താൾ:പ്രപഞ്ചവും മനുഷ്യനും.djvu/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നത്. 110 കിലോമീറ്റർ നീളമുള്ള മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ ഓരോ മിനിറ്റിലും ഒരു ലിറ്റർ രക്തം പകർന്നുകൊണ്ടിരിക്കുന്നു ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലേക്കും പോകുന്ന രക്തക്കുഴലുകളിൽ സഞ്ചരിക്കുന്ന രക്തത്തിന്റെ 150 ഇരട്ടി വേഗത്തിലാണ് തലച്ചോറിനുള്ളിലേയ്ക്കുള്ള രക്തം സഞ്ചരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും തുടർച്ചയായുള്ള പ്രവർത്തനംമൂലം ആദ്യം ക്ഷണിക്കുന്നത് നാഡീവ്യൂഹമാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് വിശ്രമം അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാണല്ലോ.

സുഷുപ്തി

ഉത്തേജനത്തെയും നിരോധത്തെയും കുറിച്ച് പറഞ്ഞപ്പോൾ, നാഡീകോശങ്ങൾ സ്വയം സംരക്ഷണത്തിനുവേണ്ടി നിരോധം ഏർപ്പെടുത്താറുള്ളതിനെക്കുറിച്ച് വിവരിക്കുകയുണ്ടായി. ഏതെങ്കിലും ഒരേ രീതിയിലുള്ള ഉത്തേജനം അധികരിക്കുമ്പോൾ; പ്രസ്തുത കോശങ്ങൾക്ക് പ്രവർത്തനം തുടർന്നുകൊണ്ടുപോകാൻ പറ്റാത്ത അവസ്ഥ സംജാതമാകാനിടയുള്ളതുകൊണ്ടാണ് നിരോധം സംഭവിക്കുന്നത്. ഇങ്ങനെ തുടർച്ചയായ ഉത്തേജനത്തിന് കാരണമായ വിഷയത്തോട് നമുക്ക് വിമുഖത തോന്നുന്നു. ആവർത്തന പ്രധാനമായ പല പ്രവൃത്തികളോടും മടുപ്പു തോന്നാൻ കാരണമിതാണ്. ഒരേരീതിയിലുള്ള താളലയത്തോടുകൂടിയ സംഗീതം ഇതിനൊരുദാഹരണമാണ്. ശ്രവണേന്ദ്രിയ കേന്ദ്രത്തിൽ ഒരേ വിധത്തിലുള്ള ശബ്ദവീചികൾ പതിക്കുമ്പോൾ ഒരേ മസ്തിഷ്ക കോശങ്ങൾ തന്നെ വീണ്ടും ഉത്തേജിക്കപ്പെടും. അതു ക്രമത്തിൽ, ആ കോശങ്ങളുടെ പ്രതിരോധപരമായ നിരോധത്തിനിടയാക്കും. മസ്തിഷത്തിലെ ഒരു വിഭാഗം കോശങ്ങളിൽ രൂപംകൊണ്ട ഇത്തരം നിരോധം പലപ്പോഴും ഇതരഭാഗങ്ങളിലേയ്ക്ക് വ്യാപിക്കാനിടയാവുന്നു. അതു മസ്തിഷ്കത്തിലെ എല്ലാ ഉപരികേന്ദ്രങ്ങളെയും നിരോധത്തിന് പാത്രീഭൂതമാക്കുന്നു. ഈ വ്യാപകമായ നിരോധിതാവസ്ഥയെ ഉറക്കമെന്നു നാം വിളിക്കുന്നു. മടുപ്പുളവാകുന്ന പല വിഷയങ്ങളും ഉറക്കത്തെ വിളിച്ചു വരുത്തുന്നതിങ്ങനെയാണ്.

ഉണർന്നിരിക്കുമ്പോൾ തന്നെ വിവിധ മസ്തിഷ്കപ്രവർത്തനങ്ങളെ ക്രമീകരിക്കുന്നതിനുവേണ്ടി മസ്തിഷ്കകോശങ്ങളിൽ ഉത്തേജനവും നിരോധവും നടക്കുന്നുണ്ട്. പക്ഷേ, ഇവിടെയൊക്കെ നിരോധം ഏതാനും മസ്തിഷ്കകോശങ്ങളിൽ മാത്രമാണു നടക്കുന്നത്. എന്നാൽ കേന്ദ്ര നാഡീവ്യൂഹത്തിന്റെ തന്നെ നിരോധമാണ് ഉറക്കം. ഈ വ്യാപകമായ നിരോധം ഉടലെടുക്കുന്നത് പടിപടിയായിട്ടാണ്. ഓരോ ശരീരഭാഗങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കകേന്ദ്രങ്ങൾ ഒന്നൊന്നായി നിരോധിക്കപെടുകയും അവസാനം ഈ നിരോധപ്രക്രിയ, പൂർവ്വമസ്തിഷ്കത്തിലെ എല്ലാ ഉപരികേന്ദ്രങ്ങളെയും നിരോധിച്ചു കഴിഞ്ഞ് അധോകേന്ദ്രങ്ങളെ കൂടി ബാധിക്കുകയും ചെയ്യുമ്പോഴാണ് സുഷുപ്തിയിലെത്തുന്നത്.