തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൧
←തിരുവിതാംകൂർ സംസ്ഥാനഭൂപടം | തിരുവിതാംകൂർ ഭൂമിശാസ്ത്രം (രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്)) രചന: അദ്ധ്യായം ൧. |
അദ്ധ്യായം ൨.→ |
[ 1 ]
അദ്ധ്യായം ൧.
[തിരുത്തുക]സാധാരണസ്ഥിതി.
[തിരുത്തുക]ഈ സംസ്ഥാനം ഇൻഡ്യയുടെ സ്വർഗ്ഗസ്ഥാനമാണെന്നു് ദേശസഞ്ചാരിയായ ഒരു മഹാൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. പല രാജ്യങ്ങളിലും ചുറ്റിസ്സഞ്ചരിച്ച്, അവിടങ്ങളിലെ സ്ഥിതികളെ നല്ലവണ്ണം പര്യാലോചന ചെയ്തിട്ടുള്ള ഒരാളാണ് ഇദ്ദേഹം. കിടപ്പും, ശീതോഷ്ണാവസ്ഥയും, വിളവുകളും ജനങ്ങളുടെ സ്ഥിതിയും മറ്റും ഓർത്താൽ ഇൻഡ്യയെ കേവലം ഒരു രാജ്യമെന്നു പറഞ്ഞാൽ പോരാ; ഒരു പ്രത്യേക ഭൂഖണ്ഡമെന്ന പേരിനു ഇതിനു് അർഹതയുള്ളതാണു്. ഇങ്ങനെയിരിക്കുന്ന ഇൻഡ്യയുടെ സ്വർഗ്ഗസ്ഥാനമാണു്, തിരുവിതാംകൂർ എന്നു പറയണമെങ്കിൽ എത്രമാത്രം പ്രകൃതിമാഹാത്മ്യം തിരുവിതാംകൂറിനു് ഉണ്ടായിരിക്കണം. ഈ സംസ്ഥാനം സമുദ്രത്തിന്റേയും മലയുടേയും ഇടയ്ക്കു കിടക്കുന്നു. അതിനാൽ ഇവിടെ കുന്ന്, കുഴി, മൈതാനം മുതലായ പലവിധ പ്രദേശങ്ങൾ ഉണ്ടു്. ആകെ സ്വഭാവം നോക്കിയാൽ ഈ സംസ്ഥാനത്തെ മുഴുവൻ രണ്ടു ഭാഗങ്ങളായി ഗണിക്കാം.
- ൧. മിക്കവാറും പരന്ന പടിഞ്ഞാറൻ തീരദേശം.
- ൨. കുന്നും കുഴിയും ഇടകലർന്ന കിഴക്കൻ മലനാടു്.
കടൽക്കരയിൽ നിന്നും ഉള്ളിലോട്ടു് ഏകദേശം പത്തു മൈൽ വീതിയിൽ ഒരു അതിരു പിടിച്ചാൽ ഈ രണ്ടു ഭാഗങ്ങളേയും മിക്കവാറും വേറുതിരിക്കാവുന്നതാണ്. മലനാട്ടിന്നു തീരദേശത്തേക്കാൾ മൂന്നിരട്ടി വലിപ്പമുണ്ടു്. തീരദേശത്തിന്റെ കിഴക്കേ ഭാഗവും മലനാട്ടിന്റെ പടിഞ്ഞാറേഭാഗവും കൂട്ടിച്ചേർത്ത് ഇടനാടു് എന്നു് ഒരു പ്രത്യേകഭാഗവും സങ്കല്പിക്കാവുന്നതാണ്. [ 2 ] ഇവയ്ക്കുള്ളിൽ ചിതറിക്കിടക്കുന്ന ആറു്, തോടു്, കായൽ മുതലായ ജലാശയങ്ങൾ വിശേഷമായ അലങ്കാരങ്ങൾ, ആണു്. ഭൂതലത്തിലെ വിളവുകളും ഒട്ടും അപ്രസിദ്ധങ്ങളല്ല. പടിഞ്ഞാറേ തീരം മുതൽ കിഴക്കോട്ടു് തെങ്ങു്, കമുകു്, പ്ലാവു്, മാവു് മുതലായ വൃക്ഷങ്ങളും നല്ലമുളകു്, ഏലം, ഇഞ്ചി, തേയില മുതലായ ചെടികളും ഇവിടെ ധാരാളമായി ഉണ്ടാകുന്നു. ഇവിടത്തെ ജനങ്ങളുടെ ആകൃതി, പ്രകൃതി, ഗുണങ്ങൾ മുതലായവയും പ്രത്യേകരീതിയിലുള്ളവയാണു്. ചുരുങ്ങിയ വിധത്തിലുള്ള അന്നപാനാദികളും, വസ്ത്രധാരണം മുതലായ അലങ്കാരങ്ങളും, വിവാഹം മുതലായ സമുദായാചാരങ്ങളും, അയൽവാസികളുടെ സമ്പ്രദായങ്ങളിൽനിന്നു് എത്രയോ വ്യത്യസ്തങ്ങളായിരിക്കുന്നു. ഇങ്ങനെ പലവിധത്തിലും വിശേഷവിധിയോടുകൂടിയ ഒരു ചെറിയ രാജ്യമാകുന്നു ഇതു്. എവിടെ നോക്കിയാലും സദാ പച്ചനിറത്തോടുകൂടിയ കാഴ്ചകൾ കാണാം. മനുഷ്യരുടെ ഉപജീവനത്തിനും സുഖാനുഭവത്തിനും ഉതകുന്നവയായ അനേകം സാധനങ്ങൾ ഇവിടെ വളരുന്നുണ്ടു്. ആകൃതിയിൽ ചെറുതെങ്കിലും ഇതു വളരെ പുരാതനമായിട്ടുള്ള സംസ്ഥാനമാണു്. പണ്ടുപണ്ടേ ഏർപ്പെടുത്തിയിട്ടുള്ളവയും എല്ലാംകൊണ്ടും നന്നെന്നു പൊതുജനസമ്മതമുള്ളവയുമായ അനേക ചട്ടവട്ടങ്ങൾ ഇപ്പോഴും നടപ്പിലിരിക്കുന്നു. എന്നാൽ പഴയ ചട്ടവട്ടങ്ങളെ എല്ലാം സ്വീകരിച്ചിരിക്കുന്നു എന്നു പറവാൻ പാടില്ല. കാലദേശാനുകൂലമായ വിധത്തിൽ രാജ്യത്തിനും ജനങ്ങൾക്കും ശ്രേയസ്കരങ്ങളായ പല നവീനപരിഷ്കാരങ്ങളും പ്രചാരത്തിൽ വരുന്നുണ്ടു്. ഈ സംഗതികൾ വളരെ ശതവർഷങ്ങളായി തുടരെത്തുടരെ മഹാരാജാക്കന്മാരാൽ ഭരിക്കപ്പെട്ടുവരുന്ന തിരുവിതാംകൂറിനെ സന്ദർശിക്കുന്ന പാരദേശികനായ ഏതൊരാളിന്റെ മനസ്സിനെയാണു് വിസ്മയിപ്പിക്കാതിരിക്കുന്നതു്.
ഈ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ പേർ തിരുവിതാംകൂർ എന്നാകുന്നു. തിരുവിതാംകോടു്എന്നും പറയും. ഇതു് ശ്രീവാഴുംകോടു്. ( ഐശ്വര്യത്തിന്റെ ഇരിപ്പിടം) എന്നതിന്റെ തത്ഭവമാകുന്നു. ഇവ കൂടാതെ വഞ്ചിഭൂമി, വഞ്ചിദേശം, വേണാടു്, തൃപ്പാപ്പൂർ, രാമരാജ്യം, ധർമ്മഭൂമി എന്ന മറ്റു പേരുകളും ഉണ്ടു്. ഇംഗ്ലീഷുകാർ പറഞ്ഞു വരുന്ന ട്‌റാവൻകൂർ എന്നതു് "തിരുവതാംകൂറിന്റെ" ഒരു രൂപഭേദമത്രേ. പരശുരാമക്ഷേത്രം, കേരളം, മലബാർ, മലങ്കര എന്നിവ ഈ സംസ്ഥാനവും കൂടി ഉൾപ്പെട്ട മലയാളരാജ്യത്തിന്റെ പൊതുപ്പേരുകൾ ആകുന്നു. [ 3 ]കിടപ്പും അതിരുകളും.
[തിരുത്തുക]ഇതു് ഹിന്ദുക്കളുടെ ഇരിപ്പിടമായ ഭാരതഖണ്ഡത്തിന്റെ (ഇൻഡ്യാരാജ്യത്തിന്റെ) തെക്കേ അറ്റത്തു സഹ്യപർവതത്തിന്റെ പടിഞ്ഞാറുവശത്തു തെക്കുവടക്കായി കിടക്കുന്നു. ഇതിന്റെ കിഴക്കേ അതിർത്തി സഹ്യപർവതവും പടിഞ്ഞാറേതു സമുദ്രവുമാണു്. മധുര തിരുനൽവേലി ഈ ജില്ലകൾ പർവതത്തിന്റെ കിഴക്കുഭാഗത്തു കിടക്കുന്നു. വടക്കുവശവും മുക്കാലും മലകളാണു്. മലകൾക്കപ്പുറം വടക്കു കോയമ്പത്തൂർജില്ലയും കൊച്ചീസംസ്ഥാനവുമാണു്. പടിഞ്ഞാറേവശം തെക്കോട്ടു പോകുംതോറും ക്രമേണ കിഴക്കോട്ടു ചരിഞ്ഞു ചരിഞ്ഞു തെക്കുകിഴക്കേ അറ്റം സമുദ്രത്തിലേയ്ക്കു ഉന്തിനില്ക്കുന്ന ഒരു കോടിയായി അവസാനിച്ചിരിക്കുന്നു. ഇതാണു് പ്രസിദ്ധപ്പെട്ട 'കന്യാകുമാരി' കോടി. ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാനത്തിന്റെ വടക്കും കിഴക്കും മലകളും തെക്കും പടിഞ്ഞാറും സമുദ്രവും ആണു്. വടക്കു പടിഞ്ഞാറേക്കോണിൽ തിരുവിതാംകൂറിന്റെ ഒരു ചെറിയഭാഗം കൊച്ചീസംസ്ഥാനത്തിന്റെ ഉള്ളിൽ കടന്നുകിടക്കുന്നു. ആ കോണിൽതന്നെ ചിലേടത്തു കൊച്ചിയുടെ അംശങ്ങൾ തിരുവിതാംകൂറിന്റെ ഉള്ളിലും കിടപ്പുണ്ടു്. കിഴക്കുവശത്തു് ഏകദേശം മദ്ധ്യത്തിലായി മലകൾക്കപ്പുറത്തു തിരുവിതാംകൂറിന്റെ ഒരു ഭാഗം (ചെങ്കോട്ട) തിരുനൽവേലിയിൽ ഉന്തിനില്ക്കുന്നു.
വിസ്തീർണ്ണത.
[തിരുത്തുക]തെക്കേഅറ്റം മുതൽ വടക്കേഅറ്റംവരെയുള്ള നീളം ൧൭൪ - മൈൽ ആകുന്നു. കൂടുതൽ വീതി ൭൫ - മൈൽ ആണു്. വടക്കുനിന്നു തെക്കോട്ടു വരുന്തോറും വീതി ക്രമേണ കുറഞ്ഞുവരുന്നു. ശരാശരി വീതി ഏകദേശം ൪൦ -മൈൽ ആണു്. പടിഞ്ഞാറുവശത്തു വടക്കേ അറ്റംമുതൽ സമുദ്രതീരത്തുകൂടി തെക്കേഅറ്റത്തുവന്നു് അവിടുന്നു കിഴക്കൻമലകളുടെ മേൽഭാഗത്തുകൂടി വടക്കേഅറ്റത്തെത്തി പടിഞ്ഞാറോട്ടു പോയി അതിർത്തിവഴി സഞ്ചരിച്ചു തിരിച്ച സ്ഥലത്തു ചെന്നെത്തുന്നതിനു് ൫൭൦-മൈൽ ദൂരമുണ്ടു്. ഈ ൫൭൦-മൈൽ ദൂരത്തെ തിരുവിതാംകൂറിന്റെ ചുറ്റളവെന്നു പറയുന്നു. ഈ ചുറ്റളവിനകത്തുൾപ്പെട്ട സംസ്ഥാനത്തിന്റെ ക്ഷേത്രഫലം ഇപ്പോഴത്തെ സർവേപ്രകാരം ൭,൬൨൫ ചതുരശ്രമൈലാണു്. ഇതിൽ ൧,൮൪൭ (ആകെയുള്ളതിന്റെ ഏകദേശം നാലിൽ ഒരു ഭാഗം) പടിഞ്ഞാറൻതീരദേശത്തിന്റേയും ൫,൭൭൮ (നാലിൽ മൂന്നുഭാഗം) കിഴക്കൻ [ 4 ] മലനാട്ടിന്റേതുമാകുന്നു. ഇതിനു് അയൽരാജ്യമായ കൊച്ചിയേക്കാൾ ൫ ഇരട്ടി വലിപ്പമുണ്ട്. മൈസൂർ തിരുവിതാംകൂറിനേക്കാൾ നാലിരട്ടി വലിപ്പം കൂടിയതാണു്. വിസ്തീർണ്ണം നോക്കിയാൽ ഇൻഡ്യയിലുള്ള നാട്ടുരാജ്യങ്ങളിൽ ൧൯-ാമത്തെ സ്ഥാനമാണു് ഈ സംസ്ഥാനത്തിനുള്ളതു്. കുടിപാർപ്പുനോക്കിയാൽ മൂന്നാമത്തെ സ്ഥാനമുണ്ടു്.
വിഭാഗങ്ങൾ.
[തിരുത്തുക]ഈ സംസ്ഥാനത്തെ ൩0 താലൂക്കുകളായി വിഭജിച്ചിരിക്കുന്നു. താലൂക്കുകൾ ഇവയാണു.--
൧. | തോവാള | ൧൬. | മാവേലിക്കര |
൨. | അഗസ്തീശ്വരം | ൧൭. | പത്തനംതിട്ട |
൩. | കൽക്കുളം | ൧൮. | തിരുവല്ല |
൪. | വിളവങ്കോടു് | ൧൯. | അമ്പലപ്പുഴ |
൫. | നെയ്യാറ്റുങ്കര | ൨0. | ചേർത്തല |
൬. | തിരുവനന്തപുരം | ൨൧. | വൈക്കം |
൭. | നെടുമങ്ങാടു് | ൨൨. | കോട്ടയം |
൮. | ചിറയിൻകീഴു് | ൨൩. | ചങ്ങനാശ്ശേരി |
൯. | കൊട്ടാരക്കര | ൨൪. | മീനച്ചൽ |
൧0. | പത്തനാപുരം | ൨൫. | തൊടുപുഴ |
൧൨. | ചെങ്കോട്ട | ൨൬. | മുവാറ്റുപുഴ |
൧൨. | കൊല്ലം | ൨൭. | കുന്നത്തുനാടു് |
൧൩. | കുന്നത്തൂർ | ൨൮. | പറവൂർ |
൧൪. | കരുനാഗപ്പള്ളി | ൨൯. | ദേവികുളം |
൧൫. | കാർത്തികപ്പള്ളി | ൩0. | പീരുമേടു്. |
പത്തനംതിട്ട ഒരു പുതിയ താലൂക്കാണു്. കുറച്ചു മുമ്പുവരെ ഇരണിയൽ, ചെങ്ങന്നൂർ, ഏറ്റുമാനൂർ, ആലങ്ങാട് എന്നു നാലു താലൂക്കുകൾ കൂടി ഉണ്ടായിരുന്നു. ഇടയ്ക്കു പരിഷ്കരിച്ചപ്പോൾ ഇവയെ പിരിച്ചു സമീപതാലൂക്കുകളോടു ചേർക്കയുണ്ടായി.