ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം

രചന:ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികളുടെ
കൃതികൾ

ചട്ടമ്പിസ്വാമികൾ
കൃതികൾ

 · ക്രിസ്തുമതനിരൂപണം
 · പ്രാചീനമലയാളം
 · പ്രാചീനമലയാളം 2
 · വേദാധികാരനിരൂപണം
 · അദ്വൈതചിന്താപദ്ധതി
 · നിജാനന്ദവിലാസം
 · ജീവകാരുണ്യനിരൂപണം
 · ആദിഭാഷ
 · ശ്രീചക്രപൂജാകല്പം
 · പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം
 · ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം
 · ദേവീമാനസപൂജാസ്തോത്രം
 · പ്രണവവും സംഖ്യാദർശനവും
 · ഭാഷാപത്മപുരാണാഭിപ്രായം
 · കേരളത്തിലെ ദേശനാമങ്ങൾ
 · മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ
 · കവിതകൾ
 · കത്തുകൾ
 · തിരുമൊഴികൾ
 · തമിഴകവും ദ്രാവിഡമാഹാത്മ്യവും
 · കേരളചരിത്രവും തച്ചുടയ കയ്മളും


ദേവർച്ചാപദ്ധതിയുടെ ഉപോദ്ഘാതം[തിരുത്തുക]

മലയനായകപ്പെരുമാക്കൾക്ക് യുഗാന്തരകാലാവധി നിഷ്പ്രതിഘമായി നിലനിന്നുപോന്നുവയെങ്കിലും പ്രാകൃതവസ്തു നിയമപ്രകാരം കാലപര്യയംകൊണ്ട് രജശ്ഛടാച്ഛന്നമായ ദർശനപൗത്തെിൽനിന്നും വിദൂരവർത്തികളും ആത്മാനാത്മലോകങ്ങൾ രണ്ടിലും ഒന്നുപോലെ രൂഡമൂലങ്ങളുമായ വൈദഗ്ദ്ധീസത്ഭാവാദികളെ ഉദ്ദേശ്യപ്രതിനിർദ്ദേസ്യരീതിയിൽ പടിപടിയാകെ സയുക്തിപ്രമാണവിന്യാസം വ്യവസ്ഥാപിക്കുന്നതിനായിട്ട് നായകമൂർദ്ധാഭിഷിക്തരായ സമാജവിയന്മണികളുടെ ഹൃദയപൂർവ്വകസാടോപോത്സാഹത്തിന്റെ ഫലമായും പൂർവ്വ പ്രത്യായിതപുരുഷധൗരേയരുടേയും മറ്റും ഉപയോഗാർത്ഥം പുറപ്പെട്ടിട്ടുള്ള 'പ്രാചീനമലയാളാദി'വഴിയായും നായർസമുദായ ത്തിന് ഉച്ചൈസ്സായി ഉണ്ടായിരിക്കുന്ന ഉണർവ്വിൽ എൻ. എസ്സ്. സൊസൈറ്റി, സമാജ സന്താനങ്ങൾക്കും മറ്റും ദേവാർച്ചന വിഷയത്തിൽ സ്വാതന്ത്ര്യമുന്നയിക്കാൻ വേണ്ടി രചിച്ചിട്ടുള്ള ഈ പുസ്തകത്തിന്റെ (ചട്ടമ്പിസ്വാമികളുടെ ദ്വിതീയശിഷ്യനായ നീലകണ്ഠതീർത്ഥപാദർ രചിച്ചതാണ് 'ദേവാർച്ചാപദ്ധതി' എന്ന പ്രസ്തുതഗ്രന്ഥം.) മുദ്രണോപക്രമത്തെ ഞാൻ സശിരഃകമ്പം അംഗീകരിക്കുന്നു.

യോഗജ്ഞാനപാരംഗമതയ്ക്ക് യോഗജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാ ഗ്രഹിക്കയും പരിശീലിക്കയും ചെയ്ത് ആരൂഡപദത്തിലെത്തുന്നതിന് അനേക സംവത്സരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യൻ നാണുഗുരുവെന്നു പറയുന്ന ആൾ ആ സമുദായത്തിന്റെ അഭ്യുത്ഥാനത്തിനായി അവരുടെയിടയിൽ ദേവാർച്ചനാദിയെ പുരസ്‌കരിച്ചുബഹുവിധകാര്യങ്ങളിൽ സ്വാതന്ത്ര്യമുണ്ടാക്കിയതുപോലെ,മറ്റൊരു സമുദായത്തിന് സ്വയംകൃതാനർത്ഥനിലയിൽ വന്നുകൂടിയ അന്യേച്ഛാധീനവൃത്തിയെ നിഷ്‌കാസനം ചെയ്!വാൻ ദ്വിതീയശിഷ്യൻ ഇങ്ങനെ ഗ്രന്ഥകരണാദിയിൽ പ്രവർത്തിക്കു ന്നതു ഗൗണാത്മതാധ്യസദൃഷ്ട്യാ ചാരിതാർത്ഥ്യജനകമായിരിക്കുന്നു. എന്നാൽ ഫലവിഷയത്തിൽ വൈഷമ്യം കാണുന്നത് ഭോക്തൃനിഷ്ഠമായ തപ്താതപ്താവസ്ഥാഭേദം മൂലമാണെന്ന് വിചാരദൃഷ്ടിക്ക് കാണാവുന്നതാണ്. സ്വാനുഭൂത്യന്തവേദാന്തപ്രക്രിയയിൽ സുപ്രതിഷ്ഠിതനായ ബ്രഹ്മവിത്തിന്റെ നിലയിലുംകൂടി,

വ്യുത്പത്തിമനുയാതസ്യ പൂരയേച്ചേതസോന്വഹം
ദ്വൗഭാഗൗ ശാസ്ത്രവൈരാഗൈ്യർ ദ്വൗ ധ്യാനഗുരുപൂജയാ

(ബ്രഹ്മവിഷയത്തിൽ വ്യുൽപത്തി ഉണ്ടായ മനുഷ്യൻ തന്റെ മനസ്സിന്റെ രണ്ടുഭാഗങ്ങൾ ശാസ്ത്രം, വൈരാഗ്യം എന്നിവകൊണ്ടും രണ്ടുഭാഗങ്ങൾ ധ്യാനം,ഗുരുപൂജന്നിവകൊണ്ടും ഓരോദിവസവും നിറച്ചിരിക്കും എന്നർത്ഥം.)

എന്നവിധം നിരന്തരമസ്മദായത്തനായ എന്റെ യശിഷ്യന്റെ സംസ്‌കൃതകൃതികളെക്കുറിച്ച്,

പ്രാക്പുസ്തകത്രയമഥ ത്രെയമദ്യ ലബ്ധ്വാ
തന്നൈലകണ്ഠഭണിതേരമൃതോപമായാഃ
മാധുര്യകം സഹൃദൈയഃ പ്രണയേന പേയ
മാസ്വാദയൻ നസുഹിതത്വമുപൈതി ചേതഃ

(മുൻപേ മൂന്നു പുസ്തകവും ഇന്നു വേറെ മൂന്നു പുസ്തകവും കൈപ്പറ്റി. നീലകണ്ഠയതിയുടെ അമൃതതുല്യമായ ഭണിതികൾ മധുരവും സഹൃദയരാൽ സ്‌നേഹപൂർവ്വം പാനം ചെയ്യപ്പെടേണ്ടതുമാണ്. അതു ആസ്വദിച്ചിട്ട് എന്റെ മനസ്സ്പോരാ എന്നു തന്നെ പറയുന്നു.)

എന്ന് മഹാമഹോപാധ്യായ ബിരുദാങ്കിത ഹാഥീഭായീ ശർമ്മാവും,

തന്നൈഷധീയമപി കാവ്യമധഃകരോതി
കുത്രാപി കോമളപദാവലിമേളനേന
സ്യാദ്രാജശേഖരവചഃ കിമു കൗതുകായ
ശ്രീനിലകണ്ഠയതിവര്യതിരിശ്രുതായാം
ലോളിംബരാജകവിതോദ്ഭവതീയമദ്ധാ
ശ്രദ്ധാവതാം ച ജയദേവസരസ്വതീ വാ
നാന്യാ ചമൽകൃതി ച യം വിതനോതി ചിത്തേ
കർമ്മന്ദിവര്യഗിരി ബുദ്ധിമതാം വിതർക്കഃ

(സാരള്യം നിറഞ്ഞ ആ കൃതിയിലെ പദനിര പര്യാലോചിച്ചാൽ നൈഷധീയകാവ്യവും താഴെ നില്ക്കയേ ഉള്ളൂ. നീലകണ്ഠയതിവര്യന്റെ വാക്കുകൾ കേട്ടാൽ രാജ ശേഖരന്റെ വാക്കുകൾപോലും പിന്നെ രുചികരമായി തോന്നുകയില്ല. ഈ കൃതിലോലിംബരാജകവിതയോ അതോ ജയദേവഗീതമോ? അലങ്കാരത്തെ വിചാരം ചെയ്തുനോക്കിയാൽ അറിവുള്ളവർക്കുപോലും ഈ യതിവര്യന്റെ കൃതിയെക്കുറിച്ച് ഇങ്ങനെ സംശയം തോന്നിപ്പോവും.)

എന്നും മറ്റും വിദ്വച്ചക്രവർത്തി ശ്രീ നിർഭയരാമജീയാജ്ഞിക (ദീക്ഷിത)രും,

ശബ്ദശുദ്ധിരസസദ്ഗുണാകരം
പുസ്തകം തദിഹ മാമരഞ്ജയൽ

(ശബ്ദശുദ്ധി, രസം, സദ്ഗുണം എന്നിവയുടെ ഖനിയായ ഈ പുസ്തകം എനിക്ക്ഏറെ ഇഷ്ടപ്പെട്ടു.)


ജ്ഞാനഭക്തിരസവർദ്ധകം നൃണാം
നാളികേരപരിപാകരീതിമത്

(മനുഷ്യർക്ക് ജ്ഞാനവും ഭക്തിരസവും വർദ്ധിപ്പിക്കുന്ന ഈ കൃതിനാളികേരപാകത്തിലുള്ള രീതിയോടുകൂടിയതത്രേ.)

എന്നു തുടങ്ങി കല്ലിക്കോട്ടു ശാബ്ദികനാരായണശാസ്ത്രികളും,


യോഗാഭ്യാസവിധാമമാർഗ്ഗപരമ
പ്രാവീണ്യമപ്യുച്ചകൈ
സ്തത്തദ്ദൈവതഭക്തിപൂർവ്വകമഹാ
സ്‌തോത്രാണി ചാഹോ തവ,
അദ്വൈതാധ്വനി സർവ്വലോകഗഹനേ
സംചാരചാതുര്യകം
സർവ്വം ചൈതനന്യസൂരിസുലഭം
വർവർത്തിസർവ്വോപരി 

(പ്രാവീണ്യം, അതാതു ദേവതകളുടെ ഉച്ചത്തിലുള്ള ഭക്തിപൂർവ്വകമായ സ്‌തോത്രങ്ങൾ, ലോകർക്കെല്ലാം ഗഹനമായ അദൈ്വതവേദാന്തമാർഗ്ഗത്തിൽ സഞ്ചരിക്കാനുള്ള ചാതുര്യം എന്നിങ്ങനെ മറ്റു പണ്ഡിതന്മാരിൽ സുലഭമല്ലാത്തതെല്ലാം ഇദ്ദേഹത്തിൽ ഏറിയതോതിലുണ്ട്.)

എന്നും മറ്റും വിദ്വന്മണി മഹിമശ്രീ പന്തളത്തുരാജാവവർകളും,

യാം ഭവാൻ പ്രേഷയാമാസ യോഗാമൃതതരംഗിണീം...
സ്വാദിഷ്ഠമമൃതം തസ്യാസ്സുഖേന പീയതേ മയാ...

(അവിടുന്നു കൊടുത്തയച്ച യോഗാമൃതതരംഗിണി വായിച്ച് അതിലെ അത്യന്തം രുചികരമായ അമൃതം ഞാൻ സുഖമായി കുടിക്കുന്നു.)

എന്നു ദേവസേനാഖ്യ പ്രോഫസർ ഡ്യൂസൻ മഹാശയനും പ്രശംശിച്ചിട്ടുള്ളതുമല്ലാതെ ഖണ്ഡാന്തരപ്രഥിതവിദ്യാചുഞ്ചു ക്കളും ഹൗണ്യാദി വാണികളിൽ സ്വസ്വാശയാവിഷ്‌കരണം ചെയ്തിരിക്കുന്നതും തദ്ദ്വാരാ സംസ്‌കൃതവിദ്വല്ലോകത്തിന് എന്റെ ശിഷ്യൻ സുപരിചിതനായി തീർന്നിരിക്കുന്നതും ആകുന്നു. ഇത്തരക്കാർക്കു പ്രായാഭിപ്രായസിദ്ധമായ ഔദാസീന്യഛായാനുകരണം നിമിത്തം സംഭവിച്ച പത്രപംക്തി പ്രവേശനവർജ്ജനം കൊണ്ടും അടുത്തകാലംവരെ ഭാഷാഗ്രന്ഥ പ്രണയനാദികളിൽ അനാദരജന്യമായുണ്ടായിരുന്ന അസ്വാരസ്യം കോണ്ടും തന്നാട്ടുഭാഷാലോകത്തു സങ്കുചിതമായ ഒരു സ്ഥാനമേയുള്ളൂ എന്നു തോന്നകയാൽ, രചയിതാവിനെ രംഗ പ്രവേശിപ്പിക്കാനായി 'സ്ഥാലീപുലാകന്യായ'ത്തിൽ (സ്ഥാലി=പാത്രം, പുലാകം=ചോറിന്റെ വറ്റ്. പാത്രത്തിൽ വേവുന്ന അരി വെന്തോ എന്നു ഒരു തവികൊണ്ടു കോരി അതിൽനിന്നു ഒന്നോ രണ്ടോ വറ്റ് എടുത്തു നോക്കുന്നതുപോലെ എന്ന അർത്ഥത്തിൽ സ്ഥാലീപുലാകന്യായം പ്രയോഗിക്കപ്പെടുന്നു.) ഏതാനും ശ്ലോകങ്ങളെ ഉദ്ധരിച്ചു മേൽക്കാണിച്ച അക്ഷരവിന്യാസം അനാശാസ്യമാകയില്ലെന്നു വിശ്വസിക്കുന്നു.

ഇതുനുപുറമേ, 'യുക്തിയുക്തം വചോ ഗ്രാഹ്യം ന തു പുരുഷഗൗരവാൽ' (പറയുന്ന ആളിന്റെ ഗൗരവം നോക്കിയല്ല. പറഞ്ഞതിന്റെ യുക്തിയുക്തത നോക്കിയാണ് വാക്യം സ്വീകരിക്കേണ്ടത്.) എന്നാണ് വിദഗ്ദ്ധസമ്മതപ്രമാണമെങ്കിലും, ജനതയിൽ അധികംപേരും 'അന്യപ്രമാണന്മാ'രാകയാൽ, വക്താ വിന്റെ പ്രാമാണികത്വത്തിൽ പറ്റുമാനവും ആവശി തദ്വിഷയ മായി ഏതാനും ജിജ്ഞാസയും അവർക്കുണ്ടാവുന്നതാണല്ലോ. ദേവപ്രതിഷ്ഠാദികാര്യങ്ങൾ കൂടി ഇതിൽ അടങ്ങിയിരിക്ക കൊണ്ടും അർച്ചാപദം പ്രതിമാരാധനകൾ രണ്ടിനും സമാനമാക കൊണ്ടും ഇതിന്റെ നാമം സാഭിപ്രായഗർഭമാകുന്നു എന്നു കാണാം. ഇതിലെ ആരംഭഘട്ടമായ ദേവപ്രതിഷ്ഠയ്ക്ക് കൈരളിയിൽ ഇപ്പോൾ നവാവതാരമാകുന്നു. ഈ കൃതിയിൽ സ്ഥിരപ്രതിഷ്ഠ, പ്രതിമാസാധനം, ചലപ്രതിഷ്ഠ, പഞ്ചദേവതാ പൂജനം, മുദ്രാവിധി, ലക്ഷ്മീപൂജനം, സരസ്വതിപൂജ, നാഗപൂജ, സർപബലി, ഹോമകുണ്ഡവിധി, ഹോമക്രമം, മൃത്യുഞ്ജയം, തിലഹോമം, ഗണപതിഹോമം, മന്ത്രകോശം ഇത്യാദി അത്യാവശ്യമായ വിഷയം നാതിസംക്ഷിപ്തവിസ്തരമായും സുഗ്രഹലളിതഭാഷയിലും ഗ്രഹിക്കപ്പെട്ടിരിക്കുന്നു. 'അസൂര്യം പശ്യ (സൂര്യനെ കാണാത്തവർ (അന്തഃപുരസ്ത്രീകൾ).) കളുടെ നിലയിൽ അന്തഃപുരമലങ്കരിച്ചിരുന്ന സീതദേവി ശ്രീരാമനോടുകൂടി വനത്തിലേയ്ക്കു പുറപ്പെട്ടു. മൂന്നോ നാലോ അടി നടന്നശേഷം ദണ്ഡകത്തിലേയ്ക്കുള്ള വഴിയുടെ ദൈർഘ്യത്തേക്കുറിച്ച് പൃച്ഛിച്ചു ക്ലേശിച്ചതുപോലെ, ഇതിൽ മന്ത്രക്രിയാ കലാപം അധികമായി എന്ന് പരിചയക്കുറവുകൊണ്ട് വല്ലവർക്കും തോന്നിയാൽ നിർവ്വാഹമില്ല. പിന്നെ, ആർഷ മനുക്കളുടെ സ്ഥാനത്ത് ഭാഷാമന്ത്രങ്ങളായിരുന്നു വേണ്ടതെന്നു പറയുന്ന ഒരുതരക്കാർ പ്രകൃതകഥാബെഹിർഭൂതന്മരാണെന്നു കണ്ണടയ്ക്കയല്ലാതെ കാർമ്മണന്മാർക്ക് കഴിവില്ല. ആകപ്പാടെ, ഈ പുസ്തകം പരോപകാരശ്രദ്ധയുടെ ഫലമായി ഉണ്ടായിട്ടുള്ളതാകയാൽ ഉദ്ദിഷ്ടകാര്യത്തിനു പര്യാപ്തമാകുമെന്നുകണ്ട് ആ വിഷയത്തിലേയ്ക്ക് ഇതിനെ ബലമായി ശുപാർശചെയ്യുകയും സമുദായത്തിന് ഉത്തരോത്തരം യോഗക്ഷേമം പ്രാർത്ഥിക്കയും ചെയ്യുന്നു.

പുറമേ 'തർക്കോ പ്രതിഷ്ഠാനാൽ(ബ്രഹ്മസൂത്രം)എന്നസൂത്രസന്ദർഭത്തിൽ,

യത്‌നേനാനുമിതോപ്യർത്ഥഃ കുശലൈരനുമാതൃഭിഃ
അഭിയുക്തതരൈരനൈ്യരന്യഥൈവോപപാദ്യതേ

(അനുമാനത്തിൽ സമർത്ഥന്മാരായവർ വളരെ പ്രയത്‌നിച്ചു അനുമിച്ചെടുക്കുന്ന അർത്ഥത്തെപ്പോലും അതിനെക്കാൾ യോഗ്യന്മാരായവർ മറ്റൊരുവിധത്തിൽപറഞ്ഞൊപ്പിക്കും)

എന്ന് ആചാര്യ വാചസ്പതിമിശ്രൻ പറഞ്ഞിരിക്കായാൽ പ്രതിപാദ്യപ്രതിപാദകവിഷയങ്ങളിൽ രുചിഭേദനിദാനമായി ഉണ്ടാകുന്ന നിന്ദാസ്തുതികളും ഖണ്ഡനമണ്ഡനങ്ങളും അകിഞ്ചിൽക്കരമാണെന്നും അധികാരവിഷയത്തിൽ പ്രചരണം അവശ്യംഭാവിയാണെന്നും വിചാരിച്ചാൽ ഈ ദൃശ്യവിജ്ഞാപനാദിസമാർജ്ജനക്ലേശം വരികയില്ലെന്നാണ് എനിക്ക് തോന്നു ന്നത്. ആകയാൽ പരോപകാരവ്രതികൾ

ഖലേഷു സൽസു നിര്യാതാ വയമർജയിതും ഗുണാൻ
ഇയം സാ തസ്‌കരഗ്രാമേ രത്‌നക്രയവിഡംബനാ

(കൊള്ളരുതാത്തവന്മാരെ നന്നാക്കാൻ പോവുന്നതു കള്ളന്മാരുടെ ഗ്രാമത്തിൽ രത്‌നം വാങ്ങാൻ പണിപ്പെടുന്നതിനു തുല്യമാണ്.)


എന്നു വിചാരിച്ചു പരിതാപമടയാതെ ധൈര്യമവലംബിച്ച്,

മന്നിന്ദയാ യദി ജനഃ പരിതോഷമേതി
നന്ന്വപ്രയത്‌നജനിതോയമനുഗ്രഹോ മേ

(എന്നെ നിന്ദിക്കുകവഴി ആരെങ്കിലും സന്തോഷിക്കുമെങ്കിൽ അതിൽ പ്രയത്‌നം കൂടാതെ തന്നെ ഉണ്ടാകുന്ന അനുഗ്രഹമായി ഞാൻ കരുതുന്നു.)

എന്നു 'ജ്ഞാനാങ്കുശ'കാരൻ പറഞ്ഞതും,


ഗ്രന്ഥസ്യാസൈ്യവ യഃ കർത്താ സ്തൂയതാം വാ സ നിന്ദ്യതാം
മയി നാസ്‌ത്യേവ കർതൃത്വമനന്യാനുഭവാത്മനി

(ഈ ഗ്രന്ഥത്തിന്റെ കർത്താവിനെ സ്തുതിക്കയോ നിന്ദിക്കയോ ചെയ്തുകൊള്ളുക. സത്യത്തിൽ ആത്മാവിലല്ലാതെ മറ്റൊന്നിലും മനസ്സൂന്നാത്ത എനിക്കിതിൽ കർതൃത്വമില്ല.)

എന്നു അദൈ്വതസിദ്ധികാരൻ (മധുസൂദനസരസ്വതി.) പറഞ്ഞതും പര്യാലോചിച്ച് താന്താങ്ങളുടെ നിലയ്ക്കിണങ്ങിയതുപോലെ യഥായോഗം സമാധാനപ്പെടണമെന്നു നിർദ്ദേശിക്കകൂടിച്ചെയ്തു തൽക്കാലംവിരമിക്കുന്നു.