കത്തുകൾ(ചട്ടമ്പിസ്വാമികൾ)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കത്തുകൾ

രചന:ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികളുടെ
കൃതികൾ

ചട്ടമ്പിസ്വാമികൾ
കൃതികൾ

 · ക്രിസ്തുമതനിരൂപണം
 · പ്രാചീനമലയാളം
 · പ്രാചീനമലയാളം 2
 · വേദാധികാരനിരൂപണം
 · അദ്വൈതചിന്താപദ്ധതി
 · നിജാനന്ദവിലാസം
 · ജീവകാരുണ്യനിരൂപണം
 · ആദിഭാഷ
 · ശ്രീചക്രപൂജാകല്പം
 · പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം
 · ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം
 · ദേവീമാനസപൂജാസ്തോത്രം
 · പ്രണവവും സംഖ്യാദർശനവും
 · ഭാഷാപത്മപുരാണാഭിപ്രായം
 · കേരളത്തിലെ ദേശനാമങ്ങൾ
 · മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ
 · കവിതകൾ
 · കത്തുകൾ
 · തിരുമൊഴികൾ
 · തമിഴകവും ദ്രാവിഡമാഹാത്മ്യവും
 · കേരളചരിത്രവും തച്ചുടയ കയ്മളും


കത്തുകൾ[തിരുത്തുക]

പ്രാചീനമലയാളം എഴുതിയത് സംബന്ധിച്ച് വടക്കൻ പറവൂർനിന്നു ശ്രീതീർത്ഥപാദപരമഹംസസ്വാമികളുടെ പേർക്ക് അയച്ച എഴുത്ത്.[തിരുത്തുക]

86 മേടം 9
പറവൂർ

ശ്രീ
ശിവമയം

ഞാൻ വന്നുചേർന്ന ഉടൻതന്നെ അറിയിച്ചത് അവിടെ അറിഞ്ഞോ എന്നു സംശയമാണ്. ഞാൻ ഈ മലയാളത്തെപ്പറ്റി അല്പം വലുതായിട്ട് ഒരു പുസ്തകം എഴുതി. അതിനെ പ്രഫസ്സർ രങ്കസ്വാമി അയ്യങ്കാർ മുതലായ പണ്ഡിതന്മാർ (ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ), പ്രബലന്മാരായ മലയാളി നായരുദ്യോഗസ്ഥന്മാർ, ആണറബിൾ ശങ്കരൻ നായർ, ഇവരെല്ലാ പേരും കണ്ടു. എത്രയും ശീഘ്രത്തിൽ അച്ചടിക്കണമെന്നും കഴികയില്ലെങ്കിൽ അവരായിക്കൊള്ളാമെന്നും പറഞ്ഞു മുട്ടിക്കൂടിയിരിക്കുന്നു. ആ പുസ്തകവും കൊണ്ടു പതുക്കെ ഞാൻ അവിടെ നിന്നും കടന്നു ഇങ്ങോട്ടു പോന്നു. ഇതു മുഴുവനും നിന്നെ കാണിച്ചതിനുമേൽ മാത്രമേ കൊടുക്കാവൂ എന്നൊരു നിർബ്ബന്ധത്തിൻ പേരിലാണ് ഇവിടെ വന്നിരിക്കുന്നത്. അതിനാൽ ക്ഷണം നീ ഇവിടെ വന്നു ചേരണം. ശേഷം മുഖദാവിൽ.

എന്ന്
എന്റെ തീർത്ഥപാദന്,

ചട്ടമ്പി (ഒപ്പ്)


സ്വാമികളുടെ ഷഷ്ടിപൂർത്തിസ്മാരകമായി എഴുമറ്റൂർ ആശ്രമം സ്ഥാപിക്കുന്നതിനെപ്പറ്റി തീർത്ഥപാദസ്വാമികൾ അയച്ച ഒരു കത്തിന് ചട്ടമ്പിസ്വാമികൾ അയച്ച മറുപടിയാണ് താഴെ ചേർക്കുന്നത്.[തിരുത്തുക]

88 മിഥുനം 14
കൊല്ലം

ശ്രീ
ശിവമയം

എഴുത്തു കിട്ടി. ഇടമില്ലാത്തതിനാൽ വിമ്മിഷ്ടപ്പെട്ടു അടങ്ങിയൊതുങ്ങിയിരിക്കുന്ന സന്തോഷത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നതിനു വിശേഷമൊന്നുമില്ല. നിശ്ചയിച്ചു പറഞ്ഞിട്ടുള്ളതിൽ വ്യത്യാസമില്ല. പ്രാരബ്ധപ്രകാരമാകട്ടെ. ഈ ശരീരസംബന്ധമായ രക്ഷാനിയമത്തെ ഇനിയേൾക്കുന്നവർ ശ്രുത്യന്തരെന്നു വരികിലും ഇതിന്റെ അത്യന്തകൃത്യാന്തരായിത്തന്നെയിരിക്കും. ഇഹത്തിൽ അത്യുൽകൃഷ്ടനിഷ്‌കാമസുകൃതസാമ്രാജ്യത്തെ പരിപാലിച്ച് അനുഭവിക്കുന്നതുകൊണ്ടും പരത്തിൽ സർവോത്തമമോക്ഷസാമ്രാജ്യത്തെ പരിപാലിച്ചു അനുഭവിക്കുന്നതിലേയ്ക്കുള്ള ഉത്തമാധികാരിയുടെ സ്ഥാനത്തിൽ ആനന്ദാരുരുക്ഷുക്കളായിരിക്കുന്നതുകൊണ്ടും ലേഖനത്തിൽ വർണ്ണിക്കപ്പെട്ടുകാണുന്ന ധീരന്മാരായ ആ പുരുഷൈകരത്‌നങ്ങൾക്ക് സാധാരണ ഉപയോഗിച്ചുവരുന്ന ഈ രാജശബ്ദം ഏകദേശാർത്ഥവത്തായേ ഇരിക്കയൊള്ളൂ. വാസ്തവത്തിൽ ഇക്കാലത്തിലെ ഏകചക്രവർത്തിശബ്ദമാണ് തക്കതായുള്ളത്. തീർത്ഥന്റെ പേർക്കുള്ള എഴുത്തും ഇതോടൊന്നിച്ചു അഞ്ചലിൽ ഇടുവിച്ചിട്ടുണ്ട്. മറുപടി അയയ്ക്കലും പറഞ്ഞിട്ടുള്ളതുപോലെ ചെയ്യണം. സഹ്യാദ്രിഖണ്ഡം മൂലം നാഗരം അച്ചടി ഇവിടെ ഇരിപ്പുണ്ട്. ഹഠയോഗപ്രദീപികയ്ക്കു ഇപ്പോൾ ആവശ്യമുണ്ട്. പ്രാചീനകേരളം ഇരുനൂറ്റിചില്വാനം പുസ്തകങ്ങൾ ഇവിടെ കൊണ്ടുവന്നു വച്ചിട്ടുണ്ട്.

ചട്ടമ്പി (ഒപ്പ്)

1096-ൽ ഇരിങ്ങാലക്കുടനിന്ന് തീർത്ഥപാദർക്കയച്ച മറ്റൊരു കത്ത്[തിരുത്തുക]

ഇരിങ്ങാലക്കുട

ശിവമയം

ചേർത്തലവഴി എറണാകുളംവഴി ഇവിടെ വന്നുചേർന്നു. സദ്ഗുരു മാസിക, ഇതാ അയച്ചിരിക്കുന്നു. ഒരാളിന്റെ സ്ഥൂലശരീരം അഴിഞ്ഞുപോയെങ്കിലും അതിലേയ്ക്കുള്ള കാഴ്ചക്കും മറ്റുംകൂടി നിന്റെ മെലിഞ്ഞ ശരീരത്തെയാണ് നമ്മുടെ ക്രമത്തിനു ഞാൻ പകരമായി വച്ചിരിക്കുന്നത്. നീ ചെയ്യുന്ന പ്രസംഗങ്ങളെ ആകാമെന്നുള്ളിടത്തോളം ഈ മാസികയിൽ ചേർക്കാം. മാസത്തിൽ ഒന്നുവീതം ഈ മാസികയ്ക്ക് ഇവിടെ എഴുതി അയയ്ക്കണം. സൗകര്യംപോലെ ഇങ്ങോട്ടു വരിക. പ്രസംഗിക്ക. ഈ മാസികയ്ക്ക് ഇനി നിന്റെ ശിരസാണ്, ഹൃദയവും പ്രവൃത്തിയുമാണ് ആധാരമെന്നു വിചാരിക്കുന്നതിനാൽ അപ്രകാരമനുഷ്ഠിക്കുക. എല്ലാംവേണം. ഇതിനെ നമ്മുടെ മിഷ്യൻ പി.പി. (മഠം) വകയാണെന്ന് ഉറപ്പിച്ചുകൊള്ളണം. എല്ലാം നിനക്കൊത്തവണ്ണം ഭവിക്കയും വേണ്ടതുപോലെതന്നെ ഒക്കെയും ചെയ്യട്ടെ.

എന്ന്

ചട്ടമ്പി (ഒപ്പ്)

1089ൽ സ്വാമികൾ ഏകദേശം 6 മാസത്തോളം എഴുമറ്റൂർ ആശ്രമത്തിൽ വിശ്രമിച്ചിരുന്നപ്പോൾ അവിടെനിന്നു പരമഹംസസ്വാമികൾക്കയച്ച ഒരു എഴുത്ത്.[തിരുത്തുക]

എഴുമറ്റൂർ,
89 തുലാം 14

ശ്രീ
ശിവമയം

മൃദംഗം നന്നായി. കുട്ടനിതാ അങ്ങോട്ടു വരുന്നു. എന്റെ പാകത്തിനു കൂട്ടാൻവയ്ക്കുന്ന കാര്യത്തിൽ ഇവൻ പണിക്കരേയും ജയിക്കുന്നു. ചോറുമാത്രം ചിലപ്പോൾ മുഴുവനും ഒത്തില്ലെന്നുവരുന്നുണ്ട്. 'നിമജ്ജതീന്ദോഃ കിരണേഷ്വിവാങ്കഃ' എന്ന പോലെയുള്ളൂ. ഒട്ടും പിടിക്കായ്കയില്ല. മൃദംഗയജമാനനോട് ഇന്നലെ ഞാൻ പറഞ്ഞു. ഇവിടുത്തെ ജനങ്ങൾക്കു മനഃപൂർവമായ നിഷ്‌കളങ്കസ്‌നേഹാദിയുണ്ട്. രാമൻപിള്ള, കേശവപിള്ളി, തമ്പി, മാƒർ തമ്പുരാൻ ഇവരും കാരണനിവഹവും നമ്മുടെ കാര്യത്തെപ്പറ്റിയുള്ള അന്വേഷണത്തെ അവരുടെ പ്രധാന കൃത്യങ്ങളിലൊന്നാക്കിത്തന്നെ വിചാരിക്കുന്നു. മുടങ്ങാതെ പലഹാരാദി കൊണ്ടുവന്നു തരുന്നുണ്ട്. എന്താണാവശ്യമെന്നു കുട്ടനോടു ദിവസമെന്നപോലെ വന്നുചോദിക്കാറുണ്ട്. ഏകാദശി ദിവസം ഭജനമുടക്കുന്നില്ല. വലിയ മഴയും ഇരുട്ടും ആയിട്ടും മുടക്കിയില്ല. ആശ്രമത്തിനുചുറ്റും കയറിവരുന്ന വഴിക്ക് കാടു തകർത്തുവരുന്നതിനെ ഇവർ തുമ്പായുംകൊണ്ടുവന്നു ഭേഷാക്കി നന്നാക്കുന്നുണ്ട്. വാദ്ധ്യാർ തമ്പുരാനും അതിൽ അഭിമാനം കൂടാതെ തുമ്പാ പ്രയോഗിക്കയും വീഴുകയും ഒക്കെയുണ്ട്. ഓഹോ! പിന്നെയൊരു പപ്പുപിള്ളയും കൂടിയുണ്ട്. തമ്പിയുടെ പടിഞ്ഞാറേതിലെ ആണുപോലും. ഇവർ കൂട്ടുവാൻ വയ്ക്കുവാൻ കൊണ്ടുതരും. ഇവർ കാവ്യം പഠിക്കണമെന്നു ഒത്തുകൂടി നിശ്ചയിച്ചിട്ടുണ്ട്. ആവുന്നിടത്തോളം തമ്പുരാനോടു പഠിക്കാം. പിന്നെ നമ്മോടുമാവാം എന്നൊക്കെയാണ്. മിക്ക ദിവസവും എല്ലാവരും വരും. തമ്പുരാൻ ദിവസം ഒന്നും രണ്ടും നേരം വരും. എല്ലാവരോടും പകലിൽ വരരുതെന്നും ആവശ്യമുള്ളപ്പോൾ വിളിക്കാമെന്നും പറഞ്ഞിട്ടുണ്ട്. എങ്കിലും അവർ സാധാരണ വൈകുമ്പോൾ കുട്ടന്റെ അടുക്കൽ വന്നിട്ടുപോകും. എനിക്കിവിടെ തനിച്ചിരിപ്പു പരമസുഖം. തമ്പുരാൻ സഭാഗിനേയ ഭാര്യനായിട്ടു തുറവൂർ ഉത്സവത്തിനു പോയി 15 ദിവസമായി. ഇന്നു വരുമെന്നാണ്. കൊച്ചുതമ്പുരാൻ അയിരൂർ ഉണ്ടല്ലോ. അയ്യോ! നമ്മുടെ കുന്നത്തുനാട്ടെ രാമൻപിള്ളയുടെ ഒരെഴുത്തു ഒരു മാസാധികമായി മേൽവിലാസാവ്യക്തത ഹേതുവായിട്ട് ആറന്മുളയും ചെങ്ങന്നൂരുമായിട്ടു തിരിഞ്ഞു ഇപ്പോൾ വന്നെത്തിയിരിക്കുന്നു. വാതോപദ്രവം കൊണ്ടു പിഴിച്ചിൽ ഭവനത്തിൽ വച്ചു ചെയ്തു പൗ്യെം കിടക്കുകയാണ്. ഒരു പുസ്തകം കിട്ടിയേകഴിയൂതന്നെ. അയച്ചാൽ ഉടൻ പണം അയച്ചേയ്ക്കുമെന്നും പിന്നെ മറ്റുപലതും എഴുതിയിട്ടുണ്ട്. ഒരു പുസ്തകം അയച്ചേമതിയാവൂ. എനിക്കു നാല് അല്ല അഞ്ചു പുസ്തകം (പ്രാചീനമലയാളം) ചുമ്മാ കൊടുക്കേണ്ടതുണ്ട്. അതു കൊടുക്കണം. ഇരിക്കട്ടെ. പേഷ്‌കാരദ്ദേഹം വന്നുകൂടുമ്പോൾ ഒന്നുപോയേ കഴിയൂ. തിരുവനന്തപുരത്തുള്ള ശ്രീകണ്‌ഠേശ്വരം ഭജനമഠത്തിൽ അതുമിതും പുസ്തകങ്ങൾ കിടപ്പുള്ളതും ചെന്നു കൊണ്ടുവരണം. എല്ലാറ്റിനുമായിട്ട് ഒരു യാത്ര വേണ്ടിവരും. പിന്നെ അങ്ങോട്ട് നിരൂപിച്ചിട്ടേയില്ല. നീലകണ്ഠപിള്ളയ്ക്ക് അങ്ങോട്ടു വലിയേചെന്നു എഴുത്തയച്ചു. അയാൾ വള്ളംവഴി പുസ്തകങ്ങളും കൊണ്ടുവച്ചേച്ചുപോയല്ലോ. അതു ചെയ്യിക്കേണ്ടിയില്ലാഞ്ഞു എന്നെനിക്കിപ്പോൾ തോന്നുന്നു. കോടനാടും ഒരു തവണ പോകണം. പപ്പുപിള്ള എന്നൊരാൾ പതിനൊന്നു പുല, കരക്കാരെ കൂട്ടി നടത്തിയതിനെപ്പറ്റി അങ്ങോട്ടു വന്നിരുന്ന എഴുത്തിനു മറുപടി അയച്ചോ? ഇല്ലെങ്കിൽ നല്ലതായിട്ടയയ്ക്കണം (സഹായമായിട്ട്). നമ്മുടെ തോട്ടവള്ളി ആശാന്റെ കോഴിക്കൂടുപണി കഴിഞ്ഞോ? പാലുകാച്ചു കഴിഞ്ഞോ? എല്ലാപേർക്കും സുഖം തന്നെയല്ലോ? എങ്ങും ഇറങ്ങാതിരുന്നിട്ടു ശരീരത്തിനു അല്പം ക്ഷീണം ഉണ്ട്. എങ്ങും ഇറങ്ങാൻ മനസ്സില്ലാത്തതുകൊണ്ട് ഇറങ്ങുന്നും ഇല്ല. എന്റെ തീർത്ഥപാദന്,

ചട്ടമ്പി (ഒപ്പ്)

സ്വാമികൾ എഴുമറ്റൂർ വിശ്രമിച്ചിരുന്ന കാലത്തു അവിടെ എപ്പോഴും സംഗീതത്തിന്റെയും വിഹാരരംഗമായിരുന്നു. ധാരാളം എറുമ്പുകൾ അവിടുന്ന് ആഹാരം കഴിക്കുന്ന സമയം നോക്കിവന്നുകൊണ്ടിരുന്നു. സ്വസന്താനങ്ങളെപ്പോലെ അവിടുന്നു അവയെ പുലർത്തിവന്നു. അവിടുന്നു എഴുമറ്റൂർ വിട്ടതിനുശേഷം ശ്രീതീർത്ഥപാദപരമഹംസസ്വാമികളുടെ പേർക്കയച്ച താഴെച്ചേർകുന്ന എഴുത്തിൽ അതു സൂചിപ്പിച്ചിട്ടുണ്ട്[തിരുത്തുക]

ആറ്റിങ്ങൽ
89 മകരം 28

ശ്രീ
ശിവമയം

എഴുത്തു കിട്ടി. കുട്ടന്റെ കാര്യത്തെപ്പറ്റി എനിക്ക് ഒന്നും വിശേഷം തോന്നുന്നില്ല... ഇവിടെ വന്നിട്ട് ഏഴുദിവസമായി. മുപ്പതാം തീയതി തിരുവനന്തപുരത്തിലെത്തും. എൻജിനീയരും ഒരുമിച്ചുണ്ടാകും. നമ്മുടെ തമ്പുരാക്കന്മാരെ പ്രത്യേകം കേട്ടതായും കൃതജ്ഞത പറഞ്ഞതായും മറ്റും ഉണർത്തണം. പാണ്ഡ്യൻകുളം, പതാലി മുതലായ നമ്മുടെ സ്‌നേഹിത ഭാഗവതർകൾ പണ്ഡിതന്മാരാകാൻ പ്രവേശിച്ചതുകേട്ടു വളരെ സന്തോഷിക്കുന്നു. കഴിയുന്നതും മുഴുവനാക്കാൻ ശ്രമിക്കണം. പ്രത്യേകം അന്വേഷിച്ചതായും പറയണം. അവിടെ ആ പത്തറപ്പെട്ടിക്കകത്തിരിക്കുന്ന ഭഗവൽഗീത അഞ്ചാറുവ്യാഖ്യാനമുള്ള വലിയ പുസ്തകം ബുക്കുപോƒായി അഞ്ചലിൽ അയയ്ക്കണം. ഇപ്പോൾ എഴുതുന്ന പുസ്തകത്തിൽ ചേർക്കാനുള്ള സ്ത്രീ കയ്യക്ഷരത്തിലുള്ളതായി കുറുക്കേ മടക്കി തച്ചതായിട്ടു 'ഇല്ല എനിക്കു ബുദ്ധിയും ഇല്ല എനിക്കു അഹങ്കാരവുമില്ല' എന്നു തുടങ്ങി ഏതാനും എഴുതിയിട്ടുള്ളതല്ലാതെ കടലാസുകളും, മുഴുവൻ കടലാസുകൾ നെടുവെ മദ്ധ്യത്തിൽവച്ചു മടക്കി പകുതിമടക്കിലായിട്ടു ഏതാനും പ്രമാണങ്ങൾ മഷികൊണ്ടും പെൻസിൽകൊണ്ടും നടുവെ മടക്കി വച്ചിട്ടുള്ള പഴയ കടലാസുകളും നോക്കി എടുത്തു അയയ്ക്കണം. പടത്തെ നല്ലതുപോലെ സൂക്ഷിക്കണം. മൃദംഗം സൂക്ഷിച്ചുകൊള്ളുവാനും കൊന്നത്തടി കളയാതെ സൂക്ഷിക്കുവാനും പാണ്ഡ്യൻകുളം ഭാഗവതരോടു പറയണം. ഊറ്റുകുഴിയിലെ വെള്ളമൊക്കെ വറ്റിയില്ലെങ്കിലും ഒഴുക്കു നിന്നുപോയിരിക്കാം. വാദ്ധ്യാർതമ്പുരാൻ, രാമൻപിള്ള മൂപ്പിൽമാർ വരാരുണ്ടോ? കുട്ടന്റെ പോക്കു പോക്കുതന്നെയെങ്കിൽ നിന്റെ കാര്യം ഇനി എങ്ങനെയാണു നിരൂപിച്ചിരിക്കുന്നത്? തീയൂതി കണ്ണിനധികമാക്കരുത്. നമ്മുടെ ഉറുമ്പു സന്താനങ്ങൾക്കു നീ ഭക്ഷിക്കുമ്പോൾ ആഹാരം കൊടുക്കാറുണ്ടോ? എപ്പോൾ ആശ്രമത്തിൽ ഏകാന്തതയും ശാന്തതയും കൂടി പാർത്തുവരുന്നതു ഞാനും കുട്ടനും പുറത്തുകടന്നതിന്റെ അടയാളമാണ്. നാളെ ഉച്ചയ്ക്കു ഞാനും എൻജിനീയരും തിരുവനന്തപുരത്തേയ്ക്കു പോകും. വൈകുന്നേരം എത്തും.

എന്റെ തീർത്ഥപാദന്

സ്വന്തം
ചട്ടമ്പി (ഒപ്പ്)

ശ്രീ തീർത്ഥപാദപരമഹംസസ്വാമികൾ 15മത്തെ വയസ്സിൽ ഗുരുപാദർക്കുശിഷ്യപ്പെട്ടതാണ്. ഒരു പിതാവിന് തന്റെ ഇളയ മകനോടുള്ളതിൽ കവിഞ്ഞ വാത്സ്യല്യം ശ്രീ ചട്ടമ്പിസ്വാമിതിരുവടികൾക്കു പരമഹംസരോടുണ്ടായിരുന്നു. 92ൽ ശ്രീ തീർത്ഥപാദപരമഹംസസ്വാമികൾക്കു അല്പം ശരീരസുഖമില്ലാതെ കിടന്നു. ആ വിവരം പിന്നീടാണ് ശ്രീ ചട്ടമ്പിസ്വാമിതിരുവടികളെ ധരിപ്പിച്ചത്. ലേഖനമാലിക മുതലായി ചില പുസ്തകങ്ങൾ പരമഹംസസ്വാമികൾ എഴുതിയത് ശ്രീചട്ടമ്പിസ്വാമികളുടെ പേർക്ക് അയച്ചുകൊടുത്തു. അതിനെല്ലാം കൂടിയുള്ള മറുപടിയാണ് അടിയിൽ ചേർക്കുന്നത്.[തിരുത്തുക]

പെരുമ്പാവൂർ 92 മകരം 17

ഓം

അഖണ്ഡബ്രഹ്മാനന്ദാമൃതരസം സർവത്ര നിരന്തരം നിനക്കു സ്വാനുഭൂതിരൂപമായി പ്രകാശിക്കട്ടെ! എഴുത്തും പുസ്തകങ്ങളും കിട്ടി. അളവറ്റ സന്തോഷം. ഈ സന്തോഷശബ്ദം അന്യങ്ങളായ പല ഹിതാനുഭവങ്ങൾ നിമിത്തം പ്രയോഗിക്കപ്പെട്ടുപോയതാണെന്നുവരികിലും ഇതിലുള്ള അർത്ഥത്തിന്റെഅവസ്ഥ അതുകൾപോലെയൊന്നും അല്ല. ഏറ്റവും ഇഷ്ടമുണ്ടായിരിക്കെ, അധികകാലം മുറയ്ക്കു ലഭിക്കായ്കയോടുകൂടിയിരുന്നിട്ടും,എന്നാൽ വേണ്ട പോട്ടെ എന്നുള്ള ഉപേക്ഷയ്ക്കു ഇടംകൊടുക്കാതെയും സ്ഥിരചിത്തരായുമിരിക്കുന്ന മാതാപിതാക്കന്മാർക്കു കാണാൻ കൊതിച്ചുണ്ടായ ഒരു കുട്ടി എങ്ങനെയോ അതിലുമധിമാണു എനിക്കു കിട്ടിയ ഈ എഴുത്ത്. സുഖക്കേടായി കിടന്നതുകൊണ്ടും അതിനെ ഭൂതകാലസഹിതം അറിയിച്ചാൽ മതിയെന്നുകരുതിയതുകൊണ്ടും എഴുതിയോ എഴുതിച്ചോ അയയ്ക്കാതെ ഇങ്ങനെ താമസിച്ചുപോയെങ്കിലും എനിക്കു എഴുത്തു കിട്ടുന്നതിലേയ്ക്കുണ്ടായിട്ടുള്ള താമസത്തിന്റെ നൂറ്റൊലൊരംശമെങ്കിലും ആകുന്നതിനു കഴിയാതെയായിപ്പോയ എന്റെ ശക്തിക്കുറവിനെ മാറ്റുവാൻ ആരാലും കഴിയുമെന്നു തോന്നുന്നില്ല. അതെല്ലാം അങ്ങനെയിരിക്കട്ടെ. പുസ്തകങ്ങൾ രണ്ടും നന്നായിരിക്കുന്നു. ലേഖനമാലിക അതിന്റെ ഉല്പത്തികാലചേർച്ചയെക്കൊണ്ടുംകൂടി അധികം തക്കതായി ശോഭിക്കുന്നു. ഇതു പ്രയാസമേറിയ പരിശ്രമം തന്നെ എന്നുള്ളതിനെ ഞാനും സമ്മതിക്കുന്നു. എന്നാൽ എന്റെ അപ്പനെ സംബന്ധിച്ചിടത്തോളം അപ്രകാരം സമ്മതിക്കുന്നില്ലെന്നാണ്. ഈ എത്രയും വിലയേറിയ പ്രവൃത്തി 'മണ്ണിനായുഴി കുഴിച്ചനേരം നിധി തന്നെ ലഭിച്ചതു'പോലെ ആയിത്തീരേണ്ടതാണ്. എല്ലാം നിനക്കൊത്തവണ്ണം ഭവിക്കെന്നു കല്യാണമാമ്മാറനുഗ്രഹം നിർണ്ണയം. ശുഭമേവ ന സംശയഃ. ഞാൻ ഈ കാലങ്ങളിൽ കോടനാട്ടു നമ്മുടെ സ്ഥലത്താണു താമസം.

ചട്ടമ്പി (ഒപ്പ്)

സ്വാമികൾ പരേതനായ ഡാക്ടർ ഗോപാലപിള്ളയ്ക്ക് (റിട്ട.ആയുർവേദ ഡയറക്ടർ) അയച്ച ചില കത്തുകളാണ് ഇനി ചേർക്കുന്നത്.[തിരുത്തുക]

ഒന്നാമത്തേത്[തിരുത്തുക]

ശ്രീ
ശിവമയം

കുഞ്ഞേ ' എനിക്കയച്ച എഴുത്തിനെ വായിച്ചുനോക്കിയേച്ചു തിരുമേനി ഉടൻ തന്നെ രൂപാ കമ്പിയാഡറായി ഇതാ അയച്ചിരിക്കുന്നു. ഇഛിച്ചപ്രകാരം സുഖമായി വന്നുചേരുക. എല്ലാം മുഖദാവിൽ. ഒരു ഗുഹ ഒഴിഞ്ഞുകിടക്കുന്നതിൽ മനസ്സുറപ്പിച്ചുപോകുന്നതിന്നു ലേഖനത്തിൽ എഴുതിയിരിക്കുന്നു. ഒഴിഞ്ഞതായിട്ടൊരു ഗുഹ മാത്രമേ ഉള്ളതായിട്ടൊള്ളു. അതിൽ മനസ്സുറപ്പിച്ചു സ്ഥിരപ്പെട്ടാൽ ദൂരം അടുപ്പം സ്വദേശം അന്യദേശം മുതലായ ദ്വന്ദ്വവിശേഷങ്ങളും എന്നുവേണ്ട ഒഴിഞ്ഞഗുഹ മനസ്സ് ഉറപ്പിക്കൽ ഞാൻ നീ എന്ന ഭാവനയും അറ്റ അതായത് നാന്തർന്ന മധ്യം ന ബഹിഃ ന ചോർധ്വം ന ചാധോ ന ചാന്തം ന മധ്യം ന ദീർഘം ന ഹൃസ്വം ന പൂർവാപരൗ വാ വിശിഷ്ടാനുഭൂത്യാ വിശുദ്ധാത്മകത്വാ ത്തദേകാവശിഷ്ടശ്ശിവഃ കേവലോഹം. ഇങ്ങനെ നിത്യാഖണ്ഡാനന്ദാഭയബ്രഹ്മചിദാകാശം തന്നെ.

(ഒപ്പ്)

രണ്ടാമത്തേത്[തിരുത്തുക]

അയച്ച എഴുത്തുകണ്ടു. ജോലി അധികമായുള്ള സ്ഥിതിക്കു ആ ചമ്മലു തീർന്നുകിട്ടുന്നതുവരെ വേറെകാര്യത്തി.... (Missing some letters from this part) എന്റെ അമൃതത്തങ്കക്കുഞ്ഞേ, നിനക്കു ദീർഘായുസ്സും ആരോഗ്യവും സകല സമ്പത്തും പരമാത്മസാക്ഷാൽക്കാരവും ഭവിക്കട്ടെ! മറുപടി അയയ്ക്കാൻ താമസിച്ചതിനെപ്പറ്റി വിശേഷിച്ചൊന്നും നിരൂപിക്കേണ്ട ഞാനിപ്പോൾ എറണാകുളാത്തു ചോപ്പിള്ളിമഠം മാളികഭവനത്തിൽ താമസിക്കുന്നു നായർ പണിക്കർ മുതലായവർ എന്റെ പറവൂർ ഒണ്ട് ദിവ്യൗഷധങ്ങളെപ്പറ്റി എഴുതിയ എല്ലാം എന്റെ കൈവശം ഇരിക്കുന്നുണ്ട് അങ്ങോട്ടയയ്ക്കണമെങ്കിൽ ഉടൻ തന്നെ വിവരമായെഴുതി അയയ്ക്കണമിങ്ങോട്ട് ചെമ്പഴന്തിയിലെ (ഗോവിന്ദപ്പിള്ള മുതൽ പേരുടെ) വർത്തമാനങ്ങളൊന്നും അറിയാറില്ല. അറിയിക്കാറുമില്ലെന്നു പറയണ്ടല്ലോ ഇങ്ങോട്ടെപ്പോഴാണു തിരിക്കുന്നതെന്നു സൂക്ഷ്മമായെഴുതി അയയ്ക്കണം. താമസിയാതെ അയയ്ക്കണമെന്ന് പറയാനുള്ള യോഗ്യത എനിക്കില്ലെന്നു നിശ്ചയം. തിരുവനന്തപുരത്തു നിന്നും പോന്നിട്ടു മുന്നായെ നമ്മുടെ പ്രേമഭാജനമായ കൃഷ്ണപിള്ളയ്ക്കും സുഖന്തന്നല്ലോ. പ്രാരബ്ധശരീരം അതുവരെയിരിക്കുന്നെങ്കിൽ വരുന്നോൾക്കാണാം. അതിലെയ്ക്കത്യാഗ്രമുണ്ടെന്നുള്ളതു ശങ്കരമേനോന്റെ ഭവനം ഇവിടെയാണ്.

എന്ന്,
ചട്ടമ്പി (ഒപ്പ്)

മൂന്നാമത്തേത്[തിരുത്തുക]

98 ധനു 10

ശിവമയം

എന്റെ ഞാനായ ഉറ്റ അളവറ്റ അൻപനായ പൂർവപ്രിയ സഹോദരന്റെ പരമാവസ്ഥയെ ദൂരസ്ഥനാകകൊണ്ടോ എഴുത്തു കിട്ടായ്കകൊണ്ടോ ഒന്നുകൊണ്ടും തടവുപെടാതെ യഥാവസരം അറിഞ്ഞ് തത്സംബന്ധമായെനിക്കവകാശമുള്ള സ്‌നാനം മുതലായ ബഹുകൃത്യത്തെയും അനശ്വരഫലപ്രദമായ ആന്തര കൃത്യത്തെയും അനുഷ്ഠിച്ചു. മൂന്നാലുദിവസം കഴിഞ്ഞ് പണിക്കരെക്കണ്ട് ഈ വിവരം പറഞ്ഞു. അവനും അവനെച്ചേർന്നവരും മേൽപ്രകാരം അനുഷ്ഠിച്ചു. അതുകൊണ്ട് എഴുത്തു കിട്ടിയില്ലെങ്കിലും കിട്ടിയ ഫലംതന്നെ അനുഭവിച്ചു. അല്പം വല്ലതും പേയം കിട്ടിയാലും സ്വീകരിച്ചു കൊള്ളാമെന്ന നിലയിൽ ഏറ്റവും ക്ഷുത്തോടുകൂടിയിരിക്കുന്ന ദരിദ്രന്ന് വളരെ പ്രിയമുള്ള പഞ്ചാമൃതംതന്നെ ലഭിച്ചതുപോലെയാണ് എന്റെ ഓമനത്തങ്കക്കുഞ്ഞേ ഈ എഴുത്തു കിട്ടിയത്. എനിക്ക് കാണാനും പറയാനും വളരെവളരെ താൽപര്യമുണ്ട് അവിടത്തെ അസൗകര്യവും വഴിക്കുള്ള അലച്ചിലും കൊണ്ട് ഈയിടെ എങ്ങും ഇങ്ങോട്ടുള്ളയാത്രയിൽ ബുദ്ധിമുട്ടേണ്ട. കൈപ്പട എഴുത്തു കണ്ടാൽ നേരിട്ടു കാണുന്നതിൽ പകുതി സുഖവും വിവരങ്ങളെല്ലാം മുഴുവനുമറിയാൻ എളുപ്പവുമാണ്. ഈ വെയിൽമുഴുവനും കഴിഞ്ഞ് മഴപെയ്തു തണുത്തതിനു മേലേ ഞാനങ്ങോട്ടൊള്ളൂ എന്നുള്ളതു നിശ്ചയംതന്നെ. അച്ഛൻ മുൻകൂട്ടിച്ചെയ്തുവച്ചതു പുരുഷത്വവും യുക്തവുംതന്നെ. അമ്മ യ്ക്കും കുട്ടികൾക്കും പിതൃവിയോഗസംബന്ധമായ ക്ലേശമല്ലാതെ സുഖക്കേടൊന്നുമില്ലല്ലോ. എന്റെ പ്രിയത്തങ്കക്കുട കൃഷ്ണപിള്ളയ്ക്കും സുഖന്തന്നല്ലോ. എഴുത്തു കിട്ടിയില്ലെങ്കിലും കിട്ടിയ ഫലംതന്നെ. പണിക്കരുടെപക്കൽ ഒരു എഴുത്തും ചെന്നിട്ടില്ല. എന്റെ ഗോപാൽക്കുഞ്ഞിന്,

ചട്ടമ്പി (ഒപ്പ്)

നാലാമത്തേത്[തിരുത്തുക]

ശ്രീ
ശിവമയം

എന്റെ തങ്കച്ചുന്തരിയുടെ എഴുത്തു കിട്ടി. സന്തോഷമായി. നമ്മുടെ കല്പകപ്പൂന്തേൻകുഴമ്പും അനന്യ ആത്മാവുമായിരിക്കുന്ന ആ പൊന്നോമനമൂർത്തി തിരുമേനി, 'സർവം ഖല്വിദം ബ്രഹ്മ നേഹ നാനാസ്തി കിഞ്ചന' എന്നുള്ള ദൃഢനിശ്ചയസമേതം നിത്യാനന്ദബ്രഹ്മനിഷ്ഠയിൽ സ്ഥിതിചെയ്തുകൊണ്ടും വിളങ്ങുന്നല്ലോ. എന്റെ സാധുശിരോരത്‌നമായ തങ്കമേനവന്റെ ലേഖനം യഥാവസരം വരുന്നൊണ്ട്. ഉള്ളിൽ കവിഞ്ഞ് അടങ്ങിക്കിടന്നു പ്രകാശിക്കുന്ന പരമാനന്ദസ്‌നേഹസഹിതം നിങ്ങളെല്ലാപേരും കൂടിക്കാഴ്ചയുംകഴിഞ്ഞു അൻപുമൂർത്തികളായി സുഖിക്കുന്നു എന്നറിയുന്നു. ഞാൻ അവിടെ വന്നുചേർന്നാൽ (തിരുമേനിയെ ഒഴിച്ച്) കാണാനുള്ള വിഗ്രഹങ്ങൾ പരിപൂർണ്ണമായിത്തികയണമെങ്കിൽ മേനവൻ കൂടി ആ കൂട്ടത്തിൽ (അവിടെയുള്ള കൂട്ടത്തിൽ) ഒണ്ടായിരിക്കണം. അതിനാൽ എന്റെ മേനവൻ അവിടെ ഇരിക്കണം. എന്റെ ചുന്തരിമാത്രം വരണം. എന്റെ തിരുമേനി നാലഞ്ചെഴുത്തുകൾക്കു മുമ്പയച്ച ഒരു എഴുത്തിൽ'തിരുവനന്തപുരം അത്ര നല്ല ദിക്കല്ല. ക്ഷണം ഇങ്ങോട്ടു പോരണം' എന്നൊരു വാക്കു വിശേഷമായി പ്രയോഗിച്ചിരിക്കുന്നു. പരമവിശ്വാസജനകമായ ഈ വാക്കു പുറപ്പെടുന്നതിലേയ്ക്കു ഹേതുവായ അവിടുത്തെ അക്കരുണക്കടലും എന്റെ മേനവൻ ഇപ്പോളയച്ചിട്ടുള്ള എഴുത്തിൽ ഞാനിനി അങ്ങോട്ടുവരികയില്ലെന്നുണ്ടൊ എന്നൊരുവക്കു ചേർത്തിരിക്കയാൽ എന്റെ മനസ്സിനെ ഉരുക്കുന്ന ഈ വാക്കിനു ഹേതുവായ അളവറ്റ സ്‌നേഹപാരവശ്യക്കടലും ചേർന്ന് എനിക്ക് ഒരു വിയോഗസങ്കടാശ്രുധാരയായിട്ടുതീർന്ന് അടിക്കടി കുളിപ്പിക്കുന്നു. എന്റെ ചുന്തരിയുടെ എഴുത്തിൽ ഇത്തരം വാക്കുണ്ടായിരുന്നതു ദർശനമാത്രത്തിൽ അകന്നു. ഇവരണ്ടും ഈ ഔഷധം തന്നെ സിദ്ധിച്ചേ തീരൂ... എന്റെ ഗോപാലപിള്ളയ്ക്കു ഗവർമെണ്ടിൽനിന്ന് ഇൻസ്‌പെക്ടരായിട്ടു നിയമിച്ചു ആഡർ വന്നതിനെ വേണ്ടെന്നു ഉപേക്ഷിച്ചു. ധാരാളം ചികിത്സയും പണവും (300 രൂപായിൽ കൂടുതൽ) കിട്ടുന്നുണ്ട്. ഇപ്പോൾ 50 രൂപായ്ക്കു ഒരു വലിയ കെട്ടിടം പുത്തൻചന്തയിൽ വാടകയ്‌ക്കെടുത്ത് അതിൽ താമസിക്കാൻ പോകുന്നുണ്ട്. അല്ലല്ല, താമസം തുടങ്ങി നാലു ദിവസമായി. വേലായുധൻ തമ്പി (ശ്രീ)ക്കു പണിചെയ്യിച്ച അതിമനോഹരക്കെട്ടിടമാണ്. ഒരുമാസം കഴിഞ്ഞേ താമസിക്കുന്ന കെട്ടിടം കൈവിടൂ. സംബന്ധം നിശ്ചയിച്ചു. തഹ. അനുജൻ അയ്യൻപിള്ള ടിപ്പിടി അ. ഭാ. പ. അ. യുടെ കടശ്ശിയിലെ അനുജത്തി ഭാനു മ. കൊച്ചമ്മയാണ്. ഞാൻ ഇവിടെക്കിടന്നു കഷ്ടപ്പെടുവാൻ ഇട ഇനിക്കുറയും. വെയിലേ; ശിവശിവ. നമ്മുടെ ജഡ്ജി അദ്ദേഹത്തിന്റെ ഓലച്ചെറ്റപ്പുര (ശ്രീരംഗവിലാസത്തെ ചവറ്റുപുര തന്നെ. ഇതിലാണ് സ്വാമിതിരുവടി സാധാരണ ഇരിക്കാറ്) കണ്ടല്ലോ. ചുന്തരി! ഓരോ കാലത്തെ പ്രാരബ്ധം. ഞാൻ തിരുമേനിക്കയച്ചിരുന്ന എഴുത്തിനു വളരെനാളായിട്ടും മറുപടി കാണായ്കയാലും... ഗോവിന്ദപിള്ള എനിക്കു സുഖക്കേടായിരിക്കവേ അങ്ങോട്ടുപോന്നതുകൊണ്ടും വന്നതിന്റെ ശേഷം അങ്ങോട്ടു വരുന്നവിഷയത്തിൽ നല്ല താല്പര്യമില്ല. പറയായ്കകൊണ്ടും അതിനാൽ അവിടത്തെ സൗകര്യത്തിൽ ശങ്ക ജനിക്കകൊണ്ടും മന്ദിച്ചിരുന്നുപോയി. 'ഭക്തിയും മനമും പൊരുന്തിനതംകെ സത്തിയം ചൊന്നേൻ ചടലമുമിങ്കേ' എന്നു നന്തൻ പറഞ്ഞതുപോലെയാണിരിക്കുന്നത്. എനിക്ക് ഒത്തപ്പോൾ ഒത്തപോലെ വരുന്നതിന്ന് ഏതുകൊണ്ടും ഞാൻ അപ്രാപ്തനുമാണ്. എന്റെ ഗോപാലപിള്ളയുള്ളതുകൊണ്ട് സകലവുമെനിക്കിവിടെയൊണ്ട്. ഇല്ലാത്തപ്പോഴുമൊണ്ട്. നമ്മുടെ വേലുപിള്ള (ഭാഗവതർ) അവധിയോടുംകൂടി ഇവിടെ വന്നിരുന്നു. കിഴക്കുപോയിരിക്കയാണ്. വരുമ്പോൾ എന്നെ കാണുമെന്നും ഞാൻ കൂടിവരുമെന്ന്‌നും പറഞ്ഞുറച്ചാണ് പിരിഞ്ഞത്. എന്റെ ചുന്തരിക്ക് എന്നു മദ്രാസിൽ പോകണം. വിവരത്തിനു ഒരെഴുത്തുകൂടി ഇങ്ങോട്ടയയ്ക്കണം. ഉടൻ മറുപടി അയയ്ക്കാം. പിന്നെ ഇങ്ങോട്ടും അങ്ങോട്ടും യാത്രതന്നെ. മോക്ഷപ്രദീപനിരൂപണം, ശ്രീചക്രപൂജ, ജീവകാരുണ്യനിരൂപണം ഇത്യാദി തീർന്നിരിപ്പുണ്ട്. പിന്നെ കുറെ പുസ്തകങ്ങളും ചുമടായിട്ടൊണ്ട്. എല്ലാം കൂടി കൊണ്ടുപോകേണ്ടതായിരിക്കുന്നു. കൂവളക്കായ്കൾ, പലവിത്തുകൾ, തുന്തണ മുതലായവ. സുഖം തന്നെല്ലോ. ഈ എഴുത്തിനു നമ്മുടെ പൊന്നു തിരുമേനിയുടെ തിരുക്കരത്തിലും എന്റെ അൻപുരൂപിമേനവന്റെ കയ്യിലും മറ്റും ചാടിക്കരേറുവാൻ പ്രിയമൊണ്ട്. എന്റെ പൊന്നുമുണ്ടനാട്ടു കുറുപ്പ്, പണ്ഡിതർ; സുഖം തന്നല്ലോ. എന്റെ തങ്കപ്രിയ സഹോദരൻ എ. എസ്. സുഖമായിരിക്കുന്നല്ലോ. പ്രിയസ്വരൂപി അസിസ്റ്റന്റ് ആനന്ദചിത്തമൂർത്തി ചാർജ്ജിൽനിന്നും മോചിച്ചല്ലോ. സുഖസഞ്ചാരം തന്നെല്ലോ.

എന്റെ ചുന്തരിക്ക് (പൊന്നിന്)

ചട്ടമ്പി (ഒപ്പ്)