താൾ:പ്രപഞ്ചവും മനുഷ്യനും.djvu/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏതേതു ജീനുകൾ എപ്പോഴെല്ലാം പ്രവർത്തനനിരതമാവുന്നു, നിഷ്ക്രിയമാവുന്നു എന്നെല്ലാം മനസ്സിലാക്കാൻ അടുത്ത ഭാവിയിൽതന്നെ കഴിയുമെന്ന് ശാസ്ത്രജ്ഞന്മാർ പ്രത്യാശിക്കുന്നു. അതോടൊപ്പം തന്നെ ജീൻ പ്രവർത്തനങ്ങളെ ഇഷ്ടാനുസരണം നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തന്മൂലം, അനതിവിദൂരഭാവിയിൽ നിത്യയൗവ്വനത്തെക്കുറിച്ചുള്ള മനുഷ്യന്റെ ചിരകാലസ്വപ്നം സഫലീകരിച്ചേയ്ക്കാം. പക്ഷേ, ജീവശാസ്ത്രജ്ഞന്മാർ കൈവരിക്കാനിരിക്കുന്ന ഈ മഹത്തായ നേട്ടം പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിനെ സാമൂഹ്യശാസ്ത്രജ്ഞന്മാർ തടഞ്ഞേയ്ക്കാനിടയുണ്ട്.