Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നൂറ്റാണ്ടുകൾ കൂടുമ്പോൾ മാത്രമാണ് ഒരു അരിസ്റ്റോട്ടിലും, ഒരു ന്യൂട്ടനും ഒരു ഐൻസ്റ്റീനും ജന്മമെടുക്കുന്നത്. അവർ ജീവിച്ചിരിക്കുന്ന കാലത്ത് മാനവസമുദായത്തിന്റെ വളർച്ചയെ അത്യധികം മുമ്പോട്ടു നയിക്കുന്നവിധത്തിലുള്ള സംഭാവനകൾ നൽകുന്നു. പക്ഷേ അനിതരസാധാരണമായ അവരുടെ കഴിവുകൾ അവരോടൊപ്പം മണ്ണടിഞ്ഞു പോകുന്നു. ഹ്രസ്വമായ അവരുടെ ജീവിതകാലത്തെ നേട്ടങ്ങൾ മാത്രമേ പിൻതലമുറയ്ക്കായി അവശേഷിക്കുന്നുള്ളു. അതേസമയം ഇവരുടെ കഴിവുകൾ അതേപടി പിൻതലമുറകളിലേയ്ക്ക് പകർത്തപ്പെടുകയായിരുന്നെങ്കിൽ, മനുഷ്യവംശത്തിന്റെ പുരോഗതി എത്ര ദ്രുതതരമാകുമായിരുന്നു. ഒരു ഡാർവിനിൽനിന്ന് ഒട്ടേറെ ഡാർവിൻമാരെ സൃഷ്ടിക്കാൻ കഴിഞ്ഞുവെങ്കിൽ... ഒരു ഐൻസ്റ്റീനിൽ നിന്ന് അസംഖ്യം ഐൻസ്റ്റീൻമാരെ വാർത്തെടുക്കാൻ കഴിഞ്ഞുവെങ്കിൽ...!

അടുത്തകാലം വരെ ഇത് വെറുമൊരു സുന്ദരസ്വപ്നമായിട്ടാണ് നിലകൊണ്ടിരുന്നത്. എന്നാൽ ഇന്ന് അത് വെറും ആഗ്രഹമല്ല; സ്വപ്നമല്ല. അടുത്തുതന്നെ സാക്ഷാത്ക്കരിക്കപ്പെടാൻ പോകുന്ന യാഥാർത്ഥ്യമായിത്തീർന്നുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയിൽനിന്ന്, അയാളുടെ രൂപസ്വഭാവവാദികളിൽനിന്ന് കടുകുമണിപോലും തെറ്റാത്ത വ്യക്തികളെ എത്രവേണമെങ്കിലും നിർമ്മിച്ചെടുക്കാനുള്ള മാർഗ്ഗങ്ങൾ രൂപം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സമീപഭാവിയിലെ നിർമ്മാണശാലകളിൽ നിന്നു പുറത്തുവരുന്ന ഉല്പന്നങ്ങളിൽ ഒരേ രൂപസ്വഭാവാദികളോടുകൂടിയ മനുഷ്യരെയും നമുക്കു കാണാൻ കഴിയും.

വളർച്ചയുടെ ആരംഭത്തിൽ

മനുഷ്യനിർമ്മാണശാലകളുടെ സാധ്യതകളെക്കുറിച്ച് വ്യക്തമാവണമെങ്കിൽ, ഒരു ജീവിയുടെ വളർച്ചയ്ക്കു നിദാനമായ ചില പ്രാഥമിക വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ട്. ലൈംഗിക പ്രത്യുല്പാദനം നടക്കുന്ന എല്ലാ ജീവികളിലും പുംസ്ത്രീബീജകോശങ്ങൾ സംയോജിച്ചുണ്ടാകുന്ന ഭ്രൂണകോശമാണ് പുതിയൊരു ജീവിക്കു ജന്മമേകുന്നത്. ഇങ്ങനെയുള്ള ജീവികളിലെല്ലാംതന്നെ പുംസ്ത്രീബീജകോശങ്ങളിൽ ക്രോമസങ്ങളുടെ എണ്ണം മറ്റു കോശങ്ങളിലേതിന്റെ കൃത്യം പകുതിയായിരിക്കും. രണ്ടു ബീജകോശങ്ങൾ തമ്മിൽ ചേരുമ്പോഴാണ് ക്രോമസങ്ങളുടെ എണ്ണം പൂർത്തിയാകുന്നത്. ഈ പ്രക്രിയയെ ബീജസങ്കലനം എന്നു പറയുന്നു.

മനുഷ്യനിൽ സ്ത്രീബീജകോശം അഥവാ അണ്ഡത്തിന്റെ വ്യാസം 0.25 സെ.മീ. മാത്രമാണ്. അതിൽ മധ്യത്തോടടുത്ത് ഒരു ന്യൂക്ളിയസ്സും അതിനു ചുറ്റും സൈറ്റോപ്ലാസവുമാണുള്ളത്. ഈ ന്യൂക്ളിയസ്സിൽ 23 ക്രോമസങ്ങളേ ഉണ്ടാവൂ. സാധാരണ മനുഷ്യകോശങ്ങളിൽ 46 ക്രോമസങ്ങളാണല്ലോ ഉള്ളത്. പാരമ്പര്യപരമായ സ്വഭാവങ്ങളെയെല്ലാം നിയന്ത്രിക്കുന്നതിൽ ജീനുകൾക്കാണല്ലോ പരമാധികാരം. തന്മൂലം സൈറ്റോപ്ലാസത്തിന്