ധർമ്മരാജാ/അദ്ധ്യായം പതിനെട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനെട്ട്


<poem>

[ 137 ]

അദ്ധ്യായം പതിനെട്ട്


“മിത്രപദവീഗതവിചിത്രമണികൂടനാ–
യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ.”


കനകകാന്തികൊണ്ടു കമനീയതരവും ഗുളമധുരികൊണ്ട് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെരുമാറിയും, ഘോരഘാതകന്മാരുടെ സ്വൈരവാസത്താൽ നരകതുല്യമായിരിക്കുന്ന പരമാർത്ഥലോകത്തിൽ കേവലം പരിചയശൂന്യമായും ഇരുന്ന കേശവൻകുഞ്ഞിന് കേശവപിള്ളയുടെ ഉപദേശങ്ങൾ സ്വാർത്ഥപരനും സ്ത്രീജിതനും ആയ ഒരു കുടിലവിടന്റെ കൃത്രിമങ്ങളാണെന്നു തോന്നിയപ്പോൾ, തനിക്കു നേരിട്ട ആപത്തിന്റെ ആരംഭത്തിൽ അയാളുടെ ഉള്ളിൽ അങ്കുരിച്ചമർന്നിരുന്ന വിശ്വവിദ്വേഷത്തിന് നവമായ ഒരു വിജൃംഭണം ഉണ്ടായി. എന്നാൽ ആ യുവാക്കന്മാരുടെ രസനായുദ്ധം അവസാനിച്ചപ്പോൾ, കേശവപിള്ള പ്രയോഗിച്ച അസ്ത്രങ്ങളിൽ ‘മീനാക്ഷി’ നാമലിഖിതമായ ഒന്നു മാത്രം ആ നാമത്തെ സദാ സ്മരിക്കുന്ന കേശവൻകുഞ്ഞിന്റെ ഹൃദയത്തിൽ ലാക്കിനു തറച്ച്, അവിടെ വസതികൊണ്ടു. പാർവതീശാപംകൊണ്ടു പാർത്ഥബാണങ്ങൾക്ക് രൂപാന്തരം ഉണ്ടായതുപോലെ, പൂവമ്പായി തന്റെ ഹൃത്തടത്തിൽ ലയിച്ച ആ സ്മരണയാലുണ്ടായ ആനന്ദത്തോടുകൂടി കേശവൻകുഞ്ഞ് നിദ്രാർത്ഥിയായി ശയനം ചെയ്തു. കുലീനയായ തന്റെ പ്രണയിനി അപരിചിതനും ദാസവൃത്തിയിൽ കാലക്ഷേപംചെയ്യുന്നവനുമായ ഒരു യുവാവിന്റെ സന്നിധിയിൽ പ്രവേശിച്ച് അന്തർജ്ജനവ്രതത്തെ ലംഘിച്ച വൃത്താന്തം അയാളുടെ മനസ്സിൽ രൂക്ഷമായ അഭ്യസൂയയെ ജനിപ്പിച്ചു. എന്നാൽ തന്റെ മനശുദ്ധതയക്ക് അർദ്ധാവകാശിനിയായി വരിക്കപ്പെട്ട കന്യക ദുരാചാരവർജ്ജിതമായ ചാരിത്രസങ്കേതമാണെന്നും അയാൾതന്നെ വിധിച്ചു. തനിക്കുള്ളതുപോലെയുള്ള നിഷ്കളങ്കതയും ധർമ്മനിഷ്ഠയും അന്യചിത്തങ്ങളേയും അലങ്കരിക്കാമെന്ന് നിർമ്മലമായ അയാളുടെ അന്തഃകരണം ഉപന്യസിച്ചതിനാൽ, വീണ്ടും പ്രശാന്തമായ അയാളുടെ ആത്മാവ് സുഷുപ്തിപദത്തെ ലക്ഷ്യമാക്കി പ്രയാണം തുടങ്ങി. എന്നാൽ, ജാഗ്രദവസ്ഥയിൽനിന്നു നിദ്രാപഥത്തിൽ ഗതി തുടങ്ങിയ അസ്തവിവേകനായ ആ ശരീരപാന്ഥൻ, മാർഗ്ഗമദ്ധസ്ഥമായ ഒരു ഗോപുരത്തിന്റെ കവാടങ്ങൾ സ്വയമേ നീങ്ങുകയാൽ പ്രത്യക്ഷമായ സ്വപ്നഭൂവിലേക്ക് ബലാൽ ആകർഷിക്കപ്പെട്ടു. അവിടെ, കണ്ഠ്യമായ വിസർഗ്ഗത്തിന്റെ ഉച്ചാരണത്തിൽ ‘ഹ’കാരവ്യക്തി ശരിയാവാത്തതിനെപ്പറ്റി അനുപദം ശാസിച്ചുകൊണ്ട് ശിഷ്യന്മാരുടെ നടുവിൽ ഇരിക്കുന്ന തന്റെ ഗുരുനാഥൻ ആദ്യത്തിൽ ദൃശ്യനാകുന്നു. ദക്ഷപ്രജാപതി ദീക്ഷിച്ചതുപോലുള്ള ഒരു മഹായാഗത്തിന്റെ ദർശനം അടുത്തപോലെ കേശവൻകുഞ്ഞിനെ ആനന്ദിപ്പിക്കുന്നു; ആ യജ്ഞകർമ്മത്തിൽ പുത്രക്ഷേമാർത്ഥം അച്ഛനായ ഉണ്ണിത്താൻ നവനിധികളെ ഗുരുസംഭാവനയായി ദാനം ചെയ്യുന്നു. സാംബദീക്ഷിതരായ അധ്വരിയുടെ ആശിസ്സോടുകൂടി അദ്ദേഹത്തിന്റെ കൈയിൽനിന്നു താൻ പ്രസാദത്തെ സ്വീകരിക്കുമ്പോൾ, പ്രിയതമയായ മീനാക്ഷി തന്റെ വാമഭാഗത്തെ അലങ്കരിക്കുന്നു. ഈ യജ്ഞത്തിന്റെ അവസാനത്തിൽ മീനാക്ഷിയുടെ പാണിഗ്രഹണമഹോത്സവം സപ്തപദീപര്യന്തം സമാപനംചെയ്യപ്പെടുന്നു. മീനാക്ഷിയുടെ കുസുമമൃദുലമായ കരസ്പർശനത്താൽ ഉൽഭൂതമായ നിബിഡാനന്ദം അയാളെ ഉന്മത്തനാക്കുകയാൽ, അനന്തരാനുഭവങ്ങൾ അസ്ഫുടങ്ങളായിത്തീരുന്നു. പരിണയത്തിനു മുമ്പ് തന്നോടു പ്രണയപരിഭവം കൂടാതെ വർത്തിപ്പാൻ കൃപ തോന്നിയ അവസരങ്ങളിൽ ലജ്ജാവതിയായിരുന്ന ആ നവോഢ ഇതാ ഈ സദസ്സിൽ വേശ്യാഭാവത്തിൽ തന്നെ സ്പർശിച്ച് തലോടി താലോലിക്കുന്നു. ഭർത്താവിന്റെ ഇംഗിതലംഘനമാകുന്ന കുലടാവൃത്തിയെ പരുഷകലുഷമായ ദൃഷ്ടിപാതത്താൽ താൻ ശാസനംചെയ്യുന്നു. ക്ഷീണമായ ദീപപ്രഭയിൽ തന്റെ കാന്തയുടെ ചന്ദ്രികാധവളമായ ലലാടവും ദണ്ഡദർപ്പണത്തിന്റെ തേജോവിപര്യത്താൽ ദ്വിഗുണിതപ്രഭയോടെ ശോഭിക്കുന്ന കൃഷ്ണവർണ്ണങ്ങളായ പുരികക്കൊടികളും പ്രസന്നശോഭയോടും ചടുലപ്രഭാവത്തോടും പ്രത്യക്ഷമാകുന്നു. വിദേശസ്ത്രീകളുടെ മാതിരിയിൽ [ 138 ] ശിരസ്സിനെ ആച്ഛാദനംചെയ്യുന്ന പട്ടുചേല കേശപാശത്തെ മറയ്ക്കുന്നുണ്ടെങ്കിലും ഈ ആവരണത്തെ അതിക്രമിച്ചു പ്രസരിക്കുന്ന അളകങ്ങളുടെ നീലവർണ്ണം ജാഗ്രദവസ്ഥയിലെ തന്മയത്വത്തോടുകൂടി ആ യുവാവിന്റെ ചേതസ്സിനെ പരമാഹ്ലാദപൂർണ്ണമാക്കുന്നു. പ്രണയമധുസരസ്സിൽ ഉല്പന്നമായ കനകകമലത്തിൽ നിന്നു മകരന്ദാപഹരണംചെയ്തു പൊങ്ങുന്ന ഭ്രമരങ്ങളെപ്പോലെ കരുണാകടാക്ഷപ്രചുരമായ നേത്രയുഗളം പ്രേമധാരാവർഷംകൊണ്ട് ആ അനുരാഗപരിതപന്റെ മനസ്സിനെ ശീതളമാക്കുന്നു. പ്രേമസ്യന്ദികളായ മധുരമന്ത്രങ്ങൾ, തന്റെ ജീവനായികയ്ക്കു സഹജമായുള്ള പ്രൗഢമഞ്ജുളതയാലും ലജ്ജകൊണ്ടുള്ള അസ്ഫുടതയാലും അയാളുടെ മനസ്സിനെ നിഷ്കരുണം വലയ്ക്കുന്നു. ആ സരളവചനങ്ങളെ വഹിക്കുന്ന ഓഷ്ഠാദിഭാഗം മുഖാർദ്ധവും ത്രപാപാരവശ്യംകൊണ്ടെന്നപോലെ പട്ടാംബരാന്തത്തിലെ സുവർണ്ണകോടിയിൽ നിലീനമായിരിക്കുന്നു. ചന്ദനാദിചർച്ചനംകൊണ്ട് അയാൾ പരമാനന്ദമഗ്നനായി പാർശ്വവർത്തിയായി പരിസേവനം ചെയ്യുന്ന സർവ്വാഭരണഭൂഷിതമായ വിഗ്രഹത്തിനു വശംവദനാകുന്നു. ശകടങ്ങളെ അതുകളുടെ നേതാക്കന്മാർ വാഹനശാലകളിൽനിന്നു പുറത്തിറക്കുമ്പോലെ താൻ ഒരു നിർജ്ജീവസത്വമായി തന്റെ ശയ്യാഗൃഹത്തിൽനിന്നു നയിക്കപ്പെട്ട് വൃഷ്ടിജലവാഹിയായുള്ള ഭൂമിയിലേക്കു നിഷ്ക്രമിപ്പിക്കപ്പെടുന്നു. നിശയുടെ നിഷ്പ്രകാശത കാർമേഘങ്ങളാലും തന്റെ നേത്രങ്ങൾക്കു സംഭവിച്ചിരിക്കുന്ന അന്ധത ഒരു വിഭ്രമമേഘത്താലും പാതാളതമസ്തുല്യമാക്കപ്പെടുന്നു. ഹരികഥാസദസ്യരിൽ ജളമതികളായ ചിലരുടെ ദർശനപ്രകാരം ഹരിപഞ്ചാനനശ്രീനാരദബ്രഹ്മർഷി ഹരിപഞ്ചാനനധ്രുവരാജകുമാരന്റെ കർണ്ണങ്ങളിൽ ശ്രീനാരായണ ധ്യാനമന്ത്രത്തെ ഉപദേശംചെയ്തനുഗ്രഹിച്ച മുഹൂർത്തത്തിൽ, കേശവപ്രഭുകുമാരന്റെ ശ്രവണരന്ധ്രങ്ങളിൽ ഒരു ബ്രഹ്മാണ്ഡഭ്രമണാരവം മുഴങ്ങിത്തുടങ്ങി. ജിഹ്വാമൂലം നിർഭരമായ ഘനത്തോടുകൂടി ശ്വാസസഞ്ചികാഗർത്തത്തിൽ അവഗാഹനംചെയ്തു. ആത്മജീവച്ഛക്തികൾ ഒരുക്ഷുദ്രദേവതയാലെന്നപോലെ സമൂലം ഛേദിക്കപ്പെട്ടു.

ജീവനും ആത്മാവും സമസ്തബാഹ്യേന്ദ്രിയങ്ങളും ചൈതന്യശൂന്യമായി ഭവിച്ചു എങ്കിലും, ആ യുവാവിന്റെ ബുദ്ധി എന്നുള്ള ശക്തി അന്യസത്യങ്ങളോടുള്ള ബന്ധം വേർപെട്ടും, വ്യാമോഹപഞ്ജരത്തിൽ ബന്ധിക്കപ്പെട്ടതുപോലെയും സ്വസ്ഥാനത്തെ അവലംബിച്ച് നിരുദ്ധവീര്യത്തോടെ പ്രവർത്തനംചെയ്തു. ജനിസാഗരത്തെ തരണംചെയ്തു പരലോകപ്രവേശനം ചെയ്യുന്നു എന്ന് ഒരു ബോധം അണുപ്രായമായിത്തീർന്നിരിക്കുന്ന ആ ബുദ്ധികേന്ദ്രത്തിൽ ജനിക്കുന്നു. ജീവശരീരത്തിൽനിന്നു യാതനാശരീരത്തിലേക്കു പരിവർത്തനം എത്രകാലംകൊണ്ടു നിവർത്തിക്കുമെന്ന് ആ ബുദ്ധിക്കു രൂപമുണ്ടാകുന്നില്ല. ഈ യാത്രയിൽ എത്ര പാന്ഥമന്ദിരിളിൽ താമസിച്ചു എന്നും, നശ്വരമായുള്ള തന്റെ അംശത്തിന് എങ്ങനെ പോഷണം സാധിച്ചു എന്നും, അയാൾക്കു വ്യക്തമാകുന്നില്ല. സകലവും അന്ധകാരമയവും സൂക്ഷ്മപ്രജ്ഞാതീതവും ആയിക്കഴിഞ്ഞു. . . പരലോകപ്രാന്തം സമീപിച്ചതുപോലെ ഇന്ദ്രിയമൗഢ്യങ്ങൾ നീങ്ങിത്തുടങ്ങി. സ്വപ്നാരംഭത്തിനു പൂർവമായുള്ള സ്ഥിതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുന്നതിനും അവയവങ്ങളെ ചലിപ്പിക്കുന്നതിനും ശക്യമായി. ശിരസ്സിനെ അവനമനംചെയ്യിക്കുന്നതായ ഒരു ലഘുഭാരവും, കർണ്ണപുടങ്ങളെ ശാന്തമായി ബാധിക്കുന്ന ഒരു മുരളീസ്വരവും പീഡാവശിഷ്ടങ്ങളായി അയാൾ അനുഭവിച്ചു. ബലാൽ പ്രാപിച്ചിരിക്കുന്ന നവലോകത്തിന്റെ സ്ഥിതികളെ അശ്ചര്യത്തോടുകൂടി പരിശോധനംചെയ്തു. അതിശീതളമായ ശിലാശയ്യയിന്മേൽ കുസുമമൃദുലമായ ഉപധാനത്തിന്റെ സഹായത്തോടുകൂടി താൻ സുഖശയനംചെയ്യുന്നു എന്ന് അയാൾക്കു ജ്ഞാനമുണ്ടായി. ഇന്ദ്രകാന്തശിലാനിർമ്മിതമായ ഒരു മണിയറയിൽ, ബാലതതികൾപോലെ വിഹരിക്കുന്ന മരുത്തുകളാൽ ആവൃതനായി, ചേതോഹർഷകങ്ങളായ പരിമളഭേദങ്ങളെ അനുഭവിച്ച്, അയാളുടെ ഹൃദയം പരമാനന്ദവ്യാപൃതമായി. അപ്സരസ്സുകളുടെ വർണ്ണാലാപങ്ങൾ എന്നു തോന്നുമാറ് നാനാപക്ഷിവർഗ്ഗങ്ങളുടെ ഉന്മേഷസഹിതമായ കൂജനങ്ങളും അയാളെ ആനന്ദിപ്പിച്ചു. ആ സംഗീതത്തിനു തംബുരുശ്രുതി എന്നവണ്ണം ഉപാന്തപ്രദേശത്തുള്ള ഒരു ചെറിയ അരുവിയിലെ ജലനിപാതം ധ്വനിച്ചുകൊണ്ടിരുന്നു. മണിമന്ദിരത്തിന്റെ ഒരു ഭാഗത്ത് ദൈർഘ്യം കൂടിയതും വിസ്താരം തുലോം [ 139 ] കുറഞ്ഞതുമായ ഒരു ജാലകനിര കാണപ്പെട്ടു. ആ ദ്വാരപങ്ക്തികളിൽക്കൂടി നാനാവർണ്ണമായുള്ള പുഷ്പവല്ലീദളാദികൾകൊണ്ട് അലംകൃതമായുള്ള ഗിരികന്യാവക്ഷസ്സെന്നപോലെ ഒരു ദിവ്യദർശനം ലബ്ധമായി. ആ ശ്യാമളാവിശ്വസ്വരൂപിണിയുടെ കിരീടവലയമെന്നപോലെ മേഘമണ്ഡലങ്ങളുടെ ഭാസ്വച്ചലനങ്ങളും ദൃഷ്ടമായി. ഈ നന്ദനാരാമത്തിന്റെ ദർശനത്തിൽ ജ്യേഷ്ഠപാണ്ഡവനായ ധർമ്മപുത്രരെപ്പോലെ താനും നരകത്തെ ദർശനംമാത്രംചെയ്ത് സാന്ദ്രാനന്ദനിബിഡമായുള്ള ഇന്ദ്രലോകത്തെ പ്രാപിച്ചിരിക്കുന്നു എന്ന് ആ കുമാരപണ്ഡിതൻ അല്പനേരം ഭ്രമിച്ചു.

ഇങ്ങനെയുള്ള ബോധങ്ങൾക്കു വിശദത ഉണ്ടായപ്പോൾ കേശവൻകുഞ്ഞ് തന്റെ ശരീരത്തേയും വസ്ത്രങ്ങളേയും ആഭരണങ്ങളേയും വിശേഷിച്ചും തന്നെ ആപത്തിൽ ചാടിച്ച കുണ്ഡലങ്ങളേയും പരിശോധിച്ചു. മരണാനന്തരം ആത്മാവിന്റെ വസതിക്ക് പരലോകസൃഷ്ടമായുള്ള ഒരു ശരീരത്തെ ദാനംചെയ്യുക മൃത്യുനിയമത്തിലെ ഒരു വ്യവസ്ഥയാണെന്നുവരികിലും, മൃതിപ്രാപ്തന്മാരുടെ വസ്ത്രാദ്യലങ്ങരണങ്ങൾക്കുകൂടി പരലോകഗതിയുണ്ടാകുന്നത് അസംഭവ്യമെന്നു തോന്നുകയാൽ താൻ സജീവനായി മനുഷ്യലോകത്തിൽത്തന്നെ തന്റെ സുഖങ്ങളെക്കൂടി കരുതുന്ന ജനങ്ങളുടെ അധീനത്തിൽ സ്ഥിതിചെയ്യുന്നു എന്ന് അയാൾ ക്ഷണത്തിൽ അനുമാനിച്ചു. ഇതിന്റെശേഷം ആ യുവാവിനാൽ പ്രഥമമായി അനുഷ്ഠിക്കപ്പെട്ടത് ഗാഢമായ ഒരു പ്രാർത്ഥനയായിരുന്നു. താൻ സ്ഥിതിചെയ്യുന്ന മുറിയുടെ ഒരുഭാഗത്തു കൂടി വെളിച്ചത്തിന്റെ പ്രവേശനമുണ്ടാകുന്നത് രണ്ടാൾപൊക്കത്തിൽ ഒരു കൈപോലും കടത്താൽ പാടില്ലാത്ത ഇടുങ്ങിയ ഒരു ജാലകനിരയിൽ കൂടിയാണെന്നു കാണപ്പെട്ടു. അതുകൊണ്ട് ആ നിലയനവും ഒരു ബന്ധനശാലതന്നെ ആയിരിക്കാമെന്ന് അയാൾ തിർച്ചയാക്കി. നാനാവർണ്ണങ്ങളായ പൂപ്പണികൾ ചെയ്തുള്ള പച്ചപ്പട്ടുകുപ്പായവും ശുഭ്രവർണ്ണമായ തലപ്പാവും ധരിച്ചുള്ള ഒരു ഗിരിരാജകുമാരനാണ് ജാലകങ്ങളിൽക്കൂടി കാണപ്പെട്ടതെന്നും, ആ ചെറുപർവ്വതനിരയിലെ നിബിഡമായ ലതാസഞ്ചയത്തിൽ സൂര്യരശ്മികൾ പതിച്ചുണ്ടാകുന്ന പ്രതിഫലനമാണ് ആ മണ്ഡപത്തിനു നീലസ്ഫടികത്തിന്റെ പ്രഭയെ നൽകുന്നതെന്നും ആ കാവ്യസമ്പന്നൻ വ്യാഖ്യാനിച്ചു. കായസുഖപ്രദങ്ങളായ ദിവ്യൗഷധതരുക്കളിൽ തടവി വരുന്ന വായു ധന്വന്തരിദേവനെപ്പോലെതന്നെ ആ കഷ്ടതയിൽ ശരീരസുഖത്തിന് അനുഗ്രഹിക്കുന്നു എന്നു ചിന്തിച്ച്, അയാൾ തന്റെ അച്ഛന്റെ ഇഷ്ടദേവതയായ ആ മൂർത്തിയെ മനസ്സുകൊണ്ടു സ്തോത്രംചെയ്തു. എന്നാൽ താൻ ആ സ്ഥലത്ത് എങ്ങനെ, ആരാൽ എന്തിനായി കൊണ്ടുപോരപ്പെട്ടു എന്നുള്ള ചോദ്യങ്ങളും ആ യുവാവിന്റെ മനസ്സിൽ ഉടനേ തന്നെ ഉൽപ്ലവനംചെയ്തു. താൻ തന്റെ അച്ഛനാലും അമ്മാവനാലും ബന്ധനത്തിൽനിന്നു മോചിക്കപ്പെട്ടിരുന്നുവെങ്കിൽ തനിക്കു ബോധക്ഷയവും അപ്പോഴത്തെ എകാന്തവസതിയും സംഭവിക്കുന്നതിന് ഇടയില്ലെന്ന് അയാൾ തീരുമാനിച്ചു. കേവലം ദ്രവ്യേച്ഛുക്കളായ ഖലന്മാരുടെ കൃത്യമാണെങ്കിൽ തന്റെ നിര്യാണം വരുത്തി കുണ്ഡലാദി സാധനങ്ങളെ അവർ അപഹരിക്കുമായിരുന്നു എന്നും അയാൾ വാദിച്ചു. തന്റെ ബന്ധമോചനത്തിനു സഹായിക്കാമെന്നു ഗുണദോഷിച്ച കേശവപിള്ള മീനാക്ഷിയെ അപഹരിപ്പാനായി, രാജസേവമൂലം അയാൾക്കുള്ള അധികാരത്തെ പ്രയോഗിച്ച് തന്നെ നിഗൂഹനംചെയ്തിരിക്കുന്നതാണെന്ന് നമ്മുടെ താർക്കികൻ അവസാനത്തിൽ തീർച്ചയാക്കി. പുഷ്പലോകത്തിൽ കണ്ണിന് ആനന്ദവും സ്ഫർശത്തിന് മാർദ്ദവശൈത്യങ്ങളും, ആസ്വദിച്ചാൽ മൃതിയും ചേർക്കുന്ന ചില വിഷപുഷ്പങ്ങളെന്നപോലെ കേശവപിള്ള മഹാദോഷസംക്രാമനായി ധർമ്മരാജ്യത്തിന്റെ പാപദശാഭരണം ചെയ്യുന്നു എന്നു ദൃക്കിനേയും പരഹിതത്തേയും ആസ്പദമാക്കി നിർണ്ണയിക്കയും ചെയ്തു. ആ ഘാതകന്റെ നിഷ്ഠൂരദുർന്നയത്തെ സൂക്ഷ്മഗ്രഹണം ചെയ്തിരിക്കുന്ന തനിക്ക് അതിനെ പ്രസിദ്ധമാക്കുവാനുള്ള സൗകര്യം നഷ്ടമായിപ്പോയിരിക്കുന്നതിനെക്കുറിച്ചു കേശവൻകുഞ്ഞു ക്ലേശിച്ചു. എന്നാൽ ഈ ചിന്തകൾ വേഗത്തിൽ മാറി തന്റെ മാതാപിതാക്കന്മാരുടേയും പ്രണയിനിയുടേയും ധ്യാനത്തിൽ പ്രവേശിച്ചു. ആ സമയത്തിൽ തന്റെ മുറിയുടെ വാതൽ തുറന്ന് രാജപദാതിയുടെ വേഷത്തിൽ ആയുധപാണിയായ ഒരുവൻ പ്രവേശിച്ച്, “ഒന്നു കുളിക്കണ്ടയോ?” എന്ന് അതിവിനീതനായി ചോദ്യം ചെയ്തു. കേശവപിള്ളയുടെ നേർക്കുണ്ടായ സംശയമുറച്ചു. തന്റെ [ 140 ] മുമ്പിൽ നിൽക്കുന്ന രാജഭടനെ ഹനിച്ചുകളകയോ എന്നുക്ഷീണനും നിരായുധനും ആയ നമ്മുടെ ബന്ധനസ്ഥൻ ആലോചിച്ചു. മറ്റുള്ളവരുടെ പാതകദൃഷ്ടാന്തങ്ങൾ തനിക്ക് അനുവർത്തനീയമല്ലെന്നുപേക്ഷിച്ച്, ദിവസേന രണ്ടു സന്ധ്യാസ്നാനം കഴിച്ചുവന്നിരുന്ന ആ യുവാവ് ആക്ഷണനത്തെ ഒരു മഹാസൗഭാഗ്യമായി സ്വീകരിച്ച്, പൂർണ്ണസമ്മതഭാവത്തിൽ എഴുന്നേറ്റ് ഭടന്റെ മുമ്പിലെത്തി. കട്ട്ളക്കൂട്ട് കരിങ്കല്ലുകൊണ്ടും, വാതൽ ആനയാലും തകർക്കാൻ കഴിയാത്തവിധത്തിൽ ഘനമുള്ള പലകകൊണ്ടും പണിചെയ്യപ്പെട്ടിട്ടുള്ള ദ്വാരത്തെക്കടന്ന് ദീർഘവും വക്രവും ആയുള്ള ഗുഹാന്തരങ്ങളെ തരണംചെയ്ത്, പുറത്തേക്കുള്ള പടിയിൽ പ്രവേശിച്ചു. “ഗജേന്ദ്രവൃന്ദം ഗഗനേ പറന്നാർ” എന്ന ശ്ലോകപദത്തെ യഥാർത്ഥമാക്കുവാൻ മതിയാകുന്ന ഊക്കോടുകൂടി വീശുന്ന കാറ്റുമേറ്റ്, പുറന്തളിമത്തിൽ ആ യുവാവ് നിലകൊണ്ടപ്പോൾ സാക്ഷാൽ വിശ്വരൂപദർശനംപോലെ പരമാനന്ദകരമായ ഒരു കാഴ്ച അയാൾക്കു ലഭിച്ചു. വിചിത്രവർണ്ണങ്ങളോടുകൂടിയ പുഷ്പങ്ങളേയും പക്ഷിവൃന്ദങ്ങളേയും വഹിക്കുന്ന തരുക്കൾ, നിബിഡതകൊണ്ട് ആ കൊടുങ്കാറ്റിലും നിശ്ചലമായി പ്രകാരപരമ്പരകൾ പോലെ മേഘമണ്ഡലപരിസരത്തിൽനിന്ന് സമഭൂമിവരെ ആച്ഛാദനംചെയ്തു നിൽക്കുന്നതിന്റെ മനോഹരത, വിശ്വകർമ്മാവിന്റെ മഹേന്ദ്രജാലത്തിനും ദുസ്സാധമായ ഒരു വിതാനമായി പരിലസിക്കുന്നു. അത്ഭുതപ്രസരംകൊണ്ട് കേശവൻകുഞ്ഞിന്റെ നേത്രങ്ങളെ തുറിപ്പിക്കുന്നതായ ഹരിതജ്യോതിസ്സ് കനകരജതാചലങ്ങളുടെ പ്രഭയേയും അസ്തമിപ്പിക്കുന്നു. ഇങ്ങനെയുള്ള പ്രകാരാന്തംമുതൽ ബഹുയോജനവിസ്താരമുള്ളതും സൂര്യപടത്താൽ ആസ്തൃതമെന്നപോലെ മനോഹരവുമായ ഈ രംഗത്തിൽ തരുരൂപിണികളായി വേഷനാനാത്വത്തെ അവലംബിച്ച് കേരളശ്രീ ദിവ്യനൃത്തം തുടരുന്നു. ലഘുനീലച്ഛവികലർന്നുള്ള ആകാശമണ്ഡപം മേൽക്കട്ടിയായും ശ്യാമളദ്യുതിയായ സമുദ്രം പുറംതിരശ്ശിലയായും, സ്വർണ്ണസ്തൂപികകളെ വഹിച്ച് അവിടവിടെ ഉയർന്നുകാണപ്പെടുന്ന ചില ഗോപുരങ്ങളും സൂര്യപ്രഭ തട്ടി പ്രകാശിക്കുന്ന ജലാശയദർപ്പണങ്ങളും സമുചിതരംഗസാമഗ്രികളായും, താൻ നിൽക്കുന്ന പർവതനിര രംഗവാസികളുടെ മഞ്ചസമുച്ചയമായും, ആ നൃത്തമണ്ഡപത്തെ അല1രിക്കുന്നു. ബഹുകാവ്യനാടകാദികളുടെ സാരസർവസ്വത്തിന്റെ അനുഭൂതിയെക്ഷണമാത്രംകൊണ്ടു സാധിപ്പിച്ച ആ പരമരമണീയമായ ആലോകത്തിൽ ഖലപ്രയുക്തമായി തന്നെ പീഡിപ്പിക്കുന്ന ബന്ധനാപനയവും ക്ഷന്തവ്യമെന്നു തോന്നി. അയാളുടെ ഹൃദയത്തിൽ സൃഷ്ടിമഹിമയെക്കുറിച്ചുള്ള അഭിനന്ദനം ഒന്നുമാത്രം ശേഷിക്കുന്നു. തന്റെ നേത്രങ്ങൾക്കു ഗോചരമാകുമ്പോലുള്ള സമതലവിസ്തൃതി നാഞ്ചിനാടാകുന്ന ഐശ്വര്യഖനിയും ഗഗനചാരികളാകുന്ന യക്ഷകിന്നരാദിവർഗ്ഗങ്ങളുടെ വിശ്രമാർത്ഥമെന്നതുപോലെ വിശേഷോന്നതിയോടു പൊങ്ങിനിൽക്കുന്ന ഗോപുരം മഹേന്ദ്രന്റെ പാപശാന്തിക്കായി ത്രിമൂർത്തികളുടെ സമ്മേളനത്താൽ ധന്യമായ സ്ഥാണുമാലയക്ഷേത്രത്തിന്റെ പുരോഭാഗവും ആയിരിക്കുമെന്നു കൽപിച്ചുകൊണ്ട് ആ സ്ഥലത്തെ ലക്ഷ്യമാക്കി ആ യുവാവ് പരമശിവപരമായ മാനസികപ്രണാമം ചെയ്തു. താൻ നിൽക്കുന്ന സ്ഥലം യോഗികളുടെ പ്രിയവാസദേശമായുള്ള മരുത്വാൻ എന്ന പുണ്യഗിരിയാണെന്നു നിശ്ചയിച്ചുകൊണ്ടും, അവിടത്തെ വാസം സർവൈശ്വര്യത്തിനും ആസ്പദമെന്നുള്ള വിരക്തിസിദ്ധാന്തത്തോടും അയാൾ സ്നാനവും ഭക്ഷണവും കഴിച്ചു. എങ്കിലും, തന്റെ കാരാഗൃഹത്തിനകത്തുള്ള ശീതളമായ ശിലാശയ്യയിന്മേൽ പിന്നെയും ശയനം ആരംഭിച്ചപ്പോൾ അയാളുടെ ഭ്രാന്തമായ യുവമനസ്സ് തന്റെ മാതാപിതാക്കന്മാരോടും മീനാക്ഷിയോടും പുനസ്സംഗമത്തിനു പ്രാരബ്ധപ്രാർത്ഥനം ആവുകയും ചെയ്തു.

കേശവൻകുഞ്ഞിന്റെ തിരോധാനസംഗതിയിൽ മഹാരാജാവ് ഉദാസീനനായും നന്തിയത്തുണ്ണിത്താൻ നിരുദ്യമനായും കാണപ്പെട്ടു എങ്കിലും രാജചാരന്മാരും വനസഞ്ചരണത്തിൽ പരിചിതന്മാരായ ഉണ്ണിത്താന്റെ ഭൃത്യന്മാരും തിരുവിതാംകൂറിൽ നാനാഭാഗങ്ങളിലും പരസ്യമായും ഗൂഢമായും ആ യുവാവിനെ ആരാഞ്ഞു. എന്നിട്ടും അപഹർത്താവ് ആരെന്നറിവാൻ ഒരു ലക്ഷ്യവും ആർക്കുംതന്നെ കിട്ടിയില്ല. ജനങ്ങളുടെ ഇടയിൽ അത്യന്തം സ്വാധീനമുള്ള ഒരു കക്ഷിയാൽ ആ യുവാവ് അപഹരിക്കപ്പെട്ടിരിക്കണമെന്ന്, ഈ തോലിയിൽനിന്നു മഹാരാജാവ് അനുമാനിച്ചു. അവിടത്തെ സേവകനായ കേശവപിള്ളയെ ആ സംഗതിയിലും [ 141 ] ബാധിച്ചുതുടങ്ങിയ ദുഷ്പ്രവാദത്തെ പരിഹരിക്കുന്നതിന്, അയാൾതന്നെ പുറപ്പെട്ട് ഒരന്വേ- ഷണംചെയ്‌വാൻ ഭാണ്ഡംമുറുക്കിയതിനെ പക്കീർസായുടെ ഗൂഢമായ ചില ഉപദേശങ്ങൾ പ്രതിബന്ധിച്ചു. കേശവപിള്ളയ്ക്ക് ആ ബന്ധുവിൽനിന്നു കിട്ടിയിടത്തോളം പരമാർത്ഥങ്ങളെ മഹാരാജപാദങ്ങളിൽ സമർപ്പണംചെയ്‌വാൻ അയാളുടെ ഹൃദയം കിതച്ചു. പക്കീർസായുടെ ‘കറി കിറി’ ഭോജനത്താൽ മുഴുതിങ്കൾപ്രമാണത്തേയും കവിഞ്ഞിരുന്ന അയാളുടെ മുഖത്തിനു തൽക്കാലത്തെ ഒരു കാർഷ്ണ്യച്ഛായകൊണ്ട് ഉപമാനത്തോടു സാമ്യസമ്പൂർത്തി സിദ്ധിക്കയാൽ ആ ആലോചനയും പ്രതിബന്ധി പ്പെട്ടു.

ദിവസങ്ങൾ കഴിഞ്ഞു. കേശവൻകുഞ്ഞിന്റെ രക്ഷാധികൃതനായ ഭടൻ നാഴികമണിയുടെ കൃത്യതയോടുകൂടി അയാളെ ദൈനംദിനാനുഷ്ഠാനങ്ങൾക്ക് ഇറക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനും ഹാജരായിവന്നു. രസാളാദികളായ ഭോജ്യവിഭവങ്ങളെല്ലാം വിദഗ്ദ്ധപചിതങ്ങളായിരുന്നു എങ്കിലും, വിരഹിയായ ആ യുവാവിന് അവ ‘നിവേദ്യ’മാത്രങ്ങളായി ഭവിച്ചു. തന്റെ കാലയാപനത്തിനായി തനിക്കു സകരുണം നൽകപ്പെട്ട വിശിഷ്ടഗ്രന്ഥങ്ങളെ ശാരീരികമായ സുഖോപഭോഗങ്ങളിൽ വൈരാഗ്യം ഉദിച്ചുതുടങ്ങിയ അയാളുടെ മനസ്സ് കാകനഖലേഖനങ്ങൾപോലെ നിരർത്ഥങ്ങളായി ഉപേക്ഷിച്ചു. അയാളുടെ മനസ്സു സർവകാലവും മീനാക്ഷിധ്യാനത്തിൽ ലീനമായി. പർവ്വതപാർശ്വങ്ങളെ അലങ്കരിക്കുന്ന വനകുസുമങ്ങളും മധുപസമൂഹവും വല്ലീസഞ്ചയങ്ങളും എന്നുവേണ്ട, സകലദൃശ്യങ്ങളും, മീനാക്ഷീസ്മരണത്തെ ഉൽപാദിപ്പിച്ചു. ആകാശത്തിൽ സഞ്ചരണം ചെയ്തു തങ്ങളുടെ നിഴലുകളെ ജാലകനിരകളിൽക്കൂടി കാരാഗൃഹത്തിൽ പതിപ്പിക്കുന്ന ഓരോ പക്ഷിയും സ്വകാമുകപരദേവതയായി ആ ഉപവനത്തിൽ സഞ്ചരിക്കുന്ന മീനാക്ഷിയുടെ ആത്മാവാണെന്നുള്ള ഒരു സങ്കൽപംകൊണ്ട് അയാൾ ആനന്ദിച്ചു. ക്രൗഞ്ചകോകിലാദികളുടെ കൂജനങ്ങൾ അയാളുടെ ശ്രവണപുടങ്ങളിൽ അവളുടെ മധുരഗീതത്തെ അനുസ്വരം പ്രതിധ്വനിപ്പിച്ചു. വർഷർത്തുവിലെ മഹാകാളിമയെ അവലംബിച്ച മേഘങ്ങൾ പാദാന്താവലംബിയായ കേശചാമരത്തെക്കുറിച്ചു ദാരുണമായ സ്മരണകളെ ഉദ്ധരിച്ചു. ആകാശത്തിൽ പ്രകാശിച്ച ഇന്ദ്രചാപത്തിന്റെ ഓരോ രേഖയും തന്റെ പ്രണയിനിയുടെ ഓരോ അംഗങ്ങളെക്കുറിച്ച് അയാളുടെ മനസ്സിൽ ഓരോ ഉൽപ്രക്ഷകളെ സംജാതമാക്കി, ത്രിഭുവനങ്ങളിലും വച്ച് ഉൽകൃംതരവും നിർവൃതികരവുമായ സ്ഥാനം മന്ത്രക്കൂടത്തു ഭവനത്തിലെ നാലുകെട്ടുതന്നെയെന്ന് അയാൾ നിർവിശങ്കം തീർച്ചപ്പെടുത്തി.

ആ യുവാവു പർവതവാസം ആരംഭിച്ചകാലത്ത് ശുക്ലാംബരച്ഛായയെ അവലംബിച്ചിരുന്ന മേഘങ്ങളും സാന്ദ്രമായ കാർഷ്ണ്യത്തെ അവലംബിച്ചു. ധാരമുറിയാതുള്ള കാലവർഷം ഉപാന്തദേശങ്ങളെല്ലാം ഭയങ്കരവും തന്റെ ബന്ധനമുറി ശിശിരതരവും ആക്കിത്തീർത്തു. കാലാവസ്ഥയുടെ ഭയാനകത്വത്തെ ബൃഹൽക്കരിക്കാനെന്നപോലെ ഇടിരവങ്ങളും ഗിരിമകുടങ്ങളിടയിൽ ദേവഡിംഡിമംപോലെ മുഴങ്ങി. അസ്തമയസന്ധ്യ പരിതാപമാന്ദ്യത്തോടെന്നപോലെ ദീർഘഗമനം ചെയ്ത് നിശാന്ധകാരത്തോടു സന്ധിച്ചു. മേഘങ്ങൾ വിസർജ്ജിക്കുന്ന വർഷധാരകൾ സാധ്വിയായ തന്റെ മാതാവിന്റെ ശോകാതിരേകത്തേയും, പ്രകൃതികോപത്തിന്റെ ലക്ഷണങ്ങൾ പിതാവായ ഉദ്ധതപ്രഭുവിന്റെ പ്രൗഢമായ പ്രതിക്രിയാസാഹസങ്ങളേയും സ്മരിപ്പിച്ചു. അഴിഞ്ഞുലഞ്ഞുള്ള കേശത്തോടും അതിമലിനങ്ങളായ വസ്ത്രങ്ങളോടും ഭക്ഷണനിദ്രാദിസുഖങ്ങളെ പരിത്യജിച്ചും അത്യാധിവശയായി പരിദേവനംചെയ്യുന്ന മാതാവിനെ മനസാ സന്ദർശിച്ചപ്പോൾ മാതൃകമായ തന്റെ ദുർബലതയെ പ്രത്യക്ഷീകരിച്ച് ആ പൗരുഷമനസ്കൻ ബാലനെപ്പോലെ കേണുതുടങ്ങി. എന്നാൽ പുത്രവിരഹ ദുഃഖത്തിലും തന്റെ പൗരുഷത്തെ പരിത്യജിക്കാതെ നാടും കാടും ആരാഞ്ഞ് തന്നെ ആപത്തിൽനിന്നു മോചിപ്പാൻ അച്ഛൻ നിരന്തരശ്രമനായി പുറപ്പെടുമെന്ന് അയാൾ ധൈര്യപ്പെട്ടു. മഹാരാജാവിന്റെ പദാതികളാൽ ആ ബന്ധനസ്ഥലം പരിപാലനംചെയ്യപ്പെടുന്നതുകൊണ്ട് അവിടന്നു തന്റെ ഗതിയെ അറിവാൻ സംഗതിയാവുകയും, തനിക്കു മോചനമുണ്ടാക്കുകയും ചെയ്യുമെന്നും അയാൾ നിർണ്ണയിച്ചു. എല്ലാ ചിന്തകൾക്കും ഉപരിയായി തന്റെ ഇന്ദ്രിയങ്ങൾക്കു ഗോചരമാകുന്ന ഋതുപ്രകോപങ്ങൾ തന്റെ വൈരികളുടെ ശിരസ്സിൽ പതിക്കാറായിരിക്കുന്ന ദൈവശിക്ഷയുടെ ലക്ഷ്യങ്ങളാണെന്നുള്ള തത്വം അയാളെ സ്ഥിരപ്രതിജ്ഞനാക്കി. [ 142 ] ആ യുവാവിന്റെ പരിചരനായ ഭടൻ ദിനാന്തരംകൊണ്ട്, വിശ്വസ്തഭാവത്തെ കൈക്കൊണ്ട് ഗുണദോഷങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് തനിക്ക് അവകാശമുണ്ടെന്നു നടിച്ചുതുടങ്ങി. ബന്ധനസ്ഥനായ യുവാവിന്റെ കാരണവരായ ചന്ത്രക്കാറപ്രഭു ശുപാർശചെയ്ത്, ഉപജീവനമാർനമായി താൻ വഹിക്കുന്ന ഉദ്യോഗം തനിക്കു കിട്ടീട്ടുള്ളതാണെന്നും, അതിനാൽ ആ യുവാവിന്റെ ആശ്രിതനായും തന്നെ കരുതണമെന്നും, അയാൾ കേശവൻകുഞ്ഞിനെ ധരിപ്പിച്ചു. തന്റെ കാരണവന്റെ ഔദാര്യത്തെ അതുവരെ അനുസ്മരിക്കാതെ, ആ ഭടൻ നവമായ ഒരു അവസ്ഥാഭേദത്തെ തുടരുന്നതുപോലെ സൗജന്യസംഭാഷണത്തിനു പെട്ടെന്ന് ആരംഭിച്ച പുറപ്പാടിനെ കേശവപിള്ളയുടെ കൃത്രിമപ്രേരണയായിരിക്കാമെന്ന് കേശവൻകുഞ്ഞു വ്യാഖ്യാനിച്ചു. അടുത്ത് ഒരുദിവസം ഭക്ഷണസമയത്ത് കേശവൻകുഞ്ഞിന്റെ അച്ഛനോ അമ്മാവനോ മേൽവിലാസംവച്ച് ഒരു സന്ദേശത്തെ കൊടുക്കുന്നെങ്കിൽ, ആയതിനെ ഭദ്രമായി മേൽവിലാസസ്ഥാനത്ത് എത്തിക്കാൻ താൻ ഏൽക്കുന്നു എന്ന് ആ ഭടൻ ചാമുണ്ഡേശ്വരിയെക്കൊണ്ടുതന്നെ സത്യംചെയ്തു. കേശവൻകുഞ്ഞ് ഇതിനുത്തരമായി തന്റെ പുരോഭാഗത്ത് അഭേദ്യപ്രാകാരമായി കാണപ്പെടുന്ന പർവ്വതത്തിന്റെ നിശ്ചലതയെ കൈക്കൊണ്ട് ഇരിക്കുന്നതേയുള്ളു. തന്റെ ഒരു ഉദ്യമവും നിഷ്ഫലമെന്നു കണ്ടതിനാൽ, ആ ഭടൻ മറ്റൊരുദിവസം ഗുണദോഷവുംകൊണ്ടു പുറപ്പാടായി. യുവാവിനുതന്നെ അറിവുള്ളപ്രകാരം ചന്ത്രക്കാറമഹാരാജന്റെ ഗുരുപാദരും, നവകിംവദന്തിപ്രകാരം മഹാരാജാവു തിരുമനസ്സിലെ അർദ്ധാസനാവകാശിയും ഉണ്ണിത്താൻപ്രഭുവിന്റെ ആത്മമിത്രവും ആയുള്ള ഹരിപഞ്ചാനനയോഗീശ്വരനെ ശരണംപ്രാപിച്ചാൽ തൽക്കാലാപത്തുകൾക്കു നിശ്ചയമായി നിവാരണമുണ്ടാകുമെന്ന് ഒരു സൂചകത്തെ ഉദാരഭാവത്തിൽ ആ ഭടൻ പുറപ്പെടുവിച്ചു. ആ ഗുണദോഷത്തെ മൂളിക്കേൾക്കുന്നതിനുപോലും കേശവൻകുഞ്ഞ് കനിഞ്ഞില്ല. അടുത്തദിവസം യോഗീശ്വരന്റെ പ്രതാപവൈഭവങ്ങളേയും ജനസ്വാധീനത്തേയും ആ വിടുവായൻ വർണ്ണിച്ചുതുടങ്ങി. അടുത്തുള്ള പർവ്വതനിരകളെ കഴുകി കടലാടിക്കാനെന്നപോലെ വന്മഴ ചൊരിയുകയാൽ, ആ ആരവത്തിനിടയിൽ ഭടന്റെ നിർബന്ധോപദേശങ്ങൾ നിഷ്ഫലശബ്ദക്ഷോഭങ്ങളായി പരിണമിച്ചു. അന്നത്തെ സന്ധ്യാഭക്ഷണസമയത്തും നിർബന്ധശീലനായ ഭടൻ, നിയമമായി ചമഞ്ഞുതുടങ്ങിയ ഗുണദോഷോപദേശക്കളരിയിൽ കയറി, അരയും തലയും മുറുക്കി ചുവടു പലതുംവച്ചു. തന്റെ സ്ഥിതിക്ക് ആ ഭടൻ സമരയോഗ്യനല്ലെങ്കിലും, തനിക്ക് നിരന്തരോപദ്രവിയായിത്തീർന്നിരിക്കുന്നതിനാൽ അവന്ന് ഒരു ചെറുപാഠത്തെ നൽകുവാൻ കേശവൻകുഞ്ഞ് ഒട്ടൊന്നു മുതിർന്നു. കേശവപിള്ളയോടു പ്രയോഗിച്ച പണ്ഡിതസ്വരത്തിലല്ലാതെ ഇടനാടൻ മാടമ്പിയുടെ യാത്രകളിസോപാനമട്ടിൽ, നായർസാമന്തനു ചേരുന്ന പരിഷ്കൃതിയോടുകൂടി, ഇങ്ങനെ തുടങ്ങി: “എടോ! തനിക്കേ, എന്നെ രക്ഷിക്കാൻ താൽപര്യമുണ്ടെങ്കിലേ, ഇത്രയൊക്കെ ഞെരുക്കി ഗുണദോഷിക്കണോ? ഞാൻ എഴുതീട്ടേ, എന്റെ വർത്തമാനം അച്ഛനെയൊ അമ്മാവനെയോ, അറിയിക്കാവൂ? അതിനെക്കാൾ തനിക്കുതന്നെ രണ്ടുവരി, താൻ നടിക്കുന്നിടത്തോളം കൃതജ്ഞനാണെങ്കിൽ, എഴുതിച്ചാണ്ടിക്കളഞ്ഞുകളയരുതേ? താൻ കൊണ്ടുവരുന്ന ചോറിനെ ഞാൻ എത്ര ധൈര്യത്തോടുകൂടി ഉണ്ണുണൂ എന്നു താൻ കാണുന്നില്ലേ? എല്ലാത്തിലും വലുതായ ആപത്ത് മരണമല്ലേ? അതിനെപ്പോലും ഞാൻ ഭയപ്പെടുന്നോ? പറയൂ, തോന്നുന്നതെന്തെന്ന്? ഭയപ്പെടുന്ന ആളാണെങ്കിൽ, ഓരോ നേരത്തും തന്നെ ഊട്ടീട്ടല്ലാതെ ഒരു വേള തൊടുമായിരുന്നോ? കണ്ടാൽ സാരി എടുക്കാൻകൊള്ളുന്ന പെൺകോലമെന്നു തനിക്കു തോന്നീട്ടുണ്ട്—ഇല്ലേ? അങ്ങനെ ശുദ്ധഗതികൊണ്ട്—ആ—തോന്നിപ്പോകും, ചില പ്രമാണികൾക്കും. എന്താ പറവാൻ തുടങ്ങിയത്? അതതേ തന്റെ യോഗീശ്വരൻ—അദ്ദേഹത്തിനെ ഞാനും കണ്ടിട്ടുണ്ട്. എടോ—ചില ഗ്രന്ഥങ്ങളുടെ സാരം സംഗ്രഹം കൊണ്ടുതന്നെ അറിയാം. അതുകൊണ്ട്, അദ്ദേഹത്തിന്റെ കഥ കിടക്കട്ടെ. തന്നെ ഈ കുപ്പായമിടീച്ച കൂട്ടക്കാരുടെ കഥ ആദ്യം എടുക്കാം, അവരിൽ ചിലരേയും ഞാൻ കണ്ടിട്ടുണ്ട്.” (ഇവിടം ആയപ്പോൾ സ്വരം ഒന്നു മാറി) “രാജ്യത്തെ പുലർത്തുന്നവരെന്നു നടിക്കുന്ന കൊമ്പശ്ശന്മാരിൽ ചിലരുടെ യോഗ്യതകൾ ഞാനും കുറച്ചു മനസ്സിലാക്കിയിട്ടുണ്ട്. നരകംതന്നെ ലജ്ജിച്ചു പാതാളത്തിൽ മറഞ്ഞു കളഞ്ഞിരിക്കുന്നത് എന്തുകൊണ്ടെന്നു താൻ അറിയുന്നോ? എല്ലെങ്കിൽ വേണ്ട. ആ ധർമ്മദ്രാഹികളും ദീർഘായുസ്സോടിരിക്കട്ടെ—പരമകാരുണികനായ തിരുമേനിയുടെ ധാർമ്മികത്വം എനിക്കു ശരണമുണ്ട്; സാക്ഷാൽ വിശ്വസ്വരൂപിണി എന്നെ കൈവെടിയുകയുമില്ല. ആഭാസവൃത്തിയോ ആജ്ഞതയോ ആയുള്ള പടുകുഴിയിൽ അല്ലാ ഞാൻ വേരോടി വളർന്നിരിക്കുന്നത്. ഈശ്വരൻ എന്നൊന്നുണ്ടെന്നു താൻ കേട്ടിട്ടില്ലേ? ഇല്ലെങ്കിലും ഉണ്ടെങ്കിലും ചില പരമോപദേശങ്ങൾ എന്റെ മനസ്സിനു ദീപങ്ങളായി വിളങ്ങുന്നുണ്ട്. ആ ദീപം എനിക്കു കാട്ടിത്തരുന്ന മാർഗ്ഗത്തെ, ശുഭമാകട്ടെ, അശുഭമാകട്ടെ, ഞാൻ തുടരും. അത്രയ്ക്കേ എനിക്കു വൈഭവമുള്ളു. ഇനി തന്റെ ഹരിപഞ്ചാനനസ്വാമികളുടെ കഥ കേൾക്കൂ! യമഘാതകാന്തകൻ എന്നുള്ള സ്ഥാനപ്പേര് ആർക്കെങ്കിലും ചേരുന്നുണ്ടെങ്കിൽ ആ ബ്രഹ്മരാക്ഷസനാണ്. ‘ഹരി ’ശബ്ദംമാത്രംകൊണ്ട് അയാളുടെ ദുഷ്ടതയ്ക്കു പോരാത്തതിനാൽ, ‘പഞ്ചാനന’ശബ്ദംകൂടി ആ പേരോടു ചേർത്ത ആൾ എന്തു സരസൻ! അദ്ദേഹത്തിന്റെ പാദങ്ങളെ ശരണംപ്രാപിക്കയെക്കാൾ,—ഒരു സാധുവായ കന്യകയെ കണ്ടപ്പോൾ വിഭ്രമിച്ചു പറന്നെത്തിയ ചപലസന്യാസി—അമ്മാവൻ പക്ഷേ, ദുരാഗ്രഹിയെങ്കിലും, അദ്ദേഹത്തെ വട്ടംകറക്കാൻ എത്തിയിരിക്കുന്ന വഞ്ചകസന്യാസി—എടോ! ദൈവം എനിക്കും രണ്ടു കണ്ണു തന്നിട്ടുണ്ട്—ആ ബ്രഹ്മാണ്ഡസമ്രാട്ട് ചിലമ്പിനേത്തു മാളികയിൽ പള്ളിയമർന്നരുളുമ്പോളല്ലേ, കാശുതെണ്ടിത്തിരിയുന്ന മുന്തിയറുപ്പനെപ്പോലെ എന്നെ പിടികൂടി തന്റെ കൂട്ടുകാർ കൊണ്ടുപോന്നത്? അന്നു തന്റെ ഹരിപഞ്ചാസ്യസ്വാമികളുടെ വിക്രമം, രാജസേവ, അനുഗ്രഹശക്തി— ”കേശവൻകുഞ്ഞിന്റെ വാക്പടുത അസ്തമിച്ചു. അയാളുടെ പ്രസംഗം ആ യുവാവിന്റെ ജീവനോടുകൂടി ഉദരപാദങ്ങൾ മാർഗ്ഗമായി ആ ശിലാതളിമത്തെ ഭേദനംചെയ്ത് പാതാളമാർഗ്ഗമേ പലായനംചെയ്തു. തന്നെക്കുറിച്ചുള്ള പരുഷഭത്സനങ്ങൾ ദിവ്യശ്രോതങ്ങളാൽ ശ്രവണംചെയ്തിട്ടെന്നപോലെ ഹരിപഞ്ചാനനബ്രഹ്മജ്ഞൻ സ്വർണ്ണസങ്കാശനായി പ്രത്യക്ഷീകരിച്ച്, ആ കല്ലറയെ ദീപാരാധനാസമയത്തുള്ള ശ്രീകോവിൽപോലെ ഭാസമാനമാക്കി. ആ രംഗത്തിന്റെ ഉപക്രമണത്തിനു വിദൂഷകനായി പുറപ്പെട്ടിരുന്ന രാജഭടൻ കേശവൻകുഞ്ഞിന്റെ പ്രാഗത്ഭ്യങ്ങളെ അനുധാവനംചെയ്തതുപോലെ, നിന്നിരുന്ന സ്ഥലത്തുതന്നെ അവഗാഹനംചെയ്ത്, അപ്രത്യക്ഷനായി.