ന്നും തുലാത്തിലുള്ളതിനെ തുലാവർഷമെന്നും പറയുന്നു. ചിങ്ങം കന്നി മാസങ്ങളിൽ മഴ അധികം പെയ്യാറില്ല. കാലവർഷത്തെ കൊണ്ടുവരുന്നതു് തെക്കുപടിഞ്ഞാറൻ കാറ്റും, തുലാവർഷത്തിനു കാരണം വടക്കുകിഴക്കൻ കാറ്റുമാണു്. കാലവർഷത്തിൽ മിക്കവാറും സമയം മഴയുണ്ടായിരിക്കും. എന്നാൽ തുലാവർഷത്തിൽ സാധാരണയായി വൈകുന്നേരമാണു് മഴ തുടങ്ങാറുള്ളതു്. ഭൂമിയിൽ പലയിടത്തും വീഴുന്ന മഴയെ അളന്നു കുറിക്കുന്നതു് ഇഞ്ചു കൊണ്ടാണു്. ഈ സംസ്ഥാനത്തിൽ ആകെ വീഴുന്ന മഴയെ ശരാശരിപ്പെടുത്തി നോക്കിയാൽ ആണ്ടിൽ ഉദ്ദേശം ൮൯ ഇഞ്ചു മഴ പെയ്യുന്നു എന്നു പറയാം. എന്നുവച്ചാൽ സംസ്ഥാനത്തിൽ ഒരു കൊല്ലം ആകെ വീഴുന്ന മഴവെള്ളം ഒട്ടും വറ്റാൻ ഇടവരാതെ സൂക്ഷിച്ചുനിറുത്തി സമതലത്തിൽ ആകെ പരത്തുകയാണെങ്കിൽ വെള്ളത്തിന്റെ ആഴം ൮൯ ഇഞ്ചായിരിക്കും. തെക്കു മഴ വളരെ കുറവാണു്. വടക്കോട്ടും വടക്കുകിഴക്കോട്ടും പോകുന്തോറും കൂടുതൽ കൂടുതലായി വർഷിക്കുന്നു. കന്യാകുമാരിക്കു സമീപം ആണ്ടിൽ ൩൦ ഇഞ്ചു മഴയേ ശരാശരി പെയ്യുന്നുള്ളൂ. തെക്കൻ ഡിവിഷനിലേതു ശരാശരി ൪൦ ഇഞ്ചും, തിരുവനന്തപുരം ഡിവിഷനിലേതു ൬൫ - ഇഞ്ചും , കൊല്ലത്തേതു ൭൫ ഇഞ്ചും കോട്ടയത്തേതു ൧൧൭-ഇഞ്ചും ആണു്. പീരുമേടിനു സമീപമാണു് ഏറ്റവും അധികം മഴപെയ്യുന്നതു്. ഇവിടെ ഉദ്ദേശം ൨൦൪ ഇഞ്ചു മഴ വീഴുന്നു. നാഞ്ചിനാടും ചെങ്കോട്ടയും അഞ്ചുനാടുമാണു് മഴ കുറവുള്ള പ്രദേശങ്ങൾ.
ഈ സംസ്ഥാനത്തു പ്രധാനമായി മൂന്നു കാലങ്ങൾ ഉണ്ടു്. അവ വേനൽക്കാലവും, മഴക്കാലവും മഞ്ഞുകാലവുമാകുന്നു. വേനൽക്കാലം കുംഭംമുതൽ മേടംവരെയും മഴക്കാലം ഇടവം മുതൽ തുലാംവരെയും മഞ്ഞുകാലം വൃശ്ചികം മുതൽ മകരംവരെയും നിലനില്ക്കുന്നു. മഞ്ഞുകാലവും വേനലും ഇവിടെ സുഖകരമല്ല. മലകളിൽ താമസിക്കുന്നവർ പ്രത്യേകം സൂക്ഷിക്കേണ്ടതാണു്. മലമ്പനിയും മസൂരിയും കൂടക്കൂടെ പിടിപെടാറുണ്ടു്. ഈയിട വേനലിന്റെ കാഠിന്യംകൊണ്ടും വർഷം തീരെ ഇല്ലാത്തതിനാലും മലമ്പനികൊണ്ടു തെക്കൻതിരുവിതാംകൂറിലെ താഴ്വരകളിൽ വലിയ നാശങ്ങൾ സംഭവിച്ചിരിക്കുന്നു. അമ്പലപ്പുഴ മുതൽ വടക്കോട്ടു സമുദ്രതീരത്തുള്ളവർക്കു ചിലപ്പോൾ "മന്തു" അല്ലെങ്കിൽ പെരുക്കാൽ ഉണ്ടാകാറുണ്ടു്.