പുഷ്പവാടി/വണ്ടിന്റെ പാട്ട്
ദൃശ്യരൂപം
←ഈശ്വരൻ | പുഷ്പവാടി രചന: വണ്ടിന്റെ പാട്ട് |
കപോതപുഷ്പം→ |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
കൊടുമുടിയിൽ കഴുകൻ വസിക്കട്ടെ,
കൊടുതാം സിംഹം ഗുഹയിലും വാഴട്ടെ,
വടിവേലും തങ്കക്കുന്നേ, നിൻ പൂത്തൊരീ
നെടിയ കാടാർന്ന സാനുവിൽ മേവും ഞാൻ.
പതിച്ചിടാ നോട്ടം നാറും പിണങ്ങളിൽ,
കുതിച്ചു നിർദ്ദയം കൊന്നിടാ ജീവിയെ,
പതിവായിക്കാട്ടിൽ കാലത്തുമന്തിക്കും
പുതിയ പൂ കണ്ടു നിൻ പുകൾ വാഴ്ത്തും ഞാൻ.
അഴകേറും പൂവിൽ നീയലിഞ്ഞേകും തേ-
നഴലെന്യേ നുകർന്നാനന്ദമാർന്നുടൻ,
ഒഴിയാതോലും മണമാർന്ന തെന്നലിൻ
വഴിയേ നിൻ പുകൾ പാടിപ്പറക്കും ഞാൻ.
മുകളിൽ സൂര്യനും ചന്ദ്രനും വന്നിരു-
ളകലുമാറു പരത്തും കതിരൂടെ
പകലും രാവും പൊന്നോമനക്കുന്നേ, നിൻ
സകല ശോഭയും കണ്ടു രസിക്കും ഞാൻ.
നവംബർ 1915