തമിഴകവും ദ്രാവിഡമാഹാത്മ്യവും/തമിഴകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
തമിഴകം

രചന:ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികളുടെ
കൃതികൾ

ചട്ടമ്പിസ്വാമികൾ
കൃതികൾ

 · ക്രിസ്തുമതനിരൂപണം
 · പ്രാചീനമലയാളം
 · പ്രാചീനമലയാളം 2
 · വേദാധികാരനിരൂപണം
 · അദ്വൈതചിന്താപദ്ധതി
 · നിജാനന്ദവിലാസം
 · ജീവകാരുണ്യനിരൂപണം
 · ആദിഭാഷ
 · ശ്രീചക്രപൂജാകല്പം
 · പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം
 · ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം
 · ദേവീമാനസപൂജാസ്തോത്രം
 · പ്രണവവും സംഖ്യാദർശനവും
 · ഭാഷാപത്മപുരാണാഭിപ്രായം
 · കേരളത്തിലെ ദേശനാമങ്ങൾ
 · മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ
 · കവിതകൾ
 · കത്തുകൾ
 · തിരുമൊഴികൾ
 · തമിഴകവും ദ്രാവിഡമാഹാത്മ്യവും
 · കേരളചരിത്രവും തച്ചുടയ കയ്മളും


തമിഴകം[തിരുത്തുക]

അധ്യായം 1[തിരുത്തുക]


ദക്ഷിണ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങൾക്കു തമിഴകം എന്നായിരുന്നു പേര്. ഈ ലേഖനം എഴുതാൻ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്, മിക്കവാറും, തമിഴർ; ആയിരത്തെണ്ണൂറു വർഷങ്ങൾക്കു മുമ്പ് – Tamils Eighteen hundred years ago – എന്ന ഗ്രന്ഥത്തെയാണ്. എ.ഡി. 50-150 എന്നീ വർഷങ്ങൾക്കു മദ്ധ്യേയുള്ള ചരിത്രകാലമാണ് ആ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. ഗംഗാനദിയുടെ മുഖത്തുള്ള താമ്രലിപ്തി (Tamralipte) എന്ന ദിക്കിൽ നിന്നും വന്നു കുടിയേറി പാർത്തവരിൽ നിന്നുമായിരിക്കണം ‘തമിഴർ’ എന്ന നാമം ഉണ്ടായതെന്നും അതിൽ പറഞ്ഞിരിക്കുന്നു. ഇവർ വരുന്നതിനു മുമ്പു തന്നെ ഇവിടെ ജനങ്ങൾ ഉണ്ടായിരിക്കുകയും, സ്ഥലങ്ങൾക്കു പേരു പേരു വിളിക്കുകയും ചെയ്തിരിക്കുമെന്നുള്ളതു തീർച്ചയാണ്.

നാമാന്തരങ്ങൾ ഈ സ്ഥലത്തെക്കുറിക്കുന്നതായി കാണാത്തതിനാൽ തമിഴകം എന്നതിനെത്തന്നെ നമുക്കു സ്വീകരിക്കാം. ഇപ്പദത്തിന് ഇങ്ങനെ അർത്ഥം ഗ്രഹിച്ചിരിക്കുന്നു. തമിഴ് + അകം = മനോഹരമായ പ്രദേശം എന്നു താല്പര്യം. ഇതുപോലെ തന്നെ ദ്രാവിഡശബ്ദോ(നാമോ)ല്പത്തിയെക്കുറിച്ചും ഭിന്നാഭിപ്രായമുണ്ട്. തമിഴ് എന്ന പദം ഭേദപ്പെട്ട് (തമിഴ് = തമിൾ = ദമിള = ദ്രവിള = ദ്രവിഡ) എന്നായിത്തീർന്നു എന്നാണു ചിലരുടെ വാദം. ആര്യദ്രാവിഡന്മാരുടെ തിരിവിൻറെ ഇടമാകയാൽ ‘തിരിവിടം’ എന്നു ദേശനാമം ഉണ്ടാകുകയും അതു ദ്രാവിഡമാകയും ചെയ്തുവെന്ന് ഒരു വിദ്വാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. മിക്കവാറും, ദേശത്തിൻറെ നാമം തന്നെയാണു ഭാഷയ്ക്കുമിടാറുള്ളത്. ഇതിനെ (തമിഴ്) തമിഴകത്തെ ഭാഷ എന്നു പറയാം. തമിഴ് സംസാരിക്കാത്ത നാട്ടിനേയും ദ്രാവിഡദേശത്തിലുൾപ്പെടുത്തിയിട്ടുണ്ട്. തമിഴും മൂലദ്രാവിഡഭാഷയിൽനിന്നുത്ഭവിച്ചതാണല്ലോ. അപ്പോൾ തമിഴ് എന്ന പദം ദ്രാവിഡമായെന്നു പറയുന്നതിനേക്കാൾ തിരിവിടം ദ്രാവിഡമായെന്നു പറയുന്നതിനാണു കൂടുതൽ ന്യായം കാണുന്നത്. സ്ഥലത്തിൻറെ സ്ഥിതിയനുസരിച്ചു ദേശനാമം ഉണ്ടാകണമെന്നുള്ള പ്രധാന ന്യായപ്രകാരം ഇങ്ങനെയും ദ്രാവിഡശബ്ദത്തെപ്പറ്റി പറയാം. തിരു + ഇടം = തിരുയിടം = തിരുവിടം = തിരാവിടം = ദ്രാവിടം; ഐശ്വര്യമുള്ള, അഴകുള്ള പ്രദേശം എന്നർത്ഥം. ഇപ്പോഴുള്ള ദ്രാവിഡഭാഷകൾക്കെല്ലാം അടിസ്ഥാനം (Root) മൂലദ്രാവിഡമാണല്ലോ. തമിഴകത്തെ ഭാഷ (ഗ്രന്ഥഭാഷയായ ചെംതമിഴു വരും മുമ്പ്) നാടോടി(സംസാര)ഭാഷയായ കരിംതമിഴായിരിക്കണം. ഇതിനെ പരിഷ്കരിച്ചതായിരിക്കണം ഗ്രന്ഥഭാഷയായി തീർന്നിരിക്കുന്നത്. (ചെമ്മായന തമിഴ്) ചെംതമിഴ് = ചെം = ചെമ്മെ = അഴക്, ഇണക്കം. ചെവ്വെ, ശുദ്ധം. തം + മൊഴി = തമ്മൊഴി എന്ന പദം ക്രമേണ തമിഴ് എന്നായിത്തീർന്നു എന്നു വേറൊരു വിദ്വാൻ അഭിപ്രായപ്പെട്ടിരിക്കുന്നത്, ഹേബ്രാ എന്ന വിളിമൊഴിയാണ് എമ്പിരാൻ (എമ്പ്രാൻ) ആയതെന്നു തെറ്റായി പറയും പോലെ, സ്വീകാര്യമായി തോന്നുന്നില്ല. ഇതിനേക്കാൾ തേൻ + മൊഴി = തെമ്മൊഴി തമിഴായി എന്നു പറയുന്നതാണു ഭേദം. മുത്തമിഴി(മുൻ തമിഴി)ൽ നിന്നു കരിന്തമിഴ്, ചെന്തമിഴ് എന്നവിയും, കരിന്തമിഴിൽ നിന്നും മലയാളവും ഉണ്ടായി എന്നാണ് ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. കരിന്തമിഴെന്നാൽ സംസ്കരിക്കാത്ത തമിഴ് എന്നർത്ഥം. മുത്തമിഴിൽ നിന്നും ചെം(ശുദ്ധ)തമിഴുണ്ടായി എന്നു പറഞ്ഞപ്പോൾ അത് (മുത്തമിഴ്) കരിന്തമിഴായിരിക്കണമല്ലോ. ഒന്നിൽ നിന്നും തന്നെ രണ്ടു വിപരീതഗുണമുള്ളവ ഉണ്ടാകുന്നതാണോ എന്നു സംശയിക്കുന്നു. അതിനാൽ മുത്ത(കരിന്ത)മിഴിൽ നിന്നു ചെന്തമിഴ് ആദ്യമുണ്ടാകയും അതിൽ (കരിന്തമിഴിൽ) നിന്നു തന്നെ വളരെക്കാലം ചെന്ന ശേഷം മലയാളഭാഷ ഉത്ഭവിക്കയും ചെയ്തതായിരിക്കണം. ചെന്തമിഴിനും മലയാളത്തിനും തമ്മിൽ സഹോദരഭാവവും കരിന്തമിഴിൻറെ പുത്രീസ്ഥാനവും ലഭ്യമായി.

മൂലദ്രാവിഡഭാഷ എന്ന ഒന്നുണ്ടെന്നു പണ്ഡിതന്മാർ പറയുന്നതല്ലാതെ പ്രത്യക്ഷമായിട്ടില്ല. അതുകൊണ്ട് എല്ലാ ദ്രാവിഡഭാഷകളുടെയും മൂലം ഒന്നാണെന്നു മാത്രം വിചാരിക്കാം. ഇങ്ങനെയാകുമ്പോൾ ലോകത്തുള്ള എല്ലാ ഭാഷകളും ഒരേ ബീജ(ശബ്ദബ്രഹ്മ)ത്തിൽ നിന്നും ഉത്ഭവിക്കുന്നതായി പറയാവുന്നതാണ്. ആയതു വേദാന്തികൾക്കായി വിട്ടേയ്ക്കാം.

അധ്യായം 2[തിരുത്തുക]


തമിഴകത്തിൻറെ അതിർത്തികൾ വടക്കു തിരുപ്പതി, തെക്ക് കന്യാകുമാരി, കിഴക്ക് ബംഗാൾ ഉൾക്കടൽ, പടിഞ്ഞാറ് അറബിക്കടൽ ഇവയാകുന്നു. ആയിരത്തെണ്ണൂറു വർഷങ്ങൾക്കു മുമ്പ് ഇവിടുത്തെ ഭാഷ തമിഴായിരുന്നു; മലയാളഭാഷ ഉത്ഭവിച്ചിട്ടില്ല. മലയാളികൾ ആദ്യം പശ്ചിമപർവ്വതത്തിൻറെ (western ghats) കിഴക്കേ ഭാഗങ്ങളിൽ പാർത്തുവന്നിരുന്നു. അന്നു മലയാളം പ്രത്യേകഭാഷ ആയിരുന്നിരിക്കയില്ല. പിന്നീട് അവർ പർവ്വതത്തിനു പടിഞ്ഞാറുള്ള പ്രദേശങ്ങളിൽ വന്നു താമസിച്ച ശേഷം ക്രമേണ ഭാഷയ്ക്കും ആചാരമര്യാദകൾക്കും ചില സാരമായ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങി. അന്നു മല അടുപ്പിച്ചു സമുദ്രമുണ്ടായിരിക്കയും, സമുദ്രം പടിഞ്ഞാട്ടു മാറിയ ശേഷം ഉണ്ടായ ഭൂമിയിൽ ജനങ്ങൾ പാർത്തു തുടങ്ങി കേരളം എന്നു പേരിടുകയും ചെയ്തിരിക്കണം. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശം (കേരളം) സമുദ്രം മാറിയുണ്ടായതാണെന്നു ഐതിഹ്യവുമുണ്ടല്ലോ. സപ്തകൊങ്കണം പരശുരാമൻ സമുദ്രനിഷ്കാസനം ചെയ്തെടുത്ത ഭൂമിയാണെന്നു സഹ്യാദ്രിഖണ്ഡത്തിൽ പറഞ്ഞിരിക്കുന്നതും ഓർക്കേണ്ടതാണ്. ആയതിനാൽ ഇവിട(കേരളം)മെല്ലാം ഒരു കാലം സമുദ്രത്തിനടിയിലായിരുന്നു എന്നതിനു സംശയമില്ല. മുമ്പുപയോഗിച്ചുവന്നിരുന്ന പതിവനുസരിച്ചായിരിക്കണം മേൽഭാഗത്തിനെ കിഴക്കാ(കീഴ്ഭാഗമാ)യും കീഴ്ഭാഗത്തിനെ മേക്കാ(മേൽഭാഗമാ)യും തെറ്റായി വിളിച്ചുവരുന്നത്. ഒരേ തരത്തിലുള്ള പല സ്ഥലപ്പേരുകളും മലയാളത്തിലും മിഴ്നാട്ടിലും ഇന്നും ഉപയോഗിച്ചുവരുന്നുണ്ടെന്നുള്ള സംഗതിയും വിസ്മരിച്ചുകൂടാത്തതാണ്. മലയാളത്തിലെ ആദിമനിവാസികൾ തമിഴരും അവരുടെ ഭാഷ തമിഴും ആയിരുന്നു. എന്നാൽ എല്ലാ കാലത്തും ഗ്രന്ഥഭാഷ അല്ലെങ്കിൽ വരമൊഴി എന്ന് ഒരു വ്യത്യാസം എല്ലാ ജീവൽഭാഷകളിലും ഉള്ളതു പോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്ഥഭാഷയ്ക്ക് ചെന്തമിഴെന്നും, നാടോടിഭാഷയ്ക്ക് കരിന്തമിഴെന്നും ആണു തമിഴ് ഗ്രന്ഥകാരന്മാർ പേരിട്ടിരിക്കുന്നതെന്നു കേരളപാണിനി പറയുന്നു. തമിഴകത്തെ കൊടുന്തമിഴ് ഭാഷയ്ക്ക് തെക്കൻ തിരുവിതാംകൂർ, വടക്കേ മലയാളം എന്നീ പ്രദേശങ്ങളിലെ സംഭാഷണഭാഷയ്ക്കുള്ള വ്യത്യാസം പോലെ അല്പാല്പം ഭേദമുള്ളതായി കാണാം. ഉദാഹരണത്തിനു തിരുവല്ലാക്ഷേത്രത്തിലെ ചെമ്പുപട്ടയം ഭാഷ തിരുവിതാംകൂറിലെ പുരാവസ്തുശാസ്ത്രം (Archaeology) ഗ്രന്ഥാവലിയിൽ പ്രസിദ്ധം ചെയ്തിരിക്കുന്നതിൽ നിന്നും ഒരു ഭാഗം എടുക്കാം:-

“തിരുപ്പുകെക്കു ചന്തനം ഒരു കാണം; മാലെ കിഴക്കിൻ തിരുവടിക്കൊൻറു; പടിഞ്ഞായിറ്റു തിരുപടിക്കരൈ; .......... തിരുവമിർതുകിഴക്കിൻ തിരവടിക്കു ഇരുനാഴി ഉരിയരി” .......... ‘അരി’ എന്ന വാക്കു മലയാളത്തിലെ നടപ്പുള്ളൂ. തമിഴിൽ ‘അരിശി’ എന്നാണു പറയുക. ഇതിനെയാണ് ‘തിശച്ചൊൽ’ (ദേശ്യം) എന്നു പറയുന്നത്. ഇങ്ങനെയുള്ള വ്യത്യാസം എല്ലാ ദേശത്തും കാണുന്നതാണ്. വാഴ – വാഴൈ എന്നതിലെ മാറ്റങ്ങളും ഇങ്ങനെ വന്നതായി ഗണിക്കാവുന്നതാണ്. പൂർവ്വദിക്കിൽ നിന്നു കൂട്ടുകെട്ടു പിരിഞ്ഞു പശ്ചിമതീരത്തു വളരെക്കാലം താമസം ഉറപ്പിച്ചിട്ടുള്ളതിനാലും ഉച്ചാരണങ്ങളിൽ ഇങ്ങനെയുള്ള വ്യത്യാസങ്ങൾ വരാവുന്നതാണല്ലോ.

തിരുവല്ലാക്ഷേത്രം വക ചെമ്പുപട്ടയത്തിലെ എഴുത്തിനെക്കുറിച്ചു തിരുവിതാംകൂർ പുരാവസ്തുപരിശോധനസംഘാദ്ധ്യക്ഷനായിരുന്ന മി. ഗോപിനാഥറാവു ഇങ്ങനെ പറയുന്നു – “അതിൻറെ പദങ്ങൾ മുഴുവൻ തമിഴായിരിക്കുന്നു. വ്യാകരണനിയമം സ്വീകരിച്ചിട്ടില്ല. പുരാതന തമിഴുവ്യാകരണമായ തൊൽകാപ്പിയത്തിൽ തമിഴ് സംസാരിക്കുന്ന രാജ്യത്തിൻറെ അതിർത്തിയെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു. വടക്കു തിരുപ്പതിമല, തെക്കു കന്യാകുമാരി, കിഴക്കും പറഞ്ഞാറും സമുദ്രം; ആയതിനാൽ മലയാളദേശവും ഇതിൽപ്പെടുന്നു. ഇവിടത്തെ ദേശമര്യാദ, ജനസ്വഭാവം, ആചാരം മറ്റു സ്ഥാപനങ്ങൾ മുതലായവ പുരാതനതമിഴ്ദേശത്തിലുണ്ടായിരുന്നതുപോലെ തന്നെയിരിക്കുന്നു. വാക്കുകൾക്ക് ഇപ്പോൾ കാണുന്ന വ്യത്യാസം അരിശി, അരിയി, അരി ഇങ്ങനെ ഭേദപ്പെട്ടു വന്നതായിരിക്കണം...”

മലയാളഭാഷയുടെ ഉല്പത്തി ഇന്നും വിവാദവിഷയമായിരിക്കുന്ന ഒരു സംഗതിയാണല്ലോ. മലയാളസാഹിത്യതചരിത്രസംഗ്രഹവിമർശത്തിൽ വടക്കുംകൂർ രാജരാജവർമ്മ അവർകൾ ഭാഷയുടെ ഉല്പത്തി സംസ്കൃതത്തിൽ നിന്നുമാണെന്നുള്ള കോവുണ്ണി നെടുങ്ങാടിയുടെ അഭിപ്രായത്തെ പിൻതാങ്ങിക്കൊണ്ട് അതിനെ ബലപ്പെടുത്തുന്നതിനു ചില ഉദാഹരണങ്ങളും എടുത്തുകാണിച്ച് ‘ആത്മപോഷിണി’യിൽ എഴുതിക്കണ്ടു. മലയാളത്തെ ഭാഷ = മലയാളി ഭാഷ. മലയാളം = മലപ്രദേശം ഇങ്ങനെ ഇപ്പദങ്ങൾക്ക് അർത്ഥം കല്പിക്കേണം.

അധ്യായം 3[തിരുത്തുക]


ഭാഷയുടെ ഉല്പത്തി സംസ്കൃതത്തിൽ നിന്നാണെന്നു പറയുമ്പോൾ മലയാളികൾക്കു മുമ്പ് ഭാഷയെ ഇല്ലായിരുന്നുവെന്നോ അല്ലെങ്കിൽ മറ്റേതോ ഒരു ഭാഷ ഉപയോഗിച്ചിരുന്നെന്നോ വിചാരിക്കേണ്ടിയിരിക്കുന്നു. ഉല്പത്തി സംസ്കൃതത്തിൽ നിന്നു മാത്രമാണെങ്കിൽ ഉത്ഭവിച്ച ഭാഷയും സംസ്കൃതവുമായി യായൊരു വ്യത്യാസം കാണാതിരിക്കേണ്ടതാണ്. എന്നാൽ മലയാളത്തെ നോക്കുകയാണെങ്കിൽ സംസ്കൃപദങ്ങളെക്കാൾ സംസ്കൃതേതരപദങ്ങൾ ഒട്ടേറെ ഉണ്ടുതാനും. ഈ അസംസ്കൃതപദങ്ങൾ കടന്നുകൂടി എന്നു വികല്പിക്കയാണെങ്കിൽ ദ്രാവിഡഭാഷകളുമായുള്ള സംസർഗ്ഗാനന്തരം എന്നു പറയാം. ടി സംസർഗ്ഗം എന്നു മുതൽ പിടിപെട്ടു എന്നു തെളിയിക്കേണ്ടതാണെന്നു ചോദ്യം ഉദിക്കുമ്പോൾ അതിനുത്തരം പറയേണ്ടതു സംസർഗ്ഗവാദം പുറപ്പെടുവിച്ചയാളിൻറെ ചുമതലയായിത്തന്നെ വരും. അടിസ്ഥാനമില്ലാതെ കടം വാങ്ങാൻ ആശ ജനിക്കുന്നതു പ്രകൃതിവിരുദ്ധവും ഒരു പക്ഷേ ലഭിച്ചാൽ സൂക്ഷിക്കാൻ ഇടമില്ലാതെയും വരുമല്ലോ. അതിനാൽ രണ്ടു ഭാഷകളോടു കടം വാങ്ങി മൂന്നാമതു രണ്ടും കെട്ട് ഉണ്ടായി എന്നു പറയുന്നതു അസംബന്ധം തന്നെ; അങ്ങനെ ഏതൊരു ഭാഷ കൂടി ഉണ്ടായി എന്നു പറയുന്നതു പ്രസ്തുതവാദത്തിനു ബലം കൊടുക്കുന്നതുമാണ്. എപ്പോഴും എന്നും ഉപയോഗിക്കുന്ന പേരുകൾ ആത്മാവ്, ജീവൻ മുതലായവയാണെന്നു പറഞ്ഞിരിക്കന്നതു പണ്ഡിതന്മാർക്കും യോഗികൾക്കും പറ്റിയതായി വന്നേക്കാം. സാധാരണന്മാർ തത്വചിന്തനവും ആത്മാജീവവാദങ്ങളും കൊണ്ടിരിക്കുന്നില്ല. ജീവസന്ദാനം പ്രധാനചുമതലയായി തലയിൽ ഉറയ്ക്കുമ്പോഴുണ്ടോ ഇത്തരം ആലോചനകൾ നാടന്മാരുടെ ഹൃദയനാഡിയിൽ നടനം ചെയ്യുന്നത്? ഏതൊരു വസ്തുവും അറിയപ്പെട്ടതിനു ശേഷമേ നാമം കല്പിക്കാറുള്ളൂ; അല്ലാത, സാധാരണയായി, നാമം കല്പിച്ച ശേഷമല്ല വസ്തുവെ അറിക. ഇങ്ങനെ വിചാരണ ചെയ്യുമ്പോൾ സൃഷ്ടി കഴിഞ്ഞാൽ ആദ്യമായി അറിയുന്നതു വിശപ്പ് മുതലായവയാണ്. ബാഹ്യവസ്തുക്കളെ അറിഞ്ഞശേഷം മാത്രമേ ആത്മാവ്, ജീവൻ മുതലായ അഗാധചിന്തയ്ക്കു പാത്രമായ വസ്തുക്കളെപ്പറ്റി ഗ്രഹിപ്പാൻ തരമാകുന്നുള്ളൂ. ഇവിടെ ആദ്യമായി ചിന്തിക്കുന്നതു ബാഹ്യമായ അവയവങ്ങളെക്കുറിച്ചാണ്. ഇതിനു സംസ്കൃതത്തിൻറെ സഹായം തീരെ ആവശ്യമില്ല തന്നെ. സംസ്കൃതപദങ്ങൾ ധാരാളം ഉപയോഗിച്ചു പരിചയിച്ചു പോയവർക്കോ സംസ്കൃതമേ പരിചയമുള്ളൂ എന്നു ഭാവിക്കുന്ന പുത്തൻകൂറ്റുകാർക്കോ പഴയവയൊക്കെ നെറ്റി ചുളിക്കത്തക്കവയെന്നും ഭാഷാപദങ്ങൾ ‘സാരള്യവിഹീനാതി ദോഷദുഷ്ടാത്വാചശ്രവണ പരുഷമേവ’ എന്നു തോന്നിയെന്നും വരാം. ഇനി, മലയാളത്തു നടപ്പുള്ള പഴഞ്ചൊല്ലുകളെല്ലാം സംസ്കൃതഭാഷയിൽ നിന്നും ഉണ്ടായതാണോ എന്നു ചോദിക്കേണ്ടിയിരിക്കുന്നു. പഴ‍ഞ്ചൊല്ലുകൾ ഓരോ ഭാഷയ്ക്കും പ്രത്യേകമുള്ള പൂർവ്വസ്വത്തുക്കളുമാണല്ലോ. ഇവ സംസ്കൃത്തിൽ നിന്നു പിറന്നതാണെങ്കിൽ ഇത്രയും രൂപാന്തരം വന്നതിൽ സംസ്കൃത്തെ വളരെ ആക്ഷേപിക്കേണ്ടിയിരിക്കുന്നു. കണ്ണ്, മൂക്ക്, വായ്, നാക്ക്, ചെവിട്, താടി, ചുണ്ട്, കൈ, കാൽ, മുടി, തല, നെറ്റി, വിരൽ, കാത്, ഉള്ളങ്കാൽ, മുട്ട്, പൊക്കിൾ, ചന്തി, തുട, പല്ല്, ഉടൽ, പിരിയം, (പുരുവം), എല്ല്, തൊലി, ചോര, കൊഴുപ്പ്, ചത, തലച്ചോറ്, ഉമിനീര് മുതലായ ഏതു ഭാഷയിലുള്ള പദങ്ങളാണ് എന്നും നാം ഓർക്കേണ്ടതല്ലേ. നമുക്കു സ്വാതന്ത്ര്യമായി ഉണ്ടാക്കിവെച്ച മുതല് അനുഭവിച്ചുകൊണ്ട് അതിനെ കുറ്റം പറയുന്നതു നന്ദികേടല്ലയോ എന്നു സംശയിക്കുന്നു.

തമിഴിൽ നിന്നും പല പദങ്ങളും ഉണ്ടായിട്ടുണ്ട്. പല ഭാഷകളിൽ നിന്നും എന്ന പോലെയേ അവയെ വിചാരിക്കേണ്ടതുള്ളൂ. മധ്യമ മലയാളത്തിലേയും പ്രാചീനമലയാളത്തിലേയും എന്നു നാം വിചാരിക്കുന്ന സ്ഥിതിക്ക് അവയിലെ അക്ഷരവിനിമയക്രമം പിന്നീടുള്ളതിൽ നിന്നും വ്യത്യാസമാകാതിരിക്കാൻ തരമില്ല. എന്നാൽ ആ ദ്രാവിഡകൃതികളെ ഭാഷാഗ്രന്ഥങ്ങളായി ഗണിക്കുന്നതു യുക്തമല്ല. കേരളീയർ എഴുതിയിട്ടുള്ള പല സംസ്കൃതകൃതികളേയും എന്ന പോലെ മാത്രമേ നാമവയെക്കുറിച്ചു വിചാരിക്കേണ്ടതുള്ളൂ. രാമചരിതവും മറ്റും ഭാഷാകൃതികളാണെങ്കിൽ നാരായണീയവും തത്തുല്ല്യങ്ങളായ ഇതരകൃതികളും എന്തുകൊണ്ടു ഭാഷ ആയിക്കൂടാ ഇങ്ങനെ ലേഖകൻ അഭിപ്രായപ്പെട്ടിരിക്കുന്നു. സംസ്കൃതത്തിൽ നിന്നുമുള്ള പദങ്ങൾ മലയാളത്തിൽ കാണുന്നതു മേൽ പറഞ്ഞ പോലെ പല ഭാഷകളിൽ നിന്ന് എന്ന പോലെ എന്തുകൊണ്ടാണെന്നോ ലേഖകൻ വിചാരിക്കാതിരിക്കുന്നത്? സംസ്കൃതപദങ്ങളെ എല്ലാം മാറ്റിവെച്ചു നോക്കിയാലും പറയത്തക്ക ദൂഷ്യമൊന്നും ഭാഷയ്ക്കുണ്ടാകുമെന്നു തോന്നുന്നില്ല. രാമചരിതം മുതലായതു മലയാളഭാഷ അല്ലെന്നു വരികിൽ കണ്ടിയൂർ, തിരുവല്ലാ മുതലായ ക്ഷേത്രങ്ങളിലെ ചെമ്പുപട്ടയങ്ങളിൽ വട്ടെഴുത്തക്ഷരത്തിൽ എഴുതിക്കാണുന്ന അവിടുത്തെ പതിവു കണക്കുകളും മറ്റും ഏതു ഭാഷയിലാണെന്നു വിചാരിക്കണം? ഇവിടെയുള്ളവർക്ക് എഴുത്ത് എന്നൊരു വക അറിവാൻ പാടില്ലാത്തതുകൊണ്ടു തമിഴരെ വരുത്തി എഴുതി വെച്ചതാണെന്നു പറയാൻ ഭാവമുണ്ടോ? ചില പുരാതനകുടുംബങ്ങളിൽ കാണുന്ന ആധാരപ്രമാണങ്ങളും മറ്റും ഇതു പോലെ വല്ലവരേയും കൊണ്ടെഴുതിച്ചു വെച്ചതാണോ എന്തോ? ഇതിലൊന്നിലും സംസ്കൃതപദം കാണാത്തതെന്തുകൊണ്ടാവോ? സംസ്കൃതത്തോടു ജനങ്ങൾക്കുള്ള ഭ്രമവും ഭാഷയോട് അവയെ കൊരുത്തുവലിക്കാൻ തുടങ്ങിയപ്പോഴുണ്ടായ കുറവുകളും മറ്റും ലീലാതിലകം നോക്കിയാൽ മനസ്സിലാകുന്നതാണ്. കേരളപാണിനീയത്തിൻറെ പീഠികയെങ്കിലും സേവിച്ചിരുന്നെങ്കിൽ ഈ ലേഖനദീനത്തിനു കുറഞ്ഞൊരാശ്വാസം ഉണ്ടാകുമായിരുന്നു.

അധ്യായം 4[തിരുത്തുക]


ഇനി ലേഖകൻ നിത്യ ഉപയോഗയോഗ്യമായി കല്പിച്ചിരിക്കുന്ന പദങ്ങൾക്കു പകരം ഭാഷാപദങ്ങളുണ്ടോ എന്നു പരിശോധിക്കാം. ആത്മാവ് (ശിവം) ജീവൻ ആവി, പ്രാണൻ ഉയിര്; മനസ്സ് നെഞ്ച്; വിചാരം നിനവ്; മുഖം മോന്ത മുഞ്ഞി; നഖം ഉകിർ; നാഭി പൊക്കിൾ; മാംസം ഇറച്ചി, ചത; മലം അഴുക്ക്, കാട്ടം; വാതം കാറ്റ്, കഫം വെള്ളം; പിത്തം തീയ്, മയക്കം; ഈശ്വരൻ ആണ്ടവൻ, അയ്യൻ; ദൈവം കടവുൾ; സൂര്യൻ ഞായർ; ചന്ദ്രൻ തിങ്കൾ; നക്ഷത്രം മുത്ത്; ആകാശം വാനം; ഭൂമി ഞാലം, നിലം; മരണം മാവ്, ചാക്ക്; ദാനം കൊടകൊടുക്കൽ; ദീനം പാടുകേട്; കർമ്മം ചെയ്യൽ കടമ; ജന്മം പിറവി – ഈ പദങ്ങൾ ഇന്നും പല ദിക്കുകളിൽ ഉപയോഗിച്ചുവരുന്നവയാണ്. ഇവ മിക്കതും ഇപ്പോഴത്തെ മലയാളികൾക്കും അറിവുള്ളതാണല്ലോ.

സംസ്കൃതത്തിലും, തമിഴിലും ചില പദങ്ങൾക്കു ധാതുവ്യത്യാസമില്ലെന്നും, ദ്രാവിഡപദങ്ങൾ സംസ്കൃതത്തിലും ലയിച്ചുകിടപ്പുണ്ടെന്നും, ഈ രണ്ടു ഭാഷകളിലും അപാരപാണ്ഡിത്യം സമ്പാദിച്ച നിഷ്പക്ഷപാതികളായ മാന്യന്മാർ അഭിപ്രായപ്പെടുന്നു. അമ്മ എന്നതിനെ സംസ്കൃത്തിൽ അംബ എന്നാണുപയോഗിക്കുന്നത്. ഇതു ദ്രാവിഡഭാഷയിൽ നിന്നും പോയതു തന്നെയാണ്. ഏതു ശിശുവും പ്രകൃത്യാ അമ്മാ എന്ന പദത്തെത്തന്നെയാണ് ആദ്യമായി ഉച്ചരിക്കുന്നത്. പക്ഷെ ചില ഭാഷകളിൽ മമ്മാ എന്നോ മറ്റോ മാറിയേക്കാം. അക്കൻ, അണ്ണൻ, അപ്പൻ, അച്ഛൻ, അത്തൻ മുതലായതു മലയാളഭാഷാപദങ്ങളാണെന്നുള്ളതിന് എതിരഭിപ്രായം കാണുകയില്ല. ജ്യേഷ്ഠൻ മുതലായ പദങ്ങളെ ചേട്ടൻ എന്ന തരത്തിൽ വികൃതപ്പെടുത്താതെ തന്നെ മലയാളത്തിൽ ഉപയോഗിക്കാൻ വാക്കുകൾ ഇരിക്കവെ അതുപേക്ഷിച്ചു സംസ്കൃതപദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് ആ ഭാഷയോടുള്ള ഭ്രമം തന്നെ ആയിരിക്കണം. അത്തം, ചിത്തിര മുതലായതും ദ്രാവിഡഭാഷാപദങ്ങൾ തന്നെയാണെന്നു തോന്നുന്നു.

എഴുത്തച്ഛൻ ഇന്നത്തെ മലയാള അക്ഷരമാല സൃഷ്ടിക്കുന്നതിനു മുമ്പ് തമിഴ(വട്ടെഴുത്ത)ക്ഷരങ്ങൾ തന്നെയാണു മലയാളത്തിലും നടപ്പെന്നു വേണം ഊഹിക്കാൻ. അതായത് രണ്ടിലും അതിഖരമൃദുഘോഷങ്ങൾ മുതലായ വർണ്ണങ്ങൾ ഉണ്ടായിരുന്നെങ്കിലും ആദ്യാക്ഷരങ്ങളുണ്ടായിരുന്നില്ല എന്നു താത്പര്യം. ഇന്നത്തെ ലിപികൾ തമിഴ് ഗ്രന്ഥാക്ഷരത്തിൽ നിന്നെടുത്തു പരിഷ്കരിച്ചവയാണെന്ന് ഒന്നു പരിശോധിച്ചാൽ ഏവർക്കും പ്രയാസം കൂടാതെ മനസ്സിലാക്കാവുന്നതാണ്.

വട്ടെഴുത്ത് തമിഴിലുള്ള എഴുത്തിനേക്കാളും വളരെ പഴക്കം ചെന്നതാണെന്നും വട്ടെഴുത്തും അശേകൻറെ അക്ഷരമാലയും രണ്ടും സ്വതന്ത്രമായി ഉത്ഭവിച്ചതാണെന്നും ബർണൽ (Dr. Burnell) അഭിപ്രായപ്പെടുന്നു. എന്നാൽ മിസ്റ്റർ ടി.എ. ഗോപിനാഥറാവു ഈ അഭിപ്രായത്തോടു വിയോജിച്ച് ഇപ്രകാരം പറയുന്നു; “വട്ടെഴുത്ത് മിക്കവാറും നഗരം, ഗ്രന്ഥത്തമിഴ്, തെലുങ്ക് മുതലായവ പോലെ അശോകൻറെ ബ്രാഹ്മിജാതി എഴുത്തിൽ നിന്നുത്ഭവിച്ചതാണെന്നു തോന്നുന്നുവെന്നും, സൂക്ഷ്മമായി പരിശോധിച്ചാൽ ദക്ഷിണ ഇന്ത്യയിലെ മറ്റെഴുത്തുകളുമായി വട്ടെഴുത്തിനു പല മാർഗ്ഗങ്ങളിലും സാമ്യം കാണുന്നുവെന്നും വട്ടെഴുത്തിനും തമിഴുഗ്രന്ഥാക്ഷരത്തിനും തമ്മിൽ വളരെ അടുപ്പമുണ്ടെന്നും ആകുന്നു.” വട്ടെഴുത്തിനും തമിഴക്ഷരത്തിനും തമ്മിലുള്ള അടുപ്പവും തമിഴിൻറെ ചില പരിഷ്കാരങ്ങളും മറ്റും നല്ലവണ്ണം പരിശോധിക്കയാണെങ്കിൽ ഡോക്ടർ ബർണലിൻറെ അഭിപ്രായത്തിനാണു കൂടുതൽ ബലം സിദ്ധിക്കുന്നത്. കോലെഴുത്ത് ഭേദപ്പെട്ടു വട്ടെഴുത്തായും പിന്നീട് ചില ഭേദഗതികളോടു കൂടി ആയിരമാണ്ടിന് അടുത്ത കാലം വരെ നടപ്പിലുണ്ടായിരുന്നു. ഏതെഴുത്താണ് ആദ്യം ഉണ്ടായതെന്നും മറ്റുമുള്ള യഥാർത്ഥ വിവരം ഗ്രഹിക്കാൻ വളരെ പ്രയാസം തന്നെയാണ്. കോലെഴുത്ത് അഥവാ വട്ടെഴുത്ത് വളരെ പ്രാചീനകാലത്തേ ഉള്ളതാകയാലും അതിനു പല ഭാഷാലിപികളുമായി സാമ്യം കാണുകയാലും അതായിരിക്കാം കണ്ടുപിടിക്കപ്പെട്ട ആദ്യലിപി എന്നു സന്ദേഹം ന്യായമായി ജനിക്കുന്നു.

മുമ്പുപറഞ്ഞ ചെമ്പുപട്ടയങ്ങളിൽ നിന്ന് ഇങ്ങനെ ചിലതു കൂടി ഗ്രഹിക്കാം; ക്ഷേത്രങ്ങളിൽ വേദം, വ്യാകരണം മുതലായതു പഠിക്കുന്നതിനു വിദ്യാർത്ഥികൾ താമസിച്ചുവന്നിരുന്നു. ഇവർക്കു ഭക്ഷണം ക്ഷേത്രത്തിലെ നിവേദിതാന്നവും ഇതിനോടു കൂടി (ചമ്മന്തിക്ക്) ഉപ്പ്, പുളി, നാളികേരം മുതലായതും കൊടുത്തിരുന്നു. ഇവർക്കു വൈദ്യസഹായത്തിനു വേണ്ട ഏർപ്പാടുകളുമുണ്ട്. മിക്ക പ്രധാനക്ഷേത്രങ്ങളിലും ചില സന്ന്യാസിമാർ ഉണ്ടായിരിക്കും. ഇവർ മഠാധിപതികളോ അഥവാ സാധാരണ സന്ന്യാസിമാരോ ആയിരിക്കും. ഇവർക്കു ക്ഷേത്രകാര്യങ്ങളുടെ മേലന്വേഷണവും വിദ്യാർത്ഥികളെ വേദം മുതലായത് അഭ്യസിപ്പിക്ക, പുഷ്പാഞ്ജലി ചെയ്കൽ മുതലായവയും ഉണ്ടായിരുന്നു. സന്ന്യാസിമാരെ പടിഞ്ഞാറൻതീരങ്ങളിൽ ഭട്ടാരതിരുവടി, പടാരതിരുവടി എന്നീ സ്ഥാനങ്ങളാൽ അറിയപ്പെട്ടിരുന്നു. ക്ഷേത്രത്തിലെ ഓരോ അടിയന്തിരത്തിനും ഓരോരുത്തരെ ചുമതലപ്പെടുത്തിയിരുന്നു. തിരുവല്ലാക്ഷേത്രത്തിൽ അരി അളക്കേണ്ടത് എമ്പെരുമക്കളാണ്. എണ്ണ ആളാ(ഴാ)ഞ്ചേരി അടികളും, ചന്ദനം വേണാട്ടടികളും എത്തിച്ചുകൊടുക്കണം. ഇങ്ങനെ എല്ലാറ്റിനും പ്രത്യേകം ആളുകളെ നിശ്ചയിച്ചിട്ടുണ്ട്. മലയാളത്ത് ഇത്ര വളരെ ക്ഷേത്രങ്ങളുണ്ടായിട്ടും ചില ക്ഷേത്രങ്ങളിൽ നിന്നും, അതും വളരെക്കുറച്ചു മാത്രം, ഏതാനും ചെമ്പുപട്ടയങ്ങൾ മാത്രമേ കിട്ടിക്കാണുന്നുള്ളൂ. ക്ഷേത്രങ്ങൾ പിടിച്ചടക്കിയവർ അപ്പോൾത്തന്നെ അവയെല്ലാം നശിപ്പിക്കയോ അല്ലെങ്കിൽ കൈവശക്കാർ തങ്ങൾക്കു ലഭിച്ചിട്ടുള്ള വല്ല അവസ്ഥയ്ക്കും ഉടവു തട്ടുമെന്നു ഭയന്നു പുറത്തെടുക്കാതിരിക്കയോ ചെയ്തിരിക്കാം. ഇവയെല്ലാം കിട്ടുമെങ്കിൽ ചരിത്രസംബന്ധമായ അനേകം സംഗതികൾ മനസ്സിലാക്കാവുന്നതാണ്. അതങ്ങിനെ നിൽക്കട്ടെ.

അധ്യായം 5[തിരുത്തുക]


തമിഴകത്തെ ചേര, ചോള, പാണ്ഡ്യ ഇങ്ങനെ മൂന്നൂ രാജധാനിയിങ്കീഴിൽ ഭരിച്ചുവന്നിരുന്നു. ഈ രാജ്യങ്ങളെ പതിമൂന്നു നാടുകളായി ഭാഗിച്ചിട്ടുണ്ട്. അവ പാണ്ടി, തെൻപാണ്ടി, കൂട്ടം, കടം, കർക്കാ, വേൺ, പൂഴി, പൻറി, അരുവാ, അരുവാവടത്തലൈ, വീതം, മലനാട്, പൂനനാട് ഇത്രയുമാകുന്നു. ‘പാണ്ടി’ എന്ന പദത്തിനു ‘വാകമരം’ എന്നർത്ഥമുള്ളതിനാൽ ഈ വൃക്ഷം അവിടെ ഒരു കാലത്തു സമൃദ്ധിയായി വളർന്നിരിക്കണം. മേൽ പറഞ്ഞവയിൽ പാണ്ടിദേശത്തെ അധികം പ്രധാനമായി കരുതിയിരിക്കുന്നു. ഇവിടെയാണ് ചെം(ശുദ്ധ)തമിഴിൻറെ ഉത്ഭവം. ഇപ്പോഴത്തെ മധുര ജില്ലയുടെ മിക്കവാറും മുഴുവൻ ഭാഗങ്ങൾ ഇതിൽ പെട്ടിട്ടുണ്ട്. പാണ്ടിരാജ്യത്തിൻറെ പ്രധാനപട്ടണം മധുരയാണ്. മധുരയ്ക്ക് ‘കൂടൽ’ എന്നു കൂടി പേരുണ്ട്. ഇത്, ഇവിടെ വൃക്ഷങ്ങൾ ധാരാളം വളർന്നിരുന്നുവെന്നു തെളിയിക്കുന്നു. പാണ്ഡ്യരാജാവിനു പഞ്ചവൻ എന്നും കൗരവൻ എന്നും കൂടി പേരുണ്ട്. ഈ നാമങ്ങൾ മഹാഭാരത പുരാണ പുരഷന്മാരെ അനുസ്മരിപ്പിക്കുന്നു. ഒരുവേള ഇവർ അവരുടെ പിൻഗാമികളായും വന്നേക്കാം.

കൂടം എന്നതിൻറെ അർത്ഥം ചതുരക്കള്ളി എന്നാണ്. ഈ സ്ഥലത്തിന്, ഇച്ചെടി ധാരാളം വളർന്നിരുന്നതുകൊണ്ടോ, കുടത്തിൻറെ ആകൃതിയുള്ള ഭൂമിയാകകൊണ്ടോ ഇന്നാമം വരാവുന്നതാണ്. ഇതിനെ പൊന്നാനിപ്പുഴ മുതൽ എറണാകുളം വരെയുള്ള പ്രദേശമായിട്ടാണു കണക്കാക്കിയിരിക്കുന്നത്. ‘കുട്ടം’ എന്നാൽ കുഴിപ്രദേശം. ഇതു കുട്ടനായാടിരിക്കണം. അവിടെ താണപ്രദേശമാണല്ലോ. വേൺ എന്നതു വേണാടാണ്. ഇതിനർത്ഥം മണ്ണുള്ള നാട് എന്നാകുന്നു. ഇതു പഴയ തിരുവിതാംകൂറാണ്. പൂഴി എന്നതിനു മണൽ എന്നർത്ഥം. ഈ നാട് അമ്പലപ്പുഴ മുതൽ പൊന്നാനിപ്പുഴയുടെ മുഖം വരെയുള്ള ദേശങ്ങളുടെ നാമമായി പറയുന്നു. ഇക്കൂട്ടത്തിൽ (ഓർ + നാട്) ഓണാട് പ്രത്യേകമായി പറഞ്ഞുകാണാത്തതുകൊണ്ട് കുട്ടനാടോടു ചേർത്തു കണക്കാക്കാവുന്നതാണ്. കർക്കാ – കൽപ്രദേശം – കുടം എന്ന ദിക്കിനു കിഴക്കായി സ്ഥിതിചെയ്യുന്നു.

കുട്ടം, കുടം, കർക്കാ, വെൺ, പൂഴി എന്നീ അഞ്ചു നാടുകൾ കൂടിയതു ചേരരാജ്യം. ഇതിൻറെ തലസ്ഥാനം വഞ്ചി അല്ലെങ്കിൽ കരൂർ എന്ന സ്ഥലമാകുന്നു. ആയതു കോതമംഗലത്തുള്ള തൃക്കാളൂരാണെന്നും, കൊടുങ്ങല്ലൂരിനടുത്തുള്ള തിരുവഞ്ചിക്കുളമാണെന്നും ഇതു രണ്ടുമല്ല തൃശ്ശിനാപ്പള്ളി ജില്ലയിൽപ്പെട്ട കരൂർ എന്ന സ്ഥലമാണെന്നും, ഇങ്ങനെ ഇക്കാര്യത്തെക്കുറിച്ചു വിദ്വാന്മാരുടെ ഇടയിൽ ഏകകണ്ഠമായ അഭിപ്രായം ഇനിയും ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നത്.

ആദ്യമായി വഞ്ചി എന്ന പദത്തിൻറെ അർത്ഥം എന്താണെന്നു നോക്കാം – ഒരുതരം പടരുന്ന ചെടി, ചേരരാജാക്കന്മാരുടെ രാജധാനി, ധർമ്മദേവത, കരു(വൂ)ർ, പെൺ ഇങ്ങനെ തമിഴ് നിഘണ്ടുവിലും; മുള (ഈറ്റ) എന്നു ഗുണ്ടർട്ടിൻറെ നിഘണ്ടുവിലും അർത്ഥം പറഞ്ഞുകാണുന്നു. ആദ്യം പറഞ്ഞ അർത്ഥത്തിനു തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വഞ്ചിയൂർകാട് ഉദാഹരണമാക്കാവുന്നതാണ്. കൂടാതെ മുളയും, പടർപ്പുചെടിയും ധാരാളം വളരുന്ന സ്ഥലങ്ങൾക്കും ഈ പേര് യോജിക്കുന്നതാണല്ലോ. കരൂർ എന്ന പദത്തിനു വഞ്ചി എന്നർത്ഥമുണ്ട്. (കരൈ + ഊർ) കരൈ ഊർ - കരൂർ എന്നു ഭേദപ്പെട്ടു പോയതായി വരാവുന്നതാണ്. കരൂർ ആയിരുന്നു ചേരരാജധാനി എന്നു കാണിക്കുന്നതിനുള്ള തെളിവുകൾ ആ ദേശത്തു വഞ്ചി എന്നു പറയുന്ന ചെടികൾ ധാരാളമായി വളർന്നിരുന്നുവെന്നും വഞ്ചിയുടെ ഇരിപ്പിടം അൻപൂർണ്ണൈ (Anplurnai) എന്ന നദിക്കരയിലായിരുന്നു എന്നുള്ള സാഹിത്യസംബന്ധമായ തെളിവിന്, കരൂർ നാട്ടിനു സമീപമായി ഒഴുകുന്ന കാവേരീനദിയുടെ പോഷകനദിയായ അമരാവതിയെന്ന പുഴയുടെ നാമത്തോടു യോജിപ്പുണ്ടെന്നും, സ്ഥലത്തെ ഒരു ദേവനു വഞ്ചി എന്ന നാമം ഉണ്ടെന്നും മറ്റും ആണ്. ചേരൻ, ചോളൻ, പാണ്ഡ്യൻ, കൊങ്ങൻ എന്നിവയ്ക്കു ചേര, ചോള, ചോളപാണ്ഡ്യ, കൊങ്ങ(ണ) ദേശങ്ങളിലെ അധിപൻ (രാജാവ്) എന്നർത്ഥമാക്കേണ്ടതാണ്. ചേരമാൻ എന്നതു കൊച്ചിരാജാവ് എന്നു പറയും പോലെ ചേരദേശത്തെ രാജാവ് എന്നേ താത്പര്യമുള്ളൂ. ഇതൊരാളുടെ പ്രത്യേകനാമമല്ല. ചാരൽ + മാൻ = ചാരൽമാൻ = ചാരമാൻ = ചേരമാൻ എന്നു പരിണമിച്ചതാണ്. ചാരൽമാൻ എന്നതിനു മലയരമൻ - മലയാളത്തെ രാജാവ് – എന്ന് അർത്ഥം. മലയാളരാജ്യം ഭരിക്കാൻ വന്നതിനു ശേഷമേ പെരുമാക്കന്മാർക്കു ചേരമാൻ എന്ന സ്ഥലാനം ലഭിച്ചിരിക്കയുള്ളൂ. അതിനു മുമ്പെല്ലാം രവിവർമ്മ പെരുമാൾ നായനാർ എന്നും മറ്റുമേ നാമമുള്ളൂ. ഇനി ചേരരാജ്യത്തിൻറെ കിടപ്പ് എവിടെയാണെന്നു നിശ്ചയിച്ചാൽ വഞ്ചി എന്ന പട്ടണത്തിൻറെ സ്ഥാനവും ഉറപ്പാക്കാവുന്നതാണ്. ചേരദേശം പശ്ചിമപർവ്വതത്തിനു കിഴക്കുവശമായിരുന്നെങ്കിൽ തൃശ്ശിനാപ്പള്ളിക്കടുത്തുള്ള കരൂർ എന്ന സ്ഥലത്തെ ചേരരാജധാനിയായി ഒരുവിധം വകവെച്ചുകൊടുക്കാമായിരുന്നു. എന്നാൽ ഇന്നേവരെ ചേരരാജ്യം ടി പർവ്വതത്തിനു പടിഞ്ഞാറായി കല്പിച്ചിരിക്കക്കൊണ്ട് ആയത് ഈ കരയിൽത്തന്നെ ആയിരിക്കണല്ലോ. രാജ്യപരിധിക്കുള്ളിലല്ലാതെ രാജധാനി അന്യത്രയാണെന്നു വരാൻ ന്യായമില്ല. എന്നു തന്നെയല്ല, കരൂർ ചോളദേശത്തിൽപ്പെട്ടുപോയി എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഇനി, നദിയുടെ പേരിൻറെ യോജിപ്പു നോക്കുകയാണെങ്കിലും അൻപൂർണ്ണൈ എന്ന നാമത്തോട് അരാവതി എന്നതിനേക്കാൾ ചൂർണ്ണി എന്ന പെരിയാറിനാണു കൂടുതൽ യോജിപ്പുള്ളത്. പെരിയാറ് തിരുവഞ്ചിക്കുളത്തിനു സമീപം കൂടി ഒഴുകുന്നു. കച്ചവടസംബന്ധമായ സൗകര്യം നോക്കുന്നതായാലും കരൂർ എന്ന സ്ഥലം തിരുവഞ്ചിക്കുളത്തേക്കാളും താണപടിയിലത്രെ സ്ഥിതിചെയ്യുന്നതെന്നും പ്രത്യക്ഷപ്പെട്ടു. ഇതിനു സമീപം സ്ഥിതിചെയ്യുന്ന ഡച്ചുകോട്ടയും മറ്റും തിരുവഞ്ചിക്കുളത്തിനു സമീപമുള്ള കായലുകൾ വലിയ കപ്പലുകൾ സഞ്ചരിക്കാൻ സൗകര്യമുള്ളവയായിരുന്നു എന്നു തെളിയിക്കുന്നു. ഇന്നും ആ കാലയുകൾ വളരെ അഗാധിമായിത്തന്നെയിരിക്കുന്നു. തിരു എന്നത് ശ്രീ എന്ന അർത്ഥത്തെക്കുറിക്കുന്ന പദമാണ്. കുളം എന്നാൽ പ്രദേശം എന്നർത്ഥം. ചേരമാൻ പെരുമാളുടേയും അദ്ദേഹത്തിൻറെ ധർമ്മപത്നിയായ നായർസ്ത്രീയുടേയും വിഗ്രഹം തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഇന്നും വെച്ചു പൂജിച്ചുവരുന്നതായി കേട്ടിട്ടുണ്ട്. ‘ചരിത്രസമുച്ചയ’ത്തിൽ ശ്രീ നീലകണ്ഠതീർത്ഥപാദസ്വാമികളും ഇങ്ങനെ തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നതിനാൽ അധികം ബലം കിട്ടുന്നു. ഈ പെരുമാൾ എത്രാമത്തെ ചേരമാൻ എന്നറിയുന്നില്ല. കരൂർ എന്ന സ്ഥലത്തിനു ചേരമാൻ പെരുമാക്കന്മാരുമായുള്ള ബന്ധം അവരുടെ മൂലകുടുംബം എന്ന നിലയിലായിരിക്കാം എന്നൊരു ഊഹം ഉന്നയിക്കാവുന്നതാണ്. അപ്പോൾ വഞ്ചി എന്നു പേരുള്ള ദേവത അവരുടെ കുലദൈവമായും കരുതാവുന്നതാണ്. നാടു മറന്നാലും മൂടു മറക്കരുത് എന്നുള്ള പഴഞ്ചൊല്ലനുസരിച്ച്, നാം നമ്മുടെ ധർമ്മദൈവങ്ങളെ ഇന്നും ആരാധിക്കും പോലെ പെരുമാക്കന്മാർ കൂടെക്കൂടെ അവിടെപ്പോയി കുടുംബൈശ്വര്യാർത്ഥം പ്രാർത്ഥിക്കുകയും മറ്റും പതിവുണ്ടായിരിക്കാം. ഇനി തൃക്കാരൂരിനെപ്പറ്റി ചിന്തിക്കയാണെങ്കിൽ, ആയതു മാഹാത്മ്യമുള്ള ഒരു സുഖവാസസ്ഥലമായി മാത്രമേ ഗണിക്കാവൂ. എന്തെന്നാൽ കച്ചവടസംബന്ധമായും മറ്റും ഗതാഗതത്തിനു തീരെ സൗകര്യമില്ലാതാണു കാണുന്നത്. പക്ഷേ പെരുമാക്കന്മാർ പലപ്പോഴും ആ സ്ഥലത്തെ ഒരു സുഖവാസഭൂമിയായി കരുതിരിയിക്കയാൽ അന്നാട്ടിന് അപ്പേർ വന്നതായിപ്പറയാം.

മേൽപ്പറഞ്ഞ സംഗതികൾ കൊണ്ടു കൊച്ചിയിലുള്ള തിരുവഞ്ചിക്കുളം തന്നെയായിരുന്നു ചേരരാജ്യത്തിൻറെ തലസ്ഥാനനഗരി എന്നു നിസ്സംശയം പറയാവുന്നതാണ്.

അധ്യായം 6[തിരുത്തുക]


ചേരമണ്ഡലത്തിന്, മലയാളം, കേരളം എന്നീ പേരുകളാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. ഇതുകളേയും മലബാർ എന്നതിൻറേയും ഉല്പത്തിയെപ്പറ്റി വലിയ പണ്ഡിതന്മാരും തർക്കിക്കുന്നു. മലയാചലം, കേരളം എന്നീ നാമങ്ങൾ പുരാണങ്ങളിൽ കാണാം. കേരളത്തെ സപ്തകൊങ്കണത്തിൽപ്പെട്ട ഒരു ഭാഗമായിട്ടാണ് സ്കന്ദപുരാണത്തിൽ പറഞ്ഞിരിക്കുന്നത്. ഈ സ്ഥലം (ഗോകർണ്ണം മുതൽ തെക്കൻ കന്യാകുമാരി വരെയുള്ള) കേരളം എന്നു നാം ഇപ്പോൾ വ്യവഹരിച്ചുവരുന്ന സ്ഥലത്തിനു വടക്കായി കിടക്കുന്നു. മലയാളത്തിനു കേരളമെന്നു പേരുണ്ടായതു പിന്നീടാണെന്നു ‘നന്ദീശസംഹിത’യിൽ പറഞ്ഞിരിക്കുന്നു. കേരളം എന്ന പേരിൻറെ അർത്ഥം തെങ്ങു(നാളികേരം) മൂലം ഉണ്ടായതാണെന്നും അതു സംസ്കൃതനാമമാണെന്നും മറ്റും ചിലർ വാദം മുറുക്കുന്നു. കാൽഡുവൽ, ഗുണ്ടർട്ട് മുതലായ വിദ്വാന്മാർ ഇതു ദ്രാവിഡശബ്ദമാണെന്ന് അഭിപ്രായപ്പെടുന്നതല്ലാതെ ഇതിൻറെ ആഗമത്തെപ്പറ്റി ഖണ്ഡിച്ച് ഒന്നും പറയുന്നില്ല. കോഴിക്കോട് മുതൽ കൊല്ലം വരെയുള്ള ഇപ്പോൾ കാണുന്ന പടിഞ്ഞാറൻ സമുദ്രക്കര ബി.സി. മുന്നൂറാം വർഷത്തിനു ശേഷമുണ്ടായതാണെന്നാണു ഭൂഗർഭശാസ്ത്രിമാരുടെ അഭിപ്രായം. അതയാത് സമുദ്രം വളരെ കിഴക്കുമാറിക്കിടന്നിരുന്നു എന്നു താത്പര്യം. പരശുരാമൻ അതിൽ പിന്നീടു വന്നു സൃഷ്ടിച്ചതാണെന്നു വാദിക്കാൻ തലച്ചോറുള്ളവർ കാണുമെന്നു തോന്നുന്നില്ല. കേരളം എന്ന സംജ്ഞ നാളികേരം എന്നതിൽ നിന്നുത്ഭവിച്ചതാണെങ്കിൽ തെങ്ങില്ലാത്തതായ പൊറ്റപ്രദേശങ്ങൾക്കു കൂടി ഇപ്പേരു ചേർത്തു വിളിച്ചാൽ യോജിപ്പാകുമോ? (തേൻകായ്) തേങ്ങാ എന്നാണ് ഇദ്ദേശഭാഷയിൽ പറയുന്നത്. തെങ്ങ് എന്നു ദേശനാമമുള്ളപ്പോൾ സംസ്കൃതശബ്ദമാണെന്നു വെച്ചിരിക്കുന്ന നാളികേരപദത്തെ ഇവിടെ സ്വീകരിക്കേണ്ട ആവശ്യമില്ല. ദ്രാവിഡപദമെന്നു പണ്ഡിതന്മാരാൽ അഭിപ്രായപ്പെട്ടിരിക്കുന്ന കേരളം എന്ന സംജ്ഞ കായലിനും കടലിനും സമീപം (കരയ്ക്ക്) ഉള്ള ദേശത്തിനു യോജിക്കുന്നതായിരിക്കും. (കരൈ + അളം) = കരൈയളം ഒടുവിൽ കേരളം എന്നു പരിണമിച്ചതായിരിക്കണം. കരപ്രദേശം എന്നു താത്പര്യം. ചേർത്തല എന്ന സ്ഥലത്തെ കരപ്പുറം എന്നാണു വിളിച്ചുവന്നിരുന്നതെന്ന് അറിവുള്ളതാണല്ലോ. ഇങ്ങനെ ആകുമ്പോൾ മലപ്രദേശങ്ങൾക്കു മലയാളമെന്നും (കായൽ - കടൽ) കരപ്രദേശങ്ങൾക്കു കേരളം എന്നുമുള്ള നാമങ്ങൾ യോജിക്കുന്നതാണ്. മലവാരം, സായിപ്പന്മാർക്കു മലബാരം, മലബാർ എന്നായിത്തീർന്നു. മലവാരം എന്നാൽ മലപ്രദേശം അല്ലെങ്കിൽ മലയരിക് എന്നാണല്ലോ അർത്ഥം വരുന്നത്. കടൽവാരം = കടൽക്കരമലയാളവും മലബാറും ഇങ്ങനെ തുല്യാർത്ഥയോജനയുള്ള പദങ്ങളെന്നു നമുക്ക് ഊഹിക്കാം.

പാണ്ഡ്യരാജധാനിക്കു വടക്കായി പൻറിനാടു സ്ഥിതിചെയ്യുന്നു. ചണ ധാരാളം വളരുന്ന നാട്ടിനും ഇപ്പേരു പറയാമെന്നുള്ളതുകൊണ്ട് ഈ അർത്ഥം ആ നാട്ടിന് അധികം യോജിക്കുന്നതായി തോന്നുന്നു. ഇതിൻറെ തലസ്ഥാനം നാഗപട്ടണമാകുന്നു. പൻറിനാടിനു വടക്കു പുനൽനാട് (ചോളരാജ്യം) പുനൽ = വെള്ളം. കാവേരീനദീമുഖത്തു സ്ഥിതിചെയ്യുന്നതിനാൽ വർഷക്കാലത്തു വെള്ളപ്പൊക്കമുണ്ടാകന്നതു കൊണ്ടായിരിക്കാം ഇപ്പേരിൽ ആ നാട് അറിയപ്പെട്ടിരിക്കുന്നത്. ഇതിൻറെ പ്രധാന പട്ടണം തൃശ്ശിനാപ്പള്ളിക്കടുത്തുള്ള ഉരവൂർ ആണ്.

പുനൽ നാട്ടിനു വടക്ക് അരുവനാട്, അതിനപ്പുറം അരുവാവടത്തല. ഈ രണ്ടു ദേശത്തിനും കൂടി, ലങ്കയി(സിലോണി)ൽ ഉണ്ടാകുന്ന തരം ചില സാധനങ്ങൾ ഉണ്ടാകുന്നതുകൊണ്ട് മാവിലങ്കൈ – മഹാലങ്ക – എന്നു വിളിക്കുന്നു. ഇതിൻറെ തലസ്ഥാനം കാഞ്ചീപുരം ആകുന്നു. പുനൽ നാടിനു വടക്കുപടിഞ്ഞാറും അരുവനാടിനു പഞ്ഞാറുമായി മലനാട് അല്ലെങ്കിൽ മലയൻനാട് സ്ഥിതിചെയ്യുന്നു. ഇതിനു പടിഞ്ഞാറു ഭാഗത്ത് ചീത ‌(ശീത) നാട് കിടക്കുന്നു. കോയമ്പത്തൂർ ജില്ലയുടെ വടക്കുള്ള പകുതിഭാഗവും നീലഗിരിജില്ലയുടെ തെക്കുള്ള ഭാഗങ്ങളും ഇതിൽപ്പെടും. ഇവ ശീതളപ്രദേശമാണെന്നുള്ള വസ്തുതയും പ്രസിദ്ധമാണല്ലോ.

വളരെ പുരാതനകാലം മുതൽക്ക്, അതായത്, ബി.സി. ആയിരം വർഷങ്ങൾക്കു മുമ്പു തന്നെ തമിഴകവാസികൾ ദ്വീപാന്തരങ്ങളുമായി കച്ചവടം നടത്തിവന്നിരുന്നു. മലയാളക്കരയിൽ വൻമരങ്ങളുണ്ടെന്നും അവിടുത്തുകാർ (നായന്മാർ) വളരെ മുമ്പിനാലെ കപ്പൽപ്പണി ചെയ്തിരുന്നെന്നും അന്യദ്വീപുകാരുമായി കച്ചവടം നടത്തിയിരുന്നുവെന്നും മറ്റും ചോട്ടാനാഗപുരം കമ്മീഷണറായിരുന്ന ഹിവിറ്റ് (Ruling Races of Pre-historic Times) എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ചിരിക്കുന്നു. മലയാളക്കരയിൽ കപ്പൽ വന്നടുക്കുന്നതിനു കൂടുതൽ സൗകര്യമുണ്ട്. മറ്റു ദ്രാവിഡദേശീയർക്ക് ഉച്ചരിക്കാൻ പ്രയാസമുള്ള ചില ശബ്ദങ്ങൾ മലയാളികൾക്കു വശമായിരിക്കുന്നതോർക്കുമ്പോൾ എത്രയോ മുമ്പിനാലേ ഇവർ ആര്യന്മാരുമായി പരിചയപ്പെട്ടിരിക്കണം എന്നു വിചാരിക്കാവുന്നതാകുന്നു.

ഇവിടെ പ്രസ്താവിക്കാൻ പോകുന്ന സംഗതികളെല്ലാം ആയിരത്തെണ്ണൂറു വർഷങ്ങൾക്കു മുമ്പ് നടന്നവയാണെന്നു നാം ഓർക്കുമല്ലോ. ഇപ്പോൾ മലയാളദേശം (കേരളം) ആയി കരുതിവരുന്ന നാടുകളെല്ലാം അക്കാലത്ത് ചേരരാജ്യമെന്നു വിളിക്കപ്പെട്ടിരുന്നു. ഭൂമിയുടെ സ്ഥിതിയനുസരിച്ച് ഈ രാജ്യത്തെ അഞ്ചായി വിഭാഗിച്ചിട്ടുണ്ട്; അവ മുമ്പേ പറഞ്ഞുകഴിഞ്ഞു. അന്നത്തെ ഗവർമ്മേണ്ട് താന്തോന്നിത്തം കൂടാതെ, പൊതുജനക്ഷേമത്തെ ലാക്കാക്കി രാജ്യം ഭരിച്ചിരുന്നു. വിദ്യാർത്ഥിവേട്ടയ്ക്കോ, തൃശ്ശൂർ, മലബാർ എന്നീ സ്ഥലങ്ങളിൽ നടന്നപോലുള്ള ലഹളയ്ക്കോ കാരണമുണ്ടാക്കാത്ത തരത്തിലുള്ളതായിരുന്നു അക്കാലത്തെ ഭരണം. അന്ന്, രാജാവും ഓരോ വിഷയത്തിലും പ്രത്യേകം വൈദഗ്ദ്ധ്യം നേടിയിട്ടുള്ള പൊതുജനപ്രതിനിധികളും ചേർന്നാണ് രാജ്യം ഭരിച്ചുവന്നിരുന്നത്.

അന്ന് ബ്രഹ്മ, ക്ഷത്രിയ, വൈശ്യ ശൂദ്രാദി ചാതുർവർണ്ണ്യനാമങ്ങൾ ഉപയോഗിച്ചിരുന്നില്ല. ബ്രാഹ്മണവൃത്തിയിലിരിക്കുന്ന മഹത്തുക്കളെ അറിവർ (അറവർ) എന്നും, അടുത്ത പടിക്കാരെ ഉഴവർ (വെള്ളാളർ) എന്നും വിളിച്ചുവന്നിരുന്നു. വേൾ + ആളൻ = വേളാളൻ = വെള്ളാളൻ; വേൾ = മണ്ണ്; ആളൻ = ആളുന്നവൻ, ഉള്ളവൻ; വെള്ളാളൻ - കൃഷിയുള്ളവൻ, ഭൂമി ഭരിക്കുന്നവൻ. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരും ഈ വംശത്തിൽപ്പെട്ടവരു തന്നെ. പിന്നെ ഇടയർ, വേടർ, കൊല്ലൻ, തട്ടാൻ, പണിക്കൻ, വേളാൻ, വലയർ, മുക്കുവൻ ഇങ്ങിനെ സമുദായത്തിൽ താഴ്ന്ന ക്രമത്തിൽ പറയപ്പെട്ടിരിക്കുന്നു. ഉയർന്ന ഇനക്കാർ വഴിയാത്ര ചെയ്യുമ്പോൾ താണവർ വഴിമാറിക്കൊടുക്കണം. അക്കാലം അടിമത്തം എന്ന ഏർപ്പാടില്ലായിരുന്നു. തമിഴകവാസികൾ ഓരോരുത്തരുടെ അവസ്ഥയ്ക്കനുസരണമായി വസ്ത്രം ധരിച്ചു വന്നിരുന്നു. ഇടത്തരക്കാർ മുട്ടോളം വരുന്ന ഒരു മുണ്ട് അരയിലും മറ്റൊന്നു തലയിലും ചുറ്റിവന്നിരുന്നു. അവർ കുടുമ വളർത്തി ഉച്ചിയിൽ കെട്ടിവെയ്ക്കും. നാഗവംശക്കാർ തലയിൽ മയിൽപ്പീലി അണിയുന്നവരാണ്. നാഗന്മാർ എന്നു പറയുന്നതു നായന്മാരെ ചൂണ്ടി ആയിരിക്കണം. നാകൻ എന്ന പദത്തെ സംസ്കൃതീകരിച്ചു നാഗൻ എന്നാക്കിയിരിക്കാം. നാഗന്മാർക്കുള്ള വെള്ളാണ്മസ്ഥാനവും അവരുടെ കൃഷിത്തൊഴിലും ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. സൂര്യാരാധാന ചെയ്തുവരുന്നവരെ സൂര്യവംശക്കാർ എന്നു പറയും പോലെ നാഗപൂജ ചെയ്തുവന്നതുകൊണ്ട് നാഗന്മാർ എന്നു വിളിച്ചിരുന്നു എന്നും വരാവുന്നതാണ്. മലയാളത്തുള്ള സർപ്പപൂജയും ഇതിനടിസ്ഥാനമാക്കാവുന്നതാണല്ലോ. ആര്യന്മാർ എഴുത്തുവിദ്യ (ലിപികൗശലം) ആദ്യമായി പഠിച്ചതു നാഗന്മാരിൽ നിന്നായിരുന്നുവെന്നും അന്നു മുതൽ ഇപ്പോഴും സംസ്കൃതാക്ഷരങ്ങൾ ‘ദേവനാഗരി’ എന്ന് അറിയപ്പെടുന്നുവെന്നും പറയപ്പെട്ടിരിക്കുന്നു. നായന്മാരും നീപ്പാളിലെ നേവർമാരും തമ്മിലുള്ള സാമ്യതയെപ്പറ്റി വി. ഫെർഗൂസൺ (Fergusson) ഇപ്രകാരം പറയുന്നു:- “സ്ത്രീകളുടെ ചാരിത്യത്തെപ്പറ്റി പ്രത്യേകമായുള്ള ധാരണകളും അതോടൊന്നിച്ചു ശില്പകർമ്മങ്ങളും അന്യസംഗതികളും വെച്ചുനോക്കുമ്പോൾ മലബാറിലെ നായന്മാരും നേപ്പാളത്തിലെ നേവാരന്മാരും തമ്മിൽ ദേശീയമായ ഒരു ഐക്യത കാണുകയും ഇന്ത്യയിൽ വേറെ രണ്ടു ദേശക്കാർ തമ്മിൽ ഇത്ര ചേർച്ച കാണാതിരിക്കയും ചെയ്യുന്നു. പേരുകളുടെ സാമ്യത്തിൽ എന്തെങ്കിലും ഉണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. എന്നാൽ ശില്പകർമ്മങ്ങളിലും ആചാരമര്യാദകളിലും വി‌ശിഷ്യാ ഒരു യോജിപ്പുണ്ടെന്നു ഞാൻ സ്ഥൈര്യമായി വിശ്വസിക്കുന്നു.” തമിഴർ ആര്യന്മാരുടെ വരവിനു വളരെ മുമ്പു തന്നെ പരിഷ്കാരത്തിൽ ഉന്നതാവസ്ഥയെ പ്രാപിച്ചിരുന്നു. ശുദ്ധ തമിഴ് ഭാഷ, സംസ്കൃതവാക്കുകളുടെ സഹായം കൂടാതെ അഭിവൃദ്ധിയെ പ്രാപിച്ചിരുന്നു. അതിനു സംസ്കൃത്തേക്കാളും കൂടുതലായ ഒരു സാഹിത്യം ഉണ്ടെന്നും വ്യക്തമാണ്. ഒന്ന് എന്ന സംഖ്യയ്ക്കു കീഴോട്ട് ഒന്നിൻറെ അണുപ്രായമായ അംശങ്ങൾ ഉള്ളത് തമിഴരുടെ കണക്കുവിഷയമായ അഗാധബുദ്ധിയെ പ്രത്യക്ഷമാക്കുന്നു. ശ്രേഷ്ഠമായ പ്രാചീനതമിഴ്ഗ്രന്ഥങ്ങളിൽ സംഗീതം, ജ്യോതിഷം, വ്യാകരണം, തത്വശാസ്ത്രം മുതലായ വിഷയങ്ങളെ സംബന്ധിച്ചു പ്രതിപാദനങ്ങൾ ശുദ്ധ തമിഴ് ഭാഷയിൽ തന്നെ കാണുന്നു. ഈ ശാസ്ത്രങ്ങൾ അന്യദേശീയർ വരുന്നതിനു മുമ്പുള്ള കാലത്തെ തമിഴരുടെ വിദ്യാവിഷയമായ സമ്പത്തിനെ വിശദമാക്കുന്നു. മുൻകാലത്ത്, ദേഹമാസകലം മൂട‌ത്തക്കവണ്ണം വസ്ത്രം ധരിച്ച ഒരുവനെ കണ്ടാൽ അവൻ കുലീനൻ എന്നല്ല പരിചാരകൻ എന്നത്രെ മനസ്സിലാക്കുമായിരുന്നത്. സ്ത്രീകൾ സാധാരണയായി ധരിക്കുന്ന വസ്ത്രം അര മുതൽ കണങ്കാലു വരെ നീണ്ടുനില്ക്കുന്നു; അരയ്ക്കു മേൽ ഭാഗം മുഴുവനും നഗ്നതയായിട്ടുതന്നെയിരിക്കും. ദേഹത്തിലെ നഗ്നഭാഗങ്ങളിൽ മിക്കപ്പോഴും ചന്ദനം മുതലായ സുഗന്ധദ്രവ്യങ്ങൾ അണിയാറുണ്ടായിരുന്നു. സ്ത്രീകൾ തലമുടി കെട്ടിവെയ്ക്കുന്നത് ഒരു പ്രത്യേകരീതിയിലാണ്; അഞ്ചായി പകുത്ത് ഓരോ ഭാഗവും പ്രത്യേകമായി കെട്ടി, അവർക്കു ഭംഗിയാണെന്നു തോന്നുന്ന തരത്തിൽ തൂങ്ങിക്കിടക്കാൻ വിടുന്നു. സ്ത്രീകളും പുരുഷന്മാരും മുടിയിൽ എണ്ണ പുരട്ടുന്നുണ്ട്. സ്ത്രീകൾ അവരുടെ കൺപോളകളിൽ ഒരുതരം കറുത്ത ചായം (മഷി) തേയ്ക്കാറുണ്ട്. വസ്ത്രധാരണത്തിൽ കുറവു കാട്ടുന്നെങ്കിലും ആഭരണാലങ്കാരത്തിൽ തീരെ കുറയ്ക്കുന്നില്ല. വളരെ വിലപിടിച്ചവ കൈയ്യിലും കഴുത്തിലും അണിയുന്നു. താണതരക്കാർ വില കുറഞ്ഞ ലോഹങ്ങൾ കൊണ്ടും ശംഖിൻറെ തോടു കൊണ്ടും ആഭരണങ്ങളുണ്ടാക്കി അണിയുന്നു.

മര്യാദയായിട്ടാണെങ്കിലും, സ്ത്രീകൾ സമുദായകാര്യങ്ങളിലും വിനോദങ്ങളിലും പങ്കുകൊള്ളാറുണ്ട്. സാധുവർഗ്ഗത്തിൽപ്പെട്ട സ്ത്രീകൾ പല തൊഴിലുകളിലും പ്രവേശിച്ചു നിത്യവൃത്തി കഴിക്കുന്നു. രാജ്ഞി മുതൽ കീഴോട്ടുള്ള എല്ലാവരും ക്ഷേത്രദർശനത്തിനു പോകും. ഉത്സവാഘോഷങ്ങളിൽ സ്ത്രീകൾ പങ്കുകൊള്ളുകയും സ്നേഹിതരെയും ബന്ധുക്കളേയും ക്ഷണിക്കുന്നതിനു പോകയും ചെയ്യാറുണ്ട്. ഇവരുടെ സ്വാതന്ത്ര്യമായ നടത്തകൊണ്ടു വിവാഹത്തിനു മുമ്പു തന്നെ യുവനജങ്ങൾക്കു പ്രേമവല വീശാൻ അവസരം കിട്ടുന്നു. പിന്നീട് അവരുടെ രക്ഷാകർത്താക്കളുടെ അനുമതിയോടു കൂടി വിവാഹജീവിതത്തിൽ ഏർപ്പെടുന്നതുകൊണ്ട് ഒരു യുവതി അവളുടെ കാമുകനോടു ചേർന്നു നടക്കുന്നതു ക്രമക്കേടാണെന്നു കരുതാറില്ല. സംഗീതാഭ്യാസം വളരെ പ്രധാനമായി കരുതിവന്നിരുന്നു. പല തരത്തിലുള്ള സംഗീതോപകരണങ്ങൾ അവർ ഉപയോഗിച്ചിരുന്നു. ഇവരുടെ സംഗീതം ആര്യന്മാരുടേതിൽ നിന്നും വ്യത്യാസമുള്ളതാണ്.സംഗീതത്തിൽ പൂർണ്ണമായ വൈദഗ്ദ്ധ്യം നേടാൻ ഇച്ഛയുള്ളവർ രണ്ടും അഭ്യസിച്ചിരുന്നു. ചിത്രമെഴുത്തിലും ശില്പവിദ്യയിലും ഇവർക്കുള്ള സാമർത്ഥ്യം പൂർവ്വകാലത്തെ ക്ഷേത്രങ്ങൾ പരിശോധിച്ചാൽ അറിയാവുന്നതാണ്. സാധുക്കളുടെ വീടുകൾ മണ്ണ്, ഓല, പുല്ല് ഇവ കൊണ്ടു നിർമ്മിച്ചിരുന്നു. മറ്റുള്ളവരുടേത് കല്ലുകൊണ്ടും, ഓടുമേഞ്ഞും പണിതിരുന്നു.

അക്കാലത്ത് ഇന്ത്യയിലെ പ്രധാനമതങ്ങൾ - ഷൺമതങ്ങൾ - എല്ലാം ഇവിടെ നടപ്പുണ്ടായിരുന്നു. അപരിഷ്കൃതന്മാരും മൂഢന്മാരും ആയ ജനങ്ങൾ ഓരോ വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു ജന്തുക്കളെ ബലി കഴിച്ചു വന്നിരുന്നു. വലിയ വിദ്വാന്മാരുടെ ആവാസഭൂമിയായ കൊടുങ്ങല്ലൂരിൽ ഇന്നും ഈ മൂഢകൃത്യം നടത്തുന്നതോർക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ട്.

ഇതുവരെ പറഞ്ഞതുകൊണ്ടു തമിഴകവാസികളും, പ്രത്യേകിച്ചു മലയാളികളും വളരെ പുരാതനകാലം മുതലേ പരിഷ്കാരദശയെ പ്രാപിച്ചിരുന്നുവെന്നു മനസ്സിലാക്കാവുന്നതാണല്ലോ.