തമിഴകവും ദ്രാവിഡമാഹാത്മ്യവും/ദ്രാവിഡമാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദ്രാവിഡമാഹാത്മ്യം

രചന:ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികളുടെ
കൃതികൾ

ചട്ടമ്പിസ്വാമികൾ
കൃതികൾ

 · ക്രിസ്തുമതനിരൂപണം
 · പ്രാചീനമലയാളം
 · പ്രാചീനമലയാളം 2
 · വേദാധികാരനിരൂപണം
 · അദ്വൈതചിന്താപദ്ധതി
 · നിജാനന്ദവിലാസം
 · ജീവകാരുണ്യനിരൂപണം
 · ആദിഭാഷ
 · ശ്രീചക്രപൂജാകല്പം
 · പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം
 · ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം
 · ദേവീമാനസപൂജാസ്തോത്രം
 · പ്രണവവും സംഖ്യാദർശനവും
 · ഭാഷാപത്മപുരാണാഭിപ്രായം
 · കേരളത്തിലെ ദേശനാമങ്ങൾ
 · മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ
 · കവിതകൾ
 · കത്തുകൾ
 · തിരുമൊഴികൾ
 · തമിഴകവും ദ്രാവിഡമാഹാത്മ്യവും
 · കേരളചരിത്രവും തച്ചുടയ കയ്മളും


ദ്രാവിഡമാഹാത്മ്യം[തിരുത്തുക]

അധ്യായം 1[തിരുത്തുക]


ദ്രാവിഡത്തെപ്പറ്റി എന്തെങ്കിലും പറയുന്നതിനു മുമ്പായി ജനങ്ങളുടെ ഉത്തരദിക്കിൽ നിന്നുമുള്ള വരവിനെക്കുറിച്ച് അല്പം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ആര്യന്മാരുടെ ആദ്യത്തെ ജന്മഭൂമി റഷ്യാരാജ്യമാണെന്നു ചില പണ്ഡിതന്മാരും മദ്ധ്യ ഏഷ്യയാണെന്നു മറ്റു ചിലരും, ഇതു രണ്ടുമല്ല ഉത്തരധ്രുവപ്രദേശങ്ങളാണെന്നു ലോകമാന്യതിലകനും ഇങ്ങനെ പലരും പലവിധത്തിൽ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു. ബുദ്ധിമാന്മാരും സൂക്ഷ്മാവലോകനപടുക്കളും ആയ ഈ മഹാന്മാരുടെ അഭിപ്രായങ്ങൾ നമുക്കു സ്വീകാര്യം തന്നെ. എങ്കിലും ഏതാണു സ്വീകാര്യം എന്ന് അറിയുന്നതിനാണു പ്രയാസമായിരിക്കുന്നത്. അനുഭവം കൊണ്ടോ അനുഭവസ്ഥന്മാരിൽ നിന്നോ ഗ്രഹിക്കാൻ സാധിക്കാത്ത സംഗതികൾക്കെല്ലാം ഫലം ഇത്തരത്തിലേ ആയിരിക്കയുള്ളൂ. ഈ മൂന്നു സ്ഥലങ്ങളിൽ നിന്നും ആര്യന്മാർ ജനിച്ചു തെക്കോട്ടു വന്നതായിത്തന്നെ നമുക്കു തല്ക്കാലം വിചാരിച്ചുകൊള്ളാം. മൂവായിരം വർഷങ്ങൾക്കു മുമ്പ് എപ്പോഴോ ഇവർ തെക്കോട്ടു പോയ കൂട്ടത്തിൽ ഇന്ത്യയിലും വന്നുചേർന്നു എന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം. ഇന്ത്യയിൽ വന്ന സമയം ഈ രാജ്യം മുഴുവനും ദ്രാവിഡരുടെ അധീനത്തിലായിരുന്നു എന്നുള്ള ചരിത്രം പ്രസിദ്ധമാണല്ലോ. എന്നാൽ ദ്രാവിഡർ ഇവിടെ എങ്ങനെ എപ്പോൾ വന്നു എന്നും മറ്റുമുള്ള സംഗതിയെക്കുറിച്ചു ചരിത്രകാരന്മാർക്ക് ഏകാഭിപ്രായം കാണുന്നില്ല. പൂർവ്വകാലത്തു ദ്രാവിഡർ വിദേശങ്ങളിലും സഞ്ചരിച്ചിരുന്നു എന്നുള്ളതിനു ‌ബലൂചിസ്ഥാനിലും ആസ്ട്രേലിയയിലും ദ്രാവിഡഭാഷാവശിഷ്ടങ്ങൾ ഇന്നും നിലനില്ക്കുന്നതുതന്നെ തെളിവാണ്. ഇനി ഇവർ തന്നെ അല്ലേ ഉത്തരദിക്കുകളിൽ ചരിത്രകാരന്മാരുടെ ആര്യന്മാരായി പരിണമിച്ചത് എന്നും സംശയിക്കാൻ വയ്യാതില്ല. എന്തൊക്കെ പറഞ്ഞാലും, ആര്യന്മാർ മൂവായിരം സംവത്സരങ്ങൾക്കു മുമ്പ് തെക്കോട്ടു വന്നു എന്നുള്ള ചരിത്രകാരന്മാരുടെ അഭിപ്രായം സ്വീകരിക്കാമെങ്കിലും ജനങ്ങളുടെ ആദ്യത്തെ ജന്മഭൂമി ഉത്തരദിക്കാണെന്നുള്ള അഭിപ്രായം വകവെച്ചുകൊടുക്കാൻ ന്യായം കാണുന്നില്ല. ഇന്നത്തെ പാശ്ചാത്യവിദ്വാന്മാർ പഠിച്ച പണിയെല്ലാം നോക്കിയിട്ടും അവിടെ ചെല്ലാൻ സാധിക്കാത്തവിധം അത്ര തണുപ്പു കൂടുതലുള്ള സ്ഥലമാണ് ഉത്തരധ്രുവദേശം. പിന്നെ പൂർവ്വകാലാവസ്ഥ പറയേണ്ടതില്ലല്ലോ. ചരിത്രകാരന്മാരുടെ അഭിപ്രായത്തിനായിട്ട് ആദ്യകാലത്ത് ആ സ്ഥലങ്ങൾ ജനവാസയോഗ്യമായിത്തീരാൻ തക്കവണ്ണം പ്രകൃതിനിയമം മാറ്റാവുന്നതല്ല. ഇങ്ങനെയുള്ള ദിക്കിൽ, ശൈത്യ‌ത്തിൽ നിന്നു ദേഹത്തെ രക്ഷിക്കുന്നതിനു വേണ്ടടത്തോളം ഉപകരണങ്ങൾ ഇല്ലാതിരുന്ന വനചരസമന്മാർ എങ്ങിനെ വസിക്കും? റഷ്യയിലും മദ്ധ്യ ഏഷ്യയിലും തണുപ്പിന് അല്പം കുറവുണ്ടെങ്കിലും ജനവാസയോഗ്യമായിത്തീർന്ന ശേഷം – അതായത് തണുപ്പിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ട മാർഗ്ഗങ്ങൾ കണ്ടുപിടിച്ചശേഷം അവിടങ്ങളിൽ ജനങ്ങൾ കുടിപ്പാർക്കാൻ തുടങ്ങി എന്നു വരാവുന്നതാണ്. ഉത്തരദിക്കുകൾ ആര്യജന്മഭൂമി എന്നു കാണിക്കുന്നതിന് ഋഗ്വേദാദികളേയും, വടക്കൻസമുദ്രങ്ങളിൽ കണ്ടതായ (ജന്തുക്കളുടെ) അസ്ഥികൂടങ്ങളേയും പ്രമാണമായി ഹാജരാക്കുന്നു. തെക്കൻദിക്കിൽ നിന്നു പോയവർ ഉത്തരദേശങ്ങളിൽ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ സൂര്യോദയത്തിനും മറ്റും അവർ കണ്ടുവരാറുള്ളതിൽ നിന്നു വ്യത്യാസം കാണുകയാൽ അത്ഭുതം തോന്നി സ്തുതിക്കയും അത് ഋഗ്വേദാദികളിൽ സ്ഥാനം പിടിക്കയും ചെയ്തതായിരിക്കണം. വേദങ്ങളിലും മറ്റും പലതും പലർ പലപ്പോഴായി കൂട്ടിച്ചേർത്തിട്ടുണ്ടെന്നുള്ള കാര്യവും വിസ്മരിക്കാൻ പാടില്ല.


“തത്രൈകസ്ഥം ജഗൽകുൽനം

പ്രതിഭക്ത മനേകധാച
അവശ്യദേവ ദേവസ്യ
ശരീരേ പാണ്ഡവസ്തതാഃ”
എന്ന ഗീതാശ്ലോകം വെച്ചുകൊണ്ടു പറകയാണെങ്കിൽ ഭാരതീയമഹർഷിമാർ ലോകതത്വങ്ങളെ ദിവ്യചക്ഷുസ്സു കൊണ്ടു ദർശിച്ച് ഋഗ്വേദാദികളിൽ ചേന്നു എന്നും വിചാരിക്കാവുന്നതാണ്. അസ്ഥിക്കൂടു മുതലായതു ജനങ്ങൾ അധിവസിച്ചിരുന്ന സ്ഥലങ്ങളിൽ നിന്നു പുഴ വഴിയാലും മറ്റും സമുദ്രത്തിലും അതുവഴി ഉത്തരദേശക്കടൽത്തീരങ്ങളിലും ഒഴുകിച്ചെന്നിരിക്കാവുന്നതാണ്.

സകലചരാചരങ്ങളും പഞ്ചഭൂതസൃഷ്ടങ്ങളാണല്ലോ. സൃഷ്ടിക്കു ചില നിയമങ്ങളെല്ലാം ഉണ്ട്. ശീതോഷ്ണാദികാലദേശാവസ്ഥകൾ സ‌ൃഷ്ടിക്കു യോഗ്യമായിരുന്നില്ലെങ്കിൽ ഒന്നും ഉണ്ടാകുന്നതല്ല. ശീതോഷ്ണാദികൾ ക്രമമല്ലാതിരുന്നാൽ സസ്യാദികൾ നശിച്ചുപോകും എന്നുള്ളതു നമുക്ക് അനുഭവമാണല്ലോ. വായുണ്ടെങ്കിൽ ഇരയും ഉണ്ട് എന്നാണല്ലോ പ്രകൃതിനിയമം. ഗർഭത്തിൽ കിടക്കുന്ന ശിശുവിൻറെ ശുശ്രൂഷാകാര്യം ആരും അന്വേഷിക്കണമെന്നില്ല. സൃഷ്ടിയുടെ ആരംഭകാലത്തു ജീവജാലങ്ങൾക്കുള്ള ഭക്ഷണസാധനങ്ങൾ പ്രകൃതി നല്കുന്നു. ആദികാലത്തു മനുഷ്യരുടെ ഭക്ഷണം കായ്, കിഴങ്ങ് മുതലായവയും, ശരീരത്തെ ശീതോഷ്ണങ്ങളുടെ ബാധയിൽ നിന്നു രക്ഷിക്കുന്നതിന് ഇല, മരവുരി, തുകൽ എന്നിവയും ആയിരുന്നു. ഇവയെല്ലാം ആര്യന്മാരുടെ ആദ്യജന്മഭൂമി എന്നു പറയുന്ന ഉത്തരധ്രുവാദിദേശങ്ങളിൽ ഉണ്ടാകുന്നതല്ല. ഇവ ശീതോഷ്ണം മിതമായുള്ള ഇന്ത്യ മുതലായ ദേശങ്ങളിൽ സമൃദ്ധമായി ഉണ്ടാകുന്നുമുണ്ട്. ജനസംഹതി പ്രഥമതഃജന്മസ്ഥലമായി സ്വീകരിച്ച പുണ്യഭൂമി എവിടെ എന്ന പ്രശ്നത്തിനു മതിയായ ഉത്തരം ലോകചരിത്രകുശന്മാർ ഇന്നേവരെ നമുക്കു നല്കിയിട്ടില്ല. കഴിയുന്നത്ര യൂറോപ്പ് ഖണ്ഡത്തിൽ ആയതാക്കിവെയ്ക്കണെന്നു യൂറോപ്യൻ പണ്ഡിതന്മാർക്ക് ആഗ്രഹമുണ്ട്. ഏഷ്യയിലെ വിദ്വഛിരോമണികളുടെ അഭിപ്രായങ്ങളും ഏറ്റവും വിലമതിക്കത്തക്കതാണെങ്കിലും അവരിലെല്ലാം യുക്തിഭംഗങ്ങൾ സാമാന്യമായി കാൺമാനുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ഏറെക്കാലം പരിചിതമായ അഗസ്ത്യരുടെ ‘ഞാലനൂൽ’ എന്ന ഗ്രന്ഥം പ്രസ്തുതവിഷയത്തെപ്പറ്റി പറയുന്ന ഭാഗങ്ങൾ ശ്രദ്ധാർഹങ്ങളും യുക്തിയുക്തങ്ങളും ആണെന്നു പ്രസ്താവിച്ചുകൊള്ളുന്നു. ഈ ഭൂമിശാസ്ത്രപ്രകാരം ആദ്യമായി സകലജീവികളും ഉണ്ടായതു ദ്രാവി‌ഡദേശത്താണെന്നാണ്. “പല്ലുയിരൈ മുന്നിൻറെ മാതാവപ്പാപരിതിമുകം പടുമിന്തപ്പാര് താനപ്പാ” – സകലജീവികളേയും ഉല്പാദിപ്പിച്ചതു സൂര്യരശ്മി തട്ടുന്ന ഈ ഭൂമിയാണ്. സൂക്ഷ്മാവലോകനം ചെയ്താൽ അഗസ്ത്യരുടെ ഈ അഭിപ്രായം എത്രമാത്രം ആദരണീയമെന്നു നമുക്കു മനസ്സിലാക്കാം.

സൃഷ്ടി, സ്ഥിതി, സംഹാരം ഇവ ലോകസ്വഭാവനമാണെന്നു ഹിന്ദുശാസ്ത്രം പറയുന്നുണ്ട്. സൃഷ്ടിക്രമം ഏകദേശം താഴെ കുറിക്കും പ്രകാരമാകുന്നു; സച്ചിദാനന്ദസ്വരൂപമായ ചൈതന്യത്തിൽ നിന്നും മൂലപ്രകൃതി എന്ന ശക്തിയും ഇതിൽ നിന്നു ത്രിഗുണങ്ങളും ഇവയിൽ നിന്നു ത്രിമൂർത്തികൾ മൂന്നു വക ജീവന്മാർ, കാരണം, ഇന്ദ്രിയം മുതലായ സ്ഥൂലഭൂതങ്ങൾ ഇത്രയും ഉണ്ടായി. ത്രിഗുണങ്ങളിൽ അന്ത്യഗുണമായ താമസത്തിൽ നിന്ന് ആവരണവിക്ഷേപശക്തികളും; വിക്ഷേപശക്തിയിൽ നിന്നു സൂക്ഷ്മപഞ്ചമഹാഭൂതങ്ങളും ഇവയിൽ നിന്നു സൂക്ഷ്മസ്ഥൂലശരീരങ്ങളും ജനിച്ചു. സൂക്ഷ്മശരീരങ്ങളുടെ പഞ്ചീകരണത്താൽ സ്ഥൂലഭൂതങ്ങളും ഈ സ്ഥൂലഭൂതങ്ങളിൽ നിന്നു സ്ഥൂലശരീരങ്ങളും ഭൂമി മുതലായ സകല അണ്ഡങ്ങളും ഉണ്ടായി. ലോകത്തിൻറെ സ്ഥിതി കഴിഞ്ഞാൽ പിന്നെ സംഹാരം ഉണ്ടാകുന്നു. ഇതാണു പ്രളയകാലം. പ്രളയകാലം സമീപിക്കുമ്പോഴുള്ള സ്ഥിതിയെപ്പറ്റി ശ്രീമഹാഭാഗവതത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.


“ശതാവർഷാപ്യനാവൃഷ്ടിഭവിഷ്യത്യുൽ

ബണാഭുവി തൽക്കാലോ
പചിതോഷ്ണോർക്കൊ
ലോകാം സ്ത്രീൻ പ്രതിപഷ്യതി.....
സംവർത്തകൊ മേഘഗണോ
വർഷതിസ്മതം സമാ
ധാരാഭിഹസ്തിഹസ്താദ്ഃ
ലിയെതെ സലിലേ വിരാട്”ഒടുവിൽ സകലതും മൂലപ്രകൃതിയിൽ ലയിക്കുന്നതായി (ആസീദിദന്തമോ ഭൂത മപ്രജ്ഞാതമലക്ഷണം അപ്രതർക്ക്യമ വിജ്ഞേയം പ്രസുപ്തമിവ സർവ്വതഃ) മനു പറഞ്ഞിരിക്കുന്നു. സൂര്യചന്ദ്രാദികളും ഇതിൽ പെടുമെന്നു പറയേണ്ടതില്ലല്ലോ. ഇവയുടെ സഹായം കൂടാതെ യാതൊന്നും വളരുന്നതല്ല. സൃഷ്ടിയുടെ ആരംഭത്തിൽ സൂര്യപ്രകാരം ആദ്യമായി തട്ടിയതു ദ്രാവിഡദേശത്തായിരിക്കണം. മഹർഷിവചനം ഇതിനെ സൂചിപ്പിക്കുകയാണു ചെയ്യുന്നത്. ഭൂമി ഉണ്ടാകുന്നതിനു പ്രകൃതി ചില നിയമങ്ങളെല്ലാം കല്പിച്ചിട്ടുണ്ട്. അതു പ്രകാരം ആദ്യമായുണ്ടായ ഭൂമി ദ്രാവിഡദേശമായിരിക്കാം. പിന്നീട് ക്രമേണ മറ്റു ഭൂമികളും ഉണ്ടായി, ജനങ്ങൾ കുടിയേറിപ്പാർക്കാൻ തുടങ്ങിയിരിക്കണം. ഭൂമി ഉണ്ടായി വന്ന ക്രമത്തെപ്പറ്റി ഇങ്ങനെ ചിന്തിക്കാം. ആദ്യം ദ്രാവിഡദേശവും അതേ മേഖലയിൽ കിടക്കുന്ന അറേബ്യയുടെ തെക്കുഭാഗം മുതലായ സ്ഥലങ്ങളും ഉണ്ടായി. ഒരേ മേഖലയിൽ കിടക്കുന്ന മറ്റു സ്ഥലങ്ങളിൽ അധികഭാഗം സമുദ്രവും മണലാരണ്യങ്ങളും ആകയാൽ ജനവാസത്തിനു യോജിച്ചതല്ലായിരുന്നു. രണ്ടാമത് ആസ്ട്രേലിയയുടെ ഉത്തരഭാഗം അതേ മേഖലയിൽപ്പെട്ട ആഫ്രിക്ക; അമേരിക്ക മുതലായ ഖണ്ഡങ്ങളുടെ ചില ഭാഗങ്ങൾ; മൂന്നാമത്ത ഉത്തര ഇന്ത്യ; (ആര്യാവർത്തം) ഇതേ മേഖലയിൽപ്പെട്ട ഗ്രീസ്സ് മുതലായ ദേശങ്ങളും പിന്നീട് മങ്കോളിയയും അതേ മേഖലയിൽപ്പെട്ട ഭൂമികളും അതിനു ശേഷം സൈബീരിയയും ഇതേ മേഖലയിൽപ്പെട്ട മറ്റു ഭൂമികളും ഇങ്ങനെ ക്രമേണ ഉണ്ടായിവന്നു. ഭൂമിയുടെ ആകൃതി ഇപ്രകാരം രൂപപ്പെട്ടുവന്നതുകൊണ്ടായിരിക്കണം. ഭൂമി കോഴിമുട്ട പോലെ എന്നും നാരങ്ങാ പോലെ എന്നും മറ്റും ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിനു പോലും വ്യത്യാസം വന്നതെന്ന് ഊഹിക്കാവുന്നതാണ്. ഭൂമിശാസ്ത്രത്തെപ്പറ്റി വിവരിച്ചു കേൾക്കണമെന്നു ശിഷ്യൻ ഗുരുപാദരായ അഗസ്ത്യമഹർഷിയോട് അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ഭൂമിയുടെ ആക‌ൃതിക്കു മാറ്റം ഭവിക്കുന്നതു സ്വാഭാവികമാകയാൽ ഇന്നത്തെ അഭിപ്രായം ഇനിയൊരു കാലത്തു ഭേദപ്പെടുത്തേണ്ടതായി വരും; അപ്പോൾ നമ്മുടെ പിൻഗാമികൾ ആക്ഷേപിച്ചു എന്നു വരാവുന്നതാണ്. എങ്കിലും ഭൂമിയെക്കുറിച്ചുള്ള ശരിയായ തത്വത്തെ ഞാൻ നിനക്കു പറഞ്ഞുതരാം. ദ്രാവിഡദേശത്തെ ശീതോഷ്ണാവസ്ഥ ജന്തുജന്മത്തിന് അന്ന് (സൃഷ്ടിയുടെ ആരംഭത്തിൽ) അനുകൂലമായി ഇരുന്നിരിക്കണം. ആദ്യമായുണ്ടായ ജനങ്ങൾ ജന്മസ്ഥലം വിട്ടു ഫലസമൃദ്ധങ്ങളും വിപുലങ്ങളുമായ മറ്റു പ്രദേശങ്ങളിൽ ക്രമേണ പോകുന്നു; പ്രഥമതഃസൃഷ്ടിയുണ്ടായ ദേശമാകയാലായിരിക്കണം “ചൊരിന്തൊഴുകുമഴകുടയ പാരിതുതാനപ്പാ” എന്ന് അഗസ്ത്യർ പറഞ്ഞിട്ടുള്ളത്. തിരുയിടം എന്ന പേരും ഈ അഭിപ്രായത്തോടു വളരെ യോജിക്കുന്നുണ്ട്. തിരുയിടം (തിരു + യിടം = തിരുയിടം = തിരുവിടം = ദിരാവിടം = ദ്രാവിടം – മനോഹരമായ മാഹാത്മ്യമുള്ള പ്രദേശം എന്ന് അർത്ഥം) എന്നതാണ് ഒടുവിൽ ദ്രാവിഡമായി പരിണമിച്ചത്. ഇനി ഭാഷാശാസ്ത്രത്തെ അടിസ്ഥാനമാക്കി നോക്കുകയാണെങ്കിലും ദ്രാവിഡദേശത്താണ് ജനങ്ങൾ ആദ്യമായി ഉണ്ടായതെന്നു കാണാം. പ്രകൃതിനിയമത്തോട് ഇത്രമാത്രം അടുപ്പം മറ്റൊരു ഭാഷയ്ക്കും കാണുന്നില്ല. ദ്രാവിഡപദങ്ങളായ അക്ക, അത്ത, അമ്മ, അപ്പ, അന്ന മുതലായവ പ്രധാനഭാഷാകുടുംബങ്ങളിലെല്ലാം, അർത്ഥത്തിനു വ്യത്യാസം കൂടാതെ ഉപയോഗിച്ചുവരുന്നുണ്ട്. ജനങ്ങൾ ആദ്യമായി ഉപയോഗിക്കുന്നതു ശാസ്ത്രഭാഷാപദങ്ങളല്ല; മേൽ പറഞ്ഞ തരത്തിലുള്ള സാധാരണപദങ്ങളാകുന്നു. ഇതുപോലെ അനേകം ദ്രാവിഡപദങ്ങൾ എല്ലാ ഭാഷകളിലും കാണാവുന്നതാണ്. ജനങ്ങൾ ഒരേ സ്ഥലത്തു നിന്നും പോയതായി ഇതുകൊണ്ടും അനുമാനിക്കാവുന്നതാണ്. ദ്രാവിഡർ പുരാതനകാലത്തു പാശ്ചാത്യരായ വർഗ്ഗക്കാരുടെ സമീപവാസികളോ ഈ രണ്ടു സമുദായങ്ങളും ഒരേ വർഗ്ഗത്തിൽ നിന്നു പിരിഞ്ഞുപോയവരോ ആയിരിക്കാവുന്നതാണ് എന്നു ഡോക്ടർ കാൽഡവലും അഭിപ്രായപ്പെടുന്നു. ഇപ്പോൾ ഭാഷകളിൽ കാണുന്ന വ്യത്യാസം ഇക്കാര്യത്തിൽ ഗൗനിക്കാൻ പാടില്ല. ഭാഷ പരിഷ്കൃതദശയിൽ എത്തുന്നതിനു മുമ്പാണു ദ്രാവിഡർ ഉത്തരദിക്കുകളിലേക്കു പോയിട്ടുള്ളത്.


“ഏകവർണ്ണാഃസമഭാഷാഃ

ഏകരൂപാശ്ചസർവ്വശഃ
താസാം നാസ്തി
വിശേഷോഹ്ദർശനേ ലക്ഷണേപിവാ”എന്ന ഉത്തരരാമായണപദ്യം ഇപ്രകൃതത്തിൽ ശ്രദ്ധേയമാണ്. അതിനുശേഷം ഭാഷ അഭിവൃദ്ധിയെ പ്രാപിച്ചിട്ടുള്ളതാണ്. മലയാളഭാഷയുടെ കാര്യം നമ്മുടെ അനുഭവത്തിലിരിക്കുന്ന സംഗതിയാകകൊണ്ട് അഭിവൃദ്ധിക്കായും ഊഹിക്കത്തക്കതാണ്. ദ്രാവിഡഭാഷ തന്നെയായിരിക്കണം ആദ്യഭാഷ. ഒരു കുട്ടി ജനിച്ചാലുടനെ അത്യല്പസമയം എന്തോ മയക്കം കൊണ്ട് അതു മൗനമാണ്ടിരിക്കുമല്ലോ. പിന്നീടത്രെ അതു കരയുന്നത്. അപ്പോൾ അതിൻറെ മൗനം ഒഴിയുന്നു – ഇല്ലാതാകുന്നു. മൗനത്തെ ഒഴിച്ചതുകൊണ്ടു മൊഴി എന്നതുണ്ടായി. മൗനം ഒഴിച്ചാൽ ആദ്യമായുണ്ടാകുന്ന ശബ്ദം ‘അ’ ആകുന്നു. രണ്ടാമതു ചിരിക്കുന്നു. അപ്പോൾ ‘ഇ’ എന്നതുണ്ടാകുന്നു. പിന്നീടു ഭയമാണ് ഉണ്ടാകാറ്. അത് ‘ഉ’ ആയിത്തീർന്നു. മറ്റുള്ളവർ പറയുന്നതു വീണ്ടും കേൾക്കുകയും ശരി വെക്കയോ വണക്കം കാട്ടുകയോ ചെയ്കയും ചെയ്യുന്നതിന് ‘എ’ – ‘ഒ’ എന്നിയായി എടുക്കാം. ‘ഔ’ എന്ന ക്ഷീണം പോക്കൽ സൂചിപ്പിക്കുന്ന അക്ഷരമാണു പിന്നീടുണ്ടായത്. മൗനം ഒഴിച്ചപ്പോൾ ഉണ്ടായ ‘അ’കാരവും ചുണ്ടു കൂട്ടിയപ്പോൾ ഉളവായ ‘മ്’ എന്ന അർദ്ധാക്ഷരവും വീണ്ടും വാ തുറന്നപ്പോൾ ഉണ്ടാകുന്ന ‘അ’കാരവും കൂടിച്ചേരുമ്പോൾ ‘അമ്മ’ എന്ന പദം ഉണ്ടാകുന്നു. അതു പെറ്റമാതാവ് സ്വീകരിച്ചു. ഇതുപോലെ അപ്പാ, അച്ഛാ എന്ന വാക്കുകൾ ജന്മയിതാവായ അച്ഛൻ കൈക്കൊണ്ടു. ഇങ്ങനെ അത്ത, അണ്ണ, അക്ക, അന്ന മുതലായവയും ഉണ്ടാകുന്നു. മേൽ പറഞ്ഞ പേരുകളാൽ അറിയപ്പെടുന്നവരെല്ലാം ഒരു ശിശുവിൻറെ അടുത്ത ബന്ധുക്കളാണ്. ഋ, ഌ ശബ്ദങ്ങൾ പിന്നീടു കൂട്ടിച്ചേർത്തതാണെന്നു പ്രസിദ്ധമാണല്ലോ. കുറേ ദ്രാവിഡർ ആദ്യമായി ആര്യാവർത്തം എന്നും ബ്രാഹ്മതീർത്ഥദേശം എന്നും വിളിച്ചുവരുന്ന ഉത്തര ഇന്ത്യയിൽ പോയി കുടിപ്പാർക്കാൻ തുടങ്ങി. ഉത്തരദിക്കിൽ പോയ ദ്രാവിഡർ കാലക്രമം കൊണ്ട് അവരുടെ പൂർവ്വികരായ ദക്ഷിണേന്ത്യക്കാരേക്കാൾ പരിഷ്കാരികളായി ഭവിച്ചു. ഇവർ തന്നത്താൻ ആര്യന്മാർ (ബുദ്ധിസംസ്കാരമുള്ളവർ) എന്ന നാമം കൈക്കൊണ്ടു. ഇവരുടെ പാർപ്പിടത്തിന് ആര്യാവർത്തം എന്ന പേരും ഉണ്ടായി. പുരാതനകാലത്തു പരിഷ്കൃതദശയിൽ എത്തിയിരുന്ന ഈജിപ്റ്റ്, മെക്‌സിക്കോ മുതലായ രാജ്യങ്ങൾ ഇതേ ആര്യാവർത്തത്തിൻറെ മേഖലയിലാണു സ്ഥിതി ചെയ്യുന്നത്. ആര്യന്മാർ പരിഷ്കൃതദശയെ പ്രാപിച്ചശേഷം മേൽ പറഞ്ഞ രാജ്യങ്ങളിൽ പോയതായിരിക്കണം. പുരാതനകാലത്തു ഗതാഗതത്തിനു സൗകര്യം കടൽവഴിയായിരുന്നു. ഭാരതീയരുടെ പുരാതന പരിഷ്കാരാവശിഷ്ടങ്ങളും ചില ഐതിഹ്യങ്ങളും മറ്റും മിക്കരാജ്യങ്ങളിലും ഇന്നും നിലനിന്നുവരുന്നതും സ്മർത്തവ്യമാണ് – പിന്നീട് ഗ്രീസ്സ്, ചൈന, വടക്കേ അമേരിക്ക മുതലായ രാജ്യങ്ങളിലും പോയി വാസം ഉറപ്പിച്ചിരിക്കണം. ഇതെല്ലാം സംഭവിച്ചതു വളരെ സഹസ്രാബ്ദങ്ങൾക്കു മുമ്പാണെന്നു മാത്രം വിചാരിക്കാനേ നിവൃത്തിയുള്ളൂ. ഓരോ ദേശങ്ങളുടേയും ഭൂപ്രകൃതി, ശീതോഷ്ണാദി അവസ്ഥകൾ, ഭക്ഷണസമ്പ്രദായം മുതലായവയ്ക്കു തമ്മിൽ വളരെ വളരെ വ്യത്യാസം ഉള്ളതുകൊണ്ടും ചില ദിക്കിൽ വളരെ കാലം താമസിച്ചു പരമ്പരയായുള്ള നടപടി കൊണ്ടും ലോകത്തുള്ള ജനങ്ങളുടെ ആകൃതിക്കും പ്രകൃതിക്കും അത്യല്പമായ വ്യത്യാസങ്ങൾ ഉണ്ടാകാവുന്നതാണ്. വളരേ കാലം കൊണ്ടു ജനങ്ങൾ ഭൂമിയുടെ മിക്ക ഭാഗങ്ങളിലും നിറഞ്ഞു. പിന്നീട്, മൂവായിരം സംവത്സരത്തിനു മുമ്പ്, ജനങ്ങൾ പല സ്ഥലത്തും സഞ്ചരിക്കാറുള്ളതു പോലെ ചൈനയുടെ വടക്കൻ ദേശങ്ങളിൽ നിന്നും മറ്റും കുറേ പേർ ഇന്ത്യയിലേക്കു വന്നതിനേയാണു ചരിത്രകാരന്മാർ ആര്യന്മാരുടെ വരവായിട്ടു പറഞ്ഞിരിക്കുന്നത്. ഭാരതീയരെ ആര്യന്മാരെന്നും ദ്രാവിഡന്മാരെന്നും പ്രത്യേകം തരംതിരിക്കാൻ ആർക്കും സുസാധ്യമാകുന്നില്ല. മനുഷ്യവർഗ്ഗലക്ഷണശാസ്ത്രപ്രകാരം ആര്യന്മാരേയും ദ്രാവിഡന്മാരേയും തിരിച്ചറിവാൻ വളരെ പണിപ്പെട്ടിട്ടും സാധിച്ചിട്ടില്ലെന്നു ഡോക്ടർ കാൽഡവൽ, പ്രൊഫസർ ഹോമാർഷാം കോക്സ് മുതലായ പണ്ഡിതന്മാർ പറയുന്നു. മേൽ പറഞ്ഞ എല്ലാ സംഗതികളെക്കൊണ്ടും ആര്യന്മാരുടെ ആദ്യജന്മഭൂമി ദക്ഷിണ ഇന്ത്യയാണെന്നും ഇവിടെ നിന്നുമാണ് അവർ വടക്കോട്ടു പോയിട്ടുള്ളതെന്നും ചരിത്രകാരന്മാർ ആര്യാഗമനം എന്നും പറഞ്ഞിരിക്കുന്നതു കുറെ ജനങ്ങളുടെ പിന്നീടുള്ള വരവാണെന്നും വ്യക്തമായി ഗ്രഹിക്കാവുന്നതാണ്.

അധ്യായം 2[തിരുത്തുക]


ഈഴവർ അവരുടെ സമുദായോദ്ധാരണത്തിനായി തീവ്രയത്നം ചെയ്യുന്ന ഒരു ഘട്ടമാണല്ലോ ഇത്. ഇതിനിടയ്ക്ക് അവർ പ്രാചീന ചരിത്രപര്യവേഷണവും ചെയ്യാതിരിക്കില്ല. ഇങ്ങനെയുള്ള ശ്രമഫലങ്ങളിൽ ഒന്നാണ് എട്ടാം ലക്കം ‘ആത്മപോഷിണി’യിലെ ‘ഏതു കളിന്ദജ’ എന്ന ലേഖനം. ഇതേപ്പറ്റി അല്പം നിരൂപിക്കേണ്ടിയിരിക്കുന്നു.

നിരുക്തശാസ്ത്രത്തേക്കാൾ മുഖ്യത കല്പിക്കേണ്ടത് ആ ഭാഷ സംസാരിച്ചുവരുന്ന ജനസമുദായത്തിൻറെ ആദ്യചരിത്രത്തിനാണ് എന്നു തനിക്കു തോന്നുന്നതായും, ഇല്ലെങ്കിലും തുല്യത ആരും കല്പിക്കും എന്നു നിശ്ചയമാണെന്നും ലേഖകൻ അഭിപ്രായപ്പെട്ടിരിക്കുന്നു. പൂർവ്വചരിത്രത്തേയും മറ്റും അടിസ്ഥാനമാക്കി നിരുക്തശാസ്ത്രം ചമച്ചിരിക്കക്കൊണ്ടു രണ്ടും രണ്ടാണെന്നു കരുതേണ്ട ആവശ്യമില്ലല്ലോ. പാലി ആചാര്യന്മാരായ ബുദ്ധമതക്കാരാണു ദ്രാവിഡരുടെ ഭാഷയ്ക്കും മറ്റും പരിഷ്കാരം വരുത്തിയിട്ടുള്ളതെന്നും മറ്റുമാണു ലേഖകൻറെ പ്രധാനവാദവിഷയം. ആര്യന്മാർ ഇന്ത്യയിൽ കടന്ന കാലത്ത് അവിടം മുഴുവനും ദ്രാവിഡരുടെ അധീനത്തിലായിക്കണ്ടു എന്നുള്ള ചരിത്രകാരാഭിപ്രായത്തെ മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഭാരതത്തിലെ ആര്യന്മാരേയും ദ്രാവിഡന്മാരേയും തിരിച്ചറിവാൻ സാധിക്കുന്നില്ലെന്നും പ്രസ്താവിച്ചുകഴിഞ്ഞു. ഇങ്ങനെ ഇരിക്കുമ്പോൾ ഇതിൽ ഏതു കൂട്ടരാണു തെക്കേ ഇന്ത്യയിൽ വന്നതെന്ന് എങ്ങനെ തീർച്ച പറവാൻ സാധിക്കും? കൂടാതെ, രണ്ടു ഭാഷ സംസാരിക്കുന്ന സമുദായങ്ങൾ കൂട്ടിമുട്ടുമ്പോൾ മലയാളത്തിലെ മണിപ്രവാളസമ്പ്രദായം പോലെ ഭാഷയ്ക്ക് ഒരു പുതുമ ഉണ്ടാവുന്നതാണല്ലോ. പ്രാകൃതഭാഷകളുടെ ഉത്ഭവം ഇങ്ങനെ ആയിരിക്കുമെന്നൂഹിക്കരുതോ?

മറ്റു ഭാഷകളിൽ കാണുന്ന ദ്രാവിഡപദങ്ങൾ ഈ ഊഹത്തെ ബലപ്പെടുത്തുകയും ചെയ്യും. അല്ലെങ്കിൽ ആര്യഭാഷ വശമാക്കിയ ദ്രാവിഡർ ഉത്തരദിക്കിൽ നിന്നു ദക്ഷിണദേശത്തു വന്നുവെന്നു വരാമല്ലോ. അഗസ്ത്യമുനി ദ്രാവിഡനോ ആര്യനോ എന്നുള്ള കാര്യം ഇന്നും വിവാദവിഷയമായിട്ടാണിരിക്കുന്നത്. എന്നാൽ പാലി ആര്യന്മാരോ ബൗദ്ധന്മാരോ തെക്കേ ഇന്ത്യയിൽ കടന്നുകൂടും മുമ്പ് പുരാതനമായുള്ള ദ്രാവിഡദേശത്ത് ഒരു ഭാഷ നടപ്പിൽ ഇരിക്കണമെന്നതും വിസംവാദവിഷയമല്ല. ഒരു ഭാഷയ്ക്കു മറ്റൊരു ഭാഷയുടെ സഹായം കൊണ്ട് അഭിവൃദ്ധി വരാവുന്നതാണ്. പാലിഭാഷ മൂലം ദ്രാവിഡഭാഷയ്ക്കോ അഥവാ മലയാളഭാഷയ്ക്കോ അഭിവൃദ്ധി ഉണ്ടായതായി കാണുന്നില്ല. എന്നാൽ വികൃതരൂപമാക്കിയ സംസ്കൃതപദങ്ങൾ കാണുന്നുമുണ്ട്. അതിനാൽ പാലിയല്ല സംസ്കൃതമാണു ദ്രാവിഡഭാഷയിൽ കാണുന്ന പദങ്ങളെന്നു തീർച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. പാലിയും സംസ്കൃതവും തമ്മിലുള്ള വ്യത്യാസം നോക്കുകയാണെങ്കിൽ, ഗ്രാമ്യമലയാളഭാഷയും പുസ്തകത്തിലെ മലയാളഭാഷയും തമ്മിലുള്ളയത്ര അകൽച്ച കാണാവുന്നതാണ്.

ദ്രാവിഡാക്ഷരമാലകൾ പാലിയിൽ നിന്നുത്ഭവിച്ചതാണെന്നുള്ള ചിലരുടെ സിദ്ധാന്തം വെറും മൗഢ്യസൂചകമെന്നേ പറഞ്ഞുകൂടൂ. ദ്രാവിഡവട്ടെഴുത്തും അശോകൻറെ അക്ഷരമാലയും രണ്ടും സ്വതന്ത്രമായി ഉത്ഭവിച്ചതാണെന്നു വിഖ്യാതപണ്ഡിതനായ ഡോക്ടർ ബർണൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ ദ്രാവിഡഭാഷയിൽ അതിഖരമൃദുഘോഷാദിവർണ്ണങ്ങളുണ്ടെങ്കിലും ആ അക്ഷരങ്ങളില്ല. റ, ള, ഴ, റ്റ, ഌ എന്നിവ കൂടുതലായും ഉണ്ട്. ഐ, ഔ എന്നിവ പാലിയിൽ ഇല്ല. പാലിയിലില്ലാത്ത അക്ഷരമാല കൂടി ദ്രാവിഡർ കടം വാങ്ങിയത് അത്ഭുതമായിരിക്കുന്നു. ആദ്യം കോലെ(മേലോട്ടു നീണ്ട എ)ഴുത്തായിരുന്നു. ഇതിനെ പരിഷ്കരിച്ചതായിരിക്കണം വട്ടെഴുത്ത്. ഇതിൽ നിന്നുമാണു ഗ്രന്ഥമെഴുത്തുലിപി പരിഷ്കരിച്ചിട്ടുള്ളത്. മലയാളാക്ഷരമാല ഇതിൽ നിന്നും എടുത്തതാകുന്നു. വട്ടെഴുത്തിനും പാലിക്കും വളരെ സാദൃശ്യമുള്ളതു വാസ്തവം തന്നെ. അതുകൊണ്ട് ഏത് ഏതിൽ നിന്നുളവായി എന്നു പറവാൻ പ്രയാസമാണ്. പുരാതനമായ ദ്രാവിഡാക്ഷരമാലയിൽ നിന്നു മറ്റേതുണ്ടായി എന്ന് അനുമാനിക്കുന്നതാണു യുക്തിക്കു ചേരുന്നത്. അല്ലെങ്കിൽ രണ്ടിലും കാണുന്ന സാദൃശ്യങ്ങൾ യാദൃശ്ചികമല്ലെന്നു വരാം. ഇതുപോലെ യാതൊരു യഥാർത്ഥബന്ധവും കൂടാത്ത വെറും ബാഹ്യസാദൃശ്യങ്ങൾ ലോകത്തിൽ ധാരാളം കാണാം. ദ്രാവിഡരുടേതു സ്വതന്ത്രമായ ഒരു ലിപായക കൊണ്ടു മലയാളികളെ അക്ഷരാഭ്യാസം ചെയ്യിക്കാൻ ബുദ്ധമതക്കാർ വേണമെന്നില്ലല്ലോ. സിംഹളക്കാരുടെ ‘എലു’ എന്നത് ‘എഴുത്ത്’ എന്ന പദം ലോപിച്ചുണ്ടായതെന്നൂഹിക്കേണ്ടിയിരിക്കുന്നു. അക്ഷരമുതലെഴുത്തെന്നു കുറകളിലും കാണുന്നുണ്ട്.
പള്ളി എന്ന വാക്ക് ദ്രാവിഡർക്കു ബുദ്ധമതത്തിൽ നിന്നു കിട്ടിയതാണെന്നു ലേഖകൻ ഊഹിക്കുന്നു. എന്നാൽ വാസ്തവം ഇതിനു വിപരീതമാണ്. അനേകദ്രാവിഡപദങ്ങൾ മറ്റു ഭാഷകളിൽ ലയിച്ചുകിടപ്പുണ്ടെന്നു മുമ്പു പറഞ്ഞല്ലോ. പള്ളി എന്ന പദം ശുദ്ധദ്രാവിഡമാണെന്നും ഇതിനെ പാശ്ചാത്യ-ഇൻഡ്യോ-യൂറോപ്യൻ ഭാഷകളിൽ ഉപയോഗിക്കുന്നുണ്ടെന്നും ഡോക്ടർ കാൽഡുവൽ പറയുന്നു. പുരുഷാരമുള്ള സ്ഥലം എന്നാണ് ഈ വാക്കിനു പൊതുവിലുള്ള അർത്ഥം. അതുകൊണ്ടു ദേവാലയങ്ങൾക്കോ വിദ്യാലയങ്ങൾക്കോ പട്ടണത്തിനോ ഗ്രാമത്തിനോ ഈ പേര് ഉപയോഗിക്കാവുന്നതാണ്. തൃശ്ശിനാപ്പള്ളി, കാർത്തികപ്പള്ളി, ഇടപ്പള്ളി, പുതുപ്പള്ളി, എഴുത്തുപള്ളി മുതലായവ ഉദാഹരണമാണ്. ഇതിപ്പോൾ ഗൃഹങ്ങൾക്കും ബഹുമാനസൂചകമായും ഉപയോഗിച്ചുവരുന്നുണ്ട്. സാധാരണയായി ദ്രാവിഡദേശങ്ങളിൽ ക്ഷേത്രങ്ങളെ കോവിൽ, അമ്പലം എന്നിങ്ങനെയാണു പേര് വിളിച്ചുവരുന്നത്. ഇനി ദ്രാവിഡദേശങ്ങളിലുള്ളപോലെ പ്രചാരം ഈ നാമത്തിനു മറ്റു ദിക്കുകളിൽ ഉണ്ടോ എന്നും സംശയിക്കുന്നു. ഇപ്പദം സംസ്കൃതനിഘണ്ടുവിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ‘ഇ’കാരം ദ്രാവിഡാക്ഷരമാക കൊണ്ട് സംസ്കൃതത്തിലും പാലിയിലും പിന്നീടു ചേർത്തു എന്നേ വിചാരിക്കാൻ തരമുള്ളൂ. ഇത്രത്തോളം മാഹാത്മ്യമുള്ളതായി കരുതുന്ന പള്ളി എന്ന വാക്ക് പാലി ആയിരുന്നെങ്കിൽ പ്രത്യേകിച്ചും സംസ്കൃതക്കാർ അംഗീകരിച്ചിരിക്കുന്ന സ്ഥിതിക്ക്, അമരകോശക്കാരൻ വിട്ടുകളയുമെന്നൂഹിക്കാൻ കൂടി നിവൃത്തിയില്ല. ഇപ്പദം പാലിയിലുണ്ടെങ്കിൽ അതു ദ്രാവിഡരോട് ഇരവൽ വാങ്ങിയതാണെന്നു തീർച്ചയായിപ്പറയാം.

കേരളത്തിൻറെ കിടപ്പിനെപ്പറ്റി വലിയ ചരിത്രപണ്ഡിതന്മാർക്കു പോലും നല്ല നിശ്ചയം കാണുന്നില്ല. സമുദ്രത്തിൻറേയും കായലിൻറേയും തീരപ്രദേശങ്ങൾക്കു കേരളം എന്ന പേര് യോജിക്കുന്നുണ്ട്. പുരാണപ്രസിദ്ധമായ കേരളവും തിരുവിതാംകൂർ, കൊച്ചി, മലബാർ ജില്ല ഈ രാജ്യങ്ങളോടു ചേർന്നുകിടക്കുന്ന കേരളവും രണ്ടും രണ്ടാണ്. പുരാണപ്രസിദ്ധമായ കേരളം വടക്കൻ കന്യാകുമാരി മുതൽ സൗരാഷ്ട്ര വരെ നീളത്തിൽ സപ്തകൊങ്കണത്തിൽ പെട്ടുകിടക്കുന്ന കരയാകുന്നു. കച്ഛപുരിക്കു തെക്കു പരശുരാമക്ഷേത്രവും ഇതിനു തെക്കു മലയാളവും ആകുന്നു എന്ന് ‘നന്ദീശസംഹിത’യിൽ പറഞ്ഞിട്ടുണ്ട്. പുതുപ്പട്ടണത്തിൽ നിന്നു കണ്ണേറ്റിയോളം കേരളരാജ്യം. കണ്ണേറ്റി മുതൽ (തെക്കൻ) കന്യാകുമാരി വരെ കൂവളരാജ്യം എന്ന് ഒരു പഴേ കേരളോത്പത്തിയിലും കാണുന്നു. മലബാർ ജില്ല മുതൽ തെക്കോട്ടു നീണ്ടുകിടക്കുന്ന കേരളം സമുദ്രം മാറി കരയായിട്ടു രണ്ടായിരത്തഞ്ഞൂറു കൊല്ലമേ ആയിട്ടുള്ളൂ എന്നാണു ഭൂവിജ്ഞാനീയന്മാരുടെ അഭിപ്രായം. കൊടുങ്ങല്ലൂരിനും കൊല്ലത്തിനും മധ്യേയുള്ള കായലിൻറെ കിഴക്കേക്കര രണ്ടായിരം സംവത്സരത്തിനു മുമ്പു കടലായിരുന്നു എന്നു വിശ്വസിക്കുന്നതിനു ലക്ഷ്യങ്ങളുണ്ടെന്നു മലബാർ ഗസറ്ററിയറിൽ പറഞ്ഞിരിക്കുന്നു. ഇതുപോലെ കൊല്ലവർഷത്തിനു ശേഷവും കടൽ ഇറങ്ങി കരകൾ ഉണ്ടായിട്ടുണ്ട്. കൊങ്കണ കേരളത്തിനു മൂവായിരത്തിലധികം കൊല്ലത്തെ പഴക്കം ചരിത്രദൃഷ്ട്യാ കാണാവുന്നതാണ്. അശോകൻറെ കാലത്ത് ഇക്കേരളം പ്രസിദ്ധമായിരുന്നു. പരശുരാമൻറെ ചിത്പാവനബ്രാഹ്രമണരുടെ ആവാസഭൂമി ആദ്യകാലത്ത് അവിടെ ആയിരുന്നു. ഭ്രഷ്ടന്മാരായ ബ്രാഹ്മണർ മലയാളത്തു വന്നിട്ടുണ്ടെന്നു പറയുന്നത് ഇവർ തന്നെ ആയിരിക്കണം.

തെലുങ്കരുടെ ‘നായഡു’ എന്ന സ്ഥാനമാണു കേരളത്തിൽ ‘നായർ’ എന്നായിത്തീരുന്നതെന്നു ലേഖകൻ പറയുന്നതു ശരിയല്ല. ‘നായൻ’ എന്ന പദത്തിൻറെ ബഹുവചനമാണു നായർ, നയനാർ, നായന്മാർ മുതലായവ. ഇവ മലയാളത്തും പാണ്ടിയിലും ഉപയോഗിച്ചുവരുന്നുണ്ട്. മൂലദ്രാവിഡഭാഷയോട് അധികം അടുപ്പമുള്ളതു തമിഴിനാണ്. ഇതിനു ശേഷമേ തെലുങ്കുഭാഷ ജനിച്ചിരിക്കയുള്ളൂ. ‘നായർ’ എന്ന വാക്കിനെ തെലുങ്കർ നായഡു എന്നാക്കി ഉപോയഗിച്ചതായിരിക്കണം എന്നു വിചാരിക്കാനാണു യുക്തിയുള്ളത്. ‘ഡ’കാരം ദ്രാവിഡർക്കില്ല. സംസ്കൃതത്തോടുള്ള സംസർഗ്ഗം കൊണ്ട് ഇങ്ങനെ പറ്റിയതായിരിക്കണം.

നമ്പൂതിരിമാർ എന്തിന് എപ്പോൾ എവിടെനിന്നും വന്നു എന്നും മറ്റും പറയാൻ ആർക്കും കഴിയാത്തത് അവർ വൈദിക ആര്യന്മാരല്ലാത്തതുകൊണ്ടും ശുദ്ധദ്രാവിഡരായതുകൊണ്ടുമാണ്. നമ്പൂതിരിശബ്ദം ദ്രാവിഡദേശത്തു മാത്രമേ നടപ്പുള്ളൂ. ഇവർ പേരുകളോടു ‘രു’ ചേർത്തു ‘നാരായണരു’ എന്നാക്കി ഉപയോഗിച്ചുവരുന്നതു തെലുങ്കരുടെ പക്കൽ നിന്നു വാങ്ങിത്തന്നെ ആയിരുന്നാലും ഇപ്രകാരം ഉപയോഗിക്കാത്ത നമ്പൂതിരിമായും വളരെയുണ്ട്. നമ്പൂരിമാരിൽ മരുമക്കത്തായികളും വേദം ചൊല്ലാൻ അധികാരമില്ലാത്തവരും കാണുന്നുണ്ട്. പക്ഷേ ഇപ്പോൾ വേദപഠനത്തിനധികാരമില്ലെന്ന് ആർക്കും ശഠിക്കാൻ നിവൃത്തിയില്ലായിരിക്കാം. നമ്മുടെ നാടന്മാർ എത്രയോ പേർ സായ്പന്മാർ ചമഞ്ഞ് അവരുടെ ഗോഷ്ഠികളെല്ലാം കാട്ടുന്നു. ഇതു പോലെ ആര്യന്മാരിൽ പല നടപടികളും നമ്പൂരിമാർ സ്വീകരിച്ചിരിക്കും.

ബുദ്ധമതത്തിനു മുമ്പു തന്നെ, അന്യരാജ്യങ്ങളിൽ പോയ പോലെ ആര്യന്മാരിൽ ചിലർ മലയാളത്തും വന്നിരിക്കാം. സോമയാജി, അക്കിത്തിരി, ഭട്ടതിരി മുതലായതെല്ലാം ആര്യനാമങ്ങളാണ്. മലയാളരാജ്യം ഭരിക്കുവാൻ തക്കവണ്ണം ആര്യന്മാർക്ക് എപ്പോഴെങ്കിലും പ്രാബല്യം സിദ്ധിച്ചിട്ടുള്ളതായി ചരിത്രം തെളിവ് തരുന്നില്ല. ആര്യന്മാരുടെ പരിഷ്കാരങ്ങളും മതതത്വങ്ങളും മറ്റും അന്നും ഈ ദ്രാവിഡദേശീയർ സ്വീകരിച്ചിരിപ്പാനും അതുപോലെ ദ്രാവിഡരുടേതും ചിലവ ആര്യന്മാർ സ്വീകരിച്ചിരിപ്പാനും ഇട വന്നിട്ടുള്ളതായി നമുക്കു കാണാം. ഉദാഹരണമായി പുനർജ്ജന്മതത്വവും മറ്റും ആര്യന്മാർക്കു ലഭിച്ചതു ദ്രാവിഡരിൽ നിന്നുമാണെന്നും അഭിപ്രായമുണ്ട്. ആര്യന്മാർ ഇന്ത്യയിൽ വന്നപ്പോൾ പരിഷ്കൃതാശയന്മാരായ ദ്രാവിഡരും ഇവിടെ ഉണ്ടായിരുന്നു. ഇവരോടു ചേർന്നതിൽ പിന്നീടു രണ്ടു കൂട്ടർക്കും ചില വിഷയത്തിലും അഭിവൃദ്ധിയുണ്ടായി. അന്നു ചാതുർവർണ്ണ്യം നടപ്പില്ലാതിരുന്നതുകൊണ്ട് ആർക്കും ഏതു വിദ്യയും യഥേഷ്ടം പഠിക്കാമായിരുന്നു.

ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിനു ശേഷമേ ചാതുർവർണ്ണ്യ ഏർപ്പാട് മലയാളത്തിൽ കടന്നിട്ടുള്ളൂ. അതുവരെ ജനങ്ങളെ അറവർ, ഉറവർ ഇങ്ങനെ രണ്ടു തരക്കാരായി നിശ്ചയിച്ചിരിക്കുന്നു. അറവരെ നായൻമാരെന്നും മറവരെ തീയ്യരെന്നും വിളിച്ചുവന്നു. ഇക്കാലത്ത് ഈ വാക്കുകളുടെ ഉപയോഗത്തിനു വല്ല ന്യൂനതയും കണ്ടേക്കും. ഇതുകൊണ്ടു ബുദ്ധമതാഗമനവേളയിൽ ജാതിയെ ഉടയ്ക്കേണ്ട ക്ലേശം വന്നിരിക്കയില്ല. അഷ്ടാംഗഹൃദയവും ഇവിടെ നല്ലപോലെ നടപ്പിൽ ഇരുന്നു എന്നതിലേക്കു ദ്രാവിഡവൈദ്യഗ്രന്ഥങ്ങൾ സാക്ഷ്യം വഹിക്കുന്നു. ബ്രാഹ്മണമതവും പുരോഹിത ഏർപ്പാടും പ്രബലാവസ്ഥയിൽ എത്തിയ കാലത്താണു ജൈനമതവും ബുദ്ധമതവും അവതരിച്ചത്. ഈ രണ്ടു മതത്തിനും തമ്മിൽ വലിയ വ്യത്യാസമില്ല. ഈ മതക്കാരെ മിക്കവാറും നാസ്തികന്മാരായിട്ടാണ് ആസ്തികന്മാർ ഗണിച്ചിരിക്കുന്നത്. ഇവർ (ആസ്തികന്മാരായ) അദ്വൈതികളിൽ നിന്നും ഒരു പടി താഴെയായി വിജ്ഞാനമയകോശത്തെ പ്രധാനമായി സ്വീകരിച്ചിരിക്കുന്നു. ബുദ്ധമതത്തിന് അശോകൻറെ കാലത്തു വളരെ പ്രചാരമുണ്ടായിരുന്നു. പിന്നീടു ക്രമേണ ക്ഷയിക്കയാണുണ്ടായത്. ബുദ്ധമതക്കാർ മലയാളത്തോ കേരളത്തോ പോയിട്ടുള്ളതായി ചരിത്രം പറയുന്നുണ്ടെന്നു തോന്നുന്നില്ല. എങ്കിലും തിരുവിതാംകൂറിൽ കാണുന്ന ജൈന-ബുദ്ധമതക്കാരുടെ വിഗ്രഹാവശിഷ്ടങ്ങൾ കൊണ്ടു മലയാളത്തും അവർ വന്നിട്ടുള്ളതായി വിചാരിക്കാം. ഇതിൻറെ പ്രചാരം തിരുവിതാംകൂറിൽ എത്രത്തോളമുണ്ടായിരുന്നു എന്നു മിസ്റ്റർ ഗോപിനാഥറാവു ആരാഞ്ഞറിഞ്ഞിട്ടുണ്ട്. തിരുവിതാംകൂറിൻറെ മധ്യനാടുകളിൽ ബുദ്ധവിഗ്രഹങ്ങളും ഉത്തരദക്ഷിണദിക്കുകളിൽ ജൈനവിഗ്രഹങ്ങളും ഇന്നും കാണുന്നുണ്ട്. നാഗരുകോവിൽ, കല്ലിൽ, ചിതറാൽ എന്നിവ ജൈനന്മാരുടെ വകയായിരുന്നു. അമ്പലപ്പുഴയ്ക്കും സമീപമായി ശ്രീമൂലവാസമെന്ന പേരിൽ ഒരു പ്രധാന ബുദ്ധക്ഷേത്രമുണ്ടായിരുന്നതായി പറയപ്പെട്ടിരിക്കുന്നു. അമ്പലപ്പുഴെ കൃഷ്ണസ്വാമിക്ഷേത്രം പണിതിരക്കുന്നത് ആസ്ഥലത്താണെന്നും ചിലർ പ്രസ്താവിക്കുന്നുണ്ട്. ജൈനമതക്കാർ കുറേ പേർ ഇപ്പോഴും കൊച്ചിയിലുണ്ടെന്നറിയുന്നു. ബുദ്ധമതം ക്ഷയിച്ചുവരുന്ന കാലത്തായിരിക്കണം മലയാളക്കരയിൽ ആയതു കാലുവെച്ചത്. ആദ്യകാലത്തു സഞ്ചാരത്തിനു സൗകര്യം കടൽമാർഗ്ഗമാകയാൽ അതുവഴി നേരത്തേ തന്നെ സിലോണിൽ പ്രവേശിച്ചിരുന്ന ബുദ്ധമതക്കാരിൽ ചിലർ അമ്പലപ്പുഴയ്ക്കു സമീപം ആദ്യമായി കരക്കിറങ്ങിയിരിക്കണം. അവിടെ പ്രധാനക്ഷേത്രമാകാനും മധ്യതിരുവിതാംകൂറിൽ പ്രചാരം ലഭിച്ചതിനും കാരണം ഇതുതന്നെ ആയിരിക്കാം. ഇവർ പെരുമാക്കന്മാരുമായി പരിചയപ്പെട്ടു കാണുന്നതുകൊണ്ട് ഇവരുടെ വരവ് മൂന്നാം നൂറ്റാണ്ടിലാണെന്നൂഹിക്കണം. ബുദ്ധമതക്കാർക്കു പ്രാബല്യം സിദ്ധിച്ചിരുന്നെങ്കിൽ ക്ഷേത്രങ്ങളിൽ നടന്നുവരുന്ന ഹിംസാപരമായ ക്രിയകൾക്കു സംഗതിയുണ്ടാകയില്ലായിരുന്നു. ഭദ്രകാളീക്ഷേത്രങ്ങൾ വളരെ പുരാതനകാലത്തേ ഉള്ളതാണ്. ക്രിസ്തു-മുഹമ്മദ് മതങ്ങൾ മലയാളത്തു പ്രവേശിച്ച് അനേകം സംവത്സരങ്ങൾ കഴിഞ്ഞിട്ടും, വിദ്യാഭ്യാസത്തിനു വളരെ സൗകര്യമുള്ള ഇക്കാലത്തു പോലും ഹീബ്രുവും അറബിഭാഷയും ആ മതക്കാരുടെ ഇടയിൽ എത്ര പേർ പഠിച്ചു കാണുമെന്ന് അന്വേഷിക്കയാണെങ്കിൽ നൂറ്റിന് ഒന്നോ രണ്ടോ കണ്ടേക്കും. അതുകൊണ്ടു കുറച്ചുകാലം മാത്രം പ്രചരിക്കാൻ സാധിച്ച ബുദ്ധമതക്കാരുടെ പാലിഭാഷയ്ക്ക് എത്രത്തോളം പ്രവേശനം ലഭിച്ചിരിക്കുമെന്നൂഹിക്കാമല്ലോ. ഇതുകൊണ്ടുതന്നെയാണു പാലിക്കു മലയാളഭാഷയിൽ സ്ഥാനം കിട്ടാതിരുന്നത്. ബൗദ്ധന്മാരെക്കുറിച്ചു തമിഴിൽ ഒരു മഹാകാവ്യം രചിക്കുന്നതിന് അവരുടെ ചരിത്രം ഗ്രഹിച്ചാൽ മതിയാകും. ഇതുകൊണ്ടു പാലിഭാഷയ്ക്കോ ബുദ്ധമതത്തിനോ അധികം പ്രചാരം സിദ്ധിച്ചുവെന്നു വരണമെന്നില്ല.

സിലോൺ ദ്വീപ് ദ്രാവിഡദേശമാണല്ലോ. ഇപ്പോൾ കലർപ്പ് ചേർന്നുവെങ്കിലും ഇവിടത്തെ ആദിഭാഷ ശുദ്ധദ്രാവിഡം തന്നെ ആയിരിക്കണം. അതിൻറെ ആദ്യനാമം ഈഴദ്വീപെന്നോ ലങ്കയെന്നോ ആയിരുന്നിരിക്കണം. ഒരു കാലത്ത് അവിടെ കള്ളിച്ചെടി സമൃദ്ധിയായി വളർന്നുവന്നിരുന്നതിനാലോ സ്ഥലത്തിൻറെ അഴകു കൊണ്ടോ ഈ പേർ വിളിച്ചതായിരിക്കണം. ഇവിടുത്തെ ജനങ്ങളെ ഈഴവർ എന്നു വിളിക്കാവുന്നതാണല്ലോ. മലയാളത്തിലെ ഈഴവനാമധാരികൾ സിലോണിൽ നിന്നു വന്നവരായിരിക്കണം. എപ്പോൾ വന്നുവെന്നോ പറവാൻ വഴി കാണുന്നില്ല. ബുദ്ധമതക്കാരായിരുന്നെങ്കിൽ തെങ്ങുചെത്ത് മുതലായ പ്രവൃത്തികൾ ചെയ്യുമെന്നു തോന്നുന്നില്ല. ഇലങ്കുക എന്നതിനു പ്രകാശിക്കുക എന്നു തമിഴിൽ ‘ഇലങ്കൈ’ എന്നു വിളിക്കുകയും ഒടുവിൽ ലങ്ക എന്നായി പരിണമിക്കയും ചെയ്തത്. സിംഹളം എന്ന പാഠം കൊച്ചിയെ ഗോശ്രീ ആക്കിയപോലെ ചെങ്കളത്തെ സിംഹളം എന്നാക്കിത്തീർത്തതായിരിക്കണം. ചെങ്കളം എന്നതിന് അർത്ഥം അഴകുള്ള പ്രദേശം എന്നാകുന്നു. ചെങ്കളം, ചിങ്കളം, ശിങ്കളം, സിങ്കളം, സിംഹളം ഇങ്ങനെ പരിണമിക്കുകയും ഇതിനെ പാശ്ചാത്യർ സിലോൺ എന്നാക്കിത്തീർക്കയും ചെയ്തിരിക്കണം. എഴുത്തച്ഛൻറെ കാലത്ത് സംസ്കൃതത്തിനും, മലായളരാജ്യത്തു നല്ല പ്രചാരം ഉണ്ടായിരുന്നു. അക്കാലത്തിനു സമീപമായിരുന്നല്ലോ ചമ്പുഗ്രന്ഥങ്ങളുടെ പുറപ്പാട്. അദ്ധ്യാത്മരാമായണത്തിൻറെ മൂലഗ്രന്ഥം സംസ്കൃതമാകയാൽ അതിനെ പരിഭാഷപ്പെടുത്തുവാൻ സംസ്കൃതമഹാംബുധിയെ തരണം ചെയ്ത എഴുത്തച്ഛനു തെലുങ്കക്ഷരഗ്രന്ഥം തന്നെ വേണമെന്നില്ലല്ലോ. ഇതു കൂടാതെ മഹാഭാരതാദി സംസ്കൃതകൃതികളേയും അദ്ദേഹം മലയാളഭാഷയിൽ ചമച്ചിരിക്കുന്നു. അദ്ധ്യാത്മരാമായണത്തിലെ തത്വോപദേശങ്ങളിൽ മൂലഗ്രന്ഥത്തെ ആശ്രയിക്കാതെ എഴുത്തച്ഛൻ അദ്വൈതത്വങ്ങളെ സ്വന്തമാക്കി എഴുതിച്ചേർത്തിരിക്കുന്നു. മലയാളഭാഷയ്ക്കു പുഷ്ടി വരുത്തിയ കൂട്ടത്തിൽ മറ്റെല്ലാ ഭാഷകളേക്കാൾ സംസ്കൃതത്തിനാണു പ്രാധാന്യം കല്പിക്കേണ്ടത്. ഇങ്ങനെ ഭാഷയെ പുഷ്ടിപ്പെടുത്തിയവരിൽ എഴുത്തച്ഛനു പ്രഥമസ്ഥാനം നല്കേണ്ടിയുമിരിക്കുന്നു.
മേലെഴുതിയിട്ടുള്ള സംഗതികളെ വെച്ചുകൊണ്ടു സമഗ്രമായി ചിന്തിക്കുമ്പോൾ ദ്രാവിഡദേശഭാഷാജനങ്ങളുടെ മാഹാത്മ്യം അവ്യക്തമാകുന്നു. ദ്രാവിഡഭാഷയിൽ അന്യഭാഷകളുടെ സംക്രമണം ഉണ്ടായിട്ടുണ്ടെങ്കിൽ പ്രാഥമ്യം സംസ്കൃതത്തിനു തന്നെ നല്കേണമെന്നും പാല്യാദിഛായകൾ തുച്ഛങ്ങളെന്നു ഗണിക്കേണ്ടതാണെന്നം മലയാളഭാഷയെ നോക്കുകയാണെങ്കിൽ ഇത്തരം പ്രസംഗത്തിനു യാതൊരവകാശവുമില്ലെന്നും പറയേണ്ടിയിരിക്കുന്നു.