മണിമാല/ഒരു ദൂഷിതമായ ന്യായാസനം
മണിമാല (കവിതാസമാഹാരം) രചന: ഒരു ദൂഷിതമായ ന്യായാസനം |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
ഒരു ദൂഷിതമായ ന്യായാസനം
പാരിൽ സൂര്യ , പരത്തിടായ്ക കിരണം
നിഷ്പക്ഷപാതം ഭവാൻ
പോരും ചന്ദ്ര, പൊഴിഞ്ഞതാർക്കുമൊരുപോൽ
നീ പൂന്നിലാവെന്നുമേ
നേരായ് നിങ്ങൾ സമത്വധർമ്മമുപദേ-
ശിച്ചാലുമിച്ഛാശഠൻ
പാരം പണ്ഡിതമാനിയാണു നരനീ
പാഠങ്ങൾ തേടില്ലവൻ.
കത്തും വഹ്നി ദൃഢം കിളർന്ന്, കുഴിനോ-
ക്കിപ്പായുമെന്നും ജലം,
നിത്യം ക്രൂരമൃദുക്കൾ കാക്കുമതുപോൽ
മര്യാദ തിര്യക്കുകൾ
മർത്യൻതൻ വികടസ്വഭാവ മറിയു-
ന്നാരിന്നിഹോ! ധീരനായ്
സത്യത്തെത്തടയും-സ്വയം പ്രകൃതിയെ
വഞ്ചിക്കുമഞ്ചാതവൻ.
കായാതക്കരെനിന്നൊരാൾ തണലതിൽ
കാറ്റേറ്റുശൂളംവിടു-
ന്നായാസം പരമാർന്നു കർഷക, വിയർ-
പ്പേന്തുന്നതെന്തിന്നു നീ?
സ്വായത്തം സ്ഥിരമിന്നിതെന്റെ നിലമെ-
ന്നോർത്തീടൊലാ ധൂർത്തരാം
ന്യായാധീശ്വരരുണ്ടവർക്കു മനമെ-
ങ്ങോട്ടൊക്കെയങ്ങോട്ടുപോം.
ഭൂവിൽ ഭൂമിപതേ, ഭാവാന്റെഭുജമാ-
കും ഭൂരുഹച്ഛായയെ-
സേവിച്ചസ്തഭയം വഹിച്ചു ധനമാ-
നാദ്യങ്ങളും ജീവനും
ഹാ! വർദ്ധിപ്പിച്ചവരെച്ചുഴന്നു വിള തി-
ന്നും വേലിയേവം വിഭോ
മേവുന്നെങ്ങിനി രക്ഷയെന്തു നയവി-
ശ്വാസം സമാശ്വാസവും?
സൈന്യത്തിന്റെ വലിപ്പമോ പരമതിൻ
സംഗ്രാമശൂരത്വമോ-
ടൌന്നത്യം കലരുന്ന കോട്ടയരിഭീ-
മം ശസ്ത്രസംഭാരമോ
ധന്യത്വംകലരാ സ്വയം നരപതേ,
ധർമ്മ സദാ രക്ഷ്യമൊ-
ന്നന്യാഡംബരമൊക്കെയിങ്ങതിനെഴും
രക്ഷക്കു ദീക്ഷിക്കയാം.
ആഹാ! നിർമ്മലനീതിപീഠവരമേ,
നിന്മേൽ ദുരാത്മാവൊരാൾ
സാഹങ്കാരമിരിപ്പതെങ്ങനെ സഹി-
ച്ചീടേണ്ടു കണ്ടീ ജനം?
ഊഹിച്ചാലിനി യജ്വപീഠമതിലേ-
റാം ഹീനനാം ശൌനികൻ
മോഹിക്കാം പതിദേവതൻ വിമലമാം
പൂമെത്ത ധൂർത്തൻ വിടൻ.
വർദ്ധിക്കട്ടെ നിജ പ്രയത്നമതിനാൽ
വർഗ്ഗത്തൊടുത്തുത്സുകൻ
സ്പർദ്ധിക്കട്ടഥവാപരോന്നതി പൊറു-
ത്തീടാതെ നേർത്തായവൻ
നിർദ്ദോഷങ്ങളതൊക്കെ ഹന്ത! ഭയമാം
നീത്യാസനസ്ഥായിയായ്
ദൂർദ്ധന്യത്വമിയന്നിടുന്ന നരകീ-
ടത്തിൻ വിഷത്തിൽ തുലോം.
ഉദ്യോഗത്തിനു വേണ്ടതിന്നു ഗുണമ –
ല്ലഭ്യാസമാണകായാൽ
വിദ്യേ, നിന്റെ വിശിഷ്ടമായ ബഹുമാ-
നം കഷ്ടമേ ! നഷ്ടമായ്
അദ്യാശേഷകലാസഭേ, കപടവേ-
ഷത്തിന്റെ നേപഥ്യമെ-
ന്നുദ്യത്താം കറയാർന്നു കർണ്ണകടുവായ്
ത്തോന്നുന്നു നിൻ നാമവും.
കഷ്ടം! കാരുണികൻ പ്രജാപതി നിൻ
കയ്യിൽ സമർപ്പിച്ചതാം
ചട്ടറ്റീടിന നീതി തന്റെ ഗളനാ-
ളത്തെയറുത്തഞ്ജസാ
ദുഷ്ടാത്മൻ, പരവർഗ്ഗവിപ്രിയതയെ
പ്പാലിച്ച നീ, നിൻ പിതാ
കെട്ടിത്തന്ന വരാംഗിയെ, ക്കുലടയെ
കാമിച്ചു കൊല്ലില്ലയോ?
പൊയ്യല്ലിങ്ങു ഭയപ്പെടില്ല നരകം
ലോകാന്തരസ്ഥം, കടും-
കൈയേലുന്ന ഖലൻ, സ്വയം നയപഥം
തെറ്റെന്നു തെറ്റീടവേ
മെയ്യപ്പോൾ തകരാനവന്റെ മരവി-
ച്ചീടും മന:സ്സാക്ഷിതൻ
കൈയ്യിൽ ദേവ, കഠോരമാമശനിതാ-
നെന്തേകമേകാഞ്ഞുനീ?
കുറ്റം മേലധികാരിയാം കുടിലനാർന്നു
ഹന്ത! ദൃഷ്ടാന്തമായ്
മറ്റുള്ളോരതെടുത്തു ഹാ! തലമറിഞ്ഞു
ന്യായമന്യായമായ്
പറ്റുന്നൂ പരിഹാരമറ്റപകടം
പാർത്തീടിലീ സൃഷ്ടിതാൻ
തെറ്റീ ദേവ, തുടച്ചു ചെയ്യുക പരം
നിർമ്മായ നിർമ്മാപണം.
പക്ഷെ, സത്യമറിഞ്ഞിടാതെ പഴി ഞാ-
നോതാം മറിച്ചുള്ളതാം
പക്ഷാലംബനബുദ്ധിയറ്റ പല യോ-
ഗ്യന്മാരുമാരായുകിൽ
അക്ഷാന്തിക്കടിമപ്പെടായ്ക മനമേ,
പോട്ടീശനിൽ പ്രത്യയം
നിക്ഷേപിക്കയവന്റെ നീതിപദമീ
മാലിന്യമേലാ ദൃഢം.
- (ഫെബ്രുവരി 1909)