Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നങ്ങളും ക്രമികമായി മന്ദഗതിയിലായിത്തുടങ്ങുകയും ചെയ്യുന്നു. ഈ ജീർണ്ണത കൂടിക്കൂടി വരുന്നതിനെയാണ് നാം വാർദ്ധക്യമെന്നു വിളിക്കുന്നത്. ജീർണ്ണത അതിന്റെ പാരമ്യത്തിലെത്തുമ്പോഴാണ് സ്വാഭാവികമായ വാർദ്ധക്യമരണം സംഭവിക്കുന്നത്. ഈ വാർദ്ധക്യഹേതു എന്താണെന്നു കണ്ടുപിടിക്കുകയാണെങ്കിൽ അതു തടയാനും അതുവഴി എല്ലാവർക്കും നിത്യയൗവ്വനത്തിൽ കഴിയാനും സാധിക്കില്ലേ? തീർച്ചയായും.

വാർദ്ധക്യത്തിന് ജീവശാസ്ത്രപരമായ പല കാരണങ്ങളും ഇന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ മസ്തിഷ്കം, ഹൃദയം, അസ്ഥിവ്യൂഹം തുടങ്ങിയ ഭാഗങ്ങളിലെ കോശങ്ങൾ ശരീരം പൂർണ്ണ വളർച്ചയെത്തിയതിനുശേഷം വിഭജിക്കുന്നില്ല. അതേ സമയം മറ്റു പല ഭാഗങ്ങളിലും നശിച്ചുപോകുന്ന കോശങ്ങൾക്കു പകരമായി പുതിയ കോശങ്ങൾ വിഭജിച്ചുണ്ടാകുന്നുണ്ട്. മസ്തിഷ്കത്തിലും മറ്റും 25-35 വയസ്സാകുമ്പോഴേയ്ക്കും ഇങ്ങനെയുള്ള വിഭജനം പൂർണ്ണമായും നിലയ്ക്കുന്നു. പിന്നീട് ഇത്തരം കോശങ്ങളിൽ പലതരത്തിലും മ്യൂട്ടേഷനുകൾ സംഭവിക്കാം. ഇതിന്റെ ഫലമായി ജീൻ ഘടനയിൽ മാറ്റമുണ്ടാകുന്നതുവഴി സാധാരണ ഗതിയിലുള്ള പ്രവർത്തനങ്ങൾക്കു ഭംഗം സംഭവിക്കുന്നു. ഇത്തരം മ്യൂട്ടേഷനുകൾ വർദ്ധിച്ചുവരുംതോറും പല കോശങ്ങളും പ്രവർത്തനരഹിതമായിത്തീരും. ഇതു തുടർന്നുപോകുന്നതിന്റെ ഫലമായി വാർദ്ധക്യമുണ്ടാകാം.

പ്രോട്ടീൻ നിർമ്മിതിയിൽ യാദൃച്ഛികമായി 'തെറ്റുകൾ' സംഭവിക്കുക പതിവാണ്. ആർ.എൻ.എ. കളുടെയും മറ്റും നിർമ്മിതിയിൽ നിർണ്ണായക പങ്കുവഹിക്കുന്ന എൻസൈമുകളായ പ്രോട്ടീനുകളുടെ നിർമ്മിതിയിൽ ഇത്തരം തെറ്റുകൾ കടന്നുകൂടാനിടയായാൽ, അതിനെ തുടർന്ന് ഒട്ടേറെ നിർണ്ണായക പ്രവർത്തനങ്ങളിൽ ഈ തെറ്റുകളാവർത്തിക്കും. അങ്ങനെ കോശങ്ങളിൽ തെറ്റായ ഘടനയോടു കൂടിയ പ്രോട്ടീനുകളും എൻസൈമുകളും കൂടിക്കൂടി വരികയും കോശങ്ങൾ നിഷ്ക്രിയങ്ങളാവുകയും ചെയ്യാം. ഇതും വാർദ്ധക്യത്തിന് കാരണമാണ്.

വാർദ്ധക്യത്തോടനുബന്ധമായി ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളുടെയും ഉറവിടം ജീനുകൾ തന്നെയായിരിക്കുമെന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജീനുകൾ തങ്ങളുടെ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് വിവിധ എൻസൈമുകൾ വഴിയാണല്ലോ. ഭ്രൂണവളർച്ചയുടെയും തുടർന്നുള്ള വളർച്ചയുടെയും ഘട്ടങ്ങളിലെല്ലാം എൻസൈം വ്യവസ്ഥകളുടെ പ്രവർത്തനങ്ങളിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിനു കാരണം ചില ജീനുകൾ പ്രവർത്തനം തുടങ്ങുകയും മറ്റു ചിലത് പ്രവർത്തിയ്ക്കാതാവുകയും ചെയ്യുന്നതാണ്. ഇതുപോലെതന്നെ വളർച്ച അവസാനിച്ചു കഴിഞ്ഞാലും, ചില പുതിയ സെറ്റ് ജീനുകൾ പ്രവർത്തിയ്ക്കുകയും മറ്റു പലതും പ്രവർത്തിയ്ക്കാതാവുകയും ചെയ്യുന്നുണ്ട്. ഈ തരത്തിലുള്ള ജീൻ ക്രമീകരണവും നിയന്ത്ര ണവുമാണ് വാർദ്ധക്യത്തിന്റെ അടിസ്ഥാനകാരണമെന്ന് കരുതപ്പെടുന്നു.