പ്രപഞ്ചവും മനുഷ്യനും/സ്വപ്ന സൂഷുപ്തികൾ
[ 269 ]
26
[തിരുത്തുക]സ്വപ്നസുഷുപ്തികൾ
[തിരുത്തുക]ദിവസംപ്രതി, സ്വപ്നങ്ങളുടെ അകമ്പടിയോടെയും അല്ലാതെയും, നമ്മെ ആശ്ളേഷിക്കുന്ന ഉറക്കം, ശാരീരികമായ നവോന്മേഷവും ഉണർവും പകർന്നു തരുന്നു. ഒരു യന്ത്രത്തെപ്പോലെ നിരന്തരം ഒരുപോലെ പ്രവർത്തിക്കാൻ ജീവശരീരത്തിന് കഴിയുന്നില്ല. അതിന് വിശ്രമം ആവശ്യമാണ്. വിശ്രമം ഏറ്റവും ആവശ്യമായിട്ടുള്ളത് ശരീരത്തിലെ ഏറ്റവും ഊർജസ്വലമായ ഭാഗങ്ങൾക്കാണ്. ജൈവപ്രവർത്തനത്തിൽ ഏറ്റവും മുന്നിട്ടു നില്ക്കുന്നത് കേന്ദ്രനാഡീവ്യൂഹത്തിലെ നാഡീകോശങ്ങളാണ്. അതീവ സൂക്ഷ്മങ്ങളായ പ്രചോദനങ്ങളെപ്പോലും സ്വീകരിക്കാൻ തക്കവിധം ക്ഷിപ്രസംവേദികളാണ് ഈ കോശങ്ങൾ. അതുകൊണ്ടുതന്നെ ശക്തിമത്തായ ഉത്തേജനങ്ങളിൽ നിന്ന് നാഡീകോശങ്ങളെ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അതിനുവേണ്ടി നാഡീകോശങ്ങൾ പ്രയോഗിക്കുന്ന മാർഗ്ഗമാണ് നിരോധം എന്നു നേരത്തെ കണ്ടുവല്ലോ. പൂർവ്വമസ്തിഷ്കത്തിൽ സദാ ജാഗരൂകമായിരിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങളുണ്ട് - വിവിധ ബോധേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട സംജ്ഞാകേന്ദ്രങ്ങളും, ആവശ്യാനുസാരം പ്രതികരണങ്ങളുളവാക്കാൻ പറ്റിയവിധം പേശികളെ നിയന്ത്രിക്കുന്ന ചേഷ്ടാകേന്ദ്രങ്ങളും, ബാഹ്യലോകത്തുനിന്നുവരുന്ന വാർത്തകളെ വിവിധരീതിയിൽ കൂട്ടിയിണക്കുന്ന സംയോജകകേന്ദ്രങ്ങളും മറ്റും. ബാഹ്യലോകവുമായി ബന്ധപ്പെടുത്തുന്ന ഈ മസ്തിഷ്കകേന്ദ്രങ്ങളുടെ പ്രവർത്തനം മറ്റേതൊരു അവയവത്തെ അപേക്ഷിച്ചും സങ്കീർണ്ണമാണ്. ഇവയുടെ പ്രവർത്തനം ഏറെക്കാലം തുടരുന്നതിന് ഇടയ്ക്കിടെ വിശ്രമം ആവശ്യമാണ്. ഈ ആവശ്യത്തെ മുൻനിർത്തി, മസ്തിഷ്കത്തിലെ പ്രസ്തുത കേന്ദ്രങ്ങളിലെ നാഡീകോശങ്ങളിൽ സംജാതമാകുന്ന നിരോധപ്രക്രിയയുടെ അനന്തരഫലമാണ് നിദ്ര.
ഏറ്റവും ഊർജസ്വലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രനാഡീവ്യൂഹത്തിലെ കോശങ്ങൾ പൊതുവെ ലോലങ്ങളാണ്. ശരീരത്തിലെ മറ്റു പല കോശസമൂഹങ്ങൾക്കും ഊർജദായക പദാർത്ഥങ്ങൾ എളുപ്പത്തിൽ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ മസ്തിഷ്കകോശങ്ങൾക്ക് ആ സാധ്യത വളരെ വിരളമാണ്. അതേ സമയം നാഡീകോശങ്ങളുടെ ചയാപചയ പ്രക്രിയ മറ്റു കോശങ്ങളെക്കാൾ വളരെ കൂടുതലാകയാൽ, മറ്റുള്ളവ ഉപയോഗിക്കുന്നതിന്റെ അനേക മടങ്ങ് ഓക്സിജൻ ഇവയ്ക്കാവശ്യമായി വരുന്നു. ഊർജോല്പാദനത്തിന് അനിവാര്യമായ ഗ്ളൂക്കോസിന്റെ കാര്യവും ഇതുപോലെതന്നെയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി വളരെയേറെ ശാഖോപശാഖകളുള്ള ഒരു രക്തപര്യയനവ്യവസ്ഥയാണ് മസ്തിഷ്കത്തിൽ നിലനില്ക്കു [ 270 ] ന്നത്. 110 കിലോമീറ്റർ നീളമുള്ള മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ ഓരോ മിനിറ്റിലും ഒരു ലിറ്റർ രക്തം പകർന്നുകൊണ്ടിരിക്കുന്നു ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലേക്കും പോകുന്ന രക്തക്കുഴലുകളിൽ സഞ്ചരിക്കുന്ന രക്തത്തിന്റെ 150 ഇരട്ടി വേഗത്തിലാണ് തലച്ചോറിനുള്ളിലേയ്ക്കുള്ള രക്തം സഞ്ചരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും തുടർച്ചയായുള്ള പ്രവർത്തനംമൂലം ആദ്യം ക്ഷണിക്കുന്നത് നാഡീവ്യൂഹമാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് വിശ്രമം അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാണല്ലോ.
സുഷുപ്തി
[തിരുത്തുക]ഉത്തേജനത്തെയും നിരോധത്തെയും കുറിച്ച് പറഞ്ഞപ്പോൾ, നാഡീകോശങ്ങൾ സ്വയം സംരക്ഷണത്തിനുവേണ്ടി നിരോധം ഏർപ്പെടുത്താറുള്ളതിനെക്കുറിച്ച് വിവരിക്കുകയുണ്ടായി. ഏതെങ്കിലും ഒരേ രീതിയിലുള്ള ഉത്തേജനം അധികരിക്കുമ്പോൾ; പ്രസ്തുത കോശങ്ങൾക്ക് പ്രവർത്തനം തുടർന്നുകൊണ്ടുപോകാൻ പറ്റാത്ത അവസ്ഥ സംജാതമാകാനിടയുള്ളതുകൊണ്ടാണ് നിരോധം സംഭവിക്കുന്നത്. ഇങ്ങനെ തുടർച്ചയായ ഉത്തേജനത്തിന് കാരണമായ വിഷയത്തോട് നമുക്ക് വിമുഖത തോന്നുന്നു. ആവർത്തന പ്രധാനമായ പല പ്രവൃത്തികളോടും മടുപ്പു തോന്നാൻ കാരണമിതാണ്. ഒരേരീതിയിലുള്ള താളലയത്തോടുകൂടിയ സംഗീതം ഇതിനൊരുദാഹരണമാണ്. ശ്രവണേന്ദ്രിയ കേന്ദ്രത്തിൽ ഒരേ വിധത്തിലുള്ള ശബ്ദവീചികൾ പതിക്കുമ്പോൾ ഒരേ മസ്തിഷ്ക കോശങ്ങൾ തന്നെ വീണ്ടും ഉത്തേജിക്കപ്പെടും. അതു ക്രമത്തിൽ, ആ കോശങ്ങളുടെ പ്രതിരോധപരമായ നിരോധത്തിനിടയാക്കും. മസ്തിഷത്തിലെ ഒരു വിഭാഗം കോശങ്ങളിൽ രൂപംകൊണ്ട ഇത്തരം നിരോധം പലപ്പോഴും ഇതരഭാഗങ്ങളിലേയ്ക്ക് വ്യാപിക്കാനിടയാവുന്നു. അതു മസ്തിഷ്കത്തിലെ എല്ലാ ഉപരികേന്ദ്രങ്ങളെയും നിരോധത്തിന് പാത്രീഭൂതമാക്കുന്നു. ഈ വ്യാപകമായ നിരോധിതാവസ്ഥയെ ഉറക്കമെന്നു നാം വിളിക്കുന്നു. മടുപ്പുളവാകുന്ന പല വിഷയങ്ങളും ഉറക്കത്തെ വിളിച്ചു വരുത്തുന്നതിങ്ങനെയാണ്.
ഉണർന്നിരിക്കുമ്പോൾ തന്നെ വിവിധ മസ്തിഷ്കപ്രവർത്തനങ്ങളെ ക്രമീകരിക്കുന്നതിനുവേണ്ടി മസ്തിഷ്കകോശങ്ങളിൽ ഉത്തേജനവും നിരോധവും നടക്കുന്നുണ്ട്. പക്ഷേ, ഇവിടെയൊക്കെ നിരോധം ഏതാനും മസ്തിഷ്കകോശങ്ങളിൽ മാത്രമാണു നടക്കുന്നത്. എന്നാൽ കേന്ദ്ര നാഡീവ്യൂഹത്തിന്റെ തന്നെ നിരോധമാണ് ഉറക്കം. ഈ വ്യാപകമായ നിരോധം ഉടലെടുക്കുന്നത് പടിപടിയായിട്ടാണ്. ഓരോ ശരീരഭാഗങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കകേന്ദ്രങ്ങൾ ഒന്നൊന്നായി നിരോധിക്കപെടുകയും അവസാനം ഈ നിരോധപ്രക്രിയ, പൂർവ്വമസ്തിഷ്കത്തിലെ എല്ലാ ഉപരികേന്ദ്രങ്ങളെയും നിരോധിച്ചു കഴിഞ്ഞ് അധോകേന്ദ്രങ്ങളെ കൂടി ബാധിക്കുകയും ചെയ്യുമ്പോഴാണ് സുഷുപ്തിയിലെത്തുന്നത്. [ 271 ] നാഡീകോശങ്ങളുടെ നിരോധം പരിപൂർണ്ണ നിഷ്ക്രിയത്വത്തെയല്ല സൂചിപ്പിക്കുന്നത് നിരോധനപ്രക്രിയതന്നെ സങ്കീർണ്ണമായ ഒരു പ്രവർത്തനമാണ്. തന്മൂലം, സുഷുപ്തിയിൽ പേശികളും മറ്റും വിശ്രമിക്കുന്നില്ല. മാത്രമല്ല, മസ്തിഷ്ക കേന്ദ്രത്തിൽ സജീവമായ ഒരു പുനഃക്രമീകരണമാണ് ഈ സമയത്തു നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട്, നിദ്രയിൽ ബാഹ്യലോകവുമായുള്ള ബന്ധങ്ങൾ വേർപെടുത്തപ്പെടുന്നുണ്ടെങ്കിലും, ആന്തരിക പ്രവർത്തനങ്ങൾ നിരന്തരം നടന്നു കൊണ്ടിരിക്കുന്നുണ്ട്.
ശാരീരിക പ്രവർത്തനങ്ങൾ
[തിരുത്തുക]ഈ ഘട്ടത്തിൽ പ്രകടമാവുന്ന ശാരീരിക പ്രവർത്തനങ്ങളെന്തെല്ലാമാണെന്ന് നോക്കാം. സാധാരണഗതിയിൽ വ്യക്തമായ പ്രതികരണങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പ്രചോദനങ്ങളൊന്നുംതന്നെ ബോധേന്ദ്രിയങ്ങൾ സ്വീകരിക്കുന്നില്ല. തക്കതായ പ്രതികരണങ്ങളുളവാകുന്നുമില്ല. ഏതാണ്ട് എല്ലാ പേശികളും ചേഷ്ടാനാഡികളുടെ നിയന്ത്രണത്തിൽനിന്ന് മുക്തമാകുന്നതുനിമിത്തം അയഞ്ഞുപോകുന്നു. കഴുത്തിലെ മാംസപേശികളിലാണിതാരംഭിക്കുന്നത്. അതുകൊണ്ടാണ് ഉറക്കത്തിന്റെ പ്രഥമ ലക്ഷണം തലയാട്ടലായി പരിണമിച്ചിട്ടുള്ളത്. ക്രമത്തിൽ ഏതാനും ചിലവയൊഴിച്ച് എല്ലാ പേശികളും ഇതുപോലെ അയഞ്ഞതായി തീരുന്നു. കൺപോളകളെ ബന്ധിപ്പിച്ചുനിർത്തുന്ന മാംസപേശികളുടേയും മറ്റും സ്ഥിതി നേരെ വിപരീതമാണെന്നു മാത്രം.
ഹ്യദയസ്പന്ദനം മന്ദീഭവിക്കുന്നു. രക്തമർദ്ദം താഴുന്നു. തലച്ചോറിലേയും മറ്റും രക്തപ്രവാഹം സാവധാനത്തിലാകുന്നു. ചർമ്മത്തിലെ രക്തക്കുഴലുകൾ വികസിക്കുകയും അവയിലെ രക്തത്തിൻറ തോത് വർദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ത്വക്ക് ചൂടുള്ളതായി തോന്നുന്നു. എങ്കിലും ശരീരോഷ്മാവ് പൊതുവെ താണിരിക്കും. ശ്വാസോച്ഛ്വാസം പതുക്കെയും ആഴത്തിലുമായിത്തീരുന്നു. അണ്ണാക്കിന്റെ പിന്നിലത്തെ മാംസപേശികൾ അയയുന്നതു നിമിത്തം അതോടു തൊട്ടു സ്ഥിതി ചെയ്യുന്ന കുറുനാവ് ശ്വാസോച്ഛ്വാസങ്ങൾക്കിടയ്ക്കു കമ്പനം ചെയ്യാനിടയാവുന്നു. തന്മൂലമൂണ്ടാകുന്ന ശബ്ദത്തെയാണ് 'കൂർക്കംവലി' എന്നു വിളിക്കുന്നത്. പല ഗ്രന്ഥികളുടെയും പ്രവർത്തനം മന്ദീഭവിക്കുന്നു. കണ്ണുനീർഗ്രന്ഥി ഉറക്കസമയത്ത് സാധാരണഗതിയിൽ പ്രവർത്തിക്കാത്തതു നിമിത്തം കണ്ണുകൾ വരണ്ടുപോകുന്നു. അതുകൊണ്ടാണ് ഉറക്കം കഴിഞ്ഞുണരുമ്പോൾ കണ്ണുതുറക്കാൻ ബുദ്ധിമുട്ടു തോന്നുന്നത്. അതേസമയം വിയർപ്പുഗ്രന്ഥികളും മറ്റും കൂടുതൽ പ്രവർത്തിക്കുന്നു. ഇതെല്ലാം കാണിക്കുന്നത്, കേന്ദ്രനാഡീവ്യൂഹത്തിലുണ്ടാകുന്ന പരിവർത്തനങ്ങൾ ശരീരത്തിന്റെ ഇതരഭാഗങ്ങളിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു എന്നാണ്. [ 272 ] ==== ഹിപ്നോസിസ് ====
മസ്തിഷ്കകോശങ്ങളുടെ പൂർണ്ണനിരോധം സംജാതമാകുമ്പോൾ മാത്രമേ ഗാഢനിദ്രയാകുന്നുള്ളു. എന്നാൽ പലപ്പോഴും ഈ അവസ്ഥയിലെത്താറില്ല നമ്മുടെ ഉറക്കം. മസ്തിഷ്കത്തിലെ ചില കേന്ദ്രങ്ങളിൽ നിരോധം നടപ്പിലാവുമ്പോൾ മറ്റു ചില കേന്ദ്രങ്ങൾ ജാഗരൂകമായിത്തന്നെ ഇരിക്കുന്നു. ഇങ്ങനെയുള്ള ഭാഗികമായ ഉറക്കത്തെയാണു ഹിപ്നോസിസ് എന്നുവിളിക്കുന്നത്. ഈ ഭാഗികമായ ഉറക്കത്തിൽ സന്ദർഭത്തിനനുസരിച്ച് വ്യത്യസ്ത കേന്ദ്രങ്ങൾ ഉണർന്നിരിക്കുന്നു. ഉദാഹരണത്തിന് കൊച്ചുകുട്ടിയോടടുത്തുറങ്ങുന്ന മാതാവ് ആ കുട്ടിയിൽനിന്നു പുറപ്പെടുന്ന നേരിയ ഒരു ശബ്ദംകൊണ്ടുതന്നെ ഉണരാനിടയാവുന്നു. അതേസമയം ഉച്ചത്തിലുള്ള മറ്റു പല ശബ്ദങ്ങളും ആ മാതാവിന്റെ നിദ്രക്കു ഭംഗം വരുത്തുന്നില്ല.
പല അവസരത്തിലും നമുക്കനുഭവമാകുന്ന ഇത്തരം ഭാഗികമായ നിദ്രയെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ഹിപ്നോട്ടിസ്റ്റുകൾ ചെയ്യുന്നത്. ഇവിടെ നിദ്രയ്ക്കു വിധേയനായ വ്യക്തിയും ഹിപ്നോട്ടിസ്റ്റും തമ്മിൽ ബന്ധം സ്ഥാപിക്കാനുതകുന്ന മസ്തിഷ്ക കേന്ദ്രങ്ങൾ മാത്രമേ ഉണർന്നിരിക്കുകയുള്ളു. മറ്റെല്ലാ കേന്ദ്രങ്ങളുംതന്നെ നിരോധിക്കപ്പെടുന്നു. ഹിപ്നോട്ടിസ്റ്റ്, പരീക്ഷണ വിധേയനാകുന്ന വ്യക്തിയെ നിദ്രാധീനനാക്കുന്നത് എന്തെങ്കിലും മായാവിദ്യ ഉപയോഗിച്ചിട്ടില്ല. ആവർത്തിച്ചാവർത്തിച്ചു പ്രയോഗിക്കപ്പെടുന്ന പ്രചോദനങ്ങൾ ഉറക്കത്തെ മാടിവിളിക്കാൻ പര്യാപ്തമാണെന്നു മുകളിൽ വ്യക്തമാക്കിയിട്ടുണ്ടല്ലോ. താരാട്ടുപാടിയും മന്ദംമന്ദം താലോലിച്ചും അമ്മമാർ കുട്ടികളെ ഉറക്കുന്നതിൽ ഉൾക്കൊണ്ടിട്ടുള്ള മൗലികതത്ത്വവും ഇതുതന്നെയാണ്. ഏതാണ്ടിതേ കൃത്യം തന്നെയാണ് ഒരു ഹിപ്നോട്ടിസ്റ്റും ചെയ്യുന്നത്.
ഉണർന്നിരിക്കുന്ന അവസ്ഥയിൽനിന്നു മസ്തിഷ്ക കോശങ്ങൾ ഹിപ്നോട്ടിക് ഘട്ടത്തിലെത്തുന്നതിനിടയ്ക്ക് അവയുടെ ചോദപ്രതികരണപ്രവർത്തനങ്ങളിൽ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. സാധാരണഗതിയിലുള്ള പ്രവർത്തനത്തിൽനിന്നു തികച്ചും വിരുദ്ധമായ സ്വഭാവങ്ങൾ കാണിക്കുന്ന രണ്ടവസ്ഥകൾ ഇത്തരം സന്ദർഭങ്ങളിൽ സംജാതമാവാറുണ്ട്. വളരെ ലോലമായ പ്രചോദനം ശക്തിയായ പ്രതികരണത്തെ ഉളവാക്കുന്നു. അതേസമയം ശക്തിയായ പ്രചോദനം നേർത്ത പ്രതികരണത്തെയും സൃഷ്ടിക്കുന്നു. അടുത്ത ഘട്ടത്തിൽ, സാധാരണഗതിയിൽ പ്രതികരണത്തെ ഉളവാക്കുന്ന ഒരു പ്രചോദനം മസ്തിഷ്ക കോശങ്ങളിൽ നിരോധത്തെയാണ് സംജാതമാക്കുന്നത്. അതേ സമയം നിരോധത്തെ സൃഷ്ടിക്കേണ്ട പ്രചോദനം ഉത്തേജനത്തെയാണ് ഉളവാക്കുന്നത്. പിന്നീട് ക്രമത്തിൽ എല്ലാതരത്തിലുള്ള പ്രചോദനങ്ങളോടും പ്രതികരണങ്ങൾ ഉളവാക്കാത്ത അവസ്ഥയിലെത്തിച്ചേരുന്നു.
ഹിപ്നോട്ടിക് നിദ്രയ്ക്കു വിധേയനാകുന്ന വ്യക്തിയോട് ഹിപ്നോട്ടിസ്റ്റ് നിർദ്ദേശിക്കുന്ന ഏതു പരസ്പരവിരുദ്ധമായ സംഗതിയും അയാൾ അംഗീകരിക്കുന്നു. അതിനനുസരിച്ചുള്ള പ്രതികരണമുളവാക്കുകയും ചെയ്യുന്നു. ഇതിനു [ 273 ] പല കാരണങ്ങളുമുണ്ട്. നമ്മുടെ എല്ലാതരത്തിലുമുള്ള പ്രതികരണങ്ങളോടും ഭാഷയ്ക്ക്, വാക്കുകൾക്ക് ഉള്ള പ്രാധാന്യം മുന്നൊരദ്ധ്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഏതാനും പദങ്ങൾ നാം ശ്രവിക്കാനിടയാകുമ്പോൾതന്നെ സാധാരണഗതിയിൽ അതോടു ബന്ധപ്പെട്ട എല്ലാ ആശയങ്ങളും മസ്തിഷ്കത്തിൽ അണിനിരക്കുകയും അവയുമായി വിശ്ലേഷണവും സംശ്ലേഷണവുമെല്ലാം നടത്തുകയും ചെയ്യുന്നു. തൽഫലമായി ആ ആശയത്തെ ത്യാജ്യഗ്രാഹ്യവിവേചനം നടത്തി തള്ളാനോ കൊള്ളാനോ നമുക്കു കഴിയുന്നു. എന്നാൽ ഹിപ്‍നോട്ടിക്നിദ്രയിൽ കഴിയുന്ന ഒരാളുടെ മസ്തിഷ്കത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാംതന്നെ നിരോധിതാവസ്ഥയിലാക്കുന്നതിനാൽ ഇത്തരത്തിലുള്ള വിശകലനം നടത്താൻ കഴിയുന്നില്ല. ഹിപ്നോട്ടിസ്റ്റുമായി ബന്ധം പുലർത്തുന്നതും ഉണർന്നിരിക്കുന്നതുമായ ശ്രവണകേന്ദ്രത്തിൽ വന്നുപതിക്കുന്ന ആശയങ്ങളെ എതിരിടാൻ തക്കവണ്ണം പൂർവ്വകാലാനുഭവങ്ങളൊന്നുംതന്നെ ഉത്തേജിപ്പിക്കപ്പെടുന്നില്ല. മസ്തിഷ്കത്തിന്റെ ഇതരഭാഗങ്ങളെല്ലാംതന്നെ പണിമുടക്കിലേർപ്പെട്ടിരിക്കുന്നതിനാൽ ഉണർന്നിരിക്കുന്ന കേന്ദ്രത്തിൽ വന്നു പതിക്കുന്ന പ്രചോദനങ്ങളെല്ലാംതന്നെ ചോദ്യം ചെയ്യാതെ അംഗീകരിക്കപ്പെടുകയും അതിനനുസൃതമായ പ്രതികരണങ്ങളുണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ ഹിപ്നോട്ടിക്നിദ്രയിൽ അവരോധിക്കപ്പെടുന്ന ആശയങ്ങൾക്കു പിൽക്കാലത്തും സ്വാധീനത നിലനിർത്താൻ കഴിയാറുണ്ട്. ഒരാളുടെ വ്യക്തിത്വത്തെ തന്നെ മാറ്റിമറിക്കാൻ ഹിപ്‍നോട്ടിക് പ്രത്യായനങ്ങൾക്കു കഴിയും. അതുകൊണ്ടാണ് പല രാജ്യങ്ങളിലും അംഗീകൃതശാസ്ത്രജ്ഞന്മാരല്ലാത്തവർ ഹിപ്‍നോട്ടിക് പ്രകടനങ്ങൾ നടത്തുന്നതിനെ നിരോധിച്ചിട്ടുള്ളത്.
സ്വപ്നങ്ങൾ
[തിരുത്തുക]ഇനി നമുക്ക് സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കാം. ഉറക്കവും സ്വപ്നവും സന്തതസഹചാരികളാണെന്നാണ് പൊതുധാരണ. എന്നാൽ ഗാഢനിദ്രയിൽ, സുഷുപ്തിയിൽ സ്വപ്നങ്ങളുണ്ടാകാറില്ലെന്നത് ഒരു വസ്തുതയാണ്. സുഷുപ്തിയിൽ മസ്തിഷ്കത്തിലെ ഉപരി കേന്ദ്രങ്ങളും അധോകേന്ദ്രങ്ങളുമെല്ലാം നിരോധിക്കപ്പെടുന്നതിനാൽ, സാധാരണ ഗതിയിലുള്ള മാനസിക പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. എന്നാൽ നിദ്ര അത്രതന്നെ ഗാഢമല്ലാത്ത അവസ്ഥയിൽ മസ്തിഷ്കത്തിലെ പല ഭാഗങ്ങളും പ്രവർത്തനോന്മുഖമായിരിക്കും. ഈ അവസ്ഥയിൽ എല്ലാ മസ്തിഷ്ക കേന്ദ്രങ്ങളും പരസ്പരബദ്ധമായി പ്രവർത്തിക്കാത്തതുനിമിത്തം രൂപം കൊള്ളുന്നതെല്ലാം ശിഥിലചിത്രങ്ങളായിരിക്കും. അവയാണ് സ്വപ്നങ്ങൾക്കടിസ്ഥാനം.
സ്വപ്നങ്ങൾ ഉടലെടുക്കുന്നതിനു പല കാരണങ്ങളുണ്ട്. ബാഹ്യവും ആന്തരികവും ആശയപരവുമായ കാരണങ്ങളാണവ.
ഭാഗികമായ നിദ്രയിൽ മസ്തിഷ്കത്തിൽ സംജാതമാകുന്ന നിരോധം ഭാഗികമാണ്. ഈ സന്ദർഭത്തിൽ ബാഹ്യലോകത്തിൽനിന്നും പലതരത്തിലുള്ള പ്രചോദനങ്ങൾ മസ്തിഷ്കത്തിൽ എത്തിച്ചേരാനിടയുണ്ട്. പ്രകാ [ 274 ] ശരശ്മികൾ, ശബ്ദകമ്പനങ്ങൾ, താപപ്രസരണങ്ങൾ, ഇളംകാറ്റ് തുടങ്ങി പല തരത്തിലുള്ള പ്രചോദനങ്ങൾ ഇന്ദ്രിയങ്ങൾ വഴി മസ്തിഷ്കത്തിലെത്തുന്നു. തന്മൂലം മസ്തിഷ്കത്തിലെ നിരോധിക്കപ്പെട്ടിട്ടില്ലാത്ത കേന്ദ്രങ്ങളിൽ ഈ പ്രചോദനങ്ങൾക്കനുസരിച്ചുള്ള പ്രതിസ്പന്ദനങ്ങൾ രൂപംകൊള്ളുന്നു. എന്നാൽ, ഒട്ടേറെ മസ്തിഷ്ക കേന്ദ്രങ്ങൾ പരസ്പരബദ്ധമായി പ്രവർത്തിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന വിശ്ലേഷകവ്യവസ്ഥ നിദ്രയിൽ ശിഥിലമായിപ്പോകുന്നു. അതിനാൽ ഈ ഘട്ടത്തിൽ ഉളവാകുന്ന പ്രചോദനങ്ങൾ യുക്തിസഹമായ മസ്തിഷ്കപ്രതിബിംബങ്ങൾ രൂപീകരിക്കുന്നതിൽ പരാജയപ്പെടുന്നു. മറിച്ച്, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തവിധം പലതരത്തിലുള്ള പൂർവ്വകാലചിത്രങ്ങൾ അണിനിരക്കുന്നു. യുക്തിപരമായ വിശകലനം നടക്കാത്തതു നിമിത്തം ഈ ചിത്രങ്ങൾക്കു നിയതമായ കെട്ടുറപ്പുണ്ടാവില്ലെന്നു മാത്രം.
ഉണർന്നിരിക്കുമ്പോൾ തന്നെ പലതരത്തിലുള്ള പ്രചോദനങ്ങൾ നിനച്ചിരിക്കാത്ത പല പൂർവ്വകാലസ്മരണകളെയും ഉണർത്തിവിടുക സാധാരണമാണല്ലോ. പലപ്പോഴും വ്യക്തമായ പ്രതിബിംബങ്ങളെന്നവിധം അവ മാനസികതലത്തിൽ തെളിഞ്ഞുവരും. അതുപോലെ പെട്ടെന്നു കേൾക്കാനിടയാവുന്ന ഒരു ശബ്ദം, അതോട് സാമ്യമുള്ളതും നമുക്കു മുൻപു പരിചയമുള്ളതുമായ പല ശബ്ദങ്ങളെയും ഉണർത്തിവിടും. ഈ പ്രതിഭാസത്തിന്റെ കുറേകൂടി ശിഥിലമായ, കെട്ടുറപ്പില്ലാത്ത മാതൃകകളാണ് സ്വപ്നത്തിൽ ദൃശ്യമാകുന്നത്.
ഹിപോനോസിസിനെക്കുറിച്ച് പറഞ്ഞപ്പോൾ ഉണർവിൽ നിന്നു നിദ്രയിലേയ്ക്കുള്ള പരിവർത്തനഘട്ടത്തിൽ മസ്തിഷ്ക കോശങ്ങളുടെ മൗലികപ്രവർത്തനത്തിൽ വരുന്ന വൈരുധ്യത്തെക്കുറിച്ചു സൂചിപ്പിച്ചുവല്ലോ. അതിവിടെയും ബാധകമാണ്. ഭാഗികമായ നിദ്രയിൽ സ്വപ്നങ്ങൾക്കു വിഷയമാകുന്ന, ലോലങ്ങളായ പ്രചോദനങ്ങൾ ശക്തിമത്തായ അനുഭവങ്ങൾ ഉളവാക്കുന്നു. അതുപോലെ മറിച്ചും. സമീപത്തുണ്ടായ ചെറിയൊരു ശബ്ദം വെടിപൊട്ടിയാലെന്നവണ്ണം ഭീകരമായ ശബ്ദമായി സ്വപ്നത്തിൽ അനുഭവപ്പെട്ടെന്നു വരും. കൊതുകിന്റെൻറ കുത്ത് കുന്തംകൊണ്ടുള്ള കുത്തായും തോന്നാം.
സ്വപ്നങ്ങൾ രൂപംകൊള്ളുന്നതിനു സഹായകമാകാവുന്ന മറ്റൊരു കാരണം ആന്തരികാവയവങ്ങളിൽ നിന്ന് വന്നുചേരുന്ന ചോദനങ്ങളാണ്. ശ്വാസോച്ഛ്വാസത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ, ഹൃദയത്തിന്റെ പ്രവർത്തനത്തിൽ വേദനയനുഭവപ്പെടൽ, കിടപ്പിലുള്ള അപാകതകൾ മുതലായവ വിവിധ തരത്തിലുള്ള സ്വപ്നങ്ങൾക്കു കാരണമാണ്.
സ്വപ്നങ്ങളുടെ രൂപവൽക്കരണത്തിന് ഉപയുക്തമാവുന്ന ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃതവസ്തുക്കൾ മസ്തിഷ്കത്തിൽ സമാഹരിക്കപ്പെടുന്ന സ്മരണകളാണ്. ഈ അമൂല്യമായ ഭൂതകാലസമ്പത്ത് സ്വപ്നത്തിൽ പുതിയ പുതിയ ബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ട് അണിനിര [ 275 ] ക്കുന്നു. ഈ ചിത്രത്തിൽ, നമ്മുടെ സ്മൃതിപഥത്തിൽനിന്ന് എന്നോ മറഞ്ഞുപോയ പല ചിത്രങ്ങളും പുനരുത്തേജിക്കപ്പെടുന്നു. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് സുപ്രധാനമായ ഒരു വസ്തുതയാണ്. സ്വപ്നങ്ങളിൽ പുതിയതായി ഒന്നും തന്നെ ആവിർഭവിക്കുന്നില്ല. ഭൂതകാലത്തിൽ അനുഭവിക്കാനിടയായ കാര്യങ്ങൾ മാത്രമേ സ്വപ്നവിഷയമാവുകയുള്ളു. പക്ഷേ, അവയുടെ പരസ്പരബന്ധങ്ങളിൽ പുതുമയുണ്ടാകുമെന്നു മാത്രം. ജന്മാന്ധന്മാരിൽ നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ ഈ നിഗമനത്തെ ബലപ്പെടുത്തുന്നു. അവരുടെ സ്വപ്നങ്ങളിൽ ആവിഷ്കരിക്കപ്പെടുന്ന ചിത്രങ്ങൾക്കൊന്നും തന്നെ ദൃശ്യഗുണങ്ങളുണ്ടാവില്ല. ശബ്ദസ്പർശാദികൾ കൊണ്ടാണ് അവർ സ്വപ്നവിഷയങ്ങളെ തിരിച്ചറിയുന്നത്.
ചുരുക്കത്തിൽ സ്വപ്നമെന്നത്, 'ഭൂതകാലാനുഭവങ്ങളുടെ അസാധാരണമായ സംയോജനമാണ്'.
ഉണർന്നിരിക്കുന്ന അവസ്ഥയിലെ മാനസിക പ്രവർത്തനങ്ങളാണ് സ്വാഭാവികവും യുക്തവുമെന്നു നാം കാണുന്നു. ഈ പ്രവർത്തനങ്ങൾക്ക് നിദാനമാകട്ടെ, മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹത്തിന്റെയും ഒത്തുചേർന്നുള്ള നിയതവും സമഗ്രവുമായ പരസ്പരബദ്ധപ്രക്രിയകളാണ്. എന്നാൽ, ഭാഗികമായ ഉറക്കത്തിൽ ഉളവാകുന്ന ഭാഗികബോധവും, ആ സമയത്ത് വന്നുചേരുന്ന ബാഹ്യചോദനങ്ങളും ചേർന്ന് നാഡീകോശ പ്രവർത്തനങ്ങളുടെ ഏകതാനതയെ ശിഥിലീകരിക്കുന്നു. അതുതന്നെയാണ് സ്വപ്നത്തിൽ ശിഥിലചിത്രങ്ങൾ രൂപം കൊള്ളാനുള്ള കാരണവും.
സ്വപ്നത്തിൽ ദൃശ്യമാകുന്നതെല്ലാം പ്രതിബിംബങ്ങളാണ്. പ്രതിബിംബങ്ങൾ രൂപംകൊള്ളുന്നതു ബോധേന്ദ്രിയങ്ങൾവഴിയാണല്ലൊ. ഈ പ്രതിബിംബ രൂപീകരണ വ്യവസ്ഥയെയാണല്ലൊ പ്രഥമസിഗ്നൽ വ്യവസ്ഥയെന്നു വിളിക്കുന്നത്. ഈ പ്രതിബിംബങ്ങളെ വാക്കുകളുപയോഗിച്ച് വീണ്ടും കോഡുചെയ്ത് ആശയങ്ങളാക്കി മാറ്റുന്നു. ഈ പ്രക്രിയ നടത്തുന്ന വ്യവസ്ഥയെ ദ്വിതീയ സിഗ്നൽ വ്യവസ്ഥയെന്നുമാണല്ലോ വിളിക്കുന്നത്. ചിന്തയുടെയും മറ്റ് ഉയർന്ന മാനസിക പ്രവർത്തനങ്ങളുടെയും അടിത്തറ ഈ ദ്വിതീയ സിഗ്നൽ വ്യവസ്ഥയാണ്. നിദ്രയിൽ ആദ്യം തന്നെ നിരോധിക്കപ്പെടുന്നത് അതിലോലമായ ഈ ദ്വിതീയവ്യവസ്ഥയാണ്. അതേ സമയം, പ്രതിബിംബങ്ങളുടേതായ പ്രഥമ സിഗ്നൽ വ്യവസ്ഥ ഉത്തേജിക്കപ്പെടുകയും ചെയ്യുന്നു. തൽഫലമായി ദ്വിതീയവ്യവസ്ഥയുടെ നിയന്ത്രണമില്ലാത്ത പ്രതിബിംബങ്ങൾ തോന്നിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. അതാണ് സ്വപ്നത്തിന്റെ സഹജസ്വഭാവമായ യുക്തിഹീനതയ്ക്കും അവിശ്വസനീയതയ്ക്കും കാരണം.