ചില്ലിക്കാശ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ചില്ലിക്കാശ് (കഥ)

രചന:ഇടപ്പള്ളി രാഘവൻ പിള്ള
[ 143 ]
ചില്ലിക്കാശ്

ഞാനുൾപ്പെടെ എന്റെ അമ്മയ്ക്കു പതിനാറു മക്കളുണ്ട്. എന്നാൽ ഞാൻ എത്രാമനാണെന്ന് എനിക്കോ, എന്റെ ബന്ധുക്കൾക്കോ, എന്നെ എടുത്തുപെരുമാറുന്ന നിങ്ങൾക്കോ അറിഞ്ഞുകൂടാ. ഒന്നായിട്ടു നടന്നാൽ ഞങ്ങൾക്കു വിലയും നിളയും കൂടുമെങ്കിലും, കൂടെപ്പിറന്നവരെ ആട്ടിയോടിച്ചു ശീലിച്ചുപോന്ന മനുഷ്യൻ ഞങ്ങളെ ഒറ്റതിരിച്ചു നിർത്തുന്നതിനാണ് ഇഷ്ടപ്പെടുന്നത്. മനുഷ്യരിൽ ഭൂരിപക്ഷവും ഭിന്നിപ്പിച്ചു ഭരിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. അവർ പഠിച്ചത് പാടിക്കൊള്ളട്ടെ.

ഒറ്റതിരിഞ്ഞാണെങ്കിലും, പലയിടങ്ങളിലും പല വട്ടവും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. എന്റെ പരിചയപരിധി പരിമിതമാണെങ്കിലും കുടുംബചരിത്രം കൂലങ്കഷമായി ഞാൻ ഗ്രഹിച്ചിട്ടുണ്ട്. മനുഷ്യർ ഇന്നത്തെ രൂപമെടുത്തതിന് ശേഷമാണ് എന്റെ പൂർവപിതാമഹന്മാർ ഭൂമുഖത്തു പ്രത്യക്ഷരായത്. ജനസമുദായപരിഷ്കാരത്തിന്റെ ആദ്യയടയാളമായി അന്നു ഞങ്ങളെ പലരും ഗണിച്ചിരുന്നു. എങ്കിലും ഞങ്ങളുടെ പുണ്യപുരാതനന്മാർ 'തുകല'ന്മാരായിരുന്നുവെന്ന് പറഞ്ഞ് നാണയസമുദായത്തെ പരിഹസിക്കുന്ന പലരേയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, ആ പരിഹാസ സംഘത്തലവന്മാർ അവരുടെ പൂർവപിതാക്കന്മാരെ അരനിമിഷനേരം അനുസരിച്ചാൽ എത്ര നന്നായിരുന്നു! എന്താണ് നിങ്ങളിൽ ചിലരുടെ മുഖത്തു ഭാവപ്പകർച്ച ഉണ്ടാകുന്നത്? 'മരംചാടികൾ ഞങ്ങളുടെ പിതാമഹന്മാരമല്ല, അല്ല' എന്നു നിങ്ങൾ 'മുറുമുറു'ത്തുകൊള്ളുവിൻ. ഞങ്ങളെ 'തുകല'ന്മാരെന്ന് എത്രവട്ടം വേണമെങ്കിലും പറഞ്ഞുകൊള്ളുവിൻ. "മറ്റുള്ള ജനങ്ങൾക്കു കുറ്റങ്ങൾ പറഞ്ഞീടും – മുറ്റും തന്നുടെ കുറ്റമൊന്നറികയുമില്ല." അറിയാത്തതിനുള്ള ഒരു കാരണം കുറ്റം മുറ്റിയിരിക്കുന്നതുകൊണ്ടാണ്. നിറകുടമുണ്ടോ തുളുമ്പുന്നു? [ 144 ]

തുകലസൃഷ്ടിചെയ്തവർക്ക് എന്തു പേരു കൊടുക്കണമെന്നു ശബ്ദാഗമശാസ്ത്ര സമ്പത്തുള്ള മനുഷ്യൻ തീർച്ചപ്പെടുത്തിക്കൊള്ളട്ടെ. ഏതായാലും തുകലന്മാരെക്കൊണ്ട് അന്നുള്ളവർക്ക് വളരെ ഉപകാരമുണ്ടായിരുന്നു. അവരുടെ വ്യാപാരവൈഷമ്യത്തെ ലഘൂകരിച്ചത് ആ തോലന്മാർ തന്നെയായിരുന്നു. തോലന്മാർക്കും ക്രയവിക്രയം ചെയ്യുവാൻ സാമർത്ഥ്യമുണ്ടെന്നു പറഞ്ഞാൽ മുതലാളികൾക്കു വിശ്വാസം തോന്നുകയില്ലായിരിക്കും. കൈയിലൊതുക്കി കൈകാര്യം ചെയ്യുവാനുള്ള വണക്കവും ഇണക്കവും അനുസരിച്ച് അവർക്കും വിലയും ക്ലിപ്തപ്പെടുത്തിയിരുന്നു. ക്രയവിക്രയവിക്രമം കുറഞ്ഞവരെ തോലന്മാരെന്ൻ ഇന്നു വിളിക്കുന്നത്‌, ഞങ്ങളുടെ കുടുംബത്തോടുള്ള കൃതഘ്നകൊണ്ടല്ല, കൃതജ്ഞതകൊണ്ടായിരിക്കണം. എന്നാൽ അന്നത്തെ അന്വർത്ഥനാമം ഇന്നത്തെ അനർത്ഥനാമമായി. മനുഷ്യശബ്ദംതന്നെ അന്വർത്ഥമായല്ലല്ലോ ഇന്ന് ഇരിക്കുന്നത്!

ഏതായാലും പരിഷ്കാരോന്മുഖാനായ – പരിവർത്തനപ്രിയനായ – മനുഷ്യനോടുള്ള സമ്പർക്കം നിമിത്തം നാണയകുടുംബപ്രകൃതിക്കു ക്രമേണ മാറ്റം സംഭവിച്ചു. തുകൽ സുലഭമായിത്തീർന്നതുകൊണ്ടോ അതോ മാംസംകൊണ്ടും മതിയാകാതെ തുകൽകൂടി മനുഷ്യൻ ഭക്ഷിച്ചുതുടങ്ങിയതുകൊണ്ടോ എന്തോ, തുകൽനാണയം ഉപേക്ഷിക്കപ്പെട്ടു.

ഭൂമുഖത്തു വളരുന്നതും വളരാത്തതുമായ വസ്തുക്കൾ സ്വന്തമാക്കിയിട്ടും മനുഷ്യർക്കു തൃപ്തിയായില്ല. ഭൂമുഖം കണ്ടു ഭ്രമിച്ച അവർ ഭൂമുഖത്തേക്കു ചുഴിഞ്ഞുനോക്കി. അവിടെ ചില ദുർലഭസാധനങ്ങൾ കണ്ടുമുട്ടി. സുലഭവസ്തുക്കൾക്കു പ്രിയം കുറയുന്നതുകൊണ്ട്, അസുലഭവസ്തുക്കൾ ശേഖരിച്ചു കൈകാര്യം ചെയ്യണമെന്ന് അവർ തീർച്ചപ്പെടുത്തി. കണ്ടുകിട്ടിയ ലോഹങ്ങളിൽ തിളക്കവും വിളക്കവും ഉള്ളവയെമാത്രം പ്രത്യേകമെടുത്തു. തുരുമ്പും കറയും ഉള്ളവയ്ക്കു കരിയും ചെളിയും തന്നെ എന്നും ആധാരം. ചുമപ്പും വെളുപ്പുമുള്ളവർക്കേ അന്നും സ്ഥാനമുള്ളൂ. ആ സ്ഥിതിക്കു കറുമ്പന്മാരോട് ഇന്നുള്ളവർ അറപ്പു കാണിക്കുന്നതിൽ എന്താണ് കുറവ്?

മനുഷ്യർ ലോഹവുമായി വലിയ ലോഹ്യമായി. തിളക്കവും വിളക്കവും ഉള്ളവയ്ക്കു നിലയും വിലയും കല്പിച്ചു. അതായത്, ലോകത്തിൽ ജാതി സൃഷ്‌ടിച്ച മനുഷ്യൻ ലോഹത്തിലും ജാതി സൃഷ്ടിച്ചു. ചെമ്പിനു മീതേ വെള്ളിയും, വെള്ളിക്കു മീതേ സ്വർണ്ണവും, അങ്ങനെ അട്ടിയട്ടിയായി അടുക്കിവെച്ചു മനുഷ്യതൃഷ്ണ അടക്കുവാൻ ശ്രമിച്ചു. ഞങ്ങളെ മുഴുവൻ കൈവശപ്പെടുത്തി. മനുഷ്യരുടെ തൃഷ്ണയ്ക്കുണ്ടോ അതിരുള്ളൂ?

എത്തും പിടിയും കിട്ടിയാലും മനുഷ്യർക്കു തൃപ്തിയില്ല. പിടിച്ചാലും വളച്ചാലും അവരുടെ ദുര ഒതുങ്ങുകയില്ല. 'വട്ടത്തി'ലാക്കിയേ വിടൂ എന്ന് [ 145 ]

അവർക്കു നിർബന്ധമുള്ളതായിത്തോന്നുന്നു. ആദികാലം മുതൽ ഇന്നുവരെ – ഈ നാഴികവരെ, ഈ വിനാഴികവരെ – എന്നോടും എന്റെ സമുദായത്തോടും ചെയ്തുകൊണ്ടിരിക്കുന്ന കടുംകൈ ഓർക്കുമ്പോൾ ഇന്ന് എനിക്കു കണ്ണുനീരുണ്ടാവുന്നില്ല. അക്കഥകൾ എന്റെ നേത്രങ്ങളിലെ ചുടുനീർ മുഴുവൻ വറ്റിച്ചുകളഞ്ഞു. സ്വാർത്ഥത നിറഞ്ഞ ലോകം വെറുത്തു ഭൂമിയുടെ അന്തരാളത്തിൽ സുഖജീവിതം നയിച്ചവരായിരുന്നു ഞങ്ങൾ. അധഃസ്ഥിതമർദ്ദനം കണ്ടു ഹൃദയം പൊട്ടിയൊഴുകി. അസ്തജീവരായി അവിടെ അന്നു ഞങ്ങൾ ഒതുങ്ങി ഒന്നായി പാർക്കുകയായിരുന്നു. ആ നിർദ്ദയമർദ്ദനം മേലാൽ കാണേണ്ടിവരികയില്ലല്ലോ എന്നു കരുതി അന്നു ഞങ്ങളുടെ കരളു കുളുർത്തിരുന്നു. പക്ഷേ, നിങ്ങളുടെ സ്വാർത്ഥത ഞങ്ങളുടെ സുഖവാസത്തെ ഭഞ്ജിച്ചു. ഞങ്ങളുടെ ഗൂഢസങ്കേതങ്ങൾ നിങ്ങൾ കണ്ടുപിടിച്ചു. ഞങ്ങളെ ക്രമേണ കൈയടക്കംചെയ്തു. അധഃസ്ഥിതർ അമൂയല്യവസ്തുക്കളെന്ന് അവർക്ക് അന്നു ബോധമുണ്ടായിരുന്നുവെന്ന് ഇന്നു ഞാൻ വിചാരിച്ചിരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ, അനന്തരനടപടികൾ അത്രമാത്രം അസഹനീയമായിരുന്നു. കൈയടക്കം ചെയ്തിട്ടും ഞങ്ങളോടുള്ള പക തീർന്നിട്ടില്ല! പ്രകൃതിയുടെ അങ്കസ്ഥലിയിൽ – അമ്മയുടെ മടിത്തട്ടിൽ – അനന്തമായ ആനന്ദം അനുഭവിച്ചു സുഖജീവിതംകൊണ്ടു ഞങ്ങൾ ഭൂമുഖത്തു വന്നപ്പോൾ കണ്ടത് എന്താണ്? അഗ്നി-സ്വാർത്ഥവഹ്നി! അതിദുസ്സഹമായ ഒരാഗ്രഹക്കൊടും തീ! അതുതന്നെയായിരുന്നു അധികാര പ്രമത്തനായ മനുഷ്യൻ ഞങ്ങൾക്ക് ഒഴിച്ചു നീക്കിവെച്ച കളിത്തൊട്ടിൽ – എനിക്കു തെറ്റിപ്പോയി – കളിത്തൊട്ടിലല്ല, പട്ടടക്കിടക്കയാണ് മനുഷ്യൻ ഞങ്ങൾക്ക് ഉടനെ നല്കിയത്. അധികാരികളുടെ കൈയേറ്റംകൊണ്ടു ഛിന്നഭിന്നാവസ്ഥയെ പ്രാപിച്ചിരുന്നു ഞങ്ങളെ ഓരോരുത്തരായി അഗ്നിയിൽ സമർപ്പിച്ചു. പരോപദ്രവമെന്തെന്നറിയാതെ പരമശാന്തരായി പല ശതാബ്ദങ്ങൾ അധഃസ്ഥിതരായി കഴിഞ്ഞുകൂടിയ ഞങ്ങൾക്ക് അധികാരികൾ ഇത്ര ദാരുണമായ ശിക്ഷ എന്തിനാണ് നല്കിയത്? അവർക്കോ അവരുടെ സമുദായത്തിനോ ഹാനികരമായി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഞങ്ങൾ അതിന് അശക്തരുമാണ്. അതു ഞങ്ങളുടെ കുലധർമ്മമേ അല്ല. അവരുടെ അധികാര ദുഷ്പ്രഭുത്വവും ഞങ്ങളുടെ നിരപരാധിത്വവും ഓർത്തപ്പോൾ ശരീരം വിറകൊണ്ടു; ഹൃദയം തപ്തമായി. മനുഷ്യരുടെ മനുഷ്യേതരമായ പ്രവർത്തികൊണ്ടോ ഞങ്ങളോടുള്ള പൂർവിരോധംകൊണ്ടോ എന്തോ അഗ്നിയുടെ മുഖം ചുവന്നു. കണ്ഠനിർഗളിതമായ ദുർവായു അനിലഗതിയെ ത്വരിപ്പിച്ചു. അനലപ്രകൃതിയും ആകമാനം മാറി. ഞങ്ങളുടെ ശരീരവും ഹൃദയവും ഒരുപോലെ ഉരുകിയൊഴുകി. ഇതിനായിരുന്നോ മനുഷ്യർ ഞങ്ങളോടു ലോഹ്യം പിടിച്ചത്? അവർ ഞങ്ങളെ ഭിന്നിപ്പിച്ചുവെ

[ 146 ] ങ്കിലും ആ അനലതാപമേറ്റ അന്ത്യകേളയിലും ഞങ്ങൾ ഒത്തൊരുമിച്ച് ഒതുങ്ങിച്ചേർന്നുനിന്നു. ആകൃതിയും പ്രകൃതിയും മാറി. ഞങ്ങൾ അസ്പൃശ്യന്മാരായിത്തീർന്നു. അസ്പൃശ്യതയോടുകൂടി ആയുശ്ശേഷം കഴിക്കാമെന്നു കരുതി ഞങ്ങൾ ആശ്വസിച്ചു. എന്നാൽ മനുഷ്യഹസ്ത സ്ഥിതങ്ങളായ - അവർക്കു സ്വാധീനമുള്ള - ചില ഉപകരണങ്ങൾകൊണ്ടു ഞങ്ങളെ സ്പർശിക്കുന്നതിനു അവർ ശ്രമിച്ചു. ഞങ്ങൾ ആദ്യം ഉരുണ്ടുമാറി; തെറ്റിത്തെറിച്ചു നിന്നു. എന്നാൽ അടുത്ത നിമിഷത്തിൽ അവയുടെ സ്പർശം നിമിത്തം ഉദ്മമിച്ച ചൂട് അസഹനീയമായിരുന്നു. ആ വിധത്തിൽ അസ്പൃശ്യതയിൽ - ആ കൊടും തീയിൽ - എത്രകാലം വേണമെങ്കിലും കിടന്നുരുകുകയായിരുന്നു അഭിലഷണീയം. പക്ഷേ, തണുത്തിരിക്കുന്ന ഹൃദയം തപിപ്പിക്കാനുള്ള വാസന മനുഷ്യന്റെ പ്രത്യേക സമ്പത്താണല്ലോ.

ഞങ്ങളടെ അഭിലാഷം അവരുടെ ദുരാഗ്രഹവേദിയിൽ സമർപ്പിക്കപ്പെട്ടു. ആശ്രയമറ്റവർക്ക്, അധഃസ്ഥിതർക്ക്, അഭിലാഷമേ പാടില്ലെന്നാണല്ലോ അവരുടെ മതം. അതാണ് അവരുടെ വേദവാക്യം. ആ സ്ഥിതിക്ക് അവരുടെ ആശ്രയവർത്തികളായി പരിവർത്തനം ചെയ്തുപോയ - അല്ല, ചെയ്യിക്കപ്പെട്ട - ഞങ്ങളുടെ കഥ ചോദിപ്പാനുണ്ടോ? അഗ്നികുണ്ഡത്തിൽനിന്നും ഞങ്ങളെ പെട്ടെന്നെടുത്തു. അപ്പോൾ അവരുടെ മുഖഭാവം അനുകമ്പാർദ്രമായിരുന്നെന്നു കാണികൾക്കു തോന്നിയേക്കാം. പക്ഷേ അകത്തുവെച്ചിരുന്ന കത്തിയുടെ പുറത്തെ പത്തിമാത്രമായിരുന്നു അത്. ഞങ്ങളുടെ രക്തവർണത്തിൽ സൂക്ഷിച്ചുനോക്കി. ഒരു കുളൂർ കല്ലിൽ ഒന്നായി ഞങ്ങളെ വെച്ചു. അയ്യോ! അത് ആദ്യം കാണിച്ച ലോഹ്യം മാത്രമായിരുന്നു. ആ കല്ലിൽ ഇരുന്ന് അല്പം ആശ്വസിക്കാമെന്നു വിചാരിച്ചു. ആ സഹോദരനും ഞങ്ങളെക്കണ്ടപ്പോൾ ചൂടുപിടിച്ചു. അധികാരഹസ്തം ഉയർന്നു. ഞങ്ങളെ അനുഗ്രഹിപ്പിക്കാനായിരിക്കുമോ? കഷ്ടം, ഊക്കോടികൂടി ഒരടി! ആ കുളുർകല്ല് - പീഡയനുഭവിച്ച അശരണർക്ക് അങ്കസ്ഥലി, ആശ്രയഭൂമിക്കാക്കിയ കുളുർകല്ല് - ഞങ്ങളുടെ മരണശയ്യയായിത്തീരുകയോ? ആ ഓർമ്മ ഒന്നുകൊണ്ടുമാത്രം ഞങ്ങളുടെ കണ്ണിൽ നിന്നും തീപ്പൊരി ചിതറി പലയിടത്തേക്കു തെറിച്ചു. കെട്ടിയിട്ട് അടിച്ചാലും കണ്ണുനീർ ഉതിർക്കരുതെന്നാണ് സ്വാമിയുടെ കല്പന; അഥവാ അങ്ങനെയാണ് ആ സ്വാമിമാർ കല്പിക്കാറുള്ളത്. അടിമകളിൽ അടിമകളായ ഈയുള്ളവരുടെ കഥ ചോദിക്കണോ? ഒറ്റയ്ക്കു നിന്നാലും അവരുടെ കൈത്തരിപ്പിനു വിധേയർ! അന്നുചേർന്നുനിന്നാൽ... എന്തു ചെയ്യാം! അകവും പുറവും ഒരുപോലെ പഴുത്തിരുന്ന ഞങ്ങളെ പലവുരു മർദ്ദിച്ച്, പല തുണ്ടുകളാക്കിത്തീർത്തു. അധികാരികളുടെ മുദ്രയും ഞങ്ങളിൽ [ 147 ] പതിച്ചു. ഈ മുദ്രകൾ ഞങ്ങളിൽ പതിച്ചതെന്തിനാണ്? സ്വഗൃഹം ഉപേക്ഷിച്ച മഹാപരാധത്തിനായിരിക്കുമോ? ഞങ്ങൾ സ്വഗൃഹം മനസ്സാലേ വിട്ടതല്ല; സ്വഹത്തിൽനിന്നു ബഹിഷ്കരിച്ച് അത് അവർ അപഹരിക്കുകയാണു ചെയ്തത്. സ്വകുടുംബാഗംങ്ങളിൽനിന്നും ഞങ്ങളെ ബലപ്രയോഗം ചെയ്ത് മാറ്റുകയാണ് ചെയ്തത്. അവരുടെ ദൃഷ്ടിയിൽ പല തരത്തിലുള്ള കുറ്റങ്ങൾ ഞങ്ങൾ ചെയ്തുപോയി. ആ കുറ്റത്തിന് എന്നെന്നേക്കുമായി ശിക്ഷയും അവർ കല്പിച്ചു. ഭൂമുഖത്തു സഞ്ചരിക്കുന്നിടത്തോളം കാലം ക്ലിപ്തമായ ഒരു സംഖ്യ ഞങ്ങളെ കൈകാര്യം ചെയ്യുന്നവർക്ക് സമ്പാദിച്ചുകൊടുക്കണമെന്നാണ് അവർ നിശ്ചയിച്ചത്. സമുദായാംഗങ്ങളുടെ സന്നിധിയില്വെച്ച് അവരെ തൃപ്തിപ്പെടുത്തുന്നതിനെന്ന വ്യാജേന ഞങ്ങളെ പലരും താലോലിക്കുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട്.

നിറവും നിലയും അനുസരിച്ചു ഞങ്ങൾക്ക് നാമവും കല്പിച്ചു. ആ വർഗത്തിൽ ഏറ്റവും എളിയവനാണ് ഞാൻ; എന്റെ പേരു ചില്ലിക്കാശെന്നാണ്.

ഞങ്ങളുടെ കുടുംബഭാഗം നടത്തിയ കഥ അത്യന്തം ഹൃദയസ്പൃക്കായിട്ടുള്ളതാണ്.

"https://ml.wikisource.org/w/index.php?title=ചില്ലിക്കാശ്&oldid=70272" എന്ന താളിൽനിന്ന് ശേഖരിച്ചത്