താൾ:Geography textbook 4th std tranvancore 1936.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പാറ, മുഞ്ചിറ, ചിറയിൻകീഴു്, ചേർത്തല ഇവയാണു്. മാവേലിക്കരത്താലൂക്കിലെ പള്ളിയ്ക്കൽ തേങ്ങായ്ക്കും, മീനച്ചൽ താലൂക്കിലെ പാലാത്തേങ്ങായ്ക്കും പ്രത്യേകം പ്രസിദ്ധിയുണ്ടു്.

പന:-കല്ക്കുളം, വിളവങ്കോടു് മുതലായ തെക്കൻതാലൂക്കുകളിൽ കരിമ്പനയും വടക്കുകിഴക്കൻ താലൂക്കുകളിൽ ചൂണ്ടപ്പനയും ധാരാളമുണ്ടു്.

പ്ലാവും മാവും പുളിയും ആഞ്ഞിലിയും എല്ലായിടത്തും ഉണ്ടാകുന്നു. അഗസ്തീശ്വരത്തെ ശൂരംകുടിയും കൊല്ലത്തിനടുത്തുള്ള തങ്കശ്ശേരിയും വിശേഷതരമായ മാമ്പഴങ്ങൾക്കു പ്രസിദ്ധിയുള്ളവയാണു്. പേച്ചിപ്പാറക്കായൽവെള്ളം നാഞ്ചിനാട്ടിൽ പരന്നതോടുകൂടി ശൂരംകുടി മുതലായ മാമ്പഴങ്ങൾക്കു സ്വാദുകുറഞ്ഞുപോയി.

ചേമ്പു് ചേന മുതലായ കിഴങ്ങുകൾ മദ്ധ്യതിരുവിതാംകൂറിലെ കിഴക്കൻതാലൂക്കുകളിലാണു് അധികം ഉണ്ടാകുന്നതു്. ചെങ്ങന്നൂരും തിരുവല്ലായും ഇവയ്ക്കു പ്രത്യേകം പ്രസിദ്ധപ്പെട്ടിരിക്കുന്നു. മരച്ചീനി (കപ്പ) മിക്ക സ്ഥലങ്ങളിലും കുന്നിൻപുറങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. ഇതു കൂലിവേലക്കാരുടെ ഒരു പ്രത്യേക ഭക്ഷണസാധനമാണു്. ഈ പുതുസാധനം നാട്ടിൽ നട്ടു വളർത്തി സാധുസംരക്ഷണത്തിനു വഴി കാണിച്ചതു വിഖ്യാതനായ വിശാഖംതിരുനാൾ മഹാരാജാവാണു്.

നല്ലമുളക്, ഇഞ്ചി ഇവയ്ക്കു പ്രസിദ്ധപ്പെട്ട താലൂക്കുകൾ മീനച്ചൽ, തൊടുപുഴ, കോട്ടയം, ചങ്ങനാശ്ശേരി ഇവയാണു്. നല്ലമുളകിനെ മലയാളദേശത്തെ ദ്രവ്യം എന്നാണു് അന്യരാജ്യക്കാർ പറയുന്നതു്. ദേവികുളം, പീരുമേടു പത്തനംതിട്ട മുതലായ താലൂക്കുകളിലെ കിഴക്കൻമലകളുടെ മുകളിൽ ഏലം ധാരാളം സ്വാഭാവികമായി ഉണ്ടാകുന്നു.

ഈ നാട്ടുകാർ വെറ്റിലമുറുക്കിൽ വളരെ ഭ്രമമുള്ളവരാണു്. അതുകൊണ്ടു് വെറ്റിലക്കൊടി എല്ലായിടത്തും കൃഷിചെയ്യപ്പെടുന്നു. എങ്കിലും തിരുവനന്തപുരത്തെ പള്ളിപ്പുറവും മാവേലിക്കരയ്ക്കടുത്തുള്ള വെണ്മണിയും ഇതിനു പ്രത്യേകം പ്രസിദ്ധപ്പെട്ടവയാണു്.

ചെറുകറിക്കോപ്പുകൾക്കു പ്രസിദ്ധപ്പെട്ടവ നാഞ്ചനാടും കരപ്പുറം അല്ലെങ്കിൽ ചേർത്തലയുമാണു.

വാഴ:-നെയ്യാറ്റുങ്കരയും ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും ധാരാളമുണ്ടാകുന്നു.

കരിമ്പു്:-ഇതു വടക്കൻഡിവിഷനിലെ മിക്കതാലൂക്കുകളിലുമുണ്ടു്. ഇവയിൽ പ്രധാനപ്പെട്ടവ ആലങ്ങാടു്, മീനച്ചൽ,

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/39&oldid=160096" എന്ന താളിൽനിന്ന് ശേഖരിച്ചത്