വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/ജയനെ പാമ്പുകടിച്ചു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
ജയനെ പാമ്പുകടിച്ചു
[ 31 ]
ജയനെ പാമ്പു കടിച്ചു


തിരാവിലെ തന്നെ എല്ലാവരും ബാലവേദിയിൽ കൂടി. ജയൻ മാത്രം എത്തിയിട്ടില്ല. ജയന് എന്തുപറ്റി? എല്ലാവരും വിഷമിച്ചു നിൽക്കുമ്പോഴാണ് ജയന്റെ അനിയൻ ഓടി വരുന്നത്. "എന്താ മോനേ? ജയന് എന്തുപറ്റി?" മാസ്റ്റർ ചോദിച്ചു.

ഓടിവന്നതിന്റെ കിതപ്പിനിടയിൽ അനിയൻ പറഞ്ഞു: "ജയനെ പാമ്പ് കടിച്ചു!"

"ങേ! പാമ്പോ?" എല്ലാവരും ഞെട്ടി.

"അതെ, നീർക്കോലിപ്പാമ്പ്!" അനിയൻ വിശദമാക്കി.

"ഹഹഹഹ! നീർക്കോലിപ്പാമ്പാണോ? എങ്കിൽ പേടിക്കേണ്ട. അതിന് വിഷമില്ല." മാസ്റ്റർ പറഞ്ഞു.

"ഓ എന്നാലും പാമ്പല്ലേ? കടികൊണ്ടതല്ലേ? സംഗതി കുഴപ്പം തന്നെ." കൊച്ചുറാണിക്ക് പേടികൊണ്ട് വിറയലുണ്ടായി.

"നമുക്ക് ജയന്റെ വീട്ടിലേക്ക് തന്നെ പോകാം. ജയനെക്കണ്ട് കാര്യങ്ങൾ അറിയാം" മാസ്റ്റർ പറഞ്ഞു. അത് എല്ലാവർക്കും ഇഷ്ടമായി. അങ്ങനെ എല്ലാവരും ജയന്റെ വീട്ടിലേക്ക് നടന്നു.
[ 33 ]

അപ്പുക്കുട്ടനാണ് ആദ്യം ഓടി ജയന്റെ വീട്ടിലെത്തിയത്. പുറകെ മറ്റുള്ളവരുമെത്തി.

ജയനെ പുറത്തെങ്ങും കണ്ടില്ല. അവർ വീട്ടിനുള്ളിലേക്ക് കയറി. ദാ ജയൻ ഒരു കട്ടിലിൽ കിടക്കുന്നു. കൂട്ടുകാരെ കണ്ടപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു. ജയന്റെയടുത്ത് കട്ടിലിൽ അവന്റെ അമ്മയും ഇരിപ്പുണ്ട്.

മാസ്റ്റർ തിരക്കിയപ്പോൾ അമ്മ വിവരം പറഞ്ഞു. ഇന്നലെ ബാലവേദിയിൽ നിന്നും വന്നയുടനെ അനിയനേയും കൂട്ടി കുളത്തിൽ ചാടി വെള്ളത്തിൽ നീന്തുകയും മുങ്ങുകയും തകർക്കുകയുമായിരുന്നു. ഏറെ നേരം കഴിഞ്ഞപ്പോഴാണ് നീർക്കോലി ഒറ്റക്കടിയിട്ടുകൊടുത്തത്. ജയന്റെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തി ജയനെ കരക്കു കയറ്റി നോക്കിയപ്പോൾ മുറിപ്പാടിൽ നിന്നും ചോര ഒഴുകുന്നു. അമ്മ പച്ചമഞ്ഞൾ അരച്ച് മുറിവിൽ പുരട്ടി. എന്നിട്ട് അവനെ പിടിച്ച് കട്ടിലിൽ കിടത്തി. അത്താഴവും കൊടുത്തില്ല...

മാസ്റ്റർ ജയനെയും അമ്മയേയും സമാധാനിപ്പിച്ചു. "ഒന്നും പേടിക്കാനില്ല. കാരണം നീർക്കോലിക്ക് വിഷമേയില്ല. ഏതായാലും മുറിവൊന്ന് കാണട്ടെ എവിടെയാണ്? കാലിനകത്താണോ?"

"അകത്തല്ല മാസ്റ്റർ തുടയിൽത്തന്നെ." അമ്മ പറഞ്ഞു.

"നോക്കട്ടെ" മാസ്റ്റർ പുതപ്പു മാറ്റി.

"നിക്കറിനുമകത്താണോ! അതെങ്ങനയാ ജയാ? കുളത്തിൽ ചാടിയിരുന്നപ്പോൾ നിക്കറിട്ടിട്ടില്ലായിരുന്നോ?"

ജയന്റെ പരുങ്ങൽ കണ്ട് അനിയൻ ഉള്ള സത്യം തുറന്നു പറഞ്ഞു. "ചാടിത്തുടങ്ങിയപ്പോൾ നിക്കർ അരയിലുണ്ടായിരുന്നു. പിന്നെ വെള്ളത്തിൽ കളിച്ചുരസിച്ചു മറിഞ്ഞപ്പോൾ നിക്കർ ഊരിപ്പോയതറിഞ്ഞില്ല. നിക്കറിടാതെ ചാടിയിരുന്നപ്പോഴാണ് കടി കിട്ടിയത്."

അനിയൻറെ പറച്ചിൽ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി. ജയനും ചിരിച്ചുപോയി. [ 34 ]

ജയന്റെ നാണം വകവക്കാതെ മാസ്റ്റർ അവന്റെ നിക്കറഴിച്ചുനോക്കി. തുടയിൽ ചെറിയൊരു മുറിവ്. നീർക്കോലിയുടെ പല്ലിന്റെ പാടുകൾ! കൂട്ടുകാർ എല്ലാവരും അത്ഭുതത്തോടെ അതുകണ്ടു.

"എടടാ നിക്കറില്ലാതെ കിടന്നു ചാടുകയല്ലായിരുന്നോ? നീർക്കോലിയെങ്ങാൻ കുറെക്കൂടി മുകളിലേക്ക് കയറി കടിച്ചിരുന്നെങ്കിൽ നീയെങ്ങനെ മൂത്രമൊഴിക്കുമായിരുന്നു?" മാസ്റ്റർ കളിയാക്കി.

"ഏതായാലും ഇങ്ങനെ കിടക്കേണ്ട കാര്യമൊന്നുമില്ല. ജയന് രാവിലെ കാപ്പി കൊടുത്തോ?"

"ഇല്ല" അമ്മ പറഞ്ഞു.

"എന്നാലുടനെ കൊടുക്കൂ. എന്തെങ്കിലും കുഴപ്പമുണ്ടായാൽ ഞാൻ ഏറ്റു. നീർക്കോലിക്ക് ഒരു വിഷവുമില്ല. നിങ്ങൾ പേടിക്കാതിരുന്നാൽ മതി." മാസ്റ്റർ അമ്മയോട് പറഞ്ഞു.

കാപ്പികുടി കഴിഞ്ഞതോടെ ജയൻ ഉഷാറായി. പേടിയെല്ലാം പമ്പ കടന്നു. നീർക്കോലിക്കടി വാങ്ങിയ ധീരൻ ആയി അവൻ. കൂട്ടുകാരോട് ആ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.

"നമുക്ക് ജയന്റെ നീർക്കോലിക്കുളമൊന്നു കണ്ടാലെന്താ?

"കാണണം, കാണണം" എല്ലാവരും പറഞ്ഞു.

"സാർ നീർക്കോലി കടിക്കുമോ?" കൊച്ചുറാണി മാത്രം പേടിച്ച് ചോദിച്ചു.

"എന്താ മോൾക്ക്‌ പേടിയുണ്ടോ? ധൈര്യമായി പോന്നോളൂ" മാസ്റ്റർ അത് പറഞ്ഞ് മുമ്പെ നടന്നു. കുളത്തിൽ 'ഒരാൾ' വെള്ളമുണ്ട്. വശങ്ങളിൽ നിറയെ കാട്ടുചെടികൾ വളർന്നു നിൽക്കുന്നു. കുളത്തിനു ചുറ്റും പറമ്പിൽ നിറയെ മരങ്ങളുള്ളതിനാൽ കുളത്തിൽ നല്ല തണൽ. തണുപ്പ്. കുളത്തിൽ നിറയെ ആമ്പൽ. ആമ്പൽപ്പൂക്കൾ വിടർന്നു നിൽക്കുന്നത് കാണാൻ എന്തു ഭംഗി! കുറെയേറെ നെയ്യാമ്പലും വളർന്നിട്ടുണ്ട്. അതിന്റെ പൂക്കൾ തീരെ ചെറുതാണ്. നെയ്യാമ്പലിന്റെ പഴയ പൂക്കൾക്കിടയിലുള്ള 'കായ്‌' പറിച്ച് എല്ലാവരും തിന്നു. [ 35 ]

'നല്ല രസം" അപ്പുക്കുട്ടൻ തീറ്റക്കിടയിൽ പറഞ്ഞു.

"ഇതെന്താ തലമുടി പോലെ?" വെള്ളത്തിനടിയിലേക്ക് ചൂണ്ടി മിനി ചോദിച്ചു.

"അതാണ്‌ മുള്ളൻ പായൽ. അതുണ്ടെങ്കിൽ വെള്ളത്തിനു നല്ല തണുപ്പായിരിക്കും. മീനുകൾക്ക് തീറ്റയും ആയി. വിശ്രമസ്ഥലവുമായി."

പട്ടണത്തിൽ നിന്ന് ഒഴിവുകാലമാസ്വദിക്കാൻ വന്ന മിനി കുറെ മുള്ളൻപായൽ കൈയിലെടുത്തു നോക്കി.

കുളത്തിൽ വെള്ളം മുഴുവൻ വാലുമാക്രികൾ. മീനിലുമധികം വാലുമാക്രികൾ. എല്ലാവരും കൈകളിൽ വെള്ളം എടുത്തു. അതിലുമുണ്ട് നാലഞ്ച് വാലുമാക്രികൾ.

"ഓ വെറുതെയാണോ നീർക്കോലികൾ ധാരാളം വന്നു ചാടിയിരിക്കുന്നത്. അവർക്ക് എന്നും വാലുമാക്രിസദ്യ നടത്താമല്ലോ!" മാസ്റ്റർക്ക് അപ്പോഴാണ് കാര്യം പിടികിട്ടിയത്. കുളത്തിൽ ഇത്ര ഏറെ നീർക്കോലികളെ കാണാനുള്ള കാര്യം മനസ്സിലായത്‌.

"എന്നിട്ട് നീർക്കോലിച്ചേട്ടനെ കണ്ടില്ലല്ലോ." ദീപുവിനു നീർക്കോലിയെ കാണാൻ ധൃതിയായി.

"കുളത്തിൽ എല്ലാ ഭാഗവും ശ്രദ്ധിച്ചു നോക്കൂ. അനങ്ങാതെ നിന്നുനോക്കണം. ബഹളം വെയ്ക്കാതെ. നീർക്കോലികൾ ഏറെ നേരം വെള്ളത്തിനടിയിൽ മുങ്ങിക്കഴിയുകയില്ല. കുറെ നേരം കഴിയുമ്പോൾ വെള്ളനിരപ്പിൽ വന്നു തല പുറത്തേയ്ക്ക് നീട്ടും."

"ശ്വാസമെടുക്കാനായിരിക്കും."

"അതെ. വല്ല ആമ്പലിലോ മറ്റോ തങ്ങി കിടക്കുന്നത് കാണാം അപ്പോൾ. പറ്റിയ ലാക്കിന് വാലു മാക്രിയെയും ശാപ്പിടും."

"മാക്രിയെയോ?"

"ചെറിയ മാക്രികളെയും പിടിക്കും." [ 36 ]

"ശ്, മിണ്ടാതെ, മാസ്റ്റർ ദാ ഒരുത്തൻ തെക്കെ വശത്ത് കുളത്തിനരികിൽ"

"അമ്പട വീരാ, നല്ല തടിയനാണല്ലോ നീ"

"അയ്യോ കണ്ടിട്ടു പേടിയാകുന്നു!"

"എന്തിനാ പേടി? നീർക്കോലിക്ക് നിങ്ങളെയാണ് പേടി."

"ദാ അവൻ കുളത്തിന്റെ വശത്തേക്ക് കയറണു!"

"ഇപ്പൊ ഒരു അടി കൊടുക്കാൻ നല്ല പാകത്തിനാണവൻ."

"ഞാൻ വടി കൊണ്ടുവരട്ടെ മാസ്റ്റർ." കൊച്ചുമുഹമ്മദ്‌ പുറത്തേക്കോടാൻ തുടങ്ങി.

"വടി കൊണ്ടുവന്നാൽ അതുകൊണ്ടു കൊച്ചുമുഹമ്മദിൻറെ തുടയിൽ രണ്ടിട്ടു തരാം എന്താ?" മാസ്റ്റർ ചോദിച്ചു.

"പാമ്പിനെ കണ്ടാൽ പിന്നെ കൊല്ലാതെ..." രാജു ഇടക്കു വച്ചു നിർത്തി. കാരണം നീർക്കോലി അപ്പോഴേക്കും കുളത്തിന്റെ വശത്തെ ഒരു പൊത്തിലേക്ക് കയറിക്കഴിഞ്ഞിരുന്നു.

"അമ്പട, അതാണവന്റെ പൊത്ത്. അതിലിട്ടു കുത്തിയാൽ മതി," അനു പ്ലാൻ പറഞ്ഞു.

"ആട്ടെ, നീർക്കോലിയെ കൊല്ലാൻ ധൃതി വെക്കുന്ന കൂട്ടുകാർ ആരൊക്കെയാണ്?"

അനു, വിനു, രാജു, കൊച്ചുമുഹമ്മദ്‌ എന്നീ 'ധീരൻമാർ' കൈകൾ പൊക്കി.

"എന്തിനാ നീർക്കോലിയെ കൊല്ലുന്നത്‌?"

"അത് കടിക്കുകയില്ലേ മാസ്റ്റർ?" കൊച്ചുമുഹമ്മദിന് ദേഷ്യം തോന്നി.

"ഹൊ കൊച്ചുമുഹമ്മദ്‌ ചൂടായല്ലോ. കടിക്കും. സമ്മതിച്ചു. എപ്പോഴാ ജയനെ കടിച്ചത്? നമ്മുടെ വീട്ടിൽ കേറിവന്നു കടിക്കുമോ?" [ 37 ]

"ഇല്ല"

"പിന്നെ"

"കുളത്തിലിറങ്ങിയാൽ കടിക്കും."

"ആഹാ? എന്നിട്ട് നമ്മളെയൊന്നും കടിക്കാത്തതെന്താ?"

"അത്..."

"അപ്പോൾ കുളത്തിലിറങ്ങിയാലുടനെ നീർക്കോലി കടിക്കില്ല. കുളത്തിൽ ചാടിയാലും കടിക്കില്ല. തുടർച്ചയായി ചാടിയപ്പോൾ കുളം കലങ്ങിക്കാണും. നീർക്കോലിക്കും വലിയ ശല്യമായിരിക്കും. ചാടിച്ചാടിച്ചെന്ന് നീർക്കോലിയുടെ വാലിൽ ചവിട്ടിപ്പിടിച്ചെന്നിരിക്കട്ടെ; ചാട്ടത്തിനിടയ്ക്ക് ജയനത് അറിയില്ല. നീർക്കോലി രക്ഷപ്പെടാനുള്ള വെപ്രാളത്തിന് കടിച്ചതായിരിക്കും" മാസ്റ്റർ നീർക്കോലിയുടെ ഭാഗം പറഞ്ഞു.

"തീറ്റയാണെന്നുവച്ച് കടിച്ചതുമാകാം." അപ്പുക്കുട്ടൻ പറഞ്ഞു.

"ശരിയാണ്. നിക്കറിടാതെ കിടന്ന് ചാടുകയല്ലായിരുന്നോ. തീറ്റയാണെന്നു കരുതി കടിച്ചത് തുടയിൽ കൊണ്ടതാകാം. ശല്യം സഹിക്കാതായപ്പോൾ കടിച്ചതാകാം. സാധാരണ അതിനെ ചവിട്ടുമ്പോഴാണ് അത് കടിക്കാറ്."

"ഹൊ, ചവിട്ടിയോ ഞാൻ!" ജയന് അത് ഓർത്തിട്ട് അറപ്പ്.

"ആഹാ, നീർക്കോലിയുടെ കടിവാങ്ങിയിട്ടും അതിനെ ഇത്ര പേടിയാണോ? പാവം നീർക്കോലി! അതിനെ ചവിട്ടിപ്പിടിച്ചാൽ പോലും അതിനാകെ ചെയ്യാവുന്നത് ആ കൊച്ചു പല്ലുകൾ കൊണ്ട് ഒന്നു കടിച്ചുപറിക്കുകയാണ്. കടിച്ചാലോ? ഒന്നുമില്ല. വിഷമേയില്ല."

"ഓ എന്നാലുമൊരു പേടി."

"ശരിയാ, ഒരറപ്പ്." [ 38 ]

"ഓ അതിപ്പോൾ മാറ്റാം. കൊച്ചുമുഹമ്മദേ ഒരു നീണ്ട കമ്പുകൊണ്ടുവാ'

കൊച്ചുമുഹമ്മദ്‌ കമ്പിനോടി.

"ജയാ ഒരു നല്ല പച്ച ഈർക്കിൽ കൊണ്ടുവരൂ."

ജയൻ തൈച്ചുവട്ടിലേക്ക് കുതിച്ചു.

"അപ്പുക്കുട്ടാ, ജയന്റെ വീട്ടിൽ നിന്ന് ഇത്തിരി കയറുകൊണ്ടുവരൂ."