താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവർക്കു നിർബന്ധമുള്ളതായിത്തോന്നുന്നു. ആദികാലം മുതൽ ഇന്നുവരെ – ഈ നാഴികവരെ, ഈ വിനാഴികവരെ – എന്നോടും എന്റെ സമുദായത്തോടും ചെയ്തുകൊണ്ടിരിക്കുന്ന കടുംകൈ ഓർക്കുമ്പോൾ ഇന്ന് എനിക്കു കണ്ണുനീരുണ്ടാവുന്നില്ല. അക്കഥകൾ എന്റെ നേത്രങ്ങളിലെ ചുടുനീർ മുഴുവൻ വറ്റിച്ചുകളഞ്ഞു. സ്വാർത്ഥത നിറഞ്ഞ ലോകം വെറുത്തു ഭൂമിയുടെ അന്തരാളത്തിൽ സുഖജീവിതം നയിച്ചവരായിരുന്നു ഞങ്ങൾ. അധഃസ്ഥിതമർദ്ദനം കണ്ടു ഹൃദയം പൊട്ടിയൊഴുകി. അസ്തജീവരായി അവിടെ അന്നു ഞങ്ങൾ ഒതുങ്ങി ഒന്നായി പാർക്കുകയായിരുന്നു. ആ നിർദ്ദയമർദ്ദനം മേലാൽ കാണേണ്ടിവരികയില്ലല്ലോ എന്നു കരുതി അന്നു ഞങ്ങളുടെ കരളു കുളുർത്തിരുന്നു. പക്ഷേ, നിങ്ങളുടെ സ്വാർത്ഥത ഞങ്ങളുടെ സുഖവാസത്തെ ഭഞ്ജിച്ചു. ഞങ്ങളുടെ ഗൂഢസങ്കേതങ്ങൾ നിങ്ങൾ കണ്ടുപിടിച്ചു. ഞങ്ങളെ ക്രമേണ കൈയടക്കംചെയ്തു. അധഃസ്ഥിതർ അമൂയല്യവസ്തുക്കളെന്ന് അവർക്ക് അന്നു ബോധമുണ്ടായിരുന്നുവെന്ന് ഇന്നു ഞാൻ വിചാരിച്ചിരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ, അനന്തരനടപടികൾ അത്രമാത്രം അസഹനീയമായിരുന്നു. കൈയടക്കം ചെയ്തിട്ടും ഞങ്ങളോടുള്ള പക തീർന്നിട്ടില്ല! പ്രകൃതിയുടെ അങ്കസ്ഥലിയിൽ – അമ്മയുടെ മടിത്തട്ടിൽ – അനന്തമായ ആനന്ദം അനുഭവിച്ചു സുഖജീവിതംകൊണ്ടു ഞങ്ങൾ ഭൂമുഖത്തു വന്നപ്പോൾ കണ്ടത് എന്താണ്? അഗ്നി-സ്വാർത്ഥവഹ്നി! അതിദുസ്സഹമായ ഒരാഗ്രഹക്കൊടും തീ! അതുതന്നെയായിരുന്നു അധികാര പ്രമത്തനായ മനുഷ്യൻ ഞങ്ങൾക്ക് ഒഴിച്ചു നീക്കിവെച്ച കളിത്തൊട്ടിൽ – എനിക്കു തെറ്റിപ്പോയി – കളിത്തൊട്ടിലല്ല, പട്ടടക്കിടക്കയാണ് മനുഷ്യൻ ഞങ്ങൾക്ക് ഉടനെ നല്കിയത്. അധികാരികളുടെ കൈയേറ്റംകൊണ്ടു ഛിന്നഭിന്നാവസ്ഥയെ പ്രാപിച്ചിരുന്നു ഞങ്ങളെ ഓരോരുത്തരായി അഗ്നിയിൽ സമർപ്പിച്ചു. പരോപദ്രവമെന്തെന്നറിയാതെ പരമശാന്തരായി പല ശതാബ്ദങ്ങൾ അധഃസ്ഥിതരായി കഴിഞ്ഞുകൂടിയ ഞങ്ങൾക്ക് അധികാരികൾ ഇത്ര ദാരുണമായ ശിക്ഷ എന്തിനാണ് നല്കിയത്? അവർക്കോ അവരുടെ സമുദായത്തിനോ ഹാനികരമായി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഞങ്ങൾ അതിന് അശക്തരുമാണ്. അതു ഞങ്ങളുടെ കുലധർമ്മമേ അല്ല. അവരുടെ അധികാര ദുഷ്പ്രഭുത്വവും ഞങ്ങളുടെ നിരപരാധിത്വവും ഓർത്തപ്പോൾ ശരീരം വിറകൊണ്ടു; ഹൃദയം തപ്തമായി. മനുഷ്യരുടെ മനുഷ്യേതരമായ പ്രവർത്തികൊണ്ടോ ഞങ്ങളോടുള്ള പൂർവിരോധംകൊണ്ടോ എന്തോ അഗ്നിയുടെ മുഖം ചുവന്നു. കണ്ഠനിർഗളിതമായ ദുർവായു അനിലഗതിയെ ത്വരിപ്പിച്ചു. അനലപ്രകൃതിയും ആകമാനം മാറി. ഞങ്ങളുടെ ശരീരവും ഹൃദയവും ഒരുപോലെ ഉരുകിയൊഴുകി. ഇതിനായിരുന്നോ മനുഷ്യർ ഞങ്ങളോടു ലോഹ്യം പിടിച്ചത്? അവർ ഞങ്ങളെ ഭിന്നിപ്പിച്ചുവെ