താൾ:Dharmaraja.djvu/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുറഞ്ഞതുമായ ഒരു ജാലകനിര കാണപ്പെട്ടു. ആ ദ്വാരപങ്ക്തികളിൽക്കൂടി നാനാവർണ്ണമായുള്ള പുഷ്പവല്ലീദളാദികൾകൊണ്ട് അലംകൃതമായുള്ള ഗിരികന്യാവക്ഷസ്സെന്നപോലെ ഒരു ദിവ്യദർശനം ലബ്ധമായി. ആ ശ്യാമളാവിശ്വസ്വരൂപിണിയുടെ കിരീടവലയമെന്നപോലെ മേഘമണ്ഡലങ്ങളുടെ ഭാസ്വച്ചലനങ്ങളും ദൃഷ്ടമായി. ഈ നന്ദനാരാമത്തിന്റെ ദർശനത്തിൽ ജ്യേഷ്ഠപാണ്ഡവനായ ധർമ്മപുത്രരെപ്പോലെ താനും നരകത്തെ ദർശനംമാത്രംചെയ്ത് സാന്ദ്രാനന്ദനിബിഡമായുള്ള ഇന്ദ്രലോകത്തെ പ്രാപിച്ചിരിക്കുന്നു എന്ന് ആ കുമാരപണ്ഡിതൻ അല്പനേരം ഭ്രമിച്ചു.

ഇങ്ങനെയുള്ള ബോധങ്ങൾക്കു വിശദത ഉണ്ടായപ്പോൾ കേശവൻകുഞ്ഞ് തന്റെ ശരീരത്തേയും വസ്ത്രങ്ങളേയും ആഭരണങ്ങളേയും വിശേഷിച്ചും തന്നെ ആപത്തിൽ ചാടിച്ച കുണ്ഡലങ്ങളേയും പരിശോധിച്ചു. മരണാനന്തരം ആത്മാവിന്റെ വസതിക്ക് പരലോകസൃഷ്ടമായുള്ള ഒരു ശരീരത്തെ ദാനംചെയ്യുക മൃത്യുനിയമത്തിലെ ഒരു വ്യവസ്ഥയാണെന്നുവരികിലും, മൃതിപ്രാപ്തന്മാരുടെ വസ്ത്രാദ്യലങ്ങരണങ്ങൾക്കുകൂടി പരലോകഗതിയുണ്ടാകുന്നത് അസംഭവ്യമെന്നു തോന്നുകയാൽ താൻ സജീവനായി മനുഷ്യലോകത്തിൽത്തന്നെ തന്റെ സുഖങ്ങളെക്കൂടി കരുതുന്ന ജനങ്ങളുടെ അധീനത്തിൽ സ്ഥിതിചെയ്യുന്നു എന്ന് അയാൾ ക്ഷണത്തിൽ അനുമാനിച്ചു. ഇതിന്റെശേഷം ആ യുവാവിനാൽ പ്രഥമമായി അനുഷ്ഠിക്കപ്പെട്ടത് ഗാഢമായ ഒരു പ്രാർത്ഥനയായിരുന്നു. താൻ സ്ഥിതിചെയ്യുന്ന മുറിയുടെ ഒരുഭാഗത്തു കൂടി വെളിച്ചത്തിന്റെ പ്രവേശനമുണ്ടാകുന്നത് രണ്ടാൾപൊക്കത്തിൽ ഒരു കൈപോലും കടത്താൽ പാടില്ലാത്ത ഇടുങ്ങിയ ഒരു ജാലകനിരയിൽ കൂടിയാണെന്നു കാണപ്പെട്ടു. അതുകൊണ്ട് ആ നിലയനവും ഒരു ബന്ധനശാലതന്നെ ആയിരിക്കാമെന്ന് അയാൾ തിർച്ചയാക്കി. നാനാവർണ്ണങ്ങളായ പൂപ്പണികൾ ചെയ്തുള്ള പച്ചപ്പട്ടുകുപ്പായവും ശുഭ്രവർണ്ണമായ തലപ്പാവും ധരിച്ചുള്ള ഒരു ഗിരിരാജകുമാരനാണ് ജാലകങ്ങളിൽക്കൂടി കാണപ്പെട്ടതെന്നും, ആ ചെറുപർവ്വതനിരയിലെ നിബിഡമായ ലതാസഞ്ചയത്തിൽ സൂര്യരശ്മികൾ പതിച്ചുണ്ടാകുന്ന പ്രതിഫലനമാണ് ആ മണ്ഡപത്തിനു നീലസ്ഫടികത്തിന്റെ പ്രഭയെ നൽകുന്നതെന്നും ആ കാവ്യസമ്പന്നൻ വ്യാഖ്യാനിച്ചു. കായസുഖപ്രദങ്ങളായ ദിവ്യൗഷധതരുക്കളിൽ തടവി വരുന്ന വായു ധന്വന്തരിദേവനെപ്പോലെതന്നെ ആ കഷ്ടതയിൽ ശരീരസുഖത്തിന് അനുഗ്രഹിക്കുന്നു എന്നു ചിന്തിച്ച്, അയാൾ തന്റെ അച്ഛന്റെ ഇഷ്ടദേവതയായ ആ മൂർത്തിയെ മനസ്സുകൊണ്ടു സ്തോത്രംചെയ്തു. എന്നാൽ താൻ ആ സ്ഥലത്ത് എങ്ങനെ, ആരാൽ എന്തിനായി കൊണ്ടുപോരപ്പെട്ടു എന്നുള്ള ചോദ്യങ്ങളും ആ യുവാവിന്റെ മനസ്സിൽ ഉടനേ തന്നെ ഉൽപ്ലവനംചെയ്തു. താൻ തന്റെ അച്ഛനാലും അമ്മാവനാലും ബന്ധനത്തിൽനിന്നു മോചിക്കപ്പെട്ടിരുന്നുവെങ്കിൽ തനിക്കു ബോധക്ഷയവും അപ്പോഴത്തെ എകാന്തവസതിയും സംഭവിക്കുന്നതിന് ഇടയില്ലെന്ന് അയാൾ തീരുമാനിച്ചു. കേവലം ദ്രവ്യേച്ഛുക്കളായ ഖലന്മാരുടെ കൃത്യമാണെങ്കിൽ തന്റെ നിര്യാണം വരുത്തി കുണ്ഡലാദി സാധനങ്ങളെ അവർ അപഹരിക്കുമായിരുന്നു എന്നും അയാൾ വാദിച്ചു. തന്റെ ബന്ധമോചനത്തിനു സഹായിക്കാമെന്നു ഗുണദോഷിച്ച കേശവപിള്ള മീനാക്ഷിയെ അപഹരിപ്പാനായി, രാജസേവമൂലം അയാൾക്കുള്ള അധികാരത്തെ പ്രയോഗിച്ച് തന്നെ നിഗൂഹനംചെയ്തിരിക്കുന്നതാണെന്ന് നമ്മുടെ താർക്കികൻ അവസാനത്തിൽ തീർച്ചയാക്കി. പുഷ്പലോകത്തിൽ കണ്ണിന് ആനന്ദവും സ്ഫർശത്തിന് മാർദ്ദവശൈത്യങ്ങളും, ആസ്വദിച്ചാൽ മൃതിയും ചേർക്കുന്ന ചില വിഷപുഷ്പങ്ങളെന്നപോലെ കേശവപിള്ള മഹാദോഷസംക്രാമനായി ധർമ്മരാജ്യത്തിന്റെ പാപദശാഭരണം ചെയ്യുന്നു എന്നു ദൃക്കിനേയും പരഹിതത്തേയും ആസ്പദമാക്കി നിർണ്ണയിക്കയും ചെയ്തു. ആ ഘാതകന്റെ നിഷ്ഠൂരദുർന്നയത്തെ സൂക്ഷ്മഗ്രഹണം ചെയ്തിരിക്കുന്ന തനിക്ക് അതിനെ പ്രസിദ്ധമാക്കുവാനുള്ള സൗകര്യം നഷ്ടമായിപ്പോയിരിക്കുന്നതിനെക്കുറിച്ചു കേശവൻകുഞ്ഞു ക്ലേശിച്ചു. എന്നാൽ ഈ ചിന്തകൾ വേഗത്തിൽ മാറി തന്റെ മാതാപിതാക്കന്മാരുടേയും പ്രണയിനിയുടേയും ധ്യാനത്തിൽ പ്രവേശിച്ചു. ആ സമയത്തിൽ തന്റെ മുറിയുടെ വാതൽ തുറന്ന് രാജപദാതിയുടെ വേഷത്തിൽ ആയുധപാണിയായ ഒരുവൻ പ്രവേശിച്ച്, “ഒന്നു കുളിക്കണ്ടയോ?” എന്ന് അതിവിനീതനായി ചോദ്യം ചെയ്തു. കേശവപിള്ളയുടെ നേർക്കുണ്ടായ സംശയമുറച്ചു. തന്റെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/139&oldid=158404" എന്ന താളിൽനിന്ന് ശേഖരിച്ചത്