Jump to content

ശ്രീബുദ്ധചരിതം/മൂന്നാം കാണ്ഡം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീബുദ്ധചരിതം
രചന:എൻ. കുമാരനാശാൻ
മൂന്നാം കാണ്ഡം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


ശ്രീമയമായീടുന്ന വിശ്രമവനത്തിങ്കൽ
പ്രേമസിന്ധുവാം പ്രിയയോടൊത്തു യഥാസുഖം


ആ മനോഹരസൗധങ്ങളിലങ്ങനെ വാണാൻ
കാമകോമളരൂപൻ സിദ്ധാർത്ഥൻ തിരുവടി


ഭീതിയും ദാരിദ്ര്യവും മറ്റോരോ ദുഃഖങ്ങളും
വ്യാധിയും വാർദ്ധക്യവുമെന്നല്ല മരണവും


ഏതുമേ സ്വയം ശാക്യസിംഹനാം തിരുമേനി
ചേതസ്സിലെന്താണെന്നതറിഞ്ഞീലതുവരെ


രാത്രിയിലെന്നാൽ നിദ്രാസിന്ധുവിൽ സ്വപ്നക്കപ്പൽ
യാത്രയിൽ തളർന്നുഷസ്സാം കരയെത്തീടുവോർ


ചിത്രമായിടയ്ക്കിടെ കണ്ടുള്ള വിശേഷങ്ങ
ളത്രയും തന്നോടോതിയിരുന്നിതപ്പോളപ്പോൾ


ഈവിധം വാഴുന്നാളിലത്തിരുവടിയോമൽ
പൂവൽമേനിയാം യശോധരതൻ തിരുമാറിൽ


പാവനമാകും ശിരസ്സണച്ചു മയങ്ങിയും
സാവധാനമായ് ദേവി മൃദുവാം വ്യജനത്തെ

ഓമനകരതാരിലേന്തി വീശവേ മിഴി
ത്താമരയിതളുകൾ പൂട്ടിയുമുറങ്ങുമ്പോൾ


ശോകാവേഗത്താലെന്നപോലിടനെഞ്ചു പൊട്ടി
യാകുലാത്മാവായ് ഞെട്ടിയുണരും പലപ്പോഴും

“ലോകമേ ഹാ! ഞാനെന്റെ ലോകമേ ! കേൾക്കുന്നുണ്ടു
നീ കേഴുന്നതു നിനയ്ക്കുന്നുണ്ടു വരുന്നു ഞാൻ.”


ഇങ്ങനെ പുലമ്പീടുമുടനേ ദേവിയുള്ളിൽ
തിങ്ങിയ ഭയത്തോടും തന്മുഖാംബുജം നോക്കും


“എന്റയ്യോ ! കേഴുന്നതെൻ പ്രാണവല്ലഭ, ഭവാ-
നെന്തൊരു മൂലമഴൽ നിന്തിരുമേനി”ക്കെന്നു


ഖേദിച്ചുപരിഭ്രാന്തചിത്തയായലിവോടു
ചോദിക്കും ചപലനീലോത്പല വിലോചന


ആകുലത്വം തോന്നുമാറന്നേരം മുഖത്തതി
ശൊകവും ദേവതുല്യതേജസ്സും സ്ഫുരിക്കയാൽ


കേണീടുമവൾ നാഥനുണർന്നു തൃക്കൺ പാർത്തു
ചേണാർന്ന ചെറുചിരി തൂവിയാശ്വസിപ്പിക്കും


പ്രാണനാഥയെ ചിത്തകാലുഷ്യം നീങ്ങുമാറു
വീണവായിച്ചീടുവാൻ കൽപ്പിക്കും പിന്നെ ദേവൻ


അങ്ങനെയിരിക്കേ നൂൽക്കമ്പികൾ ശ്രുതികൂട്ടി
യങ്ങുതൻ കിളിവാതില്പടിമേലൊരുരാവിൽ


വച്ചിരുന്നതു വെള്ളിവീണയൊന്നിളങ്കാറ്റു
സ്വച്ഛന്ദമടിച്ചതിൽ സ്വനങ്ങൾ പൊങ്ങും മട്ടിൽ


കമ്പിയിൽ കാറ്റടിച്ചിട്ടോരോരോ വിധം ചെവി
ക്കിമ്പമാമ്മാറു പല നാദങ്ങൾ പൊങ്ങീ മന്ദം


ചുറ്റുമാളുകൾ ശയിച്ചിരുന്നോർ കേട്ടിട്ടതിൽ
ചെറ്റുമേ വിശേഷം തോന്നീലവർക്കാർക്കുന്നാൽ


താനേ തന്ത്രികൾ തൂവും കാകളി കുമാരനു
വാനവർ വിണ്ണിൽ വീണവായിപ്പതെന്നു തോന്നി
 
മാനസത്തിങ്കലതുമല്ല ദേവകൾ പാടും
ഗാനവുമതിൽ കലർന്നിങ്ങനെ കേട്ടു നാഥൻ


“ഇണ്ടലാർന്നോടി വിശ്രമം കൊതിച്ചെല്ലാടവും
തിണ്ടാടും വായുവിന്റെ ശബ്ദങ്ങളല്ലോ ഞങ്ങൾ


കണ്ടീടുന്നില്ലയെങ്ങുമാശ്വാസമതു മൂലം
കുണ്ഠതയാർന്നിവണ്ണം കേഴുന്നതറിഞ്ഞാലും


ഊഴിയിലോർക്കുമ്പൊഴീകാറ്റിനും മനുഷ്യന്റെ
പാഴാം ജീവിതത്തിനും ഗതിയൊന്നതായത്


കേഴുക, നെടുവീർപ്പിട്ടീടുക തേങ്ങീടുക
ചൂഴവും ചീറിക്കുതിച്ചോടുക പിടയുക


എന്തിനായുണ്ടായ് ഞങ്ങളെങ്ങുനിന്നുണ്ടായെന്നും
ചിന്തിച്ചാലാർക്കുമറിയാവതല്ലതുപോലെ


എങ്ങുനിന്നീജ്ജീവിതമുണ്ടായെന്നതും പിന്നെ
യെങ്ങോട്ടേയ്ക്കതു പോകുന്നെന്നുമാർക്കറിയാവൂ!


അന്തരമില്ല വിഭോ ! നിങ്ങൾക്കും ഞങ്ങൾക്കും നാ-
മന്തരാളത്തിൽ വൃഥാ തോന്നിയ ഭൂതങ്ങൾ താൻ


സന്തതം രൂപം മാറി വരുമിക്ലേശങ്ങളി-
ലെന്തൊരു സൗഖ്യമുള്ളൂ ഞങ്ങൾക്ക് നിരൂപിച്ചാൽ


ഇങ്ങെഴുമവിശ്രാന്തവിഷയഭോഗങ്ങളി-
ലങ്ങേയ്ക്കെന്തു സുഖമോ ഞങ്ങളറിവീല


പിന്നെയിപ്രേമം തന്നെ ശാശ്വതമായിരുന്നാൽ
സന്ദേഹമില്ല പരമാനന്ദമൊന്നുണ്ടതിൽ


ആയുസ്സു തന്നെ വിശ്വാസോസ്പദമല്ലാത്തൊരീ
വായുപോൽ ചപലമല്ലോ പിന്നെ സ്ഥിരമാമോ


കമ്പമാർന്നതിൽ നിൽക്കുമിപ്രേമം കാറ്റാൽ വീണ
ക്കമ്പിമേലുണ്ടാം ക്ഷണസ്ഥായിയാം നാദം പോലെ


ഭൂമിയെചുറ്റി ഞങ്ങളെന്നും സഞ്ചരിക്കയാൽ
ഹേ മായാസുത, വീണമേൽ വന്നു വിലപിപ്പൂ


ഉല്ലാസം പൂണ്ടു ഞങ്ങൾ പാടുകയല്ല പാർക്കി
ലില്ലല്ലോ ഹർഷത്തിനു കാരണമൊരേടത്തും


ചെല്ലുന്നദിക്കിലെല്ലാം ദേഹികൾക്കനാരത-
മല്ലലല്ലാതെയില്ലയെങ്ങുമേ കാണ്മൂ ഞങ്ങൾ


ആറായിച്ചുടുകണ്ണീരോലും നേത്രങ്ങൾ താപം
മാറാതെ തിരുമ്മീടുമെത്രയോ കരങ്ങളും


അഴുതീടിലും പരിഹാസം തോന്നുന്നു ഞങ്ങൾ
ക്കൊഴിയാത്തൊരീ ജനത്തിന്റെയന്ധത കണ്ടാൽ


ഉത്സാഹിച്ചവർ മുറുകെപ്പിടിക്കുമീലോകം
നിസ്സാരമിത്ഥ്യാരൂപമെന്നറിയുന്നീലല്ലോ


വിണ്ണിലോടും മേഘത്തെ വിലക്കും നിൽക്കാനിവർ
ദണ്ഡിക്കും കൈയാൽ പുഴയൊഴുക്കു തടുക്കാനും


എന്നാൽ നിന്തിരുവടി ലോകരക്ഷാർത്ഥമല്ലോ
വന്നവതരിച്ചിതു കാലവുമായിതല്ലോ


എന്നെഴുന്നള്ളീടുമങ്ങനെന്നു കാത്തിരിക്കുന്നു
ഖിന്നമാം ജീവലോകം കഷ്ടത നീങ്ങീടുവാൻ

അന്തമില്ലാതെ നീണ്ട സംസാരയാത്രതന്നി-
ലന്ധമാം ലോകം ചുറ്റിതിരിഞ്ഞു വലഞ്ഞേറ്റം


ആയാസത്തോടുമടിയിടറി വീഴുന്നുതേ
മായാനന്ദനായേൽക്ക, യങ്ങിനിയുറങ്ങൊലാ


തെണ്ടിമണ്ടും വായുവിൻ ശബ്ദങ്ങളാണു ഞങ്ങൾ
തെണ്ടുകയങ്ങും പോയി നിർവാണം നൃപാത്മജ !


സ്വന്തരാഗത്തെ രാഗബദ്ധമാം ലോകത്തിന്റെ
സന്താപം കെടുപ്പതിന്നായ് സ്വയം വെടിക നീ


ബന്ധുരരാജ്യഭോഗം വിട്ടു ദുഃഖിച്ചു ദുഃഖ-
ബന്ധത്തിൽ നിന്നു മോചിപ്പിക്കുക ഭുവനത്തെ


ഇങ്ങനെ വെള്ളിവീണക്കമ്പിമേൽ തട്ടിത്തേങ്ങി
ഞങ്ങൾ നിന്തിരുവടി കേൾക്കുവാൻ കേഴുന്നതാം


അങ്ങുന്നോ ലോകദുഃഖമേതുമേയറിവീല
യിങ്ങതോർത്തിന്നു ചിരിച്ചും കൊണ്ടു പോവൂ ഞങ്ങൾ


അഴകേറുന്ന കാന്ത തൊട്ടെഴും ഭൊഗമാകും
നിഴലിൻ നിരയുമായ് ക്രീഡിക്കുന്നല്ലോ ഭവാൻ “


ഇതു സംഭവിച്ചതിൻ പിന്നെയങ്ങൊരു നാളി-
ലതിമോഹനമാകുമായരമനയ്ക്കുള്ളിൽ


മധുരാംഗിയാം യശോധര തൻ കൈയും പിടി-
ച്ചുദിത കൗതൂഹലം നല്ലൊരു സായാഹ്നത്തിൽ


സഖിമാരുടെ നടുവിൽ സ്വയം വിനോദിച്ചു
സുഖമാർന്നിരുന്നരുളീടിനാൻ മഹാഭാഗൻ


അപ്പൊഴുതാളിമാരിൽ സുന്ദരിയൊരു
ചൊൽപ്പൊങ്ങുമിതിഹാസം ഭംഗിയിൽ ചൊല്ലീടിനാൾ


മേദുരകണ്ഠം ക്ഷീണിച്ചീടുമ്പോളിടെ
സാദരം മധുരമായി വീണ വായിച്ചിട്ടവൾ


അന്തിനേരം നയിപ്പാൻ ചൊല്ലുമപ്രേമരസ
ബന്ധുര കഥ തന്നിലോരോരോ പ്രസ്താവത്താൽ


ആശ്ചര്യകരമായൊരു മായാശ്വം ദൂരത്തുള്ള
പാശ്ചാത്യ ദേശങ്ങളെന്നല്ലതുകളിൽ വാഴും


വെൺ‌മഞ്ഞ നിറമേലും ജനങ്ങളന്തിയിൽ
ചെമ്മേ പോയ് സൂര്യദേവൻ മുങ്ങുമക്കടലുകൾ


എന്നോരോന്നിനെപ്പറ്റി പറഞ്ഞു കേട്ടീടവേ
വന്നൊരുത്ക്കണ്ഠയോടും ഭവാൻ അരുൾചെയ്തു.


‘ചിത്ര’ യിച്ചൊന്ന കഥ വീണയിൽ സ്വയം കേട്ട
ചിത്രമാം വൃത്താന്തത്തെയോർപ്പിച്ചീടുന്നതേ !



സത്വരമിവൾക്കു സമ്മാനമായി നീ ചാർത്തുന്ന
മുത്തണിമാല തന്നെ നൽകുക യശോധരേ !


എൻ കരൾക്കാമ്പാടുന്നതറിവാൻ, ചൊൽക നീയെൻ
തങ്കമേ ഭൂലോകമിതിത്ര വിസ്തീർണ്ണമാണോ?


ഇദ്ധരിത്രിയിലലയാഴിയിൽ പോയി സൂര്യ
നസ്തമിപ്പതു കാണാവുന്ന രാജ്യവുമുണ്ടോ?


ഉണ്ടെങ്കിലന്നാട്ടിലെജ്ജനങ്ങൾ ശീലം കൊണ്ടും
കണ്ടാലും നമ്മെപ്പോലെതന്നെയോ ചൊൽക കാന്തേ!


ഉള്ളതാമങ്ങഓർക്കിൽ നാമറിയാതസംഖ്യം പേ-
രുള്ളത്തിലവർക്കാർക്കും സൗഖ്യമില്ലെന്നും വരാം


കണ്ടറിഞ്ഞെന്നാൽ നമ്മളവരെക്കനിഞ്ഞുട-
നിണ്ടൽ തീർത്താശ്വസിപ്പിച്ചെന്നുമാമല്ലീ പ്രിയേ


ദീനനായകൻ നിത്യം കിഴക്കേദ്ദിഗന്തത്തിൽ
ജനതയ്ക്കാനന്ദമെകുന്ന ചെങ്കതിരുകൾ


അഴകിൽ പരത്തിക്കൊണ്ടുയർന്നു ദീപ്തമാകും
വഴിയേ വിണ്ണിലേറിപ്പശ്ചിമദിക്കുനോക്കി


എഴുന്നള്ളുന്നോരാഡംബരം കണ്ടെനിക്കുള്ളി-
ലൊഴിയാതത്യാശ്ചര്യം തോന്നുമാറുണ്ടു നാഥേ


അതുമല്ലർക്കൻ പിന്നെ താഴുമ്പോൾ പടിഞ്ഞാറു
ള്ളതിപാടലമായൊരന്തി ശോഭിക്കും ദിക്കിൽ


കൂടിച്ചെന്നെത്തുവാനുമങ്ങുള്ള ജനങ്ങളെ
ക്കൂടിക്കാണ്മാനുംനിത്യമേറുമുൽക്കണ്ഠാഗ്നിയാൽ


വെന്തീടുമാറുമുണ്ടെന്നുൾക്കാമ്പു നീയെന്നെയീ
ചെന്തളിർ വല്ലി തോൽക്കും ചാരുകകളാൽ കെട്ടി


കൂറൊത്തു തഴുവുമ്പോൾ പോലും ഞാൻ നിന്റെ കുളിർ
മാറത്തു തങ്ങി വിശ്രമിക്കുമ്പോൾ പോലും പ്രിയേ


ഇല്ല സന്ദേഹം സ്നേഹിക്കേണ്ടവർ നമുക്കങ്ങു
വല്ലഭേ പലരുമുണ്ടായിരിക്കണം വേറെ


അല്ലെങ്കിലിങ്ങനെ നാം സുഖിച്ചു മരുവുമ്പോൾ
വല്ലാത്തൊരീയുത്കണ്ഠ തോന്നുവാനുണ്ടോ ബന്ധം?


പല്ലവസമാധരേ ! നിന്റെ ചുംബനങ്ങൾക്കും
തെല്ലുമീയഴൽ നീക്കാൻ പാടവം പോരാ നാഥേ


ചൊല്ലുക ചിത്രേ നീ ചൊന്നോരുപാഖ്യാനത്തിലെ
ചൊല്ലുള്ള ദിവ്യാശ്വമതെങ്ങിപ്പോൾ നിൽപ്പൂ ബാലേ!


നല്ല ഗന്ധർവ ലോകവൃത്താന്തമറിവവ
ളല്ലോ നീ എനിക്കൊരു ദിവസത്തെയ്ക്കായശ്വം


കിട്ടുമോ കേറിയോടിച്ചീടുവാ,നതിന്നായെൻ
കൊട്ടാരമിതു വേണമെങ്കിലും നൽകാമെടോ


കിട്ടിയാലതിലേറിയേറേ വേഗത്തിലൂഴി
ത്തട്ടാകെയോടിത്തിരിഞ്ഞെനിക്കു നോക്കാമല്ലോ

എന്നല്ലെന്നെക്കാൾജഡഭോഗങ്ങൾ ഭുജിക്കുവാ
നെന്നുമേ സ്വതന്ത്രനാമിച്ചെറു കഴുകന്റെ


ചിറകിന്നെനിക്കുണ്ടായിരുന്നുവെങ്കിൽ പൊങ്ങി
പ്പറക്കാമായിരുന്നു പശ്ചിമദിക്കുനോക്കി


ആയതമായ, ചെമ്പരത്തിപ്പൂനിരയൊത്ത
സായാഹ്നസൂര്യകിരണാവലിതട്ടിമിന്നും


മഞ്ഞാർന്ന ഹിമവാന്റെ വൻ‌കൊടുമുടികൾമേ
ലഞ്ജസാ ചെന്നിരുന്നു ചൂഴവും കാണ്മതെല്ലാം


ആക്കമാർന്നുടൻ മിഴി തിരിച്ച് തിരിച്ചഹോ
നോക്കാമായിരുന്നു കണ്ണെത്തുന്ന ദൂരം വരെ


എന്തുകൊണ്ടുന്നാൾവരെ ദേശങ്ങൾ കണ്ടീല ഞാ
നെന്തുകൊണ്ടെനിക്കതിലാകാംക്ഷ തോന്നാഞ്ഞതും


കേട്ടീടാൻ മോഹമിപ്പോളേതെല്ലാം സ്ഥലങ്ങളി-
ക്കോട്ടവാതിൽ‌വെളിക്കുള്ളതു സഖിമാരേ !


ഇതുകേട്ടൊരുത്തി ചൊല്ലീടിനാ”ളെന്നാൽ കനി
ഞ്ഞതിമോഹനാകൃതേ കേട്ടുകൊണ്ടാലും ഭവാൻ;


ഏറ്റവുമടുത്തുള്ള ദേവാലയങ്ങളാമിളം
കാറ്റിൽ പൂമണം വീശുമുദ്യാനങ്ങളാം പിന്നെ

വൃക്ഷവാടികളവയ്ക്കപ്പുറമങ്ങേപ്പുറം
ശിക്ഷയിൽ കൃഷിയേറ്റി വിളങ്ങും വയലുകൾ


പിന്നെയപ്പരപ്പാർന്ന തരിശുനിലങ്ങളാം
പിന്നെ മൈതാനങ്ങളാം പിന്നെയെത്രയോ കാതം


അംബുധിപോൽ പരന്ന കാടുകളല്ലോ പിന്നെ
ബിംബിസാരനാം നൃപന്തന്നുടെ രാജ്യമല്ലോ;


അതിനപ്പുറം സമദേശങ്ങൾ വിലസുന്നു
വിതതമായിക്കോടികോടിയാളുകളോടും“


എന്നതുകേട്ടു ഭഗവാനുടനരുൾ ചെയ്തു:
“നന്നിതു നാളെ മദ്ധ്യാഹ്നത്തിൽത്താനെനിക്കിനി


ഒന്നൊഴിയാതെ പുറത്തുള്ളൊരു വിശേഷങ്ങൾ
സന്ദർശിക്കണം സംശയമില്ലേതുമേ;


ഛന്ദനെൻ തേർ തെളിച്ചീടണമിന്നതിനായി
ച്ചെന്നുടൻ നൃപാജ്ഞ വാങ്ങുവിൻ മടിയാതെ.”


അതുപോൽ പരിജനമണഞ്ഞു തിരുമുമ്പി-
ലതുരാദരമുടൻ വൃത്താന്തമുണർത്തിനാർ:


“നിന്തിരുമകൻ വിഭോ ! നാളെ മദ്ധ്യാഹ്നത്തിങ്കൽ
സ്വന്തമാം തേരിലേറി വെളിയിലെഴുന്നള്ളി


അന്തികദേശത്തുള്ള ജനങ്ങൾ തമ്മെ കാണ്മാ-
നന്തരംഗത്തിലാശ തേടുന്നു ദയാനിധേ !


എന്നതു കേട്ടു ചിന്തിച്ചോതിനാൻ മഹീപതി :
“ന്നനിതു കാലമായി വത്സനായതിന്നിപ്പോൾ


എന്നാൽ ഘോഷകജനം നടന്നു നഗരത്തെ
നന്നായിന്നലങ്കരിച്ചീടുവാൻ ചൊല്ലീടട്ടെ


കഷ്ടമായുള്ളതൊന്നും കാണരുതൊരേടത്തും
ദൃഷ്ടിഹീനരുമംഗഭംഗങ്ങളുള്ളവരും


കുഷ്ഠരോഗികളുമന്യാമയങ്ങളാൽ പാരം
ക്ലിഷ്ടതയനുഭവിപ്പിപ്പവരും എന്നു വേണ്ട


ജരയാലുടൻ ജീർൺനിച്ചോരു വൃദ്ധരുമംഗം
പരിശോഷിച്ചോർ ബലഹീനരായുള്ളോർ പോലും


തെരുവിൽ കാണുമാറായെങ്ങുമെത്തരുതിതു
വിരവിലവർ വിളംബരവും ചെയ്തീട്ടട്ടേ”


വായ്ക്കും കൗതുകത്തോടു പുരവാസികളതു
കേൾക്കവേ കൽത്തളങ്ങളടിച്ചു വെടിപ്പാക്കി


തോൽക്കുഴൽ വഴി ജലധാരകൾ വിട്ടു വീഥി
മേൽക്കുമുത്സാഹമാർന്നൊക്കവേ കഴുകിനാർ


മംഗലമായ് കോലങ്ങളെഴുതി മുറ്റത്തെല്ലാം
ഭംഗിയായ് നൽകുങ്കുമം തൂറ്റിനാർ ഗൃഹിണിമാർ


വാതിലിൽ പുതിയ പൂമാലകൾ കെട്ടീടിനാർ
കോതി മുൻപൊരുക്കി നിർത്തീടിനാൻ തുളസിയെ


കെൽപ്പോടു ചുവരിലെച്ചിത്രങ്ങൾ ചായമിട്ടു
ശില്പവേലക്കാർ പുതുക്കീടിനാർ വഴിപോലെ


വൃക്ഷങ്ങൾ ചൂഴെജ്ജനം കൊടികൾ തൂക്കീടിനാർ
ശിക്ഷയായ് പൂശി മിനുക്കീടിനാൻ പ്രതിമകൾ


മെച്ചമായെന്നല്ല നാല്വഴികൾകൂടും ദികിൽ
പച്ചിലപ്പന്തലുകൾ നിർമ്മിച്ചങ്ങവയ്ക്കുൾലിൽ


മിന്നും സൂര്യാദിദേവബിംബങ്ങൾവെച്ചു ബഹൗ-
സന്നാഹമോടാരാധിച്ചീടിനാരങ്ങങ്ങെല്ലാം


എന്തിനു വിസ്തരിപ്പൂ കപിലവസ്തുവൊരു
ഗന്ധർവനഗരിപോൽ വിളങ്ങിയെന്നേ വേണ്ടൂ


പിന്നെഗ്ഘോഷകർ തമുക്കടിച്ചു നടന്നെങ്ങും
മന്നവനുടെയാജ്ഞയിങ്ങനെ വിളിച്ചോതി :


“അല്ലയോ പൗരന്മാരേയെല്ലാരുമോരാൻ ഭൂമി
വല്ലഭൻ കല്പിന്നതാവിതു കേട്ടീടുവിൻ


കഷ്ടമാം കാഴ്ചയൊന്നും നാളെയിങ്ങൊരേടത്തും
ദൃഷ്ടിയിൽ പെട്ടീടുമാറാകരുതാകയാലെ


കുരുടർ, മുടവന്മാർ, കുഷ്ഠരൊഗികൾ പാരം
ജരാരോഗ്യമില്ലാത്തവരശക്തരും


ഒരു ദിക്കിലും വെളിക്കിറങ്ങീടരുതെന്ന-
ല്ലൊരുഭൂതരും ശവദാഹം ചെയ്യരുതെങ്ങും


വെളിയിൽപ്പോലുമെടുതീടരുതാരും നാളെ
വെളുത്താലന്തിയാകുംവരേയ്ക്കും പ്രേതമൊന്നും


ഇങ്ങനെ കൽപ്പിക്കുന്നു മന്നവൻ ശുദ്ധോദനൻ
നിങ്ങളെല്ലാരുമറിഞ്ഞീടുവിനിച്ചെയ്തികൾ”


അങ്ങനെയെന്നു ശാക്യരാജധാനിയെ പൗരർ
മംഗലമാക്കി വെടിപ്പാക്കി മന്ദിരങ്ങളും


ഹിമരാശികൾപോലെ വെളുത്തു പരസ്പരം
സമതതേടും രണ്ടു കാളകൾ സോത്സാഹമായ്


ഭംഗിയിൽ പാരം ഞാന്ന താടകൾ തുള്ളിച്ചേറ്റം
പൊങ്ങി മാംസളങ്ങളാം പോഞ്ഞുകൾ ചുളുങ്ങവേ


തോളിന്മേൽ ചിത്രമായിപ്പണിതു മെഴുക്കിട്ടു
കാളുന്ന പുത്തൻ നുകം വഹിച്ചു വലിച്ചീടും


ശില്പവേലകൾ ചെയ്തു ചായമിട്ടൊരു തേരി
ലത്ഭുതാകാരൻ യുവനൃപനുമെഴുന്നള്ളി


വഴിയിൽ വരും കൊച്ചുതമ്പുരാന്തന്നെപ്പൗരർ
തൊഴുതു വാഴ്ത്തീടുന്നൊരാനന്ദമെന്തു ചൊൽ‌വൂ !


ചിത്രമാമുടുപ്പുകൾ ധരിച്ചും ചിരിച്ചുകൊ-
ണ്ടെത്രയും തെളിവാർന്നു വിളങ്ങും മുഖങ്ങളാൽ


ലോകമിതേറ്റം സുഖാവഹമെന്നകതാരി-
ലാകവേ കാണികൾക്കു തോന്നുമാറായും നിൽക്കും


വാർത്തരായുയിഷ്ടരായ പൗരവൃന്ദത്തെത്തൃക്കൺ
പാർത്തു സന്തോഷിച്ചുടൻ ചീർത്തു ചൊല്ലിനാൻ ദേവൻ :


“നന്നു നന്നീലോകമെന്നല്ലഹോ നിരൂപിച്ചാ-
ലെന്നിലെത്രയും സ്നേഹം കാണുന്നിതിവർക്കെല്ലാം


മന്നവരല്ലാത്തൊരീജ്ജനങ്ങൾ സന്തുഷ്റ്റരായ്
ഖിന്നത വെടിഞ്ഞെത്ര കൂറാർന്നു മേവീടുന്നു


വേലകൾ ചെയ്തും വീടു സൂക്ഷിച്ചുമുല്ലാസമായ്
ലോലാംഗിമാരിങ്ങുള്ള ഭഗിനിമാരും വാഴ്വൂ!


സന്തോഷമിവർക്കൊക്കെയീവണ്ണമുണ്ടാകുവാ
നെന്തുപകാരം ചെയ്തിട്ടുള്ളൂ ഞാൻ നിരൂപിച്ചാൽ?


സ്നേഹിച്ചീടുന്നുണ്ടു ഞാൻ തങ്ങളെയെന്നു താനേ
യൂഹിച്ചങ്ങനെയറിഞ്ഞിന്നിതിക്കിടാങ്ങളും


നമ്മുടെ മെയ്മേൽ നല്ല പൂ വാരിയെറിഞ്ഞൊരു
രമ്യരൂപനാം ശാക്യബാലകനിതാ നില്പൂ


ചെന്നു നീയപ്പൈതലെയെടുത്തു കൊണ്ടുവരൂ
ഛന്ദാ, നമ്മോടൊത്തവൻ യാത്രചെയ്യട്ടേ തെരിൽ


ഇത്ര നല്ലൊരു രാജ്യം ഭരിക്കെന്നതു തന്നെ
യെത്ര ധന്യതയാർന്ന കൃത്യമാകുഇന്നു പാർത്താൽ

ഇവണ്ണം ഞാൻ വെളിക്കു വന്നതുകൊണ്ടു മാത്രം
താവുന്നു പൗരന്മാരിന്നിത്രയാമോദമെന്നാൽ


എന്തൊരു സുലഭമാം ഭാവമാണെന്നോർത്തുകണ്ടാൽ
സന്തോഷംതന്നെയെന്നല്ലിച്ചെറുകൂരകളിൽ


തഞ്ചിയുല്ലാസമേലും ജനങ്ങൾ തൂവീടുന്ന
പുഞ്ചിരിപൂനിലാവിൽ നഗരം മുങ്ങീടവേ


മിഞ്ചുമാറൊരോ സുഖസാധനസാമഗ്രി ഞാൻ
സഞ്ചയിക്കുന്നതെല്ലാം വ്യർത്ഥമാണെന്നും തോന്നും


തെളിക്ക രഥം ഛന്ദാ, സ്വച്ഛന്ദം വാതിലൂടെ
വെളിക്കു പോകയിങ്ങു ഞാനറിഞ്ഞീടാത്തതായ്


അനർഘരസമാർന്നോരീ ലോകം കുറേക്കൂടി
യെനിക്കു കണ്ടീടണമേറുന്നു കൗതൂഹലം”


കടന്നു കോട്ടവാതിലങ്ങനെയവർ പോകു
മുടനേ ഹർഷാകുലമായ് വനൂ ജനക്കൂട്ടം


കൂടീ തേരുരുളിനു ചുഴവും, ചിലർ മുൻപേ
യോടിക്കാളകളുടെ കഴുത്തിൽ മാല ചാർത്തി


ചിലർ ചെന്നവയുടെ മിനുത്തു പട്ടുപോലെ
വിലസും പാർശ്വങ്ങളിലടിച്ചു തലോടിനാർ


അലിവോടവയ്ക്കു ഭക്ഷിക്കുവാൻ കൊണ്ടുവന്നു
ചിലപേർ ചോറും ചിലരപ്പവും നൽകീടിനാർ


ജയിക്കമഹാരാജ നന്ദന, ജയിക്കുക
ജയിക്കെന്നെങ്ങുമാർത്തുവിളിച്ചാരെല്ലാവരും


ഇങ്ങനെ വീഥിതോറും സന്തുഷ്ടജനങ്ങളും
തിങ്ങിയുല്ലസിസിച്ചിതു രമ്യമാം കാഴ്ചകളും;

എങ്ങെങ്ങു നോക്കിയാലുമൊന്നുപോൽ തന്നെ നൃപ
നങ്ങനെയെല്ലാം സൂക്ഷിച്ചീടുവാൻ കല്പിക്കയാൽ


അപ്പോഴന്നടുവഴിതന്നിലങ്ങൊരു ചെറു
കുപ്പമാടത്തിൽ മറഞ്ഞിരുന്നു വെളിക്കുടൻ


മുൽപ്പാടായൊരു പടുകിഴവൻ പിച്ചക്കാരൻ
തപ്പിയും തടഞ്ഞും വീണിഴഞ്ഞുമെത്തീടിനാൻ


നാറിയ കീറത്തുണികൊണ്ടവനര മറ
ച്ചേറെശ്ശോഷിച്ചു വൃത്തികെട്ടതി വിരൂപനായ്


എറ്റവും ചുക്കിച്ചുളിഞ്ഞുല്ലൊറു തൊലി വെയി,
ലേറ്റേറ്റു പാരം കരുവാളിച്ചു ശരീരത്തിൽ


മെലിഞ്ഞുമാംസമെല്ലാം പോയോരെല്ലിന്മേൽ പറ്റി
വലിഞ്നു മുതുമ്ര്6ഗത്തിന്റെ തോലുപോൽ തൂങ്ങി


ഒട്ടേറെ വയസ്സിന്റെ വൻ-ഭാരം ചുമക്കയാൽ
നട്ടെല്ലു വില്ലുപോലെ വളഞ്ഞു കൂനിക്കൂനി


പങ്കിലമായിപ്പാരം നെടുന്നാൾ കണ്ണീർ വാർത്ത
കൺകുഴി രണ്ടും ചുവന്നേറ്റവും കലങ്ങിയും


നുലഞ്ഞു മുറ്റും പീളയടിഞ്ഞു കാഴ്ച മങ്ങി
വലഞ്ഞു വല്ലാതുള്ള കണ്ണുകൾ മിഴിച്ചുമേ


പല്ലുകളെല്ലാം കൊഴിഞ്ഞൊഴിഞ്ഞ വെറും താടി
യെല്ലുകൾ താനേയാടി വിറച്ചും വാതത്താലും

തെരുവിലെല്ലാടവുമാവിധമാഘോഷവും
പുരുഷാരവും കണ്ടു സംഭ്രാന്തനാകയാലും


കിഴവനവൻ തൊലിതൂങ്ങീടുമൊരുകൈയിൽ
പഴകിത്തേഞ്ഞ വടിയേന്തിത്തൻ വിറയ്ക്കും മെയ്


മറിയാതൂന്നിപ്പിടിച്ചിരുന്നു വാപൊളിച്ചു
നിറയും നോവാർന്നു വിട്ടീടുന്ന നെടുമൂച്ചാൽ


തേങ്ങിവീർത്തിടുമൊരുവശത്തെ വാരിയെല്ലു
താങ്ങിയുമിരുന്നുമറ്റേക്കൈകൊണ്ടു പാവം


“പിച്ച നൽകുവിനയ്യോ ! പുണ്യവാന്മാരേയെന്റെ
യിച്ചപലമാപ്രാണനിന്നോ നാളയോപോമ്മേ !“


എന്നൊന്നു മുറവിളിച്ചാനുടനേങ്ങി വിങ്ങി
വന്നൊരു കുരകൊണ്ടു വലഞ്ഞാൻ സാധു വൃദ്ധൻ


എന്നിട്ടു ഞരമ്പുകൾ വലിഞ്ഞുവിറയാർന്നു
നിന്നു കൈ നീട്ടിക്കൊണ്ടു കൺനുകൾ തുറിച്ചേറ്റം


ഖിന്നനായഴുകുരല്പൂണ്ടഹോ പലവട്ടം
പിന്നെയുമവൻ “പിച്ച തരണേ, പിച്ച”യെന്നാൻ


ഉടനേ കണ്ടു നിന്ന ജനങ്ങളോടിച്ചെന്നു
പിടിപെട്ടാപ്പാവത്തെയകലെത്തൾലിയിട്ടു

“കണ്ടുപോമിപ്പോൾ കൊച്ചു തമ്പുരാൻ ക്ഷണമോടി
മണ്ടി നിൻ മടയില്പോയ്മറഞ്ഞുകൊൾകെ”ന്നോതി


കെൽപ്പറ്റ കാലിൽത്തൂക്കിയക്കിഴവനെയവർ
ക്ഷിപ്രമാവഴിവിട്ടു വലിച്ചുമാറ്റീടിനാർ


“വിടുവിൻ വിടുവിനെ”ന്നുറക്കെ ദൂരേനിന്നു
ഝടിതി വിളിച്ചോതിയപ്പോൾ തന്തിരുവടി;


എന്നല്ല തിരിഞ്ഞുടൻ ചോദിച്ചു സൂതനോടായ്
“ഛന്ദാ,യികാണ്മതൊരു മനുഷ്യവ്യക്തിതാനോ


കണ്ടാലങ്ങനെ തോന്നുന്നല്ലോ മെയ് കൂന്നു പാര
മിണ്ടൽപ്പെട്ടീടുമതിവികൃതമാമീ രൂപം


ജനിച്ചീടുമാറുണ്ടോ ചിലപ്പോളിമ്മാതിരി
മനുഷ്യർ, ചൊല്ലീടു നീയെന്നല്ല കേൾക്കിസ്സാധു


പ്രാണൻ പോയീടുമെനിക്കിന്നോ നാളയോയെന്നു
കേണോതുന്നല്ലോ ചൊല്കയെന്തിതിന്നർത്ഥമെന്നും.


കിട്ടുമാറില്ലേയിവന്നാഹാരമൊന്നും? വെറും
പട്ടിണികൊണ്ടോ മെയ്യിലെല്ലുകൾ പൊങ്ങിക്കാണ്മൂ?“


ഛന്ദനുമതു കേട്ടു ചൊല്ലിനാൻ : “പ്രിയനൃപ
നന്ദനാ,യിവനൊരു വൃദ്ധനാം നരൻ തന്നെ


എൺപതുകൊല്ലങ്ങൾമുമ്പിവന്റെ മുതുകെല്ലി
ക്കമ്പമാർന്നീലെന്നല്ല നിവർന്നുമിരുന്നുതേ


മിഴികൾ മിന്നിത്തെളിഞ്ഞിരുന്നിതിവനെറ്റ
മഴകുണ്ടായിരുന്നന്നു കാഴ്ചയിലുടലിന്നും


ചോരയിമ്മെയ്യിൽ നിന്നു മെല്ലെമെല്ലെവേ ജീവ-
ചോരനാം കാലമിപ്പോൾ കുടിച്ചുവറ്റിക്കയാൽ


നീരറ്റു വറണ്ടേറ്റം വെനലിൽ നിറം കെട്ടു
പാരിൽ വീണുണങ്ങുന്ന പൂഞ്ചെടി പോലായിവൻ


കവർന്നുപോയി കാലം കായത്തിൻ കെല്പുമെന്ന
ല്ലിവന്റെ മനോബലം ബുദ്ധിശക്തിയുമെല്ലാം


എരിഞ്ഞുനിന്നോരു ജീവിതമാം വിളക്കിന്റെ
തിരിയിതെണ്ണവറ്റിപ്പുകഞ്ഞു മങ്ങിപ്പൊയി


പരിശേഷിച്ചിട്ടുണ്ടിദ്ദീപത്തിലിനി വെറു
മൊരു തീപ്പൊരിയതും കെടുന്നു മങ്ങിമങ്ങി


അന്ത്യമാം വയസ്സിന്റെ ഗതിയിങ്ങനെയല്ലോ
നിന്തിരുവടിക്കിതിലെന്തു ചിന്തിപ്പാനുള്ളൂ ?”


എന്നതു കേട്ടു ചോദിച്ചീടിനാൻ തിരുമേനി :
“വന്നു കൂടുമോ ചൊൽകീയവസ്ഥ മറ്റുള്ളോർക്കും?


എല്ലാവർക്കുമിതുവന്നു ചേരുമോ?യിവനെപ്പോൽ
വല്ല പാവങ്ങൾക്കുമേ വരുവെന്നുണ്ടോ സൂതാ?”


ചൊല്ലിനാനുടൻ ഛന്ദൻ : “ഭാവുകാത്മാവേ ! ഭൂമി
വല്ലഭകുമാരക, വാർദ്ധക്യം നിമിത്തമായ്


അല്ലലീവണ്ണമിവനെപ്പോലെയിത്രയേറെ
ക്കൊല്ലങ്ങൾ ജീവിച്ചിരുന്നീടുകിലുണ്ടാമാർക്കും”


സത്വരം തിരുമെനി ചോദിച്ചു വീണ്ടും :“ ഞാനി
ങ്ങെത്രനാൾ വാണീടിലുമീവിധമാമോ ഛന്ദാ?


എൻപ്രിയ യശോധരതാനുമിങ്ങനെയാമോ
യെൺപതുകൊല്ലമിനിക്കഴിഞ്ഞാലയ്യോ കഷ്ടം !


ജാലിനി താനും കൊച്ചു ഹസ്തയും ഗൗതമിയും
കാലത്താൽ ഗംഗതാനും മറ്റിഷ്ടജനങ്ങളും


എല്ലാമിങ്ങനെ വയസ്സേറി വാർദ്ധക്യം വന്നു
വല്ലാത്ത ബീഭത്സരൂപങ്ങളായ്ത്തീർന്നീടുമോ?


ചൊല്ലുക”ന്നതു കേട്ടു സൂതനും “മഹാമതേ!
കില്ലില്ലയീ വാർദ്ധക്യം വന്നീടുമാർക്കുമെന്നാൻ


“എന്നാൽ തേർ തിരിച്ചീടുക, മടങ്ങി ഞാ-
നെന്നുടെയരമനയ്ക്കായ്‌ത്തന്നെ പോകാമിനി


എന്നുമേ കാണ്മാൻ കാംക്ഷിയാതുള്ള കാഴ്ച കണ്ടേ
നിന്നു ഹാ മതി മതി !-എന്നുമോതിനാൻ നാഥൻ


താനേ പിന്നെയുമതു ചിന്തിച്ചു ചിന്തിച്ചു ത-
ന്നാനന പങ്കജവുമകക്കാമ്പതും വാടി


ഭംഗിതേടുന്ന കൊട്ടാരത്തിങ്കലെത്തീടിനാൻ
മംഗലമൂർത്തി കൊച്ചുത്തമ്പുരാൻ വൈകുന്നേരം


തെരിക്കെന്നങ്ങു പരിജനങ്ങളുത്സാഹമാ-
ർന്നൊരുക്കിയുള്ളോരമൃതേത്തിന്റെ വട്ടങ്ങളിൽ


രുചി തോന്നീലൊന്നിലും സ്വാമിക്കു ശരച്ചന്ദ്ര
രുചിരാപൂപങ്ങൾ തേങ്കനികളിവയിലും


എന്നല്ല മനം മയക്കീടുവാൻ മിടുക്കേറും
സുന്ദരിമാരാം തന്റെ ദാസിമാർ നൃത്തങ്ങളിൽ


പാടവം പണിപ്പെട്ടു കാട്ടിയെന്നാലും തൃക്ക
ണ്ണോടിച്ചുമില്ലവരിലൊരിക്കല്പോലും ദേവൻ


തിരുവാമൊഴിഞ്ഞൊന്നുമുരിയാടിയുമില്ല
കരുണാനിധിയുള്ളിൽ കാളുന്ന ചിന്തയാലേ


അതുകണ്ടുള്ളെരിഞ്ഞു കരഞ്ഞു കാൽക്കൽ വീണു
മൃദുവായ് തൊണ്ടവിങ്ങിച്ചോദിച്ചു യശോധര


“പ്രാണവല്ലഭ ഭവാനിവളിൽപ്പോലുമിപ്പോൾ
കാണിയും രസം തോന്നാതായിതോ കൃപാനിധേ!“


സ്വാമിയുമിതുകേട്ടു കനിഞ്ഞു ചൊല്ലീടിനാ
“മോമലേയിമ്മാതിരിയിഷ്ടഭോഗങ്ങളെല്ലാം


അന്തരാത്മാവിൽ ദുഃഖമേകുന്നിതെനിക്കൊക്കെ
അന്തരിച്ചുപോമൊരുകാലത്തെന്നോർക്കയാലേ


അന്തമുണ്ടല്ലോയിവയ്ക്കെന്നല്ല നീയും ഞാനും
മന്തരമില്ല വൃദ്ധരാമല്ലോ യശോധരേ


സ്നേഹം സൗന്ദര്യം ശക്തിയെല്ലാം പോയീടുമല്ലോ
ദേഹം വാർദ്ധക്യമേറികൂന്നുപോമല്ലോ നാഥേ


എന്നുവേണ്ടെന്നും രാവും പകലും പിരിയാതെ
യൊന്നായ് നാം വസിച്ചൊന്നായ് ശ്വസിച്ചു പരസ്പരം


ചേണാർന്ന ചുണ്ടു ചേർത്തു ചുംബിച്ചു സുദൃഢമായ്
പ്രാണപ്രേമങ്ങളുള്ളിലടച്ചു ശയിച്ചാലും


കള്ളനാം കാലമങ്ങു കടന്നു വല്ലവാറും
കൊള്ളയിട്ടു പോമല്ലോ രാഗവും താരുണ്യവും


അക്കാണും ഗിരീന്ദ്രശൃംഗത്തിന്മേൽ ചെന്താരിന്റെ
സൽക്കാന്തി ചിന്തും സന്ധ്യാരാഗത്തെക്കടന്നുടൻ


നൽക്കരിനിറം പൂണ്ട യാമിനി കവരുമ്പോ
ളൊക്കവേ വിളറിമങ്ങിപ്പിന്നെയിരുട്ടാമേ


കണ്ടു ഞാൻ പ്രിയേയിന്നീ വസ്തുതയതോർത്തെന്നുൾ
ത്തണ്ടു മാഴ്കുന്നു പാരം പേടിയും തോന്നുന്നിതേ


മർത്ത്യരെ വൃദ്ധരാക്കും കാലമാം ഘാതകന്റെ
ഹസ്തത്തിൽനിന്നീ സ്നേഹരസത്തെ രക്ഷിക്കുവാൻ


ഉത്തമോപായമൊന്നും കാണാതെയുഴന്നെന്റെ
ചിത്തമിന്നേകാഗ്രമായ് ചിന്തചെയ്യുന്നു കാന്തേ”


ഇത്തരമരുൾ ചെയ്തു നിദ്രയുംവിട്ടു പട്ടു
മെത്തമേൽ സുഖമില്ലാതിരുന്നൂ രാവിൽ ദേവൻ


ആ രാത്രി ശുദ്ധോദനമന്നവന്നുറങ്ങുമ്പോ
ളോരോരോ ഭയാനകസ്വപ്നങ്ങൾ കണ്ടീടിനാൻ



ഒന്നാമതതിശോഭ ചേർന്നേറ്റം വിശാലമായ്
പൊന്നുകൊണ്ടുള്ള സൂര്യപ്രതിമ നടുക്കാർന്നു


മിന്നുന്ന മഹേന്ദ്രക്ഷേത്രത്തിലെ കൊടിക്കൂറ
മന്നവൻ കണ്ടാൻ പൊങ്ങിപ്പറന്നു നിൽക്കുന്നതും


കൊടും കാറ്റൊന്നുടനങ്ങുണ്ടാകുന്നതും കൊടി
ഝടിതി ചരടറ്റു താഴത്തു വീഴുന്നതും


പൊടിയിലടിഞ്ഞതു മുഴിയുന്നതുമെന്ന
ല്ലുടനേയൊരുകൂട്ടം ഛായാരൂപികളെത്തി


അഴുക്കുപറ്റീടിനോരാപ്പതാകയും പേറി
ക്കിഴക്കേക്കോട്ടവാതിൽ കടന്നു പോകുന്നതും


പിന്നെ രണ്ടാമതായിക്കണ്ടിതു നൃപൻ തടി
ച്ചുന്നതങ്ങളാം പത്തു കൊലയാനകൾ ചേർന്നു


മിന്നുന്ന വെള്ളിക്കൊമ്പു കുലുക്കിക്കൊണ്ടും പാരം
മന്നിടം കുലുങ്ങവേ കാലുകളൂന്നിക്കൊണ്ടും


തെക്കോട്ടേയ്ക്കുള്ള വഴിയൂടെ പോവതുമവ
യ്ക്കൊക്കെയ്ക്കും മുൻപിലുള്ള വാരണവീരന്റെ മേൽ


തന്നുടെ കുമാരകന്താനെഴുന്നള്ളുന്നതും
പിന്നെയുള്ളവയിന്മേൽ മറ്റുള്ളോരിരിപ്പതും


മൂന്നാമതായിക്കണ്ടു രഥമൊന്നേറ്റം പ്രഭ
ചേർന്നു മിന്നീടുമതു കണ്ടാൽ കണ്ണുകൾ മങ്ങും


വെളുത്ത ധൂമങ്ങളുച്ഛ്വസിച്ചുമഗ്നിജ്വാല
യിളകും മട്ടു നുര തള്ളിയും നാലശ്വങ്ങൾ


വലിച്ചുപോകുന്നോരപ്പള്ളിത്തേരുള്ളിൽ സ്വൈരം,
ജ്വലിക്കും കാന്തിയാർന്നു സിദ്ധാർത്ഥൻ സ്ഥിതി ചെയ്തു


കണ്ടിതു നാലാമതു മന്നവൻ ചിത്രമൊരു
വണ്ടിതൻ ചക്രമുരുണ്ടുരുണ്ടു പോകുന്നതും


കത്തുന്ന കാഞ്ചനം കൊണ്ടുള്ളതാനതിൽ കുംഭ
മുത്തമരത്നങ്ങൾപൂണ്ടുള്ളതാം ദളങ്ങളും


ചട്ടമായ് പല വിചിത്രാർത്ഥവാക്യങ്ങളതിൻ-
പട്ടയിൽ ചുറ്റുമെഴുതീട്ടുണ്ടു വിശദമായ്


ആയതു തിരിയവേ കൊള്ളിചുറ്റുമ്പോൽ തോന്നു
മായതമതിൻ ധ്വനി സംഗീതം പോലെ കേൾക്കും


അഞ്ചാമതൊരു പെരുമ്പറ പട്ടണത്തിന്നു
മഞ്ചിതങ്ങളാമടുത്തുള്ളൊരു കുന്നുകൾക്കും


മദ്ധ്യത്തിൽ സ്ഥാപിച്ചിരിക്കുന്നതും കണ്ടൂ നൃപൻ
സിദ്ധാർത്ഥനിരുമ്പുകോൽകൊണ്ടതു കൊട്ടുന്നതും


ഇടിവെട്ടീടുംവണ്ണമതിന്റെ മന്ദ്രനാദ-
മുടനംബരം തിങ്ങുന്നതു കേൾക്കയും ചെയ്തു


ആറാമതൊരു മഹാഗൊപുരം നഗരത്തി
ലേറും പ്രൗഢിയിൽ പൊങ്ങി മേഘത്തിൽ മുട്ടീടുന്ന

==പേജ് നമ്പർ 165==


ശൃംഗാഗ്രം പൂണ്ടു മിന്നീടുന്നതും കുമാരകൻ
മംഗലരൂപനതിലേറിനില്പതും കണ്ടാൻ


എന്നല്ല കണ്ടിതങ്ങുനിന്നുടൻ തൃക്കൈകളാൽ
മിന്നീടും പലവിധരത്നങ്ങൾ വാരിയവൻ


വർഷിക്കുന്നതുമവ താഴത്തു വീഴുന്നേരം
ഹർഷം പൂണ്ടോടിത്തിക്കി ജനങ്ങളെത്തിത്തമ്മിൽ


മത്സരിച്ചദ്ധനങ്ങൾ പെറുക്കിക്കൊണ്ടു പാര
മുത്സാഹമോടേ നാലുദിക്കിലും പോകുന്നതും


ഏഴാമതായിക്കിനാവതിങ്കൽ പിന്നെയൊരു
കേഴുന്ന ശബ്ദം കേട്ടിതെന്നല്ല കണ്ടു നൃപൻ


കരഞ്ഞും പൽ കടിച്ചും വായിൽ കൈവിരൽ ചേർത്തു-
മെരിഞ്ഞ ഹൃദയം പൂണ്ടാറുപേർ പോകുന്നതും


ഇക്കിനാവുകളേഴും കണ്ടകതാരിൽ പേടി
കൈക്കൊണ്ടു പണ്ഡിതന്മാരോടറിവിച്ചു നൃപൻ


ആർക്കുമേ പൊരുളറിയാവതല്ലെന്നു കണ്ടു
ചീർക്കും കോപവുമുള്ളിൽ താപവും പൂണ്ടു ചൊന്നാൻ :


“വല്ലാത്ത വിപത്തുകൾ വല്ലതും വരുന്നുണ്ടാ-
മല്ലെങ്കിലിദ്ദുസ്സ്വപ്നം കാണുവാനുണ്ടോ ബന്ധം?


ദേവസങ്കൽപ്പമെന്തെന്നറിഞ്ഞീലോരുന്നീല
കേവലമൊന്നും നിങ്ങൾ പണ്ഡിതമ്മന്യന്മാരേ !“


ഇങ്ങനെ സ്വപ്നാർത്ഥങ്ങളറിവാൻ പഴുതില്ലാ-
തങ്ങുള്ള ജനമെല്ലാം ഖിന്നത തേടീടുമ്പോൾ


മംഗലമായ മാന്തോലുടുത്തു മുനിപോലെ
യെങ്ങോ നിന്നൊരു വൃദ്ധനാരുമറിയാത്തോൻ


കോട്ടമെന്നിയേ നൃപമന്ദിരം നോക്കിയങ്ങാ-
ക്കോട്ടവാതിലും കടന്നുഴറി വന്നെത്തിനാൻ


മന്നവൻ കണ്ട കിനാവിൻ പൊരുൾ പറയണം
സന്നിധാനത്തിലെനിക്കെത്തണമെന്നു ചൊല്ലി


അനുവാദവും വാങ്ങിയകത്തു പൂകീടിനാൻ
മനുജേശ്വരൻ തന്നെകണ്ടാനമഹാഭാഗൻ


അർദ്ധരാത്രിയിൽ നൃപൻ ദർശിച്ച കിനാവിന്റെ
വൃത്താന്തം കേട്ടു ഭക്തിബഹുമാനങ്ങളോടും


വന്ദിച്ചു സ്വയം വന്ദ്യനാമവനരുൾ ചെയ്താൻ
“മന്ദിരമിതു മഹാഭാഗ്യപൂരിതം വിഭോ !


ഉദയാദ്രിയിൽനിന്നു പൊങ്ങുന്ന ഭാനുമാന്റെ
കതിരിൻ ദീപ്തിയിലും കേമമാം പ്രഭയിപ്പോൾ


ഇതിൽ നിന്നുദിച്ചുടൻ പരന്നു ലോകത്തിന്റെ
ഹൃദയാന്ധകാരങ്ങൾ നീക്കീടുമറിഞ്ഞാലും


അനർത്ഥങ്ങളായങ്ങു കരുതും സ്വപ്നമേഴു
മനഘമതേ! ലോകാനന്ദഹേതുക്കളല്ലോ


ഒന്നാമതായിബ്ഭവാൻ കണ്ടതുജ്ജ്വലമായോ-
രിന്ദ്രാങ്കമാർന്ന കൊടിക്കൂറയല്ലല്ലീ പാർക്കിൽ?


മന്നിടത്തിങ്കലതു വീണടിഞ്ഞതുമൊക്കും
മന്നവ! പിന്നെ ബഹിഷ്കൃതമായെന്നുള്ളതും


യജ്ഞനിഷ്ഠമായീടും പ്രാചീനമതമിനി
വിജ്ഞരത്നമേ, വീണുപോമെന്നാണതിനർത്ഥം


പുതിയ ധർമ്മം പ്രസരിച്ചീടുമെങ്ങും മേലി-
ലതിനാലിന്ദ്രാദിദേവതകൾ മങ്ങിപ്പോകും


മനുജർക്കെന്നപോലുണ്ടന്തമദ്ദേവകൾക്കും
ദിനങ്ങൾ പോകും പടി കല്പങ്ങൾ താനും പോമേ


പിന്നെയപ്പത്തു ദന്തിവീരന്മാർ മഹീപതേ
മന്നിടം കുലുങ്ങീടും ധാടിയിൽ നടന്നില്ലേ?


ആയതു പത്തുമങ്ങേ നന്ദനനുളവാകു-
മായതവിജ്ഞാനശക്തിഅകളാണറിഞ്ഞാലും


അവയാലവൻ രാജ്യം വെടിഞ്ഞുപോകും പിന്നെ
ബ്‌ഭുവനമിളക്കീടും സ്ഥാപിക്കും സത്യമതം.


അഗ്നിയെ വമിക്കും നാലശ്വങ്ങൾ കണ്ടുള്ളവ
വിഘ്നമറ്റെഴും നാലു സത്യങ്ങൾ മഹീപതേ


അവയാൽ സന്ദേഹാന്ധകാരങ്ങൾ നീങ്ങി സ്വയ-
മവികല്പജ്ഞാനനിർവാണവുമവന്നുണ്ടാം


കനകകുംഭം പൂണ്ടു തിരിയും ചക്രം കേൾക്ക
യനഘധർമ്മചക്രം ത്വത്സുതൻ സ്ഥാപിപ്പതാം


അവനായതു ലോകസമക്ഷമിനിയെങ്ങും
പ്രവർത്തിപ്പിക്കുമെന്നുമോർക്കുക മഹാമതേ


പിന്നെ നിൻ പുത്രൻ പെരും‌പറ കൊട്ടീടുന്നതു
തന്നുടെ ധർമ്മമുപദേശിപ്പതറിക നീ


ഉന്നതമായ മഹാഗോപുരം ത്വൽ‌സുതന്റെ
യുന്നിദ്രഗുണോത്കൃഷ്ടമാകുമാഗമമല്ലോ


അരിയരത്നങ്ങങ്ങതിൽ നിന്നവൻ കോരി
ച്ചൊരിവതതിലുള്ള തത്വരത്നങ്ങളല്ലോ


ആറുപേർ മുറവിളി കൂട്ടിപ്പോയില്ലേ?യവ
രാറു ദർശനപ്രവർത്തകന്മാർ നരപതേ!


സ്പഷ്ടമാം തത്വോപദേശംകൊണ്ടുമസന്ദേഹ
ക്ലിഷ്ടമാം വാദം കൊണ്ടുമവരെ നിൻ കുമാരൻ


ബുദ്ധനായ്, പരാജിതനാക്കീടും തങ്ങളുടെ
സിദ്ധാന്തങ്ങളിലുള്ള മൗഢ്യവും കാണുമവർ


ഇങ്ങനെ ഭാവൻ രാവിൽ ദർശിച്ചോരസ്സ്വപ്നങ്ങൾ
സംഗതാർത്ഥങ്ങളെല്ലാം ധരിക മഹാപ്രഭോ !


മംഗലേതരചിന്ത വെടിഞ്ഞു മനതാരിൽ
തുംഗമാമനന്ദമാണുണ്ടാകേണ്ടതുമിപ്പോൾ


ഇമ്മഹാഭാഗ്യങ്ങളെൻ ഭഗവാനുണ്ടാമെല്ലാം
സന്മതേ മറ്റൊരാൾക്കു സിദ്ധിക്കാ ധരിക്ക നീ


മുൺദിതം ഭിക്ഷുവിന്റെ മൂർദ്ധാവു വിഭോ മണി-
മണ്ഡിതമഹാരാജമൗലിയെക്കാളും മാന്യം


നിർണ്ണയം യമിയുടെ കാഷായം നൃപേന്ദ്രന്റെ
സ്വർണ്ണകഞ്ചുകങ്ങളെക്കാൾ വില പോരുന്നതാം.”


എന്നരുൾ ചെയ്തമ്മഹാനേറിയ ഭക്തിയോടും
മന്നിൽ വീണുടൻ ചെയ്തു മൂന്നുരു നമസ്കാരം.


പിന്നെവനെഴുന്നേറ്റു മാറിപ്പോവതുകണ്ടു
മന്നവൻ സമ്മാനമെകീടുവാൻ കല്പിച്ചിതു


കണ്ടീലയമ്മഹാത്മാവെയെങ്ങുമേയപ്പോളെന്ന
ല്ലിണ്ടലാർന്നാരാഞ്ഞവരിന്ദുക്ഷേത്രത്തിനുള്ളിൽ


അദ്ദേഹം ചെന്നു കയറുന്നതും മൂലസ്ഥാന
മദ്ധ്യത്തിലൊരു കൂമനിരുന്നു പക്ഷം രണ്ടും


കുടഞ്ഞു തൂവലുകളിളക്കുന്നതും കണ്ടാ
രെടുക്കാം ദേവതകളിങ്ങനെയോരോ രൂപം


വൃത്താന്തം വിഷണ്ണനാം മന്നവൻ കേട്ടു തന്റെ
ചിത്തമാശ്ചര്യപരാധീനമായെന്നാകിലും


സത്വരം സിദ്ധാർത്ഥനു മുൻപിലത്തെക്കാൾ സുഖ
മെത്തീടും വിഷയഭോഗങ്ങൽ നൽകുവാൻ തന്നെ


കൽപ്പിച്ചാൻ നാലുക്കെട്ടിൽ നർത്തകീജനങ്ങടെ
ചൊൽപ്പടി കുരങ്ങാടുമവനെന്നോർക്കയാലേ


എന്നല്ല നരപതി പിന്നെയക്കോട്ടവാതിൽ
നന്നായിക്കാത്തുകൊൾവാനിരട്ടിയാളാക്കിപോൽ


എന്നാലും ഫലമെന്തു? ഭവിതവ്യതതന്നെ
യിന്നാരു തടുക്കുന്നു? വന്നീടും വരേണ്ടവ,


നൂനമങ്ങനെതന്നെഭവിച്ചൂ സിദ്ധാർത്ഥനു
മാനസതാരിൽ മറ്റു ജനത്തിൻ സുഖസ്ഥിതി,


ഉള്ളപോലറിവാനും ജീവിതപ്പുഴയുപ്പു
വെൾലമോ മധുവൊഴുക്കോയെന്നു തിരിപ്പാനും


പിന്നെയുമ്മോഹമേറിവരികമൂലം വീണ്ടും
തന്നുടെ പിതാവോടു ഭഗവാനർത്ഥിച്ചിതു :


“ഇപ്പുരവാസികളെയുള്ളപോലൊന്നു കാണ്മാൻ
മൽ പ്രിയതാത ! മനക്കാമ്പിലുണ്ടാശ,


അന്നു നിന്തിരുവടിയശുഭദൃശ്യങ്ങളി-
ലൊന്നുമെൻ ദൃഷ്ടിപഥമെത്തായ്‌വാൻ സൂക്ഷിച്ചതാം


എന്നു തോന്നീടും നീളേ ജനങ്ങളെന്നെ നോക്കി
നിന്ന ഭംഗിയുമാഡംബരവും നിനയ്ക്കുമ്പോൾ


എന്നാലുമറിയാതെയിരുനീലമ്മോടിക
ളെന്നുമുള്ളവസ്ഥകളല്ലെന്നു നൃപതേ ഞാൻ


സന്ദേഹമേതും വേണ്ട നിന്തിരുവടിയുടെ
നന്ദനൻ രാജ്യാർഹനായുള്ളതുമിവനല്ലോ


മന്നവന്മാരല്ലാത്ത ഭരണീയന്മാരുടെ
ഭിന്നമാം സ്ഥിതികളുമാചാരഭേദങ്ങളും


വീടുകൾ വെവ്വേറായ വൃത്തികളിത്യാദിയും
നാടുവാഴുവാനുള്ളപോലറിയേണ്ടല്ലോ


ആകയാലനുജ്ഞനൽകുക ഞാൻ പുരം കണ്ടു
വൈകാതെ വന്നീടുവാനാരുമേയറിയാതെ


കില്ലില്ല ജനതതൻ സുഖജീവിതം കണ്ടു
നല്ല സംതൃപ്തിയുണ്ടാമെനിക്കു മനക്കാമ്പിൽ


അല്ലെങ്കിൽ ദുഃഖങ്ങൾ കണ്ടേറെ ഞാൻ ഖേദിക്കിലു
മെല്ലമെൻ വിജ്ഞാനത്തെ വർദ്ധിപ്പിച്ചീടുമല്ലോ


അനുയായികളോടും നാളെ മദ്ധ്യാഹനത്തിങ്ക
ലനഘാത്മാവേ പോയി നഗരം കാണട്ടെ ഞാൻ


മന്നവനതുകേട്ടു മന്ത്രിമാരോടു ചൊന്നാ
“നുന്നതാശയന്മാരെയെന്തുരചെയ്‌വൂ നിങ്ങൾ


പിന്നെയും കൊതിക്കുന്നു നന്ദനൻ പുരം കാണ്മാൻ
മുന്നമുണ്ടായോരനർത്ഥങ്ങളോർത്തെനിക്കുള്ളിൽ


സമ്മതിക്കുവാൻ ദണ്ഡം തോന്നുന്നിതൊരുവേള
നന്മതാൻ കുമാരകനിക്കുറി വന്നെന്നുമാം


കാട്ടുപുള്ളിനെപൊടുന്നനവേ പിടിച്ചൊരു
കൂട്ടിലാക്കിയാലതു കിടന്നു പിടക്കുന്നു


കോട്ടമെന്നിയേ പുറത്തിറക്കിപ്പഴക്കിയാൽ
കാട്ടുമാറില്ല പരിഭ്രമങ്ങളൊന്നും പിന്നെ


അതുകൊണ്ടനുമതിനൽകയല്ലീ നല്ലൂ
സുതനെയയയ്ക്കുവാൻ നിങ്ങളും കഥിക്കുകിൽ”


“കാണട്ടേ കുമാരകൻ കാണേണ്ടതെല്ലാമെന്നാൽ
വേണം കൂടവേ ചില ദൂതരും യാത്രയതിൽ


അതിസാമർത്ഥ്യമുള്ളോരായിരിക്കണമവർ
മതിയിൽ കുമാരനുവല്ല മാറ്റവും കണ്ടാൽ


അതു തത്ക്ഷണം സൂക്ഷിച്ചറിഞ്ഞ് വന്നു നമ്മോ
ടതുപോലുരയ്ക്കണമൊക്കെയുമപ്പോളപ്പോൾ”


എന്നോതി മന്ത്രിമാരും സമ്മതിക്കയാൽ നൃപൻ
നന്ദനർത്ഥിച്ചപോലനുജ്ഞ നൽകീടിനാൻ


പിറ്റേന്നാൾ മദ്ധ്യാഹനത്തിൽ ഛന്ദനോടൊത്തു പുരി
ചുറ്റിക്കാണുവാൻ പുറപ്പെട്ടിതു ഭഗവാനും


ചെട്ടിവേഷം പൂണ്ടിതപ്പൂജ്യനാം തിരുവടി
കെട്ടിനാൻ ലേഖകന്റെ വേഷവുമുടൻ ഛന്ദൻ


വട്ടമീവണ്ണമായിത്തങ്ങളെയാരും കണ്ടു
മുട്ടിയാൽപ്പോലുമറിഞ്ഞീടാതെ നടന്നവർ


കലപന ലഭിക്കയാൽ കാവൽനിന്നീടും ഭട
രപ്പൊഴേ തുറന്നുള്ള കോട്ടവാതിലിലൂടെ


വാഹനാദികളൊന്നും കൂടാതെ പരിഷ്കാര
സാഹസമേലാത്തൊരാ വഴിയേ പോയീടിനാൻ


കൂടിനാരവർ പല ജനങ്ങളോടും വഴി
ക്കാടലും സുഖങ്ങളുമോരോന്നു കണ്ടുകണ്ടു


പരക്കെ നാനാവർണ്ണവസ്ത്രങ്ങൾ പൂണ്ടു തിക്കി
ത്തിരക്കി ജനമാർന്ന തെരുവിലെത്തീടിനാർ


നിരവേ ചമ്പ്രമ്പടിഞ്ഞങ്ങിങ്ങു കച്ചോടക്കാ
രിരുന്നു ധാന്യവ്യഞ്ജനാദികൾ വിൽക്കുന്നതും


കൊള്ളുവാൻ വരുന്നവർ വില പേശീടുന്നതും
കള്ളവുമസത്യവുമന്യോന്യമുരപ്പതും


മടിശ്ശീലകളഴിക്കുന്നതും പണമെണ്ണി
ക്കൊടുത്തു ചരക്കുകളേറ്റു വാങ്ങീടുന്നതും


മാറിപ്പോകെന്നു വിളികൂട്ടിക്കൊണ്ടുടൻ ഭാരം
പേറിക്കല്ലുരുളാർന്ന വണ്ടികളെത്തുന്നതും


വല്ലവണ്ണവും ഞെക്കിഞെരുക്കിയതുകളെ
മെല്ലെമെല്ലെക്കാളകൾ വലിച്ചുപോകുന്നതും


പല്ലക്കിൽ പ്രഭുക്കളെയെടുത്തു വാഹകന്മാർ
നല്ല പാട്ടുകൾ പാടി വന്നണഞ്ഞീടുന്നതും


വല്ലാത്ത വെയിലെറ്റു വിയർത്തു ഭാരമേന്തി
ക്കല്യരാം ചുമട്ടുകാർ കഷ്ണിച്ചു തിരിവതും


അടുത്ത കിണറ്റിൽനിന്നൊരു കുംഭത്തിൽ ജല
മെടുത്തു തലയിൽ വച്ചൊരു കൈകൊണ്ടു താങ്ങി


ഝടുതി മറ്റേക്കയ്യാൽ കുട്ടിയെപ്പാർശ്വത്തേറ്റി
പ്പിടിച്ചും നറ്റന്നേറെയമ്മമാർ പോകുന്നതും


പലഹാരങ്ങൾ വിൽപ്പാൻ വച്ചിട്ടങ്ങവയ്ക്കുമേൽ
സ്ഥലമില്ലാതെ പറന്നീച്ചകൾ ചൂഴുന്നതും


ചാലിയാർ തുണികൾ നെയ്യുന്നതും ചിലർ വില്ലിൽ
ചാലവേയിട്ടു പഞ്ഞിയടിച്ചു തെളിപ്പതും


പട്ടികളെച്ചിൽകിട്ടാൻ കടികൂട്ടീടുന്നതും
ചുട്ടുകാരിരുമ്പുകൾ കൊല്ലന്മാരടിപ്പതും


ചുറ്റിയൽ കൊറടിവ കൈക്കൊണ്ടങ്ങിരുമ്പുനൂൽ
ചട്ടകൾ പോരാളികൾക്കായി ചിലർ ചമപ്പതും


കുട്ടികളെഴുത്തുപള്ളിയിൽ ഗുരുമുൻപിൽ
വട്ടമിട്ടിരുന്നുടനുറക്കെ വായിപ്പതും


ചട്ടറ്റ വസ്ത്രം പലനിറത്തിൽ ചായം മുക്കി
കെട്ടീടുന്നതും ചിലർ വെയിലത്തങ്ങിങ്ങായി


ചട്ടയിട്ടൊലിപൂണ്ടു വാൾപരിശകളേന്തി
പ്പട്ടാളം ദ്രുതം വഴിപകർന്നുപോകുന്നതും



ഒട്ടകനിര നടക്കുന്നതും തന്നായക
രൊട്ടാടിയിരിപ്പതും മുതുകിന്മുഴകൾമേൽ


ബുദ്ധിയിലഭിമാനമേറീടും ബ്രാഹ്മണരും
യുദ്ധത്തിൽ നിപുണരാം ക്ഷത്രിയവീരന്മാരും


എത്രയും താണവിടുപണികൾ കൊണ്ടു തന്നെ
വൃത്തികൾ കഴിക്കുന്ന ശൂദ്രരും ജീവിപ്പതും


ഓരോന്നുമിതുപോലെ പാർത്തുപോകുമ്പോളൊട്ടു
ദൂരത്തിലവർ കണ്ടാരങ്ങൊരു ജനക്കൂട്ടം


അതിന്റെ മദ്ധ്യത്തൊരു പാമ്പാട്ടിയിരിക്കുന്നി
തതികൗതുകം കയ്ക്കൊണ്ടെല്ലാരും നോക്കീടുന്നു


പലമോടിവാക്കുകൾ പുലമ്പീടുന്നിതവൻ
വിലസും മണിവളപോലെ നാഗത്തെകയ്യിൽ


ചിലനേരത്തു ചുറ്റിക്കെട്ടുവാനയയ്ക്കുന്നു
ചിലപ്പോൾ പടം വിതൃത്താടുവാൻ വിട്ടീടുന്നു


ഹാ ശിവ ശിവ കോപിപ്പിച്ചു പിന്നവൻ കാല
പാശം പോൽ ഭയങ്കരമൂർത്തിയാമാപ്പാമ്പിനെ


ആശു ചീറിച്ചു കൊത്തിക്കുന്നിതു പലവട്ടം
പാശിമാലകൾ കെട്ടിയുള്ള തൻ ചുരയോട്ടിൽ


അതിനപ്പുറം ജനാവലിയൊന്നവർ തകിൽ
മൃദംഗം കുഴൽ കൊമ്പുതൊട്ട വാദ്യങ്ങളോടും


അതിമോടിയിൽ ചില ചിത്രമാം വിരിപ്പാർന്ന
കുതിരകൂട്ടത്തോടും പട്ടുമേൽക്കട്ടിയോടും


ഉദിതകോലാഹലം വീട്ടിലേയ്ക്കുടൻ വേട്ട
വധുവെക്കൊണ്ടുവരാൻ പോകുന്ന യാത്ര കണ്ടാർ


വേറൊരു ദിക്കിലൊരു സതിയാൾ പുഷ്പങ്ങളും
കൂറോടു നിവേദ്യത്തിനപ്പവും കൈയിലേന്തി


കോവിലിൽ പോകുന്നതും കണ്ടുതേ അർത്ഥിച്ചീടാം
ദേവനോടവൾ കച്ചോടത്തിനു വിദേശത്തിൽ


പോയ വല്ലഭൻ ശീഘ്രം മടങ്ങിവരുവാനോ
ദായാദനായി മേലൊരാൺകുട്ടി ജനിപ്പാനോ


ചന്തകൂടീടും ചെറുകുടിലിൻ നിരകൾത
ന്നന്തികത്തിങ്കൽ പിന്നെയപ്പുറത്തൊരു ദിക്കിൽ


പന്തിയിരുന്നുടൻ കന്നാന്മാർ പലവിധം
ചന്തമേറും പാത്രങ്ങൾ വിളക്കു കിണ്ടികളും


ഒച്ചകൂടുമാറടിച്ചോടുകൾ കൊണ്ടും നല്ല
പിച്ചളകൊണ്ടുമുണ്ടാക്കുന്നതും കണ്ടീടിനാർ


അവിടെ നിന്നു ദേവാലയഗോപുരത്തിന്റെ
സവിധത്തൂടെ നറ്റന്നപ്പുറം പോയാരവർ


നഗരസീമയിലെക്കോട്ടയും നദിതാനും
ഭഗവാൻ ഛന്ദനോടൊത്തങ്ങു പാലവും കണ്ടാൻ


ഇക്കണ്ടതെല്ലാം കടന്നാവഴി പോകുമ്പോഴ
ങ്ങുൾക്കാമ്പു കലക്കുമൊരാർത്തനാദം കേൾക്കായി


അന്നടക്കാവിന്നരികത്തുനിന്നയ്യോയെന്നെ
യൊന്നു താങ്ങണേ താങ്ങിക്കൊള്ളണേ മാലോകരേ


വീഴുമേയല്ലെങ്കിൽ ഞാനയ്യോ വീടെത്തും മുൻപേ
പാഴിലിങ്ങുതാൻ വീണെൻ പ്രാണങ്ങൾ പോയീടുമേ “


ഇത്തരമപ്പുലമ്പൽ കേൾക്കുന്ന ദിക്കിൽത്തന്നെ
സിദ്ധാർത്ഥനുടെ കനിവാർന്ന കണ്ണുടനെത്തി


അവിടെയൊരു മാഹാമാരിയാക്രമിച്ചൊരാൾ
വിവശനായിപ്പാരം വിറച്ചു വീണടിഞ്ഞു


പൊടിയിലുരുളുന്നു പഴുത്തു കരുവാളി
ച്ചുടലിൽ നിറഞ്ഞുള്ള കുരുക്കളോടും കഷ്ടം


ഇടതൂർന്നേറെ തണുത്തവന്റെ നെറുകയിൽ
പൊടിയുന്നിതു പാരം വിയർപ്പുനീർത്തുള്ളികൾ


വല്ലാതെ കോട്ടിവലിച്ചേറ്റവും വിരൂപമായ്
പല്ലിളിച്ചിരിക്കുന്നു വദനം വേദനയാൽ


പുണ്ണുകൊണ്ടുള്ളിലേറും വ്യഥയാം വൻ പുഴയിൽ
കണ്ണൂകൾ കരകാണതുഴന്നു നീന്തീടുന്നു


അല്ലല്ലാൽ വാപൊളിച്ചു നെടുവീർപ്പിട്ടങ്ങുള്ള
പുല്ലുകൾ തപ്പിപ്പിടിക്കുന്നിതൊന്നെഴുന്നേൽപാൻ


തെല്ലവൻ പൊങ്ങി വീണ്ടും താഴത്തു വീഴുന്നു കെ
ല്പില്ലാതെ കിടുകിടെയംഗങ്ങൾ വിറയ്ക്കയാൽ


“അയ്യയ്യോ ! തുണയ്ക്കുവിനൻപേലും ജനങ്ങളേ
വയ്യേ നോവിതു പൊറുപ്പാനെന്നു പുലമ്പുന്നു


ആയഴുകുരൽ ചെവികൊണ്ടു മിന്നല്പോൽ പാഞ്ഞു
പോയതും മാഹാഭാഗനവനെക്കരുണയാം


പീയൂഷമോലും കരമലരാൽ താങ്ങിയതു
മായാസമകലുമാറങ്കത്തിലണച്ചതും


നൊടിയിൽക്കഴിഞ്ഞു പിന്നവനാശ്വസിക്കവേ
കടവാർ മിഴികളാൽ കനിഞ്ഞു നോക്കി ദേവൻ


‘സോദരാ പറക നിൻ പീഡയെന്തിവണ്ണം നീ
ഖേദിപ്പതെന്തു കഴിയാത്തതെന്തെഴുന്നേൽപ്പാൻ ?


കാതരയായിങ്ങനെ ചോദിച്ചു പിന്നെ കൃപാ
മേദുരാപാംഗൻ ഛന്ദൻ തന്നോടു തിരിഞ്ഞോതി :


“എന്തുസാരത്ഥേയിവനിങ്ങനെ തേങ്ങീടുന്ന
തെന്തു കേഴുന്നതാസ്യം പൊളിച്ചു മൊഴി വിങ്ങി


സന്താപം തോന്നീടുമാറെന്തിവനേങ്ങുന്നതു
മെന്തടോ സഖേ നെടുവീർപ്പുകളിടുന്നതും?”


ഛന്ദനുമതുകേട്ടു ചൊല്ലിനാൻ : “മഹാരാജ
നന്ദനാ ഘോരമഹാവ്യാധിപീഡിതനിവൻ;


ദേഹധാതുക്കൾ വികൃതങ്ങളായ് തീർന്നു രക്ത
വാഹിനികളാം നാഡികള്ളിലിവനിപ്പോൾ


തിളച്ചു ചാടിച്ചോരയൊഴുക്കു വികടമായ്
കളിപ്പൂ പുഴകര തകർത്തു പായും പോലെ


അതുമല്ലിവനുടെ ഹൃദയം താനും താള
സ്ഥിതികൾ തെറ്റിയടിക്കുന്ന മദ്ദളം പോലെ


സ്ഫുടമാം ക്രമം തെറ്റി സ്പന്ദിച്ചു സ്വയമിപ്പോൾ
ഝടിതി ശീഘ്രമായുടനേ മന്ദമായും


അഴിഞ്ഞ വില്ലിൻ ഞാണുപോലെയായ് ഞരമ്പെല്ലാം
കുഴങ്ങിയയഞ്ഞുപോയിവന്റെ ശരീരത്തിൽ


മുഴങ്കാൽ തുട കഴുത്തെന്നിവയൊന്നും തീരെ
വഴങ്ങാതായും തീർന്നു ശക്തികൾ പൊയ്പോകയാൽ


പരയുന്നെന്തിനേറെയിശ്ശരീരത്തിൽ നിന്നു
പറന്നുകളഞ്ഞുതാൻ ഭംഗിയും ചൈതന്യവും


രൊഗിയാമിവനഴലാറ്റികൊള്ളുവാൻ മഹാ
ഭാഗം തൃക്കൺപാർക്കുക പെടുന്നപാടിതെല്ലാം


തുടുത്തു കലങ്ങിയ കണ്ണുകൾ ചുഴറ്റുന്നു
പിടിച്ചു കറകറ ദന്തങ്ങൾ കടിക്കുന്നു


കടുത്തപുക കുടിക്കുന്ന പോൽ വീർപ്പുമുട്ടി
യിടറിക്കഷ്ണിച്ചു നിശ്വസിക്കുന്നു ശ്വാസം


മരിക്കുമിപ്പോളിവനതിനുമുമ്പുതന്നെ
വിരഞ്ഞു ചലിക്കുമിന്നാഡികൾ നിന്നുപോകും


ഞെരിഞ്ഞു ഞരമ്പുകൾ നുറുങ്ങും കദനത്താ
ലറിയാതാകുമെല്ലിൻ കഴപ്പും വേദനയും


ഇമ്മട്ടു ബോധംകെട്ടു ചാകുമിദ്ദേഹം വെടി
ഞ്ഞിമ്മഹാമാരി പൂകും മറ്റൊരു ശരീരത്തിൽ


ആകയാലങ്ങു നൃപനന്ദന, തൊട്ടീടരു
തീ കടുംവ്യധിയാർന്ന മർത്ത്യനെ മാഹാത്മാവേ !


വിടുകവിടുകയീ രോഗിയെ മെയ്യിൽച്ചേർത്തു
പിടിച്ചീടൊല്ലായിതു പകരും വ്യാധിഅയല്ലോ


പിടിപെട്ടീടാമിതു നിന്തിരുമേനിക്കുമേ
യുടലിനുണ്ടോ ഭേദം രോഗങ്ങളാർക്കുമുണ്ടാം.”


അതു കേട്ടുടൻ കൊച്ചുതമ്പുരാനാ രോഗിയെ
സ്സദയം വീണ്ടും തഴുകിക്കൊണ്ടു ചോദിച്ചിതു:


“ഇതുപോലുള്ള രോഗാതുരന്മാരുണ്ടോ വേറെ
അധികം പേർക്കീവ്യാധി വരുമാറുണ്ടോ സൂതാ !


എനിക്കും രോഗബാധ വരുമോ വന്നീടിലെൻ
തനുവിലീ വൈകല്യമൊക്കെയുമുണ്ടാകുമോ?”


പറഞ്ഞാലുടൻ ഛന്ദൻ : “വ്യാധുകൾ ജീവികൾക്കു
വരുന്നു പലമട്ടായെല്ലാർക്കും മഹാമതേ !



ഇല്ലാരുമുടലെടുത്തവരിലെന്നെങ്കിലും
വല്ല രോഗവും വരാതുള്ളവരെന്നറിഞ്ഞാലും


ഹിലർക്കുണ്ടാകും ചിത്താധിജമാം വ്യാധി മറ്റു
ചിലർക്കു ശരീരത്തിൽ മുറിവേറ്റിട്ടുണ്ടാം രോഗം


ഛർദ്ദിതൊട്ടുള്ളൊരസ്വാസ്ഥ്യങ്ങൾ ചർമ്മരോഗങ്ങ
ളർദ്ദിതാദികളായ വാതങ്ങൾ പലതരം


കഷ്ടതയേലും ജ്വരഭേദങ്ങൾ പിടകകൾ
കുഷ്ഠങ്ങൾ മസൂരിക ഘോരമാം വിഷൂചിക


ഇത്തരം പല മഹാരോഗങ്ങളുണ്ടോർക്കുക
മർത്ത്യദേഹങ്ങൾ വിളഭൂമിയാണിവയ്ക്കെല്ലാം


കാരണമുണ്ടാകുമ്പോളുണ്ടാകുമവയ്ക്കു പി
ന്നാരുടെ ദേഹന്നില്ലേതു ദിക്കിലെന്നില്ല


“മുന്നറിവേതുമെന്യേയുടലിൽപ്പൊടുന്നനേ
വന്നു രോഗങ്ങളാക്രമിക്കയോ ഞായം സൂതാ !“


എന്നു കാരുണ്യമൂർത്തി ഭഗവാൻ കാതരനായ്
പിന്നെയും ചോദിച്ചിതു ; ചൊല്ലിനാൻ ഛ്ഹന്ദൻ വീണ്ടും


“ചിലപ്പോൾ ജനങ്ങളെ ബാധിച്ചീടുന്നു വിഭോ
വിലംവിട്ടടുത്തുള്ള വഴിവക്കത്തു വന്നു

താന്തമായ് ചുറ്റിക്കിടന്നോരാതെ ചവിട്ടുന്ന
പാന്ഥരെക്കടിക്കും വൻപാമ്പുപോലീ രോഗങ്ങൾ


ചിലപ്പോളിവ കാട്ടുവഴിയിൽ വള്ളിക്കെട്ടിൽ
ചലനമില്ലാതെ നിശബ്ദമായ് ചതിവായ്


പതുങ്ങിക്കിടന്നിട്ടു വഴിപോക്കന്റെ മുമ്പിൽ
കുതിച്ചുവീഴും കൂറ്റൻപുലിപോൽ വന്നെത്തുന്നു


ചിലപ്പോളിടിവാളുകണക്കെച്ചീളെന്നെത്തി
ചിലരെക്കൊന്നീടുന്നു ചിലരെ വിട്ടീടുന്നു


യദൃച്ഛയായും സ്വയം ഹേതുമത്തായുമോരോ
ഗദങ്ങളീവണ്ണമുണ്ടാകുന്നു മഹാപ്രഭോ!“


അപ്പോൾ മാനവർക്കൊരു നിമിഷം പേടി വെടി
ഞ്ഞിപ്പാരിലിരിക്കുക സാദ്ധ്യമല്ലല്ലോ സൂതാ !


രാത്രിയിൽ സുഖമായിന്നുറങ്ങി വീണ്ടും നാളെ
മാർത്താണ്ഡോദയത്തിൽ ഞാനുണരുമെന്നൊരാൾക്കും


അഹഹ! പറവാൻ പാടില്ലല്ലോയെന്നാൻ ദേവൻ
വഹിയാ താനതൊന്നുമെന്നുടൻ ചൊന്നാൻ സൂതൻ


എന്നാലീ യദൃച്ഛയായ് വന്നെത്തും വിപത്തുക
ളൊന്നൊഴിയാതെ സഹിച്ചെഴുമീജ്ജീവിതത്തിൽ


അന്ത്യമാം ഫലം രോഗപീഡയും വാർദ്ധക്യവു
മന്തമില്ലാത്ത മഹാനൈരാശ്യമിതും താനോ?


എന്നു പിന്നെയും ദേവൻ ചോദിച്ചാനത്ര ചിരം
മന്നിൽ ജീവിക്കിൽ ഫലമിവതാനെന്നാൻ ഛന്ദൻ


അല്ലലും വേദനയുമേറിയാൽ പൊറുപ്പാൻ കെ
ല്പില്ലാതോരുണ്ടാമവ സഹിപ്പാൻ മനമെന്യേ


വല്ല മറ്റുപായവും ചിന്തിപ്പോരുണ്ടാം സഖേ !
അല്ലെങ്കിലെല്ലാം സഹിച്ചിമ്മനുഷ്യനെപ്പോലെ


വല്ലാത്ത രൊഗാവിഷ്ടനായ് വെറും ജരഠനാ
യെല്ലും തോലുമായുടൻ ശോഷിച്ചു വിരൂപനായ്


പിന്നെയും മൂത്തിരിക്കും മുതുവൃദ്ധന്മാരുണ്ടാം
ചൊന്നാലും ശരണമെന്തൊടുവിലിവർക്കെല്ലാം


വിരവിലിപ്രകാരം ചോദിക്കും സ്വാമിയോടു
മരണംതാനവർക്കു ശരണമെന്നാൻ ഛന്ദൻ


ഹന്ത ഹാ മരണമോ ഗതിയെന്നുടൻ നാഥൻ
സന്താപവിവശനായനുടൻ ചൊന്നാൻ സൂതൻ


എന്തുമാർഗത്തിലൂടെയാകിലുമെന്നാകിലും
ജന്തുക്കൾ മരണത്തിൽ ചെന്നടിഞ്ഞഴിയുന്നു


വൃദ്ധരായ് ചിരം ജീവിക്കുന്നതും ചിലരത്രേ
യിദ്ധരിത്രിയിൽ ദാരിദ്ര്യാദി നാനാദുഃഖത്താൽ


പീഡിതരാ,യകാലരോഗഗ്രസ്തരായ് പാര
മാടൽ തേടുന്നു മിക്കവാറും പേർ മഹാമതേ !


അവശരായിങ്ങനെ ജീവിച്ചു യഥാകാല
മവശ്യം മരിച്ചുപോമൊടുവിലെല്ലാവരും


ധ്രുവമാണിച്ചൊന്നതു സത്യമാണെങ്ങോ നിന്നു
ശവമൊന്നിതാ വരുന്നുണ്ടു തൃക്കൺപാർത്താലും


ഇതുകേട്ടാ രോഗിയെ വിട്ടുടൻ മുഖാംബുജം
ദ്രുതമുന്നമിപ്പിച്ചു ഭഗവാൻ നോക്കീടുമ്പോൾ


പുഴവക്കിനെലാക്കാക്കീട്ടങ്ങു വേഗം നട
ന്നഴുതുകൊണ്ടു ജനക്കൂട്ടമൊന്നെത്തീടുന്നു


ചട്ടറ്റ കനൽ കത്തിജ്ജ്വലിക്കുന്നൊരു പുത്തൻ
ചട്ടി തൂക്കിക്കൊണ്ടൊരാൾ നടക്കുന്നിതു മുൻപേ


ചട്ടങ്ങൾ കൂട്ടി മുളച്ചീന്തിവച്ചുചിതമായ്
കെട്ടിയുണ്ടാക്കീട്ടുള്ള ശവമഞ്ചം ചുമന്നു


പോവുന്നു ചിലരവർക്കടുത്തുനിന്നു കൊണ്ടു
“ഗോവിന്ദ ഗോവിന്ദ ഗോവിന്ദേ’തി വിളികൂട്ടി


ദുഃഖചിഹ്നങ്ങൾ കൈക്കൊണ്ടൊറ്റമുണ്ടുടുത്തേറെ
മുഖ്യരാം ബന്ധുക്കളും വഴിയേ ചെന്നീടുന്നു


മഞ്ചത്തിലയ്യോ ചത്തു മരവിച്ചാരും കണ്ടാ
ലഞ്ചുന്ന വികൃതമാം മുഖഭാവങ്ങളോടും


കാഴ്ചപോയടഞ്ഞുള്ള കണ്ണുകളോടും പാരം
താഴ്ചയാർന്നെഴുന്നുള്ള താടിയെല്ലുകളോടും


മെലിഞ്ഞു നെഞ്ചുതാണു വയറു കുഴിഞ്ഞു തോൽ
വലിഞ്ഞു വാരിയെല്ലു നികഴന്നു വിരൂപമായ്


ഗോഷ്ടിയിൽ കുറികളും പൂക്കളും ചാർത്തിയൊരു
വേഷ്ടിയാൽ മൂടി വെളിക്കൊട്ടു കാലുകൾ നീട്ടി


പ്രേതമങ്ങനെ കിടക്കുന്നിതേ ചുമക്കുവോർ
പാതകൾ നാലുകൂടും ദിക്കിൽ വന്നെത്തി വീണ്ടും


“ഗോവിന്ദ ഗോവിന്ദ” യെന്നുറക്കെ ഘോഷിച്ചുടൻ
സാവധാനമായ്ത്തലതിരിച്ചു തത് പ്രേതത്തെ


ചട്ടറ്റ നദീ പുളിനത്തിങ്കൽ കൊണ്ടുചെന്നു
പട്ടടകൂട്ടിയതിൽ കിടത്തീടിനാർ പിന്നെ


ഒട്ടേറെ വിറകുകളൂനമെന്നിയേ ശവം
ചുട്ടുകൊള്ളുവാൻ ചിതമേലെവരടുക്കിനാർ


ഹന്ത ! പട്ടടയായ മെത്തമേൽ കിടന്നീയാ
ളെന്തുസൗഖ്യമായുറങ്ങീടുന്നു നിരൂപിച്ചാൽ


ആടൽ തേടുവതില്ല ശീതവായുവിൽ മേനി
മൂടാതെ കിടക്കിലും ചെറ്റുമേയിവനിപ്പോൾ


എത്തുകില്ലിന്നിദ്രയ്ക്കു ഭംഗവുമതേ ! യിതാ
കത്തിച്ചു ചിതയ്ക്കഗ്നിജ്വാല പടർന്നു പിടിക്കുന്നു


ചുവന്ന നാവുപോലെ നീട്ടി ജ്വാലയെ വഹ്നി
ശവത്തെ നക്കി രുചിച്ചേറ്റമുല്ലസിക്കുന്നു


ധൃതിയിൽ തോല്പൊളിച്ചൂ സന്ധികൾ പൊട്ടിച്ചാർത്തൂ
ചതകൾ തിന്നു ചീറിദ്ധൂമമുദ്വമിക്കുന്നു


താന്തനായ് ഭൂതം തുള്ളിയമർന്ന കോമരം പോൽ
ശാന്തിതേടുന്നു തനിയേയഗ്നി മന്ദം മന്ദം


ജ്വാലകൾ താണു കനൽക്കട്ടകൾ നീറിത്തീർന്നു
ലോലമാം പുകയും നിന്നെന്നല്ലയെല്ലാം പോയി


കൊള്ളിയും കെട്ടു കുറുഞ്ചാമ്പലുമങ്ങങ്ങോരോ
വെള്ളെലിമ്പുമായൊക്കെശ്ശേഷിച്ചു ശിവ! ശിവ!


ശിഷ്ടനായേറ്റം ശ്രീമാനാകിലും നരനിങ്ങു
ശിഷ്ടമായ് കാണ്മതിത്രമാത്രമാകുന്നുവല്ലോ!


ഭഗവാനിതൊക്കെയും സൂക്ഷിച്ചു കണ്ടു വീണ്ടു
മകതാരടങ്ങാതെയമ്പൊടും ചോദിച്ചിതു :


“ക്ഷിതിയിലിപ്പോൾ ജീവിച്ചിരിപ്പോറ്ക്കെല്ലാവർക്കു
മിതുതാൻ പരിണാമമായ് വരുമെന്നോ ഛന്ദാ !“


അതുകേട്ടുടൻ സൂതൻ പിന്നെയും ചൊന്നാൻ : “അതേ
യിതുതാൻ പരിണാമമേവർക്കും നൃപാത്മജ !


വെന്തൊരിപ്രേതത്തിൽനിന്നൊന്നുമേ തിന്മാൻ കിട്ടാ-
തന്തികമെത്തിക്കാക്ക പറന്നുപോവൂ കാൺക


എത്രയോ തടിച്ചു വാച്ചിരുന്നോരുടലാണി
തെത്രയാസ്വദിച്ചിതു ഭോജ്യപാനീയങ്ങളെ

എത്രയുല്ലാസമാർന്നു ചിരിച്ചു രസിച്ചതി-
ങ്ങെത്രനാൾ രമണിയെ സ്നേഹിച്ചു ലാളിച്ചിതു


എത്രദീർഘമായിതു ജീവിച്ചു സുഖമായ് മേ
ലെത്രനാൾ ജീവിക്കുവാനാഗ്രഹിച്ചിരുന്നിതു


നോക്കുക! ആർക്കുമറിയാവതല്ലായുസ്സിന്റെ
പോക്കുകൾ ജീവിതത്തെ വിശ്വസിക്കാവതല്ല


കാട്ടുകാറ്റെറ്റുമരം പൊട്ടി മേൽ വീണീടിലാം
നോട്ടമില്ലാതെ കല്ലിൽ കാൽ തട്ടി മറികിലാം


നഞ്ചുപെട്ടോരു കുളത്തിൽ ചെന്നു മുഴുകിലാ
മഞ്ചുമാറൊരു പാമ്പു തെല്ലൊന്നു ദംശിക്കിലാം


അത്തരമൊന്നുമല്ലെന്നാലരച്ചാണില്ലാത്ത
കത്തിതൻ മുനയേൽപ്പിച്ചെങ്കിലാം കോപിച്ചൊരാൾ


ഉള്ളിലാശ്വാസമോടു രമിക്കും തീനിൽപ്പെട്ട
മുള്ളുതൻ കണ്ഠത്തിലെങ്ങാനും തച്ചീടിലാം


അല്ലെങ്കിൽ വിശ്വാസമായ് വീടുപൂകുമ്പോളോട്ടിൻ
ചില്ലുകൂരമേൽ നിന്നു തലയിൽ വീണീടിലാം


അപ്പോഴേ കൂടുവിട്ടു പറന്നു കളയുന്നു
ക്ഷിപ്രമിപ്രാണൻ ഛിദ്രം വല്ലാതായാലും മതി


പിന്നെയിദ്ദേഹി വെറും പ്രേതമായ്ത്തീരുമൊന്നും
തിന്നില്ല പിന്നെപ്പയും ദുഃഖവുമവനില്ല


സുഖവുമില്ല ദുഃഖജാലങ്ങളൊന്നുമില്ല
വിഗതപ്രാണനാകുമവനു നൃപാത്മജ


അഞ്ചിതമാമവന്റെ മുഖചന്ദ്രൻ തൂവിയ
പുഞ്ചിരിപ്പുതുനിലാവസ്തമിച്ചെങ്ങോ പോയി


പഞ്ചാര തോൽക്കുമൊഴി കാന്തയാളധരത്തിൽ
കൊഞ്ചിയർപ്പിച്ച ചുംബനങ്ങളും വൃഥാവായി


എന്തിനു പരയുന്നു കത്തിക്കാളുന്ന കടും
ചെന്തീയിൽ ശയിക്കിലും ചൂടറിയുന്നീലവൻ


തന്നുടെ മാംസം തന്നെ കരിഞ്ഞ ദുർഗ്ഗന്ധമീ
സ്സന്ന ചേതനനുടെ മൂക്കറിവീല തെല്ലും


ബന്ധുക്കളെന്നാൽ നല്ല ചന്ദനമകിൽ തൊട്ട
ഗന്ധദ്രവ്യങ്ങളാൽതാൻ ചുടുന്നു തത്പ്രേതത്തെ


ഇവന്റെ നാവിൽനിന്നു പോയിതു രസജ്ഞാനം
ചെവിയുമടഞ്ഞുപോയ് കേൾക്കയില്ലിനിയൊന്നും


മുഖത്തു വിളക്കുപോൽ ശോഭിച്ച കൺനു രണ്ടും
വികലമായ്ക്കാഴ്ചപോയ് വെറുമന്ധമായി


സ്നേഹമുള്ളവർ ചുറ്റും വന്നിരുന്നുടൻ ചത്ത
ദേഹത്തെ നൊക്കി നിലവിളിച്ചു കേണീടുന്നു


ദാഹമോ ഖനനമോ ചെയ്തു ബന്ധുക്കളിപ്പോ
ളാഹന്ത ! നശിപ്പിക്കുമതിനെയല്ലെന്നാകിൽ


പാരിതിൽ കിടന്നു ചീഞ്ഞഴിഞ്നു പുഴുക്കൾക്കു
ഘോരസദ്യയായ്ത്തീരുമുടലെന്നോർക്കയാലേ


ഇതുതാനല്ലോ ഗതി ജീവികൾക്കെല്ലാവർക്കു
മിതിലില്ലോർക്കിൽ വ്യത്യസ്തതയിങ്ങൊരാൾക്കുമേ


കെമനും നിസ്സാരനുമെന്ന ഭേദവുമില്ല
പാമരനെന്നുമില്ല പണ്ഡിതനെന്നുമില്ല


ഉത്കൃഷ്ടനെന്നില്ലേറെ നികൃഷ്ടനെന്നുമില്ല
ചൊൽക്കൊണ്ട ഗർവിഷ്ഠനെന്നില്ല ദുഷ്ടനെന്നില്ല


ഏവനും ജീവിച്ചു ചത്തിങ്ങനെയഴിയുന്നു
കേവലം സാധാരണമാണിതെന്നല്ല പിന്നെ


ചത്തവർ ജനിക്കുമെന്നോതുന്നു നിഗമങ്ങൾ
സത്യമാർക്കറിയാവൂ വാസ്തവമാണതെങ്കിൽ


പിന്നെയുമിവനേതു ദിക്കിലെങ്കിലും സ്വയം
ചെന്നൊരു ജനനീഗർഭത്തിങ്കൽ ശയിക്കണം


പിന്നെയും ജനിക്കണം വളർന്നു ദുഃഖങ്ങളെ
പ്പിന്നെയും സഹിക്കണമെന്നല്ല രോഗാദിയാൽ


പിന്നെയും മരിച്ചിതു പോലെതാൻ കാളും ചിതാ
വഹ്നിയിൽ വെന്തു വെണ്ണീറാകണം വീണ്ടും വീണ്ടും


ഇങ്ങനെ തിരിയുന്ന സംസാരചക്രത്തിങ്കൽ
മംഗലമതേ ചുഴലുന്നു ദേഹികളെന്നും”


ഭവ്യനാം കുമാരനിതുകേട്ടുഴന്നു തൻ
ദിവ്യാശ്രുധാരയാർന്നു തുടുത്തു തൃക്കണ്ണുകൾ


അന്തരീക്ഷത്തിലേയ്ക്കു പൊക്കിക്കൊണ്ടൊട്ടുനേര
മന്തരാ കൃപാകുലനായിരുന്നരുളിനാൻ


പിന്നെയുമവനിയെ നോക്കിനാൻ തിരുവടി
പിന്നെയുമാകാശത്തെ തൃക്കൺപാർത്തരുളിതാൻ


ദേവമാനുഷലൊകങ്ങൾക്കു തങ്ങളിലുള്ള
ഭാവബന്ധത്തെപ്പറ്റിയറിഞ്ഞു മറന്നതായ്


വല്ലതുമോർമ്മിക്കയായിരിക്കാം മഹാഭാഗൻ
നല്ലതു ലോകങ്ങൾക്കു വരുവാൻ നിദാനമായ്


വല്ലതും കണ്ടിട്ടുണ്ടാം ബുദ്ധിയിലതു തെളി
ഞ്ഞില്ലെന്നാകിലുമറിയുന്നുണ്ടാമകക്കാമ്പിൽ


ഉടനുന്നമിതമായുള്ളരമ്മുഖാബ്ജത്തിൽ
സ്ഫുടിതപ്രേമോജ്ജ്വലശോഭയൊന്നേറിക്കണ്ടു


ഏകാന്തമായോരാശാബന്ധസൂചകമായി
ലോകാതിശായിയായ ദീപ്തിയിൽ ചൂഴ്ന്നൂ മുഖം



അത്ഭുതചരിത്രനഗ്ഗൗതമൻ തിരുവടി
സുസ്ഫുടാക്ഷരമുടനിങ്ങനെ വിളിച്ചോതി :



“അല്ലയോ ദുഃഖാബ്ധിയിലാഴും ലോകമേ! സ്വയം
വല്ലാത്ത ജനിമൃതിവലയിൽ പെട്ടു നിത്യം


അല്ലലാർന്നെന്നെപോലെയുഴന്നു രക്ഷാമാർഗ്ഗ
മില്ലാതെ കേഴും ജ്ഞാതാജ്ഞാതരാമാത്മാക്കളെ!


ഹന്ത! ഞാൻ കണ്ടിതിപ്പോൾ മർത്ത്യജീവിതമാകു
മന്തമില്ലാത്ത തീവ്രവേദനയുടെ ദൈർഘ്യം


ചിന്തയിലെന്നല്ലിങ്ങുള്ളോരോരോ സുഖം വെറു
മന്തശ്ശൂന്യമാം നിഴലാണെന്നു മറിഞ്ഞു ഞാൻ


അത്യന്തകാമ്യമായ ഭോഗവും ജീവിതത്തിൽ
നിത്യമല്ലാത്ത പരിഹാസ്യനാടകമല്ലോ


എന്തുയാതനയാണു പിന്നെ ദുസ്സഹമായ
സന്താപസന്തതികളൂഴിയിൽ നിരൂപിച്ചാൽ


നല്ലൊരു സുഖങ്ങളന്തരിപ്പൂ ദുഃഖങ്ങളായ്
കല്യയൗവനമവസാനിപ്പൂ വാർദ്ധക്യമായ്


ചൊല്ലെഴും പ്രേമമിഷ്ടഭംഗത്തിൽ വിരമിപ്പൂ
എല്ലാർക്കും മരണമായ് ജീവിതം കലാശിപ്പൂ


മരണം താനും ഭാവിജന്മഹേതുക്കളാവൂ
പരമജ്ജന്മങ്ങൾ സംസാരചക്രത്തിൽ വീണ്ടും


മായാരൂപമാം സുഖം കാണിച്ചു നിത്യദുഃഖ
ദായാദനാക്കി പ്രവർത്തിപ്പൂ ശരീരിയേ


എന്നെയും മോഹിപ്പിച്ചൂ നൂനമീമ്മായാലോക
മന്യൂനസുഖമിതിലുണ്ടെന്നു നിനച്ചു ഞാൻ


ജീവിതം ശരത് പ്രഭാതത്തിങ്കൽ മധുരമായ്
സാവധാനമായ് പ്രവഹിക്കും തേൻപുഴയെന്നും


നിത്യമാണെന്നും കരുതീടിനേൻ എന്നാലതിൽ
തത്തിപ്പൊങ്ങീടുമോളമൊക്കെയും തുള്ളിച്ചാടി

 
പ്പുത്തൻപൂന്നിരയാർന്ന താഴ്വരകളിലൂടെ
യെത്തുന്നു താഴെത്താഴെയേതുമൊന്നറിയാതെ


അത്യന്തഘോരലവണാബ്ധിതൻ കയത്തിൽ പോയ്
സിദ്ധികൂടുവാൻ ശീഘ്രതരമായോടീടുന്നു


എന്നുടെ മിഴി മൂടിനിന്നൊരത്തിരശ്ശീല
ഭിന്നമായ് പോയതിപ്പോൾ ഞാനിതാ ദേവന്മാരേ

അന്യമർത്ത്യരെപ്പോലെയാത്മരക്ഷയെ കാംക്ഷി
ച്ചുന്നത്ഭക്തിയോടും വിളിച്ചു യാചിക്കുന്നു


കരുണദേവകൾക്കില്ലയോ നരനെന്നും
കരഞ്ഞർത്ഥിക്കും രക്ഷ നൽകുന്നില്ലല്ലോയിവർ


പക്ഷേ നാം പ്രാർത്ഥിപ്പതു ദേവകളോർക്കില്ലെന്നാം
രക്ഷയില്ലെന്നു വരാ ജീവികൾക്കൊരുനാളും


ഇക്കണ്ട ജനങ്ങൾക്കുമെനിക്കുമെല്ലാമോർക്കിൽ
ദുഃഖത്തിൽ നിന്നു പരിനിർവാണം വേണ്ടതല്ലോ


അഥവാ ദേവന്മാർക്കുമതു വേണ്ടതായ് വരാം
വ്യഥയാർന്നവരും തേടുന്നുണ്ടാമതിനായി


അവരെ വിളിച്ചു കേഴുന്ന മർത്ത്യരെയവ
ർക്കവനം ചെയ്‌വാൻ കഴിയാത്തതു നിരൂപിച്ചാൽ


ദേവകൾ പരതന്ത്രരായ് വരാം നമ്മെപ്പോലെ
കേവലം നമ്മെ രക്ഷിപ്പാനവരശക്തരാം


എന്നെയാശ്രയിപ്പോരെക്കേഴുവാൻ വിടില്ല ഞാൻ
ഖിന്നതതീർക്കാനെനിക്കാവുന്നകാലം വരെ


പിന്നെദ്ദേവകൾ രക്ഷ നൽകുവാൻ ശക്തരെങ്കിൽ
മന്നിലിങ്ങനെ നിജ ഭക്തരെ വെടിയുമോ?


ബ്രഹ്മദേവനീദുഃഖരൂപമാം പ്രപഞ്ചത്തെ
യിമ്മട്ടു സൃഷ്ടിച്ചെന്നും വക്കുകൊണ്ടിരിപ്പതു


സംഭാവ്യമാണോ സർവ്വശക്തനിക്കഷ്ടതകൾ
ജൃംഭിക്കും ഭുവനത്തെയിങ്ങനെ വിട്ടീടുമോ?


ശക്തനാണുപേക്ഷയിതെങ്കിൽ നിർദ്ദയനവൻ
ശക്തിയില്ലെങ്കിലവനീശ്വരനല്ലതാനും


ഛന്ദ! തേർ തെളിക്ക നാം മടങ്ങിപ്പോക വീണ്ടും
മിന്നു കണ്ടതു മതി കാണേണ്ടതെല്ലാമായി.”


ഇങ്ങനെ പുത്രൻ വീണ്ടും ഖിന്നനായ് മടങ്ങിയ
തങ്ങു മന്നവൻ കേട്ടു മാഴ്കിനാനുടൻ പിന്നെ


മുമ്പിലത്തേതിൽ മൂന്നു മടങ്ങു ഭടന്മാരെ
യൻപോടു വാതിൽ കാക്കാനെന്നു താൻ നിയോഗിച്ചാൻ


അകത്തു പുറത്തും നിന്നാരേയുമതുവഴി
പകലും രാത്രിയിലുംവിട്ടീലയാജ്ഞയെന്യേ


കൽപ്പിച്ചങ്ങനെ നൃപൻ സൂക്ഷിച്ചു കുമാരനെ
സ്വപ്നത്തിൽ മുമ്പു കണ്ട ദിവസാവധി വരെ


മോഹം താൻ കവാടത്താൽ വിധിയെ തടുക്കുന്ന
സാഹസമെന്നോർക്കാതെ പിന്നെയും യഥാസുഖം


വാണിതേയോർത്തീടിലും മമതാതിമിരത്താൽ
കാണുമോ പരമാർത്ഥമുള്ളപോൽ സംസാരികൾ?