താൾ:പ്രപഞ്ചവും മനുഷ്യനും.djvu/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാഡീകോശങ്ങളുടെ നിരോധം പരിപൂർണ്ണ നിഷ്ക്രിയത്വത്തെയല്ല സൂചിപ്പിക്കുന്നത് നിരോധനപ്രക്രിയതന്നെ സങ്കീർണ്ണമായ ഒരു പ്രവർത്തനമാണ്. തന്മൂലം, സുഷുപ്തിയിൽ പേശികളും മറ്റും വിശ്രമിക്കുന്നില്ല. മാത്രമല്ല, മസ്തിഷ്ക കേന്ദ്രത്തിൽ സജീവമായ ഒരു പുനഃക്രമീകരണമാണ് ഈ സമയത്തു നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട്, നിദ്രയിൽ ബാഹ്യലോകവുമായുള്ള ബന്ധങ്ങൾ വേർപെടുത്തപ്പെടുന്നുണ്ടെങ്കിലും, ആന്തരിക പ്രവർത്തനങ്ങൾ നിരന്തരം നടന്നു കൊണ്ടിരിക്കുന്നുണ്ട്.

ശാരീരിക പ്രവർത്തനങ്ങൾ

ഈ ഘട്ടത്തിൽ പ്രകടമാവുന്ന ശാരീരിക പ്രവർത്തനങ്ങളെന്തെല്ലാമാണെന്ന് നോക്കാം. സാധാരണഗതിയിൽ വ്യക്തമായ പ്രതികരണങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പ്രചോദനങ്ങളൊന്നുംതന്നെ ബോധേന്ദ്രിയങ്ങൾ സ്വീകരിക്കുന്നില്ല. തക്കതായ പ്രതികരണങ്ങളുളവാകുന്നുമില്ല. ഏതാണ്ട് എല്ലാ പേശികളും ചേഷ്ടാനാഡികളുടെ നിയന്ത്രണത്തിൽനിന്ന് മുക്തമാകുന്നതുനിമിത്തം അയഞ്ഞുപോകുന്നു. കഴുത്തിലെ മാംസപേശികളിലാണിതാരംഭിക്കുന്നത്. അതുകൊണ്ടാണ് ഉറക്കത്തിന്റെ പ്രഥമ ലക്ഷണം തലയാട്ടലായി പരിണമിച്ചിട്ടുള്ളത്. ക്രമത്തിൽ ഏതാനും ചിലവയൊഴിച്ച് എല്ലാ പേശികളും ഇതുപോലെ അയഞ്ഞതായി തീരുന്നു. കൺപോളകളെ ബന്ധിപ്പിച്ചുനിർത്തുന്ന മാംസപേശികളുടേയും മറ്റും സ്ഥിതി നേരെ വിപരീതമാണെന്നു മാത്രം.

ഹ്യദയസ്പന്ദനം മന്ദീഭവിക്കുന്നു. രക്തമർദ്ദം താഴുന്നു. തലച്ചോറിലേയും മറ്റും രക്തപ്രവാഹം സാവധാനത്തിലാകുന്നു. ചർമ്മത്തിലെ രക്തക്കുഴലുകൾ വികസിക്കുകയും അവയിലെ രക്തത്തിൻറ തോത് വർദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ത്വക്ക് ചൂടുള്ളതായി തോന്നുന്നു. എങ്കിലും ശരീരോഷ്മാവ് പൊതുവെ താണിരിക്കും. ശ്വാസോച്ഛ്വാസം പതുക്കെയും ആഴത്തിലുമായിത്തീരുന്നു. അണ്ണാക്കിന്റെ പിന്നിലത്തെ മാംസപേശികൾ അയയുന്നതു നിമിത്തം അതോടു തൊട്ടു സ്ഥിതി ചെയ്യുന്ന കുറുനാവ് ശ്വാസോച്ഛ്വാസങ്ങൾക്കിടയ്ക്കു കമ്പനം ചെയ്യാനിടയാവുന്നു. തന്മൂലമൂണ്ടാകുന്ന ശബ്ദത്തെയാണ് 'കൂർക്കംവലി' എന്നു വിളിക്കുന്നത്. പല ഗ്രന്ഥികളുടെയും പ്രവർത്തനം മന്ദീഭവിക്കുന്നു. കണ്ണുനീർഗ്രന്ഥി ഉറക്കസമയത്ത് സാധാരണഗതിയിൽ പ്രവർത്തിക്കാത്തതു നിമിത്തം കണ്ണുകൾ വരണ്ടുപോകുന്നു. അതുകൊണ്ടാണ് ഉറക്കം കഴിഞ്ഞുണരുമ്പോൾ കണ്ണുതുറക്കാൻ ബുദ്ധിമുട്ടു തോന്നുന്നത്. അതേസമയം വിയർപ്പുഗ്രന്ഥികളും മറ്റും കൂടുതൽ പ്രവർത്തിക്കുന്നു. ഇതെല്ലാം കാണിക്കുന്നത്, കേന്ദ്രനാഡീവ്യൂഹത്തിലുണ്ടാകുന്ന പരിവർത്തനങ്ങൾ ശരീരത്തിന്റെ ഇതരഭാഗങ്ങളിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു എന്നാണ്.