ഭാഷാഭാരതം/സഭാപർവ്വം/രാജസൂയപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
രാജസൂയപൎവ്വം

[ 823 ] ===രാജസൂയപർവ്വം===

33.രാജസൂയദീക്ഷ[തിരുത്തുക]

യുധീഷ്ഠരൻ രാജ്യം ഭരിച്ചിരുന്ന കാലത്ത് രാജ്യത്തിൽ വിളയാടിയിരുന്ന സുഭിക്ഷത. ശ്രീകൃഷ്ണൻ ആജ്ഞാപിച്ചതനുസരിച്ചു യുധിഷ്ഠരൻ രാജ സൂയത്തിനൊരുങ്ങുന്നു.രാജക്കൻമാർ,ബന്ധുക്കൾ, ബ്രാഹ്മണർ മുതലായവരെ ക്ഷണിക്കുന്നതിനു പല ദിക്കിലേക്കും ദൂദന്മാരെ നിയോഗിക്കുന്നു. യാഗത്തിനെത്തിച്ചേർന്ന ബ്രാഹ്മണരുടെ കോലാഹലം.


വൈശമ്പായൻ പറഞ്ഞു

ധർമ്മപുത്രന്റെ ഭരണത്താലും സത്യത്തിനാലുമേ
ശത്രുപ്രശമനത്താലും സ്വകർമ്മപരരായ് നരർ. 1

ബലി നന്നായേറ്റുവാങ്ങിദ്ധർമ്മം കാക്കുകകാരണം
മഴ വേണ്ടവിധം പെയ്തൂ പുഷ്ടിയായ് നാട്ടിലൊക്കയും. 2

എല്ലാത്തൊഴിൽകളും നന്നായ് കൃഷി ഗോരക്ഷ വാണിഭം
ഇവയേറെ വിശേഷിച്ചും നന്നായീ രാജ്യരക്ഷയാൽ. 3

കള്ളന്മാർ ചതിയന്മാരും രാജസേവകരും പരം
അന്യോന്യംപോലുമേയില്ല കളളം ചൊല്ലിയ കേൾവിയും. 4

അവർഷമതിവർഷം തീഭയം വ്യാധിയിതൊന്നുമേ
യുധിഷ്ഠരൻ ധർമ്മനിഷ്ഠൻ കാക്കുംകാലത്തിലില്ലഹോ! 5

ധർമ്മപുത്രന്നു വർദ്ധിച്ചൂ ധർമ്മത്താൽ വിത്തസഞ്ചയം
നൂറാണ്ടു ചെലവിട്ടാലുമൊടുങ്ങാത്തവിധം പരം. 6

സ്വകോഷ്ഠകോശങ്ങളുടെ പരിമാണം മഹീപതി
കണ്ടറിഞ്ഞിട്ടു കൗന്തേയൻ യജ്ഞത്തിന്നു നിനച്ചുതേ. 7

സുഹൃജ്ജനങ്ങളൊക്കേയുമൊറ്റയ്ക്കും ചേർന്നുമോതിനാർ:
“കാലമായി മഖത്തിന്നു വിഭോ, വേണ്ടതു ചെയ്യുക". 8

ഏകമായവർ ചൊല്ലിടുമപ്പൊഴേയ്ക്കെത്തി മാധവൻ.
പുരാണനായീടുമൃഷി വിജ്ഞന്മാർ കണ്ടിടുന്നവൻ, 9

ഇക്കാണുന്ന ജഗത്തിന്റെ സൃഷ്ടിക്ഷയകരൻ വിഭു
ഭൂതഭവ്യഭവന്നാഥൻ കേശവൻ കേശിസൂദനൻ; 10

കോട്ടയായോൻ യാദവന്മാർക്കാപത്തിലഭയപ്രദൻ
വസുദേവർക്കു സേനാധിപത്യമേല്പിച്ചുടൻ, 11

[ 824 ]

ധർമ്മപുത്രന്നു കാഴ്ചയ്ക്കായ് നാനാധനചയത്തൊടും
പുരുഷോത്തമനാ ജ്യേഷ്ഠബലഭദ്രസമന്വിതൻ, 12

രത്നക്കടൽകണക്കന്തമറ്റക്ഷയധനത്തൊടും
രഥഘോഷം മുഴക്കിക്കൊണ്ടപ്പുരത്തിങ്കലെത്തിനാൻ; 13

ധനപൂരം പൂർണ്ണമാക്കി ശത്രുക്കൾക്കാർത്തിയേകിനാൻ
അർക്കനില്ലാത്തിടത്തർക്കൻ കാറ്ററ്റേടത്തു കാറ്റുമേ 14

വന്നവണ്ണം കണ്ണനെത്തീട്ടന്നു നന്ദിച്ചിതാപ്പുരം.
നന്ദിയോടവനെച്ചെന്നു സൽക്കരിച്ചു യഥാവിധി 15

കുശലം ചൊല്ലി നന്ദിപ്പിച്ചിരുത്തീട്ടു യുധീഷ്ഠരൻ
ധൗമ്യൻ വ്യാസപ്രഭൃതികളത്വിക്കുകളുമൊത്തവൻ 16

ഭീമാർജ്ജുനന്മാരൊടൊത്തു കൃഷ്ണനോടിതുണർത്തിനാൻ.

യുധീഷ്ഠരൻ പറഞ്ഞു

അങ്ങയ്ക്കുവേണ്ടിഗ്ഗോവിന്ദ, പാരിടം കീഴടങ്ങി മേ 17

നിൻ പ്രസാദത്തിനാൽ വൃഷ്ണിനാഥ, നേടീ ധനൗഘവും.
ആഗ്രഹിക്കുന്നു വിധിപോലിതു ഞാൻ ദേവകീസുത! 18

ദ്വിജാഗ്നികൾക്കുചിതമായുപയോഗിക്കുവാൻ വിഭോ!
ദശാർഹ, നിന്നോടൊന്നിച്ചു യജിപ്പാനാഗ്രഹിപ്പു ഞാൻ 19

അനുജന്മാരുമായങ്ങുന്നതിന്നനുവദിക്കണം.
ദീക്ഷിച്ചുകൊൾക ഗോവിന്ദ, ഭവാൻതന്നെ മഹാഭുജ! 20

അങ്ങുന്നു യാഗംചെയ്തെങ്കിലെന്റെ പാപമൊഴിഞ്ഞിടും.
അല്ലെങ്കിലങ്ങെന്നെയനുവദിക്ക സഹജാന്വിതം 21

കൃഷ്ണ, നിന്നനുവാദത്താൽ ചെയ്‌വേനീ മുഖ്യമാം മഖം.

വൈശമ്പായനൻ പറഞ്ഞു‌

അവനോടോതിനാൻ കൃഷ്ണൻ ഗുണവിസ്താരപൂർവ്വകം: 22

"സാമ്രാജ്യത്തിന്നർഹനങ്ങുതന്നെ രാജൻ, മഹാമഖം
ചെയ്തുകൊള്ളുക സാധിച്ചാൽ ഞങ്ങൾക്കല്ലോ കൃതാർത്ഥത. 23

ഇഷ്ടയജ്‌ഞം ചെയ്തുകൊൾത ഞാൻ ശ്രേയസ്സിന്നു നില്ക്കവേ
കൃത്യമെന്നോടു കല്പിക്കൂ ചൊന്നതൊക്ക നടത്തുവൻ.” 24

യുധീഷ്ഠരൻ പറഞ്ഞു
സങ്കല്പം സഫലം കൃഷ്ണ,ദൃഢം മേ കാര്യസിദ്ധിയും
അങ്ങെനിക്കിഷ്ടമാംട്ടേലിങ്ങു സന്നിധിചെയ്കയാൽ. 25

വൈശമ്പായനൻ പറഞ്ഞു

കണ്ണന്റെ സമ്മതം വാങ്ങിത്തമ്പിമാരൊത്തു പാണ്ഡവൻ
രാജസൂയമഖത്തിന്നു വേണ്ടതൊക്കെയൊരുക്കിനാൻ. 26

ഉടനേല്പിച്ചിതാപ്പാണ്ഡുസുതൻ വൈരിനിബർഹണൻ
ചേരും മന്ത്രികളോടൊത്തു വീരനാം സഹദേവനെ 27

ഈ യജ്ഞത്തിന്നു വിപ്രന്മാർ ചൊല്ലും യജ്ഞാംഗമൊക്കെയും
സർവ്വോപകരണത്തോടും മംഗളദ്രവ്യജാലവും 28

[ 825 ]

മറ്റുള്ള യജ്ഞസംഭാരങ്ങളും ധൗമ്യന്റെ ചൊല്പടി
ഒരുക്കീടട്ടെയാൾക്കാരിങ്ങൊക്കുംവണ്ണം യഥാക്രമം. 29

ഇന്ദ്രസേനൻ വിശോകൻതാൻ പുരുഫൽഗുനസൂതനും
അന്നാദി സംഭരിച്ചീടാൻ നില്ക്കട്ടേയെൻ പ്രിയത്തിനായ്. 30

വേണ്ടതെല്ലാമൊരുക്കേണം രസഗന്ധസമന്വിതം
ദ്വിജർക്കാശയ്ക്കൊത്തവണ്ണമൊക്കയും കരുസത്തമ! 31

അതു കേട്ടുടനേതന്നെയെല്ലാമുണ്ടെന്നുണർത്തിനാൻ
സഹദേവൻ മഹാവീരൻ ധർമ്മപുത്രനൊടാദരാൽ 32

പിന്നെ ദ്വൈപായനൻ ചേർത്തുകൊണ്ടാനൃത്വിഗ്ജനങ്ങളായ്
മൂർത്തി കൈക്കൊണ്ടിടും വാനോർക്കൊത്തെഴും വിപ്രമുഖ്യരെ. 33

സ്വയം ബ്രഹ്മത്വമങ്ങേറ്റുകൊണ്ടാൻ സത്യവതീസുതൻ
ധനഞ്ജയാന്വയൻ പൂണ്ടു സുസാമ സമാഗത്വവും 34

ബ്രഹ്മഷ്ഠനാം യാജ്ഞവല്ക്യനദ്ധ്വര്യുസ്ഥാനമേറ്റുതേ
വസുപുത്രൻ പൈലമുനി ഹോതാവായ് ധൗമ്യനൊത്തുതാൻ. 35

ഇവർക്കുള്ളാത്മജന്മാരും ശിഷ്യരും ഭരതർഷഭ!
ഹോത്രഗന്മാരായി വേദവേദാംഗപരരേവരും. 36

അവർ പുണ്യാഹമോതീട്ടു സങ്കല്പം ചെയ്തശേഷമേ
ശാസ്ത്രപ്രകാരമാ യാഗശാലാപൂജ നടത്തിനാർ. 37

കല്പനപ്പടി തീർത്താരങ്ങാലയാവലി ശില്പികൾ
വിശാലമായ് ഗന്ധമേന്തി വാനോർനിലയഭംഗിയിൽ. 38

ധർമ്മരാജൻ ക്ഷണിച്ചീടാനായിട്ടാ രാജസത്തമൻ
മന്തിയാം സഹദേവന്നു പിന്നെക്കല്പന നല്കിനാൻ: 39

“ക്ഷണമെത്തും ദൂതരേ വിട്ടിടണം നീ ക്ഷണിക്കുവാൻ"
രാജാവിൻ വാക്കു കേട്ടിട്ടങ്ങവൻ വിട്ടിതു ദൂതരെ. 40

സഹദേവൻ പറഞ്ഞു

ക്ഷണിപ്പിൻ നാടുതോറും പോയ് വിപ്രരെബ്‌ഭൂപരേയുമേ
വൈശ്യരേയും മാന്യരായ ശുദ്രരേയും വരുത്തുവിൻ. 41

വൈശമ്പായനൻ പറഞ്ഞു

ആജ്ഞപ്തരായ ദൂതന്മാർ പാണ്ഡുപുത്രന്റെ ശാസനാൽ
ക്ഷണിച്ചൂ പലരേ മറ്റുപലരെക്കൊണ്ടുവന്നുതേ 42

വേറേ ചിലരേയും കൂട്ടായ്‌ക്കൂട്ടിശ്ശീഘ്രം ഗമിച്ചഹോ!
അഥ കൗന്തയനാം ധർമ്മസുതനേ വിധിയാംവിധം 43 43

[ 826 ]

രാജസൂയത്തിനായിട്ടു ദീക്ഷിപ്പിച്ചു ദ്വിജോമർ.
ധർമ്മശീലൻ ദീക്ഷയാണ്ടു ധർമ്മപുത്രൻ യുധിഷ്ഠിരൻ 44

യജ്ഞശാലയ്ക്കകംപുക്കു ഭൂരിഭൂസുരരോടുമേ,
ഭൂമതൃജ്ഞാതിഗണത്തോടും മിത്രമന്ത്രികളോടുമേ; 45

നാനാദേശാൽ വന്നുചേർന്ന നൃപക്ഷത്രിയരോടുമേ
അമാത്യരോടുമൊത്തംഗമാണ്ട ധർമ്മംകണക്കിനെ. 46

ഓരോ ദിക്കിങ്കൽനിന്നെത്തിയാരണന്മാർ മുറയ്ക്കുടൻ
സർവ്വവിദ്യാവിദഗ്ദന്മാർ വേദവേദാംഗവേദികൾ. 47

ധർമ്മപുത്രാഞ്ജയാൽ തീർത്താരവർക്കൊക്കഗ്‌ഗൃഹങ്ങളെ
കൂട്ടർക്കെല്ലാമന്നവസ്രൂക്കൂട്ടത്തോടും യഥേഷ്ടമേ 48

സർവ്വർത്തൂഗുണമുൾക്കൊണ്ടു വെവ്വേറേതന്നെ ശില്പികൾ;
രാജസൽക്കാരവും കൈക്കൊണ്ടവയിൽപാർത്തു ഭ്രസുരർ. 49

ഓരോ നേരംപോക്കുമോതി നാട്യനൃത്തങ്ങൾ കണ്ടഹോ!
തുഷ്ടിപൂണ്ടിട്ടു വിപ്രന്മാരഷ്ടിചെയ്യുന്ന ഘോഷവും 50

വെടിചൊല്ലും ലഹളയും കേൾക്കായവിടെയെപ്പൊഴും.
വിളമ്പെടോ വിളമ്പെന്നുമണ്ണുകണ്ണുകയെന്നുമേ 51

സംഭാഷണങ്ങൾ കേൾക്കായിതവർക്കിടയിലെപ്പൊഴും
നൂറുമായിരവും പൈക്കൾ ചാരുമെത്തകളങ്ങനെ 52

പൊന്നു പെണ്ണിവയെദ്ധർമ്മഭ്രവു വെവ്വേറെ നല്കിനാൻ.
ഏവം നടന്നിതു പരം ഭ്രവിലന്നേകവീരനായ് 53

മാന്യൻ പാണ്ഡവനാ വിണ്ണിലിന്ദ്രന്നെന്നവിധം ക്രതു,
യുധിഷ്ഠരനൃപൻ ചൊല്ലിവിട്ടൂ നകുലനെത്തദാ 54

ഹസ്തിനാപുരിയിൽ പാർക്കും ഭീഷ്മർക്കും നരപുംഗവൻ
ദ്രോണർക്കും ധൃതരാഷ്ട്രന്നും വിദുരന്നും കൃപന്നുമേ 55

യുധിഷ്ഠിരങ്കൽ കൂറാണ്ട സർവ്വഭ്രാതൃജനത്തിനും.

34.നിമന്തിതരാജാഗമനം[തിരുത്തുക]

ഹസ്തപുരിയിൽനിന്ന് ഭീഷ്മദ്രോണാദികളും ദുര്യോധനദുശ്ശാസനാദികളും രാജസൂയത്തിനു വന്നുചേരുന്നു. എല്ലാ സൗകര്യങ്ങളുമുള്ള മന്ദിരങ്ങളിൽ യഥോചിതം ഓരോരുത്തരേയും താമസിപ്പിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

ഹസ്തനാപുരിയിൽ പൂക്കു നകുലൻ സമിതിഞ്ജയൻ
ക്ഷണിച്ചൂ ഭീഷ്മരേയുംതാൻ ധൃതരാഷ്ട്രരേയും തദാ. 1
മാനിച്ചവൻ ക്ഷണിച്ചുള്ളോരാചാര്യൻ മുതൽപേർകളും
നന്ദ്യാചെന്നാർ മഖത്തിന്നായ് സ്വൈരം ബ്രഹ്മപുരസ്സരം. 2

ധർമ്മപുത്രന്റെയാ യജ്ഞം കേട്ടു യജ്ഞവിശാരദർ

[ 827 ]

അസംഖ്യം മറ്റുപലരും തുഷ്ടരായിട്ടു ഭാരത! 3

സഭയേയും ധർമ്മപുത്രൻതന്നെയും കണ്ടുകൊള്ളുവാൻ
നാനാദിക്കിങ്കൽനിന്നെത്തിക്കൂടീ മന്നവർ മന്നവ! 4

വിലപേറും രത്നജാലം കൈക്കൊണ്ടുംകൊണ്ടും സാദരം
ധൃതരാഷ്ട്രൻ ഭീഷ്മർ ധീമാൻ വിദുരൻതാനുമങ്ങനെ, 5

ദുര്യോധനൻ മുൻപെഴുന്നാ ഭ്രാതാക്കളവരേവരും
ഗാന്ധരരാജൻ സുബലൻ ശക്തൻ ശകുനിയങ്ങനെ, 6

അചലൻ വൃക്ഷകൻ പിന്നെത്തേരാളി പടു കർണ്ണനും
ബലവാൻ ശല്യനും പിന്നെബ്ബലി ബാൽഹീകരാജനും, 7

സോമദത്തൻ ഭൂരിഭൂരിശ്രവസ്സു ശലനാവിധം
അശ്വത്ഥാമാ കൃപൻ ദ്രോണൻ സിന്ധുരാജൻ ജയദ്രഥൻ, 8

മക്കളൊത്താ യജ്ഞസേനൻ സാല്വനാം നരനായകൻ
പ്രാഗ്ജ്യോതിഷൻ നരപതി ഭഗദത്തൻ മഹാരഥൻ, 9

കടല്ക്കരയിൽ വാണിടും മ്ലേച്ഛവർഗത്തൊടൊത്തവർ
പാർവ്വതീയനൃപന്മാരവ്വണ്ണം ഭൂപൻ ബൃഹൽബലൻ, 10

പൗണ്ഡ്രകൻ വാസുദേവൻതാൻ വംഗരാജൻ കലിംഗനും
ആകർഷൻ കുന്തളൻ പിന്നെ മാളവന്മാർകളാന്ധ്രർകൾ 11

ദ്രാവിഡന്മാർ സിംഹളന്മാർ കാശ്മീരകനരേന്ദ്രനും
കുന്തിഭോജൻ മഹാവീരൻ പാർത്ഥിവൻ ഗൗരവാഹനൻ, 12

ശൂരരായോരു ബാൽഹീകരാജാക്കന്മാർകളേവരും
മക്കളൊത്താ മത്സ്യരാജൻ മാവേല്ലൻ ബഹുശക്തിമാൻ, 13

രാജാക്കൾ രാജപുത്രന്മാർ നാനാനാട്ടിന്നധീശ്വരർ
ശിശുപാലൻ മഹാവീര്യൻ പുത്രനോടൊത്തു ഭാരത! 14

ഫാണ്ഡവേയന്റെ യജ്ഞത്തിന്നെത്തീ സമരദുർമ്മദൻ.
രാമനങ്ങനിരുദ്ധൻതാൻ കങ്കൻ സാരണങ്ങനെ 15
ഗദ പ്രദ്യുമ്നസാംബന്മാർ വീര്യവാൻ ചാരുദേഷ്ണനും
ഉന്മുഖൻ നിശഠൻ പിന്നെ വീരനംഗവഹാഖ്യനും 16

മഹാരഥന്മാർ മറ്റുള്ള വൃഷ്ണിവീരരുമെത്തിനാർ.
ഇവരും പലർ മറ്റുള്ള മദ്ധ്യദേശസ്ഥമന്നരും 17

പാണ്ഡുപുത്രന്റെയാ രാജസൂയയാഗത്തിനെത്തിനാർ.
അവർക്കേകി ധർമ്മപുത്രകല്പനയ്ക്കാലയങ്ങളെ 18

ബഹുബക്ഷ്യങ്ങളോടൊത്ത ദീർഗ്ഘികാവൃക്ഷഭംഗിയിൽ.
അമ്മട്ടവരെ മാനിച്ചു പൂജിച്ചൂ ധർമ്മനന്ദനൻ 19

സൽക്കാരമേറ്റാ നൃപൻമാർ സ്വസ്വവാസം കരേറിനാർ.
രമ്യദ്രവ്യങ്ങളണിയും കൈലാസശിഖരോപമം 20

ചുറ്റും കെട്ടിപ്പടുത്തുള്ളനല്ല വെണ്മതിലൊത്തഹോ!
സുവർണ്ണജാലങ്ങളുമായ് മണിത്തിണ്ണയുമായിഹ 21

[ 828 ]

നല്ല കോണിപ്പടിയുമായ് പീഠാഡംബരസുന്ദരം
പൂമാലകളണിഞ്ഞേറ്റമകിലിട്ടു പുകച്ചുമേ 22

ഹംസച ന്ദ്രപ്രകാശത്തിലകലെകണ്ടിടുംപടി
തിരക്കെന്ന്യേ സമദ്വാരത്തോടും നാനാ ഗുണത്തൊടും 23

ബഹുധാതുക്കൾ ചിതറും ഹിമാദ്രിക്കൊത്തതാ സ്ഥലം.
വിശ്രാന്തിപൂണ്ടാ നൃപന്മാർ കണ്ടാരേറ്റമുദാരനായ് 24

നാനാ സദസ്യരോടൊന്നിച്ചരുളും ധർമ്മപുത്രനെ
ആസ്സദസ്സാ ഭൂമിപാലബ്രാഹ്മമർഷിവിമിശ്രമായ് 25

ശോഭിച്ചൂ വാനവരെഴും സ്വർഗ്ഗലോകംകണക്കിനെ.

35.യജ്ഞകരണം[തിരുത്തുക]

ഭീഷ്മദ്രോണാദികളേയും ദുർയ്യോധനദുശ്ശാസനാദികളേയും യജ്ഞസംബന്ധമായ ഓരോ ചുമതല ധർമ്മപുത്രൻ ഏല്പിച്ചുകൊടുക്കുന്നു. എല്ലാവർക്കും സംതൃപ്തിവരുമാറു് രാജസൂയം മംഗളമായി പർയ്യവസാനിക്കുന്നു.വൈശമ്പായനൻ പരഞ്ഞു

പിതാമഹാചാര്യർകളെയെതിരേറ്റു യുധിഷ്ഠരൻ
അഭിവാദ്യംചെയ്തു പിന്നെച്ചൊന്നാനിങ്ങനെ മന്നവ 1

ഭീഷ്മദ്രോണകൃപദ്രൗണിധാർത്തരാഷ്ട്രരൊടാദരാൽ:
“അനുഗ്രഹം തന്നിടുവിനീ യജ്ഞത്തിന്നെനിക്കിഹ 2

എനിക്കുള്ളീ മഹാവിത്തചയം നിങ്ങളുടേതുതാൻ;
എന്നെ വേണ്ടവിധം നിങ്ങൾതന്നേ കൊണ്ടുനടത്തുവിൻ.” 3

എന്നേവമവരോടോതിദ്ദീക്ഷിതൻ പാണ്ഡവാഗ്രജൻ
ഓരോരുത്തർക്കു ചേരുന്നോരധികാരങ്ങൾ നല്കിനാൻ: 4

ഭക്ഷ്യഭോജ്യാധികാരത്തിൽ ദുശ്ശാസനെയാക്കിനാൻ
വിപ്രസ്വീകാരമേറ്റീടാനശ്വത്ഥാമാവൊടോതിനാൻ. 5

രാജാക്കളെ പ്രീതരാക്കാനാക്കീ സഞ്ജയനെത്തദാ
ഭീഷ്മദ്രോണന്മാരെയാക്കീ തെറ്റുവീഴ്ചകൾ നോക്കുവാൻ. 6

മാറ്റേറിടും പൊന്മണികൾ പരിശോധിച്ചറിഞ്ഞുടൻ
ദക്ഷിണയ്ക്കു കൊടുപ്പിക്കാൻ കൃപാചാര്യനെയാക്കിനാൻ; 7

ഏവം മറ്റു നരവ്യാഘ്രന്മാരെയോരോന്നിനാക്കിനാൻ.
ബാൽഹീകൻ ധൃതരാഷ്ട്രൻതാൻ സോമദത്തൻ ജയദ്രഥൻ 8

നകുലാനീതരിവരോ സ്വാമിമട്ടിൽ സുഖിച്ചുതേ.
വ്യയാധികാരിയായ് നിന്നൂ വിദുരൻ ധർമ്മവിത്തമൻ 9

തിരുമുല്ക്കാഴ്ചയൊക്കേയുമേറ്റുവാങ്ങീ സുയോധനൻ.
വിപ്രരെക്കാലു കഴുകിച്ചീടാൻ താൻ നിന്നു മാധവൻ 10

[ 829 ]

വിശ്വത്തിങ്കൽ തിരിഞ്ഞുള്ളോൻ സൽഫലപ്രീതിയേല്പവൻ.
സഭയും ധർമ്മജനെയും കാണുവാൻ വന്നുചേർന്നവർ 11

ആയിരത്തിൽ കുറഞ്ഞാരും കാഴ്ചവെച്ചവരില്ലിഹ.
അനേകരത്നജാലത്താൽ വർദ്ധിപ്പിച്ചിതു പാർത്ഥനെ 12

"ഞാൻ കൊടുക്കും ധനംകൊണ്ടു യജ്ഞം സമ്പൂർണ്ണമാക്കണം
ധർമ്മഭൂ"വെന്നു ഭൂപന്മാർ തിരക്കിദ്ധനമേകിനാർ. 13

ജലവും ബലവും ചേർന്നു വിലസും മണിമേടകൾ
നാട്ടാർ നരേന്ദ്രഗേഹങ്ങളന്തണേന്ദ്രാലയങ്ങളും, 14

ദിവ്യലോകവിമാനശ്രീയൊത്തു തീർത്ത ഗൃഹങ്ങളും
വിചിത്രരത്നസമ്പത്തു വിലസിത്തെളിയുംവിധം, 15

ചെന്നുചേർന്ന നരേന്ദ്രന്മാർക്കാർന്ന ലക്ഷ്മിയുമൊത്തഹോ!
ശോഭിച്ചൂ ധർമ്മപുത്രന്റെ സദസ്സേറ്റം ധരാപതേ! 16

ഋദ്ധികൊണ്ടാ വരുണനായ് സ്പർദ്ധിച്ചീടും യുധിഷ്ഠിരൻ
യജിച്ചൂ ദക്ഷിണായുക്തഷഡഗ്നിമഖമങ്ങനെ ; 17

സർവരേയും സർവ്വകാമസമ്പത്താൽ തൃപ്തരാക്കിനാൻ.
ചോറും നാനാ ഭക്ഷ്യവുമായ് ഭക്ഷിച്ച ജനമൊത്തഹോ! 18

രത്നോപഹാരസമ്പൂർണ്ണമായിതാസ്സാധുസംഗമം.
ഇഡാജ്യഹോമാഹുതികൾ മന്ത്രശിക്ഷാവിശാരദർ 19

മുനീന്ദ്രർ ചെയ്താ യജ്ഞത്തിൽ തൃപ്തരായ്ത്തീർന്നു ദേവകൾ.
സുരർമട്ടിൽ ഭൂസുരന്മാർ ദക്ഷിണാന്നധനങ്ങളാൽ 20

തൃപ്തരായ്‌വന്നിതാ യജ്ഞേ നന്ദിച്ചൂ സർവ്വജാതിയും.