താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചില്ലിക്കാശ്

ഞാനുൾപ്പെടെ എന്റെ അമ്മയ്ക്കു പതിനാറു മക്കളുണ്ട്. എന്നാൽ ഞാൻ എത്രാമനാണെന്ന് എനിക്കോ, എന്റെ ബന്ധുക്കൾക്കോ, എന്നെ എടുത്തുപെരുമാറുന്ന നിങ്ങൾക്കോ അറിഞ്ഞുകൂടാ. ഒന്നായിട്ടു നടന്നാൽ ഞങ്ങൾക്കു വിലയും നിളയും കൂടുമെങ്കിലും, കൂടെപ്പിറന്നവരെ ആട്ടിയോടിച്ചു ശീലിച്ചുപോന്ന മനുഷ്യൻ ഞങ്ങളെ ഒറ്റതിരിച്ചു നിർത്തുന്നതിനാണ് ഇഷ്ടപ്പെടുന്നത്. മനുഷ്യരിൽ ഭൂരിപക്ഷവും ഭിന്നിപ്പിച്ചു ഭരിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. അവർ പഠിച്ചത് പാടിക്കൊള്ളട്ടെ.

ഒറ്റതിരിഞ്ഞാണെങ്കിലും, പലയിടങ്ങളിലും പല വട്ടവും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. എന്റെ പരിചയപരിധി പരിമിതമാണെങ്കിലും കുടുംബചരിത്രം കൂലങ്കഷമായി ഞാൻ ഗ്രഹിച്ചിട്ടുണ്ട്. മനുഷ്യർ ഇന്നത്തെ രൂപമെടുത്തതിന് ശേഷമാണ് എന്റെ പൂർവപിതാമഹന്മാർ ഭൂമുഖത്തു പ്രത്യക്ഷരായത്. ജനസമുദായപരിഷ്കാരത്തിന്റെ ആദ്യയടയാളമായി അന്നു ഞങ്ങളെ പലരും ഗണിച്ചിരുന്നു. എങ്കിലും ഞങ്ങളുടെ പുണ്യപുരാതനന്മാർ 'തുകല'ന്മാരായിരുന്നുവെന്ന് പറഞ്ഞ് നാണയസമുദായത്തെ പരിഹസിക്കുന്ന പലരേയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, ആ പരിഹാസ സംഘത്തലവന്മാർ അവരുടെ പൂർവപിതാക്കന്മാരെ അരനിമിഷനേരം അനുസരിച്ചാൽ എത്ര നന്നായിരുന്നു! എന്താണ് നിങ്ങളിൽ ചിലരുടെ മുഖത്തു ഭാവപ്പകർച്ച ഉണ്ടാകുന്നത്? 'മരംചാടികൾ ഞങ്ങളുടെ പിതാമഹന്മാരമല്ല, അല്ല' എന്നു നിങ്ങൾ 'മുറുമുറു'ത്തുകൊള്ളുവിൻ. ഞങ്ങളെ 'തുകല'ന്മാരെന്ന് എത്രവട്ടം വേണമെങ്കിലും പറഞ്ഞുകൊള്ളുവിൻ. "മറ്റുള്ള ജനങ്ങൾക്കു കുറ്റങ്ങൾ പറഞ്ഞീടും – മുറ്റും തന്നുടെ കുറ്റമൊന്നറികയുമില്ല." അറിയാത്തതിനുള്ള ഒരു കാരണം കുറ്റം മുറ്റിയിരിക്കുന്നതുകൊണ്ടാണ്. നിറകുടമുണ്ടോ തുളുമ്പുന്നു?