ശ്രീബുദ്ധചരിതം/ഒന്നാം കാണ്ഡം
←അഞ്ചാം കാണ്ഡം | ശ്രീബുദ്ധചരിതം രചന: ഒന്നാം കാണ്ഡം |
രണ്ടാം കാണ്ഡം→ |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
ഭഗവാൻ ഭവഭക്തിദായകൻ ബുദ്ധൻ തന്റെ
നിഗമരത്നം ജയിച്ചീടുന്നു സർവോത്തമം
ജഗതീപതിസുതൻ വിശ്രുതൻ സിദ്ധാർത്ഥനു
ജഗത്തിൽ മൂന്നിങ്കലുമാരുള്ളൂ സമാനന്മാർ.
സർവപൂജിതൻ സാക്ഷാൽ സർവജ്ഞൻ സർവോത്തമൻ
സർവഭൂതൈകദയാവാരിധി തപോനിധി
നിർവാണത്തെയുമിഹ നിത്യമാം ധർമ്മത്തെയും
നിർവ്വാദമകമലിഞ്ഞരുളും ദിവ്യാചാര്യൻ,
ഭൂമിയിൽ മർത്ത്യരുടെ ഭാഗ്യത്താൽ വീണ്ടും പണ്ടു
സാമോദമവതരിച്ചിടേണ്ട കാലം വന്നു.
ദിവ്യമാമഗ്രഭൂമി തന്നുടെ താഴത്തതി-
ഭവ്യന്മാർ വാണീടുന്നു നാലുപേർ ലോകേശന്മാർ
ഭരിച്ചീടുന്നിതവർ മർത്ത്യലോകത്തെയവ-
രിരിക്കുന്നതിനു താഴത്തു മേഖലകളിൽ.
മരുവീടുന്നു പരേതന്മാരായ് ഭൂവെടിഞ്ഞു
പെരിയതപോധനസത്തമരടുക്കൽതാൻ
മുപ്പതിനായിരത്താണ്ടമ്മഹാത്മാക്കളങ്ങു
കെൽപ്പാടുമിരുന്നവതരിച്ചീടുന്നു വീണ്ടും
ആ ദിവ്യഭൂമി തന്നിലത്രകാലവുമസ്ത-
ഖേദം വാനരുളിയ ഭഗവാൻ ബുദ്ധന്നപ്പോൾ
കാണായിതവതാരചിഹ്നങ്ങളഞ്ചും സ്വയം
ക്ഷോണിതൻ ക്ഷേമത്തിനായെന്നതേ പറയേണ്ടൂ.
വാനവരിതു കണ്ടു വീതസന്ദേഹമണ-
ഞ്ഞാനന്ദാകുലമരുളീടിനാരിപ്രകാരം:
“ഭഗവൻ, ഭവാനിന്നു ലോകസംരക്ഷണത്തിനാ-
യഘനാശന! പോകുമാറായിതറിഞ്ഞാലും.”
അതുകേട്ടരുൾ ചെയ്തു സർവജ്ഞൻ-“ പോകുന്നു ഞാ-
നിതുതാനെന്റെയന്ത്യമായീടുമവതാരം;
ഇതിനാൽത്തന്നെ സംസാരാംബുധി കടന്നീടും
ഗതകൽമഷം ഞാനും മദ്ധർമ്മരതന്മാരും;
ശ്ലാഘ്യമാം ഹിമാലയദക്ഷിണസാനുഭൂവിൽ
ശാക്യന്മാരുടെ കുലത്തിങ്കൽ ഞാൻ ജനിച്ചീടും;
യോഗ്യരാം ജനങ്ങളുമവിടെ വാഴുന്നിതു
ഭാഗ്യവാനായിന്നൊരു ധർമ്മിഷ്ഠൻ നരേന്ദ്രനും.”
ഇങ്ങനെസ്സംവാദം നടന്ന രാവിൽത്തന്നെ
മംഗലാത്മാവാം ശ്രീ ശുദ്ധോദനനരേന്ദ്രന്റെ
മഹിഷി മായാദേവി കാന്തനൊത്തുറങ്ങുമ്പോൾ
മഹനീയമായൊരത്യദ്ഭുത സ്വപ്നം കണ്ടാൾ.
കാമധേനുവിൻ നറുമ്പാലുപോൽ വെളുത്തതി-
കോമളങ്ങളാമാറു കൊമ്പുകൾ പൂണ്ടു മിന്നും
വാരണവീരൻ തന്റെ വടിവിൽ ദ്യോവിൽ നിന്നു
പാരമുജ്ജ്വലിച്ചൊരു നക്ഷത്രമതിശീഘ്രം
ചാരുവാം മാണിക്യത്തിൻ ഛായ നന്മുത്തിൽ ചേർന്നു-
ള്ളാരോമൽകാന്തികാളുമാറു രശ്മികൾ ചിന്നി
അന്തരീക്ഷത്തിലൂടെയെരിഞ്ഞുവരുന്നതു-
മന്തികമണവതും ദക്ഷിണപർശ്വത്തൂടെ
സ്വന്തമാം ജഠരത്തിലായതു പൂകുന്നതും
ബന്ധുരഗാത്രി കണ്ടാ;ളുണർന്നാളുടൻതന്നെ.
മർത്ത്യമാതാക്കളാരുമോരാത്തൊരത്യാനന്ദ-
മത്തരുണിയാൽക്കുള്ളിൽ കവിഞ്ഞുവഴിഞ്ഞിതു.
സത്വരം പരന്നിതു പുലർകാലത്തിന്നു മു-
ൻപെത്രയും മനോജ്ഞമാം പ്രഭയൊന്നെല്ലാടവും
പെരിയ പർവതങ്ങൾ വിറച്ചിതപ്പോൾ പാരിൽ
തിരകളടങ്ങിയംബുധി നിശ്ചലമായി
സരസം കാലത്തിതൾ വിരിയും പൂക്കളെല്ലാം
തരസാ വിടർന്നുച്ചയായാലത്തെപ്പോൽ നിന്നു.
ഇരുളാർന്നൊരു കാട്ടിനിടയിൽ ഭാനുമാന്റെ
കിരണം ചാരുകാന്തി കലർന്നു പരക്കുംപോൽ
നരനായകപത്നിയാൾക്കകതാരിൽ തിങ്ങും
പരമാനന്ദപൂരമൊഴുകി പാതാളാന്തം
അതുമല്ലഹോ രസാതലവാസികലപ്പോൾ
മൃദുവായ് തമ്മിൽതമ്മിൽ മന്ത്രിച്ചു നീളെയേവം:
“ഇതു കേൾക്കുവിൻ ജനിച്ചീടേണ്ടും പ്രേതങ്ങളെ,
മൃതരാവാൻ പോകുന്ന ജീവിസഞ്ചയങ്ങളേ,
വ്യഥവിട്ടാശ നിങ്ങൾ കൈക്കൊൾവിനെഴുന്നേൽപ്പിൻ;
പൃഥ്വിവിയിങ്കലവതരിച്ചിതിന്നു ബുദ്ധൻ”
ഇതുകേട്ടമെയമാമാശ്വാസമോടും പൊങ്ങി-
യതുലാമോദം ചരാചരങ്ങൾക്കകക്കാമ്പിൽ.
വിദിതമല്ലാത്തൊരത്യാനന്ദം നൽകുമാറു
മൃദുവാം കാറ്റു വീശി യൂഴിയിലാഴിയിലും.
അഥ വന്നിതു പുലർകാലമപ്പോൾ സ്വപ്നാർത്ഥ-
കഥകന്മാരാം വൃദ്ധരീവിധം വ്യാഖ്യാനിച്ചാർ:
“അതിശോഭനം സ്വപ്നം- കർക്കടകത്തിൽ ദിന-
പതി നിൽക്കുന്നു; ദേവി പെറ്റിടും കുമാരനെ;
അതിദിവ്യനാം പുത്രനവനദ്ഭുതജ്ഞാന-
നിധിയാം നിഖിലലോകത്തിനും താങ്ങാമോർത്താൽ;
അതുമല്ലജ്ഞാനാന്ധകാരത്തിൽ നിന്നുയർത്തി-
ഗ്ഗതി നൽകിടും മർത്ത്യർക്കിങ്ങവ; നല്ലെന്നാകിൽ,
ക്ഷിതിമണ്ഡലമൊറ്റ വെൺകൊറ്റക്കുടയ്ക്കു കീഴ്
ഗതകൽമഷം കാക്കുമതുതാനിഷ്ടമെങ്കിൽ.”
അതിപാവനൻ ബുദ്ധൻ ശ്രീമായാജഠരത്തിൽ
പദമൂന്നിയ പുണ്യവൃത്താന്തമേവമല്ലോ.
കറ്റവാർവേണി മായാദേവിയാൾ പിന്നെഗ്ഗർഭം
മുറ്റിവാണിടും കാലം തന്നുടെ സൗധത്തിന്റെ
മുറ്റത്തു ചമതവൃക്ഷത്തിന്റെ കുളിർനിഴൽ
പറ്റിനിന്നുതേയൊരു ദിവസം മദ്ധ്യാഹ്നത്തിൽ
തുംഗമായ് ദേവാലയത്തിൻ കൊടിമരം പോലെ
ഭംഗിയിൽ വളർന്നെഴുമൂർദ്ധ്വശാഖയ്ക്കുള്ളതാം
മംഗളസ്നിഗ്ദ്ധമൃദുപല്ലവങ്ങളും ഹൃത-
ഭൃംഗങ്ങളായി മണമ്പൂണ്ടെഴും പുഷ്പങ്ങളും
തിങ്ങിമിന്നുന്ന മണിമകുടശ്രീയേലുമ-
ശ്ശൃംഗത്തെ മെല്ലെമെല്ലെയാനമിപ്പിച്ചു വൃക്ഷം
ശൃംഗാരകുഞ്ജം പോലെ ദേവിയ്ക്കു തണലേകാ-
നിംഗിതമറിഞ്ഞുടൻ താണിതു;- ചിത്രമല്ല;
ജംഗമസ്ഥാവരങ്ങളൊക്കെയും ജഗത്തിങ്കൽ
സംഗതിയറിഞ്ഞുതാൻ വാണിതമ്മുഹൂർത്തത്തിൽ.
ഭൂമിയുമുടൻ ബഹു പൂക്കളുത്ഗമിപ്പിച്ചു
പൂമെത്ത തീർത്തിതപ്പോൾ ദേവിക്കു ശയിക്കുവാൻ;
പ്രേമത്താൽ കരിങ്കല്ലുമൊഴുക്കി സ്വേച്ഛോദക-
സ്തോമത്തെയരുവിയായ് രാജ്ഞിയ്ക്കു നീരാടുവാൻ;
കോമളാംഗിയാം ദേവിയീവിധമ്മങ്ങു തെല്ലു-
മാമനസ്യം കൂടാതെ പെറ്റിതു കുമാരനെ
പൂർത്തിയായ്‌ത്തിരുമെയ്യിൽ പൂണ്ടിരുന്നുതേ പുത്രൻ
ദ്വാത്രിംശന്മഹാഭാഗപുരുഷചിഹ്നങ്ങളും,
വാർത്തയീവിധമെല്ലാം വിരവിൽ കേട്ടറിഞ്ഞു
ചീർത്ത കൗതുകം പൂണ്ടുമന്നവനുടൻ തന്നെ
പുത്രനെച്ചെന്നു കൊണ്ടുപോരുവാൻ രമണീയ-
ചിത്രശോഭിതമായ ശിബികയയച്ചിതു.
ചിത്രമെത്രയുമെന്നാൽ തിരികെയതു ചുമ-
ന്നെത്തിയതന്നു ദിഗീശന്മാർ നാൽവരുമത്രേ.
പാരിലെക്കർമ്മങ്ങൾ ചെമ്പോലയിൽ കുറിക്കുവാൻ
മേരുവിന്നധിത്യകമേൽ നിന്നു പോന്നാരിവർ;
പൗരസ്ത്യദിക്പാലകനിന്ദ്രൻ ;രജത’ വസ്ത്ര-
ധാരികളായിക്കരതാരിൽ മുത്തണിഞ്ഞുള്ള
ചാരുവാം പരിചകൾ കൈകൊണ്ടു മിന്നും പരി-
ചാരകന്മാരുമൊത്തു ശോഭിച്ചു മഹാഭാഗൻ.
ജംഭാരിമണിമയമാം പരിചയും പൂണ്ടു
ഡംഭാർന്ന നീലാശ്വത്തിലേറിസ്സഞ്ചരിച്ചീടും.
കുംഭിനീസ്വർഗ്ഗപാതാളങ്ങളിൽ പേർകൊള്ളുന്ന
കുംഭാണ്ഡരൊത്തു ദക്ഷിണാശേശൻ വിളങ്ങിനാൻ
പിന്നെയാപശ്ചിമാശാപതിയുമേവം കയ്യിൽ
മിന്നുന്ന പവിഴത്തിൻ പരിചയേന്തിയെന്നും
ഉന്നതശോണഹയമേറിപ്പിന്തുടരുന്ന
പന്നഗവീരപരിവാരത്താൽ വിലസിനാൻ
ഉത്തരദിഗീശ്വരൻ വിത്തേശൻ താനുമേവം
സത്വരം പൊൻചട്ടയും പൊൻപരിചയും പൂണ്ടു,
ബദ്ധാഡംബരം പൊന്നിൻകുതിരയേറിപ്പിൻപേ
യെത്തിടും യക്ഷഭടന്മാരോടും വിരാജിച്ചാൻ
കണ്ടീടാവല്ലാതുള്ള മോടി പൂണ്ടവർ, വേഷം-
കൊണ്ടല്ല രൂപം കൊണ്ടും വാഹകസമാനന്മാർ,
അണ്ടർകോന്മാരാമിവർ തന്നെയപ്പല്ലക്കിന്റെ
തണ്ടുകൾ ചുമന്നുപോന്നാർ മഹാതേജസ്വികൾ
കുണ്ഠതയെന്യേയന്നു മർത്ത്യരോടൊത്തങ്ങവർ
കണ്ടറിഞ്ഞിട്ടും ചേർന്നു നടന്നു വാനവര്ന്മാർ,
വീണ്ടും ഭൂമിയ്ക്കുണ്ടായ ബുദ്ധാവതാരഭാഗ്യം
കണ്ടുടൻ സ്വർഗ്ഗം ഹർഷാംബുധിയിൽ മുങ്ങുകയാൽ
എന്നാലതൊന്നും ഗ്രഹീച്ചീടാതെ ശുദ്ധോദന-
മന്നവൻ ദുർന്നിമിത്തശങ്കയാൽ മാഴ്കീടിനാൻ
അന്നേരം ദൈവജ്ഞന്മാർ ചിന്തിച്ചോതിനാർ നൃപ-
നന്ദനൻ ഭൂവിലേറ്റം പ്രഥിതനാകുമെന്നും;
എന്നല്ലായിരത്താണ്ടു ചൊല്ലുമ്പോളൊരിക്കലീ-
മന്നിടം പാലിക്കുവാൻ വന്നവതരിച്ചീടും
ചക്രവർത്തികൾ തന്നിലേകനാണെന്നും ; സാക്ഷാൽ
ഉത്കടങ്ങളാം സപ്തസിദ്ധികൾ കാണുന്നെന്നും
ചൊൽക്കൊള്ളും സിദ്ധികളിൽ ചക്രരത്നമാണാദ്യ,
മർഘാതീതമാം മഹാരത്നം രണ്ടാമത്തേതാം.
ഉത്കടഹംകാരമാർന്നഭ്രമത്തിലൂടെയോടും
ശീഘ്രഗാമിയാമശ്വരത്നമാം മൂന്നാമത്;
മഞ്ഞുപോൽ ധവളമായ് മന്നവനേറിപ്പോവാൻ
സജ്ഞാതമാകും ഹസ്തിരത്നമാം നാലാമത്;
കൃത്യകൗശലശാലി മന്ത്രീന്ദ്രനഞ്ചാമതാം;
പ്രത്യർത്ഥിഭയങ്കരൻ സേനാനിയാറാമതാം;
പ്രത്യുഷസ്സിനേക്കാളുമതി മോഹനയായി
പ്രത്യംഗസൗന്ദര്യത്താലസമാനയായെന്നും
ശുദ്ധശീലയായ് തന്റെ ധർമ്മദാരത്വം പൂണ്ട
സുസ്ത്രീരത്നമാമേഴാമത്തേതുമറിഞ്ഞാലും
അത്തരം ചിഹ്നങ്ങൾ തൻ അദ്ഭുതാകാരനായ
പുത്രനിൽ കണ്ടു പാരം തെളിഞ്ഞു ശുദ്ധോദനൻ
അത്യന്തം ജനാനന്ദകരമാം മഹോത്സവം
സത്വരം നഗരിയിൽ കൂട്ടുകെന്നാജ്ഞാപിച്ചാൻ
ഝടുതി വഴിയൊക്കെയടിച്ചും പനിനീരാ-
ലുടനെ തെരുവുകൾ നനച്ചും പൗരരെല്ലാം
കൊടികൾ വിളക്കുകളെന്നിവ വൃക്ഷങ്ങടെ
നെടിയ കൊമ്പുകളിൽ തൂക്കിയും തുടങ്ങിനാർ
അറിഞ്ഞു കൗതൂഹലം പൂണ്ടു കാണികൾ വന്നു
നിറഞ്ഞു കാഴ്ചകണ്ടു മിഴിച്ചു നിന്നാർ നീളെ
വാൾപ്പയറ്റുകാർ, കായാഭ്യാസികൾ, കൺകെട്ടുകാർ
നല്പാമ്പാട്ടിക,ളൂഞ്ഞാൽകളിക്കാർ, ഞാണേറ്റുവോർ
ആലോലഹാസത്തിനു താളം പോലിളകുന്ന
കാലിണകളിൽ കിലുങ്ങിടും കിങ്ങിണി പൂണ്ടും
ചേലെഴും കച്ചപ്പുറം കെട്ടിയുമാടീടുന്ന
ലോലാംഗിമാരാം വാരനാരിമാരെന്നുവേണ്ട,
കാലോളമംഗമെല്ലാം കരടിമാനിവറ്റിൻ-
തോലുടുത്തുടൻ വേഷം പകർന്നു തുള്ളീടുവോർ
വ്യാഘ്രത്തെ മരുക്കുവോർ, മല്ലന്മാരോരോ പക്ഷി-
വർഗ്ഗത്തെക്കൊത്തിയ്ക്കുവോർ, കുഴലൂതുവോർ, പിന്നെ
ചട്ടറ്റ മൃദംഗവാദകർ, വൈണികന്മാരു-
മൊട്ടല്ല ഹർഷം ജനങ്ങൾക്കേകി നൃപാജ്ഞയാൽ
കേട്ടറിഞ്ഞഥ കുമാരോത്ഭവം ദൂരസ്ഥമാം,
ശ്രേഷ്ഠികൾ വാണിജ്യസമ്പന്നന്മാർ വന്നു മോദാൽ
ശ്രേഷ്ഠമാം കാണിക്കകളോരോന്നു നല്ല തങ്ക-
ത്തട്ടങ്ങൾ തന്മേൽ വാരിനിറച്ചു കാഴ്ചവച്ചാർ
കംബളം, സുഗന്ധദ്രവ്യങ്ങൾ, നല്പളുങ്കു, സ-
ന്ധ്യാംബരകാന്തി കാളും രത്നഭേദങ്ങൾ താനും,
പന്ത്രണ്ടു ചേർന്നാൽ പോലും മൈമറയ്ക്കാത്ത മൃദു-
തന്തുക്കൾ പൂണ്ട ലോലമാം മൂടുപടങ്ങളും
നന്മുത്തു നിരത്തിവച്ചഴകിൽ തുന്നീട്ടുള്ള
രമ്യകഞ്ചുകങ്ങളും ചന്ദനഖണ്ഡങ്ങളും,
അത്രയുമല്ല പാരിതോഷികം സാമന്തന്മാർ-
പത്തനങ്ങളിൽ നിന്നും വന്നുതേ ബഹുതരം
ഋദ്ധികണ്ടേവം ജനം ബാലനു പേർ ‘സർവാർത്ഥ
സിദ്ധ’നെന്നേകി; സംക്ഷേപിച്ചു ‘സിദ്ധാർത്ഥ’നെന്നും
വന്നുപോൽ വൈദേശികന്മാലന്നൊരാൾ വൃദ്ധൻ
ധന്യനാം തപോധന’നസിത’നെന്നു പേരായ്
മന്നിലേ വൃത്താന്തങ്ങൾ മറന്നും ദ്യോവിലേയ്ക്കു
തന്നുടെ കർണ്ണങ്ങളെത്തുറന്നും മേവും യോഗി
താനെന്നുമിരിക്കുന്നോരരയാൽ വൃക്ഷത്തിൻ കീഴ്
ധ്യാനേനിഷ്ഠനായ് വാഴുമളവിൽ വെളിവായി,
വാനവർ ബുദ്ധാവതാരോത്സവത്തിങ്കൽ പാടും
ഗാനങ്ങൾ കേട്ടാനവനാകാശമാർഗത്തിങ്കൽ
കെൽപ്പാർന്ന തപസ്സാലുമേറിയ വയസ്സാലു-
മദ്ഭുതവിജ്ഞാനം പൂണ്ടെത്രയും വന്ദ്യനാകും
അപ്പുമാനന്തികത്തിലണയുന്നതു കണ്ടു
ക്ഷിപ്രമങ്ങേറ്റു വന്ദിച്ചിരുത്തി ക്ഷിതീശ്വരൻ
അപ്പൊഴേ ദേവി താനും കുട്ടിയെയമ്പോടെടു-
ത്തപ്പവിത്രാത്മാവിന്റെ പദാന്തത്തിങ്കൽ വച്ചാൾ
തരസാ കുമാരനെക്കണ്ടു വൃദ്ധനാം മുനി
“അരുതേ ദേവി, ഹന്ത ! ചെയ്യരുതേവ” മെന്നാൻ.
പരമാവത്സപാദകമലം തൊട്ടു യോഗി
ധരയിൽ വീണു നമസ്കരിച്ചു സാഷ്ടാംഗമായ്,
അന്യവസ്തുവിൽ പതിക്കാത്ത തൻദൃഷ്ടി ബാല-
ധന്യപാദത്തിൽ ചേർത്തു പിന്നെയും ചൊന്നാനേവം:
‘നിന്നെക്കുമ്പിടുന്നു ഞാനോമനേ, നീയേ ബുദ്ധൻ;
നിന്നിൽ കാണുന്ന പാടലാഭമാം ജ്യോതിസ്സ് ഞാൻ;
പദപങ്കജത്തിലീരേഖകളെല്ലാവു, മീ
മൃദുവല്ലികപോലെ പിണയും സ്വസ്തികവും
അതിപാവനം മുഖ്യചിഹ്നം മുപ്പതും രണ്ടു-
മതുമല്ലുപചിഹ്നം കാണുന്നിതെൺപതുമേ
നീ തന്നെ ബുദ്ധൻ; ധർമ്മരഹസ്യം ലോകത്തിന്നു
നീതന്നെയുപദേശിച്ചീടുവാൻ പോകുന്നതും
ആ ധർമ്മമറിഞ്ഞനുഷ്ഠിപ്പവർക്കെല്ലാം ഗതി
നീ തന്നെ നൽകുന്നതു; മീയുള്ളോനതു കാണ്മാൻ
യോഗമുണ്ടാകാനൂന;മണയുമന്തമത്ര
വേഗ;മീ ദേഹത്യാഗം കംക്ഷിച്ചു മുന്നമേ ഞാൻ
ആകട്ടെയേതാകിലുമായതു; നിന്നെക്കാണ്മാൻ
ഹാ! കഴിഞ്ഞതു മതി ‘യെന്നോതി വീണ്ടും ചൊന്നാൻ
“അറിക രാജൻ വർഷമസംഖ്യം പോയാലൊരു
കുറിയീമർത്ത്യലോകമാം മരംതന്മേലുണ്ടാം
അരിയപൂമൊട്ടാണീയർഭകൻ; മേലിതു
തരസാ പരിണിതകാന്തിയായ് വിടരുമ്പോൾ
കറയറ്റേലും ജ്ഞാനസൗരഭ്യം കൊണ്ടുലോകം
നിറയും ദയാമകരന്ദബിന്ദുക്കൾകൊണ്ടും
സ്ഫുടമീബാലൻ രാജകുലമാം തടാകത്തിൽ
വിടരും ദിവ്യമായ താമരയെന്നും ചൊല്ലാം
ധന്യമായിന്നീകുല,-മെന്നാൽ ധന്യത പാരി-
ലന്യൂനമായ് വരില്ല;“ യെന്നോതി, ദേവിയോടായ്.
ഭവികാത്മാവാം യോഗി പുനരോർത്തരുൾ ചെയ്താൻ;
“അവിതർക്കം ഹാ! രാജ്ഞി, ഭിന്നമായ് തീർന്നിതപ്പോൾ
ഭവതിയുടെ കുക്ഷി, കേവലം കുമാരന്റെ-
യവതാരത്താൽ ഖഡ്ഗപാതത്താലെന്നപോലെ
പ്രിയയായ് തീർന്നു ഭദ്രേ! ദേവർക്കും മനുഷ്യർക്കും
സ്വയമീ മഹാവതാരം കൊണ്ടു നീ,യെന്നാലും
അഥ മേൽ ദുഃഖമനുഭവിയാതാകുംവണ്ണ-
മതിപാവനയായും തീർന്നിതിന്നാകയാലേ
വ്യഥകൂടാതെയേഴുനാൾക്കുൾലിൽ നിനക്കെത്തും
വ്യഥതന്നന്തം;-ഹന്ത! സംസാരദുഃഖം ദേവി!“
അതുപോൽ സംഭവിച്ചിതേഴാന്നാളപരാഹ്ന-
മതിൽ മന്ദസ്മിതം പൂണ്ടുറങ്ങി മായാദേവി
അഥ പിന്നുണർന്നീല; തുഷ്ടയായ് ദേഹം വിട്ടു
പ്രഥിതം മുപ്പത്തിമൂന്നാം സ്വർഗപദം ചേർന്നാൾ
അവിടെദിവ്യമാതൃസ്ഥാനത്തിൽ ദേവഗണ-
മവളെയാരാധിച്ചു സേവിച്ചുനിൽപ്പതിന്നും
പുനരർഭകന്തന്നെപ്പോറ്റുവാൻ ധാത്രിയായാ-
ളനവദ്യാംഗി രാജ്ഞിയാം മഹാപ്രജാവതി;
ഘനകാരുണ്യാമൃതമൊഴുകും മൊഴികളാ-
ലനിശം വിശ്വം കുളിർപ്പിക്കുന്ന സുഗതന്റെ
അനഘാധരങ്ങൾക്കു മഹിതപയസ്സേലും
സ്തനമേകിനാളവൾ സദയമെന്നേ വേണ്ടൂ.
വതസരം കഴിഞു പിന്നെട്ടു; കൃത്യജ്ഞൻ നൃപൻ
വത്സനെ രാജകുമാരോചിതമാകും വണ്ണം
അദ്ധ്യയനം ചെയ്യിപ്പാൻ ചിന്തിച്ചാൻ മുൻപറിഞ്ഞോ-
രത്യന്തവിലക്ഷണമാം ഭാവികഥയിലെ
ബുദ്ധന്റെ ദിവ്യമാഹാത്മ്യങ്ങളും ദുഃഖങ്ങളും
ബുദ്ധിയിൽ നിനച്ചത്തിൽ വൈമുഖ്യമാകയാലേ.
അഥ തന്നമാത്യന്മാർ നിറഞ്ഞ സദസ്സിങ്കൽ
പൃഥ്വീവീപതി ചിന്തിച്ചതീവിധം ചോദ്യം ചെയ്താൻ;
“അതിമാന്യരേ, രാജപുത്രന്മാരറിയേണ്ടും
വിതതകലാജാലമെല്ലാമെൻ കുമാരനു
വിധിപോലുപദേശിച്ചീടുവാൻ വിദഗ്ധനാം
പ്രഥിതപണ്ഡിതേന്ദ്രനാരെന്നു പറഞ്ഞാലും”
അതിനുത്തരമവരേവരുമൊന്നായ് ചൊന്നാർ:
“ക്ഷിതിപമണേ ! വിശ്വാമിത്രൻ താൻ ബുധശ്രേഷ്ഠൻ,
ശ്രുതിപാരീണൻ, ശാസ്ത്രനിഷ്ണാതൻ, കലകളി-
ലതുല:നെന്നല്ലതി വിദഗ്ദ്ധനെല്ലാറ്റിലും.”
പിന്നെ വിശ്വാമിത്രനെ വരുത്തി നിയോഗിച്ചു
മന്നവൻ; കുമാരനു ശുഭമാം മുഹൂർത്തത്തിൽ,
സുന്ദരരത്നരാജി ചുറ്റും മിന്നുന്ന രക്ത-
ചന്ദനപ്പലകയും ചെറുകൈത്താരിലേന്തി,
സ്ഫാടികമൃദുപാംസു വിരിച്ചങ്ങതിൽ, മറ്റേ-
യേടലർകര തന്നിലെഴുത്തുകോലുമായി
അൻപോടു മുനീന്ദ്രന്റെ മുൻപാകെ വന്നു മുഖം
കുമ്പിട്ടുനിന്നീടിനാ; നപ്പൊഴോതിനാൻ മുനി;
“എഴുതിയാലുമുണ്ണീ, ഗായത്രി-ദ്വിജാതികൾ-
ക്കൊഴികെ കേൾക്കാവല്ലാതുള്ളൊരാ വേദമന്ത്രം.”
വഴിയേ പിന്നെ ‘ഓം തത്സവിതൂർ വരേണ്യാ”ദി
മൊഴികളുപദേശിച്ചീടിനാൻ ക്രമത്താലെ.
‘സാദരമെഴുതുന്നേൻ സത്ഗുരോ’യെന്നു ചൊല്ലി-
യേതു വൈകാതെ ബാലൻ പൊടിമേലെഴുതിനാൻ.
ഒരു ഭാഷയിലല്ല; രണ്ടിലല്ലഹോ! മന്ത്രം
തരസാ ബഹുലിപിഭേദത്തിൽ പകർത്തിനാൻ
‘മംഗലം’, ‘പരുഷം’ ‘യാവാ’ദി വർണ്ണങ്ങൾ തന്നിൽ
മംഗലശീലനെഴുതീടിനാ;നതുപോലെ
ചിത്രഭാഷയിൽ,ചിഹനഭാഷയില്ല് താനും ഗുഹാ-
വർത്തികൾ സമുദ്രവാസികൾ പാതാളത്തുള്ള
സർപ്പോപാസക, രഗ്നിസൂര്യഭക്തന്മാർ, ഗിരി-
വപ്രവാസികളിവർക്കുള്ള മുദ്രകളിലും,
എന്നല്ലയോരോ രാജ്യവാസികൾക്കുള്ള ഭാഷാ-
വൃന്ദത്തിലോരോന്നെഴുതി കുമാരകൻ;
വായിച്ചാൻ പിന്നെ മന്ത്രം ഭാകളെറ്റാറ്റിലും
മായതു കണ്ടു മുനി “പോരുമിതുണ്ണീ’യെന്നാൻ
“ഇനി നീ കണക്കുകൾ പഠിക്ക; ചൊൽവ,നെന്നെ-
യനുവർത്തിച്ചു ലക്ഷം വരെ യോതുക’യെന്നായ്
സംഖ്യകളൊന്നു, രണ്ടു, മൂന്നു, നാലിത്യാദിയു-
മങ്കങ്ങൾ പത്തുൻഊറോടായിരമിത്യാദിയും
ചൊല്ലിനാൻ വിശ്വാമിത്രൻ, ബാലനുമതുപോലെ
നില്ലാതെ ലക്ഷം വരെ തുടർന്നു ചൊല്ലീടിനാൻ
പിന്നെയും ചൊന്നാൻ മന്ദസ്വരമായ് മേൽപ്പോട്ടുള്ളോ-
രന്യസംഖ്യാസ്ഥാനങ്ങൾ കുമുദത്തോളം ബാലൻ
‘ഗന്ഥിക’ ‘ഉത്പലവും’ പുണ്ഡരീകവുമവൻ
ഹന്ത! പിന്നതിന്മേല്ലാം ‘പത്മ’വു‘മെണ്ണീടിനാൻ
അതിസൂക്ഷ്മമായ് ‘ഹസ്തഗിരിയെ‘പ്പൊടിച്ചീടി-
ലതിന്റെപാംസുവെത്ര, അത്രയാണത്രേ ‘പത്മം’
അതിന്നപ്പുറം കാഷ്ഠയാകുന്നു- രാവിൽ ദ്യോവിൽ
വിതതമായ താരജാലത്തിനു സംഖ്യയതാം,
കോടികാഷ്ഠയാകുന്നിതപ്പുറമാഴിയ്ക്കുള്ളിൽ-
പാടേ തങ്ങീടുന്ന നീർത്തുള്ളികളത്രയാം പോൽ.
വർത്തുലവസ്തുക്കൾ തൻ സംഖ്യയിൽ പ്രസിദ്ധമായ്
വർത്തിക്കും സർവനിക്ഷേപാഖ്യയു-ണ്ടതു പാർക്കിൽ
വിസ്തൃതയായ ഗംഗയ്ക്കടിയിൽ തരിമണ-
ലെത്രയുണ്ടെണ്ണീടുകി,ലത്രയാകുന്നു പോലും
ഇതിനപ്പുറത്തുള്ള സംഖ്യയാണന്തഃ കല്പ-
മിതുതാൻ പത്തുകോടി കൂടിയാലുണ്ടാമതും
അതിനുമേലുമങ്കമെണ്ണുന്നു നിപുണന്മാർ,
പ്രഥിതമസംഖ്യമെന്ന;-ത്രയാകുന്നു പോലും
പതിനായിരത്താണ്ടു ഭൂമിയിൽ മുടങ്ങാതെ-
യതിഘോരമായ് പെയ്യും മാരിയിൽ നീർത്തുള്ളികൾ.
അപ്പുറം മഹാകല്പ-മതിനാൽ ദേവഗണം
തൽഭൂതഭാവികാലഘട്ടങ്ങളെണ്ണീടുന്നു
എന്നതുകേട്ടു മുനി ”ഹാ മഹാത്മാവേ, നൃപ-
നന്ദന,യിവയൊക്കെ നീയറിഞ്ഞിരുന്നിതേ!
നന്നായിതിനി; ദൈർഘ്യമാനാദി ഗണിതങ്ങ-
ളിന്നു ഞാൻ പറഞ്ഞറിയേണ്ടതില്ലല്ലോ”യെന്നാൻ
വിനയം പൂണ്ടു വീണ്ടും ചൊന്നാൻ ബാലകൻ ഗുരോ,
കനിവാർന്നങ്ങു കേട്ടുകൊണ്ടാലും ; കഥിക്കുന്നേൻ;
പരമാണുക്കൾ പത്തു കൂടിയാൽ പരസൂക്ഷ്മം
പരസൂക്ഷ്മങ്ങൾ പത്തുകൂടുമ്പോൾ ത്രസരേണു
പരമേഴതു ചേർന്നാലുണ്ടാകും സ്ഫുടം സൂര്യ-
കിരണങ്ങളിൽ പരിവർത്തിക്കുമൊരു രേണു.
അരിയോരോ രേണുക്കളേഴു പിന്നെയും ചേർന്നാൽ
ഗിരികമുഖരോമാഗ്രത്തിന്റെ പരിമാണം
അതു പത്തു ചേരുമ്പോൾ ലിഖ്യമാം ; പത്തു ലിഖ്യ-
മഥ ചേരുമ്പോൾ യൂകമാം ; യൂകം പത്തു ചേർന്നാൽ
യവബീജത്തിൻ കാമ്പാമേഴതു ചേർന്നാൽ വണ്ടി-
ന്നവലഗ്നമാ ; മഥ പിന്നെയും ചൊന്നാനേവം
മൃദുസർഷപമുൽഗയവങ്ങൾ ; യവം പത്താ-
മഥ പിന്നൊരംഗുലം ; പന്ത്രണ്ടംഗുലങ്ങളാം
വിതസ്തി ; ഹസ്തഗജചാപങ്ങൾ പിന്നെ മേൽമേ-
ലതിനൊക്കെയും മേലാം പ്രാസമാം ദീർഘമാനം
പ്രാസങ്ങളിരുപതു കൂടുന്ന ദൂരമേക-
ശ്വാസമാനമാ;മൊരു ശ്വാസത്താൽ ഗമ്യമതും.
അതു നാൽപ്പതു ചേർന്നാൽ ഗവ്യൂതി ; ഗവ്യൂതി നാ-
ലഥ ചേരുന്നതാണ് യോജന ; യിനിഗ്ഗുരോ!
ഒരു യോജനയുള്ളിൽ സൂര്യരശ്മിയിൽ കാണും
ചെറുധൂളികളെത്രയെന്നും ചൊല്ലുവനെന്നായ്
വിരുതാർന്നുടൻ യോജനാന്തരാളത്തിലെത്ര
പരമാണുക്കളെന്നും പറഞ്ഞാൻ സ്പഷ്ടം ബാലൻ
അതു കേട്ടുടൻ വീണു വണങ്ങിക്കുമാരനെ
വിധുരഭാമോടും ചൊല്ലിനാൻ വിശ്വാമിത്രൻ
ഗുരുക്കന്മാർക്കും ഗുരുവല്ലോ നിന്തിരുവടി
ഗുരുവല്ലവിടേയ്ക്കു ഞാ;നെന്റെ ഗുരുവങ്ങാം
പണിവൻ നിന്നെ മോഹനാകൃതേ, കുമാരാ നീ-
യണഞ്ഞു നൂനമെന്റെ മുൻപാകെ വിദ്യയെല്ലാം
ഒന്നൊഴിയാതെ ഗ്രന്ഥമൊന്നും താൻ പഠിയാതെ
തന്നെത്താൻ സർവ്വമറിയുന്നെന്നറിയിപ്പാൻ
എന്നല്ലീവിദ്യകളൊക്കവേപോലെയുള്ളിൽ
നന്നായ് നീ വിനയാഖ്യഗുണഗുണവുമറിയുന്നു
അത്യന്തമീ വിനയം ഭഗവാൻ ബുദ്ധദേവൻ
നിത്യവും കാട്ടി ഗുരുക്കന്മാരിലെല്ലാരിലും
വിദ്വാന്മാരവരൊക്കെയറിയുന്നതിൽ കവി-
ഞ്ഞെത്രയും തനിക്കു വിജ്ഞാനമുണ്ടെന്നാലും താൻ
മൃദുഭാഷിയാണവൻ പണ്ഡിതനെന്നാകിലും
മൃദുശീലനാം രാജഗാംഭീര്യമേറുകിലും
വിനയം ബഹുമാനം കൃപയുമാർന്നാൻ ബാലൻ
ജനങ്ങളോട് ശൂരക്ഷത്രിയൻ താനെന്നാലും,
യുവരാജാക്കൾ ചേർന്നു മോറ്റിയിൽ നായാടുമ്പോ-
ളവനെക്കാൾ ധൈര്യമാർന്നോടിച്ചീലശ്വന്മാരും
കളിച്ചുപോരാടുമ്പോൾ മുറ്റത്തു യുവാക്കൾ തേർ
തെളിച്ചീടുന്നതിലുമവനെ വെന്നീലാരും
എന്നാലും ബാലൻ വേട്ടയാടുമ്പോളടിക്കടി
നിന്നുപോമോടിപ്പോകും മൃഗത്തെയെയ്തീടാതെ;
എന്നല്ല പതിവെന്ന പന്തയം വിട്ടുനിൽക്കും
തന്നുടെയശ്വമോടിത്തളർന്നു തേങ്ങിയെന്നാൽ ;
എന്നുമല്ലിഷ്ടകുമാരന്മാർക്കാർക്കെങ്കിലും
ഖിന്നത തോൽവികൊണ്ടു കണ്ടാലും മത്സരത്തിൽ;
അല്ലെങ്കിൽ ചിന്താശീലനവനുള്ളത്തിൽ സ്വയം
വല്ലൊരൗത്സുക്യം തോന്നിയാലുമങ്ങനെ നിൽക്കും
കാലങ്ങൾ പോകുംതോറും പിന്നെയീയനുകമ്പാ-
ശീലവും കുമാരനു വർദ്ധിച്ചിതുൾത്തടത്തിൽ
മാലകറ്റുന്ന തണലേകുവാനാദ്യം രണ്ടു
ലോലപല്ലവം പൂണ്ടു വളരും വൃക്ഷം പോലെ
ഉണ്ണിയാമവനെന്നാൽ ദുഃഖവും വേദനയും
കണ്ണീരുമെന്താണെന്നതറിഞ്ഞീലൊരിക്കലും
മന്നവരൊരുനാളുമറിയെപ്പോകാത്തതായ്
മന്നിലുള്ളേതിന്റെയോ നാമങ്ങളെന്നല്ലാതെ
അക്കാലമൊരുദിനം നൃപന്റെയുദ്യാനത്തിൽ
പുഷ്കലമായ പുഷ്പകാലത്തിൽ പറന്നെത്തി
ചൊൽക്കൊള്ളും ഹിമാലയനടുവിൽ തങ്ങൾക്കുള്ള
നൽകുലായങ്ങൾ നോക്കിപ്പോകുമൊരന്നക്കൂട്ടം
മഞ്ഞുമൂടിടുമമ്മാമലതൻ തടത്തൂടെ
യഞ്ജസാ പ്രണയരാഗങ്ങളും പാടിപ്പാടി
രഞ്ജിച്ചു തമ്മിൽ പ്രേമനീതരായ് വെളുത്തേറെ
മഞ്ജിമകാളുന്നൊരാപ്പക്ഷികൾ പറക്കുമ്പോൾ
സത്വരം നോക്കി വില്ലുകുലച്ചു ശരമെയ്താൻ
സിദ്ധാർത്ഥപിതൃവ്യനന്ദനനാം ദേവദത്തൻ
അംബുധിപോലെ നീലവർണ്ണമായ് തടവറ്റോ-
രംബരവീഥിതന്റെ നടുവേ ഭയമെന്യേ
അമ്പോടു തൂവലെല്ലാം പരത്തിപ്പറന്നാഞ്ഞു
മുമ്പേപോമന്നത്തിന്റെ ചിറകിനേറ്റൂ ബാണം
ചെമ്പട്ടു പോലെ ചാടും ചോരയാൽ വെള്ളത്തൂവൽ
സമ്പ്രതി വിവർണ്ണമായ് തറച്ച കൂരമ്പോടും
പാരിലപ്പക്ഷി വീണൂ, തത്ക്ഷണം കണ്ടു മന-
താരലിഞ്ഞുടൻ ബുദ്ധനതിനെ ചെന്നെടുത്തു
കാലിന്മേൽ കാല്വച്ചിരുന്നങ്കത്തിലണച്ചുടൻ
ചാലവേ മന്ദം തലോടിനാൻ ഭയം തീരാൻ;
ചിന്നിയ തൂവലുകൾതറ്റകിയൊതുക്കിനാ-
നന്യൂനമിളകുന്ന നെഞ്ചിടിയടക്കിനാൻ;
പിന്നെ നല്ലിളം വാഴത്താളുപോൽ തണുത്തുള്ള
തന്നുടെ സസ്നേഹമാം കോമളകരാഗ്രത്താൽ
അതിനെ ലാളിച്ചൊട്ടൊട്ടാശ്വാസം നൽകീട്ടുടൻ
സദയമിടം കയ്യാൽ പക്ഷിയെത്താങ്ങി സ്വയം
അതിതീക്ഷ്ണമാം ശരം മുറിവിൽ നിന്നു മെല്ലേ
വ്യഥതോന്നാതെയൂരിയെടുത്തു വലം കൈയാൽ
അതിരോപണമായ മധുവും തണുത്തുള്ള
മൃദുപല്ലവങ്ങളും വച്ചുകെട്ടിനാൻ ക്ഷതം
എങ്കിലും വ്യഥയെന്തെന്നുന്നേതുമേയറിയാതെ
ശങ്കതേടീട്ടു ശരാഗ്രം കൊണ്ടു കൈത്തണ്ടിന്മേൽ
കൗതുകമാർന്നു കുട്ടി കുത്തിനോക്കിനാ;നുട-
നതു നൽകീടും രുജയറിഞ്ഞു പിന്നെയവൻ
ചൊരിഞ്ഞ കണ്ണീരോടും ഹന്ത! പക്ഷിയെ വീണ്ടും
തിരിഞ്ഞു നോക്കിയാശ്വസിപ്പിച്ചാൻ പലവിധം;
അക്ഷണമൊരാളോടിവന്നു ചൊല്ലിനാ “നൊരു
പക്ഷിയെയെയ്തു വീഴ്ത്തി മത്സ്വാമി നൃപാത്മജൻ
ഇപ്പനിനീർപ്പൂവാടിക്കുള്ളിലായിങ്ങുതന്നെ-
യിപ്പോഴായതു വീണു; തിരുമേനിയോടുടൻ
കല്പനവാങ്ങിയെടുത്തതിനെക്കൊണ്ടു ചെല്ലാൻ
മല്പ്രഭു കൽപ്പിച്ചിതു; പക്ഷിയെ നൽകുകല്ലീ?”
“ഇല്ല ഞാൻ തരികയില്ലിതിനെ, പക്ഷിയിതു
ചെല്ലേണ്ടതാകാം, കൊന്നൊരാൾക്കുടൻ മരിച്ചെങ്കിൽ
ജീവിച്ചുവീണീടുന്നിതിപ്പോഴുമിമ്മരാളം
ധാവള്യമേറീടുന്നൊരിതിന്റെ പക്ഷങ്ങളിൽ
ദേവകൾക്കുള്ളപോലെ താങ്ങുമാകാശഗതി
കേവലം ധ്വംസിച്ചുവെന്നേയുള്ളു മത്സഹോദരൻ”
ഈ വിധമകമലിഞ്ഞോതി സിദ്ധാർത്ഥനുടൻ
ദേവദത്തനും സ്വയമെത്തിയുത്തരം ചൊന്നാൻ;
“കാട്ടിലെ ജന്തു ജീവിച്ചീടിലും മരിക്കിലും
വേട്ടയിലാരു വീഴ്ത്തിയപ്പോഴതവന്റേതാം;
ഒട്ടൊരാൾക്കുള്ളതല്ലായിരുന്നിതാകാശത്തിൽ;
തിട്ടമെന്നമ്പേറ്റിങ്ങു വീഴ്കയാലെന്റേതിപ്പോൾ;
പരിചിലെനിക്കിന്നു സിദ്ധിച്ചതെനിക്കു താൻ
തരിക;- നീതിനിഷ്ഠനല്ലോ സോദര! ഭവാൻ.”
ഭഗവാനുടനരയന്നത്തിൻ കഴുത്തു തൻ-
സുകുമാരമാം കവിൾത്തടത്തിൽ ചേർത്തുകൊണ്ടു
പറഞ്ഞാൻ സഗൗരവം;“ ചൊല്ലരുതീവണ്ണമി-
പ്പറവയെനിക്കുള്ളതാകുന്നു ധരിച്ചാലും,
പരമമാം കൃപകൊണ്ടും സ്നേഹപ്രാഭവം കൊണ്ടും
ധരയിലെന്റേതാകുമസംഖ്യംസത്വങ്ങളിൽ
ഇതുതാനൊന്നാമത്തേതായതു;-മെനിക്കിന്നു-
മതിയിൽബോധമുളവാകുന്നു മർത്ത്യർക്കു ഞാൻ
കരുണാശീലമുപദേശിക്കുമെന്നും പാരിൽ
പരമഭയങ്കരഹിംസയെത്തടുത്തുടൻ
നരലോകത്തിനല്ല, കേവലം നാവില്ലാത്ത
ചരജാതിയ്ക്കും വേണ്ടി സ്ഥാപിക്കും ധർമ്മമെന്നും
നൃപനന്ദനാ! ഭവാനിനിയും തർക്കമെങ്കിൽ
സപദി ധരിപ്പിക്ക പണ്ഡിതന്മാരെക്കാര്യം
അവർ കല്പിക്കുമ്പോലെ കേൾക്ക നാ’മൊന്നുടൻ
നൃവരസഭതന്നിൽ നടന്നു വാദമതും
ചിലരൊന്നോതി, മറ്റു ചിലപേർ മറ്റൊന്നോതി;
പലരും പലതേവമുരയ്ക്കും മദ്ധ്യത്തിങ്കൽ
അവരിലാരുമറഞ്ഞിടാത്ത ഭിക്ഷുവേക-
നവിടെയെഴുന്നേറ്റു ചൊല്ലിനാനിപ്രകാരം:
“ജീവിതമൊരു ഗണ്യവസ്തുവെന്നിരിക്കിലോ
ജീവിയുമതിനെ രക്ഷിച്ചവനുള്ളതത്രേ;
കൊല്ലുവാന്തുടർന്നവനുള്ളതല്ല;വൻ ജീവ-
നല്ലലും നാശവുമുണ്ടാക്കുന്നു; ലാളിപ്പോനോ,
നല്ലപ്പോലതിനെ രക്ഷിക്കയാണ;തുമൂലം
കില്ലകന്നീയന്നത്തെയവനു നൽകീടണം.”
വിധിയിതെല്ലാവർക്കും സമ്മതമായി; നൃപ-
നതിമോദത്തോടുമമ്മുനിയെ സമ്മാനിപ്പാൻ
തേടുമ്പോൾ കണ്ടീലെ;-ന്നാലാ വഴി പടം വിതൃ-
ത്തോടിപ്പോമൊരു നല്ല പാമ്പിനെയൊരാൾ കണ്ടു
ദേവന്മാർ വേഷം പകർന്നീടുമാറുണ്ടുപോലു-
മീവിധം;- ബുദ്ധൻ പിന്നെത്തനിക്കു സിദ്ധിച്ചതാ-
മന്നത്തെയതിൻ വർഗ്ഗത്തോടു ചേരുവാൻ വിട്ടു
ധന്യനായ് ദായാകൃത്യമിങ്ങനെയാരംഭിച്ചാൻ
എന്നാലാവൃണം പൊറുത്താനന്ദമോടും പോയ
വന്യഹംസത്തിനുള്ള വേദനയൊന്നല്ലാതെ
അന്യദുഃഖങ്ങളറിഞ്ഞീടാത്ത മകനോടു
മന്നവൻ പിന്നൊരുനാളീവണ്ണമരുൾചെയ്താൻ:
“വരികയുണ്ണീ, ചാരുവസന്തകാലത്തിന്റെ
പരമാനന്ദഭൂതി കാൺകെടോ കുമാര നീ
വിളഭൂമികളെല്ലാം കൃഷിക്കാർക്കൊരുപോലെ-
യളവില്ലാതവണ്ണം സമ്പത്തു നൽകുന്നതും;
ഒരു നാളെന്മേലഗ്നികാളുമ്പോൾ നിന്റേതാമി-
ദ്ധരണി സമൃദ്ധിയാൽ പ്രജയെപ്പോറ്റുന്നതും
നരനാഥനാമെന്റെ ഭണ്ഡാരം നിറപ്പതും
വരിക കാൺക,യെത്രരമ്യമീയൃതുവോർത്താൽ
പുതിയ പല്ലവങ്ങൾകൊണ്ടും തോട്ടങ്ങൾതോറു-
മതിഭാസുരങ്ങളാം പുഷ്പങ്ങൾകൊണ്ടും, ഭൂവിൽ
വിതതമായ പച്ചപ്പുല്ലുകൾകൊണ്ടും നിലം
സതതമുഴുന്ന കോലാഹലംകൊണ്ടുമിപ്പോൾ“
ഇങ്ങനെയരുൾചെയ്തു നൃപനും കുമാരനു-
മങ്ങങ്ങു കുളങ്ങൾ തോട്ടങ്ങളും നിറഞ്ഞെഴും
ഒരു ദിക്കിലേക്കശ്വാരൂഢരായെഴുന്നള്ളി
നിരപ്പേ കൊഴുത്ത ചെമ്മണ്ണെഴുമബ്‌ഭൂമിയിൽ
തോളിന്മേലൂക്കാൽ ഞെരിഞ്ഞീടുന്ന നുകമേന്തി-
ക്കാളകൾ വലിച്ചിതു കരിയെ മേലും കീഴും;
മേളിച്ചു കലപ്പതൻ പിന്നാലെ നീണ്ടു നിര-
ന്നോളം പോൽ കൊഴുത്ത മണ്ണിളകിമറിഞ്ഞിതു
പൊന്തുന്ന കോൽമരത്തിന്മീതെ പാദങ്ങൾ രണ്ടും
സന്ധിപ്പിച്ചിതു ചാലു താഴുവാനുഴവുകാർ
പനകൾ കവുങ്ങുകളിവതൻ നടുവൂടെ
മുനങ്ങി മെല്ലെമെല്ലെയൊഴുകീ കൈത്തോടുകൾ
ഭംഗിയിൽ തോട്ടിന്നിരുകരയ്ക്കും വാച്ചു നിന്നു
ഞെങ്ങണം പുല്ലു ചേലവക്കിലെക്കരകൾപോൽ
എത്രയുമുത്സാഹം പൂണ്ടൊരുക്കും നിലം തോറും
വിത്തെറിഞ്ഞൊട്ടു ജനം നിന്നു വേറൊരു ദിക്കിൽ
കാടുകളെല്ലാം കൂടുകെട്ടീടും പറവകൾ
പാടുകമൂലം പൊട്ടിച്ചിരിക്കുമ്പോലെ തോന്നി;
അഴകാർന്നെഴും വസന്താരംഭം കണ്ടു മോദം
വഴിയും പല്ലി, തേനീച്ചകൾ, വണ്ടുകൾ, പിന്നെ
ഇഴജന്തുക്കളെന്നിച്ചെറുജീവികൾ തൂർന്നു
മുഴുവൻ കുറ്റിക്കാടും മുഖരമായിതെങ്ങും
മാവിന്തോട്ടത്തിലൊന്നിൽനിന്നു മറ്റൊന്നിൽ മോദം
താവുന്ന മഞ്ഞക്കിളി പറന്നു മിന്നൽ പോലെ;
ചെമ്പുകൊട്ടിപോൽ പച്ചപടർപ്പാമുലപറ്റി
ചെമ്പോത്തു വാണു ശബ്ദം മുഴക്കി മടിയെന്യേ;
പറന്നിതീച്ചതിന്നും പക്ഷികൾ നീലച്ചോപ്പു-
നിറം പൂണ്ടഴും പൂമ്പാറ്റകളെയോടിച്ചെങ്ങു ;
തറയിൽ വിരണ്ടോടിയണ്ണാർക്കണ്ണന്മാർ ; തീറ്റി
ചിറകുവിതിർത്താഞ്ഞു പെറുക്കീ മൈനാക്കിളി ;
കുരുവിക്കൂട്ടം ചിലച്ചിരുന്നു മുൾച്ചെടിമേൽ
കരുതിക്കുളത്തിന്മേൽ പറന്നു മീങ്കൊത്തികൾ;
നടന്നു പൊത്തുകളോടാഞ്ഞു കുളക്കോഴി ;
നടുവിണ്ണിന്മേൽ ചുറ്റിത്തിരിഞ്ഞു പരുന്തുകൾ ;
ചിത്രശില്പങ്ങളാർന്ന കോവിലിൽ ചുറ്റും ശോഭ-
മെത്തും പീലികൾ നീട്ടിപ്പറന്നൂ മയിലുകൾ
നീലവർണ്ണം തേടിയ മാടപ്രാവുകൾ തണ്ണീർ-
ച്ചോലകൾതോറും തങ്ങിയിരുന്നു മൂളി മന്ദം
ഊരിലുള്ളോരു വിവാഹോത്സവങ്ങളിലതി-
ദൂരത്തു കേൾക്കുമാറായ് വാദ്യഘോഷങ്ങൾതാനും
ഇങ്ങനെ കാണുന്നതും കേൾപ്പതും വിളിച്ചോതി-
യെങ്ങുമേ സമൃദ്ധിയും ക്ഷേമവുമെന്നു തന്നെ
കണ്ടിതൊക്കെയും നൃപനന്ദനനകതാരിൽ
പൂണ്ടിതേ പാരം മോദമുടനേ,യെന്നാകിലും
വീണ്ടും ഗാഢമായോർത്തു വിശ്വമാം പനിനീർപ്പൂ-
ന്തണ്ടിന്റെ താഴത്തുള്ള മുള്ളുകൾ പാർത്താനവൻ;
കൂലിയ്ക്കുവേണ്ടി വിയർപ്പണിഞ്ഞൂ കൃഷിക്കാരൻ
വേലചെയ്തീടുന്നതും വയറുപോറ്റാൻ നിത്യം;
എരിയും വെയിലിലൂടെ വലിച്ചു കലപ്പയെ
വിരവിൽ പോകായ്കയാൽ, വിരിഞ്ഞ കണ്ണേലുന്ന
മാട്ടിന്റെ മിനുത്ത പട്ടൊക്കും വ്‌ലാപ്പുറങ്ങളിൽ
ചാട്ടകൊണ്ടവൻ കനിവെന്നിയേ തല്ലുന്നതും;
പല്ലിചെന്നുറുമ്പിനെബ്‌ഭക്ഷിക്കുന്നതും ; പാമ്പു
പല്ലിയെപ്പിടിച്ചു തിന്നുന്നതും;മവരണ്ടും
പരുന്തിനിരയായിത്തീർന്നീടുന്നതും; പിന്നെ-
ക്കരുത്തിൽ മീങ്കൊത്തി കൊത്തീടിനമത്സ്യത്തെ പ്രാ-
പ്പിടിയൻ പാഞ്ഞുചെന്നിട്ടവന്റെ കൊക്കിൽനിന്നു
ഝടിതി റാഞ്ചിക്കൊണ്ടു പറന്നുപോകുന്നതും :
അരിയ ചിത്രശലഭങ്ങളെയെല്ലാം ചെറു
കുരുവിക്കൂട്ടങ്ങൾ കൊല്ലുന്നതുമവറ്റയെ-
ക്കരുണകൂടാതതുപോലെ താൻ കടന്നെത്തി-
ത്തരസാ പെരും പുള്ളു വേട്ടയാടീടുന്നതും ;
ഒന്നിനെയൊന്നു കൊന്നീടുന്നതുമുടനെ മ-
റ്റൊന്നിനങ്ങതുമിരയാവതുമിതുപോലെ
മരണം ജീവിതത്തെപ്പോറ്റീടും പ്രകാരങ്ങ-
ളൊരുപോലവൻ കണ്ടാനവിടെയെല്ലാടവും
പുഴുക്കൾ തൊട്ടു മനുഷ്യാന്തം ജന്തുക്കൾതമ്മി-
ലൊഴിയാതേവം യുദ്ധനാടകമതിഘോരം
ഗൂഢമായ് താൻ കണുമാ വസന്തകാലത്തിന്റെ
മോടിയാം തിരശ്ശീലയ്ക്കകത്തു നടിപ്പതും,
പാരാതെ പിന്നെയിവയ്ക്കൊക്കെ വൈരിയാം നരൻ
പോരാടിത്തന്റെ സമസൃഷ്ടിയെക്കൊല്ലുന്നതും
കൊറ്റിനായുഴുവതും കർഷകൻ കൂറ്റൻ നൊന്തു
മുറ്റും തോളടിപൊട്ടിക്കലപ്പ വലിപ്പതും
ജീവിതമാകും പോരിൽ ജന്തുക്കൾ ഞെരുങ്ങുവ-
തീവിധം കണ്ടു നെടുവീർപ്പിട്ടു നൃപാത്മജൻ
ചൊല്ലിനാ:-“നിതുതാനോയിങ്ങു ഞാൻ കണ്ടിടേണ്ട
ചൊല്ലെഴും സുഖാവഹമായൊരു ലോകം കഷ്ടം!
എത്രയേലുന്നു ഖേദമെളിയ കൃഷിക്കാരൻ
എത്ര കഷ്ടപ്പെടുന്നു പാവങ്ങളെരുതുകൾ
നേർത്തു ശക്തരും ശക്തിഹീനരും തമ്മിൽ ജീവ-
യാത്രയിൽ ചെയ്തീടുമിപ്പൊരെത്ര ഭയങ്കരം !
ആകാശത്തിലുമെന്തൊരക്രമം നടക്കുന്നു !
പൂകുവാനുണ്ടോ വല്ല ശരണം വെള്ളത്തിലും?
പോകനാമിനിത്താതാ, ചെന്നൊരു ദിക്കിലിരു-
ന്നാകെ ഞാൻ ചിന്തിക്കട്ടെയിക്കണ്ട വിശേഷങ്ങൾ“
ഇങ്ങനെയരുൾചെയ്തഭഗവാൻ ശാക്യസിംഹ-
നങ്ങൊരു ഞാവലിന്റെ തണലിലണഞ്ഞുടൻ
ഭംഗിയിലിരുന്നു വീരാസനം ബന്ധിച്ചുകൊ-
ണിറ്റിങ്ങു നാം കാണാറുള്ള ബുദ്ധവിഗ്രഹം പോലെ
ചിന്തിച്ചാനവൻ ഗാഢം പിന്നെയീ സംസാരമാം
സന്തതമഹാവ്യാധിയെങ്ങനെയുള്ളതെന്നും
എന്തൊരു നിദാനത്താലുളവായെന്നു,മിതി
നന്തമുണ്ടാക്കീടുവാനെന്തുള്ളൂ മരുന്നെന്നും
മനതാർ വിള്ളുമാറു കവിഞ്ഞിതവനപ്പോൾ
തനിയെ ജന്തുക്കളിൽ സ്നേഹവും കാരുണ്യവും
പുനരിങ്ങവയ്ക്കുള്ള ദുഃഖങ്ങൾ നീക്കീടാനൊ
രനഘോപായം കാണാഞ്ഞേറിയിതുത്ക്കണ്ഠയും
ഇത്തരം ശുഭവിചാരങ്ങളാൽ ഞെരുങ്ങുന്ന
ഹൃത്തടം വിട്ടവന്റെ ചേതന പൊങ്ങി വേഗം
മർത്ത്യന്റെ മലിനമാമിന്ദ്രിയമാനസങ്ങൾ-
ക്കെത്താത്തൊരാനന്ദാനുഭൂതിയിൽ ചെന്നു നിന്നു
സർവ്വവന്ദ്യനാം ബുദ്ധനിങ്ങനെ ധ്യാനമെന്ന
നിർവാണമാർഗത്തിന്റെയൊന്നാം കലപയേറി
ഉടനങ്ങതുവഴി പോകുമ്പോൾ വിണ്ണിൽ മാർഗം
തടഞ്ഞു തങ്ങിനിന്നൊരഞ്ചുപേർ ദേവർഷിമാർ
സ്ഫുടമായേതു ദിവ്യതരശക്തിയാൽ തങ്ങ-
ളിടയിൽ തടഞ്ഞുനിൽക്കുന്നിതെന്നാശ്ചര്യത്താൽ
ദേവന്മാരോരുമല്ലോ ദിവ്യവൈഭവമേതും
പാവനാത്മാക്കൾ വാഴും പുണ്യദേശവും സ്വയം
അതിനാൽ താഴോട്ടവർ നോക്കുമ്പോൾ വൃക്ഷത്തിൻ കീ-
ഴതിപാടലപരിവേഷത്താൽ ശോഭ തേടി,
ഗതി, ലോകങ്ങൾക്കേകാൻ ദീക്ഷിച്ചു നൽധ്യാനത്തിൽ
സ്ഥിതിചെയ്യുന്ന ബുദ്ധഭഗവാന്തന്നെക്കണ്ടാർ
“അറിവിനിതുതന്നെ നിർവാണം നൽകും നാഥ,-
നിറങ്ങിവന്നു വന്ദിച്ചീടുവിനൃഷിമാരേ !“
സ്ഫുടമിങ്ങനെയൊരു വാക്യവും ഞാവൽകാവി-
ന്നിടയിൽ നിന്നു പുറപ്പെട്ടു തത്ക്ഷണം സ്വയം
ഉടനേയദ്ദിവ്യതേജസ്വികൾ ചെന്നു കണ്ടു
വടിവിൽ കൈകൾ കൂപ്പി വന്ദിച്ചു ഭഗവാനെ,
പടുതയോടും ദിവ്യസ്തോത്രവും പാടിപ്പോയാർ
ഝടിതി ദേവന്മാർക്കീ വൃത്താന്തമുണർത്തുവാൻ
പിന്നെ മദ്ധ്യാഹ്നകാലം കഴിഞ്ഞു പടിഞ്ഞാറെ-
ക്കുന്നിന്മേൽ ചെന്നു സൂര്യനെത്തിയസ്തമിക്കുവാൻ;
എന്നിട്ടും കുമാരനെ കാണാഞ്ഞു ബദ്ധപ്പെട്ടു
മന്നവനയച്ചൊരു പൂരുഷനണഞ്ഞുടൻ
അപ്പോഴും ധ്യാനത്തിൽ നിന്നിളകാതങ്ങുതന്നെ
യപ്പൈതലിരിപ്പതു കണ്ടാനെന്നല്ല കാവിൽ
മറ്റു വൃക്ഷങ്ങൾക്കെഴും ഛായകൾ മൂടുവിട്ടു
മുറ്റും ദൂരത്തിൽ നീണ്ടുപോകിലും സായാഹ്നത്തിൽ
ചാഞ്ഞെഴും സൂര്യരശ്മിതാനുമദ്ധന്യന്റെമേ-
ലാഞ്ഞുടൻ തിരുമെയ്യെ ബാധിച്ചീടാതവണ്ണം
നിഷ്ഠയിൽ ബാലനിരുന്നരുളുംദിക്കിൽനിന്ന-
ങ്ങൊട്ടും ഞാവലിൻ നിഴൽ നീങ്ങീടാത്തതും കണ്ടാൻ
അതുമല്ലമ്മരത്തിനഗ്രത്തിൽ നിറഞ്ഞെഴും
പുതുപ്പൂന്നിരകൾ തന്നിടയിൽ നിന്നുമപ്പോൾ
“സ്ഥിതി ചെയ്യട്ടേ നൃപനന്ദനനുള്ളത്തിങ്കൽ
പതിഞ്ഞ ദുഃഖച്ഛായ പോവോളമിങ്ങുതന്നെ ;
അതുപര്യന്തം ഞാനെൻ ഛായയുമവന്റെമേൽ
പതിപ്പിച്ചീടും” മെന്നീവാക്യവും കേട്ടു ചിത്രം !