Jump to content

താൾ:Dharmaraja.djvu/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാധിച്ചുതുടങ്ങിയ ദുഷ്പ്രവാദത്തെ പരിഹരിക്കുന്നതിന്, അയാൾതന്നെ പുറപ്പെട്ട് ഒരന്വേ- ഷണംചെയ്‌വാൻ ഭാണ്ഡംമുറുക്കിയതിനെ പക്കീർസായുടെ ഗൂഢമായ ചില ഉപദേശങ്ങൾ പ്രതിബന്ധിച്ചു. കേശവപിള്ളയ്ക്ക് ആ ബന്ധുവിൽനിന്നു കിട്ടിയിടത്തോളം പരമാർത്ഥങ്ങളെ മഹാരാജപാദങ്ങളിൽ സമർപ്പണംചെയ്‌വാൻ അയാളുടെ ഹൃദയം കിതച്ചു. പക്കീർസായുടെ ‘കറി കിറി’ ഭോജനത്താൽ മുഴുതിങ്കൾപ്രമാണത്തേയും കവിഞ്ഞിരുന്ന അയാളുടെ മുഖത്തിനു തൽക്കാലത്തെ ഒരു കാർഷ്ണ്യച്ഛായകൊണ്ട് ഉപമാനത്തോടു സാമ്യസമ്പൂർത്തി സിദ്ധിക്കയാൽ ആ ആലോചനയും പ്രതിബന്ധി പ്പെട്ടു.

ദിവസങ്ങൾ കഴിഞ്ഞു. കേശവൻകുഞ്ഞിന്റെ രക്ഷാധികൃതനായ ഭടൻ നാഴികമണിയുടെ കൃത്യതയോടുകൂടി അയാളെ ദൈനംദിനാനുഷ്ഠാനങ്ങൾക്ക് ഇറക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനും ഹാജരായിവന്നു. രസാളാദികളായ ഭോജ്യവിഭവങ്ങളെല്ലാം വിദഗ്ദ്ധപചിതങ്ങളായിരുന്നു എങ്കിലും, വിരഹിയായ ആ യുവാവിന് അവ ‘നിവേദ്യ’മാത്രങ്ങളായി ഭവിച്ചു. തന്റെ കാലയാപനത്തിനായി തനിക്കു സകരുണം നൽകപ്പെട്ട വിശിഷ്ടഗ്രന്ഥങ്ങളെ ശാരീരികമായ സുഖോപഭോഗങ്ങളിൽ വൈരാഗ്യം ഉദിച്ചുതുടങ്ങിയ അയാളുടെ മനസ്സ് കാകനഖലേഖനങ്ങൾപോലെ നിരർത്ഥങ്ങളായി ഉപേക്ഷിച്ചു. അയാളുടെ മനസ്സു സർവകാലവും മീനാക്ഷിധ്യാനത്തിൽ ലീനമായി. പർവ്വതപാർശ്വങ്ങളെ അലങ്കരിക്കുന്ന വനകുസുമങ്ങളും മധുപസമൂഹവും വല്ലീസഞ്ചയങ്ങളും എന്നുവേണ്ട, സകലദൃശ്യങ്ങളും, മീനാക്ഷീസ്മരണത്തെ ഉൽപാദിപ്പിച്ചു. ആകാശത്തിൽ സഞ്ചരണം ചെയ്തു തങ്ങളുടെ നിഴലുകളെ ജാലകനിരകളിൽക്കൂടി കാരാഗൃഹത്തിൽ പതിപ്പിക്കുന്ന ഓരോ പക്ഷിയും സ്വകാമുകപരദേവതയായി ആ ഉപവനത്തിൽ സഞ്ചരിക്കുന്ന മീനാക്ഷിയുടെ ആത്മാവാണെന്നുള്ള ഒരു സങ്കൽപംകൊണ്ട് അയാൾ ആനന്ദിച്ചു. ക്രൗഞ്ചകോകിലാദികളുടെ കൂജനങ്ങൾ അയാളുടെ ശ്രവണപുടങ്ങളിൽ അവളുടെ മധുരഗീതത്തെ അനുസ്വരം പ്രതിധ്വനിപ്പിച്ചു. വർഷർത്തുവിലെ മഹാകാളിമയെ അവലംബിച്ച മേഘങ്ങൾ പാദാന്താവലംബിയായ കേശചാമരത്തെക്കുറിച്ചു ദാരുണമായ സ്മരണകളെ ഉദ്ധരിച്ചു. ആകാശത്തിൽ പ്രകാശിച്ച ഇന്ദ്രചാപത്തിന്റെ ഓരോ രേഖയും തന്റെ പ്രണയിനിയുടെ ഓരോ അംഗങ്ങളെക്കുറിച്ച് അയാളുടെ മനസ്സിൽ ഓരോ ഉൽപ്രക്ഷകളെ സംജാതമാക്കി, ത്രിഭുവനങ്ങളിലും വച്ച് ഉൽകൃംതരവും നിർവൃതികരവുമായ സ്ഥാനം മന്ത്രക്കൂടത്തു ഭവനത്തിലെ നാലുകെട്ടുതന്നെയെന്ന് അയാൾ നിർവിശങ്കം തീർച്ചപ്പെടുത്തി.

ആ യുവാവു പർവതവാസം ആരംഭിച്ചകാലത്ത് ശുക്ലാംബരച്ഛായയെ അവലംബിച്ചിരുന്ന മേഘങ്ങളും സാന്ദ്രമായ കാർഷ്ണ്യത്തെ അവലംബിച്ചു. ധാരമുറിയാതുള്ള കാലവർഷം ഉപാന്തദേശങ്ങളെല്ലാം ഭയങ്കരവും തന്റെ ബന്ധനമുറി ശിശിരതരവും ആക്കിത്തീർത്തു. കാലാവസ്ഥയുടെ ഭയാനകത്വത്തെ ബൃഹൽക്കരിക്കാനെന്നപോലെ ഇടിരവങ്ങളും ഗിരിമകുടങ്ങളിടയിൽ ദേവഡിംഡിമംപോലെ മുഴങ്ങി. അസ്തമയസന്ധ്യ പരിതാപമാന്ദ്യത്തോടെന്നപോലെ ദീർഘഗമനം ചെയ്ത് നിശാന്ധകാരത്തോടു സന്ധിച്ചു. മേഘങ്ങൾ വിസർജ്ജിക്കുന്ന വർഷധാരകൾ സാധ്വിയായ തന്റെ മാതാവിന്റെ ശോകാതിരേകത്തേയും, പ്രകൃതികോപത്തിന്റെ ലക്ഷണങ്ങൾ പിതാവായ ഉദ്ധതപ്രഭുവിന്റെ പ്രൗഢമായ പ്രതിക്രിയാസാഹസങ്ങളേയും സ്മരിപ്പിച്ചു. അഴിഞ്ഞുലഞ്ഞുള്ള കേശത്തോടും അതിമലിനങ്ങളായ വസ്ത്രങ്ങളോടും ഭക്ഷണനിദ്രാദിസുഖങ്ങളെ പരിത്യജിച്ചും അത്യാധിവശയായി പരിദേവനംചെയ്യുന്ന മാതാവിനെ മനസാ സന്ദർശിച്ചപ്പോൾ മാതൃകമായ തന്റെ ദുർബലതയെ പ്രത്യക്ഷീകരിച്ച് ആ പൗരുഷമനസ്കൻ ബാലനെപ്പോലെ കേണുതുടങ്ങി. എന്നാൽ പുത്രവിരഹ ദുഃഖത്തിലും തന്റെ പൗരുഷത്തെ പരിത്യജിക്കാതെ നാടും കാടും ആരാഞ്ഞ് തന്നെ ആപത്തിൽനിന്നു മോചിപ്പാൻ അച്ഛൻ നിരന്തരശ്രമനായി പുറപ്പെടുമെന്ന് അയാൾ ധൈര്യപ്പെട്ടു. മഹാരാജാവിന്റെ പദാതികളാൽ ആ ബന്ധനസ്ഥലം പരിപാലനംചെയ്യപ്പെടുന്നതുകൊണ്ട് അവിടന്നു തന്റെ ഗതിയെ അറിവാൻ സംഗതിയാവുകയും, തനിക്കു മോചനമുണ്ടാക്കുകയും ചെയ്യുമെന്നും അയാൾ നിർണ്ണയിച്ചു. എല്ലാ ചിന്തകൾക്കും ഉപരിയായി തന്റെ ഇന്ദ്രിയങ്ങൾക്കു ഗോചരമാകുന്ന ഋതുപ്രകോപങ്ങൾ തന്റെ വൈരികളുടെ ശിരസ്സിൽ പതിക്കാറായിരിക്കുന്ന ദൈവശിക്ഷയുടെ ലക്ഷ്യങ്ങളാണെന്നുള്ള തത്വം അയാളെ സ്ഥിരപ്രതിജ്ഞനാക്കി.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/141&oldid=158407" എന്ന താളിൽനിന്ന് ശേഖരിച്ചത്