Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവയ്ക്കുള്ളിൽ ചിതറിക്കിടക്കുന്ന ആറു്, തോടു്, കായൽ മുതലായ ജലാശയങ്ങൾ വിശേഷമായ അലങ്കാരങ്ങൾ, ആണു്. ഭൂതലത്തിലെ വിളവുകളും ഒട്ടും അപ്രസിദ്ധങ്ങളല്ല. പടിഞ്ഞാറേ തീരം മുതൽ കിഴക്കോട്ടു് തെങ്ങു്, കമുകു്, പ്ലാവു്, മാവു് മുതലായ വൃക്ഷങ്ങളും നല്ലമുളകു്, ഏലം, ഇഞ്ചി, തേയില മുതലായ ചെടികളും ഇവിടെ ധാരാളമായി ഉണ്ടാകുന്നു. ഇവിടത്തെ ജനങ്ങളുടെ ആകൃതി, പ്രകൃതി, ഗുണങ്ങൾ മുതലായവയും പ്രത്യേകരീതിയിലുള്ളവയാണു്. ചുരുങ്ങിയ വിധത്തിലുള്ള അന്നപാനാദികളും, വസ്ത്രധാരണം മുതലായ അലങ്കാരങ്ങളും, വിവാഹം മുതലായ സമുദായാചാരങ്ങളും, അയൽവാസികളുടെ സമ്പ്രദായങ്ങളിൽനിന്നു് എത്രയോ വ്യത്യസ്തങ്ങളായിരിക്കുന്നു. ഇങ്ങനെ പലവിധത്തിലും വിശേഷവിധിയോടുകൂടിയ ഒരു ചെറിയ രാജ്യമാകുന്നു ഇതു്. എവിടെ നോക്കിയാലും സദാ പച്ചനിറത്തോടുകൂടിയ കാഴ്ചകൾ കാണാം. മനുഷ്യരുടെ ഉപജീവനത്തിനും സുഖാനുഭവത്തിനും ഉതകുന്നവയായ അനേകം സാധനങ്ങൾ ഇവിടെ വളരുന്നുണ്ടു്. ആകൃതിയിൽ ചെറുതെങ്കിലും ഇതു വളരെ പുരാതനമായിട്ടുള്ള സംസ്ഥാനമാണു്. പണ്ടുപണ്ടേ ഏർപ്പെടുത്തിയിട്ടുള്ളവയും എല്ലാംകൊണ്ടും നന്നെന്നു പൊതുജനസമ്മതമുള്ളവയുമായ അനേക ചട്ടവട്ടങ്ങൾ ഇപ്പോഴും നടപ്പിലിരിക്കുന്നു. എന്നാൽ പഴയ ചട്ടവട്ടങ്ങളെ എല്ലാം സ്വീകരിച്ചിരിക്കുന്നു എന്നു പറവാൻ പാടില്ല. കാലദേശാനുകൂലമായ വിധത്തിൽ രാജ്യത്തിനും ജനങ്ങൾക്കും ശ്രേയസ്കരങ്ങളായ പല നവീനപരിഷ്കാരങ്ങളും പ്രചാരത്തിൽ വരുന്നുണ്ടു്. ഈ സംഗതികൾ വളരെ ശതവർഷങ്ങളായി തുടരെത്തുടരെ മഹാരാജാക്കന്മാരാൽ ഭരിക്കപ്പെട്ടുവരുന്ന തിരുവിതാംകൂറിനെ സന്ദർശിക്കുന്ന പാരദേശികനായ ഏതൊരാളിന്റെ മനസ്സിനെയാണു് വിസ്മയിപ്പിക്കാതിരിക്കുന്നതു്.

ഈ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ പേർ തിരുവിതാംകൂർ എന്നാകുന്നു. തിരുവിതാംകോടു്എന്നും പറയും. ഇതു് ശ്രീവാഴുംകോടു്. ( ഐശ്വര്യത്തിന്റെ ഇരിപ്പിടം) എന്നതിന്റെ തത്ഭവമാകുന്നു. ഇവ കൂടാതെ വഞ്ചിഭൂമി, വഞ്ചിദേശം, വേണാടു്, തൃപ്പാപ്പൂർ, രാമരാജ്യം, ധർമ്മഭൂമി എന്ന മറ്റു പേരുകളും ഉണ്ടു്. ഇംഗ്ലീഷുകാർ പറഞ്ഞു വരുന്ന ട്‌റാവൻകൂർ എന്നതു് "തിരുവതാംകൂറിന്റെ" ഒരു രൂപഭേദമത്രേ. പരശുരാമക്ഷേത്രം, കേരളം, മലബാർ, മലങ്കര എന്നിവ ഈ സംസ്ഥാനവും കൂടി ഉൾപ്പെട്ട മലയാളരാജ്യത്തിന്റെ പൊതുപ്പേരുകൾ ആകുന്നു.




"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/6&oldid=160118" എന്ന താളിൽനിന്ന് ശേഖരിച്ചത്