Jump to content

പുഷ്പവാടി/ഈശ്വരൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പുഷ്പവാടി
രചന:എൻ. കുമാരനാശാൻ
ഈശ്വരൻ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


മൽപ്രഭാതരുചിയെങ്ങുമുയർന്ന നീല-
വ്യോമസ്ഥലം സ്വയമെരിഞ്ഞെഴുമർക്കബിംബം
ശ്രീമദ്ധരിത്രിയിവയെപ്പണിചെയ്ക കൈയിൻ
കേമത്തമോർത്തിവനു നീർ കവിയുന്നു കണ്ണിൽ.

അന്തിച്ചുവപ്പുമലയാഴിയുമങ്ങിരുട്ടി-
ലുന്തിസ്ഫുരിക്കുമുഡുരാശിയുമിന്ദുതാനും
പന്തിക്കു തീർത്ത പൊരുളിന്റെ മനോവിലാസം
ചിന്തിച്ചെനിക്കകമലിഞ്ഞുടൽ ചീർത്തിടുന്നു!

ചേണുറ്റു പൂത്ത വനമേന്തിയ കുന്നു ദൂരെ-
ക്കാണുന്നു പീലികുടയും മയിലിൻ ഗണം പോൽ
താണങ്ങു വിണ്ണിൽ മഴവില്ലു ലസിപ്പു വർണ്ണം-
പൂണുന്ന പൈങ്കിളികൾ ചേർന്നു പറന്നിടും പോൽ.

ഉല്ലോലമാമരുവി ദൂരെ മുഴങ്ങിടുന്നു
ഫുല്ലോല്ലസത്സുമഗണം മണമേകിടുന്നു;
കല്ലോലമാർന്നൊരു കയങ്ങളിൽനിന്നു പൊങ്ങി
നല്ലൊരു ചാരുകുളുർകാറ്റുമണഞ്ഞിടുന്നു!

ഇക്കാമ്യവസ്തുനിര ചെയ്തതു,മിങ്ങതോരാ-
നുൾക്കാമ്പുമെന്നുടലുമേകിയതും, സ്വയം ഞാൻ
ധിക്കാര്യമാർഗ്ഗമണയാതകമേ കടന്നു
ചുക്കാൻ തിരിക്കുവതു, മൊക്കെയൊരേ കരംതാൻ.

ഈ ലോകഭോഗമതിനീശ, ജനിച്ചു ഞാൻ നി-
ന്നാലോകഭാഗ്യമണയാതവകാശിയായി;
നൂലോതിയും സപദി മത്പ്രിയതാത, നിന്നെ
മാലോകർ ചൊല്ലിയുമറിഞ്ഞു വണങ്ങിടുന്നേൻ.

വമ്പിച്ച നിൻ മഹിമയും കൃപയും നിനച്ചു
കുമ്പിട്ടിടാത്ത തലയും ശിലയും സമംതാൻ
എമ്പിച്ചു തീർക്കയറിവായ് മനമാംവിളക്കിൻ-
തുമ്പിൽ ജ്വലിക്കുമഖിലേശ്വര, കൈതൊഴുന്നേൻ.

മാർച്ച് 1919
"https://ml.wikisource.org/w/index.php?title=പുഷ്പവാടി/ഈശ്വരൻ&oldid=35180" എന്ന താളിൽനിന്ന് ശേഖരിച്ചത്