തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൬

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
< തിരുവിതാംകൂർ ഭൂമിശാസ്ത്രം(തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൬. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിരുവിതാംകൂർ ഭൂമിശാസ്ത്രം
(രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്))

രചന:സി.ആർ. കൃഷ്ണപിള്ള
അദ്ധ്യായം ൬.


[ 29 ]

അദ്ധ്യായം ൬.[തിരുത്തുക]

വിളവുകൾ.[തിരുത്തുക]

ഇവയെ ലോഹങ്ങൾ, (ധാതുദ്രവ്യങ്ങൾ) സസ്യാദികൾ, ജീവജാലങ്ങൾ എന്നിങ്ങനെ മൂന്നു വർഗ്ഗങ്ങളിൽ ഗണിക്കാം.

ലോഹങ്ങൾ.[തിരുത്തുക]

ഇവിടത്തെ മലഞ്ചരിവുകളിൽ ഇരുമ്പു, ചെമ്പു ഈയം, സ്വർണ്ണം മുതലായ ലോഹങ്ങൾ കാണപ്പെടുന്നുണ്ടു്. എന്നാൽ ഇവയെ കണ്ടുപിടിക്കുന്നതിനും ആകരങ്ങളിൽനിന്നു കുഴിച്ചെടുത്തു ശുദ്ധിചെയ്തു ഉപയോഗകരമാക്കിത്തീർക്കുന്നതിനുമുള്ള ദ്രവ്യച്ചെലവും പ്രയത്നവും വളരെ കൂടുതലാണെന്നു കാണുകയാൽ അതിലേക്കായി ഇപ്പോൾ അധികം യത്നം ചെയ്യുന്നില്ല. പമ്പാനദിയുടെ തീരത്തു റാന്നിവരെയുള്ള പ്രദേശങ്ങളിൽ സ്വർണ്ണമയം ഉണ്ടെന്നു് പലരും അഭിപ്രായപ്പെട്ടിട്ടുണ്ടു്. നെടുമങ്ങാട്ടു പാറക്കൂട്ടങ്ങളിലും സ്വർണ്ണം അടങ്ങീട്ടുണ്ടെന്നു പറയുന്നു. ഇവ സ്വർണ്ണഖനികളാക്കി പ്രവർത്തിക്കുന്നതിന് ഇതേവരെ ആരും ദൃഷ്ടിവച്ചിട്ടില്ല. അല്പം മുമ്പു ഇവിടുന്നു കുഴിച്ചെടുത്തു അന്യരാജ്യങ്ങളിലേക്കു അയയ്ക്കപ്പെട്ടിരുന്നതായി ഈയം മാത്രമേയുണ്ടായിരുന്നുള്ളൂ. ഇതിന്റെ പ്രധാന ആകരം നെടുമങ്ങാട്ടിനു സമീപമുള്ള വെള്ളനാട്ടിലാണു്. ഈ താലൂക്കു പരിഷ്കാരത്തിലും മുതലെടുപ്പിലും ഇപ്പോൾ പിന്നോക്കമാണെങ്കിലും ഭൂഗർഭത്തിൽ അനേകം ലോഹങ്ങൾ അടങ്ങീട്ടുണ്ടെന്നും ഒരുകാലത്തു അവയെ കുഴിച്ചെടുത്തു് ഉപയോഗകരമാക്കിത്തീർക്കുന്നതിനും തന്നിമിത്തം മുതലെടുപ്പും പരിഷ്കാരവും ഇതരതാലൂക്കുകളെ അപേക്ഷിച്ചു വർദ്ധിക്കുന്നതിനും ഇടയുണ്ടെന്നും ഒരഭിപ്രായമുണ്ടു്. വീടുപണികൾക്കു ഉപയോഗമുള്ള "വെട്ടുകല്ലും" കിണറുകെട്ടുന്നതിനും മറ്റും ഉചിതമായ "നരിക്കല്ലും" പലയിടത്തും കാണുന്നുണ്ടു്. വർക്കല ഇവയ്ക്കു പ്രസിദ്ധപ്പെട്ടതാണു്. ധാതുദ്രവ്യങ്ങളുടെ കൂട്ടത്തിൽ ചേർക്കത്തക്കതാണല്ലോ ഉപ്പു്. ഇതു തെക്കൻഡിവിഷനിൽ ചില സ്ഥലങ്ങളിൽ വിളയിക്കുന്നു. പ്രധാന അളങ്ങൾ വാരിയൂർ, രാജാക്കമംഗലം താമരക്കുളം ഇവയാണു്. ഇതുകൊണ്ടു ഇവിടത്തെ ഉപയോഗത്തിനു മതിയാകാത്തതുകൊണ്ടാണു ബോംബയിൽനിന്നും ആണ്ടുതോറും ഉപ്പു ഇറക്കുമതി ചെയ്യുന്നതു്. അഭ്രം തെക്കു ഇരണിയൽ താലൂക്കിലും, കൊട്ടാരക്കര, പത്തനാപുരം, മീനച്ചൽ ഈതാലുക്കുകളിലും നിന്നെടുത്തുവരു [ 30 ] ന്നു. ഇൽമിനൈറ്റു എന്ന ലോഹസാധനം കരുനാഗപ്പള്ളി സമുദ്രതീരത്തെ കറുത്തമണലിൽ അടങ്ങിയിട്ടുണ്ടു്. അവിടുന്നു ഈ മണൽ യൂറോപ്പിലേക്കു കയറ്റിക്കൊണ്ടുപോകുന്നു. അന്നഭേദി, ഗന്ധകം മുതലായ വസ്തുക്കൾ ദുർല്ലഭമായി കുന്നുകളിലും കലകളിലും കാണപ്പെടുന്നുണ്ടു്. ഇരുമ്പു ചെങ്കോട്ടത്താലൂക്കിൽ അച്ചംപുത്തൂർ മുതലായ സ്ഥലങ്ങളിൽ നിന്നു് എടുത്തുവന്നിരുന്നു. ഇപ്പോൾ ആദായക്കുറവിനാൽ അതിലേക്കു് ആരും യത്നിക്കുന്നില്ല. അഗസ്തീശ്വരം താലൂക്കിലുള്ള മരുംകൂർ ഇരുമ്പു് മൺവെട്ടി മുതലായ ആയുധങ്ങൾക്കു് ഒരുകാലത്തു പ്രസിദ്ധപ്പെട്ടിരുന്നു. കന്യാകുമാരിക്കു സമീപമുള്ള "മാണോസൈറ്റു" മണലിൽ "തോറിയം" എന്ന അപൂർവലോഹം അടങ്ങീട്ടുണ്ടെന്നു കണ്ടുപിടിച്ചതുകൊണ്ടു്, ഒരു യൂറോപ്യൻ കമ്പനിക്കാർ ഇതിനെ ശേഖരിച്ചു യൂറോപ്പിലേക്കു അയയ്ക്കുന്നുണ്ടു്.

സസ്യാദികൾ.[തിരുത്തുക]

ഈ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഫലമൂലാദികൾ അനേകവിധം ഇവിടെ ഉണ്ടാകുന്നുണ്ടു്. നാനാവിധ സസ്യാദികൾ അന്യസംസ്ഥാനങ്ങളിൽ ഇത്രത്തോളം ഉണ്ടാകുന്നുണ്ടോ എന്നു് സംശയമാണു്. നെല്ലു, പയറു്, എള്ളു് മുതലായ ധാന്യങ്ങൾ, തെങ്ങു്, കമുകു്, പന, പ്ലാവു്, മാവു് മുതലായ വൃക്ഷങ്ങൾ, ചേമ്പു്, ചേന, മരച്ചീനി (കപ്പ), കാച്ചിൽ മുതലായ കിഴങ്ങുകൾ, നല്ലമുളകു, ഇഞ്ചി, ഏലം, ജാതിക്കാ മുതലായ ഔഷധദ്രവ്യങ്ങൾ വഴുതനങ്ങാ, കത്തിരിക്കാ, പാവയ്ക്കാ, വെണ്ടയ്ക്കാ, വാഴയ്കാ മുതലായ കറിക്കോപ്പുകൾ, കരിമ്പു്, കാപ്പി, തേയില മുതലായ ചെടികൾ ഇവ ധാരാളമായി ഉണ്ടാകുന്നു.

നെല്ലു്:-ഇതു് എല്ലാത്താലൂക്കുകളിലേയും പ്രധാന കൃഷിയാണെങ്കിലും പ്രത്യേകം പ്രസിദ്ധിയുള്ളവ നാഞ്ചിനാടും കുട്ടനാടുമാണു്. നാഞ്ചിനാട്ടിൽ തോവാള, അഗസ്തീശ്വരം ഈ താലൂക്കുകളും, കുട്ടനാട്ടിൽ അമ്പലപ്പുഴത്താലൂക്കും ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറുള്ള പകുതികളും ഉൾപ്പെട്ടിരിക്കുന്നു. നാഞ്ചിനാട്ടിലെ നെൽകൃഷിക്കു വിരിപ്പു് എന്നും, കുട്ടനാട്ടിലേതിനു് പുഞ്ച എന്നും പറയുന്നു. നാഞ്ചിനാട്ടിലെ വിരിപ്പുകൃഷി ആണ്ടിൽ രണ്ടുതവണ ചെയ്യപ്പെടുന്നു. ഉഴുന്നതിലും ഉരമിടുന്നതിലും പ്രത്യേകം ശ്രദ്ധവയ്ക്കുന്നുണ്ടു്. കുട്ടനാട്ടിലെ പുഞ്ചക്‌കൃഷി ആണ്ടിൽ ഒരിക്കലും ചിലെടത്തു രണ്ടാണ്ടിൽ ഒരിക്കലും നടത്തപ്പെടുന്നു. ഇങ്ങനെ ഒരാണ്ടു പഴനിലമിട്ടു കൃഷിചെയ്യുന്നതുകൊണ്ടു പുഞ്ചനി [ 31 ] ലങ്ങളിൽ പ്രതിവർഷം കൃഷിചെയ്യുന്നതിനെക്കാൾ കൂടുതൽ വിളവുണ്ടാകുന്നതാണു്. ഉഴുന്നതും വളമിടുന്നതും നാഞ്ചിനാട്ടിനെക്കാൾ വളരെ കുറവാണു്. പമ്പാനദിയും അതിന്റെ പോഷകനദികളും വർഷകാലത്തു കൊണ്ടുവരുന്ന എക്കലാണു് കുട്ടനാട്ടിലെ സ്വാഭാവികമായ വളം. കൃഷിക്കാരുടെ ശ്രമം ചിറ (വരമ്പ്) കുത്തുന്നതിനും ചക്രമോ യന്ത്രമോ വച്ചു വള്ളം ഇറക്കുന്നതിനും ആവശ്യംപോലെ വെള്ളം കയറ്റുന്നതിനും ആകുന്നു. പുഞ്ചനിലങ്ങളും വിരിപ്പുനിലങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം, പുഞ്ച സാധാരണയുള്ള വെള്ളപ്പാച്ചലിന്റെ നിരപ്പിൽനിന്നു തുലോം താണത്തെന്നുള്ളതാണു്. വിരിപ്പുനിലങ്ങളിലുള്ള വെള്ളം ചാലുവഴി വെളിയിൽ കളയത്തക്കതും പുഞ്ചനിലങ്ങളിലേതു് അപ്രകാരം പാടില്ലാത്തതുമാകുന്നു. താണനിലത്തിൽ കിടക്കുന്നവെള്ളത്തെ ചക്രംവച്ചു ചവുട്ടി ഉയർന്നനിരപ്പിലുള്ള ആറ്റിലോ തോട്ടിലോ കയറ്റി ഒഴിവാക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ വെള്ളം വറ്റിക്കുന്നതു് മിക്കവാറും യന്ത്രസഹായംകൊണ്ടാണു്. പുഞ്ചകൃഷിക്കു ആരംഭം‌മുതൽ അവസാനംവരെ മിക്കവാറുംവെള്ളം ഉണ്ടായിരിക്കണം. വിരിപ്പിനു് ചിലപ്പോഴേ വെള്ളം കെട്ടിനിർത്തേണ്ട ആവശ്യമുള്ളു. പുഞ്ചയും വിരിപ്പും കൂടാതെ മറ്റൊരുവിധം നെൽകൃഷി ചിലയിടങ്ങളിൽ ചെയ്യുന്നു. മീനച്ചൽ, ചങ്ങനാശ്ശേരി, പത്തനംതിട്ട മുതലായ താലൂക്കുകളിലെ കിഴക്കൻ മലഞ്ചരുവുകളിലുള്ള കാട്ടിൽ തീയിട്ടു ചുട്ടുകരിച്ചു് ഉഴുതും കിളച്ചും ഒരുക്കി വിത്തുവിതയ്ക്കുന്നു. ഇതു് കൊയ്തെടുക്കുന്നതിനു മറ്റുവിധം കൃഷികളേക്കാൾ കൂടുതൽ താമസമുണ്ടെങ്കിലും നെല്ലു ധാരാളം ഉണ്ടാകുന്നു. ഈ മാതിരി കൃഷിക്കു് "ചേരിയ്ക്കൽ" കൃഷി എന്നാണു് പേർ. സംസ്ഥാനത്തിൽ ഇപ്പോൾ ഏഴുലക്ഷം ഏക്കറോളം സ്ഥലത്തു നെൽകൃഷിചെയ്യുന്നു.

പയറും എള്ളും മിക്ക ഇടത്തും ഉണ്ടാകുന്നു എങ്കിലും ഇവയ്ക്കു കീർത്തിപ്പെട്ടതു് നാഞ്ചിനാടും കൽക്കുളം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി ഈ താലൂക്കുകളുമാണു്. ഇവിടത്തെ വിരിപ്പു നിലങ്ങളിൽ രണ്ടുതവണ നെൽകൃഷി ഉള്ളതുകൂടാതെ ആണ്ടിൽ ഒരു എള്ളുകൃഷിയോ പയറുകൃഷിയോ കൂടി ഉണ്ടായിരിക്കും. നാഞ്ചിനാട്ടിലെ ആരുവാമൊഴി എള്ളിനും എണ്ണയ്ക്കും പ്രത്യേകം പ്രസിദ്ധിയുള്ളതാണു്.

തെങ്ങു്, കമുകു് ഇവ സമുദ്രതീരത്തും കായലോരങ്ങളിലും, നദിതീരങ്ങളിലും ധാരാളം ഉണ്ടാകുന്നു. ഈ വക കൃഷിക്കു പ്രസിദ്ധപ്പെട്ട സ്ഥലങ്ങൾ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, കല്ലൂ [ 32 ] പ്പാറ, മുഞ്ചിറ, ചിറയിൻകീഴു്, ചേർത്തല ഇവയാണു്. മാവേലിക്കരത്താലൂക്കിലെ പള്ളിയ്ക്കൽ തേങ്ങായ്ക്കും, മീനച്ചൽ താലൂക്കിലെ പാലാത്തേങ്ങായ്ക്കും പ്രത്യേകം പ്രസിദ്ധിയുണ്ടു്.

പന:-കല്ക്കുളം, വിളവങ്കോടു് മുതലായ തെക്കൻതാലൂക്കുകളിൽ കരിമ്പനയും വടക്കുകിഴക്കൻ താലൂക്കുകളിൽ ചൂണ്ടപ്പനയും ധാരാളമുണ്ടു്.

പ്ലാവും മാവും പുളിയും ആഞ്ഞിലിയും എല്ലായിടത്തും ഉണ്ടാകുന്നു. അഗസ്തീശ്വരത്തെ ശൂരംകുടിയും കൊല്ലത്തിനടുത്തുള്ള തങ്കശ്ശേരിയും വിശേഷതരമായ മാമ്പഴങ്ങൾക്കു പ്രസിദ്ധിയുള്ളവയാണു്. പേച്ചിപ്പാറക്കായൽവെള്ളം നാഞ്ചിനാട്ടിൽ പരന്നതോടുകൂടി ശൂരംകുടി മുതലായ മാമ്പഴങ്ങൾക്കു സ്വാദുകുറഞ്ഞുപോയി.

ചേമ്പു് ചേന മുതലായ കിഴങ്ങുകൾ മദ്ധ്യതിരുവിതാംകൂറിലെ കിഴക്കൻതാലൂക്കുകളിലാണു് അധികം ഉണ്ടാകുന്നതു്. ചെങ്ങന്നൂരും തിരുവല്ലായും ഇവയ്ക്കു പ്രത്യേകം പ്രസിദ്ധപ്പെട്ടിരിക്കുന്നു. മരച്ചീനി (കപ്പ) മിക്ക സ്ഥലങ്ങളിലും കുന്നിൻപുറങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. ഇതു കൂലിവേലക്കാരുടെ ഒരു പ്രത്യേക ഭക്ഷണസാധനമാണു്. ഈ പുതുസാധനം നാട്ടിൽ നട്ടു വളർത്തി സാധുസംരക്ഷണത്തിനു വഴി കാണിച്ചതു വിഖ്യാതനായ വിശാഖംതിരുനാൾ മഹാരാജാവാണു്.

നല്ലമുളക്, ഇഞ്ചി ഇവയ്ക്കു പ്രസിദ്ധപ്പെട്ട താലൂക്കുകൾ മീനച്ചൽ, തൊടുപുഴ, കോട്ടയം, ചങ്ങനാശ്ശേരി ഇവയാണു്. നല്ലമുളകിനെ മലയാളദേശത്തെ ദ്രവ്യം എന്നാണു് അന്യരാജ്യക്കാർ പറയുന്നതു്. ദേവികുളം, പീരുമേടു പത്തനംതിട്ട മുതലായ താലൂക്കുകളിലെ കിഴക്കൻമലകളുടെ മുകളിൽ ഏലം ധാരാളം സ്വാഭാവികമായി ഉണ്ടാകുന്നു.

ഈ നാട്ടുകാർ വെറ്റിലമുറുക്കിൽ വളരെ ഭ്രമമുള്ളവരാണു്. അതുകൊണ്ടു് വെറ്റിലക്കൊടി എല്ലായിടത്തും കൃഷിചെയ്യപ്പെടുന്നു. എങ്കിലും തിരുവനന്തപുരത്തെ പള്ളിപ്പുറവും മാവേലിക്കരയ്ക്കടുത്തുള്ള വെണ്മണിയും ഇതിനു പ്രത്യേകം പ്രസിദ്ധപ്പെട്ടവയാണു്.

ചെറുകറിക്കോപ്പുകൾക്കു പ്രസിദ്ധപ്പെട്ടവ നാഞ്ചനാടും കരപ്പുറം അല്ലെങ്കിൽ ചേർത്തലയുമാണു.

വാഴ:-നെയ്യാറ്റുങ്കരയും ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും ധാരാളമുണ്ടാകുന്നു.

കരിമ്പു്:-ഇതു വടക്കൻഡിവിഷനിലെ മിക്കതാലൂക്കുകളിലുമുണ്ടു്. ഇവയിൽ പ്രധാനപ്പെട്ടവ ആലങ്ങാടു്, മീനച്ചൽ, [ 33 ] കോട്ടയം, ചങ്ങനാശ്ശേരി ഈ താലൂക്കുകളും, കൊല്ലം ഡിവിഷനിലുൾപ്പെട്ട തിരുവല്ലാ താലൂക്കുമാണു്.

കാപ്പിയും തേയിലയും:-മലമുകളിൽ കൃഷിചെയ്യപ്പെടുന്നു. കാപ്പിക്കൃഷി ക്രമേണ കുറഞ്ഞും തേയിലക്കൃഷി കൂടിയുമാണു് വരുന്നതു്. വലിയതോട്ടങ്ങൾ ദേവികുളം, പീരുമേടു്, പൊന്മുടി, മുത്തുക്കുഴി, അശമ്പു ഈ സ്ഥലങ്ങളിലുള്ളവയാണു്. കുറച്ചു മുൻപു് മലഞ്ചരുവുകളിൽ അഭിവൃദ്ധിയെ പ്രാപിച്ചുവന്ന റബ്ബർ കൃഷിക്കു ഇടയ്ക്കു അല്പം ഇടിവുതട്ടിയെങ്കിലും ഇപ്പോൾ ഊർജ്ജിതമായി വരുന്നുണ്ടു്. തിരുവനന്തപുരത്തെ റബ്ബർവ്യവസായശാലയുടെ പ്രവർത്തനത്തോടുകൂടി റബ്ബർകൃഷി അഭിവൃദ്ധിപ്പെട്ടേക്കാം. റബ്ബർകൃഷികൊണ്ടു കാഞ്ഞിരപ്പള്ളി മുതലായ സ്ഥലങ്ങളിൽ വളരെ കുബേരന്മാർ ഉണ്ടായിട്ടുണ്ടു്.

കോലിഞ്ചി, മഞ്ഞൾ, കൂവ, ജാതിക്ക ഇവ അധികമായി മലംപ്രദേശങ്ങളിലും ചുരുക്കമായി ഉൾപ്രദേശങ്ങളിലും കിട്ടുന്നു. ജീരകം, ഉള്ളി, ഉരുളക്കിഴങ്ങു്, ഗോതമ്പു് ഇവ അഞ്ചുനാട്ടിൽ (ദേവികുളം താലൂക്കിൽ) ഉണ്ടാകുന്നു.

എണ്ണക്കുരുക്കൾ:-എള്ളിൽനിന്നു നല്ലെണ്ണയും തേങ്ങായിൽനിന്നു വെളിച്ചെണ്ണയും എടുക്കുന്നു. ഇവകൂടാതെ എണ്ണയെടുക്കുന്നതിനു പുന്ന, ചെറുപുന്ന, ഇലപ്പ, മരവെട്ടി എന്ന വൃക്ഷങ്ങളും ഉപയോഗമാകാന്നുണ്ടു്. ചേർത്തല അമ്പലപ്പുഴ, കരുനാഗപ്പള്ളി ഈ താലൂക്കുകളിലാണു് ഇവ അധികമായി ഉണ്ടാകുന്നതു്.

തേക്കു്, ഈട്ടി, തമ്പകം, വേങ്ങ, ചന്ദനം മുതലായ വൃക്ഷങ്ങൾ വൻകാടുകളിൽ ധാരാളമായി ഉണ്ടാകുന്നു.

ജീവജാലങ്ങൾ.[തിരുത്തുക]

ആടു്, മാടു്, പട്ടി, പൂച്ച മുതലായവയെ ഉൾപ്രദേശങ്ങളിൽ അധികമായി വളർത്തുന്നു. ആന, കടുവ, കാട്ടുപോത്തു്, കടമാൻ, പുലി, കരടി, മുള്ളൻപന്നി, മുതലായ വന്യമൃഗങ്ങളും; കാക്ക, കൊക്ക്, മയിൽ, കുയിൽ, കിളി, പ്രാവു്, പരുന്തു്, കഴുകൻ മുതലായ അനേകവിധ പക്ഷികളും ഈ സംസ്ഥാനത്തുണ്ടു്. പാമ്പുകൾ വിഷമുള്ളവയും ഇല്ലാത്തവയുമായി പലതരത്തിൽ ഇവിടെയുള്ളതുപോലെ മറ്റെങ്ങും കാണപ്പെടുന്നില്ല. ഇവിടത്തെ കടലിലും കായലിലും പല ഇനം മത്സ്യങ്ങൾ ഉണ്ടു്. കൊല്ലത്തിനടുത്തു 'പരവയും' വടക്കു മത്തിയും ചെമ്മീനും (കൊഞ്ചും) പ്രത്യേകം പറയത്തക്കവയാകുന്നു. അഷ്ടമുടിയുടെ ഭാഗമാകുന്ന കാഞ്ഞി [ 34 ] രക്കോട്ടു കായലിലെ ചെറുവക മത്സ്യം വളരെ പ്രസിദ്ധപ്പെട്ടതാണു്. വടക്കൻ ആറുകളുടെ പതനസ്ഥാനങ്ങളിലും കായലുകളിലും ചീങ്കണ്ണിയും മുതലയും ധാരാളം കിടപ്പുണ്ടു്. മലകളിൽ ആനകളെ പിടിച്ചു പഴക്കുന്നതിനു കൊപ്പങ്ങൾ പണിയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ അവയെ ഉപയോഗിക്കാറില്ല.