താൾ:പ്രപഞ്ചവും മനുഷ്യനും.djvu/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇത്തരം കാര്യങ്ങളിൽ യാതൊരു പങ്കുമില്ലെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ അടുത്ത കാലങ്ങളിൽ സുപ്രധാനമായ ഒരു വസ്തുത വെളിവായിട്ടുണ്ട്. ബീജസങ്കലനത്തിനു മുമ്പുള്ള അണ്ഡത്തിൽ സൈറ്റോപ്ലാസം ഏറെക്കുറെ നിഷ്ക്രിയമാണ്. എന്നാൽ, പുംബീജകോശം അണ്ഡവുമായി ചേരുകയും, അവയുടെ ന്യൂക്ളിയസ്സുകൾ തമ്മിൽ യോജിച്ച് ക്രോമസങ്ങളുടെ എണ്ണം 46 ആകുകയും ചെയ്യുമ്പോൾ കോശവിഭജനം ആരംഭിക്കുന്നതിനുള്ള 'സിഗ്നൽ' നൽകുന്നത് അണ്ഡത്തിലെ സൈറ്റോപ്ലാസമാണ്. അങ്ങനെ ഒരു ജീവിയുടെ വളർച്ചയുടെ ആരംഭം കുറിക്കുന്ന ആ സുപ്രധാന ഘട്ടത്തിന്റെൻറ നിയന്ത്രണം സൈറ്റോപ്ലാസത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

ഇതിൽനിന്നും ഒരു കാര്യം വ്യക്തമാവുന്നുണ്ട്. അണ്ഡകോശത്തിലെ സൈറ്റോപ്ലാസത്തിൽ മനുഷ്യനിലെ ഓരോ കോശങ്ങളിലുമുള്ള ഒരു സെറ്റ് അഥവാ 46 ക്രോമസങ്ങൾ വന്നു ചേരാനിടയാവുകയാണെങ്കിൽ ആ അണ്ഡകോശം സ്വയമേവ ഒരു മനുഷ്യനായി വളരും. ഒരു ഭ്രൂണകോശം വിഭജിച്ചുണ്ടാകുന്നതാണല്ലോ ഒരു മനുഷ്യനിലെ കോടാനുകോടി കോശങ്ങളെല്ലാം. തന്മൂലം അവയിലെ ക്രോമസങ്ങളുടെ ഘടനയും സ്വഭാവവും തികച്ചും സമാനങ്ങളായിരിക്കും. പക്ഷേ, സവിശേഷീകരണ പ്രക്രിയയുടെ ഫലമായി ചില കോശങ്ങൾ മാത്രം പ്രവർത്തിക്കുകയും മറ്റുള്ളവ നിഷ്ക്രിയമാവുകയും ചെയ്യുന്നതു കൊണ്ടാണ് ശരീരത്തിലെ വിവിധ ഭാഗങ്ങൾ വ്യത്യസ്തഘടനയും സ്വഭാവവും പ്രകടിപ്പിക്കുന്നത്. ഇതിനടിസ്ഥാനമായ ജീൻ നിയന്ത്രണ പ്രക്രിയകളെക്കുറിച്ച് കഴിഞ്ഞ അദ്ധ്യായത്തിൽ പ്രതിപാദിച്ചുവല്ലോ. അപ്പോൾ വാസ്തവത്തിൽ ശരീരത്തിലെ എല്ലാ കോശങ്ങളിലും മനുഷ്യന്റെ എല്ലാ സ്വഭാവങ്ങൾക്കും നിദാനമായ എല്ലാ ജീനുകളുമുണ്ട്. ആ നിലയ്ക്ക് ശരീരത്തിലെ ഏതെങ്കിലുമൊരു കോശത്തിലെ ന്യൂക്ളിയസ് ഒരു അണ്ഡകോശത്തിന്റെ സൈറ്റോപ്ലാസത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ അത് ഏത് വ്യക്തിയിൽ നിന്നാണോ എടുത്തത് ആ വ്യക്തിയുടെ അതേ രൂപസ്വഭാവവാദികളോടുകൂടിയ ഒരു പുതിയ ജീവിയായി വളരേണ്ടതാണ്. ഇത് ഇന്നു വെറും പരികല്പന മാത്രമല്ല, ജന്തുലോകത്തിലും സസ്യലോകത്തിലും ഈ സാധ്യത പരീക്ഷണവിധേയമാക്കുകയും അത് ശരിയാണെന്നു തെളിയുകയും ചെയ്തിട്ടുണ്ട്. കോർണൽ യൂണിവേഴ്സിറ്റിയിലെ പ്രൊ. എഫ്.സി. സ്റ്റീവാർഡ്, മുള്ളങ്കിയിൽനിന്നും ചുരണ്ടിയെടുത്ത ബീജസങ്കലനം നടക്കാത്ത ഒരു കോശം, നാളികേരവെള്ളവും മറ്റുമടങ്ങുന്ന ഒരു പോഷകലായനിയിൽ നിക്ഷേപിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കോശം, ബീജസങ്കലനം നടന്ന ഒരു കോശത്തെപ്പോലെ ശരിയായ വിധത്തിൽ വേരുകളും ഇലകളും മറ്റുമുള്ള ഒരു സസ്യമായി വളർന്നു. ഇതുപോലെ ഓക്സ്ഫോർഡ് യുണിവേഴ്സിറ്റിയിലെ ജെ.ബി. ഗാർഡൻ തവളകളിൽ വിദഗ്ദമായ ഒരു പരീക്ഷണം നടത്തുകയുണ്ടായി. തവളയിൽനിന്നു ബീജസങ്കലനം നടക്കാത്ത അണ്ഡമെടുത്ത് അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് അതിലെ ന്യൂക്ളിയസ്സിനെ നശിപ്പിച്ചു. അതിനുശേഷം മറ്റൊരു തവളയുടെ കുടൽഭിത്തിയിലെ ഒരു കോശത്തിൽനിന്ന് ഒരു ന്യൂക്ളിയസ് വേർപെടുത്തിയെടുത്തു,