Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പല കാരണങ്ങളുമുണ്ട്. നമ്മുടെ എല്ലാതരത്തിലുമുള്ള പ്രതികരണങ്ങളോടും ഭാഷയ്ക്ക്, വാക്കുകൾക്ക് ഉള്ള പ്രാധാന്യം മുന്നൊരദ്ധ്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഏതാനും പദങ്ങൾ നാം ശ്രവിക്കാനിടയാകുമ്പോൾതന്നെ സാധാരണഗതിയിൽ അതോടു ബന്ധപ്പെട്ട എല്ലാ ആശയങ്ങളും മസ്തിഷ്കത്തിൽ അണിനിരക്കുകയും അവയുമായി വിശ്ലേഷണവും സംശ്ലേഷണവുമെല്ലാം നടത്തുകയും ചെയ്യുന്നു. തൽഫലമായി ആ ആശയത്തെ ത്യാജ്യഗ്രാഹ്യവിവേചനം നടത്തി തള്ളാനോ കൊള്ളാനോ നമുക്കു കഴിയുന്നു. എന്നാൽ ഹിപ്‍നോട്ടിക്നിദ്രയിൽ കഴിയുന്ന ഒരാളുടെ മസ്തിഷ്കത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാംതന്നെ നിരോധിതാവസ്ഥയിലാക്കുന്നതിനാൽ ഇത്തരത്തിലുള്ള വിശകലനം നടത്താൻ കഴിയുന്നില്ല. ഹിപ്നോട്ടിസ്റ്റുമായി ബന്ധം പുലർത്തുന്നതും ഉണർന്നിരിക്കുന്നതുമായ ശ്രവണകേന്ദ്രത്തിൽ വന്നുപതിക്കുന്ന ആശയങ്ങളെ എതിരിടാൻ തക്കവണ്ണം പൂർവ്വകാലാനുഭവങ്ങളൊന്നുംതന്നെ ഉത്തേജിപ്പിക്കപ്പെടുന്നില്ല. മസ്തിഷ്കത്തിന്റെ ഇതരഭാഗങ്ങളെല്ലാംതന്നെ പണിമുടക്കിലേർപ്പെട്ടിരിക്കുന്നതിനാൽ ഉണർന്നിരിക്കുന്ന കേന്ദ്രത്തിൽ വന്നു പതിക്കുന്ന പ്രചോദനങ്ങളെല്ലാംതന്നെ ചോദ്യം ചെയ്യാതെ അംഗീകരിക്കപ്പെടുകയും അതിനനുസൃതമായ പ്രതികരണങ്ങളുണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ ഹിപ്നോട്ടിക്നിദ്രയിൽ അവരോധിക്കപ്പെടുന്ന ആശയങ്ങൾക്കു പിൽക്കാലത്തും സ്വാധീനത നിലനിർത്താൻ കഴിയാറുണ്ട്. ഒരാളുടെ വ്യക്തിത്വത്തെ തന്നെ മാറ്റിമറിക്കാൻ ഹിപ്‍നോട്ടിക് പ്രത്യായനങ്ങൾക്കു കഴിയും. അതുകൊണ്ടാണ് പല രാജ്യങ്ങളിലും അംഗീകൃതശാസ്ത്രജ്ഞന്മാരല്ലാത്തവർ ഹിപ്‍നോട്ടിക് പ്രകടനങ്ങൾ നടത്തുന്നതിനെ നിരോധിച്ചിട്ടുള്ളത്.

സ്വപ്നങ്ങൾ

ഇനി നമുക്ക് സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കാം. ഉറക്കവും സ്വപ്നവും സന്തതസഹചാരികളാണെന്നാണ് പൊതുധാരണ. എന്നാൽ ഗാഢനിദ്രയിൽ, സുഷുപ്തിയിൽ സ്വപ്നങ്ങളുണ്ടാകാറില്ലെന്നത് ഒരു വസ്തുതയാണ്. സുഷുപ്തിയിൽ മസ്തിഷ്കത്തിലെ ഉപരി കേന്ദ്രങ്ങളും അധോകേന്ദ്രങ്ങളുമെല്ലാം നിരോധിക്കപ്പെടുന്നതിനാൽ, സാധാരണ ഗതിയിലുള്ള മാനസിക പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. എന്നാൽ നിദ്ര അത്രതന്നെ ഗാഢമല്ലാത്ത അവസ്ഥയിൽ മസ്തിഷ്കത്തിലെ പല ഭാഗങ്ങളും പ്രവർത്തനോന്മുഖമായിരിക്കും. ഈ അവസ്ഥയിൽ എല്ലാ മസ്തിഷ്ക കേന്ദ്രങ്ങളും പരസ്പരബദ്ധമായി പ്രവർത്തിക്കാത്തതുനിമിത്തം രൂപം കൊള്ളുന്നതെല്ലാം ശിഥിലചിത്രങ്ങളായിരിക്കും. അവയാണ് സ്വപ്നങ്ങൾക്കടിസ്ഥാനം.

സ്വപ്നങ്ങൾ ഉടലെടുക്കുന്നതിനു പല കാരണങ്ങളുണ്ട്. ബാഹ്യവും ആന്തരികവും ആശയപരവുമായ കാരണങ്ങളാണവ.

ഭാഗികമായ നിദ്രയിൽ മസ്തിഷ്കത്തിൽ സംജാതമാകുന്ന നിരോധം ഭാഗികമാണ്. ഈ സന്ദർഭത്തിൽ ബാഹ്യലോകത്തിൽനിന്നും പലതരത്തിലുള്ള പ്രചോദനങ്ങൾ മസ്തിഷ്കത്തിൽ എത്തിച്ചേരാനിടയുണ്ട്. പ്രകാ