Jump to content

ഉപയോക്താവ്:Vssun/test/അദ്ധ്യായം മുപ്പത്തിഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം മുപ്പത്തിഒന്ന്
[ 360 ]
അദ്ധ്യായം മുപ്പത്തിഒന്ന്

"പോരിക നിശാചരർ പതിന്നാലായിരവും
പോരിനു ദൂഷണനുമനുജൻ ത്രിശിരാവും
ഘോരനാം ഖരനേവം ചൊന്നതു കേട്ട നേരം
ശൂരനാം ത്രിശിരാവും പടയും പുറപ്പെട്ടു
വീരനാം ദൂഷണനും ഖരനും നടകൊണ്ടു
ധീരതയോടു യുദ്ധം ചെയ്‌വതിനുഴറ്റൊടേ"


യുദ്ധം! സമാധാനം വിവേകശീലരായ പരിപക്വമതികളുടെ ദിവാസ്വപ്നം മാത്രമാണെന്നും ലോകചരിത്രത്തിന്റെ സ്ഥായിയായ അംശം ഇതുതന്നെ എന്നും ചരിത്രപ്രമാണികന്മാരാൽ കീർത്തിതമായ യുദ്ധം! നശ്വരമായ ഈ ലോകത്തിൽ തങ്ങളുടെ യശഃസ്തംഭത്തെ അനശ്വരമായി പ്രതിഷ്ഠിക്കുന്നതിനുള്ള ദുർമ്മോഹം നിമിത്തം ചക്രവർത്തികളാൽ ഔത്സുക്യപൂർവം വരിക്കപ്പെടുന്ന യുദ്ധം! ലോകത്തിൽ ജനസംഖ്യയും ആഹാരവിഭവങ്ങളും തമ്മിലുള്ള പരിമാണത്തെ അനുക്രമമായി പരിപാലിക്കുന്നതിനുള്ള ഒരു പ്രധാനോപായമെന്ന് അർത്ഥശാസ്ത്രപാരംഗതന്മാരാൽ ശ്ലാഘിക്കപ്പെടുന്ന യുദ്ധം! ഇതിന്റെ ലഗ്നവേള ഭഗവാൻ സൃഷ്ടിക്രിയയ്ക്കിരുന്ന് സ്വരൂപവിധങ്ങളെക്കുറിച്ചു സങ്കല്പം തുടങ്ങി മായാസാഹായ്യത്തെ അംഗീകരിച്ച മുഹൂർത്തം തന്നെ. ഭുനിർമ്മിതിക്കു പൂർവമായിത്തന്നെ ദേവപിശാചസമരം സംഭവിച്ച് നരകസൃഷ്ടിയും ഉണ്ടായി എന്നൊരു പക്ഷം. ചതുർവേദകിശോരങ്ങളുടെ മോഷകനായ ഹയാഗ്രീവനെ തോല്പിക്കാൻ മത്സ്യാവതാരമുണ്ടായി എന്നുള്ള മറ്റൊരു പക്ഷത്തെ പൂനാച്ചിത്രങ്ങളും സാക്ഷീകരിക്കുന്നു. ഇങ്ങനെ, ആദികാലം മുതൽക്കു ഭഗവാൻതന്നെ, സ്വസൃഷ്ടപരിഷകളോടു പരിപന്ഥിത്വം അവലംബിച്ച് ജയാപജയങ്ങൾ അനുഭവിച്ച് മുക്തിപദകാംക്ഷികളുടെ ചരമകാലശ്രവണത്തിനായി സഹസ്രനാമങ്ങളെ സമാർജ്ജിച്ചു. സൂക്ഷ്മം ആലോചിക്കുമ്പോൾ ഓരോ ദേഹദേഹീഘടനതന്നെയും പ്രത്യക്ഷവും ചിലപ്പോൾ പരോക്ഷവുമായുള്ള വിരുദ്ധതകളുടെ