ഹാ! ബലിയായ് നിങ്ങൾക്കീനെടിയ യജ്ഞാന്തത്തിൽ
എരിഞ്ഞീടുമീ മണമാർന്നൊരഗ്നിയിൽ വെന്തു
പൊരിഞ്ഞമാംസത്തിന്റെ മേദുരസൗരഭത്തെ
സരസം സ്വദിച്ചു ചിത്താനന്ദമാർന്നീടുക
പരമീയാട്ടിന്റെ മേലാവാഹിച്ചിരിപ്പോരു
നരനായകൻതെന്റെ പാപപങ്കങ്ങളെല്ലാം-
മെരിതീയിൽത്തന്നെ വെന്തുവെണ്ണീറായ്‌പോക,
വെട്ടുന്നുമേഷത്തെ ഞാനെന്നുചൊല്ലീനാൻ മന്ത്രം,
പെട്ടെന്നു കടന്നെത്തി ഭഗവാൻ കൃപാകുലൻ:
"അരുതു മഹാരാജ, വെട്ടുവാനയയ്ക്കരു-
തുരുസാഹസമങ്ങിസ്സാധുജന്തുവെ" യെന്നു
കരൾനൊന്തോതീടിനാൻ കൂസാതെ കോലാടിനെ
വിരവിൽചെന്നു കയറഴിച്ചുവിട്ടീടിനാൻ
ആരുമേ തടുത്തതുമില്ലഹോ ധീരനാമ-
ക്കാരുണികനെ സ്വയം തന്നുടെ തേജസ്സിനാൽ.
മന്നവൻതന്നെനോക്കി മുമ്പിൽനിന്നുദാരമായ്
പിന്വെയപ്രാണികൃപാവാരിധിയരുൾചെയ്താൻ;
"ജീവിതമാർക്കും പ്രിയതമമാകുന്നു വിഭോ,
ജീവലോകത്തിൽ സുഖസംശ്രയമതാകുന്നു.
കേവലം പുഴുവിനും കേമനാം മനുഷ്യനും
ദേവനുതാനുമതിൽ മമതതുല്യമല്ലോ.
അതിനോടഭിമാനബന്ധംകൊണ്ടല്ലോ കാണ്മൂ
മൃതിയിൽ ജന്തുക്കൾക്കു പേടിയും ഞടുക്കവും
അതമേകുവാനാർക്കുമെളുതാമിജ്ജീവിതം
ഹന്ത ഭൂപനുപോലും നിർമ്മിപ്പാനരുതല്ലോ.
വിസ്മയാവഹമൊരു തത്വമാണതെന്നതു
വിസ്മരിച്ചഹോ മർത്യനതിനെ ഹിംസിക്കാമോ?
വിടുർത്തീടും പ്രാണനെ പ്രത്യർപ്പികുവാൻതന്നെ
മിടുക്കു നമുക്കില്ല-കൊല ചെയ്യരുതാരും.
അതുമല്ലോർത്താൽ ദയയേലുവോർക്കിജ്ജീവിത-
മതുലമായ ദൈവാനുഗ്രഹമല്ലോ പാരിൽ.
ദയ, ശക്തിഹീനരെയാശ്വസിപ്പിച്ചീടുന്നു
സ്വയമേകുന്നു ചരിതാർത്ഥത, ശക്തന്മാർക്കും
ഘാതകൻ നിജ ദയാഗുണത്തെ ഹനിക്കുന്നു
രോധിച്ചീടുന്നു കൊന്നജന്തുവിൻ ഗതിയേയും
കർമ്മപാശത്തിൻകീഴും മേലുമായ് പലവിധ-
ജന്മമാർന്നിയലുന്ന ജീവജാലങ്ങൾതന്നെ
ഉണ്മയോർക്കുകിലും സഹോദരരല്ലോ തമ്മി-
ലന്മുറ നിനച്ചാലുമൊന്നിനെക്കൊന്നിടാമോ?
എന്നല്ല നറുമ്പാൽ നല്ലോമനപ്പൂരോമങ്ങ-
ളെന്നിതുകളാം നിജസർവസ്വം നമുക്കേകീ
നമ്മളെ വിശ്വസിച്ച നാളുകൾ നയിക്കുന്ന
കല്മഷമോരാതുള്ള കൂട്ടങ്ങളീയാടുകൾ
വിളിച്ചവഴി പോരുമിത്തൃണാശികൾ നീട്ടും
ഗളനാളത്തെപ്പിടിച്ചറുക്കെന്നതു കഷ്ടം !
എന്തൊരു കുടിലത, യെന്തുനിഷ്കരുണത-
യെന്തൊരക്രമമെത്ര നിഷ്ഠൂരമഹാപാപം
പുണ്യസോപാനമേറാൻ മോഹിച്ചുയജ്ഞംചെയ്തു
നിർണ്ണയം നിങ്ങൾ നരകാബ്ദിയിൽ പതിക്കുന്നു
ദേവന്മാരോടു ദയയിരപ്പാൻ നാണമില്ലി-
പ്പാവങ്ങൾ തൻപ്രാണനിൽ നിർദ്ദയർ നിങ്ങൾക്കഹോ!
ഹന്ത നൽസുധാശനർ ചോരയാം ബലികൊണ്ടോ
സന്തുഷ്ടരായീടുന്നു രാക്ഷസരാണോ വിണ്ണോർ?
പാഴാണു പാപഷാളനാശയുമീയജ്ഞത്താൽ
കോഴയാൽ പ്രസാദിക്കും കൃപണരല്ലീശന്മാർ
പരമിങ്ങൊരാൾചെയ്ത പാപത്തെ നിരാഗസ്സാം
പരജന്തുവിൽ പരിസംക്രമിപ്പിക്കെന്നതും
കരുതീടുകിൽ വൃഥാ ദുർമ്മോഹമത്രേ പാരി-
ലരുതാർക്കുമേ കൃതമന്യഥാകരിക്കുവാൻ
അറിഞ്ഞെങ്കിലുമറിയാതെയെങ്കിലും സ്വയ-
മൊരുവൻ ചെയ്തീടുന്ന നന്മതിന്മകളെല്ലാം
ശരിയായവനനുഭവിച്ചീടണം കർമ്മ-
പരിപാകത്തിൻശക്തി തടവാൻ കൈകളില്ല.
അകക്കാമ്പിൽ നിനയ്ക്കുന്നതും പിന്നെ വാക്കാൽ
പ്രകടിപ്പിക്കുന്നതും കൈകളാൽ ചെയ്യുന്നതും
സകലം നോക്കിനിന്നു സർവദാ കർമ്മനീതി
ശകലം തെറ്റാതെകണ്ടൊക്കവേ കുറിക്കുന്നു
അകലമതിനില്ലൊട്ടന്തികം താനുമല്ല
മികവേറുവോരെന്നുമെളിയോരെന്നുമില്ല
ആർക്കും തുല്യമായാർക്കുമധൃഷ്യമായ് വായ്പോരു
നീക്കുപോക്കില്ലാത്തോരന്നിയമം സനാതനം
ചേർക്കുന്നു ക്രിയാഫലം കർത്താവിൽ യഥാകാലം
തൂക്കവും തോതും മാറ്റുമളവും മറക്കാതെ
നിങ്ങൾ കൊല്ലും ജന്തുക്കൾ നിങ്ങളായ് ജനിച്ചീടാം
നിങ്ങലെക്കൊൽവാനവ ഖഡ്ഗങ്ങൾ ധരിച്ചീടും
എങ്ങനെയൊഴിക്കാവൂ ദൃഷ്കൃതം ബ്രഹ്മാണ്ഡത്തി-
ലെങ്ങുപോയിളിക്കാവൂ നിയതി വിളിക്കുമ്പോൾ?
ഓർക്കുവിനയ്യോ ചെന്നു ചാടായ്‌വിൻ മറ്റു മണ്ണാൽ
തൂർക്കുവാനരുതാത്ത നരകഗർത്തങ്ങളിൽ."
ഭഗവാൻ കൃപാപരതന്ത്രനായ് നിന്നിങ്ങനേ
നിഗദിക്കുന്ന തത്വം കേട്ടുടൻ വിലക്ഷരായ്
സത്വരമൃത്വിക്കുകൾ രക്തത്താൽ ചുവന്ന കൈ-
യുത്തരീയത്തിൻതുമ്പാൽ മറച്ചുകൊണ്ടീടിനാർ-
മന്നവൻതാനുമുടൻ തൊഴുതന്മഹാത്മാവിൻ-
സന്നിധിപുക്കു ഭക്തിനമ്രനായ് നിന്നുകൊണ്ടാൻ
പിന്നെയും ചൊന്നാൻ ദേവൻ "പ്രാണിസഞ്ചയമെല്ലാ-
മന്യോന്യമുടപ്പിറപ്പാകയാൽ സ്നേഹാർദ്രരായ്
സന്തതമിണങ്ങി വാണീടുമെന്നാകിൽ പാർപ്പാ-
നെന്തൊരു മനോജ്ഞമാം കുടുംബമിബ്‌ഭൂലോകം.
ജന്തുവിൻ ജീവരക്തം മലിനമാക്കാതെ താ-
നെന്തുഭോജ്യങ്ങളുണ്ടിവിടെസ്സുഭിക്ഷമായ്
അന്നപാകത്തിന്നതി സ്വാദേലും മണിനെല്ലിൻ-
പൊന്നോമല്കതിരുകൾ വ്രീഹിയിൽ വിളയുന്നു
വിമലകാന്തിതേടും തേൻകനിക്കുലകളെ-
ച്ചുമന്നുനിന്നീടുന്നു വൃക്ഷങ്ങൾ മനോജ്ഞങ്ങൾ
മധുരകന്ദങ്ങളെ നിലത്തുമറച്ചഹോ!
നിധിപോൽ നമുക്കായി വള്ളികൾ സൂക്ഷിക്കുന്നു;
സദയം ഭൂമി തന്നെ തരുന്നു സ്വച്ഛമാം തൻ-
ഹൃദയമലിഞ്ഞൂറും സ്ഫടികവാരിപൂരം;
മറിച്ചു, നിർദ്ദയമായ് കേഴും പ്രാണിതൻ കഴു-
ത്തറുത്തു ലഭിക്കുന്ന നിസർഗ്ഗബീഭത്സമാം
രക്തമാംസങ്ങൾ നരഭോജ്യങ്ങളല്ലോർക്കുവിൻ.
യുക്തമല്ലതുകളാൽ ദേവരെ യജിപ്പതും."
ഇത്തരമുപന്യസിച്ചരികിൽ നിൽക്കും സാക്ഷാൽ
ബുദ്ധന്റെ കൃപോർമ്മിയാൽ ഹൃതഹൃത്തുക്കളായി
എറിഞ്ഞുകളഞ്ഞിതു കത്തിയ ശ്രോതീയന്മാ-
രെരിഞ്ഞ ഹോമാഗ്നിയെക്കെടുത്തിക്കളഞ്ഞിതു
മന്നവൻ ബിംബിസാരനിങ്ങനെയനന്തരം
തന്നുടെ രാജ്യമെങ്ങും ഘോഷിച്ചു വിളംബരം:
"ദേവയജ്ഞങ്ങൾക്കായെന്നല്ലീ നമ്മുടെനാട്ടിൽ
കേവലം ഭക്ഷണാർത്ഥമായും താനനവധി
ജീവജാലത്തെ വധിച്ചിടുമാറുണ്ടതെല്ലാം
ഭാവുകമല്ലായ്കയാലിന്നു നാം തടയുന്നു.
അനഘപ്രാണികളെ ഹിംസിച്ചീടരുതാരു-
മിനിമേൽ മാംസംതന്നെ ഭക്ഷിച്ചീടരുതാരും.
ജീവിതമൊന്നുതന്നെ ജന്തുക്കൾക്കെല്ലാറ്റിനും
ഭാവിജന്മങ്ങൾ തോറും വിജ്ഞാനം വിടരുന്നു.
കാരുണ്യം ലഭിക്കില്ല കാരുണ്യമില്ലെങ്കിലാ-
ക്കാരണങ്ങളാൽ ഹിംസ ഹേയമായ് നാം കാണുന്നു."
ഇത്തിരുവാജ്ഞ വിളിച്ചറിയിപ്പിച്ചെന്നല്ല
കൊത്തിച്ചു നൃപൻ ശിലാകൂടങ്ങൾ തോറും പിന്നെ
പ്രത്യേകമഭിജ്ഞാന സ്തംഭങ്ങൾ തന്നെ തീർത്തു
വ്യക്തമായെഴുതിയും വായ്പിച്ചിതതുകൾമേൽ,
കൊന്നീല ജനമൊരുജന്തുവെയന്നാൾമുതൽ
തന്നീലാമിഷം രക്തബലിയും തൂവീലാരും
എന്നല്ല പക്ഷിമൃഗാദികളാം പ്രാണികളോ-
ടന്യോന്യസ്നേഹപാശബദ്ധരായ് ശാന്തരായി
മംഗളമായ് കഴിഞ്ഞൂ മനുഷ്യർ മനോജ്ഞമാം
ഗംഗതൻ തീരത്തുള്ള മാഗധദേശങ്ങളിൽ
ജലത്തിൽ കുമിളപോൽ ജനിച്ചും മൃതിയാർന്നും
നിലനിൽക്കാത്ത സുഖദുഃഖങ്ങൾ നുകർന്നുമേ
വലയും മനുഷ്യനു മറ്റു ജന്തുവ്രതത്തോ
ടലിവിൻബന്ധം സമക്ലേശസംബന്ധം കൊണ്ടും,
വിശദമാക്കീ ജന്തുകരുണാനിധിബുദ്ധൻ
വശവർത്തിയായ്ത്തീർത്തു ലോകത്തെയെന്നേ വേണ്ടൂ
ഇന്നുള്ളതല്ലിമ്മഹാത്മാവിലുജ്ജ്വലിക്കുന്നോ-
രുന്നതമാകും സ്നേഹമാഹാത്മ്യം ഭഗവാന്റെ
കരുണാശിശിരമാം ചാരുപ്രാക്തനജന്മ-
ചരിതലേശം കേൾക്കിൽ കോൾമയിർക്കൊള്ളും വിശ്വം
പണ്ടൊരു കാലത്തൊരു ഭൂസുരനായ് ജനിച്ചു
'മുണ്ഡക' ശൈലം പുക്കു മുനിയായ് വാണു ബുദ്ധൻ
'ദാളിദാ'ഖ്യമായ കുഗ്രാമത്തിലടവിയാൽ
കേളിയേറീടും വിന്ധ്യപർവ്വതപ്രാന്തത്തിങ്കൽ,
അവിടെയന്നൊരിക്കൽ ക്ഷാമത്താൽ ജനങ്ങളെ
വിവശരാക്കിച്ചെയ്തിതുഗ്രമാമനാവൃഷ്ടി
എരിയും വെയ്ലാൽ നട്ട ഞാറുകൾ വെന്തകാല-
നരബാധിച്ചമട്ടിൽ വെളുത്തു വയലുകൾ
കുളവും കൂപങ്ങളുമൊക്കവേ വറ്റിയാറ്റി-
ന്നളവോരാത്ത കയം കൂടിയും വരണ്ടുപോയ്
പട്ടിണി കൊണ്ടു പാരം വലഞ്ഞ പ്രദേശത്തെ
വിട്ടന്യരാജ്യങ്ങളിലാളുകളോടിപ്പോയി.
അടവിതാനും കാട്ടുതീയാലും വെയിലാലു-
മടവേ കരിഞ്ഞതിൽ തങ്ങിയ ജീവജാല-
മൊട്ടങ്ങു ചത്തൊടുങ്ങി, യുഴറിയോടിപ്പോയി-
തൊട്ടന്യവനങ്ങളിൽ പൈദാഹശാന്തിക്കായി.
അന്നൊരു സായാഹ്നത്തിലമ്മുനിവര്യൻസ്വന്തം
കുന്നിന്റെ ചരിവൂടെയേകനായ് പോയീടുമ്പോൾ
അരികത്തങ്ങു ജലം വറ്റി ശുഷ്കമായുള്ളോ-
രരുവിച്ചാലിന്നടിക്കെഴുന്ന പാറക്കെട്ടിൽ
സങ്കടം, വിശപ്പുകൊണ്ടാർന്നുടൽ തളർന്നൊരു
പെൺകടുവായുമതിൻ പിഞ്ചിളം കിടാങ്ങളും,
തൂക്കായ കരകണ്ടും കാഞ്ഞെഴും കടും ചൂടിൽ
വായ്ക്കുന്ന വിവശതകലർന്നു കിടന്നിതു.
ചെറ്റിടയാ വ്യാഘ്രിയെനോക്കിക്കൊണ്ടങ്ങുതന്നെ
യുറ്റ കാരുണ്യമാർന്നു നിന്നിതത്തപോധനൻ.
ഇണ്ടലാർന്നവൾക്കഹോ! താണു മിന്നുന്ന കണ്ണു-
രണ്ടിലുമിളം പച്ചത്തീപ്പൊരി പറക്കുന്നു.
ചൂളി തൂങ്ങുന്ന താടിയെല്ലുമച്ചുണ്ടും വിട്ടു
വെളിക്കു ചാടി ശുഷ്കരസന നീണ്ടുമേന്മേൽ
ഇളകുന്നുണ്ടവൾക്കു വീർപ്പുകൾ തോറും കത്തി-
വളർന്നുപാളും ജഠരാഗ്നിതൻ ജ്വാലപോലെ.
പൊന്നൊളിവർണ്ണത്തിങ്കൽ കാർവരി കലർന്നേറ്റം
മിന്നുന്ന മിനുസമാമോമൽതോൽ മാംസമെന്യേ
വാരിയെല്ലിന്മേൽ തൂങ്ങിയക്കടുവായ്ക്കു പഴം-
കൂരമേൽ മേഞ്ഞ ജീർണ്ണതൃണം പോലടിയുന്നു,
ഒട്ടിഞ്ഞാന്നേറ്റം നേർത്ത വയറ്റിൻ മീതേ തന്റെ
കുട്ടികൾ കഷ്ടം വാടി വലഞ്ഞു കയറുന്നു
തപ്പിയമ്മിഞ്ഞക്കാമ്പിൻ ചണ്ടിയെച്ചെന്നൂറ്റിയും
തുപ്പിയുമുഴലുന്നു - തുള്ളി നീരതിലില്ല
അത്തലാർന്നു കണ്ടൊട്ടാശ്വസിപ്പിപ്പാൻ തള്ള-
യെത്രയുമലിവോടെ നക്കുന്നു ശിശുക്കളെ,
പാർശ്വസ്ഥമായ മണൽതടത്തിലാഞ്ഞു ചെന്നു
പാർശ്വഭാഗം തിരിഞ്ഞു കിടന്നുകൊടുക്കുന്നു
ആനതമായ് പൂഴിയിൽ പൂന്തിയ മുഖത്തോടെ
ദീനകണ്ഠിയായ് മുറ്റും മുരണ്ടു മുരണ്ടുമേ
മുമ്പിൽ മന്ദമായ് പിന്നെത്താരമായൊച്ച നീട്ടി
വെമ്പലാർന്നവൾ ശരമേഘം പോലലറുന്നു
ഇക്കഷ്ടസ്ഥിതി കണ്ട് കൃപയല്ലാതെ മറ്റൊ-
ന്നുൾക്കാമ്പിൽതോന്നാതഹോ! നിനച്ചു ബോധിസത്വൻ
അലിവന്യർക്കു തോന്നില്ലിവളിൽ കൊടുങ്കാട്ടിൽ
കൊലപാതകം ചെയ്തു കുമ്പ പോറ്റുവോളിവൾ,
അസ്തമിക്കുമ്പോഴേയ്ക്കിക്കുട്ടികളോടും, പാവം
ചത്തുപോമിവറ്റയെ രക്ഷിപ്പാനാരുമില്ല
കൊറ്റിനു ലഭിച്ചെന്നാൽ ജീവിക്കും കുടുംബമി-
തുറ്റവരായിട്ടാരുമില്ലിവയ്ക്കടുത്തുമേ
കേണിവ ചാകുന്നതും കണ്ടിരിക്കാവതല്ലോർത്താൽ
പ്രാണരക്ഷണത്തേക്കാൾ സുകൃതമില്ലതാനും
പിന്നെ മച്ഛരീരത്തിലാമിഷമുണ്ടതേകി-
യെന്തുകൊണ്ടിവയ്ക്കെനിക്കുപകർത്താവായ് കൂടാ?
എന്തുകൊണ്ടിവളുടെ തർഷദഗ്ധമാം നാക്കെൻ-
സ്വന്തരക്തത്താൽ തന്നെ ശിശിരമാക്കിക്കൂടാ?
മറ്റാർക്കുമിതിലൊരു ദോഷവും വരാനില്ല
പറ്റുവാനില്ലെനിക്കുമൂനമൊന്നിതിനാലേ
സ്നേഹാർത്ഥമായ് ഞാനാത്മസ്നേഹത്തെ ഹോമിപ്പതും
സാഹസമല്ല സ്നേഹം സ്നേഹവൃത്തിയായ് വായ്പൂ.
എന്നുരചെയ്തു മെല്ലെക്കൈവടി താഴത്തിട്ടു
മന്നിൽതൻ തൻ തിരുമെതിയടികൾ വിട്ടിറങ്ങി
ആടയും തലക്കെട്ടും പൂണൂലുമഴിച്ചുവ-
ച്ചാടൽ കൂടാതെ കൃപാശൂരനമ്മഹാപുമാൻ
നടന്നു പിന്നിലൂടാ വ്യാഘ്രത്തിൻ മുമ്പിലഹോ!
കടന്നു ചെന്നു ചെറ്റു ദൂരെനിന്നുര ചെയ്താൻ:
"അമ്മേ നിന്നാഹാരമായിശ്ശരീരത്തെത്തന്നെ
ചെമ്മേ നീ തിന്നുകൊൾക ജീവിക്ക സകുടുംബം"
ഇമ്മൊഴിയവസാനിച്ചില്ലതിൻമുൻപുതന്നെ-
യമ്മഹാത്മാവിന്റെ മേലലറിക്കുതിച്ചഹോ!
ഇടിവാൾപോലെ വീണാപ്പെൺനരി, യദ്ദേഹത്തെ
പൊടിയിൽ മറിച്ചിട്ടു പിടപ്പിച്ചാർത്തിയോടേ
ഝടിതി മീതേയാഞ്ഞു വൻകുഠാരികളൊത്ത
കുടിലനഖങ്ങളാൽ കോമളമാം തദംഗം
മാന്തി മാംസം പൊളിച്ചു കടിച്ചു കടുംചോര
മോന്തുവാൻ തുടർന്നിതക്കടുവായുടെ വായിൽ
ചമ്പകമൊട്ടോടൊത്ത മഞ്ഞവീരപ്പല്ലുകൾ
ചെമ്പരത്തിതൻ മുകുളങ്ങൾ പോൽ ചുകന്നിതു
വിസ്തരിക്കുന്നതെന്തിനു നിർഭയമാം സ്നേഹത്താൽ
ശുദ്ധശീതളമാദ്ധന്യന്റെ യന്ത്യശ്വാസം
ബദ്ധസംഭ്രമമഹോ ബുഭുക്ഷുവാമാ വ്യാഘ്രി
ക്രുദ്ധിച്ചു വിടും ചുടുവീർപ്പിൽ താൻ ലയിച്ചിതു
ഇങ്ങനെ ബഹുജന്മാർജ്ജിതമൈത്രീസംസ്കാര-
തുംഗതയാർന്ന സാക്ഷാൽ സിദ്ധാർത്ഥൻ തിരുവടി
കരുണാമസൃണമാമുപദേശത്താൽ ക്രൂര-
സുരയജ്ഞവും ജന്തുഹിംസയും നിരോധിച്ചു
മഹനീയനാകുമാ ഭിക്ഷുവര്യ്യനെപ്പിന്നെ-
ബഹുമാനിച്ചമ്പോടും പൂജിച്ചു ബിംബിസാരൻ
തനതുനഗരത്തിൽ തന്നെ വിശ്രമിപ്പാനാ-
യനഘനോടു പാരമർത്ഥിച്ചീതെന്നുമല്ല
അലിവാർന്നക്കോമളമൂർത്തിയെ നോക്കി നൃപൻ
പലവട്ടവുമരുൾ ചെയ്തു: "ഹാ മഹാഭാഗ!
ഉറ്റൊരു രാജഭോഗോചിതമാമിപ്പൂമെയ്യിൽ
പറ്റുകില്ലല്ലോ വെറും പഷ്ണിയും വ്രതങ്ങളും
സങ്കടമങ്ങീ പിച്ചച്ചട്ടിയേന്തുന്നുവല്ലോ
ചെങ്കോലു ധരിക്കാൻ ജനിച്ച കയ്യിൽ ശ്രീമൻ
വിജ്ഞാനനിധേ! ഭവാനിങ്ങുതാൻ പ്രസാദത്താ-
ലജ്ഞരാം പ്രജകൾക്കുമെനിക്കുമിരുൾ നീക്കാൻ
പതിവായ് പാർത്തീടുകിൽ ഭാഗ്യത്താൽ ലഭിച്ചൊരു
പുതിയ ചന്ദ്രനെന്നു കൊണ്ടാടുമല്ലോ ഞങ്ങൾ
എന്നോടൊന്നിച്ചങ്ങേയ്ക്കെൻ രമ്യമാമരമന
തന്നിലാണിഷ്ടമെങ്കിൽ സ്വൈരമായതിൽ മേവാം
എനിക്കുശേഷം വിഭോ! മഗധരാജ്യമാളാൻ
നിനയ്ക്ക കുമാരന്മാർ താനുമില്ലിങ്ങാകയാൽ,
വിഭവമെല്ലാമാർന്ന സുഖമായങ്ങേയ്ക്കൊരു
സുഭഗയായ രാജപുത്രിയെ വേട്ടു വാഴാം."
ഭഗവാനരുൾ ചെയ്തു സസ്മിതം "മഹാനായ
മഗധമഹീപതേ, മോഹമില്ലിനിക്കതിൽ
വിപുലസമ്പത്തോടുമൊരു രാജ്യത്തിലൊരു
നൃപനന്ദനനായ്ത്താൻ ജനിച്ചു വളർന്നു ഞാൻ
യൗവനമാർന്നു സർവഭോഗവും ഭുജിച്ചൊരു
നിർവൃതി കാണാതൊക്കെ വെറുത്തു വെടിഞ്ഞുടൻ
സത്യമാം ബോധം തേടിയിപ്പോൾ ഞാനുഴലുന്നു
സിദ്ധിക്കുമതെനിക്കു നിശ്ചയം വൈകാതെതാൻ
ആകയാലതുവെടീഞ്ഞകൃതാർത്ഥനായ് മിഥ്യാ-
ഭോഗമാർഗ്ഗത്തിലിനിപ്പോകില്ല മടങ്ങി ഞാൻ
അമരാവതിയിലെ വൈജയന്തിമേൽ വാഴ്വാ-
നമർത്ത്യസുന്ദരിമാർ കനിഞ്ഞുവിളിച്ചാലും
സർവ്വജന്തുക്കൾക്കുമായ് സംസാരക്ലേശമറ്റ
നിർവാണമഹാരാജ്യം നിർമ്മിപ്പാൻ യത്നിപ്പു ഞാൻ
അതു നിർവ്വഹിക്കാതെ ശാന്തിയില്ലെനിക്കുള്ളി-
ലതിനാലിന്നുതന്നെ, യിദ്ദിക്കു വിട്ടു വിഭോ
അനഘനിരഞ്ജനാതീരദേശത്തിൽ നീല-
വനരാജികളാർന്ന ഗയയിൽ പോകുന്നു ഞാൻ.
അവിടെവെച്ചുണ്ടാകുമെനിക്കു ബോധോദയ-
മവിശങ്കിതമെന്നു തോന്നുന്നു മഹാമതേ!
ഇവിടങ്ങളിൽ മേവുമൃഷിമാർ തമ്മിൽ നിന്നു-
മവരഭ്യസിക്കുന്ന നിഗമങ്ങളിൽ നിന്നും
വിവിധനിഷ്ഠകളിൽ കഷ്ടിച്ചിന്ദ്രിയങ്ങളെ
വിവശമാക്കും തപഃക്ലേശങ്ങളൊന്നിൽ നിന്നും
എന്മനക്കാമ്പിന്നഭിമതമായ്ത്തോന്നീടുമ
സ്സമ്യൿസബുദ്ധഭാവം സംഭാവ്യമല്ല ധീമൻ
ഇമ്മഹാമനോരഥം സാധിക്കിൽ ധന്യനായ് ഞാൻ
നിർമ്മലമതേ! നൂനം മടങ്ങിവരാമല്ലോ
മുഖ്യമായ് ഭവാന്റെയീ സ്നേഹനിർഭരമായ
സഖ്യത്തെ യതോചിതം പ്രത്യഭിനന്ദിക്കുവാൻ"
എന്നോതിവിടവഴങ്ങീടുമീയസമാന്യ-
വന്ദ്യനാം ഭിക്ഷുവിന്റെ പാദപങ്കജങ്ങളിൽ
മൂന്നുരു വലം വച്ചു വീണു വന്ദിച്ചു നൃപൻ
താണുനിന്നമ്പിൽ യാത്രാമംഗളമാശംസിച്ചു
അവിടെനിന്നു ദേവൻ നടന്നു 'വൈശാലി'യിൽ
സുവിഖ്യാതനായീടു'മാരാദ'മഹർഷിയെ
ചെന്നുകണ്ടങ്ങു ചില ദിനങ്ങൾ നയിച്ചുപോയ്
പിന്നെയുദ്രകാരാമപുത്രാചാര്യ്യനെക്കണ്ടാൻ
ഉരുശിഷ്യാളിയാർന്നോരമ്മുനീന്ദ്രനെത്തൊഴു-
തുരു 'വില്വാഖ്യ' വനംപുക്കുദർശിച്ചു ദേവൻ
പാണ്ഡിത്യമേറെയുള്ളോ'രുദ്രക' ശിഷ്യന്മാരാം
കൗണ്ഡിന്യാദികളായ പഞ്ചയോഗീന്ദ്രന്മാരെ
അവരോതിനാർ ഭഗവാനോടു "വൃഥാ സൗമ്യ!
വിവശനായങ്ങിങ്ങു തെണ്ടുന്നതെല്ലാം ഭവാൻ
അരിയവേദങ്ങളും ശാസ്ത്രസഞ്ചയങ്ങളു-
മറിയാതുള്ള തത്വമൊന്നില്ല നിരൂപിക്കിൽ
കർമ്മജ്ഞാനകാണ്ഡങ്ങൾ രണ്ടിലും കണ്ടീടാത്ത
ധർമ്മമോക്ഷോപായങ്ങളെന്തുള്ളൂ ജഗത്തിങ്കൽ
കാമനെയെന്നി തത്തത് കർമ്മങ്ങൾ ചെയ്തു ഫല-
സ്തോമത്താലലിപ്തമായനഭിമാനമായി,
അഹന്താഗ്രന്ഥിയഴിഞ്ഞപരിച്ഛിന്നമായ
മഹനീയമാമാത്മചൈതന്യം നിരാകാരം.
എത്തുന്നു തമസ്സു വിട്ടൂർജ്ജിതമാം ജ്യോതിസ്സിൽ
മൃത്യുവെ വിട്ടു നിത്യമോക്ഷത്തെ പ്രാപിക്കുന്നു
ജ്ഞാനത്താലവിദ്യയാമാവരണം പോയ് വെറും
കാനൽത്തൂനീരാഴിയാം വിശ്വഭാനങ്ങൾ മാഞ്ഞു
നീരൂപമായ്, നിഷ്ക്രിയമായി, നിശ്ചലമായി
നിരാഗമായി നിർവ്വികാരമായി, ശാന്തമായി
നിർഗ്ഗുണമായി, നിത്യസത്താമാത്രമായ് സ്വയം
ചിൽക്കതിരൊളിയായി ശാശ്വതാനന്ദമായി
ശോഭിക്കും ശുദ്ധപരബ്രഹ്മത്തൊടഭേദമായ്
പ്രാപിച്ചീടുന്നു ദിവ്യകൈവല്യം ജ്ഞാനാർത്ഥികൾ
ദ്വന്ദ്വങ്ങൾ പോയ് ഗംഭീരമൗനാകാരമായ നി-
ഷ്പന്ദസുന്ദരമാമീയേകാന്ത ശാന്തിയേക്കാൾ
ഹന്ത, സംസാരാമയം നീക്കുമൗഷധം വേറെ
ചിന്തിപ്പാൻ കഴികില്ല മുനിമാർക്കാർക്കും ധീമൻ!"
ഇതുകളെല്ലാം സ്വാമി സാദരം കേൾക്കിലും തൻ-
ഹൃദയാകാശം മഞ്ഞുവെടിഞ്ഞു തെളിഞ്ഞില്ല
എങ്കിലുമിന്ദ്രിയസംയമശിക്ഷയാലാത്മ
പങ്കമാർജ്ജനം ചെയ്വാൻ പുനരുദ്യുക്തനായി
പഞ്ചയോഗികളവർ മേവുമപ്രദേശത്തി-
ലഞ്ചാതെ തപം ചെയ്തു ഭഗവാൻ ശൗദ്ധോദനി
ഉത്തരദ്യോവിൽ സപ്തർഷികൾ തന്നുപാന്തത്തി-
ലുത്താനപാദജന്യജ്യോതിസ്സുപോലെ വാണു