താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്കിലും ആ അനലതാപമേറ്റ അന്ത്യകേളയിലും ഞങ്ങൾ ഒത്തൊരുമിച്ച് ഒതുങ്ങിച്ചേർന്നുനിന്നു. ആകൃതിയും പ്രകൃതിയും മാറി. ഞങ്ങൾ അസ്പൃശ്യന്മാരായിത്തീർന്നു. അസ്പൃശ്യതയോടുകൂടി ആയുശ്ശേഷം കഴിക്കാമെന്നു കരുതി ഞങ്ങൾ ആശ്വസിച്ചു. എന്നാൽ മനുഷ്യഹസ്ത സ്ഥിതങ്ങളായ - അവർക്കു സ്വാധീനമുള്ള - ചില ഉപകരണങ്ങൾകൊണ്ടു ഞങ്ങളെ സ്പർശിക്കുന്നതിനു അവർ ശ്രമിച്ചു. ഞങ്ങൾ ആദ്യം ഉരുണ്ടുമാറി; തെറ്റിത്തെറിച്ചു നിന്നു. എന്നാൽ അടുത്ത നിമിഷത്തിൽ അവയുടെ സ്പർശം നിമിത്തം ഉദ്മമിച്ച ചൂട് അസഹനീയമായിരുന്നു. ആ വിധത്തിൽ അസ്പൃശ്യതയിൽ - ആ കൊടും തീയിൽ - എത്രകാലം വേണമെങ്കിലും കിടന്നുരുകുകയായിരുന്നു അഭിലഷണീയം. പക്ഷേ, തണുത്തിരിക്കുന്ന ഹൃദയം തപിപ്പിക്കാനുള്ള വാസന മനുഷ്യന്റെ പ്രത്യേക സമ്പത്താണല്ലോ. ഞങ്ങളടെ അഭിലാഷം അവരുടെ ദുരാഗ്രഹവേദിയിൽ സമർപ്പിക്കപ്പെട്ടു. ആശ്രയമറ്റവർക്ക്, അധഃസ്ഥിതർക്ക്, അഭിലാഷമേ പാടില്ലെന്നാണല്ലോ അവരുടെ മതം. അതാണ് അവരുടെ വേദവാക്യം. ആ സ്ഥിതിക്ക് അവരുടെ ആശ്രയവർത്തികളായി പരിവർത്തനം ചെയ്തുപോയ - അല്ല, ചെയ്യിക്കപ്പെട്ട - ഞങ്ങളുടെ കഥ ചോദിപ്പാനുണ്ടോ? അഗ്നികുണ്ഡത്തിൽനിന്നും ഞങ്ങളെ പെട്ടെന്നെടുത്തു. അപ്പോൾ അവരുടെ മുഖഭാവം അനുകമ്പാർദ്രമായിരുന്നെന്നു കാണികൾക്കു തോന്നിയേക്കാം. പക്ഷേ അകത്തുവെച്ചിരുന്ന കത്തിയുടെ പുറത്തെ പത്തിമാത്രമായിരുന്നു അത്. ഞങ്ങളുടെ രക്തവർണത്തിൽ സൂക്ഷിച്ചുനോക്കി. ഒരു കുളൂർ കല്ലിൽ ഒന്നായി ഞങ്ങളെ വെച്ചു. അയ്യോ! അത് ആദ്യം കാണിച്ച ലോഹ്യം മാത്രമായിരുന്നു. ആ കല്ലിൽ ഇരുന്ന് അല്പം ആശ്വസിക്കാമെന്നു വിചാരിച്ചു. ആ സഹോദരനും ഞങ്ങളെക്കണ്ടപ്പോൾ ചൂടുപിടിച്ചു. അധികാരഹസ്തം ഉയർന്നു. ഞങ്ങളെ അനുഗ്രഹിപ്പിക്കാനായിരിക്കുമോ? കഷ്ടം, ഊക്കോടികൂടി ഒരടി! ആ കുളുർകല്ല് - പീഡയനുഭവിച്ച അശരണർക്ക് അങ്കസ്ഥലി, ആശ്രയഭൂമിക്കാക്കിയ കുളുർകല്ല് - ഞങ്ങളുടെ മരണശയ്യയായിത്തീരുകയോ? ആ ഓർമ്മ ഒന്നുകൊണ്ടുമാത്രം ഞങ്ങളുടെ കണ്ണിൽ നിന്നും തീപ്പൊരി ചിതറി പലയിടത്തേക്കു തെറിച്ചു. കെട്ടിയിട്ട് അടിച്ചാലും കണ്ണുനീർ ഉതിർക്കരുതെന്നാണ് സ്വാമിയുടെ കല്പന; അഥവാ അങ്ങനെയാണ് ആ സ്വാമിമാർ കല്പിക്കാറുള്ളത്. അടിമകളിൽ അടിമകളായ ഈയുള്ളവരുടെ കഥ ചോദിക്കണോ? ഒറ്റയ്ക്കു നിന്നാലും അവരുടെ കൈത്തരിപ്പിനു വിധേയർ! അന്നുചേർന്നുനിന്നാൽ... എന്തു ചെയ്യാം! അകവും പുറവും ഒരുപോലെ പഴുത്തിരുന്ന ഞങ്ങളെ പലവുരു മർദ്ദിച്ച്, പല തുണ്ടുകളാക്കിത്തീർത്തു. അധികാരികളുടെ മുദ്രയും ഞങ്ങളിൽ