പ്രപഞ്ചവും മനുഷ്യനും/ജീവൻ മനുഷ്യന്റെ കൈകളിൽ
[ 165 ]
15
ജീവൻ
മനുഷ്യന്റെ കൈകളിൽ
ജൈവപ്രതിഭാസം പൂർണ്ണമായും മനുഷ്യന്റെ നിയന്ത്രണങ്ങൾക്കുള്ളിൽ വന്നുചേരുമെന്ന് വിശ്വസിക്കാൻ അടുത്തകാലം വരെ പലരും തയ്യാറായിരുന്നില്ല. എന്നാലിന്ന് സ്ഥിതി അതല്ല. ആധുനികശാസ്ത്രത്തിന്റെ കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഏതൊരുവനും ഇത്തരമൊരു നിഗമനത്തിലെത്തിച്ചേരാൻ നിർബദ്ധനാണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിലുണ്ടായ അത്ഭുതകരങ്ങളായ നേട്ടങ്ങളെ അതിശയിക്കുന്ന പലതും ഈ ദശകത്തിൽ (1970-80) നാം കാണാനിരിക്കുന്നതേയുള്ളു.
ജൈവസ്വഭാവങ്ങളുടെ കേന്ദ്രനിയന്ത്രണബിന്ദുക്കളായ ജീനുകൾ, വിവിധ പ്രോട്ടീനുകൾ സംശ്ലേഷണം ചെയ്ത് ജീവികളുടെ ഘടനാപരവും ധർമ്മപരവുമായ സ്വഭാവങ്ങളെ നിയന്ത്രിക്കുന്നതെങ്ങനെയാണെന്നു വ്യക്തമായതു കഴിഞ്ഞ ദശകത്തിലാണ്. ജീനുകളുടെ പരസ്പര നിയന്ത്രണം വഴിയായി, ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ സവിശേഷീകൃതമായ വികാസപ്രക്രിയയിലൂടെ മുന്നേറുന്നതെങ്ങനെയെന്നതിനെക്കുറിച്ചും ഒട്ടേറെ സൂചനകൾ ലഭിക്കുകയുണ്ടായി. എന്നാൽ ഈ വക നേട്ടങ്ങൾക്കെല്ലാം മകുടം ചാർത്തുമാറുള്ള ഒരു മഹത്തായ കണ്ടുപിടുത്തം കഴിഞ്ഞ വർഷങ്ങളിൽ നടക്കുകയുണ്ടായി. ഒരു ജീവിയുടെ അടിസ്ഥാനപരമായ ജൈവവസ്തുവിന് സമാനമായ പദാർത്ഥം പരീക്ഷണശാലയിൽ കൃത്രിമമായി സംശ്ലേഷണം ചെയ്തെടുക്കാൻ കഴിഞ്ഞുവെന്നതാണ് ഈ രംഗത്തെ ഏറ്റവും വലിയ നേട്ടം. അതോടെ പരീക്ഷണശാലയിൽ നിർമ്മിക്കാൻ കഴിയുന്ന ഒരു വസ്തുവാണ് ജീവനെന്ന പ്രതിഭാസമെന്നു വ്യക്തമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജീവൻ മനുഷ്യന്റെ പിടിയിലൊതുങ്ങി.
1967 ഡിസംബർ മാസത്തിലാണ് ഈ ചരിത്രം സ്യഷ്ടിച്ച സംഭവം നടന്നത്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസ്സർ ആർതർ കോൺബർഗും അദ്ദേഹത്തിന്റെ സഹകാരികളായ, അതേ സ്ഥാപനത്തിലെ ഡോ. ആർ.എൻ. സിൻഷീമറും ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഡോ. എം. ഗൗലിയനുമാണ് ഈ സംരംഭത്തിൽ വിജയിച്ചത്.
ഡി.എൻ.എ.യുടെയും ആർ.എൻ.എ.യുടെയും കണ്ടുപിടുത്തത്തെ തുടർന്നുള്ള കാലഘട്ടങ്ങളിൽ പ്രൊ. കോൺബർഗും മറ്റും ഈ ന്യൂക്ളിക്കമ്ലങ്ങൾ സംശ്ളേഷണം ചെയ്യാനുള്ള തീവ്രശ്രമത്തിലേർപ്പെട്ടിരിക്കുകയായി [ 166 ] രുന്നു. 1956-ൽ കോൺബർഗ് ഡി.എൻ.എ.യും, സെവറോ ഒക്കോവ ആർ.എൻ.എ.യും സംശ്ളേഷണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കുകയുണ്ടായി. ഇതെ തുടർന്ന് 1959-ൽ ഇവർക്ക് നോബൽ സമ്മാനം ലഭിച്ചു.
ഒരു നിർദ്ദിഷ്ടജീവിയുടെ ജീനുകൾക്ക് സമാനമായ, ആ ജീവിയെപ്പോലെതന്നെ പ്രവർത്തിക്കുന്ന വസ്തു കൃത്രിമമായുണ്ടാക്കാനുള്ള ശ്രമത്തിലാണ് പിന്നീട് കോൺബർഗ് മുഴുകിയിരുന്നത്. ഡി.എൻ.എ. സംശ്ളേഷണത്തിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഒരു എൻസൈമുണ്ട്. ഡി. എൻ.എ.പോളിമെറേസ്. ഈ എൻസൈമാണ് പ്രോട്ടോപ്ളാസത്തിൽ ചിതറി കിടക്കുന്ന ന്യൂക്ളിയോടൈഡുകളെ കൂട്ടിചേർത്ത് ഡി.എൻ.എ. തന്മാത്രകൾ നിർമ്മിക്കുന്നത്. മാതൃകയായിട്ട് ഒരു ഡി.എൻ.എ. തന്തുവുണ്ടെങ്കിലേ ഇത് നടക്കുകയുള്ളുതാനും.
കോൺബർഗും കൂട്ടരും പരീക്ഷണവിധേയമാക്കിയത്, ഒരു തരം ബാക്ടീരിയൽ വൈറസിനെയാണ്. Phi X 174 എന്ന സംജ്ഞയാലാണ് ആ വൈറസ് അറിയപ്പെടുന്നത്. ഒരു ചെറിയ ഡി.എൻ.എ. തന്മാത്രയും അതിനെ പൊതിഞ്ഞുകൊണ്ടുള്ള ഒരു പ്രോട്ടീൻ ആവരണവും ചേർന്നതാണ് ഈ വൈറസിന്റെ ശരീരം. ഇതിന്റെ ഡി.എൻ.എ.യുടെ തന്മാത്രാഭാരം 16 ലക്ഷമാണ്. 5,500 ന്യൂക്ളിയോടൈഡുകളാണതിലുള്ളത്. അഞ്ചോ ആറോ ജീനുകളാണ് അതിൽ ഒരു പ്രത്യേക രീതിയിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. മറ്റു ഡി.എൻ.എ. തന്മാത്രകളിൽ നിന്ന് വ്യത്യസ്തമായി ഇതിന് ഒരു ഇഴ മാത്രമേയുള്ളു. അത് ഒരു വലയമായിട്ടാണുതാനും. എല്ലാ വൈറസുകളും മറ്റേതെങ്കിലും ജീവകോശത്തിൽ എത്തിച്ചേർന്നാൽ മാത്രമേ സജീവമാവുകയുള്ളു. അതുപോലെ ഈ വൈറസ് ഒരു ബാക്ടീരിയത്തിനുള്ളിൽ എത്തിച്ചേരുമ്പോഴാണ് സജീവമാകുന്നത്. ഈ വൈറസിന്റെ ഡി.എൻ.എ തന്മാത്ര മാത്രമാണ് അങ്ങനെ ബാക്ടീരിയത്തിൽ പ്രവേശിക്കുന്നത്. അതു ബാക്ടീരിയത്തിലുള്ള ന്യൂക്ളിയോടൈഡുകളും മറ്റും ഉപയോഗിച്ചുകൊണ്ട് അസംഖ്യം ഡി.എൻ.എ. തന്മാത്രകളായി ഇരട്ടിക്കുകയും, ഓരോന്നും പ്രോട്ടീൻ ആവരണമുണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ബാക്ടീരിയാകോശം നിറയെ വൈറസുകളായി തീരുമ്പോൾ ബാക്ടീരിയം പൊട്ടി അവ പുറത്തുവരുന്നു. ഇതാണ് സാധാരണഗതിയിൽ ഈ വൈറസിന്റെ ജീവിതക്രമം.
ഒറ്റ ഇഴയിലുള്ള വൈറസ് ഡി.എൻ.എ. ബാക്ടീരിയത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ, അതിന് അനുപൂരകമായ മറ്റൊരു ഇഴയെ സംശ്ലേഷിപ്പിക്കുന്നതു വഴിയാണ് അതു പുനരുല്പാദനം നടത്തുന്നത്. ഇങ്ങനെ സംശ്ലേഷിക്കപ്പെടുന്ന ഡി.എൻ.എ.യിൽ, തൈമീൻ എന്ന ന്യൂക്ളിയോടൈഡിനു പകരം സമാനമായ ബ്രോമോയുറാസിൽ എന്ന വസ്തു കോൺബർഗ് ചേർത്തു. ഇതിൻഫലമായി ഈ പുതിയ ഡി.എൻ.എ. തന്മാത്രയ്ക്ക് ഭാരക്കൂടുതലുണ്ടാകുന്നതുകൊണ്ട് അതിനെ വേർതിരിച്ചെടുക്കാനും കഴിഞ്ഞു. ഇങ്ങനെ കൃത്രിമമായി സംശ്ലേഷിച്ചെടുക്കുന്ന ഡി.എൻ.എ. തന്തുവിനെ മാതൃകയാക്കി ഉപയോഗിച്ചുകൊണ്ട് പരീക്ഷണനാളിയിൽ വെച്ചുതന്നെ, യഥാർത്ഥ വൈറസ് [ 167 ] ഡി.എൻ.എ-യ്ക്ക് സമാനമായ ഡി.എൻ.എ. തന്മാത്ര കൃത്രിമമായി സംശ്ലേഷിച്ചെടുക്കാൻ കഴിഞ്ഞു. ഡി.എൻ.എ. തന്മാത്രയാകട്ടെ യഥാർത്ഥവൈറസിന്റെ എല്ലാ നൈസർഗ്ഗിക സ്വഭാവങ്ങളും പ്രകടിപ്പിക്കുകയുണ്ടായി.അങ്ങനെ ഏറ്റവും ലളിതരൂപത്തിലുള്ള ഒരു ജീവകണിക പരീക്ഷണശാലയിൽ ആദ്യമായി നിർമ്മിക്കപ്പെട്ടു.
പാരമ്പര്യരോഗവിമുക്തി
[തിരുത്തുക]പാരമ്പര്യവാഹികളായ ജീനുകളിൽ സംഭവിക്കുന്ന ഏതെങ്കിലും വിധത്തിലുള്ള മ്യൂട്ടേഷന്റെ ഫലമായി ഏതെങ്കിലും ജൈവപ്രക്രിയകൾ താറുമാറാകുന്നതുകൊണ്ടുണ്ടാകുന്ന രോഗത്തെയാണ് പാരമ്പര്യരോഗമെന്നു പറയുന്നത്. ഇത് മാരകമാണെങ്കിൽ, അടുത്ത തലമുറയിലേയ്ക്ക് ആ ജീൻ പകർത്തപ്പെടുന്നതിനുമുമ്പുതന്നെ ആ ജീവി നശിച്ചുപോകും. എന്നാൽ, അത്രതന്നെ അപകടകാരിയല്ലാത്ത പാരമ്പര്യരോഗങ്ങളുണ്ടാകുമ്പോൾ അതിനുത്തരവാദിയായ ജീനുകൾ തലമുറകൾ തോറും പകർത്തപ്പെട്ടുകൊണ്ടിരിക്കും. ഇത്തരം രോഗങ്ങൾ സാധാരണരീതിയിലുള്ള ചികിത്സകൊണ്ട് ഭേദമാവില്ല. രോഗത്തിനടിസ്ഥാനമായ ജീനുകളുടെ ഘടനയിൽ തന്നെ മാറ്റമുണ്ടാക്കണം.
ജീനുകളുടെ രാസഘടനയെക്കുറിച്ചും അവയുടെ സങ്കീർണ്ണ പ്രവർത്തനങ്ങളെക്കുറിച്ചും ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരുടെ ശ്രദ്ധ അധികവും ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് ഈ പ്രശ്നത്തിലാണ്. ഇതുവരെ ഇതിൽ പരിപൂർണ്ണ വിജയം നേടിയിട്ടില്ല. എന്നാൽ ഇന്ത്യാക്കാരനായ ഹരഗോവിന്ദഖൊറാണ (ഇപ്പോൾ അമേരിക്കൻ പൗരൻ) യുടെയും നിരൻബർഗിന്റെയും ഹോളിയുടെയും മറ്റും ശ്രമഫലമായി ഈ രംഗത്ത് വമ്പിച്ച പുരോഗതിയുണ്ടായിട്ടുണ്ട്. തികച്ചും രസതന്ത്ര സമ്പ്രദായങ്ങളുപയോഗിച്ചുകൊണ്ടു ഡി.എൻ.എ-യും ആർ.എൻ.എ.യും സംശ്ലേഷണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ അവരാവിഷ്കരിച്ചിട്ടുണ്ട്. അടുത്ത ഭാവിയിൽ തന്നെ, രസതന്ത്രപരമായ സമ്പ്രദായങ്ങളുപയോഗിച്ചുകൊണ്ട് ജീവികളിലെ ജീനുകളുടെ ഘടന ഇഷ്ടാനുസരണം മാറ്റി തീർക്കാൻ കഴിയും. അതോടെ, എല്ലാ പാരമ്പര്യരോഗങ്ങളും നിശ്ശേഷം ദൂരീകരിക്കപ്പെടുമെന്നു മാത്രമല്ല. മനുഷ്യരടക്കമുള്ള ജീവികളുടെ വിവിധ സ്വഭാവങ്ങളെ ആവശ്യാനുസാരം രാസവസ്തുക്കളുപയോഗിച്ച് നിയന്ത്രിക്കാനും കഴിയും.
മനുഷ്യ നിർമ്മാണ ശാലകൾ
[തിരുത്തുക]ജീവന്റെ കേന്ദ്രബിന്ദുക്കളായ തന്മാത്രകളെക്കുറിച്ചുള്ള ഗവേഷണമേഖലയിലെ ചില നേട്ടങ്ങളേയും സാധ്യതകളേയും കുറിച്ചാണ് മുകളിൽ പ്രതിപാദിച്ചത്. അല്പം വ്യത്യസ്തമായ മറ്റൊരു മേഖലയിലും അത്യന്തം ശ്രദ്ധേയങ്ങളായ ചില കണ്ടുപിടുത്തങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ സ്വാധീനം അടുത്ത ഭാവിയിൽ തന്നെ മനുഷ്യ സമൂഹത്തിൽ ദൂരവ്യാപകഫലങ്ങളുളവാക്കാൻ പോന്നതുമാണ്. [ 168 ] നൂറ്റാണ്ടുകൾ കൂടുമ്പോൾ മാത്രമാണ് ഒരു അരിസ്റ്റോട്ടിലും, ഒരു ന്യൂട്ടനും ഒരു ഐൻസ്റ്റീനും ജന്മമെടുക്കുന്നത്. അവർ ജീവിച്ചിരിക്കുന്ന കാലത്ത് മാനവസമുദായത്തിന്റെ വളർച്ചയെ അത്യധികം മുമ്പോട്ടു നയിക്കുന്നവിധത്തിലുള്ള സംഭാവനകൾ നൽകുന്നു. പക്ഷേ അനിതരസാധാരണമായ അവരുടെ കഴിവുകൾ അവരോടൊപ്പം മണ്ണടിഞ്ഞു പോകുന്നു. ഹ്രസ്വമായ അവരുടെ ജീവിതകാലത്തെ നേട്ടങ്ങൾ മാത്രമേ പിൻതലമുറയ്ക്കായി അവശേഷിക്കുന്നുള്ളു. അതേസമയം ഇവരുടെ കഴിവുകൾ അതേപടി പിൻതലമുറകളിലേയ്ക്ക് പകർത്തപ്പെടുകയായിരുന്നെങ്കിൽ, മനുഷ്യവംശത്തിന്റെ പുരോഗതി എത്ര ദ്രുതതരമാകുമായിരുന്നു. ഒരു ഡാർവിനിൽനിന്ന് ഒട്ടേറെ ഡാർവിൻമാരെ സൃഷ്ടിക്കാൻ കഴിഞ്ഞുവെങ്കിൽ... ഒരു ഐൻസ്റ്റീനിൽ നിന്ന് അസംഖ്യം ഐൻസ്റ്റീൻമാരെ വാർത്തെടുക്കാൻ കഴിഞ്ഞുവെങ്കിൽ...!
അടുത്തകാലം വരെ ഇത് വെറുമൊരു സുന്ദരസ്വപ്നമായിട്ടാണ് നിലകൊണ്ടിരുന്നത്. എന്നാൽ ഇന്ന് അത് വെറും ആഗ്രഹമല്ല; സ്വപ്നമല്ല. അടുത്തുതന്നെ സാക്ഷാത്ക്കരിക്കപ്പെടാൻ പോകുന്ന യാഥാർത്ഥ്യമായിത്തീർന്നുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയിൽനിന്ന്, അയാളുടെ രൂപസ്വഭാവവാദികളിൽനിന്ന് കടുകുമണിപോലും തെറ്റാത്ത വ്യക്തികളെ എത്രവേണമെങ്കിലും നിർമ്മിച്ചെടുക്കാനുള്ള മാർഗ്ഗങ്ങൾ രൂപം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സമീപഭാവിയിലെ നിർമ്മാണശാലകളിൽ നിന്നു പുറത്തുവരുന്ന ഉല്പന്നങ്ങളിൽ ഒരേ രൂപസ്വഭാവാദികളോടുകൂടിയ മനുഷ്യരെയും നമുക്കു കാണാൻ കഴിയും.
വളർച്ചയുടെ ആരംഭത്തിൽ
[തിരുത്തുക]മനുഷ്യനിർമ്മാണശാലകളുടെ സാധ്യതകളെക്കുറിച്ച് വ്യക്തമാവണമെങ്കിൽ, ഒരു ജീവിയുടെ വളർച്ചയ്ക്കു നിദാനമായ ചില പ്രാഥമിക വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ട്. ലൈംഗിക പ്രത്യുല്പാദനം നടക്കുന്ന എല്ലാ ജീവികളിലും പുംസ്ത്രീബീജകോശങ്ങൾ സംയോജിച്ചുണ്ടാകുന്ന ഭ്രൂണകോശമാണ് പുതിയൊരു ജീവിക്കു ജന്മമേകുന്നത്. ഇങ്ങനെയുള്ള ജീവികളിലെല്ലാംതന്നെ പുംസ്ത്രീബീജകോശങ്ങളിൽ ക്രോമസങ്ങളുടെ എണ്ണം മറ്റു കോശങ്ങളിലേതിന്റെ കൃത്യം പകുതിയായിരിക്കും. രണ്ടു ബീജകോശങ്ങൾ തമ്മിൽ ചേരുമ്പോഴാണ് ക്രോമസങ്ങളുടെ എണ്ണം പൂർത്തിയാകുന്നത്. ഈ പ്രക്രിയയെ ബീജസങ്കലനം എന്നു പറയുന്നു.
മനുഷ്യനിൽ സ്ത്രീബീജകോശം അഥവാ അണ്ഡത്തിന്റെ വ്യാസം 0.25 സെ.മീ. മാത്രമാണ്. അതിൽ മധ്യത്തോടടുത്ത് ഒരു ന്യൂക്ളിയസ്സും അതിനു ചുറ്റും സൈറ്റോപ്ലാസവുമാണുള്ളത്. ഈ ന്യൂക്ളിയസ്സിൽ 23 ക്രോമസങ്ങളേ ഉണ്ടാവൂ. സാധാരണ മനുഷ്യകോശങ്ങളിൽ 46 ക്രോമസങ്ങളാണല്ലോ ഉള്ളത്. പാരമ്പര്യപരമായ സ്വഭാവങ്ങളെയെല്ലാം നിയന്ത്രിക്കുന്നതിൽ ജീനുകൾക്കാണല്ലോ പരമാധികാരം. തന്മൂലം സൈറ്റോപ്ലാസത്തിന് [ 169 ] ഇത്തരം കാര്യങ്ങളിൽ യാതൊരു പങ്കുമില്ലെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ അടുത്ത കാലങ്ങളിൽ സുപ്രധാനമായ ഒരു വസ്തുത വെളിവായിട്ടുണ്ട്. ബീജസങ്കലനത്തിനു മുമ്പുള്ള അണ്ഡത്തിൽ സൈറ്റോപ്ലാസം ഏറെക്കുറെ നിഷ്ക്രിയമാണ്. എന്നാൽ, പുംബീജകോശം അണ്ഡവുമായി ചേരുകയും, അവയുടെ ന്യൂക്ളിയസ്സുകൾ തമ്മിൽ യോജിച്ച് ക്രോമസങ്ങളുടെ എണ്ണം 46 ആകുകയും ചെയ്യുമ്പോൾ കോശവിഭജനം ആരംഭിക്കുന്നതിനുള്ള 'സിഗ്നൽ' നൽകുന്നത് അണ്ഡത്തിലെ സൈറ്റോപ്ലാസമാണ്. അങ്ങനെ ഒരു ജീവിയുടെ വളർച്ചയുടെ ആരംഭം കുറിക്കുന്ന ആ സുപ്രധാന ഘട്ടത്തിന്റെൻറ നിയന്ത്രണം സൈറ്റോപ്ലാസത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
ഇതിൽനിന്നും ഒരു കാര്യം വ്യക്തമാവുന്നുണ്ട്. അണ്ഡകോശത്തിലെ സൈറ്റോപ്ലാസത്തിൽ മനുഷ്യനിലെ ഓരോ കോശങ്ങളിലുമുള്ള ഒരു സെറ്റ് അഥവാ 46 ക്രോമസങ്ങൾ വന്നു ചേരാനിടയാവുകയാണെങ്കിൽ ആ അണ്ഡകോശം സ്വയമേവ ഒരു മനുഷ്യനായി വളരും. ഒരു ഭ്രൂണകോശം വിഭജിച്ചുണ്ടാകുന്നതാണല്ലോ ഒരു മനുഷ്യനിലെ കോടാനുകോടി കോശങ്ങളെല്ലാം. തന്മൂലം അവയിലെ ക്രോമസങ്ങളുടെ ഘടനയും സ്വഭാവവും തികച്ചും സമാനങ്ങളായിരിക്കും. പക്ഷേ, സവിശേഷീകരണ പ്രക്രിയയുടെ ഫലമായി ചില കോശങ്ങൾ മാത്രം പ്രവർത്തിക്കുകയും മറ്റുള്ളവ നിഷ്ക്രിയമാവുകയും ചെയ്യുന്നതു കൊണ്ടാണ് ശരീരത്തിലെ വിവിധ ഭാഗങ്ങൾ വ്യത്യസ്തഘടനയും സ്വഭാവവും പ്രകടിപ്പിക്കുന്നത്. ഇതിനടിസ്ഥാനമായ ജീൻ നിയന്ത്രണ പ്രക്രിയകളെക്കുറിച്ച് കഴിഞ്ഞ അദ്ധ്യായത്തിൽ പ്രതിപാദിച്ചുവല്ലോ. അപ്പോൾ വാസ്തവത്തിൽ ശരീരത്തിലെ എല്ലാ കോശങ്ങളിലും മനുഷ്യന്റെ എല്ലാ സ്വഭാവങ്ങൾക്കും നിദാനമായ എല്ലാ ജീനുകളുമുണ്ട്. ആ നിലയ്ക്ക് ശരീരത്തിലെ ഏതെങ്കിലുമൊരു കോശത്തിലെ ന്യൂക്ളിയസ് ഒരു അണ്ഡകോശത്തിന്റെ സൈറ്റോപ്ലാസത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ അത് ഏത് വ്യക്തിയിൽ നിന്നാണോ എടുത്തത് ആ വ്യക്തിയുടെ അതേ രൂപസ്വഭാവവാദികളോടുകൂടിയ ഒരു പുതിയ ജീവിയായി വളരേണ്ടതാണ്. ഇത് ഇന്നു വെറും പരികല്പന മാത്രമല്ല, ജന്തുലോകത്തിലും സസ്യലോകത്തിലും ഈ സാധ്യത പരീക്ഷണവിധേയമാക്കുകയും അത് ശരിയാണെന്നു തെളിയുകയും ചെയ്തിട്ടുണ്ട്. കോർണൽ യൂണിവേഴ്സിറ്റിയിലെ പ്രൊ. എഫ്.സി. സ്റ്റീവാർഡ്, മുള്ളങ്കിയിൽനിന്നും ചുരണ്ടിയെടുത്ത ബീജസങ്കലനം നടക്കാത്ത ഒരു കോശം, നാളികേരവെള്ളവും മറ്റുമടങ്ങുന്ന ഒരു പോഷകലായനിയിൽ നിക്ഷേപിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കോശം, ബീജസങ്കലനം നടന്ന ഒരു കോശത്തെപ്പോലെ ശരിയായ വിധത്തിൽ വേരുകളും ഇലകളും മറ്റുമുള്ള ഒരു സസ്യമായി വളർന്നു. ഇതുപോലെ ഓക്സ്ഫോർഡ് യുണിവേഴ്സിറ്റിയിലെ ജെ.ബി. ഗാർഡൻ തവളകളിൽ വിദഗ്ദമായ ഒരു പരീക്ഷണം നടത്തുകയുണ്ടായി. തവളയിൽനിന്നു ബീജസങ്കലനം നടക്കാത്ത അണ്ഡമെടുത്ത് അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് അതിലെ ന്യൂക്ളിയസ്സിനെ നശിപ്പിച്ചു. അതിനുശേഷം മറ്റൊരു തവളയുടെ കുടൽഭിത്തിയിലെ ഒരു കോശത്തിൽനിന്ന് ഒരു ന്യൂക്ളിയസ് വേർപെടുത്തിയെടുത്തു, [ 170 ] ന്യൂക്ളിയസ് നീക്കം ചെയ്യപ്പെട്ട അണ്ഡകോശത്തിൽ നിക്ഷേപിച്ചു. അണ്ഡകോശം ബീജസങ്കലനം ചെയ്യപ്പെട്ട ഒരു അണ്ഡത്തെപ്പോലെ വളരുകയും ഒരു തവളയായി തീരുകയും ചെയ്തു. എല്ലായ്പോഴും ഇങ്ങനെ ഉണ്ടാകുന്ന തവള, ഏതു തവളയിൽ നിന്നാണോ ന്യൂക്ളിയസ് എടുത്തത് ആ തവളയുടെ അതേ രൂപത്തിലുള്ളതായിരുന്നു. അണ്ഡകോശസൈറ്റോപ്ലാസം നൽകിയ തവളയുടെ സ്വഭാവങ്ങളൊന്നും അതിനുണ്ടാവില്ല. ഇങ്ങനെയുണ്ടാകുന്ന ജീവികളെല്ലാംതന്നെ ന്യൂക്ളിയസിന്റെ ഉടമസ്ഥന്റെ തനി പകർപ്പായിരിക്കും. സാധാരണ ലൈംഗിക പ്രജനനംമൂലം ഇങ്ങനെ തനിപ്പകർപ്പുണ്ടാവുകയില്ല. കാരണം; മാതൃ-പിതൃ ജീനുകളുടെ ഒരു സമ്മിശ്രമായിരിക്കുമല്ലോ പുതിയ ജീവി.
തവളയിലും മുള്ളങ്കിയിലും മറ്റു ജീവികളിലും ഇതു സാധ്യമായ നിലയ്ക്ക്, മനുഷ്യനിലും ഇതു സാധ്യമാകേണ്ടതാണ്. അടുത്ത ഭാവിയിൽത്തന്നെ ഇത് സാധ്യമാകുമെന്നുള്ളതിൽ സംശയവുമില്ല. പക്ഷേ കൂടുതൽ വിഷമം പിടിച്ചതാണെന്നുമാത്രം. കാരണം, മുള്ളങ്കിയെപ്പോലെ നാളികേരവെള്ളത്തിലോ, തവളയെപ്പോലെ ജലാശയങ്ങളിലോ വളരാൻ മനുഷ്യഭ്രൂണത്തിനു കഴിയില്ല. അതിനു സുരക്ഷിതമായ ഗർഭാശയം തന്നെ വേണം.
തവളയിലും മറ്റും സാധ്യമായതുപോലെതന്നെ മനുഷ്യനിലും ഏതൊരു വ്യക്തിയുടെയും അതേ പ്രതിരൂപത്തെ സൃഷ്ടിക്കാനിതുപോലെ കഴിയും. സ്ത്രീകളിൽനിന്ന് അണ്ഡകോശങ്ങൾ ശേഖരിക്കുക, അവയുടെ ന്യൂക്ളിയസ് നീക്കം ചെയ്യുക, മറ്റൊരു വ്യക്തിയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് ഒരു കോശത്തിലെ ന്യൂക്ളിയസ്സെടുത്ത് പ്രസ്തുത അണ്ഡത്തിൽ നിക്ഷേപിക്കുക. എന്നിട്ട് ആ അണ്ഡം ഏതെങ്കിലും ഒരു സ്ത്രീയുടെ ഗർഭാശയത്തിൽ സ്ഥാപിക്കുക. സാധാരണഗതിയിൽതന്നെ ആ കോശം വളർന്ന് ഒരു മനുഷ്യശിശുവായി തീരുന്നു. ഈ ശിശുവിന് അണ്ഡകോശം നൽകിയ 'മാതാവി'ന്റെയോ ഗർഭാശയത്തിലിടം നൽകിയ 'മാതാവി'ന്റെയോ യാതൊരു സ്വഭാവങ്ങളുമുണ്ടാവില്ല. അതേസമയം ന്യൂക്ളിയസ് നൽകിയ വ്യക്തിയുടെ തനിപ്പകർപ്പായിരിക്കും ഈ ശിശു. അപ്പോൾ ബീജസങ്കലനം കൂടാതെ അഥവാ ലൈംഗികബന്ധം കൂടാതെ മനുഷ്യശിശുക്കൾ ജന്മമെടുക്കുന്ന കാലം അതിവിദൂരത്തല്ല.
നിത്യയൗവ്വനം?
[തിരുത്തുക]മറ്റൊരു അതിപ്രധാന മേഖലയിൽകൂടി ആധുനികശാസ്ത്രം വമ്പിച്ച പുരോഗതി നേടിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജീവികളുടെയും വളർച്ച ഒരു പ്രത്യേക പരിധിയിലെത്തുകയും, പിന്നീട് ക്രമികമായ ജീർണ്ണത ബാധിച്ച് മൃതിയടയുകയും ചെയ്യുന്നു. എന്താണിതിനു കാരണം? മനുഷ്യനെ സംബന്ധിച്ചിടത്തോളം 25 വയസ്സു മുതൽ 35 വയസ്സു വരെയുള്ള കാലഘട്ടമാണ് ഏറ്റവും ഊർജ്ജസ്വലമായത്. 35-ൽ ഊർജസ്വലതയുടെ പാരമ്യത്തിലെത്തുകയും, പിന്നീടവിടന്നങ്ങോട്ട് സുപ്രധാനമായ മിക്ക ശാരീരിക പ്രവർത്ത [ 171 ] നങ്ങളും ക്രമികമായി മന്ദഗതിയിലായിത്തുടങ്ങുകയും ചെയ്യുന്നു. ഈ ജീർണ്ണത കൂടിക്കൂടി വരുന്നതിനെയാണ് നാം വാർദ്ധക്യമെന്നു വിളിക്കുന്നത്. ജീർണ്ണത അതിന്റെ പാരമ്യത്തിലെത്തുമ്പോഴാണ് സ്വാഭാവികമായ വാർദ്ധക്യമരണം സംഭവിക്കുന്നത്. ഈ വാർദ്ധക്യഹേതു എന്താണെന്നു കണ്ടുപിടിക്കുകയാണെങ്കിൽ അതു തടയാനും അതുവഴി എല്ലാവർക്കും നിത്യയൗവ്വനത്തിൽ കഴിയാനും സാധിക്കില്ലേ? തീർച്ചയായും.
വാർദ്ധക്യത്തിന് ജീവശാസ്ത്രപരമായ പല കാരണങ്ങളും ഇന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ മസ്തിഷ്കം, ഹൃദയം, അസ്ഥിവ്യൂഹം തുടങ്ങിയ ഭാഗങ്ങളിലെ കോശങ്ങൾ ശരീരം പൂർണ്ണ വളർച്ചയെത്തിയതിനുശേഷം വിഭജിക്കുന്നില്ല. അതേ സമയം മറ്റു പല ഭാഗങ്ങളിലും നശിച്ചുപോകുന്ന കോശങ്ങൾക്കു പകരമായി പുതിയ കോശങ്ങൾ വിഭജിച്ചുണ്ടാകുന്നുണ്ട്. മസ്തിഷ്കത്തിലും മറ്റും 25-35 വയസ്സാകുമ്പോഴേയ്ക്കും ഇങ്ങനെയുള്ള വിഭജനം പൂർണ്ണമായും നിലയ്ക്കുന്നു. പിന്നീട് ഇത്തരം കോശങ്ങളിൽ പലതരത്തിലും മ്യൂട്ടേഷനുകൾ സംഭവിക്കാം. ഇതിന്റെ ഫലമായി ജീൻ ഘടനയിൽ മാറ്റമുണ്ടാകുന്നതുവഴി സാധാരണ ഗതിയിലുള്ള പ്രവർത്തനങ്ങൾക്കു ഭംഗം സംഭവിക്കുന്നു. ഇത്തരം മ്യൂട്ടേഷനുകൾ വർദ്ധിച്ചുവരുംതോറും പല കോശങ്ങളും പ്രവർത്തനരഹിതമായിത്തീരും. ഇതു തുടർന്നുപോകുന്നതിന്റെ ഫലമായി വാർദ്ധക്യമുണ്ടാകാം.
പ്രോട്ടീൻ നിർമ്മിതിയിൽ യാദൃച്ഛികമായി 'തെറ്റുകൾ' സംഭവിക്കുക പതിവാണ്. ആർ.എൻ.എ. കളുടെയും മറ്റും നിർമ്മിതിയിൽ നിർണ്ണായക പങ്കുവഹിക്കുന്ന എൻസൈമുകളായ പ്രോട്ടീനുകളുടെ നിർമ്മിതിയിൽ ഇത്തരം തെറ്റുകൾ കടന്നുകൂടാനിടയായാൽ, അതിനെ തുടർന്ന് ഒട്ടേറെ നിർണ്ണായക പ്രവർത്തനങ്ങളിൽ ഈ തെറ്റുകളാവർത്തിക്കും. അങ്ങനെ കോശങ്ങളിൽ തെറ്റായ ഘടനയോടു കൂടിയ പ്രോട്ടീനുകളും എൻസൈമുകളും കൂടിക്കൂടി വരികയും കോശങ്ങൾ നിഷ്ക്രിയങ്ങളാവുകയും ചെയ്യാം. ഇതും വാർദ്ധക്യത്തിന് കാരണമാണ്.
വാർദ്ധക്യത്തോടനുബന്ധമായി ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളുടെയും ഉറവിടം ജീനുകൾ തന്നെയായിരിക്കുമെന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജീനുകൾ തങ്ങളുടെ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് വിവിധ എൻസൈമുകൾ വഴിയാണല്ലോ. ഭ്രൂണവളർച്ചയുടെയും തുടർന്നുള്ള വളർച്ചയുടെയും ഘട്ടങ്ങളിലെല്ലാം എൻസൈം വ്യവസ്ഥകളുടെ പ്രവർത്തനങ്ങളിൽ
സാരമായ വ്യത്യാസങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിനു കാരണം ചില ജീനുകൾ പ്രവർത്തനം തുടങ്ങുകയും മറ്റു ചിലത് പ്രവർത്തിയ്ക്കാതാവുകയും ചെയ്യുന്നതാണ്. ഇതുപോലെതന്നെ വളർച്ച അവസാനിച്ചു കഴിഞ്ഞാലും, ചില പുതിയ സെറ്റ് ജീനുകൾ പ്രവർത്തിയ്ക്കുകയും മറ്റു പലതും പ്രവർത്തിയ്ക്കാതാവുകയും ചെയ്യുന്നുണ്ട്. ഈ തരത്തിലുള്ള ജീൻ ക്രമീകരണവും നിയന്ത്ര
ണവുമാണ് വാർദ്ധക്യത്തിന്റെ അടിസ്ഥാനകാരണമെന്ന് കരുതപ്പെടുന്നു. [ 172 ]
ഏതേതു ജീനുകൾ എപ്പോഴെല്ലാം പ്രവർത്തനനിരതമാവുന്നു, നിഷ്ക്രിയമാവുന്നു എന്നെല്ലാം മനസ്സിലാക്കാൻ അടുത്ത ഭാവിയിൽതന്നെ കഴിയുമെന്ന് ശാസ്ത്രജ്ഞന്മാർ പ്രത്യാശിക്കുന്നു. അതോടൊപ്പം തന്നെ ജീൻ പ്രവർത്തനങ്ങളെ ഇഷ്ടാനുസരണം നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തന്മൂലം, അനതിവിദൂരഭാവിയിൽ നിത്യയൗവ്വനത്തെക്കുറിച്ചുള്ള മനുഷ്യന്റെ ചിരകാലസ്വപ്നം സഫലീകരിച്ചേയ്ക്കാം. പക്ഷേ, ജീവശാസ്ത്രജ്ഞന്മാർ കൈവരിക്കാനിരിക്കുന്ന ഈ മഹത്തായ നേട്ടം പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിനെ സാമൂഹ്യശാസ്ത്രജ്ഞന്മാർ തടഞ്ഞേയ്ക്കാനിടയുണ്ട്.