താൾ:Geography textbook 4th std tranvancore 1936.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ധ്യായം ൬.

വിളവുകൾ.

ഇവയെ ലോഹങ്ങൾ, (ധാതുദ്രവ്യങ്ങൾ) സസ്യാദികൾ, ജീവജാലങ്ങൾ എന്നിങ്ങനെ മൂന്നു വർഗ്ഗങ്ങളിൽ ഗണിക്കാം.

ലോഹങ്ങൾ.

ഇവിടത്തെ മലഞ്ചരിവുകളിൽ ഇരുമ്പു, ചെമ്പു ഈയം, സ്വർണ്ണം മുതലായ ലോഹങ്ങൾ കാണപ്പെടുന്നുണ്ടു്. എന്നാൽ ഇവയെ കണ്ടുപിടിക്കുന്നതിനും ആകരങ്ങളിൽനിന്നു കുഴിച്ചെടുത്തു ശുദ്ധിചെയ്തു ഉപയോഗകരമാക്കിത്തീർക്കുന്നതിനുമുള്ള ദ്രവ്യച്ചെലവും പ്രയത്നവും വളരെ കൂടുതലാണെന്നു കാണുകയാൽ അതിലേക്കായി ഇപ്പോൾ അധികം യത്നം ചെയ്യുന്നില്ല. പമ്പാനദിയുടെ തീരത്തു റാന്നിവരെയുള്ള പ്രദേശങ്ങളിൽ സ്വർണ്ണമയം ഉണ്ടെന്നു് പലരും അഭിപ്രായപ്പെട്ടിട്ടുണ്ടു്. നെടുമങ്ങാട്ടു പാറക്കൂട്ടങ്ങളിലും സ്വർണ്ണം അടങ്ങീട്ടുണ്ടെന്നു പറയുന്നു. ഇവ സ്വർണ്ണഖനികളാക്കി പ്രവർത്തിക്കുന്നതിന് ഇതേവരെ ആരും ദൃഷ്ടിവച്ചിട്ടില്ല. അല്പം മുമ്പു ഇവിടുന്നു കുഴിച്ചെടുത്തു അന്യരാജ്യങ്ങളിലേക്കു അയയ്ക്കപ്പെട്ടിരുന്നതായി ഈയം മാത്രമേയുണ്ടായിരുന്നുള്ളൂ. ഇതിന്റെ പ്രധാന ആകരം നെടുമങ്ങാട്ടിനു സമീപമുള്ള വെള്ളനാട്ടിലാണു്. ഈ താലൂക്കു പരിഷ്കാരത്തിലും മുതലെടുപ്പിലും ഇപ്പോൾ പിന്നോക്കമാണെങ്കിലും ഭൂഗർഭത്തിൽ അനേകം ലോഹങ്ങൾ അടങ്ങീട്ടുണ്ടെന്നും ഒരുകാലത്തു അവയെ കുഴിച്ചെടുത്തു് ഉപയോഗകരമാക്കിത്തീർക്കുന്നതിനും തന്നിമിത്തം മുതലെടുപ്പും പരിഷ്കാരവും ഇതരതാലൂക്കുകളെ അപേക്ഷിച്ചു വർദ്ധിക്കുന്നതിനും ഇടയുണ്ടെന്നും ഒരഭിപ്രായമുണ്ടു്. വീടുപണികൾക്കു ഉപയോഗമുള്ള "വെട്ടുകല്ലും" കിണറുകെട്ടുന്നതിനും മറ്റും ഉചിതമായ "നരിക്കല്ലും" പലയിടത്തും കാണുന്നുണ്ടു്. വർക്കല ഇവയ്ക്കു പ്രസിദ്ധപ്പെട്ടതാണു്. ധാതുദ്രവ്യങ്ങളുടെ കൂട്ടത്തിൽ ചേർക്കത്തക്കതാണല്ലോ ഉപ്പു്. ഇതു തെക്കൻഡിവിഷനിൽ ചില സ്ഥലങ്ങളിൽ വിളയിക്കുന്നു. പ്രധാന അളങ്ങൾ വാരിയൂർ, രാജാക്കമംഗലം താമരക്കുളം ഇവയാണു്. ഇതുകൊണ്ടു ഇവിടത്തെ ഉപയോഗത്തിനു മതിയാകാത്തതുകൊണ്ടാണു ബോംബയിൽനിന്നും ആണ്ടുതോറും ഉപ്പു ഇറക്കുമതി ചെയ്യുന്നതു്. അഭ്രം തെക്കു ഇരണിയൽ താലൂക്കിലും, കൊട്ടാരക്കര, പത്തനാപുരം, മീനച്ചൽ ഈതാലുക്കുകളിലും നിന്നെടുത്തുവരു

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/36&oldid=160093" എന്ന താളിൽനിന്ന് ശേഖരിച്ചത്