ഉപയോക്താവ്:Vssun/test/അദ്ധ്യായം മുപ്പത്
←അദ്ധ്യായം ഇരുപത്തിഒൻപത് | ഉപയോക്താവ്:Vssun/test രചന: അദ്ധ്യായം മുപ്പത് |
അദ്ധ്യായം മുപ്പത്തിഒന്ന്→ |
"ചെന്നു തലോടിയരികെയിരുന്നവൻ
തന്നെയണച്ചു തഴുകീ സുയോധനൻ
....................................
മാനലോഭാദികളേറെയുണ്ടാകയാൽ
ഞാനൊരു കാരണമായേനിതിനെല്ലാ"
കേശവനുണ്ണിത്താൻ ശേഖരിച്ച സേന കേവലം ഒരു പ്രദർശനസംഘമായിരുന്നില്ല. ചിലമ്പിനഴിയത്തെ ഭണ്ഡാഗാരകവാടങ്ങൾക്കുള്ളിൽ ബന്ധിക്കപ്പെട്ടിരുന്ന പരധനം രാജസ്വമാക്കപ്പെട്ടപ്പോൾ, കർണ്ണാടകപട്ടാളത്തിന്റെ ഒരു തലയ്ക്കൽ ചേർന്നു സഹായിപ്പാൻ പോരുന്ന വൈദഗ്ദ്ധ്യവും വേഷസാമഗ്രികളും ഉള്ള ഒരു സേനാമുഖത്തിന്റെ സജ്ജീകരണം കേശവനുണ്ണിത്താനു സാദ്ധ്യമായി. ഇംഗ്ലീഷ് കമ്പനിയാരുടെ സേനാപംക്തിയിൽ സേവിച്ചു യുദ്ധരംഗങ്ങളിൽ വച്ചു വെടിയുണ്ടകളേറ്റു തഴമ്പിച്ചിട്ടുള്ള ഒരു ചാരിയാവുകുപ്പായക്കാരന്റെ സഹകരണവും അദ്ധ്യാപകത്വവും കിട്ടുകയാൽ കഴക്കൂട്ടം, നന്തിയം എന്നീ രണ്ടു കളരികളിൽ ശിക്ഷിതരായ സംഘങ്ങളും അഹോരാത്രാഭ്യസനംകൊണ്ടു ദ്രുതതരം സംഗ്രാമവിദഗ്ദ്ധന്മാരായി. കറുത്ത കാങ്കിശരായികളും ചുവന്ന ചാരിയാവുകുപ്പായങ്ങളും അരിച്ചൂരൽ മെടഞ്ഞു കറുപ്പിച്ചിട്ടുള്ള ഉഷ്ണീഷങ്ങളും വേണ്ട വാർക്കെട്ടുകളും വെടിമരുന്നുപെട്ടികളും തോക്കുകളും ചേർത്ത് ഒരുക്കപ്പെട്ട ഭടജനങ്ങൾ ടിപ്പുവിന്റെ സാദിവർഗ്ഗത്തോട് എതിർത്തു നില്പാൻ ആയുധസാമഗ്രികളിലെന്നപോലെ വീര്യോത്സാഹങ്ങളിലും സമ്പൽഭൂയിഷ്ഠന്മാരായിരുന്നു. ഈ സേനയുടെ നായകത്വം ഉണ്ണിത്താനാൽ 'പഞ്ചി' എന്ന അഭിധാനം നല്കപ്പെട്ട കുപ്പായക്കാരനും ഉപനായകത്വം കുറുങ്ങോട്ടെ കാർണോപ്പാട്ടിലേക്കുമായി വിഭജിക്കപ്പെട്ടു. എങ്കിലും ആഹവകാര്യങ്ങളിൽ ഉപദേശാധിപത്യം പഞ്ചിയിലും സംഭാരാദികാര്യങ്ങളിൽ വിനിയോഗാധികാരം കുറുപ്പിലും സ്ഥാപിക്കപ്പെട്ടു.