താൾ:Geography textbook 4th std tranvancore 1936.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിടപ്പും അതിരുകളും.

ഇതു് ഹിന്ദുക്കളുടെ ഇരിപ്പിടമായ ഭാരതഖണ്ഡത്തിന്റെ (ഇൻഡ്യാരാജ്യത്തിന്റെ) തെക്കേ അറ്റത്തു സഹ്യപർവതത്തിന്റെ പടിഞ്ഞാറുവശത്തു തെക്കുവടക്കായി കിടക്കുന്നു. ഇതിന്റെ കിഴക്കേ അതിർത്തി സഹ്യപർവതവും പടിഞ്ഞാറേതു സമുദ്രവുമാണു്. മധുര തിരുനൽവേലി ഈ ജില്ലകൾ പർവതത്തിന്റെ കിഴക്കുഭാഗത്തു കിടക്കുന്നു. വടക്കുവശവും മുക്കാലും മലകളാണു്. മലകൾക്കപ്പുറം വടക്കു കോയമ്പത്തൂർജില്ലയും കൊച്ചീസംസ്ഥാനവുമാണു്. പടിഞ്ഞാറേവശം തെക്കോട്ടു പോകുംതോറും ക്രമേണ കിഴക്കോട്ടു ചരിഞ്ഞു ചരിഞ്ഞു തെക്കുകിഴക്കേ അറ്റം സമുദ്രത്തിലേയ്ക്കു ഉന്തിനില്ക്കുന്ന ഒരു കോടിയായി അവസാനിച്ചിരിക്കുന്നു. ഇതാണു് പ്രസിദ്ധപ്പെട്ട 'കന്യാകുമാരി' കോടി. ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാനത്തിന്റെ വടക്കും കിഴക്കും മലകളും തെക്കും പടിഞ്ഞാറും സമുദ്രവും ആണു്. വടക്കു പടിഞ്ഞാറേക്കോണിൽ തിരുവിതാംകൂറിന്റെ ഒരു ചെറിയഭാഗം കൊച്ചീസംസ്ഥാനത്തിന്റെ ഉള്ളിൽ കടന്നുകിടക്കുന്നു. ആ കോണിൽതന്നെ ചിലേടത്തു കൊച്ചിയുടെ അംശങ്ങൾ തിരുവിതാംകൂറിന്റെ ഉള്ളിലും കിടപ്പുണ്ടു്. കിഴക്കുവശത്തു് ഏകദേശം മദ്ധ്യത്തിലായി മലകൾക്കപ്പുറത്തു തിരുവിതാംകൂറിന്റെ ഒരു ഭാഗം (ചെങ്കോട്ട) തിരുനൽവേലിയിൽ ഉന്തിനില്ക്കുന്നു.

വിസ്തീർണ്ണത.

തെക്കേഅറ്റം മുതൽ വടക്കേഅറ്റംവരെയുള്ള നീളം ൧൭൪ - മൈൽ ആകുന്നു. കൂടുതൽ വീതി ൭൫ - മൈൽ ആണു്. വടക്കുനിന്നു തെക്കോട്ടു വരുന്തോറും വീതി ക്രമേണ കുറഞ്ഞുവരുന്നു. ശരാശരി വീതി ഏകദേശം ൪൦ -മൈൽ ആണു്. പടിഞ്ഞാറുവശത്തു വടക്കേ അറ്റംമുതൽ സമുദ്രതീരത്തുകൂടി തെക്കേഅറ്റത്തുവന്നു് അവിടുന്നു കിഴക്കൻമലകളുടെ മേൽഭാഗത്തുകൂടി വടക്കേഅറ്റത്തെത്തി പടിഞ്ഞാറോട്ടു പോയി അതിർത്തിവഴി സഞ്ചരിച്ചു തിരിച്ച സ്ഥലത്തു ചെന്നെത്തുന്നതിനു് ൫൭൦-മൈൽ ദൂരമുണ്ടു്. ഈ ൫൭൦-മൈൽ ദൂരത്തെ തിരുവിതാംകൂറിന്റെ ചുറ്റളവെന്നു പറയുന്നു. ഈ ചുറ്റളവിനകത്തുൾപ്പെട്ട സംസ്ഥാനത്തിന്റെ ക്ഷേത്രഫലം ഇപ്പോഴത്തെ സർവേപ്രകാരം ൭,൬൨൫ ചതുരശ്രമൈലാണു്. ഇതിൽ ൧,൮൪൭ (ആകെയുള്ളതിന്റെ ഏകദേശം നാലിൽ ഒരു ഭാഗം) പടിഞ്ഞാറൻതീരദേശത്തിന്റേയും ൫,൭൭൮ (നാലിൽ മൂന്നുഭാഗം) കിഴക്കൻ മലനാട്ടിന്റേതുമാ-"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/8&oldid=160140" എന്ന താളിൽനിന്ന് ശേഖരിച്ചത്