താൾ:പ്രപഞ്ചവും മനുഷ്യനും.djvu/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഹിപ്നോസിസ്

മസ്തിഷ്കകോശങ്ങളുടെ പൂർണ്ണനിരോധം സംജാതമാകുമ്പോൾ മാത്രമേ ഗാഢനിദ്രയാകുന്നുള്ളു. എന്നാൽ പലപ്പോഴും ഈ അവസ്ഥയിലെത്താറില്ല നമ്മുടെ ഉറക്കം. മസ്തിഷ്കത്തിലെ ചില കേന്ദ്രങ്ങളിൽ നിരോധം നടപ്പിലാവുമ്പോൾ മറ്റു ചില കേന്ദ്രങ്ങൾ ജാഗരൂകമായിത്തന്നെ ഇരിക്കുന്നു. ഇങ്ങനെയുള്ള ഭാഗികമായ ഉറക്കത്തെയാണു ഹിപ്നോസിസ് എന്നുവിളിക്കുന്നത്. ഈ ഭാഗികമായ ഉറക്കത്തിൽ സന്ദർഭത്തിനനുസരിച്ച് വ്യത്യസ്ത കേന്ദ്രങ്ങൾ ഉണർന്നിരിക്കുന്നു. ഉദാഹരണത്തിന് കൊച്ചുകുട്ടിയോടടുത്തുറങ്ങുന്ന മാതാവ് ആ കുട്ടിയിൽനിന്നു പുറപ്പെടുന്ന നേരിയ ഒരു ശബ്ദംകൊണ്ടുതന്നെ ഉണരാനിടയാവുന്നു. അതേസമയം ഉച്ചത്തിലുള്ള മറ്റു പല ശബ്ദങ്ങളും ആ മാതാവിന്റെ നിദ്രക്കു ഭംഗം വരുത്തുന്നില്ല.

പല അവസരത്തിലും നമുക്കനുഭവമാകുന്ന ഇത്തരം ഭാഗികമായ നിദ്രയെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ഹിപ്നോട്ടിസ്റ്റുകൾ ചെയ്യുന്നത്. ഇവിടെ നിദ്രയ്ക്കു വിധേയനായ വ്യക്തിയും ഹിപ്നോട്ടിസ്റ്റും തമ്മിൽ ബന്ധം സ്ഥാപിക്കാനുതകുന്ന മസ്തിഷ്ക കേന്ദ്രങ്ങൾ മാത്രമേ ഉണർന്നിരിക്കുകയുള്ളു. മറ്റെല്ലാ കേന്ദ്രങ്ങളുംതന്നെ നിരോധിക്കപ്പെടുന്നു. ഹിപ്നോട്ടിസ്റ്റ്, പരീക്ഷണ വിധേയനാകുന്ന വ്യക്തിയെ നിദ്രാധീനനാക്കുന്നത് എന്തെങ്കിലും മായാവിദ്യ ഉപയോഗിച്ചിട്ടില്ല. ആവർത്തിച്ചാവർത്തിച്ചു പ്രയോഗിക്കപ്പെടുന്ന പ്രചോദനങ്ങൾ ഉറക്കത്തെ മാടിവിളിക്കാൻ പര്യാപ്തമാണെന്നു മുകളിൽ വ്യക്തമാക്കിയിട്ടുണ്ടല്ലോ. താരാട്ടുപാടിയും മന്ദംമന്ദം താലോലിച്ചും അമ്മമാർ കുട്ടികളെ ഉറക്കുന്നതിൽ ഉൾക്കൊണ്ടിട്ടുള്ള മൗലികതത്ത്വവും ഇതുതന്നെയാണ്. ഏതാണ്ടിതേ കൃത്യം തന്നെയാണ് ഒരു ഹിപ്നോട്ടിസ്റ്റും ചെയ്യുന്നത്.

ഉണർന്നിരിക്കുന്ന അവസ്ഥയിൽനിന്നു മസ്തിഷ്ക കോശങ്ങൾ ഹിപ്നോട്ടിക് ഘട്ടത്തിലെത്തുന്നതിനിടയ്ക്ക് അവയുടെ ചോദപ്രതികരണപ്രവർത്തനങ്ങളിൽ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. സാധാരണഗതിയിലുള്ള പ്രവർത്തനത്തിൽനിന്നു തികച്ചും വിരുദ്ധമായ സ്വഭാവങ്ങൾ കാണിക്കുന്ന രണ്ടവസ്ഥകൾ ഇത്തരം സന്ദർഭങ്ങളിൽ സംജാതമാവാറുണ്ട്. വളരെ ലോലമായ പ്രചോദനം ശക്തിയായ പ്രതികരണത്തെ ഉളവാക്കുന്നു. അതേസമയം ശക്തിയായ പ്രചോദനം നേർത്ത പ്രതികരണത്തെയും സൃഷ്ടിക്കുന്നു. അടുത്ത ഘട്ടത്തിൽ, സാധാരണഗതിയിൽ പ്രതികരണത്തെ ഉളവാക്കുന്ന ഒരു പ്രചോദനം മസ്തിഷ്ക കോശങ്ങളിൽ നിരോധത്തെയാണ് സംജാതമാക്കുന്നത്. അതേ സമയം നിരോധത്തെ സൃഷ്ടിക്കേണ്ട പ്രചോദനം ഉത്തേജനത്തെയാണ് ഉളവാക്കുന്നത്. പിന്നീട് ക്രമത്തിൽ എല്ലാതരത്തിലുള്ള പ്രചോദനങ്ങളോടും പ്രതികരണങ്ങൾ ഉളവാക്കാത്ത അവസ്ഥയിലെത്തിച്ചേരുന്നു.

ഹിപ്നോട്ടിക് നിദ്രയ്ക്കു വിധേയനാകുന്ന വ്യക്തിയോട് ഹിപ്നോട്ടിസ്റ്റ് നിർദ്ദേശിക്കുന്ന ഏതു പരസ്പരവിരുദ്ധമായ സംഗതിയും അയാൾ അംഗീകരിക്കുന്നു. അതിനനുസരിച്ചുള്ള പ്രതികരണമുളവാക്കുകയും ചെയ്യുന്നു. ഇതിനു