ജയന്റെ നാണം വകവക്കാതെ മാസ്റ്റർ അവന്റെ നിക്കറഴിച്ചുനോക്കി. തുടയിൽ ചെറിയൊരു മുറിവ്. നീർക്കോലിയുടെ പല്ലിന്റെ പാടുകൾ! കൂട്ടുകാർ എല്ലാവരും അത്ഭുതത്തോടെ അതുകണ്ടു.
"എടടാ നിക്കറില്ലാതെ കിടന്നു ചാടുകയല്ലായിരുന്നോ? നീർക്കോലിയെങ്ങാൻ കുറെക്കൂടി മുകളിലേക്ക് കയറി കടിച്ചിരുന്നെങ്കിൽ നീയെങ്ങനെ മൂത്രമൊഴിക്കുമായിരുന്നു?" മാസ്റ്റർ കളിയാക്കി.
"ഏതായാലും ഇങ്ങനെ കിടക്കേണ്ട കാര്യമൊന്നുമില്ല. ജയന് രാവിലെ കാപ്പി കൊടുത്തോ?"
"ഇല്ല" അമ്മ പറഞ്ഞു.
"എന്നാലുടനെ കൊടുക്കൂ. എന്തെങ്കിലും കുഴപ്പമുണ്ടായാൽ ഞാൻ ഏറ്റു. നീർക്കോലിക്ക് ഒരു വിഷവുമില്ല. നിങ്ങൾ പേടിക്കാതിരുന്നാൽ മതി." മാസ്റ്റർ അമ്മയോട് പറഞ്ഞു.
കാപ്പികുടി കഴിഞ്ഞതോടെ ജയൻ ഉഷാറായി. പേടിയെല്ലാം പമ്പ കടന്നു. നീർക്കോലിക്കടി വാങ്ങിയ ധീരൻ ആയി അവൻ. കൂട്ടുകാരോട് ആ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
"നമുക്ക് ജയന്റെ നീർക്കോലിക്കുളമൊന്നു കണ്ടാലെന്താ?
"കാണണം, കാണണം" എല്ലാവരും പറഞ്ഞു.
"സാർ നീർക്കോലി കടിക്കുമോ?" കൊച്ചുറാണി മാത്രം പേടിച്ച് ചോദിച്ചു.
"എന്താ മോൾക്ക് പേടിയുണ്ടോ? ധൈര്യമായി പോന്നോളൂ" മാസ്റ്റർ അത് പറഞ്ഞ് മുമ്പെ നടന്നു. കുളത്തിൽ 'ഒരാൾ' വെള്ളമുണ്ട്. വശങ്ങളിൽ നിറയെ കാട്ടുചെടികൾ വളർന്നു നിൽക്കുന്നു. കുളത്തിനു ചുറ്റും പറമ്പിൽ നിറയെ മരങ്ങളുള്ളതിനാൽ കുളത്തിൽ നല്ല തണൽ. തണുപ്പ്. കുളത്തിൽ നിറയെ ആമ്പൽ. ആമ്പൽപ്പൂക്കൾ വിടർന്നു നിൽക്കുന്നത് കാണാൻ എന്തു ഭംഗി! കുറെയേറെ നെയ്യാമ്പലും വളർന്നിട്ടുണ്ട്. അതിന്റെ പൂക്കൾ തീരെ ചെറുതാണ്. നെയ്യാമ്പലിന്റെ പഴയ പൂക്കൾക്കിടയിലുള്ള 'കായ്' പറിച്ച് എല്ലാവരും തിന്നു.